ജാതി സെന്‍സസിന്റെ പ്രസക്തി

രാജ്യത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ കാസ്റ്റ് സെന്‍സസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. ബിജെപി സ്വാഭാവികമായും അതിനെതിരാണ്. എന്നാല്‍ കാസ്റ്റ് സെന്‍സസ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ഇന്ത്യാമുന്നണിയും ഏറെക്കുറെ നിശബ്ദമാണ്. ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി ഇതു മാറുമെന്നു കരുതിയവരെല്ലാം നിരാശയിലാണ്. ഈ സാഹചര്യത്തില്‍ കാസ്റ്റ് സെന്‍സസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുത്തയിടെ തൃശൂരില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് നിയമവിദഗ്ധനും നാഷനല്‍ ജുഡീഷ്യല്‍ അക്കാദമി ഡയറക്ടറുമായിരുന്ന ഡോ. ജി മോഹന്‍ ഗോപാല്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ വായിക്കാന്‍

1. പ്രാതിനിധ്യജനാധിപത്യം വേണം: ഡോ. ബി ആര്‍ അംബേദ്കര്‍ ആദ്യത്തെ വട്ടമേശ സമ്മേളനത്തില്‍ ആവശ്യപ്പെടുന്നു (1930)

1930ല്‍ ബ്രിട്ടീഷ് ഇന്ത്യക്കു വേണ്ടിയുള്ള ഭരണഘടനയായ 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന ആദ്യത്തെവട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍പ്രതിനിധികള്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ള തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടു. ഇതിനുപരി ഭാവി ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എല്ലാ സമുദായങ്ങള്‍ക്കും ആനുപാതികമായ, മതിയായ, പ്രാതിനിധ്യമുള്ള സര്‍ക്കാര്‍ ആയിരിക്കണം നിയമനിര്‍മാണ സഭകളില്‍, ബ്യൂറോക്രസിയില്‍, ജുഡീഷ്യറിയില്‍ എന്ന ആവശ്യം ആ സമ്മേളനത്തില്‍ അധഃകൃതസമുദായങ്ങളുടെ പ്രതിനിധിയായിരുന്ന ബാബാസാഹേബ് ഡോ. ബി ആര്‍ അംബേദ്കറാണ് മുന്നോട്ടുവച്ചത്. ‘ആനുപാതിക’മെന്നാല്‍ ജനസംഖ്യാനുസൃതമായി എന്നാണ് അര്‍ത്ഥമാക്കുന്നത്. ‘മതിയായ’ എന്നാല്‍ ചെറിയ സമുദായങ്ങല്‍ക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും. ആനുപാതികമായപ്രാതിനിധ്യം ചിലപ്പോള്‍ മതിയാവുകയില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മതിയായ പ്രാതിനിധ്യമാണ് വേണ്ടത്.

2. ഡ്യൂ ഷെയര്‍വേണം: ഭരണഘടനാ നിര്‍മാണ സഭയില്‍ ഡോ. ബി ആര്‍ അംബേദ്കറിന്റെ സഹപ്രവര്‍ത്തകരായ രണ്ട് ദലിത് അംഗങ്ങള്‍ അദ്ദേഹം നിര്‍ദേശിച്ച പ്രാതിനിധ്യ ജനാധിപത്യം ആവശ്യപ്പെട്ടു. (1947)

1947 ആഗസ്ത് 15ാം തിയ്യതി ഇന്ത്യക്ക് സ്വാതന്ത്ര്യംകിട്ടി. ബ്രിട്ടീഷുകാര്‍ നാടുവിട്ടു. എല്ലാവരും ആഹ്ലാദിക്കുന്ന ദിവസങ്ങളായിരുന്നു അത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി 12ാംദിവസം അതായത് 1947 ആഗസ്ത് 27ാംതിയ്യതി പട്ടികജാതിയില്‍പ്പെട്ട എംപിമാരായ ശ്രീ മുനിസ്വാമിപിള്ളൈയും ശ്രീ നാഗപ്പയും തങ്ങള്‍ക്കുള്ള ആശങ്ക ഭരണഘടനാ നിര്‍മാണ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. ശ്രീ മുനിസ്വാമിപിള്ളൈ പറഞ്ഞു: ‘എന്റെ ചില സുഹൃത്തുക്കളുടെ മനസ്സില്‍ ഒരു ഭയമുണ്ട്, പ്രത്യേകിച്ച് പട്ടികജാതിക്കാരുടെ. ഹിന്ദുക്കള്‍ (അതായതു സവര്‍ണര്‍) അധികാരത്തില്‍ വരികയാ ണെന്നും ഹിന്ദുരാജ് നിലവില്‍വരുമെന്നും ഹരിജനങ്ങളെ ദ്രോഹിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചിരുന്ന വര്‍ണാശ്രമം പുനഃസ്ഥാപിക്കപ്പെടുമെന്നും’. അതേദിവസം ശ്രീ. നാഗപ്പ പറഞ്ഞു, ‘ഓരോ പ്രത്യേക സമൂഹത്തിനും അതിന്റെ ജനസംഖ്യ അനുസരിച്ച വിഹിതം ഉണ്ടായിരിക്കക്കണം. പൗലോസിന് പണം നല്‍കാന്‍ പത്രോസിനെ കൊള്ളയടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വളരെ മോശം നയമാണത്. എനിക്ക് കിട്ടേണ്ട വിഹിതം വേണം; ഞാന്‍ ശുദ്ധഗതിക്കാരനാണെങ്കിലുംവിവരമില്ലാത്ത ഊമയാണെങ്കിലും (ശഴിീൃമി,േ ശിിീരലി,േ റൗായ), എന്റെ അവകാശവാദം നിങ്ങള്‍ തിരിച്ചറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഊമയായത് മുതലെടുക്കരുത്. ഞാന്‍ ശുദ്ധഗതിക്കാരനായത് മുതലെടുക്കരുത്. എനിക്ക് അര്‍ഹമായ വിഹിതം മാത്രമേ ആവശ്യമുള്ളൂ, എനിക്ക് കൂടുതലൊന്നും വേണ്ട. എനിക്ക് മറ്റുള്ളവരെപ്പോലെ വെയ്‌റ്റേജോ പ്രത്യേകരാഷ്ട്രമോ ആവശ്യമില്ല. ഞങ്ങളേക്കാള്‍ മികച്ച അവകാശവാദം മറ്റാര്‍ക്കും ഇല്ല. ഞങ്ങള്‍ ഈ രാജ്യത്തെ ആദിവാസികളാണ്.’

3. ആനുപാതിക പ്രാതിനിധ്യവും സാമുദായിക സെന്‍സസും:

ഡോക്ടര്‍ ബാബാസാഹബ് അംബേദ്കര്‍ മുന്നോട്ടുവച്ച പ്രാതിനിധ്യത്തിനുള്ള ചരിത്രപരമായ ആവശ്യത്തില്‍ നിന്നാണ് പ്രാതിനിധ്യമില്ലാത്ത സമുദായങ്ങള്‍ക്കുള്ള സംവരണമെന്ന ആശയത്തിന്റെ ഉദ്ഭവം. സംവരണം ഒരു ലക്ഷ്യമല്ല, ആനുപാതികമായ പ്രാതിനിധ്യം നേടാനുള്ള ഒരുപകരണം മാത്രമാണ്. സാമുദായിക സെന്‍സസ് ഒരു ലക്ഷ്യമല്ല. ആനുപാതികമായ പ്രാതിനിധ്യം നേടാനുള്ള ഒരുപകരണം മാത്രമാണ്. 1930ല്‍ ഡോക്ടര്‍ ബാബാസാഹബ് അംബേദ്കര്‍ മുന്നോട്ടുവച്ച പ്രാതിനിധ്യത്തിനുള്ള ചരിത്രപരമായ ആവശ്യം ഇന്നും സ്വപ്‌നമായി തുടരുന്നു. പ്രാതിനിധ്യമില്ലാത്തതിന്റെ ഒരു കാരണം സമുദായം തിരിച്ചുള്ള സെന്‍സസ് നടത്താത്തതാണ്. ആനുപാതികമായി പ്രാതിനിധ്യം വേണമെങ്കില്‍ സമുദായങ്ങളുടെ ജനസംഖ്യാ കണക്കുകള്‍ ആവശ്യമാണ്. അതില്ലാതെ ആനുപാതികമായ പ്രാതിനിധ്യമോ അധികാരത്തിലും വികസനത്തിലും തൊഴിലിലും സാമ്പത്തിക ആനുകൂല്യങ്ങളിലുമൊക്കെയുള്ള ഓഹരിയോ കണക്കാക്കി പങ്കുവയ്ക്കാന്‍ സാധ്യമല്ല.

4. സമുദായങ്ങളുടെ ജനസംഖ്യാ കണക്കെടുക്കല്‍ ഒരു പുതിയനയം അല്ല. വര്‍ഷങ്ങളായി സര്‍ക്കാര്‍ ജാതികളുടെ ജനസംഖ്യാ കണക്കെടുക്കല്‍ നടത്തുന്നുണ്ട്. എന്നാല്‍ പിന്നെ ജാതി സെന്‍സസിനെ ചൊല്ലി എന്താണ് വിവാദം?

വര്‍ഷങ്ങളായി കേരളത്തില്‍ രണ്ട് ശതമാനത്തില്‍ താഴെ ജനസംഖ്യയുള്ള ഉദ്ദേശം 70 സമുദായങ്ങള്‍ക്ക് മൊത്തം 3 ശതമാനം സംവരണമാണ് കിട്ടുന്നത്. അതായത്, ഓരോ സമുദായത്തിനും 0.04 ശതമാനം സംവരണം. ഉദാഹരണത്തിന്, മഹത്തായ എഴുത്തച്ഛന്‍ സമുദായത്തിന്റെ ജനസംഖ്യ കേരള ജനസംഖ്യയുടെ രണ്ട് ശതമാനത്തിന് താഴെയാണ് എന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി നിര്‍ണയിച്ചിരിക്കുന്നത്. തദ്ഫലം 0.04 ശതമാനം സംവരണം വീതം കിട്ടുന്ന 70 സമുദായങ്ങളുടെ ഗ്രൂപ്പില്‍ എഴുത്തച്ഛന്‍ സമുദായത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. എഴുത്തച്ഛന്‍ ഉള്‍പ്പെടെ ഈ 70 ജാതികളുടെ ജനസംഖ്യ കേരള ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ കുറവാണെന്നു സര്‍ക്കാര്‍ എങ്ങെനയാണ് ആധികാരികമായി നിര്‍ണയിക്കുന്നത്? വര്‍ഷങ്ങളായി എല്ലാ ജാതികളുടെയും ജനസംഖ്യ സര്‍ക്കാര്‍ എടുക്കുന്നത് കൊണ്ടാണ്. ഇതിനാല്‍ ഒരു കാര്യം വ്യക്തമാണ്. സമുദായങ്ങളുടെ ജനസംഖ്യ കണക്കെടുക്കല്‍ ഒരു പുതിയനയം ആയിരിക്കുമെന്ന് പറയുന്നത് വസ്തുനിഷ്ഠമല്ല. വര്‍ഷങ്ങളായി സര്‍ക്കാര്‍ ജാതികളുടെ ജനസംഖ്യാ കണക്കെടുക്കല്‍ നടത്തുന്നുണ്ടെങ്കില്‍ ജാതി സെന്‍സസ് എടുക്കണം എന്നുള്ള വിവാദം എന്തിനെകുറിച്ചാണ്? സര്‍ക്കാര്‍ രണ്ടുവിധത്തിലാണ് ജാതികളുടെ ജനസംഖ്യാ കണക്കെടുക്കല്‍ നടത്തുന്നത്. ചില സമുദായങ്ങളുടെ (മതങ്ങള്‍, എസ്‌സി, എസ്ടി) ജനസംഖ്യ ഓരോ സമുദായത്തിന്റെയും എല്ലാ അംഗങ്ങളുടെയും തലയെണ്ണല്‍ ചെയ്തു നിര്‍ണയിക്കുന്നു.

1881 മുതല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നടന്ന എട്ട് സെന്‍സസുകളില്‍ സമുദായങ്ങളുടെ ജനസംഖ്യാകണക്ക് എല്ലാ അംഗങ്ങളെയുടെയും തലയെണ്ണല്‍ നടത്തി നര്‍ണയിച്ചിരുന്നു. സെന്‍സസിന്റെ ആദ്യ പ്രക്രിയ വീടുകള്‍ കണ്ടെത്തലാണ്. പിന്നാക്കക്കാരുടെ പല കുടുംബങ്ങള്‍ക്കും പ്രത്യേക വീടുകളും വീട്ടുനമ്പറുകളും ഇല്ലായിരുന്നു. പലര്‍ക്കും സ്ഥിരമായി താമസിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. തത്ഫലം അന്നത്തെ റിപോര്‍ട്ടുകള്‍ നോക്കിയാല്‍ പിന്നാക്കക്കാരുടെ എണ്ണം താരതമ്യേന കുറവും, പ്രബല സമുദായങ്ങളുടെ കണക്കുകള്‍ താരതമ്യേന കൂടുതലുമായി കാണാം.

സ്വാതന്ത്ര്യത്തിനു ശേഷം നടത്തിയ എട്ട് സെന്‍സസുകളില്‍ എസ്‌സി, എസ്ടി ഒഴികെ സമുദായങ്ങളുടെ (ജാതികളുടെ) ജനസംഖ്യാ കണക്കെടുപ്പ് സെന്‍സസില്‍ നിന്നും മാറ്റി. പകരം സ്വാതന്ത്ര്യത്തിനു ശേഷം എസ്‌സി, എസ് ടി ഒഴികെ സമുദായങ്ങളുടെ (ജാതികളുടെ) ജനസംഖ്യാ കണക്കെടുപ്പ് സാമ്പിള്‍ സര്‍വേയിലൂടെ ആക്കി. സാമ്പിള്‍ സര്‍വേയില്‍ സമുദായങ്ങളുടെ മുഴുവന്‍ അംഗങ്ങളെ എണ്ണുകയില്ല. പകരം പൊതുജനങ്ങളുടെ ഏതെങ്കിലും ഒരു ചെറിയ ഉപവിഭാഗത്തിനുള്ളില്‍ (സാമ്പിളില്‍) പ്രസക്ത സമുദായത്തില്‍ നിന്നും എത്രശതമാനം അംഗങ്ങളുണ്ടെന്നു നിര്‍ണയിക്കുന്നു. ഇതേശതമാനം രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ മുഴുവന്‍ ജനസംഖ്യയുടെ പ്രസക്തസമുദായത്തിന്റെ ജനസംഖ്യ ശതമാനമായി അനുമാനിക്കുന്നു. സമുദായങ്ങളുടെ ജനസംഖ്യ നിര്‍ണയിക്കാന്‍ മാത്രമായി സാമ്പിള്‍ സര്‍വേ നടത്താറില്ല. മറ്റേതെങ്കിലും ഉദ്ദേശ്യത്തിനു നടത്തുന്ന സാമ്പിള്‍ സര്‍വേയില്‍ (ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, മുതലായവ) നിന്നാണ് സമുദായങ്ങളുടെ ശതമാനം കണ്ടുപിടിക്കുന്നത്. വ്യത്യസ്ത സാമ്പിളുകളില്‍ ഒരേ സമുദായത്തിന്റെ ശതമാനം വ്യത്യസ്തമായിരിക്കും. സാമ്പിളിന്റെ ഡിസൈന്‍ വളച്ചൊടിച്ചാല്‍ സമുദായത്തിന്റെ ശതമാനനവും വളച്ചൊടിക്കാന്‍ കഴിയും. ഉദാഹരണത്തില്‍, ഒരു മുസ്‌ലിം പള്ളി പരിസരത്തെ സാമ്പിള്‍ ആയി ഉപയോഗിച്ചാല്‍, നായര്‍ സമുദായത്തിന്റെ ശതമാനം മിക്കവാറും ശൂന്യമായിരിക്കും. മറിച്ച്, തിരുവനന്തപുരത്തെ പദ്മനാഭക്ഷേത്ര പരിസരത്തെ സാമ്പിള്‍ ആക്കിയാല്‍ നായന്‍മാരുടെ ശതമാനം വളരെ കൂടുതലായിരിക്കും. സാമ്പിള്‍ സര്‍വേയിലൂടെ കൃത്യമായ ജനസംഖ്യ നിര്‍ണയിക്കുന്നതിന് ഉചിതമായ രീതിയായി കരുതപ്പെടുന്നില്ല. ജനസംഖ്യ ആധികാരികമായി നിര്‍ണയിക്കുവാന്‍ ലോകമെമ്പാടും ഉപയോഗിക്കുന്നത് 100 ശതമാനം തലയെണ്ണല്‍ (ഒലമറ രീൗി)േ രീതിയാണ്. സാമ്പിള്‍ സര്‍വേയിലൂടെ കണക്കാക്കുന്ന സമുദായങ്ങളുടെ ജനസംഖ്യ എത്രയാണെന്ന് കൃത്യമായി സര്‍ക്കാരിനെന്നല്ല, ആര്‍ക്കും, അറിയില്ല എന്നാണ് സത്യം. ഉദാഹരണത്തിന്, എഴുത്തച്ഛന്‍ സമുദായത്തിന്റെ ജനസംഖ്യ എത്രയാണെന്ന് ആര്‍ക്കും അറിയില്ല എന്നാണ് സത്യം. നായര്‍ സമുദായത്തിന്റെയും ഈഴവസമുദായത്തിന്റെയും ജനസംഖ്യ എത്രയാണെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍, കൃത്യമല്ലാത്ത ജനസംഖ്യാ കണക്കിന്റെ ആധാരത്തില്‍ ഈ സമുദായങ്ങളുടെ സംവരണത്തോത് നിര്‍ണയിക്കപ്പെടുകയാണ്. സമുദായങ്ങളുടെ സെന്‍സസ് വേണമെന്ന ആവശ്യത്തിന്റെ ഏകലക്ഷ്യം എല്ലാ സമുദായങ്ങളുടെയും ജനസംഖ്യാ കണക്കെടുക്കുന്ന രീതി വിശ്വാസയോഗ്യമല്ലാത്ത സാമ്പിള്‍ സര്‍വേയില്‍ നിന്നും മാറ്റി കൂടുതല്‍ കൃത്യമായ 100 ശതമാനം തലയെണ്ണല്‍ രീതി ആക്കണം എന്നു മാത്രമാണ്.

5. ജാതി സെന്‍സസ് ജാതീയത വര്‍ധിപ്പിക്കുമോ?

ജാതിയെന്നാല്‍ ‘ജന്‍മരീതി’യാണ്. എല്ലാമനുഷ്യര്‍ക്കും ഒരൊറ്റ ജന്‍മരീതിയേയുള്ളൂവെന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. ‘വര്‍ണാശ്രമ അധര്‍മം’ പറയുന്നത് മനുഷ്യന് അഞ്ചു ജാതിയുണ്ടെന്നാണ്. നാലു ജന്‍മരീതികള്‍ ‘വിരാട് പുരുഷ’നില്‍നിന്നാണ്. അഞ്ചാമത്തേത് പ്രകൃതിയില്‍നിന്ന്. വര്‍ണാശ്രമ അധര്‍മം ആണ് ജാതീയത ഉണ്ടാക്കുന്നത്. അല്ലാതെ സെന്‍സസല്ല. വര്‍ണാശ്രമ അധര്‍മത്തെ ഇല്ലാതാക്കണം. അതില്ലാതായാല്‍ ജാതീയത ഇല്ലാതാവും. വര്‍ണാശ്രമ അധര്‍മത്തില്‍ കഴിഞ്ഞുകൂടുന്ന അവസാനത്തെ തലമുറ നമ്മളായിരിക്കണം.

(കടപ്പാട് – മറുവാക്ക്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply