മുന്നാക്കസംവരണ വിരുദ്ധപ്രക്ഷോഭം ജാതിപ്രശ്‌നമാണ്, വംശീയപ്രശ്‌നമല്ല മിസ്റ്റര്‍ കെ എന്‍ ഗണേഷ്

കെ എന്‍ ഗണേഷിനെ പോലെയുള്ള ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് ജാതിയെ അഭിസംബോധന ചെയ്യാനുള്ള ‘ബോധ്യമില്ലായ്മ’യും ഭയവും കൊണ്ടാണ് സംവരണ അട്ടിമറിക്കെതിരായുള്ള ദലിത്, ആദിവാസി, മുസ്ലിം, പിന്നാക്ക, മാത്സ്യത്തൊഴിലാളി ജനങ്ങളുടെ രാഷ്ട്രീയ ചോദ്യം ചെയ്യലിനേയും പ്രതിരോധത്തെയും ‘വംശീയത’ എന്നൊക്കെ വിളിച്ചു ആക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. ജാതിയെ അഭിസംബോധന ചെയ്യാതിരിക്കാനുള്ള ഈ ‘ബോധ്യമില്ലായ്മ’ എന്നു പറയുന്നത് ഉറക്കം നടിക്കലാണ്. കാരണം, ജാതിയെ പ്രശ്‌നവല്‍ക്കരിക്കേണ്ടി വന്നാല്‍ പ്രതിക്കൂട്ടിലാകുമോ എന്ന ഭയമാണ് ഇവരെ പിന്തുടരുന്നത്.

വര്‍ഗ്ഗത്തിലും, സംവരണ വിഷയത്തില്‍ ഉണ്ടാക്കിയെടുക്കണമെന്ന് പറയുന്ന വര്‍ഗ്ഗ നിലപാടിനുള്ളിലും ജാതിയേയും ജാതി പ്രിവില്ലേജുകളെയും അദൃശ്യവല്‍ക്കരിച്ചു നിര്‍ത്തുവാനുള്ള ഒരു ഇടം ( Space ) നിലനില്‍ക്കുന്നുണ്ട്. വര്‍ഗ്ഗനിലപാടിനു പറയപ്പെടുന്ന ‘പുരോഗമന’ വിവക്ഷയായത് കൊണ്ട് തന്നെ സുരക്ഷിതമായി നില്‍ക്കുകയും ചെയ്യാം. എന്നാല്‍ ആദിവാസികളെയും ദലിതരേയും പിന്നാക്കക്കാരെയും മുസ്ലീങ്ങളെയും സാമൂഹിക വിഭാഗമെന്ന നിലയില്‍ പരിഗണിച്ച് വിശദ്ധീകരിക്കുമ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ഗോപാല്‍ ഗുരു നിരീക്ഷിക്കുന്നത് പോലെ നിലവിലെ സാഹചര്യത്തില്‍ ജാതി പ്രാക്ടീസ് ചെയ്യാന്‍ കഴിയാത്തത് കൊണ്ടു പലരും സംവരണവിരുദ്ധ നിലപാടുകളിലൂടെയും മെറിറ്റ് വാദത്തിലൂടെയുമാണ് അത് പ്രകടിപ്പിക്കുന്നത്. ഇതിന്റെ മറ്റൊരു രൂപമാണ് സംവരണ അട്ടിമറിയെ ന്യായീകരിക്കാന്‍ സിദ്ധാന്തം ചമയ്ക്കുക എന്നത്. ജാതി പ്രശ്‌നത്തെ വംശീയ പ്രശ്‌നമായി വ്യാഖ്യാനിക്കുന്നതിനു പിന്നില്‍ ‘വര്‍ഗ്ഗ താല്പര്യ’ങ്ങളും ഗൂഢലക്ഷ്യങ്ങളുമാണുള്ളത്.

ഇന്ത്യയിലെ ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കക്കാരുടെയും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പുറന്തള്ളലിന്റെയും അവസര നിഷേധത്തിന്റെയും കാരണം ജാതിയും ജാതി നിലനിര്‍ത്തുന്ന ശ്രേണീകൃതമായ അസമത്വവുമാണ്. ജാതീയത സൃഷ്ടിച്ച സാമൂഹിക പിന്നാക്കാവസ്ഥയുടെ സ്ഥാനത്ത് സാമ്പത്തിക മാനദണ്ഡം കൊണ്ടുവന്നു സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്തിനു പിന്നില്‍ എന്നെന്നേക്കുമായി സംവരണത്തെ ആട്ടിമറിക്കുകയും പരിപൂര്‍ണ്ണമായും സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ വഴിയൊരുക്കുകയുമാണ്. ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന സവര്‍ണ്ണ സമുദായ സംവരണം വലിയതോതിലുള്ള സംവരണ അട്ടിമറിയും പിന്നാക്കക്കാര്‍ക്ക് കൂടി അര്‍ഹതപ്പെട്ട മെറിറ്റ് സീറ്റ് കൈയ്യടക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിനെതിരായുള്ള പ്രക്ഷോഭങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെയാണ് ‘സാമുദായിക വാദികള്‍ ഉന്നയിക്കുന്ന വാദം വംശീയപരമാണു. സവര്‍ണരും അവര്‍ണരും അവര്‍ക്ക് രണ്ടു വംശീയവിഭാഗങ്ങളാണ്’ എന്ന് വസ്തുതാവിരുദ്ധമായി എഴുതി വ്യാഖ്യാനിക്കുന്നത്. ഇത് എങ്ങനെയാണ് വംശീയ പ്രശ്‌നമാകുന്നത് ? വംശീയത ഒരു ക്ലോസ്ഡ് കാറ്റഗറി പ്രശ്‌നമാണ്. അങ്ങനെയൊരു പ്രശ്‌നമാണോ കേരളത്തിലെ മുസ്ളീങ്ങളും ദലിതരും ആദിവാസികളും പിന്നാക്കക്കാരും മത്സ്യതൊഴിലാളികളും ഉന്നയിക്കുന്നത് ? ഇവരെല്ലാം ഒറ്റ വംശ കാറ്റഗറിയാണോ ?

സവര്‍ണ്ണര്‍, അവര്‍ണ്ണര്‍ എന്നൊരു വംശീയ തരംതിരിവ് ‘സമുദായ വാദികള്‍’ ഉണ്ടാക്കുന്നു എന്നും ഇത് സാമൂഹിക ധ്രുവീകരണത്തിനും വംശീയ കൂട്ടക്കൊലകള്‍ക്കും കാരണമായി തീരുമെന്നാണ് പാശ്ചാത്യ – യൂറോപ്പിന്‍ ചരിത്രം സൂചിപ്പിച്ചു കൊണ്ട് കെ എന്‍ ഗണേഷ് വിശദീകരിക്കുന്നത്. എത്ര ഭീകരമായ വൈലന്‍സാണ് അടിസ്ഥാന ജനതയുടെ പേരില്‍ നടത്തുന്നത്. അവര്‍ണ്ണര്‍ എന്നത് എത്രയൊക്കെ കൈവഴികള്‍ ഉള്ളൊരു വിഭാഗമാണ്. സംവരണം വിഷയത്തിലല്ലാതെ ഈ അവര്‍ണ്ണ പക്ഷം ഒരിക്കലും യോജിച്ചൊരു പ്രക്ഷോഭം ഇന്ത്യയില്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇന്ത്യയിലെ ദളിതരും, ആദിവാസികളും, അതി പിന്നാക്കകാരും ജാതി ആക്രമണങ്ങളും, മുസ്ലീങ്ങള്‍ വംശീയ ആക്രമണങ്ങളും അപരവല്‍ക്കരണവും നിരന്തരം നേരിടുന്നവരുമാണ്. ഇത് നടത്തുന്നത് മുഴുവന്‍ സവര്‍ണ്ണ വിഭാഗങ്ങളാണ്. ഇതിനെയൊന്നും സവിശേഷമായി പരിഗണിക്കാതെയാണ് ദലിതരും മുസ്ളീങ്ങളും ആദിവാസികളും പിന്നാക്കക്കാരും മത്സ്യതൊഴിലാളികളും നീതിക്കായി പോരാടുമ്പോള്‍ അത് വംശീയ പോരാട്ടങ്ങള്‍ക്ക് കാരണമായി തീരുമെന്നൊക്കെ തിയറൈറ്റ്‌സ് ചെയ്യുന്നത്. മറ്റൊരു പ്രധാനകാര്യം ഇന്ത്യയില്‍ ജാതീയ കൊലപാതകങ്ങളും ആക്രമണങ്ങളും വംശീയ ആക്രമണങ്ങളും നടത്തുന്നവരുടെ ഒരു ചെറു ന്യൂനപക്ഷത്തിന്റെ സാമൂഹിക നീതിയെ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട് ‘സാമ്പത്തിക സംവരണം ക്ഷേമപ്രവര്‍ത്തനത്തിന്റെ മറ്റൊരു രൂപം മാത്രമാണ്’ എന്നൊക്കെ സിദ്ധാന്തവല്‍ക്കരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ ദലിതരും മുസ്ളീങ്ങളും ആദിവാസികളും പിന്നാക്കക്കാരും മത്സ്യതൊഴിലാളികളും ഉന്നയിക്കുന്നത് ജാതി, സമുദായ, ന്യൂനപക്ഷ പ്രശ്‌നമാണ്. അതിന്റെ അടിത്തട്ടില്‍ നിലനില്‍ക്കുന്നത് ജാതി തന്നെയാണ്. പല ജാതികളെയും മതങ്ങളെയും ഒറ്റ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ‘വംശീയത’ എന്നൊക്കെ വിശദീകരിക്കണമെങ്കില്‍ ജാതി എന്തെന്നും വാശീയത ( Racism ) എന്തെന്നും പ്രാഥമിക പാഠമില്ലാതിരിക്കണം. അങ്ങനെ ഒരാളാണോ കെ എന്‍ ഗണേഷ് ? അല്ലാ എന്നാണ് ധാരണ.

ജാതി എന്തെന്നും വംശം ( Race ) എന്തെന്നും അംബേദ്കര്‍ Who were the shudras ?, The Annihilation of caste എന്നീ പുസ്തകങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ‘ജാതിവ്യവസ്ഥ ഒരേ വംശത്തില്‍ പെടുന്നവരുടെയും സാമൂഹിക വിഭജനമാണ്’ എന്ന് അദ്ദേഹം എഴുതുന്നുണ്ട്. അപ്പോള്‍ പിന്നെ വത്യസ്ത ജാതി മത സമുദായങ്ങള്‍ സാമൂഹിക നീതിക്കായ് ഉയര്‍ത്തുന്ന പ്രക്ഷോഭത്തെ വംശീയ പ്രശ്‌നമായി കാണുന്നതിന് പിന്നിലെ താല്പര്യമെന്താണ് ?

ഉത്തരം ലളിതമാണ്, മുകളില്‍ സൂചിപ്പിച്ചത് പോലെ ജാതിയെ അഭിസംബോധന ചെയ്യാതിരിക്കാനുള്ള വര്‍ഗ്ഗതാല്പര്യം. രണ്ട്, വംശീയതയാണെങ്കില്‍ ആക്രമിക്കാനും അപരവല്‍ക്കരണത്തിലൂടെ ഇല്ലായ്മ ചെയ്യാനും ന്യായീകരിക്കാനും എളുപ്പമാണല്ലോ. ഇത് ഇടതു ബുദ്ധിജീവികള്‍ നിരന്തരം ചെയ്യുന്ന ഒരു തന്ത്രമാണിത്. കേരളത്തിലെ ആദിവാസികളും ദലിതരും ഭൂമി വിഭങ്ങള്‍ക്കും രാഷ്ട്രീയ അധികാരത്തിനു വേണ്ടിയും ശബ്ദമുയര്‍ത്തുകയും ഇടപെടല്‍ നടത്തുമ്പോഴൊക്കെ അതിനെ ജാതി വാദമായും, സത്താവാദമായും ചുരുക്കി വ്യാഖ്യാനിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അപരവല്‍ക്കരണം നടത്താനുള്ള നീക്കമാണ് നടത്തിയിട്ടുള്ളത്.

വംശീയത ആരോപണ ഉന്നയിക്കുന്നതിനു പിന്നിലെ മറ്റൊരു പ്രധാന ലക്ഷ്യം ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ കേരളത്തിലെ ഏറ്റവും വലിയ സംവരണ വിഭാഗമായ മുസ്ലീംങ്ങള്‍, പ്രത്യേകിച്ച് ഈ മുന്നേറ്റങ്ങളുടെ മുന്നില്‍ മുസ്ലീം ലീഗ് ഉണ്ടെന്നിരിക്കെ അതിനെ വംശീയത പറഞ്ഞു തകര്‍ക്കാന്‍ എളുപ്പമാണല്ലോ. വംശീയതയെ വളരെ പെട്ടെന്ന് തീവ്രവാദത്തിലേക്കും മൗലിക വാദത്തിലേക്കും കൊണ്ടു എത്തിക്കാന്‍ കഴിയും. മറുവശത്തു ഹിന്ദു വോട്ട് ഏകീകരിക്കാനും കഴിയും. ഒരു വെടിയ്ക്ക് എത്രയധികം പക്ഷികളാണ്!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ഗ്ഗനിലപാടെന്ന പേരില്‍ സവര്‍ണ്ണ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന തന്ത്രം ഇനിയെങ്കിലും ഇടതുപക്ഷ ബുദ്ധിജീവികള്‍ നിര്‍ത്തേണ്ടുന്നതാണ്. കേരളത്തിലെ പിന്നാക്ക ജനാവിഭാഗങ്ങള്‍ ഉയര്‍ത്തുന്ന അവസര സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും വിഷയത്തെ ജനാതിപത്യ പ്രശ്‌നമായും തുല്യനീതിയുടെ പ്രശ്‌നമായും കാണാന്‍ കഴിയുന്നില്ലായെങ്കില്‍ എത്ര വര്‍ഗ്ഗ നിലപാട് വിശദ്ധീകരിച്ചെടുത്തിട്ട് ഒരു കാര്യവുമില്ല.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മുന്നാക്കസംവരണ വിരുദ്ധപ്രക്ഷോഭം ജാതിപ്രശ്‌നമാണ്, വംശീയപ്രശ്‌നമല്ല മിസ്റ്റര്‍ കെ എന്‍ ഗണേഷ്

  1. സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലില്ലായ്മയ്ക്കോ, സാമ്പത്തികമായ അസമത്വങ്ങൾക്കോ പരിഹാരം ഉണ്ടാക്കലല്ല, മറിച്ചു്  അധികാരഘടനയിൽ  ജനസംഖ്യാനുപാതികമായ സമുദായിക പങ്കാളിത്തം ഉണ്ടാക്കുന്നതിലൂടെ സാമൂഹ്യ നീതി നടപ്പാക്കുക എന്നതാണ് എന്ന് ജാതിവിരുദ്ധ പുരോഗമന പ്രസ്ഥാനങ്ങളുടെ വക്താക്കൾ ആവർത്തിച്ചു ചൂണ്ടിക്കാട്ടുന്നതിനോട് മുഖം തിരിഞ്ഞ്നിന്ന് കേവലം വോട്ട് ബാങ്കുകൾ ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ചൂതുകളിയാണ് ഒരു പക്ഷേ  ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം ഇന്ന് നടത്തുത് ; ഇത് ആ മുന്നണിയുടെ വിശ്വാസ്യതയെയും നിലവിലുള്ള ബഹുജന അടിത്തറയേയും ദോഷകരമായിട്ടാണ് ബാധിക്കുക എന്ന് അവർ തിരിച്ചറിയുന്നില്ലെങ്കിൽ രാഷ്ട്രീയപ്രബുദ്ധരായ കേരള ത്തിലെ ജനങ്ങൾ വെറും വോട്ട് ബാങ്കുകളല്ല എന്ന് തെളിയിക്കുംവരെ അവർക്ക് കാത്തിരിക്കാം എന്നേയുള്ളൂ .

Leave a Reply