ജനകീയ ആരോഗ്യ സേന രൂപീകരിക്കണം

മുഖ്യമന്ത്രി പിണറായി വിജയന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതി സമര്‍പ്പിക്കുന്ന നിവേദനം

ലോകത്താകെ ഭീതി പരത്തുന്ന കൊവിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നടപടികള്‍ക്കും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘാടക സമിതി പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. തികച്ചും മാതൃകാപരമായ പ്രവര്‍ത്തനമാണ് ആരോഗ്യ വകുപ്പും ആരോഗ്യ വകുപ്പ് ജീവനക്കാരും നടത്തുന്നത്. ഒരു മഹാമാരി സൃഷ്ടിച്ചേക്കാവുന്ന വിപത്തിനെ തടയാന്‍ നമ്മുടെ ഭരണ സംവിധാനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുമെല്ലാം പരമാവധി ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ ഈ പരിശ്രമങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും ആശാവഹമാണ്.

കൊവിഡ് 19ന്റെ സാമൂഹിക വ്യാപനത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോള്‍ കേരളം. അതിനെ നേരിടാന്‍ കൂടുതല്‍ ഫലപ്രദവും ഏകോപിതവുമായ പ്രവര്‍ത്തനങ്ങളും നടപടികളും ആവശ്യമാണ്. ആ സാഹചര്യത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം കൊറോണ വ്യാപനം മൂലം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിനായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു.

1. രോഗ വ്യാപനം തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും വിപുലമായ ഒരു ജനകീയ ആരോഗ്യ സേന രൂപവല്‍ക്കരിക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള ജീവനക്കാരെയും മെഡിക്കല്‍- നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാരെയും വാര്‍ഡ് മെമ്പര്‍മാരെയും ഓരോ പ്രദേശത്തെയും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെയും ഏകോപിപ്പിച്ചു കൊണ്ട് ജനകീയ ആരോഗ്യ സേന രൂപീകരിക്കാവുന്നതാണ്.

2. തെരുവുകളില്‍ കഴിയുന്നവര്‍, ആദിവാസി, തോട്ടം മേഖല പോലുള്ള പിന്നാക്ക പ്രദേശങ്ങളില്‍ കഴിയുന്നവര്‍, ചേരി- പുറമ്പോക്ക് നിവാസികള്‍, വൃദ്ധര്‍, ഒറ്റക്ക് കഴിയുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമുണ്ട്. ഇവര്‍ക്ക് അത് ലഭ്യമാക്കാന്‍ ജനകീയ ആരോഗ്യ സേനയുടെ ഇടപെടലിന് കഴിയും.

3. പ്രാഥമിക ആരോഗ്യ കേന്ദങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും കൊറോണ രോഗികള്‍ക്ക് വെന്റിലേറ്ററുകളും ഐസിയുകളും മറ്റ് പരിശോധന ഉപകരണങ്ങളും അടിയന്തരമായി സജ്ജമാക്കണം. അതിനായി കേന്ദ്ര സഹായം, എം പി ഫണ്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായം, പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവന തുടങ്ങിയ സാധ്യതകള്‍ തേടാവുന്നതാണ്.

4. ചികിത്സക്കും രോഗികളെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാനും ആവശ്യമെന്ന് കണ്ടാല്‍ സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം. രോഗത്തിന്റെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന ചൂഷണം പൂര്‍ണ്ണമായും തടയണം.

5. നഗരങ്ങളിലും ചെറുപട്ടണങ്ങളിലും തെരുവില്‍ കഴിയുന്നവരെ ഷെല്‍ട്ടര്‍ ഹോമുകള്‍ കണ്ടെത്തി അടിയന്തരമായി പുനരധിവസിപ്പിക്കണം.

6. കൊറോണ വ്യാപനം തടയുന്നത് പോലെ പ്രാധാന്യമുള്ളതാണ് രോഗ വ്യാപനവും ലോക്ക് ഡൗണും സാമൂഹിക- സാമ്പത്തിക മേഖലയില്‍ സൃഷ്ടിക്കുന്ന വലിയ പ്രത്യാഘാതങ്ങളെ നേരിടുകയെന്നതും. ദിവസക്കൂലിക്കാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ചെറിയ വരുമാനമുള്ള അസംഘടിത തൊഴിലാളികള്‍, ചെറുകിട- നാമമാത്ര കര്‍ഷകര്‍, നിര്‍മാണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും നേരിടുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തര നടപടി സ്വീകരിക്കണം.

7. കൊറോണ വ്യാപനം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 20000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിലവിലുള്ള അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പര്യാപ്തമല്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉടന്‍ സഹായധനം നല്‍കാന്‍ ആവശ്യപ്പെടണം. അതിനായി യോജിച്ച സമ്മര്‍ദ്ദങ്ങള്‍ക്ക് തയ്യാറാകണമെന്ന് സാമൂഹിക- രാഷ്ട്രീയ സംഘടനകളോട് നിര്‍ദ്ദേശിക്കണം.

കൊവിഡ് 19 എന്ന മഹാമാരിയെ പരാജയപ്പെടുത്താന്‍ കേരളത്തിനും ഇന്ത്യക്കും കഴിയുമെന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. അതിനായി ഒറ്റക്കെട്ടായി നില്‍ക്കാം.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി

സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍)
കെ കെ കൊച്ച്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കെ സുനില്‍ കുമാര്‍, പി ജെ തോമസ്, ശശികുമാര്‍ കിഴക്കേടം, ഫിലോസ് കോശി (കണ്‍വീനര്‍മാര്‍).

നിവേദനം നല്‍കുന്നത്:

സണ്ണി എം കപിക്കാട്
മൊബൈല്‍: 9847036356
sunnykapikkad@gmail.com

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply