കൊവിഡിലൂടെ ആവര്‍ത്തിക്കുമോ പ്ലേഗും സ്പാനിഷ് ഫ്‌ളൂവും

കൊറോണ വൈറസിന് ഒരു മ്യൂട്ടേഷന്‍ കൂടി സംഭവിച്ച് അതിന് മൂര്‍ച്ച കൂടിയാല്‍ അതിന് ഭൂമിയിലെ അവസാന മനുഷ്യനെ ഇല്ലാതാക്കാന്‍ കഴിയും. മറിച്ച്, മ്യൂട്ടേഷന് ശേഷം മൂര്‍ച്ച കുറഞ്ഞ് ഈ വൈറസ് ഒന്നുമല്ലാതാവാം. ഇതാണ് സാദ്ധ്യതകളുടെ രണ്ട് ധ്രുവങ്ങള്‍. അതായത്, ലോകം മുച്ചൂടും മുടിയല്‍, അല്ലെങ്കില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതിരിക്കല്‍. ഈ രണ്ടറ്റങ്ങള്‍ക്കിടയിലായിരിക്കാം സത്യത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

കൊറോണ രോഗശേഷമുള്ള ലോകവും മനുഷ്യനും എങ്ങിനെയാവും എന്ന് ചോദിക്കുന്ന ഞാനടക്കമുള്ള ആളുകള്‍ രണ്ട് കാര്യങ്ങള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നുണ്ട്. ഒന്ന് കൊറോണയ്ക്ക് ശേഷം മനുഷ്യന്‍ ബാക്കിയുണ്ടാവും. (ബാക്കിയുണ്ടാവില്ലെങ്കില്‍ ചിന്ത വേണ്ടല്ലോ). രണ്ട്, വലിയ മാറ്റങ്ങള്‍ ഇതിനിടെ സംഭവിക്കും. (മാറ്റങ്ങള്‍ ഒന്നും സംഭവിക്കില്ലെങ്കില്‍ കൊറോണയ്ക്ക് ശേഷമുള്ള ലോകം എന്ന മട്ടിലൊന്നും നമ്മുടെ ചിന്ത പോവില്ലല്ലോ). സത്യത്തില്‍ ഈ വിഷയം ശാസ്ത്രീയമായി ചിന്തിക്കല്‍ അസാദ്ധ്യമാണ്. കാരണം കൊറോണയുടെ വ്യാപനം എത്രത്തോളം ഉണ്ടാവും, എത്ര കാലം ഉണ്ടാവും എന്നൊന്നും നമുക്ക് ഇപ്പോള്‍ അറിയില്ല. ശാസ്ത്രീയമായ ഏത് അന്വേഷണത്തിനും ഇവ അറിയണം താനും.

കൊറോണ വൈറസിന് ഒരു മ്യൂട്ടേഷന്‍ കൂടി സംഭവിച്ച് അതിന് മൂര്‍ച്ച കൂടിയാല്‍ അതിന് ഭൂമിയിലെ അവസാന മനുഷ്യനെ ഇല്ലാതാക്കാന്‍ കഴിയും. മറിച്ച്, മ്യൂട്ടേഷന് ശേഷം മൂര്‍ച്ച കുറഞ്ഞ് ഈ വൈറസ് ഒന്നുമല്ലാതാവാം. ഇതാണ് സാദ്ധ്യതകളുടെ രണ്ട് ധ്രുവങ്ങള്‍. അതായത്, ലോകം മുച്ചൂടും മുടിയല്‍, അല്ലെങ്കില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതിരിക്കല്‍. ഈ രണ്ടറ്റങ്ങള്‍ക്കിടയിലായിരിക്കാം സത്യത്തില്‍ സംഭവിക്കാന്‍ പോകുന്നത്. പക്ഷേ, രണ്ടറ്റങ്ങള്‍ക്കിടയില്‍ കൃത്യമായി എവിടെ? ദുരന്തധ്രുവത്തിനടുത്തോ ശാന്തധ്രുവത്തിനടുത്തോ? അതോ മദ്ധ്യത്തിലോ? നമുക്ക് ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരമറിയില്ല. അതു കൊണ്ടു തന്നെ കോവിഡാന്തര ലോകഗതിയെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല; എനിക്കെന്നല്ല, ആര്‍ക്കും.
കാരണം ഭീകര ദുരന്തമാണ് മനുഷ്യനെ കാത്തിരിക്കുന്നത് എന്ന് കരുതുക. കോവിഡാനന്തര മനുഷ്യന്‍ എന്നൊക്കെ തലക്കെട്ട് കൊടുക്കാവുന്ന തരത്തില്‍ മനുഷ്യചരിത്രം രണ്ടായി പിളര്‍ന്നു പോവാം. നമ്മുടെ നാഗരികതയും സമ്പദ് വ്യവസ്ഥയും വ്യവഹാരങ്ങളും വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങുന്ന അവസ്ഥയായിരിക്കും അങ്ങിനെയെങ്കില്‍ ഉണ്ടാവുക. മറിച്ച് പെട്ടെന്ന് വൈറസിന്റെ ആക്രമണം അവസാനിച്ചാല്‍ മദ്ധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ തിരിച്ച് സ്‌കൂളില്‍ എത്തുന്നതു പോലെ ലാഘവത്തോടെ മനുഷ്യര്‍ ജീവിതത്തിലേക്ക് തിരിച്ചു വരും.

സത്യത്തില്‍ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊരു മോഹത്തോടെയുള്ള ചിന്തയാണ്. വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി കാത്തിരിക്കുന്നവരാണ് കോവിഡാനന്തര ലോകത്തെ വിഭാവന ചെയ്യുന്നത്. ഇത്തരം ഭാവികാല ദര്‍ശനങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ചരിത്രത്തില്‍നിന്ന് ചില ദൃഷ്ടാന്തങ്ങള്‍ തങ്ങളുടെ ദര്‍ശനങ്ങളെ ബലപ്പെടുത്താന്‍ ഉപയോഗിക്കാറുമുണ്ട്. അതിലൊന്ന് പതിനാലാം നൂറ്റാണ്ടിലുണ്ടായ പ്ലേഗ് മഹാമാരിയാണ്. ഏഷ്യയില്‍ പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വീശിയടിച്ച ആ രോഗം 40 കൊല്ലം കഴിഞ്ഞപ്പോള്‍ യൂറോപ്പില്‍ എത്തി. കൂട്ടമരണങ്ങളാണ് അവിടെ സംഭവിച്ചത്. യൂറോപ്പിലെ ജനസംഖ്യയുടെ മുന്നിലൊന്ന് ചത്തൊടുങ്ങി. ചില ഗ്രാമങ്ങളില്‍ ആരും ബാക്കിയില്ലാതായി. പ്ലേഗാനന്തരം എന്ന് കൃത്യമായി പറയാന്‍ തക്കവണ്ണം ചില വലിയ മാറ്റങ്ങള്‍ യൂറോപ്പില്‍ സംഭവിച്ചു. യൂറോപ്പിലെ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യം കുറിക്കാന്‍ ആ രോഗത്തിന് കഴിഞ്ഞു. കാരണം കൃഷിഭൂമികളുള്ള നാട്ടിന്‍ പുറങ്ങളിലായിരുന്നു മരണങ്ങള്‍ മിക്കവാറും ഉണ്ടായത്. ജന്മിയും കാര്‍ഷികജോലി നടത്തിയിരുന്ന തൊഴിലാളികളും ഒരു പോലെ ചത്തൊടുങ്ങി. ഫ്യൂഡല്‍ വ്യവസ്ഥ തന്നെ ഇല്ലാതാവാന്‍ ഇതൊരു മുഖ്യകാരണമായി. എന്നാല്‍ നഗരങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന തൊഴിലിടങ്ങള്‍ക്കും ചെറുവ്യവസായങ്ങള്‍ക്കും പ്ലേഗ് അത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. ക്രമേണ ആ വ്യവസായങ്ങള്‍ ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയുടെ ആദി രൂപങ്ങളായി മാറി. ഒരു രോഗം മനുഷ്യരാശിയുടെ ചരിത്രത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ഇത്. നൂറ്റാണ്ടുകള്‍ക്ക് ശേഷം 1918-20 കാലത്ത് രോഗം മറ്റൊരു വൈറസിന്റെ രൂപത്തില്‍ തിരിച്ചു വന്നു. സ്പാനിഷ് ഫ്‌ളൂ ആയിരുന്നു അത്. അക്കാലം ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാന വര്‍ഷങ്ങള്‍കൂടി ആയിരുന്നു. സ്പാനിഷ് ഫ്‌ളൂ 50 കോടി ആളുകളെ ഗ്രസിച്ചു. മരണം 1.7 കോടി മുതല്‍ 5 കോടി വരെ എത്രയുമാകാം. കൃത്യം കണക്കുകള്‍ ഇല്ല. ഇന്ത്യയില്‍ മാത്രം 1.2 കോടി ആളുകള്‍ മരിച്ചു എന്ന് വായിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ഒരു കാരണം ഈ മഹാമാരിയായിരുന്നു. തങ്ങളെയും എതിരാളികളെയും ഒരു പോലെ വിഴുങ്ങുന്ന സ്പാനിഷ് ഫ്‌ളൂ വന്നപ്പോള്‍ യുദ്ധം അപ്രസക്തമായ കോമാളിത്തമായി എന്ന് ഓരോ രാജ്യത്തിനും തോന്നി. യുദ്ധമുന്നണികളില്‍ വെടിയൊച്ച അതോടെ നിലച്ചു. ഇത്രയും ചരിത്ര പശ്ചാത്തലമൊക്കെ വായിച്ച, വിപ്ലവകരമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന കാല്‍പ്പനിക മനസ്സുകള്‍ കോവിഡിന് ശേഷം എന്തോ വരുമെന്ന് കാത്തിരിക്കുന്നു. അപ്രകാരം സംഭവിച്ചേക്കാം. പക്ഷേ, സംഭവിച്ചില്ലെന്നും വരാം. ദുരന്തധ്രുവത്തിലാണോ ശാന്തധ്രുവത്തിലാണോ മനുഷ്യ ചരിത്രം ചെന്നെത്തിപ്പെടുക എന്നതിനുസരിച്ചിരിക്കും കാര്യങ്ങള്‍.

കോവിഡിന് ശേഷം ലോകമേധാവിത്വം ആഗ്രഹിക്കുന്ന അമേരിക്കയ്ക്കും ചീനയ്ക്കും എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചും ആലോചനകളും ഊഹാപോഹങ്ങളും ഉണ്ട്. സാമ്പത്തികമായി തകര്‍ന്ന അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് ലോക മേധാവിത്വം നഷ്ടപ്പെടുമെന്ന് ഭാവന ചെയ്യുന്നവരുണ്ട്. വൈറസ് പരക്കുന്നതിനും ഒരു പക്ഷേ, ജനിക്കുന്നതിനു പോലും കാരണമായ ചീന ലോക രാഷ്ട്രങ്ങളുടെ അപ്രിയത്തിന് പാത്രമാവുമെന്നും ചീനയെ അവര്‍ ഒറ്റപ്പെടുത്തുമെന്നും ചിന്തിക്കുന്നവര്‍ ഉണ്ട്. നേരത്തേ പറഞ്ഞതു പോലെ ഇതും ഒരു പരിധിയോളം മോഹചിന്തയാണ്. അമേരിക്കയുടെ പതനം മോഹിക്കുന്നവരും ചീനയുടെ പതനം മോഹിക്കുന്നവരും സൃഷ്ടിച്ച മായക്കാഴ്ച. രണ്ടും ശരിയാവണമെന്നില്ല.

അമേരിക്കന്‍ ഐക്യനാടുകള്‍ എന്നത് ഒരു ദേശ രാഷ്ട്രം മാത്രമല്ല. നിരവധി രാഷ്ട്രങ്ങളിലെ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ആസ്ഥാനമാണത്. അവിടെ ചീനയ്ക്കും അമേരിക്ക എതിര്‍ക്കുന്ന ശക്തികള്‍ക്കും പോലും വന്‍നിക്ഷേപങ്ങളും താല്‍പ്പര്യങ്ങളുമുണ്ട്. അക്കാരണം കൊണ്ടുതന്നെ അമേരിക്കയുടെ പതനം എതിരാളികള്‍ പോലും ആഗ്രഹിക്കുന്നില്ല. തിരിച്ചുവരവ് അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ഏകദേശം ഇതുതന്നെയാണ് ചീനയുടെയും അവസ്ഥ. അമേരിക്കയടക്കമുള്ള എല്ലാ പാശ്ചാത്യരാജ്യങ്ങളും ജപ്പാനും ഓസ്‌ട്രേലിയയും ന്യൂസിലന്റും ചീനയിലാണ് ഇന്ന് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്രയും കുറഞ്ഞ വേതനത്തില്‍ തൊഴിലാളികളെയും രാഷ്ട്രീയ സമരങ്ങളില്ലാത്ത അച്ചടക്കവും കോര്‍പ്പറേറ്റ് മുതലാളിത്തം ആഗ്രഹിക്കുന്ന മറ്റ് സൗകര്യങ്ങളും ചീനയിലെപ്പോലെ വേറെ എവിടെ കിട്ടും? കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രശ്‌നങ്ങളൊക്കെ താത്കാലികമായ നീരസങ്ങളായി മാറാനാണ് സാദ്ധ്യത. എന്നാല്‍ നേരത്തേ പറഞ്ഞ പോലെ ഒരു വന്‍ ദുരന്തത്തില്‍ ലോകം എത്തിപ്പെട്ടാല്‍ നേരെ മറിച്ചും സംഭവിക്കാം.

കുത്തനെ മുകളിലേക്ക് കയറുന്ന കൊറോണയുടെ മരണഗ്രാഫ് എന്ന് ചരിയാനും തിരശ്ചീനമാവാനും തുടങ്ങും എന്നതു തന്നെയാണ് പ്രധാന ചോദ്യം. തിരശ്ചീനദിശയിലേക്ക് ചില രാജ്യങ്ങളിലെങ്കിലും മാറിക്കഴിഞ്ഞു. ആദ്യം ചീന തന്നെ. പിന്നെ തെക്കന്‍ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്. അവയുടെ പിന്നാലെ ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ് എന്നിവ. മെയ് അവസാനമാവുമ്പോളേക്കും അവര്‍ കൊറോണക്കാലത്തിനപ്പുറം കടക്കും. അമേരിക്കന്‍ ഐക്യനാടുകളില്‍ എന്തു സംഭവിക്കുന്നു എന്ന് അടുത്ത മുപ്പതു ദിവസങ്ങളില്‍ നമുക്ക് അറിയാന്‍ കഴിയും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply