സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയല്ല നവോത്ഥാനം

കേരളത്തില്‍ ഒരു നവോത്ഥാനവും നടന്നിട്ടുള്ളത് സര്‍ക്കാരുകളുടെ മുന്‍കൈയിലല്ല. എന്തിന്, രാഷ്ട്രീയപാര്‍ട്ടികളുടെ പോലും മുന്‍കൈയിലല്ല. എടുത്ത പറയത്തക്കത്ത എല്ലാ പോരാട്ടങ്ങളും നടന്നത് സ്വാതന്ത്ര്യത്തിനു മുന്ന്. മാത്രമല്ല, നവോത്ഥാനത്തിന്റെ പൈതൃകമവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുമ്പ്. പല നവോത്ഥാന നായകരെയും ബൂര്‍ഷ്വാസിയെന്നും വര്‍ഗ്ഗീവാദികളെന്നും ബ്രിട്ടീഷ് ചാരന്മാരെന്നും വിളിച്ച് പാര്‍ട്ടി ആക്ഷേപിച്ചിട്ടുണ്ട്. പലരേയും അദൃശ്യരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം കത്തി നില്‍ക്കുന്ന കാലമായതിനാലാവാം നിലനിന്നിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളൊന്നും നവോത്ഥാനപോരാട്ടങ്ങളില്‍ സജീവമായിരുന്നില്ല.

ശബരിമല വിവാദ കാലത്ത് സര്‍ക്കാരിന്റെ മുന്‍കൈയില്‍ രൂപം കൊണ്ട നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാസംവിധാനമുണ്ടാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ സെക്രട്ടറിയറ്റ് രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സമിതി ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന്‍ തന്നെയാണ് പുതിയ പ്രസിഡണ്ട്. സമിതി രജിസ്റ്റര്‍ ചെയ്യാനും തിരുവനന്തപുരത്ത് ഓഫീസ് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു. നവംബറില്‍ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. നവോത്ഥാന മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറില്‍ കാമ്പസുകളില്‍ സംവാദം സംഘടിപ്പിക്കും. ജനുവരിയില്‍ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതി യാത്ര നടത്തും. നവോന്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നപോകും. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നാടിനെ സജ്ജമാക്കുകയാണത്രെ യാത്രയുടെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് നിയമ സാക്ഷരതാ പരിപാടിയും ഭരണഘടനാസംരക്ഷണ ദിനാചരണവും സംഘടിപ്പിക്കും എന്നിങ്ങനെ നിരവധി തീരുമാനങ്ങളും എടുത്തിട്ടുണ്ട്.

സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ശക്തികള്‍ സജീവമാണെന്നും ജാതീയവും മതപരവുമായ ഭിന്നിപ്പുണ്ടാക്കാനും ലിംഗതുല്യതയെ അട്ടിമറിക്കാനുമാണ് ശ്രമമെന്നും ഇത് പ്രതിരോധിച്ചാലേ ശാന്തമായ സാമൂഹ്യജീവിതം ഉറപ്പുവരുത്താനാകൂ എന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ സംരക്ഷണം നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രധാന മുദ്രാവാക്യമാകണം. സ്ത്രീകള്‍ക്കെതിരെ അതിക്രമം പലവിധത്തിലാണ്. സ്ത്രീപുരുഷ സമത്വത്തിന്റെയും ലിംഗനീതിയുടെയും കാഴ്ചപ്പാട് കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പാഠപുസ്തകം നവീകരിക്കാനും പുനക്രമീകരിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യ അസമത്വങ്ങള്‍ക്കും വേര്‍തിരിവുകള്‍ക്കുമെതിരെ വ്യക്തമായ നിലപാടുള്ള ഭരണഘടനയ്ക്കെതിരെ ആസൂത്രിത നീക്കം രാജ്യത്ത് നടക്കുന്നു. ഏതു വിഷയത്തെയും ശാസ്ത്രീയതയുടെയും മാനവികതയുടെയും അടിസ്ഥാനത്തില്‍ സമീപിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണം. എന്നാല്‍ മാത്രമേ, നമ്മെ ശിഥിലീകരിക്കാനും വിഭജിക്കാനുമുള്ള ആസൂത്രിത ശ്രമത്തിന് തടയിടാനാകൂ എന്നിങ്ങനെ പോയി മുഖ്യമന്ത്രിയുടെ പ്രസംഗം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേള്‍ക്കുമ്പോള്‍ ശരിയെന്നുതോന്നുന്ന സമീപനങ്ങളും തീരുമാനങ്ങളും തന്നെയാണിവ. എന്നാലിവ ചരിത്രത്തോടും രാഷ്ട്രീയത്തോടും നീതി പുലര്‍ത്തുന്നുണ്ടോ എന്ന പരിശോധന അനിവാര്യമാണ്. കേരളത്തില്‍ ഒരു നവോത്ഥാനവും നടന്നിട്ടുള്ളത് സര്‍ക്കാരുകളുടെ മുന്‍കൈയിലല്ല. എന്തിന്, രാഷ്ട്രീയപാര്‍ട്ടികളുടെ പോലും മുന്‍കൈയിലല്ല. എടുത്ത പറയത്തക്കത്ത എല്ലാ പോരാട്ടങ്ങളും നടന്നത് സ്വാതന്ത്ര്യത്തിനു മുന്ന്. മാത്രമല്ല, നവോത്ഥാനത്തിന്റെ പൈതൃ8കമവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുമ്പ്. പല നവോത്ഥാന നായകരെയും ബൂര്‍ഷ്വാസിയെന്നും വര്‍ഗ്ഗീവാദികളെന്നും ബ്രിട്ടീഷ് ചാരന്മാരെന്നും വിളിച്ച് പാര്‍ട്ടി ആക്ഷേപിച്ചിട്ടുണ്ട്. പലരേയും അദൃശ്യരാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം കത്തി നില്‍ക്കുന്ന കാലമായതിനാലാവാം നിലനിന്നിരുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളൊന്നും നവോത്ഥാനപോരാട്ടങ്ങളില്‍ സജീവമായിരുന്നില്ല. സമൂഹത്തിന്റെ അടിത്തട്ടില്‍ പീഡനവും വിവേചനവുമനുഭവിച്ചിരുന്നവരില്‍ നിന്ന് ഉയര്‍ന്നുവന്നവയായിരുന്നു ആ പോരാട്ടങ്ങള്‍. തീര്‍ച്ചയായും അവക്കു വഴികാട്ടിയായി ഇന്നു നവോത്ഥാന നായകര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിലരുണ്ടായി. ആ ചരിത്രം പരിശോധിക്കാന്‍ പോലും തയ്യാറാകാതെയാണ് സര്‍ക്കാര്‍ തന്നെ നവോത്ഥാനം സ്‌പോണ്‍സര്‍ ചെയ്യുന്നത്. കേരളത്തിന്റെ നവോത്ഥാനത്തെ കുറിച്ച് എന്തെങ്കിലും അറിയുന്ന വ്യക്തിയാണോ ഈ സമിതിയുടെ പ്രസിഡന്റ് എന്നു പരിശോധിക്കുക. സര്‍ക്കാരിന്റേത് രാഷ്ട്രീയതാല്‍പ്പര്യം മാത്രമാണെന്നു സംശയിക്കാന്‍ മറ്റെന്തുവേണം?

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുകയും വിലക്കുന്നത് ഭരണഘടനാലംഘനമാണെന്നുമുള്ള സുപ്രിംകോടതിവിധിയെ തുടര്‍ന്നുള്ള സംഭവങ്ങളാണല്ലോ നവോത്ഥാന സമിതിയുടെ രൂപീകരണത്തിലേക്ക് വഴിതെളിയിച്ചത്. വിദിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുമാത്രമല്ല, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം സ്ത്രീകള്‍ ശബരിമല സന്ദര്‍ശനത്തിനെത്തുകയായിരുന്നു. അഖിലേന്ത്യാതലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വിധിക്ക് അനുകൂലമായിട്ടും കേരളത്തില്‍ സ്ത്രീപ്രവേശനത്തിനെതിരെ അക്രമസമരവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയായിരുന്നു സംഘപരിവാര്‍ ചെയ്തത്. ജനങ്ങളില്‍ ഭൂരിഭാഗവും വിധിക്കെതിരാണെന്നു ബോധ്യമായ കോണ്‍ഗ്രസ്സും അക്രമത്തിനൊന്നും പോയില്ലെങ്കിലും സമരത്തിനിറങ്ങി. ിത്തരമൊരു സാഹചര്യത്തില്‍ സുപ്രിംകോടതിവിധിയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ മല കയറാന്‍ വരുന്ന ആര്‍ക്കും ലിംഗപരിഗണന കൂടാതെ സംരക്ഷണം നല്‍കുകയായിരുന്ന വേണ്ടിയിരുന്നത്. എന്നാല്‍ അതു വോട്ടുരാഷ്ട്രീയത്തെ ബാധിക്കുമെന്നതിനാല്‍ അതിനു തയ്യാറാകാതെ വന്നവരെ തിരിച്ചുവിടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഈ ജാള്യതയെ മറികടക്കാനായിരുന്നു നവോത്ഥാന പ്രസംഗങ്ങളുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയതും അതുവരേയും അംഗീകരിക്കാതിരുന്ന അയ്യന്‍ കാളിയെയാക്കെ അംഘീകരിക്കാന്‍ തയ്യാറായതും നവോത്ഥാനസമിതിക്കു രൂപം കൊടുത്തതും എന്നതാണ് വസ്തുത. അതായത് ഈ സമിതിയുടെ ജനനം തന്നെ നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായിരുന്നില്ല എ്ന്നര്‍ത്ഥം.

കേരളത്തിന്റെ നവോത്ഥാനപോരാട്ടങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ തന്നെ ഇക്കാര്യം ബോധ്യമാകും. മാറുമറക്കാന്‍ അവകാശമില്ലാത്തപ്പോള്‍ സ്ത്രീകള്‍ രംഗത്തിറങ്ങിയത് മാറുമറച്ചും കല്ലുമാല പൊട്ടിച്ചുമായിരുന്നു. പൊതുതെരുവിലൂടെ നടക്കാനവകാശമില്ലാതിരുന്നപ്പോള്‍ തലപ്പാവും ധരിച്ച് വില്ലുവണ്ടിയില്‍ സഞ്ചരിച്ചായിരുന്നു അ്യ്യന്‍കാളിയും കൂട്ടരും പോരാടിയത്. കഴിഞ്ഞില്ല, പ്രവേശനമില്ലാതിരുന്ന സ്‌കൂളിലേക്ക് പഞ്ചമിയുടെ കൈയും പിടിച്ച് കടന്നു ചെന്നു. വിവിധജാതിയില്‍ പെട്ടവര്‍ക്ക് ഒന്നിച്ചിരിക്കാന്‍ പോലും പാടില്ലാത്തപ്പോള്‍ സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനം സംഘടിപ്പിച്ചു. ബ്രാഹ്മണ സമൂഹത്തില്‍ ഭര്‍ത്താവ് മരിച്ചാല്‍ വിവാഹം പാടില്ലാത്ത കാലത്ത് വിധവാ വിവാഹം നടത്തിയായിരുന്നു പോരാട്ടത്തിനു തിരി കൊളുത്തിയത്. ബ്രാഹ്മണര്‍ക്കുമാത്രം വിഗ്രഹപ്രതിഷ്ഠക്ക് അനുമതിയുള്ളപ്പോള്‍ ഈഴവശിവനെ പ്രതിഷ്ഠിക്കുകയായിരുന്നല്ലോ ഗുരു ചെയ്തത്. ക്ഷേത്ത്രിലും പരിസരത്തും പ്രവേശനമില്ലാതിരുന്നവര്‍ അതിനെ ലംഘിച്ച് അകത്ത് കയറി മണിയടിച്ച കൃഷ്ണപിള്ളയുടെ ചരിത്രവും നമുക്കറിയാം. സ്ത്രീകള്‍ അടുക്കളയില്‍ തളക്കപ്പെടേണ്ടവര്‍ മാത്രമെന്ന മനുസ്മൃതിമൂല്യം കൊടികുത്തി വാഴുമ്പോഴായിരുന്നല്ലോ അവരിലൊരു വിഭാഗം അവിടെനിന്നിറങ്ങി അരങ്ങത്തേക്കു വന്നത്. എന്നാല്‍ ശബരിമലയില്‍ സുപ്രിംകോടതിവിധി വന്നിട്ടും സ്ത്രീക്ക് അയിത്തം കല്‍പ്പിച്ചതിനെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച നവോത്ഥാന സമിതി ചെയ്തത് സ്ത്രീകളുടെ ശബരിമല കയറ്റം സംഘടിപ്പിക്കുകയായിരുന്നില്ല. മറിച്ച് ദേശീയപാതയില്‍ വനിതാമതിലെന്ന പേരില്‍ നിരത്തി നിര്‍ത്തുകയായിരുന്നു. അവസാനം കോടതിയലക്ഷ്യമാകാതിരിക്കാന്‍ മാത്രം രണ്ടു സ്ത്രീകളെ മല കയറാന്‍ സഹായിച്ചു എന്നു മാത്രം, അതും വളരെ രഹസ്യമായി, ദേവസ്വം മന്ത്രിപോലുമറിയാതെ. അദ്ദേഹമായിരുന്നല്ലോ സംഘപരിവാറിനേക്കാള്‍ സ്ത്രീപ്രവേശനത്തിനെതിരെ നിലപാടെടുത്തത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവോത്ഥാനമെന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിപാടിയല്ല എന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടച്ചാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഉദാഹരണമായി മിശ്രഭോജനത്തിന്റെ തുടര്‍ച്ചയായി മിശ്രവിവാഹങ്ങള്‍ വ്യാപകമാകേണ്ടതായിരുന്നില്ലേ? എന്നാലത് ഏറെക്കുറെ പ്രണയവിവാഹങ്ങളിലൊതുങ്ങുകയല്ലേ ഉണ്ടായത്? ദുരഭിമാനകൊലകള്‍ പോലും കേരളത്തില്‍ നടക്കുന്നില്ലേ? ഇത്രയധികം ജാതിവിരുദ്ധ പോരാട്ടങ്ങള്‍ നടന്നിട്ടും സവര്‍ണ്ണ ജാതിവാലുകള്‍ കൊണ്ടുനടക്കുന്നവരുടെ എണ്ണം കുറഞ്ഞോ? ക്ഷേത്രപ്രവേശനവിളംബരത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രത്തിനകത്തെ ആചാരങ്ങളിലും പൂജകളിലും കലാരൂപങ്ങളിലും എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചോ? എല്ലാ ജാതി മത വിഭാഗങ്ങളുടെ മുന്നിലും എല്ലാ ആരാധനാലയങ്ങളും തുറന്നോ? ആരാധനാലയങ്ങളില്‍ പല രീതിയിലും നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്കറുതിവന്നോ? അടുക്കളയില്‍ നിന്ന് അരങ്ങിലെത്തിയ സ്ത്രീകള്‍ക്ക് അധികാരമേഖലയിലും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളിലും കാര്യമായ പങ്കാളിത്തം ലഭിച്ചോ? തൊഴില്‍ മേഖലയിലും അതു തന്നെയല്ലേ അവസ്ഥ? സ്ത്രീധനകൊലപാതകങ്ങള്‍ പോലും ആവര്‍ത്തിക്കുകയല്ലേ? കല്ലുമാല പൊട്ടിച്ചവര്‍ ഇന്നു സ്വര്‍ണ്ണമാലയില്‍ കുടുങ്ങികിടക്കുകയല്ലേ? വഴി നടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമായി എന്നു പറയുമ്പോള്‍ സ്ത്രീകള്‍ക്ക് അതുണ്ടോ? മാറുമറക്കാനവകാശം നേടിയവര്‍ക്ക് സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള വസ്ത്രധാരണം സാധ്യമാണോ? സംവരണം നിലനിന്നിട്ടുപോലും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ദളിതരെത്തിയോ? ആദിവാസികളുടെ അവസ്ഥ മിക്ക സംസ്ഥാനങ്ങളേക്കാള്‍ പുറകിലല്ലേ? ലൈംഗികതയുമായി ബന്ധപ്പെട്ട കപട സദാചാരമൂല്യങ്ങളും സദാചാരപോലീസിംഗും വര്‍ദ്ധിക്കുകയല്ലേ? ലിംഗനീതിയും സാമൂഹ്യനീതിയും എത്രയോ അകലെയാണ്? ഇന്നും ആണ്‍, പെണ്‍ പള്ളിക്കൂടങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമല്ലേ കേരളം? ലൈംഗിക ലിംഗ ന്യൂനപക്ഷങ്ങളോടുള്ള അയിത്തത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ടോ?

ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. തീര്‍ച്ചയായും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കും അയിത്തങ്ങള്‍ക്കുമെതിരെ ചില തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരിനു കഴിയുമായിരിക്കാം. എന്നാല്‍ സമൂഹത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ വളരാനും വിവേചനങ്ങള്‍ക്കതീതമായ പൊതുബോധം രൂപപ്പെടാനും അതുകൊണ്ടാകും എന്നു കരുതാനാകില്ല. ഇടതടവില്ലാതെ തുടരുന്ന നവോത്ഥാനപോരാട്ടങ്ങളിലൂടേയേ ഇതെല്ലാം സാധ്യമാകൂ. അപ്പോഴും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരും. അവയൊന്നും പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപം കൊടുക്കുന്ന, വെള്ളാപ്പള്ളിമാര്‍ നയിക്കുന്ന നവോത്ഥാനസമിതിക്ക് കഴിയില്ലെന്നുറപ്പ്. വേണ്ടത് മുന്‍കാലത്തിന്റെ തുടര്‍ച്ചയായി സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുളള നവോത്ഥാനമുന്നേറ്റങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ അത്തരം ചലനങ്ങള്‍ കാര്യമായി നടക്കുന്നില്ല എന്നതാണ് ഖേദകരം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply