‘പട’യില്‍ പ്രതിചേര്‍ക്കപ്പെടുന്നത്‌ മധ്യവര്‍ഗം

രണ്ടു ചോദ്യങ്ങളാണ് സിനിമ ഉന്നയിക്കുന്നത്. ഒന്ന്, കേരളത്തില്‍ ജീവിക്കുകയും അത്രയധികം കക്ഷിരാഷ്ട്രീയത്തില്‍ നിമഗ്‌നമായിരിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്കു കേരളീയ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരോടുള്ള മനോഭാവം എന്താണ്? രണ്ട്, ആദിവാസികള്‍ക്കു നീതി കിട്ടുന്നതിനുവേണ്ടി അവരില്‍ പെടാത്ത ഒരു ചെറുസംഘം കളക്ടറെ ബന്ദിയാക്കി, ഭരിക്കുന്നവരുടെയും കേരള മന:സാക്ഷിയുടെയും ശ്രദ്ധ അതിലേക്കു തിരിക്കേണ്ടതുണ്ടോ? അഥവാ ആദിവാസികള്‍ക്കു വേണ്ടി അവരല്ലാത്തവര്‍ ശബ്ദിക്കേണ്ടതുണ്ടോ?

‘പട’ എന്ന ചലച്ചിത്രം അതിന്റെ ആഖ്യാനമികവു കൊണ്ടും പ്രമേയത്തിന്റെ അപൂര്‍വ്വത കൊണ്ടും, സര്‍ക്കസിലെ ഞാണിന്‍മേല്‍ക്കളി കാണുന്നതു പോലെ ശ്വാസം അടക്കിപ്പിടിച്ചു കൊണ്ടുള്ള ആസ്വാദനമാണ് കാണികള്‍ക്കു നല്‍കുന്നത്. സിനിമയുടെ ഒന്നാമത്തെ പ്രത്യേകത, തിരക്കഥയിലും ചിത്രസംയോജനത്തിലും പുലര്‍ത്തിയ സൂക്ഷ്മത, പാത്രസൃഷ്ടി, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പ്, അതിവൈകാരികതയെ തടഞ്ഞു നിര്‍ത്തുന്ന മിതത്വം എന്നീ ആഖ്യാനപരമായ ഗുണങ്ങളാണ്. രണ്ടാമതായി മലയാള സിനിമയിലും സാഹിത്യത്തിലും സ്ഥായിയായി നില്‍ക്കുന്ന മധ്യവര്‍ഗ ജീവിത പ്രമേയങ്ങളെ കൈയൊഴിഞ്ഞു എന്നതാണ്. ഇതു കൂടാതെ പട സിനിമ മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കുന്നുണ്ട്. അത് സാധാരണ നമ്മുടെ നാട്ടില്‍ കേള്‍ക്കാറുള്ള ഒരു ചോദ്യമാണ്. ‘പുറമേ നിന്നുള്ളവര്‍ക്ക് ഇതിലെന്തുകാര്യം, നാട്ടുകാര്‍ക്കു പ്രശ്‌നമൊന്നുമില്ലെന്നേ, പുറമേ നിന്നും വന്നവരാണ് കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നത്. ആദിവാസികളുടെ ഭൂമിപ്രശ്‌നം അവര്‍ നോക്കിക്കൊള്ളും.’

സാഹിത്യവും സിനിമയും അവയുടെ ഘടന കൊണ്ടു തന്നെ മധ്യവര്‍ഗത്തിന്റെ പിടിയിലിരിക്കുന്ന കലകളാണ്. മധ്യവര്‍ഗത്തിന്റെ സാംസ്‌ക്കാരിക മൂലധനമായ ഉയര്‍ന്ന സാക്ഷരത, വായനയെ വിപുലമാക്കുന്ന ചുറ്റുപാടുകള്‍, ബന്ധങ്ങള്‍, പാരമ്പര്യം, പ്രോത്സാഹനം, ജാതി ആദരവ്, സാമ്പത്തിക സുസ്ഥിതി എന്നിവയുള്ളതിനാല്‍ സാഹിത്യവും സിനിമയും മധ്യവര്‍ഗങ്ങള്‍ക്കു അവരുടെ കൈയെത്തും ദൂരത്താണ്. ആയതിനാല്‍ ഈ കലകളുടെ പ്രമേയങ്ങളിലും മധ്യവര്‍ഗ ജീവിതവും കാഴ്ചപ്പാടും മേല്‍ക്കൈ നേടുന്നു. മധ്യവര്‍ഗ കലാകാരന് അതിനെ ചെറുക്കണമെങ്കില്‍ അയാള്‍ ആത്മവിമര്‍ശനത്തിന്റെ പാതയിലൂടെ ക്ലേശഭരിതമായി സഞ്ചരിക്കേണ്ടതുണ്ട്. അത്തരം ആത്മവിമര്‍ശനങ്ങളിലേക്കു മധ്യവര്‍ഗത്തെ തള്ളിയിടുന്നതില്‍ സാമൂഹ്യസമ്മര്‍ദ്ദങ്ങള്‍ക്കും നല്ല പങ്കുള്ളതിനാലും, അങ്ങനെ സജീവമായൊരു സ്വയംവിമര്‍ശനത്തിനു നിര്‍ബ്ബന്ധിക്കുന്ന കാലമല്ലാത്തതിനാലും വളരെ അപൂര്‍മായി മാത്രമാണ് അധ:കൃതജീവിതത്തെ സിനിമ ഫോക്കസ് ചെയ്യുന്നത്. അധ:സ്ഥിത മുന്നേറ്റം ശക്തമായിരുന്ന 1950 കള്‍ക്കു മുമ്പുള്ള കാലത്തു രചിക്കപ്പെട്ട തകഴിയുടെയും മററും നോവലുകള്‍ സിനിമയായതൊഴിച്ചാല്‍, പിന്നീട് ആര്‍ട്ടു സിനിമകള്‍ വന്നതോടെ അവയിലും, മറ്റു ചിത്രങ്ങളിലെന്ന പോലെ മധ്യവര്‍ഗ ജീവിതമായിരുന്നു പ്രധാനമായും ആവിഷ്‌ക്കരിക്കപ്പെട്ടത്. ഭരതന്റെയും പത്മരാജന്റെയും സമാന്തരസൃഷ്ടികളും ഏറെക്കുറെ കൈകാര്യം ചെയ്തതും ഇതേ പ്രമേയങ്ങള്‍ തന്നെയാണ്. ലോഹിതദാസിന്റെ തിരക്കഥകളാണ് ഈ നാട്ടുനടപ്പില്‍ നിന്നും മാറിപ്പോകാന്‍ ശ്രമിച്ചവ. അങ്ങനെ അത്യപൂര്‍വ്വമായി മാത്രം മലയാള സിനിമയില്‍ സംഭവിക്കുന്നതാണ് താഴേത്തട്ടിലേക്കുള്ള മൂവിക്യാമറയുടെ സഞ്ചാരം. ഇപ്പോള്‍ തമിഴ് സിനിമയില്‍ ഇമ്മാതിരിയുള്ള ധീരപരീക്ഷണങ്ങള്‍ വരുന്നത് മലയാളത്തിനും പ്രചോദനമായിരിക്കുന്നു എന്നു വേണം കരുതാന്‍. ഇത്തരം ചുവടുമാറ്റത്തിലേക്കു തെന്നിന്ത്യന്‍ സിനിമ എത്തുന്നതിനും ചില കാരണങ്ങളുണ്ട്. ദളിതര്‍, ആദിവാസികള്‍ എന്നിവരില്‍ നിന്നും സമൂഹത്തിന്റെ മുന്നിലേക്കു അവരുടെ മുഖവും ശബ്ദവും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. സണ്ണി എം. കപിക്കാട് ഉന്നയിക്കുന്ന അധ:സ്ഥിത വിഷയങ്ങള്‍ ഇ.എം.എസ്. പറഞ്ഞതില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. കടമ്മനിട്ട പരകായപ്രവേശം ചെയ്തു കുറത്തിയാകുന്നതു പോലെയോ കാട്ടാളനാകുന്നതു പോലെയോ അല്ല സണ്ണി കപിക്കാടും മറ്റും സംസാരിക്കുന്നത്. അവരുടെ സംസാരത്തിന്റെ പേശീബലവും യുക്തിയും മലയാളി പൊതുസമൂഹം ഇതേവരെ കേള്‍ക്കാത്തതാകുന്നു. സമൂഹ്യമാധ്യമങ്ങള്‍ വന്നപ്പോളാണ് സണ്ണി കപിക്കാട് എന്നൊരാള്‍ ഇവിടെയുണ്ട്, ധൈഷണികമായ സത്യസന്ധതയോടെയും പാണ്ഡിത്യത്തോടെയും യുക്തിഭദ്രതയോടെയും എന്നു നാലുപേര്‍ അറിയുന്നത്. അതായത് മുഖ്യധാരാ മാധ്യമങ്ങളാല്‍ ഇവരാരും സണ്‍ഡേ സപ്ലിമെന്റിലെ മുന്‍പേജില്‍ കുടുംബസമേതം ഫോട്ടോ ആയി വാഴ്ത്തപ്പെട്ടിരുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുത്തങ്ങ വെടിവെപ്പിനു ശേഷം ആദിവാസികളാകട്ടെ, കേരളത്തിലെ പൊതുസമൂഹം തങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെപ്പറ്റിയും അവകാശങ്ങള്‍ നേടുന്നതിനെപ്പറ്റിയും ആഴത്തില്‍ ബോധമുളളവരാണിപ്പോള്‍. അറിവിന്റെയും കൂട്ടായ്മയുടെയും പുതിയ തലങ്ങളിലേക്കു അവരിലെ പുതുതലമുറ വന്നുകൊണ്ടിരിക്കുന്നു. ആക്ഷനേക്കാള്‍ ആത്മബോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, സ്വത്വബോധമുണര്‍ത്തുന്ന സ്വതന്ത്ര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലേക്കും അവര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കവികളും പാട്ടുകാരും സിനിമാക്കാരും അവരില്‍ നിന്നും വന്നു തുടുങ്ങിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍, താരാധിപത്യത്തെ അകറ്റി നിര്‍ത്തുന്ന പരീക്ഷണങ്ങള്‍ക്കു മലയാള സിനിമ കഴിഞ്ഞ കുറച്ചുകാലമായി ബോധപൂര്‍വ്വം ശ്രമിക്കുന്നതിനിടയില്‍, അപ്പോഴും അതിലെ പ്രമേയങ്ങള്‍ മിക്കവാറും സ്ത്രീവിമോചനം പോലെ മധ്യവര്‍ഗത്തിനു ഏറെ പ്രിയങ്കരമായ വിഷയങ്ങളില്‍ തന്നെ ചുറ്റിത്തിരിഞ്ഞപ്പോള്‍ (24 ഫീമെയില്‍ കോട്ടയം, ഉയരെ, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍) , പ്രേക്ഷകര്‍ക്കു ഉള്ളടക്കത്തില്‍ പുതുമ പകരേണ്ടത് മുന്നോട്ടു പോക്കിനു അനിവാര്യമായ ഘട്ടത്തിലാണ് ‘പട’എന്ന ചലച്ചിത്രം ആവശ്യമായി വന്നത്. ഇത്തരം മാറിപ്പോകലുകളില്‍ പലപ്പോഴും യഥാര്‍ത്ഥ സംഭവങ്ങളെ കഥയ്ക്കുവേണ്ടി ആശ്രയിക്കുന്ന പ്രവണതയും ഉണ്ടായിട്ടുണ്ട്. അതായത് വ്യക്തിചരിത്രത്തെ പകര്‍ത്തുന്നതില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ കൂടുതല്‍ ഉത്സുകരായിത്തീര്‍ന്നു ( എന്നു സ്വന്തം മൊയ്തീന്‍, പത്തേമാരി, വെള്ളം). പടയിലാകട്ടെ വ്യക്തികേന്ദ്രിതമായ ശൈലി വിട്ട് സമൂഹചരിത്രത്തെ പുനരാവിഷ്‌ക്കരിക്കുന്നു. ചരിത്രത്തെ കഥയാക്കുന്നതിനു പകരം ചരിത്രമായി തന്നെ തുടക്കം മുതല്‍, എഴുതി കാണിക്കുമ്പോള്‍ പേപ്പര്‍ കട്ടിംഗുകള്‍ പശ്ചാത്തലമാക്കിയും, ഒടുവില്‍ അയ്യങ്കാളിപ്പടയിലുള്ളവരുടെ ഫോട്ടോകള്‍ കൂടി ചേര്‍ത്തുവെച്ചും, സംഭവത്തിനു ശേഷം സര്‍ക്കാര്‍ ചെയ്ത ദുര്‍നടപടികളെ അറിയിച്ചും കാണികളെ ചരിത്ര യാഥാര്‍ത്ഥ്യത്തിലേക്കു ബോധപൂര്‍വ്വം പിടിച്ചിരുത്തുന്നു.

രണ്ടു ചോദ്യങ്ങളാണ് സിനിമ ഉന്നയിക്കുന്നത്. ഒന്ന്, കേരളത്തില്‍ ജീവിക്കുകയും അത്രയധികം കക്ഷിരാഷ്ട്രീയത്തില്‍ നിമഗ്‌നമായിരിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്കു കേരളീയ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരോടുള്ള മനോഭാവം എന്താണ്? രണ്ട്, ആദിവാസികള്‍ക്കു നീതി കിട്ടുന്നതിനുവേണ്ടി അവരില്‍ പെടാത്ത ഒരു ചെറുസംഘം കളക്ടറെ ബന്ദിയാക്കി, ഭരിക്കുന്നവരുടെയും കേരള മന:സാക്ഷിയുടെയും ശ്രദ്ധ അതിലേക്കു തിരിക്കേണ്ടതുണ്ടോ? അഥവാ ആദിവാസികള്‍ക്കു വേണ്ടി അവരല്ലാത്തവര്‍ ശബ്ദിക്കേണ്ടതുണ്ടോ? കേരളസമൂഹം ആദിവാസി വിഭാഗത്തോട് അനുഭാവപൂര്‍ണ്ണമായ സമീപനം പുലര്‍ത്തിയാലും, എന്തുകൊണ്ട് ഈ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഇടതു വലതുരാഷ്ട്രീയ കക്ഷികള്‍ ആദിവാസികളുടേത് ഉള്‍പ്പെടെയുള്ള കേരളത്തിലെ ഭൂപ്രശ്‌നത്തെ അങ്ങേയറ്റം അവഗണിക്കുന്നു? അതായത് അധികാരവര്‍ഗത്തെ വില്ലന്‍സ്ഥാനത്തേക്കു കൊണ്ടുവന്നുകൊണ്ട്, അവരുടെ വിധേയരാകാന്‍ മാത്രം കഴിയുന്ന കേരളീയ പൊതുസമൂഹത്തിന്റെ നിസ്സഹായതയാണ് പട തരുന്ന അസ്വസ്ഥത. ഈ നിസ്സഹായത വിരല്‍ ചൂണ്ടുന്നത് നമ്മുടെ ജനായത്ത സമ്പ്രദായത്തിന്റെ മാരകമായ പരിമിതികളിലേക്കുമത്രേ. കാരണം നാമോരോരുത്തരും നീതിയുള്ളവരായിരിക്കെ തന്നെ, ഒരു കക്ഷിക്കു വോട്ടു ചെയ്യുന്നവരോ അതിന്റെ വക്താക്കളോ ആകാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ്. അതിനാല്‍ അവസാനമായി നമ്മുടെ നീതിയെന്നത് നമ്മുടെ രാഷ്ട്രീയാസ്തിത്വമായി ലയിച്ചുചേരുന്നതുമാണ്. ഇങ്ങനെ വ്യക്തിയെന്നത് പാര്‍ട്ടിയായി നിര്‍വീര്യമാക്കപ്പെടുന്നതിന്റെ നിസ്സഹായത കൂടിയാണ് പട തരുന്ന അവമതിപ്പ്. കേരളീയ ലോകത്തിന്റെ കലാസ്വാദനത്തിനു പോലും വിലങ്ങുതടിയായി നില്‍ക്കുന്ന ഒരു രാഷ്ട്രീയപ്രമേയത്തെ സിനിമയാക്കി എന്നതാണ് ഇതിന്റെ സംഘാടകര്‍ കാണിച്ച ചങ്കൂറ്റം. തുടര്‍ഭരണത്തിന്റെ രണ്ടാംഘട്ടത്തില്‍ ഈ സിനിമ വരുന്നതും, കേരളരാഷ്ട്രീയത്തിന്റെ മുന്‍?ഗണനകള്‍ അടിത്തട്ടു സമൂഹങ്ങളില്‍ നിന്നും അകന്നകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതിന്റെ ആധികളെക്കൂടി പ്രതിനിധാനം ചെയ്യുന്നുണ്ട്. നമ്മുടെ പ്രതീക്ഷകളുടെ കൊടി താഴ്ത്തിക്കെട്ടാനുള്ള അനുശീലനം ദിനമെന്നോണം നടന്നുകൊണ്ടിരിക്കുമ്പോള്‍, കേരളീയ മനസ്സില്‍ എവിടെയോ കെടാതെ കിടക്കുന്ന ചൂടില്‍ നിന്നാണ് ഇത്തരം പ്രമേയങ്ങളെ എടുക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു ത്രാണിയുണ്ടാകുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാമത്തേത്, ആദിവാസികള്‍ക്കുവേണ്ടി നാട്ടുകാര്‍ എന്തിനു പടക്കം പൊട്ടിച്ചു കളക്ടറെ പേടിപ്പിക്കണം എന്നതാണ്. കാരണം ഇന്നലെകളിലാകെ അടിത്തട്ടു ജനതയുടെ പ്രതിനിധികളായി വന്നവരാല്‍ വിദഗ്ധമായി കബളിപ്പിക്കപ്പെട്ട ചരിത്രമാണ് കണ്മുന്നിലുള്ളത്. ‘പൊന്തന്‍മാട’യില്‍, ഭൂപരിഷ്‌ക്കരണം വന്നപ്പോള്‍ മാടയെപ്പോലുള്ളവര്‍ക്കെന്തു കിട്ടിയെന്നു ചോദ്യമെറിയുന്നുണ്ട്. കേരളത്തില്‍ മധ്യവര്‍ഗത്തിന്റെ മുന്‍കൈയില്‍ നടന്ന മുന്നേറ്റങ്ങളുടെ പരിണതി ആദിവാസി ഭൂപ്രശ്‌നത്തിലും തുറന്നുകാട്ടപ്പെടുന്നു. അതിനാല്‍ അധ:സ്ഥിതര്‍ക്കു വേണ്ടിയുള്ള മധ്യവര്‍ഗ വക്കാലത്തിനെ ഇന്നു അടിത്തട്ടു സമൂഹങ്ങള്‍ പഴയപോലെ ഹര്‍ഷാരവത്തോടെ വരവേല്‍ക്കുന്നില്ല. മാത്രമല്ല അടിത്തട്ടു ജനത അവരുടെ അവകാശങ്ങള്‍ക്കായി മധ്യവര്‍ഗ വൈകാരിക പ്രതികരണങ്ങള്‍ ഉപേക്ഷിച്ചു, അതിനു പകരം നിര്‍മ്മാണാത്മകവും ജനായത്തപരവുമായ സമരരീതീകള്‍ ആവിഷ്‌ക്കരിക്കുന്ന ഇന്ന്, വീണ്ടും അക്രമത്തെ അല്പമാത്രമെങ്കിലും അവലംബിക്കുന്ന ഒരു സംഭവത്തെ സിനിമയാക്കുന്നത് അടിത്തട്ടു സമൂഹങ്ങളില്‍ അമര്‍ഷമുണ്ടാക്കുന്നതുമാണ്. ഇത്തരം പ്രകടനങ്ങള്‍ ഫലത്തില്‍ കുടിലബുദ്ധികളായ ഭരണവര്‍ഗത്തിനു സമരത്തെ മാത്രമല്ല, അതിനാധാരമായ അവകാശത്തെയും അട്ടിമറിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു. സിനിമയില്‍ ബോധപൂര്‍വ്വം പത്രക്കട്ടിംഗ് എടുത്തുകാണിച്ചത് കടമ്മനിട്ടയുടെ ‘നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ’ എന്ന വരിയാണ്. അദ്ദേഹത്തിനു പോലും എം.എല്‍.എ.ആയിരിക്കെ നിയമസഭയില്‍, ആദിവാസി ഭൂനിയമത്തിന്റെ അന്ത:സത്ത ചോര്‍ത്തിക്കളഞ്ഞ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്യേണ്ടിവന്നു. കടമ്മനിട്ടയില്‍ മധ്യവര്‍ഗത്തില്‍ ബഹുഭൂരിപക്ഷത്തിന്റെയും അന്തിമാവസ്ഥ കാണാനാവും. എന്നാല്‍ ഗീതാനന്ദന്‍ വര്‍ഗപരമായ പരിമിതികളെ മറികടന്നുകൊണ്ട് ആദിവാസികള്‍ക്കൊപ്പം ഏറ്റവും സക്രിയമായി ഊര്‍ജ്ജം ചോരാതെ ഇന്നും നില്‍ക്കുന്നു.

സമൂഹത്തില്‍ ഏതൊരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ ഉറപ്പിക്കുന്നതിനു സമൂഹ മന:സാക്ഷിയുടെ പിന്തുണ ആവശ്യമാണ്. ധാര്‍മ്മികമായ ഒരു മൂല്യബോധത്തിന്റെ കാലാനുസൃതമായ ഉണര്‍വ്വാണ് സമൂഹ മന:സാക്ഷിയെന്നത്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ പരസ്പരം ഐക്യപ്പെട്ടുകൊണ്ടാണ് മൂല്യബോധം ശക്തിപ്പെടുന്നതും സമൂഹ മന:സാക്ഷി രൂപപ്പെടുന്നതും. ആ നിലയ്ക്കു സമൂഹത്തില്‍ വിവേചനം നേരിടുന്ന ഒരു വിഭാഗത്തിനും ഒറ്റയ്‌ക്കൊറ്റയ്ക്കു നില്‍ക്കാനോ ആ വഴിക്കു അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനോ കഴിയില്ല. വര്‍ണ്ണവിവേചനം ആരംഭിച്ച കാലത്തുതന്നെ യൂറോപ്പില്‍ ഈ മനുഷ്യത്വവിരുദ്ധതയെ അപലപിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്വത്വരാഷ്ട്രീയം കുടുതല്‍ സങ്കുചിതമായി മാറുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരാള്‍ക്കു തന്റെ വര്‍ഗപരമായ ന്യൂനതകളെ അതിലംഘിച്ചുകൊണ്ട് അടിത്തട്ടു സമൂഹവുമായി താദാത്മ്യപ്പെടാന്‍ കഴിയുന്നതുപോലെ, അടിത്തട്ടുവര്‍ഗത്തിലെ ഒരാള്‍ക്കു അടുത്ത ക്ഷണത്തില്‍ തന്റെ വര്‍ഗപരമായ മേന്മകളെ കയ്യൊഴിയാനും സാധിക്കും. അതുകൊണ്ട് സ്വത്വവാദത്തേക്കാള്‍ പ്രധാനമാണ് സ്വത്വബോധമെന്നത്. തര്‍ക്കമുള്ളത് ഇന്ന് നമുക്കു മുന്നിലുള്ള മാര്‍ഗമേതെന്നു മാത്രമാണ്.

ചലച്ചിത്ര പരിചരണത്തിലെ അപൂര്‍വ്വമായ ഏകാഗ്രതയും കൈയൊതുക്കവും പാലിച്ചും, ചലച്ചിത്ര വ്യവസായത്തിന്റെ അത്ര വെച്ചുകെട്ടലുകളെ അകലെ നിര്‍ത്തിയും, എന്നാല്‍ ആഖ്യാനതന്ത്രം വഴി ആസ്വാദകരില്‍ വിരസതയുണ്ടാക്കാതെയും ഒരു രാഷ്ട്രീയ വിഷയത്തിലേക്കു നമ്മെക്കുടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു പട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply