റിപ്പബ്ലിക് ദിനം : സാമൂഹ്യജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ സന്ദര്‍ഭം

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലൂടെ മാത്രമല്ല, അസമത്വത്തിനെതിരായ ആഭ്യന്തരസമരങ്ങളിലൂടേയുമാണ് ഇന്ത്യ ജനാധിപത്യരാഷ്ട്രമായത്. തത്വത്തില്‍ എല്ലാവരും തുല്ല്യരാണെന്നു പ്ര്യഖാപിച്ച്, അതുവരെയുള്ള നമ്മുടെ ജീവിതം കുറ്റകരമായിരുന്നു എന്നു പരോക്ഷമായി സമ്മതിച്ചായിരുന്നു ഇന്ത്യന്‍ ഭരണഘടന ഉണ്ടായത്. ആ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ഇന്നു ജനാധിപത്യവാദികള്‍ക്കുള്ളത്. അവിടെയാണ് ജനാധിപത്യം രാഷ്ട്രീയരൂപത്തേക്കാള്‍ സാമൂഹ്യരൂപം കൂടിയായി മാറണമെന്നു പറയുന്നത്.

ഇന്ത്യ റിപ്പബ്ലിക്കായതിനുശേഷം ഏറ്റവും ആത്മാര്‍ത്ഥമായും കരുത്തോടേയും ഐക്യത്തോടേയുമാണ് ഈ വര്‍ഷം ബഹുഭൂരിപക്ഷം ജനങ്ങളും റിപ്പബ്ലിക് ദിനമാഘോഷിച്ചത്. അതു സ്വാഭാവികമാണുതാനും. ഇന്ത്യന്‍ റിപ്പബ്ലിക്കിനെ തന്നെ വെല്ലുവിളിച്ച് പൗരത്വത്തിനുള്ള മാനദണ്ഡമായി മതത്തെ പ്രതിഷ്ഠിക്കുക എന്ന സംഘപരിവാര്‍ അജണ്ടക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഭരണഘടനാമൂല്യങ്ങളും റിപ്പബ്ലിക് സന്ദേശങ്ങളും ഡോ ബി ആര്‍ അംബേദ്കറുടെ ചിത്രങ്ങളും ഉയര്‍ത്തിപിടിച്ചുള്ള ആഘോഷങ്ങള്‍. ഒരു കാലത്തും പതിവില്ലാത്തപോലെ ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തേയും തള്ളികളഞ്ഞിരുന്ന വിപ്ലവരാഷ്ട്രീയക്കാര്‍ മുതല്‍ ആരാധനാലയങ്ങള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളാണ് റിപ്പബ്ലിക് ദിനസന്ദേശങ്ങളുമായി തെരുവിലിറങ്ങിയത്. ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകളാകട്ടെ ഔദ്യോഗിക ആഘോഷങ്ങള്‍ ഗംഭീരമാക്കി.
തീര്‍ച്ചയായും ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുമെന്നും മനുസ്മൃതി പുനസ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നുമുള്ള ഈ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹം തന്നെ. പക്ഷെ അതവിടെ അവസാനിക്കുമോ എന്ന ആശങ്ക നിലവിലുണ്ട്. പൗരത്വനിയമത്തിനെതിരായ പോരാട്ടത്തില്‍ ജനാധിപത്യശക്തികള്‍ വിജയിച്ചാലും പരാജയപ്പെട്ടാലും ഈ രാഷ്ട്രീയ സന്ദര്‍ഭം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ നിലനിര്‍ത്താനും വികസനിപ്പിക്കാനും കഴിയണം. അതിനായി പക്ഷെ ഈ പോരാട്ടത്തെ കേവലം പ്രതികരണമെന്നതിനു പകരം ആഴത്തില്‍ രാഷ്ട്രീവല്‍ക്കരിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം പക്ഷം കാണുന്നില്ല. ഇന്നത്തെ ആകുലമായ സാഹചര്യത്തെ മറികടക്കുന്നതിന് ഒരു പുതിയ ജനാധിപത്യ രാഷ്ട്രീയവും വിശാല ജനകീയ പ്രസ്ഥാനവും അനിവാര്യമായിരിക്കുന്നു. വൈവിധ്യങ്ങളെ ഇല്ലാതാക്കുന്ന അഖണ്ഡ ഹിന്ദുത്വ രാഷ്ട്രമായല്ല, വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വവും സാഹോദര്യവും നിലനില്‍ക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രമായി ഇന്ത്യ നിലനില്‍ക്കണം. വിഭവങ്ങളും സമ്പത്തും അധികാരവുമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പു വരുത്തുന്ന ജനാധിപത്യ രാഷ്ട്രീയത്തിന് മാത്രമേ ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയൂ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ എന്നു പറയാറുണ്ട്. അതുപക്ഷെ ജനാധിപത്യത്തെ ഒരു ഭരണകൂടരൂപം മാത്രമായി കാണുന്നതിനാലാണ്. ആ അര്‍ത്ഥത്തില്‍ അതു ശരിയുമാണ്. എന്നാലതുമാത്രമല്ല ജനാധിപത്യം. രാഷ്ട്രീയജനാധിപത്യത്തോടൊപ്പം അംബേദ്കര്‍ നിരന്തരമായി ചൂണ്ടികാട്ടിയിരുന്ന മറ്റൊന്നുണ്ട്. അതാണ് സാമൂഹ്യജനാധിപത്യം. അതിലേക്ക് നാം തിരിച്ചുവരണം.
മനുഷ്യര്‍ ആത്യന്തികമായി തുല്ല്യരല്ല എന്നു പ്രഖ്യാപിക്കുന്ന തത്വസംഹിതയെ പേറുന്ന ഏകരാഷ്ട്രം ഇന്ത്യയായിരിക്കും. ജനനം കൊണ്ടുതന്നെ അസമത്വമുള്ളവരാണെന്ന്, അതിനാല്‍ വിവേചനം അതിന്റെ ഭാഗമാണ് എന്നു ആത്മാര്‍ത്ഥമായിതന്നെ നമ്മള്‍ വിശ്വസിക്കുന്നു. ഹിന്ദുത്വമെന്ന ബ്രാഹ്മണിക്കല്‍ സംവിധാനത്തില്‍ അസമത്വത്തെ ദൈവനിശ്ചയമായിട്ടായിരുന്നു കണ്ടിരുന്നത്. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെ. സംഘപരിവാര്‍ ശക്തികള്‍ മാത്രമല്ല, ഗാന്ധിയും നെഹ്‌റുവുമടക്കമുള്ളവര്‍ അത്തരമൊരു ഇന്ത്യന്‍ സംസ്‌കാരത്തെ ഉദാത്തവല്‍ക്കരിച്ചിട്ടുണ്ട്. അംബേദ്കറായിരുന്നു അതിനെ നിഷേധിച്ചത്. ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നാല്‍ അതൊരു വന്‍ദുരന്തമായിരിക്കും എന്ന് അന്നുതന്നെ അംബേദ്കര്‍ പറഞ്ഞത് ഈ തിരിച്ചറിവിലായിരുന്നു. നമുക്ക് ബ്രിട്ടീഷുകാരാണ് ബ്രാഹ്മണ്യം നല്‍കിയതെന്നു പറഞ്ഞ ഗുരുവും ഉദ്ദേശിച്ചത് അതുതന്നെ. ഈയൊരു വിഷയത്തെ ഇനിയും അഭിമുഖീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി തിരിച്ചറിയാനാകില്ല. പ്രതികരണത്തിനപ്പുറം യഥാര്‍ത്ഥ രാഷ്ട്രീയത്തിലേക്ക് അതു കടക്കില്ല. ഈ ധര്‍മമവ്യവസ്ഥയെ തുല്ല്യതയിലധിഷ്ഠിതമായ മറ്റൊരു ധര്‍മ്മവ്യവസ്ഥകൊണ്ട് മറികടക്കാനാകില്ലെങ്കില്‍ ഇന്നത്തെ പോരാട്ടങ്ങളൊന്നും അന്തിമലക്ഷ്യത്തിലെത്തില്ല. ശബരിമല പ്രക്ഷോഭകാലത്ത് എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും രാഷ്ട്രീയനേതാക്കളുമടക്കമുള്ള സ്ത്രീകള്‍ തങ്ങള്‍ പുരുഷന് തുല്ല്യരല്ലെന്ന് പ്രഖ്യാപിച്ചതും പുരിക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ പ്രസിഡന്റിനെ പൂജാരി തടഞ്ഞപ്പോള്‍ അദ്ദേഹമത് അംഗീകരിച്ച് പരാതിയില്ലാതെ തിരിച്ചുപോയതുമൊക്കെ സാമൂഹ്യജനാധിപത്യമില്ലാത്ത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിമിതിയാണ്. മണ്ഡല്‍ കമ്മീഷനെതിരായ സമരകാലത്ത് പെണ്‍കുട്ടികള്‍ വിളിച്ച ഒരു മുദ്രാവാക്യമുണ്ടായിരുന്നു. we don’t want jobless husbands എന്നായിരുന്നു അത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സവര്‍ണ്ണര്‍ക്ക് തൊഴിലില്ലാതാകും എന്നായിരുന്നു അവരുദ്ദേശിച്ചത്. എങ്കില്‍ ജോലിയുള്ള അവര്‍ണ്ണരെ അവര്‍ക്ക് വിവാഹം കഴിക്കാമല്ലോ. പറ്റില്ല. അതാണ് നമ്മുടെ പ്രശ്നം.
ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലൂടെ മാത്രമല്ല, അസമത്വത്തിനെതിരായ ആഭ്യന്തരസമരങ്ങളിലൂടേയുമാണ് ഇന്ത്യ ജനാധിപത്യരാഷ്ട്രമായത്. തത്വത്തില്‍ എല്ലാവരും തുല്ല്യരാണെന്നു പ്ര്യഖാപിച്ച്, അതുവരെയുള്ള നമ്മുടെ ജീവിതം കുറ്റകരമായിരുന്നു എന്നു പരോക്ഷമായി സമ്മതിച്ചായിരുന്നു ഇന്ത്യന്‍ ഭരണഘടന ഉണ്ടായത്്. ആ ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്തമാണ് ഇന്നു ജനാധിപത്യവാദികള്‍ക്കുള്ളത്. അവിടെയാണ് ജനാധിപത്യം രാഷ്ട്രീയരൂപത്തേക്കാള്‍ സാമൂഹ്യരൂപം കൂടിയായി മാറണമെന്നു പറയുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൂല്യങ്ങളായിരിക്കണം പുതിയ ജനാധിപത്യ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കേണ്ടത്.
1955-ല്‍ പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇന്ത്യയില്‍ ഒരു സിവില്‍ സമൂഹമുണ്ടാക്കാന്‍ ശക്തമായ രണ്ട് ആവശ്യങ്ങള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ മുന്നോട്ടുവെച്ചിരുന്നു. സാര്‍വ്വത്രിക വോട്ടവകാശവും മര്‍ദ്ദിതരുടെ പ്രത്യേക പ്രതിനിധാനവും. കേവലം പൗരത്വം കൊണ്ടുമാത്രം ഒരു പ്രയോജനവുമുണ്ടാകില്ലെന്നും വൈവിധ്യമാര്‍ന്ന ജനതകള്‍ക്ക്, വിശിഷ്യാ മര്‍ദ്ദിത വര്‍ഗ്ഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പ്രതിനിധാനം സുപ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിനിധാനമില്ലാതെ പൗരത്വം സാധ്യമല്ല എന്നതായിരുന്നു അംബേദ്കര്‍ നിലപാട്. സമത്വമില്ലാതെ സ്വാതന്ത്ര്യവും സാഹോദര്യവുമില്ല എന്ന സാമൂഹിക ജനാധിപത്യ നിലപാടും അതിന്റെ തുടര്‍ച്ചയാണ്. പ്രത്യേക നിയോജകമണ്ഡലവാദവും ന്യൂനപക്ഷാവകാശവും സ്വയംഭരണവുമെല്ലാം അതിന്റെ ഭാഗമാണ്. കാശ്മീര്‍, വടക്കുകിഴക്കന്‍ മേഖലകളിലെ ജനങ്ങള്‍, ആദിവാസികള്‍, പിന്നോക്കക്കാര്‍, മതന്യൂനപക്ഷങ്ങള്‍ ഇവര്‍ക്കെല്ലാവര്‍ക്കും ഇടമുള്ള ഒരു സാമൂഹിക ജനാധിപത്യമായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്താന്‍ അംബേദ്കര്‍ ദര്‍ശനങ്ങളിലേക്ക് തിരിച്ചുവരണം. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനുള്ള അവസരമായി ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥ മാറണം. അല്ലാത്തപക്ഷം പൗരത്വനിയമത്തിനെതിരായ പോരാട്ടം വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതോടെ ഈ ചര്‍ച്ചകള്‍ അവസാനിക്കുകയും സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുഗുണമായ അന്തരീക്ഷം കൂടുതല്‍ ശക്തമാകുകയും ചെയ്യും എന്നു പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply