കോവിഡാനന്തര ലോകകേന്ദ്രം ന്യൂയോര്‍ക്കില്‍ നിന്നും ബീജിംങ്ങിലേക്ക്

ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ ഡിജിറ്റല്‍ വല്‍ക്കരിച്ച് ഭൗതിക സമ്പര്‍ക്കം (physical interaction) ഇല്ലാതെ ഡിജിറ്റല്‍ ബന്ധങ്ങളി ( digital interaction) ലുടെ രോഗികളെ ട്രാക്ക് ചെയ്ത് ക്വാരന്റെയിനിലാക്കുന്നതിനും രോഗവ്യാപനം തിട്ടപ്പെടുത്തി രോഗബാധിത മേഖലകള്‍ (hot spots) അടയാളപ്പെടുത്തുന്നതിനും ബന്ധപ്പെട്ട ബിഗ് ഡേറ്റാ വിശകലനം ചെയ്യുന്നതിനുമെല്ലാം വിജയച്ചതിന്റെ കൂടി ഫലമായിട്ടാണ് കോവിഡിന്റെ മേല്‍ ചൈനക്കു നിയന്ത്രണം കൈവരിക്കാനായത്. ഇതോടെ ചൈനീസ് ഡിജിറ്റല്‍ ഭീമന്മാരായ വി -ചാറ്റ്, ടെന്‍സെന്റ്, ബിങ് തുടങ്ങിയവ അമേരിക്കന്‍ കമ്പനികളായ ഗൂഗിളിനും ഫേസ്ബുക്കിനും മറ്റും കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് ആഗോള ശ്രദ്ധ കൈവരിച്ചുകഴിഞ്ഞു. ഡിജിറ്റല്‍ രംഗത്ത് ചൈന ഉയര്‍ത്തുന്ന ഭീഷണി ജൂണിയര്‍ പങ്കാളിയായ ഇന്ത്യയുടെ സഹകരണത്തോടെ മറികടക്കുന്നതിന്റെ ഭാഗമായിരുന്നു ഈയിടെ റിലയന്‍സ് -ജിയോയില്‍ 43574 കോടി രൂപക്കു തുല്യമായ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നിക്ഷേപത്തിലൂടെ അതിനെ ഫേസ്ബുക്കിന്റെ അനുബന്ധ സ്ഥാപനമാക്കിയത്.

കോവിഡാനന്തര ലോക രാഷ്ട്രീയ സമ്പദ് ക്രമം: ചില പ്രാഥമിക നിരീക്ഷണങ്ങള്‍

ലാഭാര്‍ത്തി പൂണ്ട കോര്‍പ്പറേറ്റ്-മൂലധന ശക്തികള്‍ പ്രകൃതിയെയും പരിസ്ഥിതിയെയും കൊള്ളയടിക്കുന്നതുമായി ബന്ധപെട്ട നിയോ ലിബറല്‍ സമ്പത്തു സമാഹരണമാണ് കോവിഡ് – 19 നും കാരണമെന്ന തിരിച്ചറിവ് പൊതുവെ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. അതേസമയം, ലോക ചരിത്രത്തെ മാറ്റിമറിച്ച മുന്‍കാലത്തെ മഹാമാരികളെ (ഉദാ: Black Death) യും മഹായുദ്ധങ്ങളെ (ഉദാ: WW Il) യും പോലെ, ഒരു വേള അതേക്കാള്‍ കൂടുതല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്നതാണ് കോവിഡ് -19 എന്ന പ്രാഥമിക നിഗമനം പല നിരീക്ഷകരും മുന്നോട്ടു വെച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 8000 കുട്ടികള്‍ പട്ടിണി മൂലവും അതിലധികം പേര്‍ രോഗം മൂലവും മരിച്ചു കൊണ്ടിരിക്കുന്ന ലോകത്തില്‍ മരണ നിരക്കിന്റെ പേരിലല്ല, മറിച്ച് ആഗോളവല്‍ക്കരിക്കപ്പെട്ട നവ-ഉദാര ലോക രാഷ്ടീയ -സമ്പദ്ക്രമത്തിന്റെ നെടും തൂണുകളെ ശിഥിലമാക്കാനും മനുഷ്യരുടെ സാമൂഹ്യ മണ്ഡലങ്ങളെയാകെ നിശ്ചലമാക്കാനും കഴിഞ്ഞ ‘നിയോ ലിബറല്‍ വൈറസ്’ എന്ന പേരിലാകും കോവിഡ് ചരിത്രത്തില്‍ നിര്‍ണായകമാകുന്നത്. ഉല്പാദനം, തൊഴില്‍, വ്യാപാരം, ഗതാഗതം, സഞ്ചാരം തുടങ്ങിയവയുള്‍പ്പടെ ലോകത്തിന്റെ നിലനില്പിനാധാരമായ എല്ലാ വ്യവഹാരങ്ങളെയും അതു നിശ്ചലമാക്കുകയോ മരവിപ്പിക്കുകയോ ചെയ്തു. അമേരിക്കന്‍ സമ്പദ്ഘടനയെ നാലിലൊന്നാക്കി ചുരുക്കിയതടക്കം ലോക മുതലാളിത്തത്തെ ബാധിച്ച 1930 കളിലെ മഹാമാന്ദ്യ (Great Depression) ത്തെക്കാള്‍ ഭീതിജനകമായ ഒരു ‘ഹിമയുഗ’ (Ice Age) ത്തിലേക്കാണ് കോവിഡ് ലോകത്തെ എത്തിച്ചിരിക്കുന്നതെന്ന വ്യാഖ്യാനം പോലും വന്നിട്ടുണ്ട്. തന്നിമിത്തം ‘യുദ്ധാനന്തരം’ (postwar) എന്ന വിശേഷണം പോലെ ‘കോവിഡാനന്തരം’ ( post-COVID) എന്ന പ്രയോഗം ഇപ്പോള്‍ തന്നെ വിശകലനങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍, കൂടുതല്‍ വിശദാംശങ്ങളിലേക്കു കടക്കാതെ ലോക രാഷ്ട്രീയത്തിലും അതിന്റെ അടിത്തറയായിട്ടുള്ള സമ്പദ്ഘടനയിലും സംഭവിക്കാവുന്ന കോവിഡാനന്തര പ്രവണതകളെ സംബന്ധിക്കുന്ന ചില പ്രാഥമിക നിരീക്ഷണങ്ങള്‍ക്കാണ് ഇവിടെ ശ്രമം.

1
കോവിഡിനെ നേരിടുന്നതുമായി ബന്ധപ്പെട്ട് പകുതിയോളം ലോകജനത ലോക്ഡൗണിലായതുള്‍പ്പടെയുള്ള നടപടികളുടെ ഭാഗമായി 2020 ല്‍ ആഗോള സമ്പദ്ഘടന 9 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ കണ്ടു ചുരുങ്ങുമെന്നാണ് ബ്രട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങളും മറ്റു വിദഗ്ധരും പ്രാഥമികമായി കണക്കാക്കിയിട്ടുള്ളത്. സാമ്രാജ്യത്വ രാജ്യങ്ങളായ ജര്‍മ്മനിയുടെയും ജപ്പാന്‍ന്റെയും വാര്‍ഷിക വരുമാനം കൂട്ടിയാലുള്ള തുകക്കു തുല്യമാണിത്. അതേസമയം, ലോക് ഡൗണും സാമ്പത്തിക നിശ്ചലാവസ്ഥയും തുടര്‍ന്നാല്‍, സ്ഥിതി കൂടുതല്‍ ശോചനീയമായിരിക്കും. ഈ വര്‍ഷം ആഗോള വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെയാകുമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. ലോകത്ത് പട്ടിണിയില്‍ കഴിയുന്നവരുടെ എണ്ണം ഇപ്പോള്‍ 82 കോടി (ഇന്ത്യയില്‍ മാത്രം 35 കോടിയോളം) യാണ്. കോവിഡ് മൂലം ഇത് 100 കോടിയിലേക്കുയരുമെന്നാണ് യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ILO കണക്കാക്കിയിരിക്കുന്നത് കോവിഡ് 50 കോടിയിലധികം പേരെ തൊഴില്‍ രഹിതരാക്കുമെന്നാണ്. ദാരിദ്യവും പട്ടിണിയും രോഗപീഡകളുമെല്ലാം ഭീതിജനകമാം വിധം വര്‍ദ്ധിക്കും.

1930 കളിലെ മഹാ സാമ്പത്തിക അധ:പതനത്തിന്റെ കാലത്ത് ജനങ്ങള്‍ പട്ടിണി കിടന്നു മരിച്ചപ്പോള്‍, ലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യം അറ്റ്‌ലാന്റിക്കില്‍ മുക്കിക്കളയുകയും പാല്‍ക്കട്ടിയുടെയും വെണ്ണയുടേയും മേല്‍ നീലച്ചായമൊഴിച്ചു നശിപ്പിക്കുയും ചെയ്ത അമേരിക്കന്‍ മുതലാളിത്തം കോവിഡ് സംജാതമാക്കിയ സാമ്പത്തിക മാന്ദ്യത്തിലും ഇതാവര്‍ത്തിക്കുകയാണ്. ആഫ്രിക്കന്‍ അമേരിക്കന്‍സും തൊഴിലില്ലാത്തവരും ഭക്ഷണമില്ലാതെ പൊറുതിമുട്ടുമ്പോള്‍, പാലും ഭക്ഷ്യധാന്യങ്ങളും പല അമേരിക്കന്‍ സംസ്ഥാനങ്ങളിലും വ്യാപകമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പന്നിഫാമുകളില്‍ പന്നിക്കുഞ്ഞുങ്ങളെ കൊന്നു തീര്‍ക്കുന്നതും കോഴി ഫാമുകളില്‍ മുട്ടകള്‍ വന്‍ തോതില്‍ നശിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. (ഇന്ത്യയില്‍ ആദിവാസി- ദളിത് വിഭാഗങ്ങളും അന്തര്‍സംസ്ഥാന തൊഴിലാളികളും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കുമ്പോള്‍ FCI ഗോഡൗണുകളില്‍ കെട്ടിക്കുന്ന ദശലക്ഷക്കണക്കിനു ടണ്‍ ഭക്ഷ്യധാന്യം സാനിറ്റൈസര്‍ നിര്‍മാണത്തിനു തിരിച്ചു വിടുകയാണല്ലോ). കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മാത്രം 26 ദശലക്ഷം പേര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പട്ടപ്പോള്‍, ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ സമ്പത്ത് 10 ശതമാനം (308 ബില്യണ്‍ ഡോളര്‍) കണ്ടു വീണ്ടും വര്‍ധിച്ചു. അതായത്, സാമ്രാജ്യത്വ ലോക വ്യവസ്ഥ തുടരുവോളം ദാരിദ്ര്യവും സമ്പത്തു കേന്ദ്രീകരണവും കോവിഡാനന്തരം ശക്തിപ്പെടുമെന്നതിന്റെ സൂചനകളാണിപ്പോഴുള്ളത്.

2

അതേ സമയം, ആഗോള ശാക്തിക ബന്ധങ്ങളിലും ഭൗമരാഷ്ടീയത്തിലും കോവിഡാനന്തര ലോകം വമ്പിച്ച മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്നതിന്റെ പ്രവണതകള്‍ ഏറെ പ്രകടമാണ്. അമേരിക്കയും യൂറോപ്പുമടങ്ങുന്ന പാശ്ചാത്യ ചേരി താരതമ്യേന ദുര്‍ബലമാകുമെന്നും ഭരണകൂടമുതലാളിത്ത (state-capitalist) ക്രമം പിന്തുടരുന്ന ചൈന അമേരിക്കയെ പിന്തള്ളി രാഷ്ട്രീയ-സാമ്പത്തിക ആധിപത്യത്തിലേക്കു വരുമെന്നും വിലയിരുത്തപ്പെടുന്നു. വാസ്തവത്തില്‍, ഇതിന്റെ സൂചനകള്‍ കോവിഡിനു മുമ്പു തന്നെ പ്രകടമായിരുന്നു.

രാജ്യങ്ങളുടെ ആഭ്യന്തര ക്രയശേഷിയെ താരതമ്യ (purchasing power parity-PPP) പ്പെടുത്തി സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതു പ്രകാരം 2019 ല്‍ തന്നെ അമേരിക്കയെ പിന്തള്ളി ചൈന ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരുന്നു. അതിന്‍ പ്രകാരം ചൈനയുടെ മൊത്തം ആഭ്യന്തരോല്പാദനം (GDP) 27.31 ട്രില്യണ്‍ ഡോളറും അമേരിക്കയുടേത് 21.44 ട്രില്യണ്‍ ഡോളറുമായിരുന്നു. കോവിഡു മൂലം 2020 ല്‍ ചൈനയുടെ വളര്‍ച്ച 6% ശതമാനത്തില്‍ നിന്നും 2.9% ആയി ഇടിയുമെങ്കിലും മഹാമാരി അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച പൂജ്യത്തില്‍ താഴെയാക്കുമെന്നു വ്യക്തമായതോടെ, ഈ രണ്ടു സാമ്രാജ്യത്വ ശക്തികള്‍ തമ്മിലുള്ള സാമ്പത്തികാന്തരം ഇനിയും വലുതാകുമെന്നാണ് നിഗമനം. അന്താരാഷ്ട്ര വ്യാപാരത്തില്‍ ചൈനയുടെ വിഹിതം 2019 അവസാനിക്കുമ്പോള്‍ 4.43 ട്രില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ അമേരിക്കയുടേത് 3.89 ട്രില്യണ്‍ ഡോളറായിരുന്നു. 2000- മാണ്ടില്‍ 80 ശതമാനം ലോക രാജ്യങ്ങള്‍ അമേരിക്കയുടെ കച്ചവട പങ്കാളികളായിരുന്നത് 2018 ല്‍ 30 ശതമാനമായപ്പോള്‍ , ചൈനയുടേത് 60 ശതമാനമായി വര്‍ധിച്ചു. എന്നു മാത്രമല്ല, ചൈന ഏറ്റവുമൊടുവിലത്തെ അതിന്റെ ബെല്‍റ്റ് ആന്റ് റോഡ് (One Belt One Road – OBOR) പദ്ധതിയിലൂടെ ഏഷ്യയും ആഫ്രിക്കയും (കോവിഡിന്റെ പശ്ചാത്തലത്തില്‍ യുറോപ്പിലെ ഇറ്റലിയും) കടന്ന് ലാറ്റിനമേരിക്കയിലേക്കു വരെ മൂലധന നിക്ഷേപം വ്യാപിപ്പിച്ചിരിക്കുന്നു. രണ്ടാം ലോകയുദ്ധാനന്തരം പുത്തന്‍ അധിനിവേശ ലോക ക്രമത്തിന്റെ നായകസ്ഥാനത്തേക്ക് കടന്നുവന്നപ്പോള്‍, യുദ്ധം മൂലം തകര്‍ന്നടിഞ്ഞ യൂറോപ്പിനെ പുനരുദ്ധരിക്കാന്‍ അമേരിക്ക ആവിഷ്‌ക്കരിച്ച Marshall Plan നെക്കാള്‍ മാനങ്ങളുള്ളതാണ് 2049 വരെ നീളുന്നതും ഒരു ട്രില്യണ്‍ ഡോളര്‍ മൂലധനക്കയറ്റുമതി വിഭാവനം ചെയ്യുന്നതുമായ ചൈനയുടെ OBOR പരിപാടി. റോഡുകള്‍, തുറമുഖങ്ങള്‍, റെയില്‍, പവര്‍ സ്റ്റേഷനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളില്‍ ചൈനീസ് നിക്ഷേപം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതാണിത്. ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന ഒന്നേകാല്‍ നൂറ്റാണ്ടുകാലത്തെ അമേരിക്കയുടെ ചരിത്രമാണ് ഇപ്പോള്‍ തിരുത്തപ്പെട്ടു കൊണ്ടിരിക്കുന്നത്.

പാശ്ചാത്യ കോര്‍ ഗ്രൂപ്പായ G7 നും നാറ്റോയും മറ്റും ദുര്‍ബലമാകുമ്പോള്‍, 10 അസിയന്‍ (ASEAN) രാജ്യങ്ങളടക്കമുള്ള 15 അംഗ RCEP ( Regional Comprehensive Economic Partnership) എന്ന ഏറ്റവും ബൃഹത്തായ സ്വതന്ത്ര വ്യാപാര മേഖലയില്‍ ചൈന ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. അമേരിക്കന്‍ ആശ്രിതനായ മോദി ഭരണം യജമാനനെ പ്രീതിപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായി അതില്‍ നിന്നു പിന്‍വാങ്ങുകയും ചെയ്തു. RCEP രൂപം കൊണ്ട പശ്ചാത്തലത്തില്‍ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ചൈനീസ് നിക്ഷേപം ഇരട്ടി കണ്ടു വര്‍ധിച്ചു. അമേരിക്കയുടെ ഏഷ്യന്‍ കരമെന്നു വിശേഷിപ്പിക്കുന്ന ലോക ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിനെ നിഷ്പ്രഭമാക്കും വിധം അതിന്റെ പല മടങ്ങു മൂലധന ആസ്തിയുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന് ചൈന നേതൃത്വം കൊടുക്കുന്ന കാര്യവും സൂചിപ്പിക്കേണ്ടതുണ്ട്.

മഹാമാരിയുടെ തുടക്കത്തില്‍, ‘ചൈനീസ് വൈറസ്’, ‘കുങ് ഫ്‌ലു’ തുടങ്ങിയ വംശീയ ധ്വനിയുള്ള കുപ്രചരണങ്ങളിലൂടെ പരമാവധി ചൈനാ ഫോബിയ വളര്‍ത്താനാണ് അമേരിക്കയും പാശ്ചാത്യ ചിന്താ-സംഭരണികളും കൊണ്ടു പിടിച്ചു ശ്രമിച്ചത്. പല അമേരിക്കന്‍ കമ്പനികളും തുച്ഛ വിലയ്ക്ക് അവ വിറ്റ് ചൈനയില്‍ നിന്നു കടക്കുകയും ചെയ്തു. എന്നാല്‍, ഇന്നിപ്പോള്‍ അമേരിക്കയിലും യൂറോപ്പിലും കൊറോണ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മഹാ ദുരന്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ , കുറഞ്ഞൊരു സമയത്തിനുള്ളില്‍ വൈറസിനെ വരുതിയിലാക്കുന്നതില്‍ ചൈനയിലെ ബ്യൂറോക്രാറ്റിക് ഭരണ സംവിധാനം വിജയിക്കുകയാണുണ്ടായത്. എന്നുമാത്രമല്ല, ഇന്നിപ്പോള്‍ ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളെ അശ്രയിച്ചു കഴിയേണ്ട ഗതികേടിലാണ് അമേരിക്കയും യുറോപ്പും . വെന്റിലേറ്റര്‍, മാസ്‌ക്, ചികിത്സകര്‍ക്കുള്ള സംരക്ഷണ സാമഗ്രികള്‍ (PPE) എന്നിവയുള്‍പ്പടെ 31 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് അമേരിക്കക്കും യൂറോപ്പിനുമായി കഴിഞ്ഞയാഴ്ച വരെ ചൈന കയറ്റുമതി ചെയ്തത്. മാത്രമല്ല, ആരോഗ്യ സേവന രംഗത്ത് ഡിജിറ്റല്‍വല്‍ക്കരണം (digitisation) പ്രത്യേകിച്ചും ബ്ലോക്ക് ചെയിന്‍ (block chain) സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ രോഗികളെ പിന്തുടര്‍ന്ന് കണ്ടെത്തുന്നത് (track and trace) എങ്ങനെ ഫലപ്രദമായി പ്രയോഗിക്കാമെന്ന് ചൈന തെളിയിച്ചു. മോദി സര്‍ക്കാരിന്റെ ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ കൂടി ഭാഗമായി അവതരിപ്പിച്ചിട്ടുള്ളതും കോവിഡ് രോഗികളെ അടയാളപ്പെടുത്തുന്നതിനും അതിലുപരി പൗരരെ നിരീക്ഷിക്കുന്നതിനും (surveillance ) ഉപയോഗിക്കുന്ന ‘ആരോഗ്യ സേതു’ ആപ് ഈ ചൈനീസ് മാതൃകയാണ് പിന്‍പറ്റുന്നത്.

ഐക്യരാഷ്ട്ര സഭയും അതിന്റെ സവിശേഷ ഏജന്‍സികളുമെല്ലാം (Specialised Agencies) രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ കൊളോണിയല്‍ ലോക ക്രമത്തില്‍ അമേരിക്കന്‍ റബര്‍ സ്റ്റാമ്പുകളായിരുന്നു. ഈ സംവിധാനങ്ങളുടെ സാമ്പത്തിക ചെലവിന്റെ നിര്‍ണായക ഭാഗവും അവക്കാവശ്യമായ വിദഗ്ധരെയും നല്‍കിപ്പോരുന്നതും അമേരിക്കയാണ്. എന്നാല്‍ കോവിഡ് ഈയവസ്ഥക്കു മാറ്റം വരുത്തിയിരിക്കുന്നു. ലോകാരോഗ്യ സംഘടന അമേരിക്കന്‍ തീട്ടൂരങ്ങള്‍ അംഗീകരിക്കില്ലെന്നു വന്നതോടെ, അതിന് അമേരിക്ക പ്രതിവര്‍ഷം നല്‍കിപ്പോന്ന 50 ബില്യണ്‍ ഡോളര്‍ ട്രംപ് നിര്‍ത്തി വെക്കുകയുണ്ടായി. ഈയവസരം ഏറ്റവും വിദഗ്ധമായി ചൈന ഉപയോഗപ്പെടുത്തുകയുണ്ടായി. ലോകാരോഗ്യ സംഘടനക്കു നല്‍കിപ്പോരുന്ന പ്രതിവര്‍ഷ വിഹിതമായ 20 ബില്യണ്‍ ഡോളറിന്റെ സ്ഥാനത്ത് 50 ബില്യണ്‍ ഡോളറാണ് ഈ വര്‍ഷം ചൈന മാറ്റി വെച്ചിരിക്കുന്നത്. പ്രകടമായതു പോലെ , അമേരിക്കന്‍ ശാസനകള്‍ അവഗണിച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനീസ് പക്ഷത്തേക്ക് ചുവടു മാറ്റം നടത്തിയിട്ടുണ്ട്. വരും ദിനങ്ങളിലുണ്ടാകാന്‍ പോകുന്ന മാറ്റങ്ങളുടെ സൂചനയായി ഇതിനെ കണക്കാക്കാവുന്നതാണ്. രണ്ടാം ലോകയുദ്ധാനന്തരം രൂപം കൊണ്ട പുത്തന്‍ അധിനിവേശ സ്ഥാപനങ്ങളില്‍ സാമ്രാജ്യത്വ മേലാളനുണ്ടായിരുന്ന ‘വീറ്റോ’ അധികാരങ്ങള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നു.

പശ്ചിമേഷ്യയിലെ എണ്ണയെ കേന്ദ്രീകരിച്ച് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ‘അന്താരാഷ്ട്ര ചിലന്തി ‘ (international spider) എന്നു വിശേഷിപ്പിക്കപ്പെട്ട റോക്ക് ഫെല്ലര്‍ ആരംഭിച്ച സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ (Standard Oil) തുടക്കമിട്ടതും ഒരു നൂറ്റാണ്ടായി പശ്ചിമേഷ്യന്‍ ഭൗമ രാഷ്ടീയത്തെ നിര്‍ണയിക്കുന്നതുമായ അമേരിക്കയുടെ ‘എണ്ണ സാമ്രാജ്യം’ (oil empire) തകര്‍ന്നു തുടങ്ങിയതും യാങ്കി മേധാവിത്വത്തിനേറ്റ മറ്റൊരു തിരിച്ചടിയാണ്. കഴിഞ്ഞയാഴ്ച അമേരിക്കന്‍ അവധി വ്യാപാര വിപണിയില്‍ ക്രൂഡോയില്‍ വില പൂജ്യത്തില്‍ താഴെയായത് (അതായത് എണ്ണ വാങ്ങുന്നവര്‍ക്ക് അങ്ങോട്ടു പണം കൊടുക്കേണ്ട അവസ്ഥ) ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. അമേരിക്കയുടെ പശ്ചിമേഷ്യന്‍ നെടുംതൂണായ സൗദിയെ ഉപയോഗിച്ച് ഒപെകി (OPEC) നെയും മറ്റും വരുതിയിലാക്കി സ്വന്തം ഷെയ്ല്‍ ഓയിലി (shale oil) ന് വിപണി കണ്ടെത്താമെന്ന അമേരിക്കന്‍ വ്യാമോഹവും മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച ചോദനമില്ലായ്മ (lack of demand) തകര്‍ത്തിരിക്കുന്നു. നേരെ മറിച്ച്, അധികം ആയുസ്സില്ലാത്ത എണ്ണയുടെ സ്ഥാനത്ത് സൗരോര്‍ജ്ജത്തിധിഷ്ഠിതമായ ഉല്പാദനത്തിലേക്ക് ( വാഹന നിര്‍മ്മാണമടക്കം) ലോകം മാറിക്കൊണ്ടിരിക്കുന്നതും അമേരിക്കന്‍ ഭൗമ രാഷ്ട്രീയ-സമ്പദ്ക്രമത്തിനേല്പിച്ച വമ്പിച്ച ആഘാതമാണ്.

എന്നാലതേ സമയം, ലോക പോലീസുകാരനെന്ന പദവിക്കടിസ്ഥാനമായ സൈനിക മേധാവിത്വത്തിന്റെ കാര്യത്തില്‍ അമേരിക്ക തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( SIPRI) ഏറ്റവുമൊടുവില്‍ കണക്കാക്കിയതു പ്രകാരം, 2019 ല്‍ ലോക സൈനികചെലവിന്റെ 38 ശതമാനം (732 ബില്യണ്‍ ഡോളര്‍) അമേരിക്കയുടേതാണ്. 2018 ല്‍ ഇത് 634 ബില്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷത്തിനുള്ളിലുണ്ടായ വര്‍ദ്ധനവ് ജര്‍മ്മനിയുടെ മൊത്തം സൈനിക ചെലവിനു തുല്യമാണ്. സൈനികവല്‍ക്കരണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയുടെ ചെലവാകട്ടെ 261 ബില്യണ്‍ ഡോളറും (മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യയുടെ സൈനിക ചെലവ് 71 ബില്യണ്‍ ഡോളര്‍). സാമ്പത്തികമായി കീഴോട്ടു പോകുമ്പോഴും, ലോക സാമ്രാജ്യത്വ മേധാവിയെന്ന സ്ഥാനത്ത് സൈനികമായി പിടിച്ചു നില്‍ക്കാന്‍ തന്നെയാണ് യാങ്കി തീരുമാനം. 80 രാജ്യങ്ങളിലെ 800 -ഓളം സൈനിക താവളങ്ങളും ലോകത്തിന്റെ ഏതു കോണിലുമെത്തി ജനങ്ങളെ കൊന്നൊടുക്കാനും വിനാശം വിതക്കാനും കഴിയുന്ന 11 വിമാനവാഹിനി കപ്പലുകളുമായി ചരിത്രത്തിലുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ സൈനിക സംവിധാന (mightiest military machine) മായി അമേരിക്ക നിലനില്‍ക്കുന്നു. പൂര്‍ണമായി കീഴ്‌പ്പെടുത്താത്ത കാലത്തോളം ചരിത്രത്തിലെ ഒരു സാമ്രാജ്യവും താനേ ഒഴിഞ്ഞു പോകില്ലെന്ന പാഠം അമേരിക്കക്കും ബാധകമാണ്. ഭാരിച്ച സൈനിക ചെലവുകള്‍ നിലനിര്‍ത്താനാവാത്തവിധം ആഗോള സാമ്പത്തിക മത്സരത്തില്‍ കൂടുതല്‍ പിന്നോട്ടു പോകുകയും വ്യാപാര യുദ്ധങ്ങളും അന്തര്‍ സാമ്രാജ്യത്വ വൈരുധ്യങ്ങളും മൂര്‍ച്ഛിക്കുകയും ചെയ്യുന്ന പക്ഷം, ഇപ്പോഴത്തെ പ്രാദേശിക യുദ്ധങ്ങളുടെ സ്ഥാനത്ത് ഒരു ലോകയുദ്ധത്തിന് അമേരിക്ക വഴിയൊരുക്കിക്കൂടെന്നില്ലെന്നത് സാമ്രാജ്യത്വ ചലന നിയമങ്ങളില്‍ അന്തര്‍ലീനമാണ്.

ഇതോടൊപ്പം ഏറെ നിര്‍ണായകമായിട്ടുള്ളത് ലോക നാണയമെന്ന ഡോളറിന്റെ സ്ഥാനമാണ്. ആഗോള വിനിമയ മാധ്യമം, മൂല്യശേഖരം, പണമിടപാടുകള്‍, മൂലധന നിക്ഷേപം തുടങ്ങിയ എല്ലാ രംഗങ്ങളിലും ഡോളറിന്റെ സാര്‍വത്രിക സാന്നിദ്ധ്യം അമേരിക്കയുടെ ലോകാധിപത്യത്തിന്റെ പ്രകടനം കൂടിയാണ്. ആഗോള ഉല്പാദനത്തിന്റെ 50 ശതമാനവും ലോക സ്വര്‍ണ ശേഖരത്തിന്റെ 75 ശതമാനവും അമേരിക്കയുടേതായ സാമ്പത്തികാധീശത്വത്തിന്റെയും അമേരിക്കക്കു വീറ്റോ അധികാരുള്ള ഫണ്ട് – ബാങ്ക് ദ്വയം, അമേരിക്കന്‍ കമ്പനികളുടെ ലോകവ്യാപക സാന്നിദ്ധ്യം, അമേരിക്കന്‍ റബര്‍ സ്റ്റാമ്പായ ഐക്യരാഷ്ട്ര സഭയും അനുബന്ധ സ്ഥാപനങ്ങളും, ആണവ ശക്തിയിലധിഷ്ടിതമായ സൈനികാധിപത്യം, തുടങ്ങിയവയുടെയെല്ലാം പിന്‍ ബലത്തിലാണ് പൗണ്ട് സ്റ്റെര്‍ലിങ്ങിനെ പിന്‍നിരയിലേക്കു തള്ളി ഡോളര്‍ ലോക നാണയപദവിയിലേക്കുയര്‍ത്തപ്പെടുന്നത്. എന്നാല്‍, ഇതില്‍ പല ഘടകങ്ങളും ഇന്നു വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോളര്‍ അടിച്ചിറക്കി എന്തും എവിടെ നിന്നും കൈവശപ്പെടുത്താമെന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് ഇതര സാമ്രാജ്യത്വ ശക്തികളുടെ നാണയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. വാസ്തവത്തില്‍, അമേരിക്കന്‍ സമ്പദ്ഘടനയുടെ കരുത്തുകൊണ്ടല്ല, മറിച്ച് ഒരു ബദല്‍ നാണയ സംവിധാനത്തിന്റെ അഭാവത്തിലാണ് ഡോളര്‍ ലോക നാണയമായി തുടരുന്നത്. ഇപ്പോള്‍ ഡിജിറ്റല്‍ കറന്‍സിയുടെയും മറ്റും ( 5 ജി ടെക്‌നോളജിയുടേതുള്‍പ്പടെ) രംഗത്ത് , പ്രത്യേകിച്ച് ചൈന കേന്ദ്രീകരിച്ചുണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍, ഒരു വേള ഏറ്റവുമധികം ആഘാതമേല്പിക്കുക ഡോളറിന്റെ ലോക നാണയ പദവിയെയാകാമെന്ന വിലയിരുത്തലുകള്‍ വന്നു കഴിഞ്ഞിട്ടുണ്ട്.

3

കുറഞ്ഞ പക്ഷം വളരെ ഹ്രസ്വമായി മേല്‍ സൂചിപ്പിച്ച പൊതു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വേണം കോവിഡാനന്തര ലോക രാഷ്ട്രീയ സമ്പദ് ക്രമത്തെ നോക്കിക്കാണാന്‍. അതോടൊപ്പം, 20-ാം നൂറ്റാണ്ടിനെയും 21-ാം നൂറ്റാണ്ടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന നിര്‍ണായക സാങ്കേതികവിദ്യയെന്ന നിലയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിനും ഡേറ്റാ കൈമാറ്റ ( data transfer) ത്തിനും അതിന്റെ വിശകലനത്തിനും കൈവന്നിട്ടുള്ള പങ്കും ആഗോളവല്‍ക്കരിക്കപ്പെട്ട ഉല്പാദനത്തിന്റെയും തൊഴില്‍ വിഭജനത്തിന്റെയും വിനിമയത്തിന്റെയുമെല്ലാം മണ്ഡലങ്ങളില്‍ അതു നിര്‍ണായകമായി തീര്‍ന്നതുമായ സന്ദര്‍ഭം കൂടിയാണിത്. രാജ്യാന്തര ഡിജിറ്റല്‍ പ്രവാഹവും (trannsational digital flows) ഡേറ്റാ കൈമാറ്റവും ആഗോള ചരക്കു വ്യാപാരത്തോടൊപ്പം പ്രാധാന്യം നേടുകയും ഡിജിറ്റല്‍ സോഫ്ട് വെയറുകള്‍ നിയന്ത്രിക്കുന്ന ഏതാനും ബഹുരാഷ്ട്ര കമ്പനികള്‍ സാമ്രാജ്യത്വ ഭരണകൂടങ്ങളുമായി ചേര്‍ന്ന ‘ഡിജിറ്റല്‍ സാമ്രാജ്യത്വം’ (digital imperialism) ലോകത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന തികച്ചും നൂതനവും സവിശേഷവുമായ സാഹചര്യത്തിലാണ് മഹാമാരി കടന്നുവരുന്നതും ലോകത്തെ ലോക് ഡൗണിലേക്കു തള്ളിവിടുന്നതും.

തല്‍ഫലമായി, ഉല്പാദനവും വ്യാപാരവും ഗതാഗതവുമടക്കം സമസ്ത മണ്ഡലങ്ങളും അടച്ചുപൂട്ടുകയോ നിശ്ചലമാകുകയോ ചെയ്തപ്പോള്‍, പ്രവര്‍ത്തന നിരതമായത് ഇന്റര്‍നെറ്റും ഡിജിറ്റൈസേഷനുമാണ്. സാമൂഹ്യ-സാമ്പത്തിക വ്യവഹാരങ്ങളുടെ ഏതൊരു മണ്ഡലത്തിനും ഒരു ഡിജിറ്റല്‍ ഘടക ( digital component) മുണ്ടെന്ന് ഈ കോവിഡ് കാലം വ്യക്തമാക്കി. അതോടൊപ്പം, ഡിജിറ്റൈസേഷനാവശ്യമായ ഉപകരണങ്ങള്‍ (digital tools) ലഭ്യമല്ലാത്തതും ഡിജിറ്റല്‍വല്‍കരിക്കപ്പെടാത്തതും ഡേറ്റയുടെ മേല്‍ നിയന്ത്രണമില്ലാത്തതുമായ സമൂഹങ്ങള്‍ കൂടുതല്‍ ചൂഷണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയമാകുന്ന ‘digital divide’ എന്ന പ്രതിഭാസവും കോവിഡ് കാലം തുറന്നു കാട്ടി.

അതേസമയം, ഈ digital divide അഥവാ ഇന്റര്‍നെറ്റ് അസമത്വം രാജ്യങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ക്കകത്തുമുള്ള സ്വത്തു ബന്ധങ്ങളുടെ ഒരു പ്രതിഫലനം തന്നെയാണ്. ‘ഡിജിറ്റല്‍ ഉല്പാദന ബന്ധങ്ങളി’ (digital relations of production) ലൂടെ മുമ്പേ തന്നെ അമിത ചൂഷണ (super -exploitation)ത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയമായ, മഹാ ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന അനൗപചാരിക (അസംഘടിത) തൊഴിലാളി വര്‍ഗ്ഗം (informal working class) കേവലം അടിമത്തൊഴിലാളി (slave labour) കളുടെ അവസ്ഥയിലേക്കു വീണ്ടും തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. അതായത്, സമ്പദ്ഘടനയുടെയും രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളുടെയും മൂലധന കേന്ദ്രങ്ങള്‍ക്കനുകൂലമായ പുന: സംഘാടനമാണ് ഈ ഡിജിറ്റൈസേഷനിലൂടെ ഇപ്പോള്‍ നടക്കുന്നത്. അതോടൊപ്പം, മൂലധന പക്ഷത്തു നിന്നുള്ള ഈ കടന്നാക്രമണത്തിനെതിരായ പണിയെടുക്കുന്നവരുടെ ചെറുത്തു നില്പുകളെ ശിഥിലമാക്കി , വ്യക്തികളുടെ സ്വകാര്യതയടക്കമുള്ള എല്ലാ മൗലികാവകാശങ്ങളിലേക്കും കടന്നു കയറി, അവരെ സ്ഥിരം നിരീക്ഷണത്തിലാക്കുന്ന ഒരു ‘deep state – ലേക്കുള്ള ചുവടുമാറ്റത്തിന് കോര്‍പ്പറേറ്റ് – ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ കോവിഡിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന നീക്കങ്ങളും സജീവമാണ്. ‘ആരോഗ്യ സേതു’ ആപ് ഡൗണ്‍ലോഡ് ചെയ്യാത്തവരെ ഡെല്‍ഹിയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ കേന്ദ്ര-ഡെല്‍ഹി സര്‍ക്കാരുകള്‍ നടത്തിവരുന്ന നീക്കം ഒരുദാഹരണമാണ്.

ഇപ്രകാരം ഉല്പാദനപ്രക്രിയയുടെയും തൊഴില്‍ വിഭജനത്തിന്റെയും പുന: സംഘാടനമുള്‍പ്പടെ ഒട്ടു മൊത്തത്തിലുള്ള സാമ്പത്തിക മാനേജ്‌മെന്റിനും വ്യക്തികളുടെ അഭിപ്രായ – സഞ്ചാര സ്വാതന്ത്ര്യമടക്കം വരുതിയിലാക്കുന്നതിനും ഉതകും വിധം ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും നിര്‍മ്മിത ബുദ്ധിയു ( Artificial Intelligence – Al) ടെയും രംഗത്ത് സാമ്രാജ്യത്വ രാജ്യങ്ങള്‍ തന്നെയാണ് ഏറെ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ഹാര്‍ഡ് വെയറുകളും സോഫ്ട് വെയറുകളും വികസിപ്പിക്കുന്നതില്‍ ചൈന ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ആരോഗ്യ ചികിത്സാ സംവിധാനങ്ങളെ ഡിജിറ്റല്‍ വല്‍ക്കരിച്ച് ഭൗതിക സമ്പര്‍ക്കം (physical interaction) ഇല്ലാതെ ഡിജിറ്റല്‍ ബന്ധങ്ങളി ( digital interaction) ലുടെ രോഗികളെ ട്രാക്ക് ചെയ്ത് ക്വാരന്റെയിനിലാക്കുന്നതിനും രോഗവ്യാപനം തിട്ടപ്പെടുത്തി രോഗബാധിത മേഖലകള്‍ (hot spots) അടയാളപ്പെടുത്തുന്നതിനും ബന്ധപ്പെട്ട ബിഗ് ഡേറ്റാ വിശകലനം ചെയ്യുന്നതിനുമെല്ലാം വിജയച്ചതിന്റെ കൂടി ഫലമായിട്ടാണ് കോവിഡിന്റെ മേല്‍ ചൈനക്കു നിയന്ത്രണം കൈവരിക്കാനായത്. ഇതോടെ ചൈനീസ് ഡിജിറ്റല്‍ ഭീമന്മാരായ വി -ചാറ്റ്, ടെന്‍സെന്റ്, ബിങ് തുടങ്ങിയവ അമേരിക്കന്‍ കമ്പനികളായ ഗൂഗിളിനും ഫേസ്ബുക്കിനും മറ്റും കനത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് ആഗോള ശ്രദ്ധ കൈവരിച്ചുകഴിഞ്ഞു. ഡിജിറ്റല്‍ രംഗത്ത് ചൈന ഉയര്‍ത്തുന്ന ഭീഷണി ജൂണിയര്‍ പങ്കാളിയായ ഇന്ത്യയുടെ സഹകരണത്തോടെ മറികടക്കുന്നതിന്റെ ഭാഗമായിരുന്നു ഈയിടെ റിലയന്‍സ് -ജിയോയില്‍ 43574 കോടി രൂപക്കു തുല്യമായ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ നിക്ഷേപത്തിലൂടെ അതിനെ ഫേസ്ബുക്കിന്റെ അനുബന്ധ സ്ഥാപനമാക്കിയത്.

ഈ സാഹചര്യത്തിലാണ് സ്വന്തമായ ഡിജിറ്റല്‍ കറന്‍സി – ഡിജിറ്റല്‍ യുവാന്‍ (digital yuan) – രൂപം കൊടുത്തു കൊണ്ട് അമേരിക്കന്‍ ഡോളറിന്റെ ലോകാധിപത്യത്തെ വെല്ലുവിളിക്കുന്ന ചൈനീസ് സാമ്രാജ്യത്വത്തിന്റെ നീക്കം അതീവ പ്രസക്തമായിരിക്കുന്നത്. 2020 ഏപ്രില്‍ 25 ന് വോയ്‌സ് ഓഫ് അമേരിക്ക (VOA) റിപ്പോര്‍ട്ടു ചെയ്തതു പ്രകാരം അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ഡോളര്‍ അനിവാര്യമായിട്ടുള്ള (90 ശതമാനം രാജ്യാന്തര ഇടപാടുകളും ഇപ്പോഴും ഡോളറിലാണ്) വര്‍ത്തമാന സാഹചര്യം ബ്ലോക് ചെയ്ന്‍ (block chain) സാങ്കേതിക വിദ്യയുപയോഗിച്ച് മറികടക്കാന്‍ ഡിജിറ്റല്‍ യുവാന്‍ ആവിഷ്‌കരിക്കുന്നതിലൂടെ ചൈനക്കു കഴിയുമെന്നാണ്. കഴിഞ്ഞ ദിവസങ്ങളില്‍, ചൈനീസ് ഡിജിറ്റല്‍ കമ്പനികളുടെ ഓഹരി വിലകളിലുണ്ടായ അഭൂതപൂര്‍വമായ കുതിച്ചു കയറ്റത്തിന്റെ കൂടി വെളിച്ചത്തിലാണ് VOA ഈ നിരീക്ഷണം നടത്തിയത്. വാസ്തവത്തില്‍, കോവിഡ് ഏല്പിച്ച കനത്ത ആഘാതത്തിലും അമേരിക്ക പിടിച്ചു നില്‍ക്കുന്നത് ഡോളര്‍ ലോകനാണയമായിരിക്കുന്നതിന്റെ സവിശേഷ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടു കൂടിയാണ്. കോവിഡ് കാലം മുക്കാല്‍ നൂറ്റാണ്ടായി നിലനില്‍ക്കുന്ന ഡോളര്‍ ആധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നുവെന്നു സാരം. ഡിജിറ്റല്‍ കറന്‍സിയുടെ കാര്യത്തില്‍ അമേരിക്ക ബഹുദൂരം പിന്നിലാണു താനും.

വളരെ ചുരുക്കത്തില്‍, ലോക സമ്പദ്ഘടനയുടെ പ്രഭവ കേന്ദ്രം പാശ്ചാത്യ ലോകത്തു നിന്നും പൗരസ്ത്യ ലോകത്തേക്കും ന്യൂയോര്‍ക്കില്‍ നിന്നും ബീജിംങ്ങിലേക്കും മാറാവുന്ന വസ്തു നിഷ്ഠ സാഹചര്യമാണ് രൂപപ്പെട്ടു വരുന്നത്. ഇക്കാര്യത്തില്‍ മുമ്പേ തന്നെ ശക്തിപ്പെട്ട പ്രവണതകളെ ഊര്‍ജ്ജിതമാക്കുന്നതില്‍ കോവിഡ് അടിയന്തര കാരണമായി എന്നു പറയുകയാവും ശരി. ഇതുമായി ബന്ധപ്പെട്ട് ഒരു ഭാഗത്ത് അന്തര്‍ സാമ്രാജ്യത്വ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിക്കുകയും വന്‍ശക്തികള്‍ക്കിടയില്‍ ശാക്തിക ബലാബലത്തില്‍ മാറ്റമുണ്ടാകുകയും ചെയ്യുമ്പോള്‍, മറുഭാഗത്ത്, ലോക തൊഴിലാളി വര്‍ഗ്ഗവും മര്‍ദ്ദിതജനതകളും പ്രകൃതിയും എല്ലായിടത്തും വര്‍ദ്ധമാനമായ തോതില്‍ മൂലധനാധിപത്യത്തിനു വിധേയമാകാനുള്ള സാഹചര്യമാണ് കോവിഡാനന്തര ലോകം തുറന്നിടുന്നത്. പ്രത്യേകിച്ചും, പുതിയ സാഹചര്യങ്ങളെ ശരിയായി വിലയിരുത്തി തൊഴിലാളി – മര്‍ദ്ദിതപക്ഷത്തുനിന്ന് ഒരു ജനകീയ ബദല്‍ മുന്നോട്ടു വെക്കുന്നതിന് പുരോഗമന – ജനാധിപത്യ ശക്തികള്‍ രാഷ്ടീയമായ കരുത്തു നേടാത്തിടത്തോളം ഈ വലതു പക്ഷ കടന്നാക്രമണം കൂടുതല്‍ തീവ്രമാകാനാണ് സാധ്യത.

മൂലധന പക്ഷത്തുനിന്നുള്ള ഈ കടന്നാക്രമണത്തില്‍, ഡിജിറ്റല്‍വല്‍കരണം നിര്‍ണായകമായിരിക്കും. കോര്‍പറേറ്റ് ലാഭ നിരക്ക് ഉയര്‍ത്തി നിര്‍ത്തുന്ന ദിശയില്‍ സമ്പദ്ഘടനയുടെ സമസ്ത മേഖലകളും ആഗോളവും ദേശീയവുമായ തൊഴില്‍ വിഭജനവും പുന:സംഘടിപ്പിക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകളും അതുമായി ബന്ധപ്പെട്ട യന്ത്രവല്‍ക്കരണവും (digitisation and robotisation) നിര്‍മ്മിത ബുദ്ധിയും ഇനിയും വികസിപ്പിക്കപ്പെടുമെന്നും പരമാവധി വിന്യസിക്കപ്പെടുമെന്നും ഉറപ്പാണ്. തീര്‍ച്ചയായും, പരിസ്ഥിതിയുടെ മേലുള്ള കോര്‍പ്പറേറ്റ് കടന്നാക്രമണത്തിന് തിരിച്ചു പോക്കില്ലാത്ത പക്ഷം കോവിഡ് പോലുള്ള കീടാണുക്കളില്‍ നിന്നുള്ള അത്യാഹിതങ്ങള്‍ (biological disasters) വര്‍ദ്ധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍, മെഡിക്കല്‍ രംഗത്തായിരിക്കും ഈ നവ സാങ്കേതിക വിദ്യകള്‍ അടിയന്തരമായി പ്രയോഗിക്കപ്പെടുക. വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.

അതേസമയം, കോവിഡാനന്തര ലോകം നവ സാങ്കേതിക വിദ്യകളിലൂടെ സാര്‍വദേശീയവും ദേശീയവുമായ തൊഴില്‍ വിഭജനത്തിലും തൊഴില്‍ ചൂഷണത്തിലുമെല്ലാം സംജാതമാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരമായിരിക്കും. ലോക തൊഴിലാളി വര്‍ഗ്ഗവും കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമെല്ലാമടങ്ങുന്ന മര്‍ട്ടിത ജനതകള്‍ക്കും അതേല്പിക്കാന്‍ പോകുന്ന ആഘാതങ്ങളുമെല്ലാം വിശദമായ പഠനങ്ങള്‍ ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply