യൂണിഫോം കൊണ്ട് മറച്ചുവെക്കേണ്ടവയല്ല ദാരിദ്ര്യവും മനുഷ്യാവസ്ഥകളും

എന്തിനാണ് ദരിദ്രര്‍ തന്നെ ദരിദ്രാവസ്ഥയെ പാപബോധത്തോടെ കാണുന്നത്? പരമ്പരകളായുള്ള വിഭവ സമാഹരണത്തിലെ വിജയ പരാജയങ്ങളാണോ ഒരു വ്യക്തിയെ നിര്‍ണയിക്കുന്നത്?

മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന
Speak for India Debate Competition ന്റെ ഈ സീസണിലെ ആദ്യ വിഷയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം വേണ്ട എന്ന പക്ഷക്കാരനാണ് ഞാന്‍. തുല്യതയാണ് യൂണിഫോമിന്റെ പ്രധാന അജണ്ടയെങ്കില്‍ ഞാന്‍ ആ തുല്യതക്ക് എതിരാണ്. സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക വൈവിധ്യങ്ങള്‍ പ്രകടമാകേണ്ടതും തിരിച്ചറിയപ്പെടേണ്ടതുമാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ മാത്രമേ അസംതുലിതാവസ്ഥകള്‍ അംഗീകരിക്കപ്പെടൂ എന്നാണ് എന്റെ പക്ഷം. നമ്മുടെ കുട്ടികള്‍ നാനാത്വങ്ങളെ അംഗീകരിച്ച് വളരേണ്ടതുണ്ട്.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വാര്‍ത്ത വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. പത്താം ക്ലാസ്സില്‍ മുഴുവന്‍ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ ഒരു പെണ്‍കുട്ടി ആ വാര്‍ത്ത പത്രത്തില്‍ വന്നതിന്റെ പിറ്റേന്ന് ആത്മഹത്യ ചെയ്യുകയുണ്ടായി. ‘ചെറ്റക്കുടിലില്‍ നിന്നും മിന്നുന്ന വിജയം’ എന്ന തരത്തിലായിരുന്നു ആ വാര്‍ത്ത. സ്‌കൂളിലെ കുട്ടികളില്‍ നിന്നെല്ലാം തന്റെ ഭൗതികാവസ്ഥകള്‍ മറച്ചുവച്ചാണ് ആ കുഞ്ഞ് ജീവിച്ചിരുന്നത്. പെട്ടെന്ന് തന്റെ ‘ദാരിദ്ര്യമെന്ന ഗുഹ്യരോഗം’ വെളിപ്പെട്ടതിന്റെ വേദനയിലാണ് ആ ജീവന്‍ പൊലിഞ്ഞത്.

എങ്ങനെയാണ് ദാരിദ്ര്യം പുറത്തു പറയാന്‍ കൊള്ളാത്ത ഒരു വ്യാഥിയായി അടയാളപ്പെടുത്തപ്പെടുന്നത്? ബെര്‍ജെര്‍ പറഞ്ഞതായി വായിച്ചതോര്‍ക്കുന്നു : ‘ഒരു വ്യക്തി ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ അയാള്‍ നേരിടുന്നത് ദാരിദ്ര്യം എന്ന ഭൗതിക അവസ്ഥയിലുപരി ദാരിദ്ര്യത്തിന്റെ സാംസ്‌കാരിക പരിസരമാണ്’ – എന്ന്. ദരിദ്രര്‍ സംസ്‌കാര രഹിതരും കൂട്ടത്തില്‍ കൂട്ടാന്‍ കൊള്ളാത്തവരുമാണെന്ന ധാരണ മിഡില്‍ ക്ലാസ്സിനും അപ്പര്‍ ക്ലാസ്സിനും ഉണ്ടോ? ആ രീതിയില്‍ എന്റെ കുട്ടികള്‍ വിവേചനം നേരിടുന്നുണ്ടോ? ഇല്ലെങ്കില്‍ എന്തിനാണ് ദരിദ്രര്‍ തന്നെ ദരിദ്രാവസ്ഥയെ പാപബോധത്തോടെ കാണുന്നത്? പരമ്പരകളായുള്ള വിഭവ സമാഹരണത്തിലെ വിജയ പരാജയങ്ങളാണോ ഒരു വ്യക്തിയെ നിര്‍ണയിക്കുന്നത്?

ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ ഒരു കവിത ഇവിടെ ചേര്‍ക്കുന്നു.

‘ഞാനൊരു വയസ്സിയാണ്.
ജര്‍മ്മനി പ്രബുദ്ധമായതിനുപിന്നാലെ
സര്‍ക്കാര്‍ പെന്‍ഷന്‍ വെട്ടിക്കുറച്ചപ്പോള്‍
എന്റെ മക്കള്‍ അവരാല്‍ കഴിയുന്ന ചില്ലറ തന്ന്
എന്നെ സഹായിച്ചു.
പക്ഷെ അതൊന്നും ഒന്നിനും തികയുന്നില്ല.
മുമ്പു സ്ഥിരമായി
പോവുമായിരുന്ന കടകളിലേക്ക്
ഇപ്പോള്‍ ഞാന്‍ തീരെ ചെല്ലാതെയായി.

പക്ഷെ, ഒരു ദിവസം ഞാന്‍
ഒരുപാടിരുന്ന് ചിന്തിച്ചു.
എന്നിട്ട് അവസാനമായി ഒരിക്കല്‍ക്കൂടി,
പണ്ട് ഞാന്‍ സ്ഥിരം സന്ദര്‍ശകയായിരുന്ന
ആ ബേക്കറിയിലും സൂപ്പര്‍മാര്‍ക്കറ്റിലും
ഒക്കെ പോയി..

വളരെ ശ്രദ്ധയോടെ, സാധനങ്ങള്‍
ഓരോന്നായി തിരഞ്ഞെടുത്തു..
എന്നുമെടുക്കുന്നതിനെക്കാള്‍
ഒട്ടും കൂടാതെ, എന്നാല്‍ കുറയാതെയും..
റൊട്ടിക്കു പിന്നിലായി അപ്പം,
അതിന്റെ പിറകില്‍ കാബേജ്,
പിന്നെ വെളുത്തുള്ളി,
അങ്ങനെ ഓരോന്നായി ഞാന്‍ എടുത്തുവെച്ചു..

അവര്‍ ബില്ലടിച്ച് തന്നപ്പോള്‍,
സങ്കടം നിറഞ്ഞ ഒരു നിശ്വാസത്തോടെ
പരുക്കന്‍ വിരലുകള്‍ എന്റെ കുഞ്ഞു പഴ്‌സിനകത്തേക്കിട്ട്
ഞാന്‍ തലകുലുക്കി സമ്മതിച്ചു,
ബില്ലടക്കാന്‍ വേണ്ടത്ര പണം
എന്റെ കയ്യില്‍ ഇല്ലെന്ന്..
എന്നിട്ട്, സഹതാപത്തോടെന്നെ നോക്കിക്കൊണ്ട് നിന്ന
അത്രയും ആളുകളുടെ മുന്നിലൂടെ
തലകുനിച്ച് ഞാനിറങ്ങിപ്പോന്നു..

ഞാന്‍ എന്നോടു തന്നെ പറഞ്ഞു –
നമ്മള്‍ ഒന്നുമില്ലാത്തവര്‍, ഒരിക്കലെങ്കിലും
ഇതുപോലുള്ളിടങ്ങളില്‍ ചെന്നില്ലെങ്കില്‍,
നമുക്കങ്ങനെ പ്രത്യേകിച്ച്
ആവശ്യങ്ങളൊന്നും ഇല്ലെന്നവര്‍ കരുതും..
ചെന്നുകാത്തുനിന്ന്, ഒന്നും വാങ്ങാനാവാതെ
നമ്മള്‍ തിരിച്ചുവരുന്നത് നേരില്‍ കണ്ടാല്‍മാത്രമേ
നമ്മുടെ അവസ്ഥയെന്തെന്ന്
അവര്‍ തിരിച്ചറിയൂ’

പ്രിയപ്പെട്ടവരേ മനുഷ്യാവസ്ഥകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്.
അംഗീകരിക്കപ്പെടേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “യൂണിഫോം കൊണ്ട് മറച്ചുവെക്കേണ്ടവയല്ല ദാരിദ്ര്യവും മനുഷ്യാവസ്ഥകളും

  1. Avatar for സനല്‍ ഹരിദാസ്

    പരിഹാരത്തിലേക്ക് നാം എത്തുന്നില്ല. രാജ്യം ഭരിക്കുന്നവര്‍ പെണ്‍കുട്ടികളേക്കാള്‍ പശുവിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞത് മിസ് കോഹിമ മത്സരാര്‍ത്ഥി. അതായത്, നമ്മുടെ ശ്രദ്ധ പശു, ചാണകം, സാംസ്കാരിക വര്‍ത്തമാനം അങ്ങിനെ പോകുന്നു. . . ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് ജന സംഖ്യാ വര്‍ധനവ് തടയുന്നതിനാണ്. എങ്കില്‍ ദാരിദ്ര്യം താനേ ഇല്ലാതാകും. . .

Leave a Reply