പി എസ് ബാനര്‍ജി : പാട്ടിനേയും വരകളേയും പ്രണയിച്ച രാജകുമാരന്‍

അടിസ്ഥാന ജനതയുടെ ഉയര്‍ത്തെഴുന്നേല്പിലും അതിജീവിനത്തിലും നാടന്‍ പാട്ടു സംഗീതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം പാടിയ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകളായിരുന്നല്ലോ? നടന്‍ പാട്ടുകളില്‍ പ്രകൃതിയുമായി സമരസപ്പെട്ടു ജീവിച്ച ഒരു ജനതയുടെ ജീവസ്പന്ദനങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും ആ സ്പന്ദനങ്ങളില്‍ നിന്നായിരിക്കണം അടിസ്ഥാന ജനതയുടെ ഉയര്‍ത്തെഴുന്നേല്പ് യാഥാര്‍ഥ്യമാകേണ്ടതെന്നും ഉറച്ചു വിശ്വസിച്ചിരുന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും പാട്ടുകാരന്‍ കൂടിയായിരുന്നു ബാനര്‍ജി.

സ്വതസിദ്ധമായ ആലാപനശൈലിയിലൂടെയും മികവാര്‍ന്ന ശബ്ദഗാംഭീര്യത്തിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായകനായിരുന്നു പി.എസ്.ബാനര്‍ജി .നാടന്‍ പാട്ടുകളെയും വരകളെയും വര്‍ണങ്ങളെയും ജീവവായു പോലെ നെഞ്ചിലേറ്റിയ പ്രതിഭാധനനായ ഈ കലാകാരന്‍ പാട്ടിലും വരയിലും ശില്പ നിര്‍മിതിയിലും അവിസ്മരണീയമായ നിരവധി ഏടുകള്‍ക്ക് രൂപവും നല്‍കിയതിന് ശേഷമാണ് സംഗീതത്തിന്റെയും വര്‍ണങ്ങളുടെയും അനശ്വരതയിലേക്ക് മറഞ്ഞത്.

1979 ഏപ്രില്‍ 5 – ന് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ മനക്കര മനയില്‍ സ്‌കൂള്‍ അദ്ധ്യാപകനായ പാച്ചുവിന്റെയും വീട്ടമ്മയായ സുഭദ്രയുടെയും മൂന്നു മക്കളില്‍ മൂത്തവനായി പിറന്ന പി.എസ്.ബാനര്‍ജി കുട്ടിക്കാലം മുതല്‍ക്കെ കലാരംഗത്ത് തന്റെ പ്രതിഭ തെളിയിച്ച അനുഗൃഹീത കലാകാരനായിരുന്നു. മൈനാഗപ്പള്ളിയിലെ ചിത്തിരവിലാസം എല്‍.പി.സ്‌കൂളിലും ഭരണിക്കാവ് ജെ.എം.എച്ച് .എസ് .എസ്സിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബാനര്‍ജി ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷമാണ് കലാപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ചേരുന്നത് . സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ,തൊണ്ണൂറുകളില്‍ ഭരണിക്കാവ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ പഠനകേന്ദ്രം സംഘടിപ്പിച്ച പ്രചാരണ പരിപാടികളില്‍ നാടന്‍ പാട്ടുകള്‍ ആലപിച്ചുകൊണ്ടായിരുന്നു ബാനര്‍ജി ആദ്യം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. തുടര്‍ന്ന്, കോളജ് വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട നാടോടി പാട്ടുകൂട്ടം സജീവമായതോടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു ആരാധക കൂട്ടത്തെ തന്നെ അദ്ദേഹത്തിന് സൃഷ്ടിക്കാനായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വൈകാതെ നാടന്‍ പാട്ടുകളുടെ നിത്യോപാസകനായി മാറിയ അദ്ദേഹം പാടിപ്പതിഞ്ഞ പാട്ടുകള്‍ പാടിയും വിസ്മൃതിയിലാണ്ടു പോയെന്നു കരുതിയവയെ കണ്ടെത്തി തേച്ചുമിനിക്കി അവതരിപ്പിച്ചും നാടന്‍ പാട്ടു സംഗീതത്തെ കാലോചിതമായി പുതുക്കിപ്പണിതും അവതരണത്തിലും ആവിഷ്‌ക്കരണത്തിലും നവീന ശൈലിയും രീതിയും സന്നിവേശിപ്പിച്ചുമാണ് സംഗീത ലോകത്തെ തന്റെ ജൈത്രയാത്രക്ക് തുടക്കം കുറിക്കുന്നത് .നാടന്‍ പാട്ടുകളെ അവയുടെ ചരിത്രവും സാമൂഹ്യ പശ്ചാത്തലവും ഗൗരവവും സൗന്ദര്യബോധവും ഉള്‍ക്കൊണ്ട് തന്റെ ശൈലിയിലും ശബ്ദഗാംഭീര്യത്തിലും പാടി ആസ്വാദകന്റെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാനുള്ള കഴിവ് വളരെ പെട്ടന്ന് ബാനര്‍ജിക്ക് ജനമനസ്സുകളില്‍ ഇടം നേടിക്കൊടുത്തു.നാടന്‍ പാട്ടുകളില്‍ നിറഞ്ഞു നിന്നിരുന്ന അടിസ്ഥാന ജനതയുടെ വികാരവിചാരങ്ങള്‍ തൊട്ടറിഞ്ഞ അദ്ദേഹം ആ വികാരങ്ങളെ , അത് സന്തോഷമായാലും സങ്കടമായാലും പ്രതിഷേധമായാലും ,അവയുടെ പകിട്ടും തിളക്കവും ഒട്ടും ചോര്‍ന്നു പോകാതെ കേള്‍വിക്കാരിലേക്ക് സംക്രമിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ വിലകുറഞ്ഞ പാട്ടുകള്‍ എഴുതാനോ പാടാനോ അദ്ദേഹം മുതിര്‍ന്നിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

അടിസ്ഥാന ജനതയുടെ ഉയര്‍ത്തെഴുന്നേല്പിലും അതിജീവിനത്തിലും നാടന്‍ പാട്ടു സംഗീതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അദ്ദേഹം പാടിയ എല്ലാ പാട്ടുകളും സൂപ്പര്‍ഹിറ്റുകളായിരുന്നല്ലോ? നടന്‍ പാട്ടുകളില്‍ പ്രകൃതിയുമായി സമരസപ്പെട്ടു ജീവിച്ച ഒരു ജനതയുടെ ജീവസ്പന്ദനങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും ആ സ്പന്ദനങ്ങളില്‍ നിന്നായിരിക്കണം അടിസ്ഥാന ജനതയുടെ ഉയര്‍ത്തെഴുന്നേല്പ് യാഥാര്‍ഥ്യമാകേണ്ടതെന്നും ഉറച്ചു വിശ്വസിച്ചിരുന്ന പ്രതീക്ഷയുടെയും പ്രത്യാശയുടെയും പാട്ടുകാരന്‍ കൂടിയായിരുന്നു ബാനര്‍ജി. കറുപ്പിന്റെ സൗന്ദര്യബോധത്തെയും പ്രതിരോധിക്കാനുള്ള അതിന്റെ മാസ്മരിക ശക്തിയെയും പ്രഭാവത്തെയും തിരിച്ചറിഞ്ഞ അദ്ദേഹം കറുത്തവന്റെ സംഗീതത്തിന് സമാനമായി നാടന്‍ പാട്ടുകളിലുടെ അടിസ്ഥാന ജനതയുടെ സൗന്ദര്യ സങ്കല്പങ്ങളെ വീണ്ടെടുത്ത് ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചുറപ്പിക്കുകയായിരുന്നു. സംഗീത പശ്ചാത്തലം എത്ര തന്നെ ശബ്ദമുഖരിതമായിരുന്നാലും ശബ്ദഗാംഭീര്യത്താല്‍ അര്‍ഥശുദ്ധിയോടെ അതിനുയരെ പാടാനും താളാത്മകമായി ശരീരത്തെ ചലിപ്പിക്കാനും കേള്‍വിക്കാരുടെ മനസ്സിനെയും ശരീരത്തെയും തന്നോടൊപ്പം കൂട്ടി ആസ്വാദനത്തിന്റെ മറുകരയിലെത്തിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപരിമേയമായിരുന്നു. ഇതു തന്നെയാണ് ചുരുങ്ങിയ കാലം കൊണ്ട് ജനകീയ ഗായകന്‍ എന്ന അംഗീകാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. അദ്ദേഹം പാടുമ്പോഴാണ് പാട്ടുകളുടെ അര്‍ഥതലങ്ങള്‍ കേള്‍വിക്കാരന് ബോധ്യപ്പെടുക

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘താരകപെണ്ണാളെ’ എന്ന ഗാനം ബാനര്‍ജി പാടുമ്പോഴാണ് അതിന്റെ അര്‍ത്ഥവും സൗന്ദര്യവും വേറിട്ടറിഞ്ഞ് ആസ്വദിക്കാന്‍ കഴിയുക. ‘വില്ലുവണ്ടിയിലേറി വന്നതാരുടെ വരവോ ‘ എന്ന ഗാനം അദ്ദേഹം പാടുമ്പോള്‍ മഹാത്മ അയ്യന്‍കാളി നമ്മുടെ സ്മൃതിപഥങ്ങളിലൂടെ വില്ലുവണ്ടി തെളിച്ചു കടന്നു വരുന്ന അനുഭൂതിയാണ് അനുഭവപ്പെടുക. യഥാര്‍ഥത്തില്‍ നാടന്‍ പാട്ടുകളില്‍ അന്തര്‍ലീനമായിരിക്കുന്ന സാധാരണ മനുഷ്യരുടെ ദുഃഖവും പ്രണയവും പ്രതിഷേധവും പ്രതിരോധവുമെല്ലാം ബാനര്‍ജിയുടെ ശബ്ദത്തിലൂടെയാണ് മലയാളികള്‍ തിരിച്ചറിഞ്ഞ് നെഞ്ചിലേറ്റുന്നത്. കലര്‍പ്പില്ലാത്ത നാടന്‍ പാട്ടു സംഗീതത്തിന്റെ ശേഖരണത്തിലും സംരക്ഷണത്തിലും പ്രചാരണത്തിലും അതീവ ജാഗ്രത പുലര്‍ത്തിയ പാട്ടുകാരന്‍ കൂടിയായിരുന്നു ബാനര്‍ജി.എഴുന്നൂറിലധികം ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കി , ആയിരത്തിലധികം വേദികളില്‍ പാടിയിട്ടുള്ള ബാനര്‍ജി സി.ജെ.കുട്ടപ്പന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുമായി ചേര്‍ന്നും നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2002- ല്‍ ബാനര്‍ജി രൂപം നല്‍കിയ കനല്‍ മ്യൂസിക് ബാന്‍ഡ് നാടന്‍ പാട്ടുകളുടെ അവതരണ ശൈലിയെയും അവതാരകരുടെ ശരീരഭാഷയെയും വേഷവിധാനത്തെയും സംബന്ധിച്ച് അതുവരെ നിലനിന്നിരുന്ന എല്ലാ സങ്കല്പങ്ങളെയും ഭാവുകങ്ങളെയും പുനര്‍ നിര്‍വചിക്കുകയായിരുന്നു.

ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കാരിക്കേച്ചറിസ്റ്റ് എന്ന നിലയിലും വിഖ്യാതനായിരുന്നു ബാനര്‍ജി എന്ന കലാകാരന്‍ . വിശ്വ പ്രസിദ്ധരായ ഇന്ത്യക്കാരുടെ നിറപ്പകിട്ടാര്‍ന്ന കാരിക്കേച്ചറുകള്‍ കാന്‍വാസുകളില്‍ പകര്‍ത്തി കൊണ്ടായിരുന്നു ഒരു കാരിക്കേച്ചറിസ്റ്റ് എന്ന നിലയില്‍ ചിത്രകലയില്‍ ബാനര്‍ജി തന്റെ കൈയൊപ്പ് ചാര്‍ത്തിയത്. ചുണ്ടില്‍ പുകയുന്ന ബീഡിയുമായി ശാസ്താംകോട്ടയിലെ നിത്യസാന്നിധ്യമായിരുന്ന അമ്മാവന്റെ കാരിക്കേച്ചര്‍ ആയിരുന്നു ആദ്യ സൃഷ്ടി. പിന്നീട് സാമൂഹ്യ ,രാഷ്ടിയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയെല്ലാം കാരിക്കേച്ചറുകള്‍ ആ അതുല്യ കലാകാരന്റെ തൂലികയിലൂടെ പിറവി കൊണ്ടു.വര്‍ണങ്ങളോടും കടലാസിനോടുമുള്ള അടങ്ങാത്ത അഭിനിവേശം അവസാന നിമിഷം വരെ അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു.വെങ്ങാരും കൊടുമണിലും അദ്ദേഹം നിര്‍മിച്ച അയ്യന്‍കാളിയുടെയും ബുദ്ധന്റെയും പ്രതിമകള്‍ ശില്പ നിര്‍മിതിയില്‍ അദ്ദേഹത്തിനുള്ള സര്‍ഗാത്മകതയുടെ നിദര്‍ശനങ്ങളായി നിലകൊള്ളുന്നു. കലാ രംഗത്ത് ബാനര്‍ജി നല്‍കിയ സംഭാവനകള്‍ക്ക് 2014-ല്‍ സംസ്ഥാന ഫോക് ലോര്‍ അക്കാദമി ഇദ്ദേഹത്തെ മികച്ച യുവപ്രതിഭയായി തെരഞ്ഞെടുത്തിരുന്നു. ലളിത കലാ അക്കാദമിയുടെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് ക്ഷണം ലഭിച്ചിരിക്കവെയാണ് ആകസ്മിക വിടവാങ്ങല്‍ .പാട്ടിനെയും വര്‍ണങ്ങളെയും പ്രണയിച്ച്, സൗഹൃദങ്ങളെ നിധിപോലെ സൂക്ഷിച്ച് കനല്‍ക്കാറ്റ് പോലെ പാടിത്തിമിര്‍ത്ത് ,ഓര്‍മകള്‍ മാത്രം ബാക്കിയാക്കി കടന്നു പോയ കറുപ്പിന്റെ രാജകുമാരന് സ്മരണാഞ്ജലികള്‍.

(സര്‍വ്വ വിജ്ഞാന കോശം എഡിറ്ററാണ് ലേഖകന്‍))

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply