കര്‍ഷകസത്യങ്ങളും സര്‍ക്കാര്‍ നുണകളും

കര്‍ഷകപ്രക്ഷോഭങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുന്ന വിശദമായ പഠനം.

ഇക്കഴിഞ്ഞ സെപ്തമ്പര്‍ 17ന് പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമഭേദഗതികള്‍ രാഷ്ട്രപതി ഒപ്പിട്ടതോടു കൂടി രാജ്യത്തെ നിയമമായി മാറിക്കഴിഞ്ഞിരിക്കുകയാണല്ലോ. കാര്‍ഷിക മേഖലയെയും ഭക്ഷ്യധാന്യ സംഭരണത്തെയും വലിയ തോതില്‍ ബാധിക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ക്കാണ് 2020 ജൂണ്‍ 5ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. 1. ഫാര്‍മേര്‍സ് എംപവര്‍മെന്റ് ആന്റ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് ആന്റ് ഫാം സര്‍വ്വീസ് ആക്ട് 2020, 2. ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ആക്ട് 2020, 3. എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ്‌മെന്റ്)ആക്ട് 2020. എന്നിവയാണ് ഇവ. മന്ത്രിസഭ ഈ മൂന്ന് ഓര്‍ഡിനന്‍സുകളും അംഗീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം (ജൂണ്‍ 6ന്) തന്നെ ഉത്തരേന്ത്യയില്‍ വിവിധ കര്‍ഷക സംഘടനകള്‍ കര്‍ഷക വിരുദ്ധമായ ഈ ഓര്‍ഡിനന്‍സിനെതിരായി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ കര്‍ഷക പ്രതിഷേധങ്ങളെ വകവെക്കാതെ നിയമനിര്‍മ്മാണവുമായി മുന്നോട്ടുപോകാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. പാര്‍ലമെന്റിലും രാജ്യസഭയിലും കാര്യമായ ചര്‍ച്ചകള്‍ പോലും നടത്താതെ, കാര്‍ഷിക മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ മുന്ന് ബില്ലുകളും സര്‍ക്കാര്‍ പാസാക്കിയെടുക്കുകയും രാഷ്ട്രപതിയുടെ അനുമതി നേടിയെടുക്കുകയും ചെയ്തു.

ജൂണ്‍ 6 മുതല്‍ നവമ്പര്‍ 25 വരെയുള്ള കാലയളവില്‍ നിരവധി നിവേദനങ്ങളും പ്രതിഷേധങ്ങളും ട്രാക്ടര്‍ റാലികളും രാജ്യമെങ്ങും സംഘടിപ്പിക്കുകയും തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയതിന് ശേഷമാണ് ഇന്ത്യയിലെ 500ലധികം കര്‍ഷക സംഘടനകളുടെ മുന്‍കൈയ്യിലുള്ള അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവമ്പര്‍ 26ന് ദില്ലി ചലോ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ഐതിഹാസികമായ പ്രക്ഷോഭമായി ദില്ലി ചലോ പ്രക്ഷോഭം മാറുന്നതും സര്‍ക്കാര്‍ ഏറ്റവും നിഷ്ഠൂരമായ രീതിയില്‍ പ്രക്ഷോഭത്തെ നേരിടുന്നതും നാം കണ്ടു. ദില്ലിയിലേക്ക് പുറപ്പെട്ട പതിനായിരക്കണക്കിന് കര്‍ഷകരെ കണ്ണീര്‍ വാതകം, ജലപീരങ്കികള്‍, ലാത്തിച്ചാര്‍ജ്ജുകള്‍ എന്നിവയിലൂടെയും മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും നേരിടാമെന്ന ഭരണകൂട ധാര്‍ഷ്ട്യത്തെ കര്‍ഷകര്‍ ഒറ്റക്കെട്ടായി നേരിട്ടു. ദില്ലിയിലേക്കുള്ള പ്രധാന പാതകളെല്ലാം ഇന്ന് കര്‍ഷക ഉപരോധത്തിന്റെ പിടിയിലാണ്.

ഭീഷണിയുടെയും മര്‍ദ്ദനത്തിന്റെയും വഴികളിലൂടെ കര്‍ഷക രോഷത്തിന് തടയിടാനാകില്ലെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭത്തെ അവമതിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദികളാണ് സമരത്തിന്റെ പിന്നിലെന്ന് പറഞ്ഞവര്‍ പിന്നീട് ഇടതു തീവ്രവാദികളാണ് പ്രക്ഷോഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് പ്രചരിപ്പിച്ചു. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ നഷ്ടം സംഭവിക്കുന്ന ഇടനിലക്കാരാണ് സമരത്തിന് ധനസഹായം നല്‍കുന്നതെന്ന പ്രചരണവും ഒരു ഘട്ടത്തില്‍ അഴിച്ചുവിട്ടു. എന്നാല്‍ ഇത്തരം പ്രചരണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് തയ്യാറാകേണ്ടി വന്നു. അഞ്ച് തവണ ചര്‍ച്ചയ്ക്കായി ചെന്ന സമര നേതാക്കളെ അനുനയിപ്പിച്ച് വശത്താക്കാമെന്ന സര്‍ക്കാരിന്റെ വ്യാമോഹത്തെ, പുതിയ നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചയുമായി മുമ്പോട്ടുപോകാന്‍ തങ്ങള്‍ സന്നദ്ധരല്ലെന്ന് കര്‍ഷക സംഘടനകള്‍ ഐകകണ്‌ഠേന അറിയിച്ചിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നവമ്പര്‍ 26ന് ആരംഭിച്ച പ്രക്ഷോഭം ഇപ്പോള്‍ ഒരു മാസം പിന്നിട്ടിരിക്കുന്നു. ദില്ലിയിലെ കൊടുംശൈത്യത്തില്‍, എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട്, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നിന്ന് ഒരടിപോലും പിന്നോട്ടുപോകാതെ കര്‍ഷകര്‍ തങ്ങളുടെ ഐതിഹാസിക സമരവുമായി മുന്നോട്ടുപോകുകയാണ്. രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭത്തോട് ഐക്യപ്പെട്ടുകൊണ്ട് ധര്‍ണ്ണകളും ഉപവാസങ്ങളും റോഡ് ഉപരോധങ്ങളും റാലികളും സംഘടിപ്പിക്കുകയാണ്. ഈയവസരത്തില്‍ കര്‍ഷക പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളും, ഔദ്യോഗിക വാര്‍ത്താവിതരണ സംവിധാനങ്ങളും ഈ പ്രചരണങ്ങളുടെ മുന്‍പന്തിയിലുണ്ട്. കര്‍ഷകരുടെ ജീവിതത്തെയും ഇന്ത്യയുടെ കാര്‍ഷിക ഭാവിയെയും പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അഹിംസാത്മകമായ രീതിയില്‍ നടക്കുന്ന ഈ പ്രക്ഷോഭം വിജയിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഭാവി ഇന്ത്യയുടെയും ആവശ്യമാണ്. സര്‍ക്കാര്‍ നടത്തുന്ന നുണ പ്രചരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെന്താണെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അസത്യങ്ങള്‍ ആവര്‍ത്തിച്ച് സത്യങ്ങളാക്കുന്നതില്‍ വിദഗ്ദ്ധരായ, ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ അഴിച്ചുവിടുന്ന നുണപ്രചരണങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുകയാണ് ഇവിടെ.

എന്താണ് കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍?

1. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങളും നിരുപാധികം പിന്‍വലിക്കുക.
2. മിനിമം സഹായ വില (താങ്ങുവില) നിയമപരമായ അവകാശമായി പ്രഖ്യാപിക്കുക.
3. സര്‍ക്കാര്‍ മണ്ഡികള്‍ (എപിഎംസി) ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കുക.
4. മിനിമം സഹായ വില പ്രഖ്യാപിച്ച മുഴുവന്‍ വിളകളും സര്‍ക്കാര്‍ സംഭരിക്കുക.
5. കര്‍ഷകര്‍ക്കുള്ള സൗജന്യങ്ങള്‍ എടുത്തുകളയുന്ന കേന്ദ്ര ഇലക്ട്രിസിറ്റി ആക്ട് (ഭേദഗതി) കരട് ബില്‍ 2020 പിന്‍വലിക്കുക.
6. കൃഷി ഭൂമിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ട്രിബ്യൂണല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.
7. വനാവകാശ നിയമം ഉറപ്പുവരുത്തുക. എന്നിവയാണ് കര്‍ഷക പ്രക്ഷോഭകര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

എന്നാല്‍ പുതിയ കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്തുകയാണ് ചിലര്‍ ചെയ്യുന്നതെന്നും വസ്തുതകള്‍ വളച്ചൊടിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുവാനാണ് ശ്രമിക്കുന്നതെന്നും അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര കൃഷി മന്ത്രാലയം എല്ലാ ഭാഷകളിലും ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യുകയാണ്. ഈ ലഘുലേഖകളിലൂടെയും സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളിലൂടെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നിലെ വസ്തുതകളെന്താണെന്ന് പരിശോധിക്കാം.

സര്‍ക്കാര്‍: രാജ്യത്തെ കോടിക്കണക്കായ കര്‍ഷകരുമായി ചര്‍ച്ച ചെയ്തിട്ടാണ് നിയമം പാസാക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകാലമായി കാര്‍ഷിക മേഖലയിലെ നിയമ പരിഷ്‌കരണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു.

കര്‍ഷകര്‍: കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നതാണ് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാലത് കാര്‍ഷിക മേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകളായിരുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് മിതമായ വില ലഭിക്കുന്നതടക്കമുള്ള വിഷയങ്ങളെക്കുറിച്ചായിരുന്നു. നിലവില്‍ സര്‍ക്കാര്‍ നടത്തിയിരിക്കുന്ന നിയമ നിര്‍മ്മാണത്തെ സംബന്ധിച്ച് ഇന്ത്യയിലെ ഒരൊറ്റ കര്‍ഷക സംഘടനകളുമായും കൂടിയാലോചനകള്‍ നടത്തുകയുണ്ടായിട്ടില്ല. എന്നുമാത്രമല്ല, പാര്‍ലമെന്റിലോ, രാജ്യസഭയിലോ മതിയായ ചര്‍ച്ചകള്‍ കൂടാതെയാണ് നിയമം പാസാക്കിയിരിക്കുന്നത്. രാജ്യസഭയില്‍ ഒരൊറ്റ ദിവസം കൊണ്ടാണ് ബില്‍ പാസാക്കപ്പെട്ടത്. പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ബില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു.

സര്‍ക്കാര്‍: കര്‍ഷകര്‍ക്ക് മിനിമം സഹായ വില ഉറപ്പുനല്‍കിയ സര്‍ക്കാരാണിത്. കര്‍ഷകരോട് പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ ചെയ്യില്ല.

കര്‍ഷകര്‍: കാര്‍ഷിക മേഖലയില്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന് വാഗ്ദ്ധാനം നല്‍കി 2014ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അത് നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, പ്രായോഗികമായി അത് സാധ്യമല്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തു. ഈയൊരു സത്യവാങ്മൂലത്തിന് യുക്തിസഹമായ കാരണങ്ങള്‍ നിരത്താന്‍ പോലും നാളിതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൃഷി ഭൂമിയുടെ സംരക്ഷണം, കാര്യക്ഷമമായ ഭൂവിനിയോഗം എന്നിവ ഉറപ്പുവരുത്തുന്നതിനായി ദേശീയ ഭൂനിയമം നടപ്പിലാക്കും എന്ന് 2014ലെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ബിജെപി ഉറപ്പുനല്‍കുകയുണ്ടായി. എന്നാല്‍ അധികാരത്തിലെത്തി ആറ് മാസം തികയുന്നതിന് മുമ്പ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുകയായിരുന്നു അവര്‍ ചെയ്തത്. ഒട്ടേറെ പുരോഗമന സ്വഭാവം നിലനിന്നിരുന്ന 2011ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ഏറ്റവും സുപ്രധാനങ്ങളായ രണ്ട് വകുപ്പുകള്‍ – അനുമതി നിബന്ധനകള്‍(Consent Clause), സാമൂഹ്യ പ്രത്യാഘാത നിര്‍ണ്ണയം (Social Impact Assessment) ന്നിവ റദ്ദുചെയ്തുകൊണ്ടായിരുന്നു പുതിയ ഓര്‍ഡിനന്‍സ് മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയത്. വ്യവസായ-ഭൂമാഫിയകള്‍ക്ക് ചുളുവിലയ്ക്ക്, തടസ്സങ്ങളേതുമില്ലാതെ കൃഷി ഭൂമി ഏറ്റെടുക്കുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു ബിജെപി ചെയ്തത്.

സര്‍ക്കാര്‍: സര്‍ക്കാര്‍ ചന്തകളും, എപിഎംസികളും ഇല്ലാതാക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എപിഎംസികള്‍ എടുത്തുകളയാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല.

കര്‍ഷകര്‍: നിലവില്‍ പാസാക്കിയിരിക്കുന്ന നിയമങ്ങള്‍ അതേപടി നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ മണ്ഡികള്‍ ചെറിയൊരു കാലയളവുകൊണ്ടുതന്നെ നാമാവശേഷമാകും. സര്‍ക്കാരിന് അവ എടുത്തുകളയേണ്ട ആവശ്യം വരില്ല. സര്‍ക്കാര്‍ അധീനതകളിലുള്ള എപിഎംസികളുടെ കുത്തക അവസാനിപ്പിക്കാന്‍ (!) എന്ന പേരില്‍ അവയ്ക്ക് പുറത്ത് സ്വകാര്യ കച്ചവടക്കാര്‍ക്ക് ഇടപെടാന്‍ ‘വിപണി മേഖലകള്‍’ (Trade Areas) സൃഷ്ടിക്കുകയും എപിഎംസികള്‍ക്ക് ബാധകമായ നികുതികള്‍, സെസ്സ് എന്നിവയില്‍ നിന്ന് അവയെ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള, ഇപ്പോള്‍ത്തന്നെ ദുര്‍ബലാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡികള്‍ കാലക്രമേണ ഇല്ലാതാകുകയും സ്വകാര്യ ട്രേഡര്‍മാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിളകള്‍ വില്‍ക്കുവാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരാകുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും.

സര്‍ക്കാര്‍ ചന്തകള്‍ അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ വാസ്തവികത മനസ്സിലാകും. ബീഹാര്‍ സംസ്ഥാനത്ത് എപിഎംസികള്‍ പ്രവര്‍ത്തിക്കുന്നില്ല. അവിടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മിനിമം വിലയ്ക്കും വളരെ താഴെയാണ് കര്‍ഷകര്‍ക്ക് വില ലഭിക്കുന്നത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ ശ്രദ്ധിക്കൂ. 25 മുതല്‍ 50 ശതമാനം വരെ വിലക്കുറവാണ് സ്വകാര്യ വിപണിയില്‍ സര്‍ക്കാരിന് ലഭിക്കുന്നതെന്ന് കണക്കുകള്‍ തെളിവു നല്‍കും. 2019ല്‍ നെല്ലിന് ക്വിന്റലിന് 1815 രൂപ മിനിമം സഹായ വില സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ സ്വകാര്യ വിപണിയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 1350 രൂപ മാത്രമായിരുന്നു. അതായത് 25% കുറവ് 2018ല്‍ ചോളത്തിന് ക്വിന്റലിന് 1700 രൂപ എംഎസ്പി ഉണ്ടായിരുന്നപ്പോള്‍ കര്‍ഷകര്‍ക്ക് സ്വകാര്യ വിപണിയില്‍ ലഭിച്ചത് 800 രൂപ മുതല്‍ 1050 രൂപ വരെയാണ്; 40 മുതല്‍ 50% വരെ കുറവ്! 2020ല്‍ നെല്ലിന് താങ്ങുവിലയായി കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത് ക്വിന്റലിന് 1888രൂപയാണ്. മണ്ഡി പരിഷദ് നിയമങ്ങളില്‍ വെള്ളം ചേര്‍ത്ത് എപിഎംസികളെ നോക്കുകുത്തികളാക്കി മാറ്റിയ ഉത്തര്‍പ്രദേശിലും എപിഎംസികള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയ ബീഹാറിലും 800 മുതല്‍ 1200 രൂപവരെയാണ് ക്വിന്റല്‍ നെല്ലിന് കര്‍ഷകര്‍ക്ക് നല്‍കി സ്വകാര്യ കച്ചവടക്കാര്‍ വാങ്ങുന്നത്. ഈ നെല്ല് തന്നെയും പഞ്ചാബിലെ സര്‍ക്കാര്‍ മണ്ഡികളില്‍ വിറ്റ് വന്‍തോതില്‍ പണം കൊയ്യുന്നത് സ്വകാര്യ കച്ചവടക്കാരാണ് എന്നതുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

സര്‍ക്കാര്‍: മിനിമം സഹായ വില എടുത്തുകളയുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. മിനിമം സഹായ വില അതുപോലെ തന്നെ നിലനില്‍ക്കും.

കര്‍ഷകര്‍: മിനിമം സഹായ വില (minimum support price-msp താങ്ങുവില)യെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ സര്‍ക്കാര്‍ പരത്തുന്നുണ്ട്. അതുകൊണ്ടുതന്നെ എന്താണ് മിനിമം സഹായ വില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ാുെ കര്‍ഷകര്‍ക്ക് താങ്ങാവുന്നുണ്ടോ എന്ന കാര്യവും കൂടി പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകള്‍ മൂലം വിളകളുടെ ഉത്പാദനം നിര്‍ത്തിവെക്കുന്നത് ഒഴിവാക്കുവാനും കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ന്യായമായ പ്രതിഫലം ഉറപ്പുവരുത്താനും വിപണി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് മിനിമം സഹായ വില എന്ന കാഴ്ചപ്പാട് ആദ്യമായി (1969ല്‍) അവതരിപ്പിക്കുന്നത്. ഉത്പാദനച്ചെലവും കര്‍ഷകരുടെ അധ്വാനത്തെയും ഉള്‍പ്പെടുത്തി അതോടൊപ്പം 50% വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയാണ് വിളകള്‍ക്ക് മിനിമം സഹായ വില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഭക്ഷ്യ ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍ തുടങ്ങി 23ഓളം കാര്‍ഷിക വിളകള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മിനിമം സഹായ വില പ്രഖ്യാപിക്കുന്നുള്ളൂ. ഇവയില്‍ തന്നെ വിരലിലെണ്ണാവുന്ന വിളകള്‍ മാത്രമേ സര്‍ക്കാര്‍ സംഭരണ കേന്ദ്രങ്ങളിലൂടെ സംഭരിക്കപ്പെടുന്നുള്ളൂ എന്ന കാര്യവും ഇതോടൊപ്പം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മിനിമം സഹായ വില കര്‍ഷകരെ സംബന്ധിച്ചിടത്തോളം കൃഷി ആദായകരമായി കൊണ്ടുപോകാന്‍ പറ്റാത്ത ഒന്നാണ്. ഉത്പാദന ചെലവിലെ പല ഘടകങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് നിലവില്‍ താങ്ങുവില കണക്കാക്കിയിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിത്ത്, വളം, കീടനാശിനി, ട്രാക്ടര്‍-ഡീസല്‍ ചെലവുകള്‍, പുറത്തുനിന്നുള്ള അധ്വാനം, കുടുംബത്തിന്റെ അധ്വാനം, ഭൂമിയുടെ തറപ്പാട്ടം എന്നിവ കണക്കാക്കി അവയില്‍ 75% വര്‍ദ്ധനവ് വരുത്തിക്കൊണ്ട് താങ്ങുവില കണക്കാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് അവരുടെ വിളവുകള്‍ക്ക് അന്തസ്സുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ. ഇതോടൊപ്പം രാജ്യത്തെവിടെയും സ്വകാര്യ വിപണിയിലായാലും സര്‍ക്കാര്‍ ചന്തകളിലായാലും മിനിമം സഹായ വില ലഭ്യമാകുന്ന വിധത്തില്‍ നിയമപരമായ അവകാശം ഉറപ്പുവരുത്തുക എന്നതാണ് കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യേണ്ടുന്ന കാര്യം. എന്നാല്‍ പുതിയ നിയമത്തില്‍ അത്തരത്തില്‍ ഒരു ഉറപ്പും നല്‍കുന്നില്ല എന്നതാണ് സത്യം. പുതിയ നിയമത്തില്‍ പേരില്‍ പ്രൈസ് അഷ്വറന്‍സ് (വില ഉറപ്പുവരുത്തല്‍)എന്ന് വെറുതെ എഴുതിവെച്ചതല്ലാതെ ഇക്കാര്യത്തില്‍ ഒരു നിയമ പരിരക്ഷയും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. മിനിമം സഹായ വില നല്‍കി കാര്‍ഷിക വിളകള്‍ ഏറ്റെടുക്കേണ്ടത് കര്‍ഷകരുടെ മാത്രം കാര്യമല്ലെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉത്പാദന മേഖലയിലെ ഏറ്റക്കുറച്ചില്‍ വിപണി വിലയിലെ പ്രതിഫലിപ്പിക്കപ്പെടും എന്നതിനാല്‍ അത് ഉപഭോക്താക്കളെയും ബാധിക്കും എന്നതുകൊണ്ടുതന്നെ മിനിമം സഹായ വില നല്‍കി വിളകള്‍ സംഭരിക്കേണ്ടത് രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടെയും ആവശ്യമാണ്.

സര്‍ക്കാര്‍: കര്‍ഷക വിരുദ്ധമായ യാതൊന്നും തന്നെ ഈ നിയമങ്ങളില്‍ ഇല്ല. മറ്റെല്ലാം വ്യാജ പ്രചരണങ്ങളാണ്.

കര്‍ഷകര്‍: ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേര്‍സ് പ്രമോഷന്‍ ആന്റ് ഫസിലിറ്റേഷന്‍ ബില്‍ 2020 എന്ന കര്‍ഷകമാരണ നിയമത്തിന്റെ അഞ്ചാം അദ്ധ്യായത്തില്‍ പറയുന്ന 13, 15, 19 വകുപ്പുകള്‍ വായിച്ചു നോക്കുക. അനീതി നടന്നാല്‍ നിയമപരിഹാരം തേടാന്‍ ഇന്ത്യന്‍ പൗരന് ഭരണ ഘടനയുടെ വകുപ്പ് 32 നല്‍കുന്ന അവകാശം പോലും കര്‍ഷകരില്‍ നിന്ന് എടുത്തു കളഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രസക്ത ഖണ്ഡികകളുടെ പരിഭാഷ ഇങ്ങിനെ:

(വകുപ്പ് 13) ‘ഉത്തമ വിശ്വാസ’ത്തില്‍ ഈ നിയമവും അതുമായി ബന്ധപ്പെട്ട ഓര്‍ഡറുകളും മറ്റും നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ എതിരെ ഒരു നിയമ നടപടിയ്ക്കും മുതിരാന്‍ പാടില്ല.”

(വകുപ്പ് 15) പ്രകാരം നിയമത്തിന്‍ കീഴില്‍ വരുന്ന കാര്യങ്ങള്‍ക്കെതിരെ ഒരു നടപടി ക്രമങ്ങളും സിവില്‍ കോടതിയുടെ അധികാര പരിധിയില്‍ വരില്ല.

(വകുപ്പ് 19) പ്രകാരം എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് സിവില്‍ കോടതിയില്‍ പോയി കേസ് ഫയല്‍ ചെയ്യാന്‍ പറ്റില്ല. നിയമം അനുശാസിക്കുന്ന അപ്പലേറ്റ് അതോറിറ്റിയും മറ്റും ആ കാര്യം നോക്കിക്കോളും.

പച്ചയായി ബില്ലില്‍ ഇങ്ങനെ എഴുതിയിട്ടും കര്‍ഷക വിരുദ്ധമായ ഒന്നുംതന്നെ ഈ നിയമങ്ങളില്‍ ഇല്ലെന്ന് പറയുന്നത് നിയമങ്ങളുടെ നൂലാമാലകള്‍ പരിശോധിക്കാന്‍ മെനക്കെടാത്ത സാധാരണ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്.

സര്‍ക്കാര്‍: കരാര്‍ കൃഷി വിവിധ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. കരാര്‍ കൃഷി കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കും.

കര്‍ഷകര്‍: കരാര്‍ കൃഷി എവിടെയും നടപ്പിലാക്കിയിട്ടില്ല എന്നല്ല വാദം. കരാര്‍ കൃഷി നടപ്പിലാക്കപ്പെട്ട പ്രദേശങ്ങളിലെ കര്‍ഷകരുടെ അനുഭവങ്ങള്‍ തന്നെയാണ് അതിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത്. കരാര്‍ കൃഷി വ്യാപകമാക്കുമ്പോള്‍ വിപണിയിലെ ആവശ്യങ്ങള്‍ക്ക് (അത് അന്താരാഷ്ട്ര വിപണിയുമാകാം) അനുസരിച്ചുള്ള വിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കും. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് ഇത് ഭീഷണിയാകും എന്നതോടൊപ്പം വിപണിയിലെ വില വ്യതിയാനങ്ങള്‍ അനുസരിച്ച് കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിളകള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. മിനിമം സഹായ വില നിയമപരമായ അവകാശമായി മാറാത്തിടത്തോളം കര്‍ഷകര്‍ സ്വകാര്യ കമ്പോളങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് അടിപ്പെടും.

സര്‍ക്കാര്‍ : എപിഎംസികളുടെ കുത്തക ഇല്ലാതാക്കി, കര്‍ഷകരെ സ്വതന്ത്രരാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

കര്‍ഷകര്‍: സര്‍ക്കാര്‍ ചന്തകളും എപിഎംസികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണ്. ഇതിന് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂട്ടുത്തരവാദികളാണ്. നിലവില്‍ 6% കര്‍ഷകര്‍ക്ക് മാത്രമേ മിനിമം സഹായ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കുന്നുള്ളൂ. ബാക്കി 94% കര്‍ഷകരും സ്വകാര്യ കച്ചവടക്കാരുടെ ചൂഷണത്തിന് വിധേയരാണ്. സര്‍ക്കാര്‍ വിപണന കേന്ദ്രങ്ങള്‍ ആവശ്യത്തിനില്ലാത്തതും, ഉള്ളവ തന്നെ വളരെ ദൂരെ സ്ഥലങ്ങളിലായതിനാലും, സര്‍ക്കാര്‍ ചന്തകളില്‍ വിറ്റാല്‍ ഉടന്‍ തന്നെ പണം ലഭ്യമാകാത്ത അവസ്ഥയും ഒക്കെച്ചേര്‍ന്നാണ് കര്‍ഷകര്‍ക്ക് ഈ ഗതി വരുത്തിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ സംഭരിക്കാനുള്ള പണം സംസ്ഥാനങ്ങള്‍ക്ക് അഡ്വാന്‍സായി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകളാണ് സര്‍ക്കാര്‍ മണ്ഡികളില്‍ നിന്ന് കര്‍ഷകരെ അകറ്റുന്നത്. ഗവണ്‍മെന്റുകളുടെ തന്നെ പിടിപ്പുകേടുകളെ മറച്ചുവെച്ചുകൊണ്ട് കാര്‍ഷിക മേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം കൃഷിക്കാരുടെ ക്ഷേമം അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്. കര്‍ഷകര്‍ക്ക് ദോഷകരമായ ഒന്നും ഈ സര്‍ക്കാര്‍ ചെയ്യില്ല.

കര്‍ഷകര്‍: കര്‍ഷക ക്ഷേമം ജീവിതവ്രതമാക്കിയെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ കീഴിലുള്ള സര്‍ക്കാരും കര്‍ഷകര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കുമുള്ള സബ്‌സിഡികളും മറ്റ് സൗജന്യങ്ങളും ഇല്ലാതാക്കുന്ന പ്രവൃത്തിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. പുതിയ വൈദ്യുതി നിയമ ഭേദഗതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ അത് കര്‍ഷകര്‍ക്ക് മേല്‍ വലിയ ഭാരം ഏല്‍പ്പിക്കുമെന്നത് സംശയ രഹിതമായ കാര്യമാണ്. പുതിയ ബില്‍ നിയമമായിക്കഴിഞ്ഞാല്‍ പ്രതിമാസ വൈദ്യുത താരിഫ് 5000-6000 വരെ അഡ്വാന്‍സ് തുകയായി കര്‍ഷകര്‍ വൈദ്യുത വിതരണ കമ്പനികള്‍ക്ക് നല്‍കേണ്ടി വരും. ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാവുന്നതിനും അപ്പുറമാണ്. അഡ്വാന്‍സ് തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുവാനുള്ള അധികാരം വിതരണ കമ്പനികള്‍ക്കാണ്. ഇത് കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്നത് സുനിശ്ചിതമാണ്. അതുപോലെ തന്നെ വൈദ്യുതി സബ്‌സിഡികള്‍ എടുത്തുകളയുന്നതോടെ പ്രതിമാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റൊന്നിന് 8 മുതല്‍ പത്ത് രൂപ വരെ നല്‍കേണ്ടുന്ന അവസ്ഥയും ഉണ്ടാകും. വൈദ്യുതി ഉപഭോഗത്തി•േലുള്ള ക്രോസ് സബ്‌സിഡി എടുത്തുകളയുവാനുള്ള തീരുമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇടിത്തീയായി മാറും. 80ശതമാനത്തിന് മുകളില്‍ ചെറുകിട കര്‍ഷകരുള്ള ഇന്ത്യയില്‍ ഈ നിയമം വലിയൊരു ജനവിഭാഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

കാര്‍ഷിക നിയമങ്ങള്‍ കേരളത്തെ എങ്ങിനെ ബാധിക്കും?

കേരളം APMC ആക്റ്റ് നടപ്പിലാക്കുകയോ, APMCകള്‍ രൂപീകരിക്കുകയോ ചെയ്തിട്ടില്ല. മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന്റെ കാര്‍ഷികോല്പാദന നിരക്കും, രാജ്യത്തിന്റെ ജിഡിപി യിലേക്കുള്ള അതിന്റെ സംഭാവനയും (6.8%) വളരെ കുറവാണ് എന്ന് കാണാം. പ്രത്യേകിച്ച് ഭക്ഷ്യ ധാന്യങ്ങളുടെ ഉല്പാദന കാര്യത്തില്‍ കേരളം കാലങ്ങളായി ന്യൂനോല്പാദനം മാത്രം നടത്തി ക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ആവശ്യമായ മൊത്തം ഭക്ഷ്യ ധാന്യത്തിന്റെ വെറും 15% ഉത്പാദനം മാത്രമേ കേരളത്തില്‍ നടക്കുന്നുള്ളൂ. നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ആവശ്യത്തിലേക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ആയതുകൊണ്ട് തന്നെ നല്ലൊരു ശതമാനം ജനങ്ങളും പൊതുവിതരണ സംവിധാനങ്ങള്‍ വഴി ലഭ്യമാവുന്ന സബ്ബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണത്തെ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കളാണ്. മൂന്നില്‍ രണ്ടു ഭാഗം ആളുകളും അരിക്കായി പൊതുവിതരണ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ നിയമം നടപ്പിലായി വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രിത പൊതു സംഭരണ കേന്ദ്രങ്ങള്‍ അപ്രസക്തമാവാന്‍ സാധ്യതയുണ്ടെന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട് .അങ്ങിനെ സംഭവിക്കുകയാണെങ്കില്‍, അത് സ്വാഭാവികമായും ഇന്ത്യയിലെ പൊതു വിതരണ സംവിധാനത്തെ ഇല്ലാതാക്കും. മറ്റെല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നം ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് വലിയ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നതായിരിക്കും. കേരളത്തില്‍ APMCകള്‍ക്ക് പകരം സര്‍ക്കാര്‍ നേരിട്ട് തന്നെ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുകയും, അന്തര്‍ സംസ്ഥാന വ്യപാരം നടത്തുകയും ചെയ്യുന്ന സംവിധാനം ആണുള്ളത്. സംസ്ഥാന കൃഷി വകുപ്പിന്റെ മൊത്ത വ്യാപാര വിപണികളും, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ പ്രോഡക്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹോര്‍ട്ടികോര്‍പ്), ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള എന്നിവയൊക്കെയാണ് അതില്‍പ്പെടുന്നത്. സ്വകാര്യ കമ്പനികള്‍ വ്യാപാര വിപണന രംഗത്തേക്ക് കൂടുതലായി കടന്നു വരുമ്പോള്‍ സ്വാഭാവികമായും ഇത്തരം സര്‍ക്കാര്‍ നിയന്ത്രിത സംവിധാനങ്ങള്‍ നിര്‍ജ്ജീവമാകാന്‍ ഇടയുണ്ട്. നിലവില്‍ പ്രധാന കാര്‍ഷിക വിളകള്‍ക്കെല്ലാം ഭേദപ്പെട്ട (മറ്റു സംസ്ഥാനങ്ങളുടേതുമായി തട്ടിച്ചു നോക്കുമ്പോള്‍) താങ്ങു വില സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വില നിയമപരമായി ഉറപ്പു വരുത്തിയാല്‍ മാത്രമേ സ്വകാര്യ വ്യാപാരികളുടെ കടന്നു വരവുണ്ടായാലും കര്‍ഷകന് അതേ നിരക്കിലോ, അതിനും കൂടിയ നിരക്കിലോ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കൂ. കുറഞ്ഞ കൃഷി ഭൂമി കൈവശം ഉള്ളവരാണ് കേരളത്തിലെ ഭൂരിഭാഗം കര്‍ഷകരും. അതോടൊപ്പം നഗര വികസനം മൂലം കൃഷിഭൂമികള്‍ തുണ്ടുതുണ്ടുകളായാണ് കേരളത്തില്‍ കാണപ്പെടുന്നത്. കൂടുതല്‍ ഏരിയ വരുന്ന കൃഷി ഭൂമികള്‍ എല്ലാം തന്നെ തോട്ട വിളകള്‍ ആണ് കൈയ്യടക്കിയിരിക്കുന്നതും. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കരാര്‍ കൃഷി കേരളത്തില്‍ വ്യാപകമാവാനുള്ള സാധ്യത കുറവാണെന്നു പറയാം. ആ വിധം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും അത് കേരളത്തിന്റെ സുസ്ഥിര കൃഷി പാഠങ്ങളെ തിരസ്‌കരിച്ചു കൊണ്ടായിരിക്കും കടന്നു വരുക.

പൊതുവിതരണ സമ്പ്രദായത്തിന് എന്ത് സംഭവിക്കും?

മിനിമം താങ്ങു വില, പൊതുസംഭരണം, പൊതുവിതരണ സംവിധാനം എന്നിവ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിലവിലെ പൊതു സംഭരണ സംവിധാനത്തില്‍, നിശ്ചിത സംഭരണ കാലയളവിനുള്ളില്‍ മിനിമം താങ്ങുവിലയില്‍ സര്‍ക്കാര്‍ ഏജന്‍സികളാണ്, പ്രധാനമായും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കാര്‍ഷികോത്പന്നങ്ങള്‍ കര്‍ഷകരുടെ കയ്യില്‍ നിന്ന് വാങ്ങി സംഭരിക്കുന്നത്. സബ്‌സിഡി നിരക്കില്‍ പൊതുവിതരണത്തിനായാണ് ഈ സംഭരണം കൂടുതലായും ഉപയോഗിക്കുന്നത്. അവശ്യ സമയത്തേക്ക് ഉപയോഗിക്കുവാനായി നടത്തുന്ന ഈ സംഭരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെയാകുമ്പോള്‍, സ്വകാര്യ വ്യാപാരികള്‍ താരതമ്യേന ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞിരിക്കുന്ന വിളവെടുപ്പ് കാലങ്ങളില്‍ കൂടുതലായി സംഭരണം നടത്തുന്നതിന് ഇടയാക്കും. ഈ വിധം അവര്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ ഡിമാന്‍ഡ് കൂടിയിരിക്കുന്ന സമയങ്ങളില്‍ കൂടുതല്‍ വിലയ്ക്ക് വിപണിയിലേക്ക് എത്തിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഭാവിയില്‍ പൊതു വിതരണത്തിനായി ആവശ്യമായ സ്റ്റോക്ക് ലഭ്യമാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയും, ഭരണകൂടങ്ങള്‍ക്ക് സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. രാജ്യത്തെവിടെയും സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് വളരെ ലളിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് മൂന്നാമത്തെ നിയമം തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയതുകൊണ്ട് തന്നെ ഏതെല്ലാം സംഭരണ ശാലകള്‍, എവിടെയെല്ലാം, എന്തെല്ലാം, എത്ര അളവില്‍ സംഭരിക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ സര്‍ക്കാരിനുണ്ട്. പക്ഷെ സ്വകാര്യ സംഭരണ കേന്ദ്രങ്ങള്‍ കൂടുതലായി നിലവില്‍ വരുമ്പോള്‍ ഈ കാര്യങ്ങളില്‍ യാതൊരു വ്യക്തതയും സര്‍ക്കാരുകള്‍ക്ക് ഉണ്ടാവില്ല. വിപണികളില്‍ പൂഴ്ത്തിവെപ്പും, കരിഞ്ചന്തയും നിയന്ത്രണ വിധേയമാക്കാനും ഭരണകൂടങ്ങള്‍ക്ക് സാധിക്കാതെ വരും. പൊതു സംവിധാനങ്ങളെ അപ്രസക്തമാക്കി കൊണ്ട് കോര്‍പ്പറേറ്റുകളുടെ കാല്‍ക്കീഴില്‍ കാര്‍ഷിക മേഖലയെ കൊണ്ടെത്തിക്കാനുള്ള പരസ്പര ബന്ധിതമായ ആസൂത്രണമാണ് മൂന്നു നിയമങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചി രിക്കുന്നത്.

കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യ സമിതി-കേരളം

Transition Studies, Thrissur, Kerala. Contact – 8547698740, 9447992382

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply