വിഷമൊഴുകുന്ന പെരിയാര്‍

പെരിയാറില്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരിക്കുന്നു. യാതാരു ദീര്‍ഘവീക്ഷണവുമില്ലാതെ, രാഷ്ട്രീയ നിലപാടില്ലാതെ നാം നടപ്പാക്കിയ വ്യവസായവല്‍ക്കരണത്തിന്റെ അനന്തരഫലം. ഒരു നദി മരിക്കുന്നു, ലക്ഷകണക്കിനുപേരുടെ കുടിവെള്ളം മുട്ടുന്നു, ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നു. ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്താനുള്ള നടപടികളുണ്ടാകുമോ?

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. 244 കി.മീ നീളമുള്ള ഈ നദി വലിയൊരു ഭാഗം ജനങ്ങളുടെ ഗാര്‍ഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മണല്‍ ഖനനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും ശക്തമായ സാന്നിധ്യമാണ്. അഞ്ച് ജില്ലകളിലായി 41 പഞ്ചായ ത്തിലൂടെയും മൂന്നു മുനിസിപ്പാലിറ്റികളിലൂടെയും ഒരു കോര്‍പ്പറേഷനിലൂ ടെയും കടന്നുപോകുന്ന ഈ നദിയെ അമ്പതുലക്ഷത്തോളം പേര്‍ ആശ്രയി ക്കുന്നു. എറണാകുളം നഗരത്തിലെ കുടിവെള്ളപ്രശ്‌നവും പരിഹരിക്കുന്നത് പെരിയാര്‍ തന്നെയാണ്. പെരിയാര്‍ നദിയുടെ വൃഷ്ടിപ്രദേശങ്ങളിലും, കൊച്ചി കായലിലുമുള്ള ആയിരകണക്കിന് ഹെക്ടര്‍ കെട്ട്-കൂട് മത്സ്യകൃഷി, പൊക്കാളികൃഷി എന്നിവ പൂര്‍ണമായി നദിയുടെ വെള്ളത്തിന്റെ ഗുണ നിലവാരത്തെ ആശ്രയച്ചിരിക്കുന്നു. ഈ മേഖലയില്‍ 22000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതായി കേരള ഫിഷറിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്തെ വ്യവസായത്തിന്റെ 25 ശതമാനവും പെരി യാറിന്റെ തീരങ്ങളിലാണ്. പെരിയാറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുന്ന 250ഓളം വ്യവസായശാലകളുണ്ട്. ഈ വ്യവസായശാലകള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഇന്ന്് പെരിയാറിനെ മരണത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു. തിരിച്ചറിയാനാകുന്ന 59 രാസമാലിന്യങ്ങളില്‍ 39 എണ്ണവും സ്ഥാവര കാര്‍ബണീക സംയുക്തങ്ങളാണ് (പെര്‍സിസ്റ്റന്റ് ഓര്‍ഗാ നിക് പൊല്യൂട്ടന്റ്സ്-പോപ്പ്സ്) എന്നത് അന്താരാഷ്ട്ര സംഘടനയായ ഗ്രീന്‍ പീസിന്റെ 1999ലെ കണ്ടെത്തലുകളാണ്. പെരിയാറിലേക്ക് തുറന്നുവച്ച 50 ഓളം മാലിന്യ നിര്‍ഗമകുഴലുകള്‍ വഴി കോടിക്കണക്കിനു ലിറ്റര്‍ സംസ്‌കരി ച്ചതും അല്ലാത്തതുമായ ജലമാണ് പ്രതിദിനം ഈ കമ്പനികള്‍ പുറംതള്ളു ന്നത്. ഇവയില്‍ തന്നെ 30 ഓളം കുഴലുകള്‍ അനധികൃതങ്ങളാണ്. ഇതിന്റെയെല്ലാം ഫലമായി മലിനീകരണത്തില്‍ ലോകത്തു 35-ാം സ്ഥാനവും ഇന്ത്യയില്‍ മൂന്നാം സ്ഥാനവുമാണ് ഏലൂര്‍ എടയാര്‍ മേഖലക്കുള്ളത്.

1943-ലാണ് ആദ്യമായി ഇവിടെ വ്യവസായശാല തുടങ്ങുന്നത്. ഇന്ത്യന്‍ അലൂമിനിയം കമ്പനിയായിരുന്നു അത്. പിന്നീട് ട്രാവങ്കൂര്‍ കെമിക്കല്‍സ് മാനുഫാക്ചറിങ്ങ് കമ്പനി, എഫ്.എ.സി.ടി., ട്രാവങ്കൂര്‍ റയോണ്‍സ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്, എച്ച്.ഏ.എല്‍., ബിനാനി സിങ്ക്, പെരിയാര്‍ കെമിക്കല്‍സ്, യുണൈറ്റഡ് കാറ്റലിസ്റ്റ് എന്നീ വന്‍ വ്യവസായസംരംഭങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പെരിയാറ്റില്‍ നിന്ന് പ്രതിദിനം 180 ദശലക്ഷം ലിറ്റര്‍ ജലം ഈ വ്യവസായ ശാലകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് കണക്കാക്കുന്നു. തിരിച്ച് മലിനജലം നദിയിലെത്തുന്നു. നിരന്തരമായി ആവര്‍ത്തിക്കുന്ന മത്സ്യങ്ങളുടെ കൂട്ടകാലകള്‍ മാത്രം ഇതിനു തെളിവാണ്. ആദ്യകാലത്ത് പെരിയാറിന് നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ വിഷമാലിന്യങ്ങള്‍ നേര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ കാലം പോയി. 1998 ജൂണ്‍ 11നു സംഭവിച്ച ഏറ്റവും വലിയ മത്സ്യക്കുരുതിയില്‍ 5 കോടിയുടെ മത്സ്യമാണ് ചത്തൊടുങ്ങിയത്. വ്യവസായിക മലിനീകരണത്തിനു പുറമെ മണല്‍വാരല്‍ പോലുള്ള പ്രവര്‍ത്തികളും പെരിയാറിനെ തളര്‍ത്തുന്നു. അന്തരീത്രമാകെ പുകമഞ്ഞുകൊണ്ടു നിറയുന്ന പ്രതിഭാസം ഇടക്കിടെ ആവര്‍ത്തിക്കുന്നു.

പെരിയാറിലെ മലിനീകരണത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത് 1972ല്‍ ഉണ്ടായ മത്സ്യക്കുരുതിയെ തുടര്‍ന്നാണ്. നദിയെ ആശ്രയിച്ചു ജീവിക്കുന്ന ആയിരകണക്കിനു മത്സ്യത്തൊഴിലാളികളാണ് അന്ന് പട്ടിണിയിലായത്. ‘ഏലൂരിലെ ഗ്യാസ് ചേംബറിലേക്ക് സ്വാഗതം’ എന്ന ബോര്‍ഡ് വെച്ച്് അന്നുമുതലാണ് പെരിയാര്‍ സംരക്ഷണത്തിനായി നാട്ടുകാര്‍ സമരമാരംഭിച്ചത്. എന്നാല്‍ ഇന്നും പെരിയാറില്‍ മത്സ്യക്കുരുതി തുടരുകയാണ്. വര്‍ഷം അരനൂറ്റാണ്ടായിട്ടും ഏലുരും പെരിയാറും കൂടുതല്‍ അപകടകരമായ ഗ്യാസ് ചേംബറായി തന്നെ നിലനില്‍ക്കുകയാണ്. പെരിയാര്‍ സംരക്ഷിക്കാനുള്ള ശക്തമായ സമരങ്ങള്‍ ആരംഭിച്ചത് 1990കള്‍ മുതലാണ്. എന്നാല്‍ ഇത്രയും വര്‍ഷമായിട്ടും കാര്യമായ മാറ്റങ്ങളില്ലാതെ മലിനീകരണം തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയോ, സര്‍ക്കാര്‍ സംവിധാനമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. മാലിന്യം തുപ്പുന്ന കമ്പനി കള്‍ തന്നെ പിസിബിയുടെ അവാര്‍ഡുകള്‍ വാങ്ങുന്നു. 2004ല്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രാദേശിക കമ്മിറ്റി ഒന്നരവര്‍ഷം മാത്രമാണ് പ്രവര്‍ത്തിച്ചത്. പിന്നീട് ഇത്തരമൊരു കമ്മിറ്റിയോ ഏതെങ്കിലും ഏജന്‍സിയോ ഇവിടെ രൂപീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. മറുവശത്ത് തൊഴിലിന്റെ പേരുപറഞ്ഞ് മലിനീകരണത്തെ പൂര്‍ണ്ണമായും പിന്തുണക്കുകയാണ് ശക്തമായ യൂണിയനുകള്‍.

ആയിരക്കണക്കിനു ടണ്‍ മാലിന്യങ്ങളാണ് വിവിധ കമ്പനികളിലൂടെ ഏലൂരില്‍ പുറം തള്ളുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, ബെന്‍സിന്‍, ക്ലോറോഫോം, ഹെക്സക്ലോറോ ബൂട്ടാഡീന്‍, ടെട്രോക്ലോറൈഡ്, കാര്‍ബണ്‍ ഡൈ സള്‍ ഫൈഡ് എന്നിവയെല്ലാം അവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ പെരിയാറിലെ സിങ്ക്, ക്രോമിയം, കാഡ്മിയം, ലെഡ്, മെഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍, കോബാള്‍ട്ട്, ഫോസ്‌ഫേറ്റ്, ഫ്‌ളൂറൈഡ് എന്നിവയുടെയെല്ലാം സാന്നിധ്യം എത്രയോ കൂടുതലാണ്. ഇവിടത്തെ കുട്ടികളടക്കം രക്താര്‍ബുദ ത്തിന്റെ പിടിയിലാണ്. കോഴിമുട്ടയില്‍ പോലും ഡയോക്സിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡത്തിലും നാലിരട്ടി അധികമാണ് ഏലൂരിലെ കോഴിമുട്ടകളില്‍ പരിശോധനയില്‍ കണ്ടെത്തിയ ഡയോക്സിന്‍. കിഴങ്ങ്, ചേന, ചേമ്പ്, വാഴപ്പഴം, കോഴി/താറാവ് ഇറച്ചി, മത്സ്യം, പാല്, തേങ്ങ, പപ്പായ, കറിവേപ്പില തുടങ്ങി ഏലൂരിലെ 23 ഭക്ഷ്യവസ്തുക്കളിലും അപകടരമായ വസ്തുക്കളുണ്ടെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ കെമിക്കല്‍ ഓഷ്യാനോഗ്രാഫി ലാബില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. നിരവധി രാസമാലിന്യങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടിട്ടുള്ളതും ഇതിനു കാരണമാണ്. കോഴികളെയും മത്സ്യങ്ങളെയും പരി ശോധിച്ചപ്പോള്‍ ഡി ഡി ടിയും എന്‍ഡോസള്‍ഫാനും മാരകമായ അളവി ലാണ് കണ്ടെത്തിയത്. 2009ല്‍ അന്താരാഷ്ട്ര ഏജന്‍സിയായ ഗ്രീന്‍ പീസും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഡല്‍ഹി ഐ ഐ ടിയും സംയുക്ത മായി നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ഗുരുതരമായ മലിനീകരണ പ്രദേശമായി ഏലൂരിനെയും കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 164ഓളം ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകളാണ് ഉള്ളത്. അതില്‍ 86 എണ്ണം മാരകമായ മലിനീകരണപ്രദേശങ്ങളാണ്. അതിനകത്ത് 24-ാം സ്ഥാനമാണ് ഏലൂരിനുള്ളത്. 2015ല്‍ മാത്രം ഏലൂര്‍-എടയാര്‍ വ്യവസായമേഖലയിലൂടെ രാസമാലിന്യം പേറി ചുവപ്പ്, ബ്രൗണ്‍, കറുപ്പ് വര്‍ണങ്ങളില്‍ പെരിയാര്‍ ഒഴുകിയത് 44 തവണയാണ്. എന്തിനേറെ, കൊവിഡ് ലോക് ഡൗണ്‍ കാലത്തുപോലും അതാവര്‍ത്തിച്ചു. പെരിയാറിലെ മലിനീകരണത്തിനും നിറംമാറ്റത്തിനും കാരണക്കാരെന്ന് പലകുറി മലിനീകരണനിയന്ത്രണ ബോര്‍ഡും സുപ്രീംകോടതി നിരീക്ഷണസമിതിയും പ്രാദേശിക പരിസ്ഥിതി കമ്മിറ്റിയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കണ്ടെത്തിയിട്ടുള്ള സ്ഥാപനമാണ് സി.എം.ആര്‍.എല്‍. കരി മണലില്‍ നിന്ന് സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പാദിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. 1998 മുതല്‍ പെരിയാറിലെ നിറംമാറ്റത്തിന്റെ പ്രധാന ഉത്തരവാദി ഈ കമ്പനിയാണ്. 2006 ജനുവരി 1-ാം തീയതി പെരിയാറിലേക്ക് വന്‍തോതില്‍ ഇവരുടെ അപകടകരങ്ങളായ മാലിന്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന് സുപ്രീംകോടതി നിരീക്ഷണസമിതി ഇടപെടുകയും ഇവരുടെ ഉല്‍പാദന പ്രവര്‍ത്തനം വെറ്റ് പ്രൊസ്സസില്‍ നിന്ന് ഡ്രൈ പ്രൊസ്സസിലേക്ക് മാറ്റാതെ പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തി രുന്നു. എന്നാല്‍ കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങി പി.സി.ബി ഇങഞഘന് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. ആ വര്‍ഷം മാത്രം 23 തവണ വലിയ രീതിയിലുള്ള മത്സ്യകുരുതികള്‍ ഉണ്ടായി. പുഴവെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നു. വേമ്പനാട് കായലും രൂക്ഷമായ മലിനീകരണത്തിനു വിധേയമായി. പെരിയാറിന്റെ തീരത്ത് റെഡ് കാറ്റഗറിയിലുള്ള (ഗുരുതരമായ മലിനീകരണ സാധ്യത) വ്യവസായശാലകള്‍ 98ഉം ഓറഞ്ച് കാറ്റഗറിയിലുള്ളവ (ഇടത്തരം മലിനീകരണ സാധ്യത) 109ഉമാണ്. മലിനീകരണം നിയന്തിക്കുന്നതിന് നിരവധി നിര്‍ദേശങ്ങളും കമ്മിറ്റികളും ഉണ്ടായെങ്കിലും മലിനീകരിക്കുന്നവര്‍ക്ക് എതിരെ കാര്യമായ നടപടി ഒന്നുമെടുക്കാതെ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ഇന്നും തുടരുന്നു.

1990ല്‍ എച്ച്് ഐ എല്‍ കമ്പനിയില്‍ നിന്ന് ടൊളുവിന്‍ എന്ന രാസവസ്തു ചോര്‍ന്ന് രൂക്ഷമായ മലിനീകരണവും തീപിടുത്തവും ഉണ്ടായപ്പോഴാണ് ജനങ്ങള്‍ സംഘടിച്ച് ശക്തമായ സമരങ്ങള്‍ ആരംഭിച്ചത്. 98ല്‍ ആരംഭിച്ച മെര്‍ക്കം എന്ന കമ്പനി നടത്തുന്ന മലിനീകരണം അതിരൂക്ഷമാണെന്നു കണ്ടപ്പോള്‍ സമരം ശക്തമായി. അന്ന് ജൂണ്‍ 11ന് ഉണ്ടായ വന്‍ മത്സ്യകൂട്ടകൊലയെ തുടര്‍ന്നാണ് ജനങ്ങള്‍ യോഗം ചേര്‍ന്ന് പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി രൂപീകരിച്ച് സമരം രൂക്ഷമാക്കിയത്. ആഗസ്റ്റ് 1ന് പെരിയാറില്‍ വഞ്ചിയില്‍ മനുഷ്യചങ്ങല തീര്‍ത്ത് നടത്തിയ സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. മെര്‍ക്കം കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെ ഹൈക്കോടതി മാര്‍ച്ച് നടത്തി. തുടര്‍ന്ന് സെപ്തംബര്‍ 15ന് പിസിബി ഓഫീസ് ഉപരോധിച്ചു. സമരങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. 2002 ജനുവരി 20ന് നടന്ന കുഴിക്കണ്ടം തോട് അടച്ചുകെട്ടല്‍ സമരവും വളരെ ശ്രദ്ധേയമായി. ഈ തോട്ടിലൂടെയാണ് പല കമ്പനികളും മാലിന്യങ്ങള്‍ പെരിയാറിലേക്ക് വിടുന്നത്. സമരത്തിനെതിരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. പിന്നീട് പഞ്ചായത്ത് ഓഫീസ് പിടിച്ചെടുത്ത് അഭയാര്‍ത്ഥി ക്യാമ്പാക്കി. 2004 ഒക്ടോബര്‍ 17ന് നടന്ന മനുഷ്യസംഗമം വന്‍വിജയമായി. ഇതിനെല്ലാം പകരമായി സമരസമിതി പ്രവര്‍ത്തകരെ ഗുണ്ടകളെ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു പല കമ്പനികളും ചെയ്തത്. പല യൂണിയനുകളും അതിനു കൂട്ടുനിന്നു. മര്‍ദ്ദനങ്ങള്‍ക്കെതിരെ 2005 നവംബര്‍ 29ന് സംസ്ഥാനതലത്തില്‍തന്നെ പ്രതിഷേധം നടന്നു. സുപ്രിംകോടതി നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഏലൂരില്‍ മലിനീകരിക്കപ്പെട്ട വാര്‍ഡുകളില്‍ നടപ്പാക്കിയിരുന്ന സൗജന്യകുടിവെള്ള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് 4 സമരസമിതി പ്രവര്‍ത്തകര്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഓഫീസിനുമുന്നില്‍ സ്വയം ചങ്ങലക്കിട്ട് നടത്തിയ ഉപരോധസമരവും വന്‍വാര്‍ത്തയായി. തുടര്‍ന്ന 2006 സെപ്തംബര്‍ 17ന് ജനകീയ അവകാശ പ്രഖ്യാപന സമ്മേളനം നടന്നു.

ലക്ഷണക്കിനു ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയായ മലിനീകരണത്തിനെതിരെ നടന്നതും തുടരുന്നതുമായ നിരവധി സമരങ്ങള്‍ കൊണ്ട് ചില മാറ്റങ്ങള്‍ ഉണ്ടായി. സുപ്രിംകോടതിയും സംസ്ഥാനസര്‍ക്കാരും മലിനീകരണ നിയന്ത്രണബോര്‍ഡും നിയമസഭാപരിസ്ഥിതി കമ്മിറ്റിയും മനുഷ്യാവകാശകമ്മീഷനുമൊക്കെ ഇടപെട്ട് ചില നിയന്ത്രണങ്ങളെല്ലാം കൊണ്ടുവന്നു. എന്നാല്‍ അതിശക്തരായ ശത്രുക്കളാണ് മറുപക്ഷത്തുള്ളത്. സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫാക്ടറിയുടമകളും യൂണിയനുകളെമെല്ലാം കൈകോര്‍ത്താണ് ജനങ്ങളെ വെല്ലുവിളിക്കുന്നത്. സമരത്തിനു നേതൃത്വം നല്‍കുന്ന പുരുഷന്‍ ഏലൂരിന്റേയും യേശുദാസന്റേയും മറ്റും നേതൃത്വത്തിലുള്ള പെരിയാര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരായ കള്ളകേസുകള്‍ക്കാകട്ടെ ഒരു കുറവുമില്ല. എങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടം തുടരുകയാണ്. അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 22 മുതല്‍ 25 വരെ എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷന്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ കുടിവെള്ളം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ”കളക്ട്ടീവ് ഫോര്‍ റൈറ്റ് റ്റു ലൈവ്” (കോറല്‍) എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ”കൊച്ചിയുടെ വിഷജലവിരുദ്ധപ്രക്ഷോഭ”മായിരുന്നു അടുത്ത കാലത്ത് നടന്ന ഏറ്റവും ശക്തമായ പ്രക്ഷോഭം. സത്യാഗ്രഹത്തിന്റെ ഭാഗമായി മാര്‍ച്ച് 26-ന് നടന്ന സമാപന പൊതുസമ്മേളനം മറൈന്‍ ഡ്രൈവില്‍ പ്രശസ്ത മനുഷ്യാവകാശ- സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മ്മിളയാണ് ഉദ്ഘാടനം ചെയ്തത്. കുടിവെള്ള സംരക്ഷണ സമിതി കൂറ്റന്‍ റാലിയും സംഘടിപ്പിച്ചിരുന്നു. സാറാജോസഫ്, എം ഗീതാനന്ദന്‍ തുടങ്ങിയവരെല്ലാം സംസാരിച്ചു. അതിനുശേഷവും വിവിധസംഘടനകള്‍ തെളിനീര്‍ ഒഴുകുന്ന പെരിയാറിനെ കിനാവു കണ്ട് സമരം തുടരുകയാണ്. സമ്പൂര്‍ണ്ണ ലാക് ഡൗണ്‍ കാലത്തുപോലും നദിയിലെ നിറം മാറ്റത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം ചെയ്യുകയും അറസ്റ്റ് വരിക്കുകയുമുണ്ടായി. പക്ഷെ മലിനീകരണം തുടരുക തന്നെയാണ്. മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയാണ്. പെരിയാര്‍ മരിക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply