ആയുഷിനെതിരെ നടക്കുന്നത് സംഘടിതാക്രമണം

മറ്റെല്ലാ മേഖലകളിലുമെന്നപോലെ ആരോഗ്യരംഗത്തും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളോട് സംവദിക്കുന്ന ഒരു നിലപാടാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്. വൈദ്യശാസ്ത്രങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കല്‍ വാങ്ങലുകളും അനിവാര്യമാണ്. അത് ഒരുപക്ഷേ, കൂടുതല്‍ സമഗ്രമായ സാകല്യാത്മകമായ ചികിത്സാ സമ്പ്രദായം രൂപപ്പെടുത്തിയേക്കും. ദൗര്‍ഭാഗ്യവശാല്‍ അത്തരം ശബ്ദങ്ങളല്ല, ഉമ്മന്‍ ചാണ്ടിയുടെ രോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്നപോലെയുള്ള വെറുപ്പിന്റെ സ്വരമാണ് വ്യാപകമാകുന്നത്. അതൊരിക്കലും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകില്ല.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രോഗവും ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംസ്ഥാനത്ത് പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. കാന്‍സര്‍ രോഗം ബാധിച്ച അദ്ദേഹത്തിനു ചികിത്സ നിഷേധിക്കുന്നു എന്ന രീതിയിലാണ് തുടക്കത്തില്‍ ആരോപണങ്ങള്‍ വന്നത്. എന്നാല്‍ അത് വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹവും കുടുംബവും പാര്‍ട്ടിനേതാക്കളുമെല്ലാം വ്യക്തമാക്കി. ഈ വിഷയത്തില്‍ രണ്ടു ദിവസം മുമ്പുപോലും ഉമ്മന്‍ ചാണ്ടി വിശദമായ ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു. അതില്‍ താന്‍ നടത്തിയ ചികിത്സയുടെ വിശദീകരണങ്ങളുണ്ട്.്അതില്‍ ഇന്ത്യക്കു പുറത്തും കേരളത്തിനു പുറത്തുമുള്ള പ്രശസ്ത ആശുപത്രികളില്‍ നടത്തിയ ചികിത്സകളുടെ വിശദാംശങ്ങളുണ്ട്. പിന്നീട് മോഡേണ്‍ ചികിത്സ നല്‍കുന്നില്ല എന്നായി വിമര്‍ശനം. അതും ശരിയല്ല എന്നു വ്യക്തമായിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് ഖേദകരം.

മോഡേണ്‍ എന്നു അതിന്റെ വക്താക്കള്‍ വിശേഷിപ്പിക്കുന്ന ചികിത്സാരീതിക്കൊപ്പം ആയുഷ് വിഭാഗത്തില്‍ പെടുന്ന ചികിത്സാരീതികളും ഉമ്മന്‍ ചാണ്ടി സ്വീകരിക്കുന്നു എന്നതായിരിക്കാം അലോപ്പതി മൗലികവാദികള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഉമ്മന്‍ ചാണ്ടിയും വി എസ് അച്യുതാനന്ദനുമൊക്കെ ജീവിതത്തില്‍ ഏറെയും സ്വീകരിച്ചിട്ടുള്ളത് അത്തരം ചികിത്സാരീതികളാണെന്നതാണ് വസ്തുത. ഒരുപക്ഷെ അതായിരിക്കാം അവരുടെ അസൂയാവഹമായ ആരോഗ്യത്തിന്റെ രഹസ്യം. പക്ഷെ ഇപ്പോള്‍ പ്രായാധിക്യമായിരിക്കുന്നു എന്നതുപോലും പരിഗണിക്കാതെയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അലോപ്പതി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ല എന്ന വസ്തുതാവിരുദ്ധമായ ആരോപണമുന്നയിക്കുന്നതും. അലോപ്പതി ചികിത്സയാണെങ്കില്‍ രോഗം മൂര്‍ച്ഛിക്കില്ല എന്നാണോ ഇവര്‍ പറയുന്നത്? എങ്കില്‍ അലോപ്പതി കൃത്യമായി പിന്തുടര്‍ന്നിരുന്ന, അമേരിക്കയില്‍ ചികിത്സ നടത്തിയ, ഉമ്മന്‍ ചാണ്ടിയേക്കാള്‍ പ്രായക്കുറവുള്ള കോടിയേരി ബാലകൃഷ്ണന്‍ മരണത്തിനു കീഴടങ്ങില്ലായിരുന്നല്ലോ? കേരളത്തില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുക്കുന്ന രോഗം കാന്‍സറാണെന്നു വ്യക്തമാണല്ലോ. അവരില്‍ മഹാഭൂരിപക്ഷവും സീകരിക്കുന്നത് അലോപ്പതി ചികിത്സയല്ലാതെ മറ്റെന്താണ്? പൊതുവില്‍ പറഞ്ഞാല്‍ ആരംഭഘട്ടത്തില്‍ തിരി്ച്ചറിഞ്ഞാല്‍ പല ചികിത്സാരീതികളിലൂടേയും കാന്‍സര്‍ ഭേദമാക്കാം, എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ അതെളുപ്പമല്ല എന്നതല്ലേ വാസ്തവം? അതേസമയം തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജീവിതശൈലികള്‍ പിന്തുടരുകയാണെങ്കില്‍ കാന്‍സറടക്കമുള്ള ജീവിതശൈലി രേഗങ്ങള്‍ പിടികൂടാനുള്ള സാധ്യത കുറയുമെന്ന് ആയുഷ് ഡോക്ടമാര്‍ അവകാശപ്പെടുന്നുമുണ്ട്.

സത്യത്തില്‍ ഇവരുടെ പ്രശ്‌നം ഉമ്മന്‍ ചാണ്ടിയോ അദ്ദേഹത്തിന്റെ ജീവനോ അല്ല. മറിച്ച് മറ്റു ചികിത്സാ രീതികളോടുള്ള വെറുപ്പാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന, അലോപ്പതിയെപോലെതന്നെ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ഡോക്ടര്‍മാരും ജീവനക്കാരുമൊക്കെയുള്ള, കോടികള്‍ ചിലഴിക്കുന്ന ആയുഷ് ചികിത്സാരീതികളെ മന്ത്രവാദവും പ്രാര്‍ത്ഥനയുമൊക്കെയായി ചിത്രീകരിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. സമീപകാലത്താകട്ടെ ആയുഷ് നിര്‍ദ്ദേശിക്കുന്ന ജീവിതശൈലി സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത് ഇവരുടെ അക്രമവും വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിനെല്ലാം പുറകിലുള്ളത് ആരോഗ്യരംഗത്തെ അടക്കി വാഴുന്ന സാമ്പത്തികശക്തികളാണെന്നതും മനസ്സിലാക്കാന്‍ സാമാന്യബുദ്ധി ധാരാളമാണ്. അവരുടെ ഏറ്റവും വലിയ കമ്പോളം കേരളമാണല്ലോ. നല്ല ഭക്ഷണം കൊണ്ടും നല്ല വ്യായാമം കൊണ്ടും നല്ല വായു കൊണ്ടും സൂര്യപ്രകാശം കൊണ്ടും പല രോഗങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ഇവരുടെ നിലപാടുകള്‍ പ്രചരിക്കപ്പെടുന്നത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നവര്‍ തിരിച്ചറിയുന്നു എന്നര്‍ത്ഥം. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് ഒരുപരിധി വരെയെങ്കിലും തടയാനാകുമെന്നു പറഞ്ഞ നടന്‍ ശ്രീനിവാസനും അധിക്ഷേപിക്കപ്പെട്ടത് മറക്കാറായിട്ടില്ലല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രശസ്തകവിയും എഴുത്തുകാരനുമായ കല്‍പ്പറ്റ നാരായണന്‍ ചൂണ്ടി കാട്ടുന്ന പോലെ മനുഷ്യജീവിതത്തിന്റെ എല്ലാ സ്വാശ്രിത ഇടങ്ങളിലും രക്ഷകന്റെ ഭാവം ചമഞ്ഞ് സ്റ്റേറ്റ് ഇടപെടുന്നതിന്റെ / ശരീരത്തെ കീഴ്പ്പെടുത്തുന്നതിന്റെ ഉത്തമ മാധ്യമമാണ് മിക്കപ്പോഴും ആധുനിക അലോപ്പതി വൈദ്യശാസ്ത്രം. അതു കൊണ്ടാണ് അതിന് മറ്റെല്ലാറ്റിനും മേല്‍ സ്റ്റേറ്റിന്റെ പരിലാളന കിട്ടുന്നത്. അതിനനുസൃതമായി പൊതുബോധവും രൂപപ്പെടുന്നത്. കൊവിഡിനു എവിടേയും മരുന്നില്ല എന്നു വ്യക്തമായിട്ടും അക്കാലത്ത് മറ്റ് വൈദ്യശാസ്ത്രങ്ങള്‍ക്കെതിരായ പ്രചാരണം രൂക്ഷമായത് നാമെല്ലാം കണ്ടതാണല്ലോ.

സാധ്യമായ എല്ലാ ചികിത്സാശാഖകളും ഒരു നാട്ടില്‍ നില നില്‍ക്കണമെന്ന നിലപാടാണ് ശരി. വ്യാജന്മാര്‍ ഏതുമേഖലയിലായാലും തുറന്നുകാണിക്കപ്പെടുക തന്നെവേണം. സ്വാഭാവികമായും പ്രായോഗികമായി സര്‍ക്കാര്‍ അംഗീകാരമുള്ള ചികിത്സാരീതി എന്ന മാനദണ്ഡം സ്വീകരിക്കേണ്ടിവരും. ചികില്‍സ വ്യാജവും സക്കാര്‍ അംഗീകാരമില്ലാത്തതുമാണെന്ന് ബോധ്യപ്പെട്ടാല്‍ അവയെ എത്രയും വേഗം പൂട്ടിക്കെട്ടണം. അതേസമയം ‘ശാസ്ത്രവിരുദ്ധത’ എന്നും ‘അന്ധവിശ്വാസത്തിന്റെ വക്താക്കള്‍’ എന്നും തെളിവില്ല എന്നുമൊക്കെ പറഞ്ഞ് മറ്റെല്ലാ വൈദ്യശാഖകളേയും അക്രമിക്കുന്ന ഒരുവിഭാഗം മുകളില്‍ പറഞ്ഞ സാമ്പത്തികശക്തികള്‍ക്ക് ആശയാടിത്തറയുണ്ടാക്കാന്‍ സജീവമായി രംഗത്തുണ്ട്. കേവല യുക്തി എന്ന അന്ധവിശ്വാസമാണ് അവരെ നയിക്കുന്നത്.

എഴുത്തുകാരനും ഹോമിയോപ്പതി ഡോക്ടറുമായ വടക്കേടത്ത് പത്മനാഭന്‍ ചൂണ്ടികാണിക്കുന്ന പോലെ കേരളത്തിന്റെ ചികിത്സാ ചരിത്രമെടുത്താല്‍ അതൊരിക്കലും ഒരൊറ്റ വൈദ്യശാഖയുടെ ആധിപത്യത്തിന് കീഴ്‌വഴങ്ങിയിട്ടില്ലെന്ന് കാണാം. ഉത്തരേന്ത്യന്‍ ആര്യവൈദ്യത്തോടൊപ്പം ബൗദ്ധ പാരമ്പര്യവും തമിഴ് സിദ്ധവൈദ്യവും മുസ്ലിം യുനാനിയും നാട്ടുവൈദ്യത്തിന്റെ കീഴാളശാഖകളും മുത്തശ്ശിവൈദ്യവും കളരി മര്‍മ്മവൈദ്യങ്ങളടക്കം വ്യത്യസ്ത ചികിത്സാധാരകളുടെ വൈവിദ്ധ്യമാണ് കേരളത്തിന്റെ പാരമ്പര്യം എന്നദ്ദേഹം പറയുന്നു. ഒരു സമൂഹത്തിന്റെ പൊതുവായ ആരോഗ്യ നിലവാരം വൈദ്യശാസ്ത്ര ഇടപെടലുകളേക്കാള്‍ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നിലയെ കൂടി ആശ്രയിച്ചിരിക്കുമെന്നത് അംഗീകരിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. ദരിദ്രസമൂഹങ്ങളുടേതെന്ന് കരുതപ്പെടുന്ന അനേകം പകര്‍ച്ചവ്യാധികള്‍ ആധുനിക വൈദ്യത്തിന്റെ പ്രതിവിധികള്‍ പ്രചാരത്തിലാകും മുമ്പേ ഗണ്യമായി കുറഞ്ഞിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടികാട്ടുന്നു. മറുവശത്ത് ആധുനിക ജീവിത ശൈലികള്‍ ഒരുപാട് പുതിയ രോഗങ്ങള്‍ക്കും കാരണമാകുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഗിക്കും വൈദ്യനുമിടയില്‍ ഭീകരമായി തഴച്ചുവളരുന്ന രോഗ നിര്‍ണ്ണയോപാധികളുടെ സാമ്രാജ്യമാണ് ചികിത്സാരംഗത്തെ ചൂഷണത്തെ തീവ്രതരമാക്കുന്നത്. രോഗം സംശയിക്കപ്പെടുന്നവരുടെ രോഗനിര്‍ണ്ണയം കൃത്യമാക്കുക എന്നതിനേക്കാള്‍ രോഗഭീതിയില്‍ കഴിയുന്നവരുടെ ഉത്കണ്ഠയെ പരമാവധി ചൂഷണം ചെയ്യാനാണത് ഉപയോഗപ്പെടുത്തുന്നത്. രോഗികളല്ലാത്തവരെ കൂടി ചികിത്സാമേഖലയുടെ ഉപഭോക്തൃശൃംഖലയിലേക്ക് വശീകരിക്കാന്‍ കഴിയുന്നു എന്നതാണ് ഈ മേഖലയുടെ ഭീകരമായ വളര്‍ച്ചക്ക് കാരണം. ഇന്‍ഷ്വറന്‍സ് കമ്പനികളും ഇതില്‍ പങ്കുവഹിക്കുന്നു. ആരോഗ്യരംഗത്തെ ഇത്തരം ദുഷ്പ്രവണതകളുടെ മുഖ്യ പങ്കാളിത്തം വഹിക്കുന്നത് കൊട്ടിഘോഷിക്കുന്ന ആധുനിക വൈദ്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് ബദല്‍ വൈദ്യശാഖകളുടെ വാദഗതികള്‍ ശ്രവിക്കുന്നവരുടെ എണ്ണം കൂടിവരുന്നത്. രോഗങ്ങളെയും രോഗസാധ്യതകളേയും അത്യന്തം സങ്കീര്‍ണ്ണവും സാങ്കേതിക ജഡിലവുമായി അവതരിപ്പിച്ച് ഭീതി പരത്തുന്നിടത്ത്, ആഹാര നീഹാരാദികളുടെ ക്രമീകരണം കൊണ്ടും നിയന്ത്രണം കൊണ്ടും ലളിതമായ ചില ചികിത്സാവിധികള്‍ കൊണ്ടും നേരിടാമെന്നു കേള്‍ക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നുന്നത് സ്വാഭാവികമാണ്. അത് തകര്‍ക്കാനാണ് നീക്കം. അതിനായി ‘ശാസ്ത്രീയത’ എന്ന ആയുധം തലങ്ങും വിലങ്ങും വീശി, മറ്റൊരു ചിന്തയെ, മറ്റൊരു കാഴ്ചപ്പാടിനെ കടക്കാനനുവദിക്കാതെ ആരോഗ്യരംഗം അടക്കി വാഴാനാണവര്‍ ശ്രമിക്കുന്നത്.

മറ്റെല്ലാ മേഖലകളിലുമെന്നപോലെ ആരോഗ്യരംഗത്തും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളോട് സംവദിക്കുന്ന ഒരു നിലപാടാണ് ജനാധിപത്യ സമൂഹം ആവശ്യപ്പെടുന്നത്. വൈദ്യശാസ്ത്രങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ കൊടുക്കല്‍ വാങ്ങലുകളും അനിവാര്യമാണ്. അത് ഒരുപക്ഷേ, കൂടുതല്‍ സമഗ്രമായ സാകല്യാത്മകമായ ചികിത്സാ സമ്പ്രദായം രൂപപ്പെടുത്തിയേക്കും. ദൗര്‍ഭാഗ്യവശാല്‍ അത്തരം ശബ്ദങ്ങളല്ല, ഉമ്മന്‍ ചാണ്ടിയുടെ രോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കേള്‍ക്കുന്നപോലെയുള്ള വെറുപ്പിന്റെ സ്വരമാണ് വ്യാപകമാകുന്നത്. അതൊരിക്കലും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ആരോഗ്യത്തിന് ഗുണകരമാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply