മല്‍സ്യമേഖലയെ മറന്ന ജനകീയാസൂത്രണം

ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണല്ലോ?അധികാരവും സമ്പത്തും താഴെത്തട്ടിലേക്ക് നല്‍കി, വികസനപ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നു എന്നാണ് ജനകീയാസൂത്രണത്തിന്റെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നത്. വികസനം മുകള്‍ത്തട്ടില്‍ നിന്നും ആസൂത്രണം ചെയ്ത് താഴെതട്ടില്‍ നടപ്പിലാക്കികൊണ്ടിരുന്നതിനു പകരമായി വികസനാവശ്യങ്ങള്‍ താഴെ തട്ടില്‍ തന്നെ ചര്‍ച്ചചെയ്യുകയും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്നാണ് അവരുടെ അവകാശവാദം. ഇതിനായി സംസ്ഥാനത്തിന്റെ പദ്ധതിവിഹിതത്തിന്റെ വലിയൊരു ശതമാനം തുക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും അവ എങ്ങനെ ചെലവഴിക്കണമെന്ന് കാലാകാലങ്ങളില്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യാറുണ്ട്. ഇതുവരെയുള്ള വികസനപ്രക്രിയയില്‍ പങ്കാളികള്‍ ആകാന്‍ കഴിയാതെ പോവുകയും,വികസനത്തിന്റെ ഫലങ്ങളൊന്നും തന്നെ ലഭിക്കാതെ പോവുകയും ചെയ്ത കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിന് ജനകീയാസൂത്രണം എന്ത് ഗുണം ചെയ്തുവെന്ന് ഔദ്യോഗിക സംവിധാനങ്ങളുടെ വക്താക്കളാരും ഒന്നും പറയുന്നില്ല.

തദ്ദേശ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കിലയോ, മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെട്ട സംസ്ഥാന മത്സ്യവകുപ്പോ കഴിഞ്ഞ 25വര്‍ഷക്കാലം ജനകീയാസൂത്രണം മത്സ്യത്തൊഴിലാളി മേഖലയില്‍ എന്തെല്ലാം ‘ഗുണങ്ങള്‍’ചെയ്തുവെന്ന് നാളിതുവരെ പഠനം നടത്തുകയോ പൊതുസമൂഹത്തിനു മുന്‍പാകെ അവ പറയുകയോ ചെയ്തിട്ടില്ല. ഏറ്റവുമധികം പാര്‍ശ്വവല്‍കൃതമായ ഒരു വിഭാഗത്തിന് ഇത്രയും ‘വലിയൊരു പദ്ധതി’എങ്ങനെ ഗുണം ചെയ്തുവെന്ന് പ്രത്യേകമായി പഠിച്ചിട്ടില്ല എന്നത് തന്നെ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള ഔദ്യോഗിക സമീപനം വ്യക്തമാക്കുന്നതാണ്. പാര്‍ശ്വവത്കൃതമായ ഒരു സമൂഹത്തെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്,ആ സമൂഹത്തിന്റെ സവിശേഷതകള്‍ അംഗീകരിച്ചുകൊണ്ട് അവര്‍ക്കു പ്രത്യകമായ പരിഗണന നല്‍കികൊണ്ടും,അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ പ്രത്യേകമായി നടപ്പിലാക്കി കൊണ്ടുമായിരിക്കണം.

കേരളത്തിന്റെ പാര്‍ശ്വവത്കൃത സാമൂഹ്യ വിഭാഗങ്ങളെക്കുറിച്ചു പറയുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ എന്നാണ് സാധാരണ പറയാറ്.പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെപ്പോലെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍, ‘കോളനികളില്‍’കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് എന്നും അവഗണന മാത്രമാണ് ലഭിച്ചിട്ടുള്ളത്. പൊതുസമൂഹത്തിനു കുറഞ്ഞ ചെലവില്‍ കൂടുതല്‍ പോഷകമൂല്യമുള്ള ആഹാരവും, ഖജനാവിലേക്ക് കോടിക്കണക്കിനു രൂപയ്ക്ക് തുല്യമായ വിദേശനാണ്യവും പ്രദാനം ചെയ്യുന്നവരാണ് കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍. എന്നാല്‍ ഭൂമി, വാസയോഗ്യമായവീട്, കുടിവെള്ളം, ശുചിത്വ സൗകര്യം,ആശുപത്രി സൗകര്യം, വിദ്യാഭ്യാസ സൗകര്യം എന്നിവ ഏറ്റവും കുറവുള്ള ജനവിഭാഗമായി ഇക്കൂട്ടര്‍ ഇപ്പോഴും കഴിയുന്നു. കഴിഞ്ഞ 25വര്‍ഷങ്ങളായി നടപ്പിലാക്കികൊണ്ടി രിക്കുന്ന വികേന്ദ്രീകൃത-ജനകീയസൂത്രണ പദ്ധതികള്‍ക്കൊന്നും ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനോ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല.

ജനകീസൂത്രണത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി പറയുന്ന, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന വികസനവും ആസൂത്രണവും, എങ്ങനെയൊക്കെ ആയിരിക്കണമെന്നതിന് ഓരോ പഞ്ചവത്സര പദ്ധതികാലത്തും ഓരോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. ഇതില്‍ അനിവാര്യമായും ഓരോ തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട പദ്ധതികള്‍, അവയ്ക്ക് നിര്‍ബന്ധമായും മാറ്റിവെയ്‌ക്കേണ്ട വിഹിതം എന്നിവയെല്ലാം പറയാറുണ്ട്. ഈ മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരവരുടെ ആസൂത്രണ നയങ്ങള്‍ക്ക് രൂപം നല്‍കുകയും, അവ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള പ്രോജക്റ്റുകള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയും ചെയ്യുന്നത്. പ്രത്യേകപരിഗണന അര്‍ഹിക്കുന്ന പട്ടികജാതിവിഭാഗങ്ങള്‍ക്കായി പട്ടികജാതി ഉപപദ്ധതി (എസ്. സി. പി), പട്ടികവര്‍ഗ്ഗങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ ഉപപദ്ധതി (ടി. എസ്. പി), വനിതകള്‍ക്കായി വനിതാഘടകപദ്ധതി, കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി പ്രത്യേക പദ്ധതി, വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രത്യേകപദ്ധതി, എന്നിങ്ങനെ പ്രത്യേകം ഉപപദ്ധതികള്‍ വാര്‍ഷികപദ്ധതിയുടെ ഭാഗമായി തയ്യാറാക്കണമെന്നും, ഉപപദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ തുക നിര്‍ബന്ധമായും മാറ്റിവെയ്ക്കണമെന്നും, ആ തുക ലാപ്‌സാക്കുകയോ, വകമാറി ചെലവഴിക്കുകയോ ചെയ്യരുതെന്നും കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ഉത്തരുവുകളില്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പട്ടികവര്‍ഗ്ഗക്കാരുടെയും, പട്ടികജാതിവിഭാഗക്കാരുടെയും, സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഓരോ തദ്ദേശ ഭരണ സ്ഥാപനവും വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രത്യേകമായി ഉപപദ്ധതി തയ്യാറാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. അതാത് വിഭാഗങ്ങളുടെ സാമ്പത്തിക വികസനം, സാമൂഹ്യ വികസനം, പശ്ചാത്തല വികസനം എന്നിവ ഉറപ്പുവരുത്തുന്നവയാകണം ഉപപദ്ധതികളെന്നും ഉത്തരവില്‍ പറയുന്നുണ്ട്.വ്യക്തികള്‍ക്കും,കുടുംബങ്ങള്‍ക്കും നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രോജക്റ്റുകളും പൊതുസൗകര്യ വികസനത്തിനുള്ള പ്രോജക്റ്റുകളും ഇതിന്റെ ഭാഗമായി നടപ്പിലാക്കണമെന്ന് ഉത്തരവായിട്ടുണ്ട്. ഇവിടെയെല്ലാം ഈ വിഭാഗങ്ങള്‍ക്കൊപ്പം പരിഗണിക്കേണ്ടവരായി മത്സ്യത്തൊഴിലാളികളെ നമ്മുടെ ആസൂത്രണ വിദഗ്ദ്ധര്‍ കാണുന്നില്ല.ഇതുമൂലം പട്ടികജാതി-പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കും, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍ മുതലായ സാമൂഹ്യ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന നാമമാത്രമായ വിഭവങ്ങള്‍ പോലും അതേ പാര്‍ശ്വവല്‍കൃത വിഭാഗത്തില്‍പ്പെടന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്‌ലഭിക്കുന്നില്ല.മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനം ഉറപ്പ് വരുത്തുന്ന പ്രോജക്റ്റുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നടപ്പിലാക്കിയേ മതിയാകൂ എന്ന നിര്‍ദ്ദേശമി ല്ലാത്തതുകൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ അധിവസിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതികളിലോ, പ്രോജക്ടുകളിലൊ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ളതോ, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു ഉതകുന്നതോ ആയ പദ്ധതികള്‍ ഉണ്ടാകുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-19മുതല്‍ 2021-22വരെയുള്ള വാര്‍ഷികപദ്ധതികള്‍ തയ്യാറാക്കുന്നതിനായുള്ള മാര്‍ഗ്ഗരേഖ (29.01.2018ലെ സ. ഉ. (കൈ)നം.11/2018/ത.സ്വ.ഭ.വ.)യില്‍ പോലും ‘മത്സ്യമേഖല ഉള്‍പ്പെടുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക വികസനത്തിനും പുനരധിവാസത്തിനുമുള്ള പ്രോജക്റ്റുകള്‍ ആവിഷ്‌കരിക്കേണ്ടതാണ്’എന്നൊരു ഒഴുക്കന്‍മട്ടിലുള്ള പ്രസ്താവന നടത്തുന്നു എന്നല്ലാതെ ഇതിനുള്ള പ്രോജക്റ്റുകള്‍ അനിവാര്യ പ്രോജക്ടുകളായി നടപ്പിലാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് മത്സ്യത്തൊഴിലാളി മേഖലകളിലെ തദ്ദേശഭരണ സ്ഥാപങ്ങളില്‍ പോലും മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മുന്‍ത്തിയുള്ള പ്രോജക്റ്റുകള്‍ ഉണ്ടാകാതെ പോകുന്നത്. ഇവിടങ്ങളില്‍ മത്സ്യവകുപ്പിന്റെ ഉദ്യോഗസ്ഥന്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടെങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥനെ കണ്‍വീനറാക്കി പ്രത്യേകം വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും കൃഷി ആഫീസര്‍ കണ്‍വീനര്‍ ആയുള്ള കൃഷിയും അനുബന്ധ വികസനവും വര്‍ക്കിങ് ഗ്രൂപ്പ് ആണ് തീരദേശ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പോലും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതും പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതും.പൊതു മാനദണ്ഡമനുസരിച്ചു മലനാട്ടിലേയോ ഇടനാട്ടിലെയോ ഒരു തദ്ദേശ സ്ഥാപനത്തില്‍ രൂപം നല്‍കുന്ന പ്രോജക്റ്റുകള്‍ക്ക് സമാനമായ പ്രോജക്റ്റുകള്‍ തന്നെ ഈ സ്ഥലങ്ങളുമായോ, അവിടത്തെ ജനങ്ങളുമായോ, അവരുടെ ജീവനോ പാധികളുമായോ, ജീവിതരീതികളുമായോ യാതൊരു തരത്തിലും സാമ്യമില്ലാത്ത തീരദേശ തദ്ദേശ സ്ഥാപനങ്ങളിലും രൂപം നല്കാനും നടപ്പിലാക്കാണും നിര്‍ബന്ധി തരാകുന്നു.ഇത്തരം പദ്ധതികളും പ്രോജക്റ്റുകളും മത്സ്യത്തൊഴിലാളികള്‍ക്ക് എത്രമാത്രം ഗുണകരമാവുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. മത്സ്യത്തൊഴിലാളിക്ഷേമമാണ് ലക്ഷ്യമിടുന്നതെങ്കില്‍ തീരദേശ തദ്ദേശ സ്ഥാപനങ്ങളില്‍ എങ്കിലും മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനുള്ള ഉപപദ്ധതികളും പ്രോജകറ്റുകളുംഉണ്ടാവണമെന്നും ഈ അനിവാര്യപദ്ധതികളും പ്രോജകറ്റുകളും സമയബന്ധിതമായും സുതാര്യമായും നടപ്പിട്ടിലാക്കണമെന്നും, ഇതിനായി വക കൊള്ളിക്കുന്ന തുക യാതൊരുകാരണവശാലും ലാപ്‌സ് ആക്കരുതെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി പോലെയും വനിതാഘടകപദ്ധതി പോലെയും മല്‍സ്യമേഖലയുടെ വികസനത്തിനും വേണം ഒരു കോസ്റ്റല്‍ സബ് പ്ലാന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply