മലയാളസിനിമയിലെ വംശീയത – സമൂഹത്തിലേയും

മലയാള സിനിമ എന്നും കറുത്തവരെ വംശീയമായി അധിക്ഷേപിച്ചിട്ടേയുള്ളു. അത് അഭിനേതാക്കളായാലും കഥാപാത്രങ്ങളായാലും എന്തിന് സംവിധായകരായാലും. ഡോ ബിജുവിനു തന്നെ അത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ട്. രാഷ്ട്രീയപരമായി കറുപ്പിനെ ഒറ്റയടിക്ക് ദലിത് എന്ന് വായിക്കാന്‍ കഴിയില്ലെങ്കിലും ആ അര്‍ത്ഥത്തില്‍ തന്നെയാണ് മലയാള സിനിമ അര്‍ത്ഥം വെക്കുന്നത്. ആ നിലക്ക് ഇത് ജാതീയതയുമായി കാണാന്‍ കഴിയും.

ഉറൂബിന്റെ രാച്ചിയമ്മ കഥയുടെ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മലയാള സിനിമയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വംശീയതയെ പരിശോധിക്കേണ്ടത് അനിവാര്യമാണ്. കരിങ്കല്‍പ്രതിമപോലുള്ള ശരീരം എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ചിരിക്കുന്നു. പെണ്ണെന്നും ടോര്‍ച്ചടിക്കും പോലുള്ള ഇടിമിന്നല്‍ച്ചിരിയുള്ള പെണ്ണെന്നും കറുത്തു നീണ്ട വിരല്‍ത്തുമ്പുകളില്‍ അമ്പിളിത്തുണ്ടുകള്‍ പോലുള്ള നഖങ്ങളോടുകൂടിയ പെണ്ണെന്നും ഉറൂബ് പറഞ്ഞു വെച്ച പെണ്ണാണ് രാച്ചിയമ്മ. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്‍ രാച്ചിയമ്മയെ കണ്ടറിയാന്‍ പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. എന്നിട്ടും പാര്‍വ്വതിയുടെ വെളുത്ത ശരീരത്തില്‍ കറുത്ത ചായം തേച്ചാണ് രാച്ചിയമ്മയായി അഭിനയിപ്പിക്കുന്നത് എന്നാണ് ആലീന ആകാശ മിഠായി, ഡോ ധന്യാ മാധവ് , അഡ്വ കുക്കു മാധവന്‍ തുടങ്ങിയവര്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം. മലയാള സാഹിത്യത്തില്‍ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമ്പോള്‍ വെളുത്ത ശരീരം കറുപ്പിക്കാന്‍ ബ്ലാക്ക് പെയിന്റും ബ്രഷും വാങ്ങാന്‍ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവര്‍ത്തകരും ആ പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നതെന്നും പ്രമുഖ സംവിധായകനായ ഡോ.ബിജുവും ചോദിക്കുന്നു. വൈകിയാണെങ്കിലും ഈ ചോദ്യങ്ങള്‍ ഉയരേണ്ടവ തന്നെയാണ്.

മലയാള സിനിമ എന്നും കറുത്തവരെ വംശീയമായി അധിക്ഷേപിച്ചിട്ടേയുള്ളു. അത് അഭിനേതാക്കളായാലും കഥാപാത്രങ്ങളായാലും എന്തിന് സംവിധായകരായാലും. ഡോ ബിജുവിനു തന്നെ അത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ട്. രാഷ്ട്രീയപരമായി കറുപ്പിനെ ഒറ്റയടിക്ക് ദലിത് എന്ന് വായിക്കാന്‍ കഴിയില്ലെങ്കിലും ആ അര്‍ത്ഥത്തില്‍ തന്നെയാണ് മലയാള സിനിമ അര്‍ത്ഥം വെക്കുന്നത്. ആ നിലക്ക് ഇത് ജാതീയതയുമായി കാണാന്‍ കഴിയും. ഇന്നും മലയാള സിനിമയില്‍ പ്രമുഖരായ എത്ര പേര്‍ ദലിത് വിഭാഗങ്ങളില്‍ നിന്നും പെട്ടവര്‍ ഉണ്ട് എന്ന് പരിശോധിക്കുക. അതും ആദ്യനായിക പി കെ റോസിയായിട്ടുപോലും. റോസിയെ നാട്ടില്‍ നിന്ന് ഓടിച്ച നമ്മള്‍ ആ ധാരയിലെ ആരും സിനിമയിലെത്തരുതെന്ന കാര്യത്തില്‍ ജാഗരൂകരായിരുന്നു. ആ ജാഗ്രത തന്നെയാണ് രാച്ചിയമ്മയുടെ കാര്യത്തിലും കാണുന്നത്. അതേസമയം കറുത്ത രൂപങ്ങളെ വിരൂപമാക്കിയും , സമൂഹത്തിലെ പ്രിവിലേജ് കുറഞ്ഞവരും കോമാളികളുമായാണ് ചിത്രീകരിക്കുന്നത്. കഥാപാത്രങ്ങള്‍ മാത്രമല്ല, അവരായി ്ഭിനയിക്കുന്ന നടീനടന്മാരും നേരിടുന്നത് വംശീയ വിവേചനം തന്നെ. അതിനിടയില്‍ എപ്പോഴെങ്കിലും ശക്തമായ കറുത്ത കഥാപാത്രം ഉണ്ടായാല്‍ അതവതചരിപ്പിക്കാന്‍ നമുക്ക് വെളുത് ശരീരങ്ങള്‍ തന്നെ വേണം താനും. ഇത് മലയാള സിനിമയിലെ സവര്‍ണ്ണ ബോധ്യമാണ്. അതിപ്പോഴും തുടരുന്നു.

തീര്‍ച്ചയായും ഇത് സമൂഹത്തിന്റെ കാഴ്ചപ്പാട് തന്നെയാണ്. ദലിത് കോളനി ജീവതങ്ങളെ ഗുണ്ടകളായും ലൈംഗിക തൊഴിലാളികളായും മോശകാരുമായി വിലയിരുത്തുന്നതിന്റെ തുടര്‍ച്ച തന്നെയാണ് മലയാള സിനിമയിലും കാണുന്നത്. അത് കേരളത്തിലെ ജാതീയതയുമായി ബന്ധപ്പെട്ടതു തന്നെയാണ്. അതിനെ മറികടന്ന് ദലിത് സാമൂഹിക സാഹചര്യത്തില്‍ നിന്നാര്‍ക്കും സിനിമയില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്താന്‍ കഴിയാത്തതു കൊണ്ട് തന്നെ ആ കാഴ്ച്ചപ്പാട് മാറ്റി മറിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. ഇനി ആരെങ്കിലും ഉയര്‍ന്നു വന്നാല്‍ തന്നെ അതിനായി ശ്രമിക്കാറുമില്ല. ശ്രമിച്ചാലവര്‍ ഒറ്റപ്പെട്ടു പോകുകയും ചെയ്യും.

മലയാള സിനിമയില്‍ ഉയര്‍ന്നു വന്ന ഒരു പ്രമുഖനാണ് കലഭവന്‍ മണി. എന്നാല്‍ അദ്ദേഹത്തിന് കിട്ടിയ കഥാപാത്രങ്ങള്‍ എത്തരത്തിലുള്ളതായിരുന്നു എന്ന് ആലോചിക്കേണ്ടതുണ്ട്. അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് തനിക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്നുതന്നെയാണ്. നിങ്ങള്‍ എനിക്ക് ഒരു നല്ല കഥാപാത്രം തന്നാല്‍ സാമ്പത്തികം നോക്കാതെ തന്നെ അഭിനയിക്കാം എന്നുപോലും അദ്ദേഹം പറഞ്ഞു. മണി ഒരു പ്രധാന താരമായി ഇരിക്കുന്ന സമയത്താണ് ഇത്ര കറുത്തിരിക്കുന്ന ഒരാളുടെ ഒപ്പം അഭിനയിക്കാന്‍ കഴിയില്ല എന്ന് പ്രമുഖനടി പറഞ്ഞത്. ഈ സാഹചര്യത്തില്‍ സ്വയം കോമാളിയാകാനേ മണഇക്കാകുമായിരുന്നുള്ളു. അദ്ദേഹെത്ത ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കു വേണ്ടി അത് ചെയ്യേണ്ടി വന്നു എന്നു കൂടി കാണണം. ദലിതര്‍ക്കു അവരവരുടെ ജീവിതവു പ്രധാനമാണേല്ലോ. ഇതിനിടയിലും സലിം കുമാര്‍, വിനായകന്‍, ധര്‍മ്മജന്‍ പോലുള്ള താരങ്ങള്‍ ഉയര്‍ന്നു വന്നു എന്നാലും അവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അഹങ്കാരമല്ലേ എന്ന ചോദ്യമുയരുന്നു. ഇപ്പോള്‍ തന്നെ നോക്കൂ, ഐ .എം വിജയന്‍ എന്ന ഇന്ത്യയിലെ കറുത്ത മാന്‍ എന്നറിയപ്പെടുന്ന ഫുട്‌ബോള്‍ താരത്തിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ വിജയനാകുന്നത് നിവിന്‍ പോളിയാണ്. കറുപ്പിന ഒെഴിവാക്കിയാല്‍ ഐ.എം വിജയനുണ്ടോ? എന്നിട്ടും വെളുത്ത നിറമുള്ള താരത്തെയാണ് അഭിനയിപ്പിക്കുന്നത്. എന്തുകൊണ്ട് മേല്‍സൂചിപ്പിച്ച ആരേയും പരിഗണിക്കുന്നില്ല? സ്ത്രീകളുടെ കാര്യത്തില്‍ വിഷയം കൂടുതല്‍ രൂക്ഷമാണ്. കറുത്ത, ദളിത് സ്ത്രീകള്‍ സിനിമയില്‍ ഇല്ല എന്ന് പറയാം. അതിനു കാരണം സമൂഹത്തിലെ ബ്രാഹ്മണിക്ക് പുരുഷാധിപത്യ തന്നെയാണ്. തെന്നിന്ത്യന്‍ സിനിമാലോകത്തു ആപത്കരമായി ജീവിക്കുകയും ഒടുവില്‍ തന്റെ ജീവിതം ബലിനല്‍കുകയും ചെയ്ത ദലിത് സ്ത്രീയായിരുന്ന സില്‍ക്ക് സ്മിതയുടെ ജീവിതത്തെ സിനിമയില്‍ ആവിഷ്‌കരിച്ചപ്പോള്‍ വെളുത്ത ബ്രാഹ്മണ സ്ത്രീയായ വിദ്യാ ബാലനാണ് നായികയായത് .ഈ വെച്ചുമാറ്റത്തിലൂടെ സില്‍ക്ക് സ്മിതയുടെ ഇതിഹാസമാനമുള്ള വ്യക്തി ജീവിതം മാത്രമല്ല ,അവരുടെ സമുദായത്തിന്റെ സമരങ്ങളും സഹനങ്ങളും കൂടെ കവര്‍ന്നെടുക്കപ്പെടുകയായിരുന്നു എന്നതും ചൂണ്ടികാട്ടപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണിക്കല്‍ പുരുഷാധിപത്യേ ബോധ്യത്തില്‍ തിരെഞ്ഞെടുക്കുന്ന സ്ത്രീകള്‍ വെളുത്ത , സവര്‍ണ്ണ സ്ത്രീകള്‍ തന്നെയായിരിക്കും. തിലകനാണ് മലയാള സിനിമയിലെ നായര്‍ ഗ്യാങ്ങുകളെ കുറിച്ച് പറഞ്ഞത് ആ ഗ്യാങ്ങുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലായിരിക്കാം എന്നാല്‍ ആ സവര്‍ണ്ണ നായര്‍ ബോധ്യം നിലനില്‍ക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അതിനെ ചോദ്യം ചെയ്യാതെ ഏതെങ്കിലും സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച് ചോദ്യമുയര്‍ത്തിയിട്ട് വലിയ ഗുണമൊന്നുമില്ല.

തീര്‍ച്ചയായും ഇതോടൊപ്പം പറയേണ്ടത് മുസ്ലിമുകളുടെ വിഷയവും. മലയാളത്തില്‍ ആ സമുദായത്തില്‍ നിന്ന് നിരവധി താരങ്ങളും സംവിധായകരുമൊക്കെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഏറ്റവും വംശീയമായി ആക്രമിക്കപ്പെട്ടവരാണ് മുസ്ലിങ്ങള്‍. എന്നുമവരെ ശത്രുപക്ഷത്ത് നിര്‍ത്തി ഇസ്ലാമഫോബിയ ഉണ്ടാക്കിയെടുത്തതില്‍ മലയാള സിനിമക്കു വലിയ പങ്കുണ്ട്. അതിപ്പോള്‍ മുഖ്യധാരയിലെത്താന്‍ പാര്‍വ്വതി തന്നെ പറയേണ്ടിവന്നു. ഭൂരിഭാഗം സിനിമകളിലും അവര്‍ ദേശദ്രോഹികളും തീവ്രവാദികളുമാണ്. അടുത്ത കാലത്ത് ഏറെ ശ്രദ്ധേയമായ വൈറസ് സിനിമയുമായി ബന്ധപ്പെട്ടുപോലും ഉയര്‍ന്ന വിവാദങ്ങള്‍ നോക്കുക. സിനിമയില്‍ വന്ന ഇസ്ലാമിസ്റ്റുകള്‍ കടന്നുകൂടി എന്നായിരുന്നു പലരും പറഞ്ഞത്. സ്ത്രീകളുടെ പൊതു അവസ്ഥയും വ്യത്യസ്ഥമല്ല. സ്ത്രീകള്‍ നായകന്റെ അവശ്യങ്ങള്‍ നടത്താനുള്ള ഒരു വസ്തു മാത്രം. കഥാപാത്രങ്ങള്‍ മാത്രമല്ല, നടികളും പീഡിപ്പിക്കുന്നതിനെ കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഈ വിഷയം കേരളീയ സമൂഹം ശ്രദ്ധിക്കാന്‍ ഒരു പ്രമുഖനടി ക്രൂരമായി പീഡിപ്പിക്കപ്പെടേണ്ടിവന്നു.

അതേസമയം ഉറൂബിന്റെ’ രാച്ചിയമ്മ ‘എന്ന കഥാപാത്രം ഒരു കീഴാള സ്ത്രീയാണെന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ലെന്നാണ് പ്രമുഖ ദലിത് ചിന്തകനായ കെ. കെ ബാബുരാജ് പറയുന്നത്. ഒരിക്കല്‍, തുടലുപൊട്ടിയ തന്റെ കാമപരതക്ക് ജന്മദീര്‍ഘമായി ക്ഷമാപണം ചെയ്തുകൊണ്ട് കേരളീയ സവര്‍ണ്ണ പാതിവൃത്യസങ്കല്പത്തിനകത്തു ഒതുക്കപ്പെട്ട ഒരു നായര്‍ സ്ത്രീ തന്നെയാണവര്‍ എന്നാണ് അദ്ദേഹം പറയുന്നത്. കറുപ്പുനിറം, മൈസൂര്‍ എന്ന അയല്‍ ദേശം, എഴുത്തച്ഛന്റെ താടക വര്‍ണനയുടെ ഭാഗങ്ങള്‍ എന്നിവകൊണ്ടു അവളുടെ നായര്‍ സ്വത്വത്തെ വിദൂരമാക്കുന്നത് കഥാനായകന് പില്‍കാലത്തുണ്ടാകുന്ന സ്ഥാനമഹിമകള്‍ക്കൊപ്പം കളങ്കരഹിതയായ ഐഡിയല്‍ നായര്‍ സ്ത്രീയുടെ ”തന്‍ ഭാവ ശുദ്ധിയെ ” സംരക്ഷിക്കാനാണ്. യഥാര്‍ത്ഥത്തില്‍, എല്ലാ ശൂദ്ര റൊമാന്‍സുകളിലും എന്നപോലെ കീഴാള -ന്യൂനപക്ഷ സ്ത്രീകളുടെ സമ്പൂര്‍ണ്ണമായ നിരാസമാണ് ഈ കഥയിലുമുള്ളതെന്നും ഇത്തരം ശൂദ്ര ഭൂതകാല കുളിരുകളെ അതേ നിലയില്‍ കാണുന്നതിനു പകരം കറുപ്പു നിറം ഉണ്ടെന്നതിനാല്‍ അതിലൊക്കെ ചെന്നു ചിലര്‍ സാമുദായിക അവകാശം ചോദിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നും പറയുന്ന ബാബുരാജ് രാച്ചിയമ്മയായി വെളുത്ത പാര്‍വ്വതിയോ അല്ലെങ്കില്‍ ഒരു കറുത്ത ദലിത് സ്ത്രീ തന്നെയോ അഭിനയിച്ചാലും ശൂദ്ര റൊമാന്‍സുകളെ യൂണിവേഴ്‌സല്‍ ആഖ്യാനങ്ങളാക്കി കാണുന്ന മലയാളി പൊതുബോധത്തില്‍ മാറ്റമൊന്നും സംഭവിക്കുകയില്ല എന്നും ചൂണ്ടികാട്ടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply