പിണറായിയുടെ രണ്ടാമൂഴം : വിപല്‍സൂചനകള്‍

തിരഞ്ഞെടുപ്പുകാലത്തും തുടര്‍ന്നും കേരളത്തിലെ ജനങ്ങള്‍ കാണിച്ച ജാഗ്രതക്കുറവിനും, സംസ്‌ക്കാരിക ബൗദ്ധിക മേഖലയിലെ നായകന്മാര്‍ പ്രകടിപ്പിച്ച ആത്മവഞ്ചനയ്ക്കും അനുരഞ്ജനത്തിനും അധികാര ആരാധനയ്ക്കും നാം കൊടുക്കേണ്ട കനത്ത വില എന്തായിരിക്കും എന്നതിന്റെ സൂചനകളായി വേണം വയനാട്ടിലെ മുട്ടില്‍ തൊട്ട് കേരളത്തിലങ്ങോള മിങ്ങോളം നടന്ന വന്‍മരം വെട്ടലിനെയും കൊറോണാ മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജനജീവിതവും ജീവിതോപാധികളും കൊടുംതകര്‍ച്ചയെ നേരിടുന്ന ഒരു പ്രതിസന്ധി സന്ദര്‍ഭത്തില്‍ പരിസ്ഥിതി നാശകമായ കെ.റയില്‍ പദ്ധതി നടപ്പാന്‍ പിണറായി ഗവണ്മെന്റെടുത്ത തിരക്കിട്ട തീരുമാനത്തെയും കാണേണ്ടത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന പ്രധാന ചോദ്യം കേരളത്തില്‍ പിണറായി ഗവണ്മെന്റിന്റെ തുടര്‍ഭരണം വേണമോ വേണ്ടയോ എന്നതായിരുന്നു. വേണം എന്ന് ഭൂരിപക്ഷ വിധിയുണ്ടായതിനെത്തുടര്‍ന്ന് പുതിയ ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തില്‍ വരികയും ചെയ്തു. എന്നാല്‍ തുടര്‍ ഭരണം വേണ്ട, അത് ആപല്‍ക്കരമാണ്, എന്ന് വാദിച്ചവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തവും ചിന്തനീയവുമായി നിലകൊള്ളുന്നു എന്നു തന്നെയാണ് പിണറായി സര്‍ക്കാരിന്റെ നയങ്ങളും രാഷ്ട്രീയ നീക്കങ്ങളും തെളിയിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ജനവിധി പലപ്പോഴും ജനങ്ങള്‍ക്കെതിരായുള്ള കൊലവിധിയായി മാറാമെന്നതിന് ലോക ചരിത്രം നിരവധി ഉദാഹരണങ്ങള്‍ കാട്ടിത്തന്നിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണല്ലോ മോദി ഗവണ്മെന്റിന്റെ തുടര്‍ഭരണത്തിന് ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ സമ്മതി.

തുടര്‍ ഭരണത്തിനെതിരെ കേരളത്തിലെ പ്രതിപക്ഷവും, സംസ്‌ക്കാരിക ബൗദ്ധിക മേഖലയിലുള്ളവരും ഉന്നയിച്ച പ്രധാന വാദങ്ങള്‍:

1-പിണറായിയുടെ ആഭ്യന്തരനയത്തില്‍ പോലീസ് നയത്തില്‍ സംഭവിച്ച ഗുരുതരമായ വീഴ്ചകള്‍: ലോക്കപ്പ് കൊലകള്‍, സ്ത്രീപീഡനക്കേസുകളിലും കൊലക്കേസുകളിലും പോലീസ്സിന്റെ അനാസ്ഥ( ഉദാഹരണമായി പൊള്ളാച്ചിയില്‍ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നതില്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ പോലീസ് കാട്ടിയ ഗുരുതരമായ വീഴ്ച), സ്വന്തം പാര്‍ട്ടിക്കാരെപ്പോലും യു.എ.പി.യെ ചുമത്തി ജയിലിലാക്കിയത് . വ്യാജ ഏറ്റുമുട്ടല്‍ക്കൊലകളില്‍ ഏഴോളം മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നത്…

2 കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ജനവിരുദ്ധമായ നിയോ-ലിബറല്‍ വികസനനയം.

3- മുഖ്യമന്ത്രിയായ പിണറായി വിജയനെ മുന്‍നിര്‍ത്തിയുള്ള അധികാരകേന്ദ്രീകരണം, അതിന്റെ ഫലമായുള്ള ജനാധിപത്യവിരുദ്ധ നടപടികള്‍, അഴിമതികള്‍. കൊറോണയുടെ മറവില്‍ കോര്‍പ്പറേറ്റുകളുമായി നടത്തിയ ഡീലുകള്‍. (ഉദാഹരണമായി മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ കുത്തകകള്‍ക്ക് വില്‍ക്കുന്ന സ്പ്രിന്‍ങ്ക്‌ലെര്‍ എന്ന വിദേശകമ്പനിയുമായുള്ള കരാര്‍, പമ്പാത്രിവേണിയിലെ മണ്ണുമാറ്റുവാന്‍ കേരളാക്ലേയ്‌സ് ആന്റ് സിറാമിക്‌സ് കമ്പനിയുമായുണ്ടാക്കിയ കരാര്‍, പരിസ്ഥിതിക്ക് വിനാശകമാം വിധം ക്വാറികള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കുവാനുള്ള അനുമതി, സ്വര്‍ണ്ണക്കള്ളക്കടത്തുമായുള്ള ബന്ധങ്ങള്‍, ആഴക്കടല്‍ മല്‍സ്യബന്ധനം അമേരിക്കന്‍ കമ്പനിക്ക് വിട്ട് കൊടുക്കുന്ന കരാര്‍, വൈദ്യുതി വാങ്ങി അദാനിയ്ക്ക് ലാഭമുണ്ടാക്കുവാനുള്ള പദ്ധതി…).ഭൂരിഭാഗം കരാറുകളും ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടു എന്നത് മറ്റൊരു കാര്യം.

4-വിഭിന്ന മതങ്ങളെ, ജാതികളെ താല്പര്യങ്ങളെ തമ്മിലടിപ്പിച്ച്, വര്‍ഗ്ഗീയവും ജാതീയവുമായ ധ്രുവീകരണങ്ങള്‍ സൃഷ്ടിച്ച്, സംഘര്‍ഷങ്ങളെ പരമാവധി പെരുപ്പിച്ചുകൊണ്ട്, വോട്ട് തേടുന്ന ആപല്‍ക്കരമായ നയം. (ഉദാഹരണം ശബരിമലപ്രശ്‌നത്തെ സംഘര്‍ഷാത്മകമാക്കി വളര്‍ത്തിയെടുത്ത മുഖ്യ മന്ത്രിയുടെ നയം).

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ വീണ്ടും അധികാരത്തില്‍ വന്നതോടെ ഇത്തരം ചോദ്യങ്ങളെല്ലാം അപ്രസക്തമാണെന്ന ധാരണ പൊതുമണ്ഡലത്തില്‍ സൃഷ്ടിക്കപ്പെട്ടു. പൂര്‍വ്വാധികം ശക്തമായി മുന്നോട്ട് പോകാനുള്ള മാന്‍ഡേറ്റാണ് ജനങ്ങള്‍ നല്‍കിയതെന്ന വിശ്വാസത്തോടെ പരിസ്ഥിതി നാശകവും കോര്‍പ്പറേറ്റ് മൂലധനതാല്പര്യങ്ങള്‍ക്ക് വിധേയവുമായ ഒരു നിയോലിബറല്‍ വികസനനയത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ട്, ജനസമ്മര്‍ദ്ദം മൂലം പിന്‍വലിക്കേണ്ടിവന്ന പദ്ധതികള്‍ ഓരോന്നായി നടപ്പാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പുതിയ ഗവണ്മെന്റ്.

വിജയശ്രീലാളിതമായ പിണറായി ഗവണ്മെന്റിനെ അഭിനന്ദനങ്ങള്‍കൊണ്ടും സ്തുതിഗീതങ്ങള്‍ കൊണ്ടും വീര്‍പ്പു മുട്ടിച്ച് പുഷ്പവൃഷ്ടിയോടെയാണ് കേരളത്തിലെ പത്രമാദ്ധ്യമങ്ങളും, സാംസ്‌ക്കാരിക നായകന്മാരുംഎതിരേറ്റത്. ടി. പത്മനാഭന്‍, കെ സച്ചിദാനന്ദന്‍, സക്കറിയ, എന്‍.എസ്. മാധവന്‍ കമല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അശോകന്‍ ചെരുവില്‍, മീര, ബെന്യമീന്‍, സ്വാമി സന്ദീപാനന്ദഗിരി, ഇങ്ങനെ സാഹിത്യ രംഗത്തും കലാരംഗത്തും അത്മീയരംഗത്തും പലരീതിയില്‍ സ്ഥിരപ്രതിഷ്ഠ നേടിയവര്‍ എല്ലാവരും അടങ്ങിയ ഈ വൈതാളിക സംഘം വലുപ്പച്ചെറുപ്പമില്ലാതെ പിണറായിവിജയം ആഹ്ലാദ പുരസ്സരം കൊണ്ടാടി. തങ്ങളുടെ പ്രത്യയശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവും ആത്മീയവുമായ പിന്തുണ അവര്‍ ക്യാപ്റ്റന്‍ വിജയന് അര്‍പ്പിച്ചു. മംഗളപത്രങ്ങളും സംകീര്‍ത്തനങ്ങളും വിജയഗാഥകളും ഗദ്യത്തിലും പദ്യത്തിലും രചിക്കപ്പെട്ടു. എന്നാല്‍ എല്ലാവരെയും കടത്തിവെട്ടിയത് അദ്വൈത വേദാന്തിയും ഗീതാവ്യാഖ്യാതാവുമായ സന്ദീപാനന്ദഗിരിയാണ്. പിണറായി വിജയനെ അര്‍ജ്ജുനന്റെ പുനരവതാരമായി പ്രകീര്‍ത്തിച്ച് കൊണ്ട് ഇടതുപക്ഷ ഹിന്ദു സ്വാമിയായ സന്ദീപാനന്ദ ഗിരി ഫെയിസ് ബുക്കില്‍ എഴുതി: ധര്‍മ്മടത്ത് പാര്‍ത്ഥന്‍ വിജയനായി അവതരിക്കുമെന്ന് ഭവിഷ്യപുരാണത്തിലും കൃത്യമായ സൂചനയുണ്ട്.” എന്ന് മാത്രമല്ല ,…സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുമ്പോള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു…ഇതുപോലൊരു സത്യപ്രതിജ്ഞ ഇതിനുമുമ്പുണ്ടായത് ത്രേതായുഗത്തിലെ ശ്രീരാമ പട്ടാഭിഷേകത്തിനു മാത്രമായിരുന്നു.”എന്ന് ത്രികാലജ്ഞനായ അഭിനവ മാര്‍ക്‌സിസ്റ്റ് സ്വാമി സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ക്യാപ്റ്റന്‍ വിജയന്റെ രണ്ടാമൂഴത്തെ, രണ്ടാം സര്‍ക്കാരിനെ യാതൊരു സന്ദേഹത്തിന്റെയും ലാഞ്ചന പോലുമില്ലാതെയാണ് കേരളത്തിന്റെ പൊതുബോധത്തെ രൂപീകരിക്കുന്നവരും അഭിപ്രായോല്പാദകരുമായ സാഹിത്യ സാംസ്‌ക്കാരിക ബൗദ്ധിക നായകന്മാര്‍ നെഞ്ചേറ്റിയത്.
എന്നാല്‍ ഈ വിജയകാഹളങ്ങളെയും, മംഗളസ്തുതി വാദ്യഗീതലയങ്ങളെയും, കീറി മുറിച്ച് കൊണ്ട് നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ വിവേകത്തിന്റെ ഒരു സ്‌ത്രൈണസ്വരം നിശിതവും തീക്ഷ്ണവുമായി മുഴങ്ങിക്കേട്ടു: 51 വെട്ടുകളോടെ കൊലചെയ്യപ്പെട്ട വിമത കമ്മ്യൂണിസ്റ്റുകാരനായ ചന്ദ്രശേഖരന്റെ പത്‌നി കെ.കെ. രമയുടെ ശബ്ദം. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് അവര്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നത്:

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1-ഒന്നാം പിണറായി ഗവണ്മെന്റിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ ആക്ഷേപവും വിമര്‍ശനവും ഉയര്‍ന്നു വന്നത് ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയാണെങ്കിലും പുതിയ ഗവണ്‍മെന്റ് അതിന്റെ നയപ്രഖ്യാപനവേളയില്‍ മുമ്പുണ്ടായ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിക്കുവാനോ ആഭ്യന്തര നയങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാനോ ഇതേവരെ തയാറായില്ല.

2 പിണറായി ഗവണ്മെന്റ് പിന്തുടരുന്ന വികസനനയം ആളുകളെ കുടിയൊഴിപ്പിക്കുകയും ഇരകളാക്കി മാറ്റുകയും ചെയ്യുന്ന നവലിബറല്‍ മൂലധന വികസനനയമാണെന്നും കെ. റെയില്‍ പോലുള്ള തികച്ചും ജനവിരുദ്ധമായ, മൂലധനാധിഷ്ഠിതമായ പദ്ധതികള്‍ ആയിരക്കണക്കിന് മനുഷ്യരെ കിടപ്പാടങ്ങളില്‍ നിന്നും ആവാസവ്യവസ്ഥകളില്‍ നിന്നും പുറന്തള്ളുക മാത്രമല്ല കേരളത്തിന്റെ അവശിഷ്ട പ്രകൃതി സമ്പത്തുകളെപ്പോലും നശിപ്പിക്കുന്നതാണെന്നും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ ഹനിക്കുന്നതാണെന്നും അവര്‍ വിമര്‍ശിച്ചു.

3-വികസനത്തിന്റെ മാന്ത്രികക്കുടമായി, വരുമാന സ്രോതസ്സായി കിഫ്ബിയെ അവതരിപ്പിക്കുന്ന സര്‍ക്കാര്‍ അനേകകാലത്തെ കേരളത്തിന്റെ നികുതിവരുമാനങ്ങള്‍ ആഗോള ധനകാര്യശക്തികള്‍ക്ക് വന്‍ പലിശയ്ക്ക് പണയപ്പെടുത്തിയ ഒരു വായ്പക്കെണിയാണ് എന്ന യാഥാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നു.

തിരഞ്ഞെടുപ്പുകാലത്തും തുടര്‍ന്നും കേരളത്തിലെ ജനങ്ങള്‍ കാണിച്ച ജാഗ്രതക്കുറവിനും, സംസ്‌ക്കാരിക ബൗദ്ധിക മേഖലയിലെ നായകന്മാര്‍ പ്രകടിപ്പിച്ച ആത്മവഞ്ചനയ്ക്കും അനുരഞ്ജനത്തിനും അധികാര ആരാധനയ്ക്കും നാം കൊടുക്കേണ്ട കനത്ത വില എന്തായിരിക്കും എന്നതിന്റെ സൂചനകളായി വേണം വയനാട്ടിലെ മുട്ടില്‍ തൊട്ട് കേരളത്തിലങ്ങോള മിങ്ങോളം നടന്ന വന്‍മരം വെട്ടലിനെയും കൊറോണാ മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ജനജീവിതവും ജീവിതോപാധികളും കൊടുംതകര്‍ച്ചയെ നേരിടുന്ന ഒരു പ്രതിസന്ധി സന്ദര്‍ഭത്തില്‍ പരിസ്ഥിതി നാശകമായ കെ.റയില്‍ പദ്ധതി നടപ്പാന്‍ പിണറായി ഗവണ്മെന്റെടുത്ത തിരക്കിട്ട തീരുമാനത്തെയും കാണേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply