പ്ലാച്ചിമട : നിയമസഭയുടെ അന്തസ്സുയര്‍ത്തിപിടിക്കുക

ഒരു ഗ്രാമത്തെ മലിനമാക്കിയ, കുടിവെള്ളവും വായുവും കൃഷിയും നശിപ്പിച്ച ബഹുരാഷ്ട്ര ഭീമനില്‍ നിന്നു നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ പ്ലാച്ചിമട സമരം പൂര്‍ണ്ണമായി വിജയിച്ചു എന്നു പറയാനാകൂ. കേരള സര്‍ക്കാരാകട്ടെ കുറ്റകരമായ മൗനം തുടരുകയാണ്. നിയമ സഭ ഐകകണ്ഠന പാസാക്കിയ ട്രൈബ്യൂണല്‍ ബില്‍ നിയമമായി നടപ്പാക്കാന്‍ കഴിയത്തത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. പ്ലാച്ചിമടയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും നീതി ഉറപ്പാക്കാന്‍ എം.പിമാരും എം എല്‍ എ മാരും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം എന്നും മേധ പട്കര്‍ ആവശ്യപ്പെട്ടു. ഗോള്‍ഡ് മാന്‍ അവാര്‍ഡ് ജേതാവ് പ്രഫുല്ല സാമന്തറ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ലോകത്തെ ഏറ്റവും വലിയ കുത്തകകളില്‍ ഒന്നായ കോക്കൊകോളയെ പാലക്കാട് ജില്ലയിലെ, വളരെ പിന്നോക്കമെന്നു പറയാവുന്ന, പ്രധാനമായും ദളിതരും ആദിവാസികളും ജീവിക്കുന്ന പ്ലാച്ചിമട എന്ന ഗ്രാമം മുട്ടുകുത്തിച്ച ഐതിഹാസിക പോരാട്ടം ഇന്ന് ലോകപ്രസിദ്ധമാണ്. പക്ഷെ കമ്പനി പൂട്ടിക്കാന്‍ കഴിഞ്ഞു എങ്കിലും ഇപ്പോഴും ആ ചരിത്രപോരാട്ടം പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാനാകില്ല. രണ്ടു പതിറ്റാണ്ടു കാലം പെരുമാട്ടി പഞ്ചായത്തിലെ കര്‍ഷകരും ആദിവാസി സമുദായാംഗങ്ങളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത, കേരള നിയമസഭ ഐകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട ട്രിബ്യുണല്‍ ബില്‍ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പ്ലാച്ചിമടഗ്രാമം ഇപ്പോഴും പോരാട്ടം തുടരുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്ലാച്ചിമട കോള കമ്പനിക്ക് മുന്നില്‍ നടന്ന കേരളം പ്ലാച്ചിമടയിലേക്ക് എന്ന ബഹുജന ഐക്യദാര്‍ഢ്യ സമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. നിയമസഭ 11 വര്‍ഷം മുമ്പ് പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഇപ്പോഴും നിയമമായി മാറാത്തത് നിയമസഭയുടെ നിയമനിര്‍മ്മാണ അവകാശത്തില്‍ കേന്ദ്ര ഗവ നടത്തിയ കയ്യേറ്റമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും നിയമനിര്‍മ്മാണാവകാശം ഉയര്‍ത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ് സംരക്ഷിക്കാന്‍ കേരളത്തിലെ നിയമസഭാ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. .

ഒരു ഗ്രാമത്തെ മലിനമാക്കിയ, കുടിവെള്ളവും വായുവും കൃഷിയും നശിപ്പിച്ച ബഹുരാഷ്ട്ര ഭീമനില്‍ നിന്നു നഷ്ടപരിഹാരം ലഭിച്ചാല്‍ മാത്രമേ പ്ലാച്ചിമട സമരം പൂര്‍ണ്ണമായി വിജയിച്ചു എന്നു പറയാനാകൂ. കേരള സര്‍ക്കാരാകട്ടെ കുറ്റകരമായ മൗനം തുടരുകയാണ്. നിയമ സഭ ഐകകണ്ഠന പാസാക്കിയ ട്രൈബ്യൂണല്‍ ബില്‍ നിയമമായി നടപ്പാക്കാന്‍ കഴിയത്തത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. പ്ലാച്ചിമടയിലെ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും നീതി ഉറപ്പാക്കാന്‍ എം.പിമാരും എം എല്‍ എ മാരും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം എന്നും മേധ പട്കര്‍ ആവശ്യപ്പെട്ടു. ഗോള്‍ഡ് മാന്‍ അവാര്‍ഡ് ജേതാവ് പ്രഫുല്ല സാമന്തറ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

2002 ഏപ്രില്‍ 22ന് ആദിവാസി നേതാവ് സി കെ ജാനുവാണ് പ്ലാച്ചിമടയിലെ ഐതിഹാസിക സമരം ഉദ്ഘാടനം ചെയ്തത്. ലോകസമരചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഈ സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ച ഒരു ആഗോള കുത്തക കമ്പനിക്കെതിരെ ഒരുപറ്റം പാവപ്പെട്ട മനുഷ്യരുടെ അവകാശപോരാട്ടമായിരുന്നു. സമരത്തിന്റെ സന്ദേശം ലോകമാകെ പരന്നു. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പൂന, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ കോളക്കെതിരായ സമരങ്ങള്‍ക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടുകയും ചെയ്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കമ്പനി വരുത്തിവെച്ച പാരിസ്ഥിതിക നാശങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് 2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില്‍ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയില്‍ നിന്നും ഈടാക്കാവുന്നതാണെന്ന ശുപാര്‍ശ ചെയ്യകയും ചെയ്തു. വിദഗ്ദ്ധ സമിതി വിശദമായ പഠനത്തിന് ശേഷമാണ് നിയമനിര്‍മ്മാണത്തിന് ശുപാര്‍ശ നല്‍കിയത്. പാരിസ്ഥിതികമായ നശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാര്‍ഷിക ഉല്‍പ്പാദന ത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ന്നുണ്ടായ സാമൂഹ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തി. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം ഭൂഗര്‍ഭ ജലവിതാനത്തില്‍ വലിയ കുറവുണ്ടായി, നിലവിലെ നിയമവ്യവസ്ഥകള്‍ ലംഘിച്ച് കമ്പനി പ്രവര്‍ത്തിച്ചു, ജലസ്രോതസുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി, കാര്‍ഷിക ഉല്‍പ്പാദനം ഗണ്യമായി കുറച്ചു, ക്ഷീരകര്‍ഷകര്‍ക്കും കോഴി വളര്‍ത്തുന്നവര്‍ക്കും ഭീമമായ നഷ്ടമുണ്ടായി, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായി, കുടിവെളളത്തിനായി സ്ത്രീകള്‍ കിലോമീറ്ററോളം നടക്കേണ്ട തരത്തില്‍ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമസഭ 2011ല്‍ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയച്ചു. കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് കമ്പനിയില്‍ നിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. എന്നാല്‍ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാറിന് തിരിച്ചയക്കുകയായിരുന്നു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങള്‍ക്ക് 2011ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ഏപ്രില്‍, മെയ് മാസങ്ങളിലായി കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമ വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നല്‍കി. എന്നാല്‍ ആഭ്യന്തര വകുപ്പാണ് തടസ്സം നിന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിനു കൊക്കകോളയുമായുള്ള ബന്ധം പരസ്യമാണ്. തുടര്‍ന്നുവന്ന അരുണ്‍ ജെറ്റ്‌ലിയും കോളകമ്പനികള്‍ക്കായി കേസുകള്‍ വാദിച്ചിട്ടുണ്ട്.

2011 ജൂലൈയില്‍ കൊക്കക്കോളയുടെ വാദങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് ബില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനുള്ള മറുപടിയും നല്‍കിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഒടുവില്‍ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീര്‍പ്പോടു കൂടി ബില്ല് 2015 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. മാത്രമല്ല, പകരം കോളക്ക് 5.26 കോടി നികുതിയിളവ് നല്‍കുകയും ചെയ്തു. പിന്നീട് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികള്‍ ഉള്‍പ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തില്ല. രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലില്‍ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ അനങ്ങാപ്പാറനയം തുടരുകയാണ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ട്രൈബ്യൂണല്‍ ബില്‍ വീണ്ടും പാസ്സാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയാണുണ്ടായത്.

ഇതേതുടര്‍ന്ന് കൊക്കകോളവിരുദ്ധ സമരസമിതി 2017 ഏപ്രില്‍ 22 മുതല്‍ പാലക്കാട് അനിശ്ചിതകാല സത്യഗ്രഹം നടത്തിയിരുന്നു. പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകള്‍ക്കു സര്‍ക്കാര്‍ അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം എടുത്ത കേസില്‍ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കകോളയുടെ ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്ലാച്ചിമട സമരത്തിന്റെ 15ാം വാര്‍ഷികദിനമായ ഏപ്രില്‍ 22ന് സമരമാരംഭിച്ചത്. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പില്‍ പിന്നീട് സമരം പിന്‍വലിക്കുകയായിരുന്നു. എന്നാലിതുവരേയും അതിലൊരു തീരുമാനമായിട്ടില്ല. ഭോപ്പാലില്‍ കൂട്ടക്കൊല നടത്തി യൂണിയന്‍ കാര്‍ബൈഡും മാവൂരില്‍ ആദിത്യബിര്‍ളയും രക്ഷപ്പെട്ട പോലെ കൊക്കകോള ഭീമന്‍ രക്ഷപ്പെടാന്‍ അനുവദിച്ചുകൂട എന്നാണ് പ്ലാച്ചിമട നിവാസികള്‍ പറയുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോ 4 ന് ചേര്‍ന്ന സമര ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ താഴെ പറയുന്ന ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനിക്കെതിരെ വാട്ടര്‍ ആക്ടിന്റെ 43, 47 വകുപ്പുകള്‍ പ്രകാരം കേസെടുക്കുക, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുക, കൊക്കകോളയുടെ പ്ലാച്ചിമടയിലെ ആസ്തികള്‍ കണ്ടുകെട്ടുക, ട്രൈബ്യൂണല്‍ സമ്പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കുന്നത് വരെ സര്‍ക്കാര്‍ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് പ്രധാനം. അതോടൊപ്പം ഭൂഗര്‍ഭ ജലത്തിന്റെ സംരക്ഷണത്തിന് ഗ്രാമസഭയ്ക്ക് അധികാരം നല്‍കുന്ന വിധത്തില്‍ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ആവശ്യവും സമ്മേളനം ഉന്നയിച്ചു. ഭരണഘടന നിയമനിര്‍മ്മാണ സഭകള്‍ക്ക് നല്‍കിയിട്ടുളള നിയമനിര്‍മ്മാണത്തിനുളള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാധീനശക്തികളായി മാറിയിരിക്കുന്നതിന്റെ തെളിവാണ് നിയമസഭ പാസാക്കിയ ബില്ലിന്റെ ദുരവസ്ഥ എന്നും സമ്മേളനം ചൂണ്ടികാട്ടി.

നിയമസഭയുടെ നിയമനിര്‍മ്മാണ അധികാരത്തെ പോലും എക്‌സിക്യൂട്ടീവിലുളള സ്വാധീനമുപയോഗിച്ച് നിഷ്പ്രഭമാക്കുവാന്‍ കഴിയുന്ന തരത്തില്‍ ബഹുരാഷ്ട്ര കുത്തകകള്‍ കരുത്താര്‍ജ്ജിക്കുന്നു എന്നതാണ് വസ്തുത. അതേസമയം ബില്ലില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി സംസ്ഥാന ഗവണ്‍മെന്റിന് നിയമം നിര്‍മ്മിച്ച് ഗവര്‍ണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാന്‍ കഴിയുമെന്ന് പല വിദഗ്ധരും ചൂണ്ടികാട്ടുന്നു. എന്നാലതിനും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അതുമല്ലെങ്കില്‍ നിയമം പാസാക്കാതെതന്നെ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള 216.26 കോടി രൂപയുടെ നഷ്ടപരിഹാരം പ്ലാച്ചിമടക്കാര്‍ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് സത്യാഗ്രഹ സമരം ശക്തമാക്കാനാണ് കണ്‍വെന്‍ഷന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പ്ലാച്ചിമട സമരത്തെ എതിര്‍ക്കുകയും എന്നാല്‍ പോരാട്ടം വിജയിക്കുമെന്നുറപ്പായപ്പോള്‍ ഐക്യപ്പെടുകയും ചെയ്ത പ്രസ്ഥാനങ്ങള്‍ മിക്കവാറും ഈ വിഷയത്തില്‍ ഐക്യപ്പെടാന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ പ്ലാച്ചിമടയിലെ പാവപ്പെട്ട കര്‍ഷകരും ആദിവാസികളുമൊക്കെ നടത്തുന്ന നീതിക്കായുള്ള ഈ പോരാട്ടത്തിനൊപ്പം നില്‍ക്കാനാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്ന എല്ലാവരും തയ്യാറാകേണ്ടത്.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply