കൊവിഡാനന്തരകേരളം അതിജീവനകൃഷികൊണ്ട് രക്ഷപ്പെടില്ല

ആഗോള കോര്‍പ്പറേറ്റ് ഭീമന്മാരുടെ അഗ്രി ബിസിനസിന്റെ കാലമാണ്. തമിഴ് നാട്ടില്‍ നിന്നുള്ള വിലകുറഞ്ഞ പച്ചക്കറിവരവ് മാറ്റിവെച്ചാലും ലോകത്തിന്റെ സ്ഥിതിയാണിത്. മത്സരക്ഷമമല്ലാത്ത ഒന്നിനും അവിടെ നിലനില്‍പ്പില്ല. കേരളത്തിന് ചുറ്റുമതില്‍ കെട്ടി വടക്കന്‍ കൊറിയയാക്കിയാല്‍ ഒരുപക്ഷെ നടക്കുമോ എന്നറിയില്ല. സംശയമാണ്.

കൊവിഡാനന്തരകേരളം അതിജീവനകൃഷി കൊണ്ടേ രക്ഷപ്പെടൂ എന്നാണിപ്പോള്‍ ഭരണാധികാരികളടക്കം പറയുന്നത്. കപ്പയോ ചേമ്പോ ചേനയോ ഒക്കെ കൃഷി ചെയ്യുന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. എന്നാല്‍ അതിന്റെ ഫലം കിട്ടണമെങ്കില്‍ കാട് നാടാക്കി അവിടന്ന് പുറത്താക്കിയ മുള്ളന്‍ പന്നിയടക്കം ജീവികളെ കൊല്ലാനുള്ള ലൈസന്‍സുകൂടി നഗരവാസികള്‍ക്കുവരെ കൊടുക്കേണ്ടി വരുമെന്നതിവിടെ ഒഴിവാക്കാം. ചില പ്രകൃതിസ്‌നേഹികളും മറ്റൊരു വഴിക്കാണെങ്കിലും കുറച്ച് ദളിത്, ആദിവാസിനേതാക്കളുമെല്ലാം ഇതോട് ചേരുമ്പോഴാണ് പ്രശ്‌നം ഗൗരവമുള്ള ഒന്നാകുന്നത്.

ഭൂമി, കൃഷി എന്നെല്ലാമുള്ള വാക്കുകള്‍ ഭാഷയില്‍ മാറ്റമില്ലാതെ തുടരുമ്പോഴും സാമൂഹ്യവും സമ്പദ്ഘടനാപരവുമായ ചുറ്റുപാടുകള്‍ക്കനുസരിച്ച് ഇതിന് വലിയ ഉള്ളടക്ക വ്യത്യാസങ്ങള്‍ വരുന്നുണ്ട് എന്നാണിവര്‍ വിസ്മരിക്കുന്നത്. ഉദാഹരണത്തിന് ഉള്‍പ്രദേശങ്ങളില്‍വരെ ഏക്കറിന് ഒന്നോ രണ്ടോ കോടി വിലവരുന്ന ഭൂമി ഇന്ന് കേരളത്തില്‍ പ്രധാനമായും ഒരു കാര്‍ഷികോപാധിയായല്ല നില്‍ക്കുന്നത്. ആരുടെയെങ്കിലും ആഗ്രഹത്തിനു പുറത്തുള്ള യാഥാര്‍ത്ഥ്യമിതാണ്. നിക്ഷേപവും വരുമാനവും തമ്മില്‍ ഒരനുപാതവും വിപരീതാര്‍ത്ഥത്തിലല്ലാതെ സൂക്ഷിക്കാന്‍ പറ്റാത്ത് ഒരു വ്യാപാരം ആരാണിന്ന് തുടരുക? സമ്പന്നമദ്ധ്യവര്‍ഗ്ഗം മുറ്റത്ത് പൂന്തോട്ടം വളര്‍ത്തുന്ന പോലെ ഒരു ഹോബിയായി ഒരുപക്ഷെ നാല് വെണ്ടയും തക്കാളിയും വളര്‍ത്തിയേക്കാം. വര്‍ത്തമാന സാഹചര്യത്തില്‍ ഭൂമിയും കാര്‍ഷികോല്‍പ്പന്നങ്ങളുമെല്ലാം വെറും ചരക്ക് മാത്രമാണ്. എന്നാണിവര്‍ വിസ്മരിക്കുന്നത്. ഇനി ആരെങ്കിലും കൃഷി ചെയ്തുവെന്ന് വെക്കുക. ഒരു കിലോ വെണ്ടക്ക് താന്‍ മുടക്കുന്ന പണവും അദ്ധ്വാനവും കൂടിക്കൂട്ടിയാല്‍ അതിനേക്കാള്‍ എത്രയോ കുറഞ്ഞ വിലക്കത് വിപണിയില്‍ കിട്ടുമെന്ന് കണക്കുകൂട്ടാന്‍ പഠിക്കുന്നതോടെ അത് നിര്‍ത്തും.

എന്നാലിത് മുതലാളിത്ത കൃഷി എന്നതില്‍ മാത്രവുമിന്നൊതുങ്ങുന്നില്ല. ആഗോള കോര്‍പ്പറേറ്റ് ഭീമന്മാരുടെ അഗ്രി ബിസിനസിന്റെ കാലമാണ്. തമിഴ് നാട്ടില്‍ നിന്നുള്ള വിലകുറഞ്ഞ പച്ചക്കറിവരവ് മാറ്റിവെച്ചാലും ലോകത്തിന്റെ സ്ഥിതിയാണിത്. മത്സരക്ഷമമല്ലാത്ത ഒന്നിനും അവിടെ നിലനില്‍പ്പില്ല. കേരളത്തിന് ചുറ്റുമതില്‍ കെട്ടി വടക്കന്‍ കൊറിയയാക്കിയാല്‍ ഒരുപക്ഷെ നടക്കുമോ എന്നറിയില്ല. സംശയമാണ്.

ചെറുകിട ഉല്‍പ്പാദനത്തിന് കുത്തകകളുടെ മുന്നില്‍ ആയുസ്സില്ല എന്നത് വര്‍ത്തമാന സമ്പദ് ശാസ്ത്രത്തിന്റെ ബാലപാഠമാണ്. ഇന്ന് ഇന്ത്യയുടെ ദേശീയവരുമാനത്തില്‍ കൃഷിയുടെ പങ്ക് 14.39% ആണ്. കൃഷി ആശ്രയിച്ചു ജീവിക്കുന്നവരാകട്ടെ ജനസംഖ്യയുടെ 61.5%. അമേരിക്കയിലിത് 1.3%മാണ്. വികസിത രാജ്യങ്ങളിലെല്ലാം ഏതാണ്ടിത്രയൊക്കെയാണ്. ചെറുകിടോല്‍പ്പാദനം വിപണിയില്‍ ഇടത്തട്ടുകളുടെ പ്രാമുഖ്യം വര്‍ദ്ധിപ്പിക്കുകയും കൃഷി കൂടുതല്‍ ദുര്‍ബ്ബലമാകുകയും ചെയ്യുന്നുവെന്ന് കൊളോണിയല്‍ കാലം മുതലുള്ള എഎത്രയോ കമ്മീഷനുകളുടെ പഠനങ്ങളുണ്ട്. കാര്‍ഷികമേഖലയിലെ താങ്ങാവുന്നതിലും എത്രയോ മടങ്ങായ ഈ ജനസംഖ്യാഭാരത്തെ കുറക്കും വിധം കാര്‍ഷികമേഖല സമ്പൂര്‍ണ്ണമായി പുനസംഘടിപ്പിക്കാതെ ഇന്ത്യയിലെ കൃഷിയുടേയും സമ്പദ് ഘടനയുടെ മൊത്തത്തിലുമുള്ള ഭാവി ദുഷ്‌കരമാണ്. കാര്‍ഷികമേഖലയുടെ ഈ പിന്നോക്കാവസ്ഥ കൂടിയാണ് വര്‍ഗ്ഗീയതയടക്കം മധ്യകാലികതക്ക് ഇന്ത്യയില്‍ പ്രധാന സാഹചര്യമൊരുക്കുന്നതും. ഏത് വഴിയും കൃഷിയിലെ ചെറുകിടോല്‍പ്പാദനം വ്യാപിക്കുന്നത് രാജ്യത്തേയും ജനങ്ങളേയും പിറകോട്ടേ നടത്തൂ.

കേരളത്തില്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ നേരത്തെ ഉയര്‍ത്തികൊണ്ടുവന്ന മുദ്രാവാക്യങ്ങളോട് ഭാഗികമായി ഒത്തുപോകുന്നതായിരുന്നു കാര്‍ഷികപരിഷ്‌കരണം. എന്നാലിന്ന് മിക്കവരും കരുതുന്നപോലെ കാര്‍ഷികപരിഷ്‌കരണത്തിന്റെ പ്രഖ്യാപിതം തന്നെയായ കേന്ദ്രലക്ഷ്യം അതായിരുന്നില്ല. നേരത്തെ സൂചിപ്പിച്ച കാര്‍ഷിക കമ്മീഷനുകളുടെ തുടര്‍ച്ചയായി, ബംഗാള്‍ ക്ഷാമമടക്കം അന്ന് അടിക്കടി ഉണ്ടായികൊണ്ടിരുന്ന ക്ഷാമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതാണത് നടന്നത്. കാര്‍ഷികോല്‍പ്പാദനത്തിന്റെ മേലുള്ള അടിയന്തിരതടസ്സങ്ങള്‍ തട്ടിനീക്കുക എന്നതായിരുന്നു അതിന്റെ പരിമിതലക്ഷ്യം. ഇതിനവശ്യം ആവശ്യമായ കാര്‍ഷികബന്ധങ്ങളുടെ പൊളിച്ചെഴുത്തിനപ്പുറമുള്ള സാമൂഹ്യ പരിഷ്‌കരണങ്ങളൊന്നും അതിന്റെ താല്‍പ്പര്യമായിരുന്നില്ല. (കേരളത്തിലെ കാര്‍ഷിക ഘടന – സോമശേഖരന്‍ 1986 കാണുക). കാര്‍ഷിക പരിഷ്‌കരണത്തിന്റെ ചരിത്രവും വസ്തുതകളുമറിയുന്ന ആരേയും ഇന്ന് നടക്കുന്ന മിക്കവാറും ചര്‍ച്ചകളിലെ അസംബന്ധങ്ങള്‍ വല്ലാതെ ചൊടിപ്പിച്ചേക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply