കൊറോണക്കൊപ്പം പടരുന്ന മുസ്ലിം വിരുദ്ധ വംശീയ വൈറസ്

സോഷ്യല്‍ മീഡിയയിലും പുരോഗമന കേരളത്തിന്റെ അകത്തളങ്ങളിലും പുരോഗമിക്കുന്ന കൊറോണ സംവാദങ്ങളില്‍ പുളച്ചുമറിയുന്നത് വംശവെറിയുടെ വിഷ ബീജങ്ങളാണ്. കൊറോണ കേരളത്തില്‍ കൂടുതലായി വ്യാപിപ്പിച്ച സമുദായമേത് എന്ന കണക്കെടുപ്പ് നടത്തി, അതവര്‍ ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് നാട്ടില്‍ നിന്നാണെന്ന് ചേര്‍ത്തുകെട്ടി, അത് കേരളത്തിന്റെ സാംസ്‌കാരിക തനിമക്കുണ്ടാക്കുന്ന പുഴുക്കുത്തുകളാണെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി ഒരു സമുദായത്തെ ഒറ്റ തിരിച്ച് അക്രമിക്കാനും രാജ്യഭ്രഷ്ട് കല്‍പിക്കാനുമുള്ള ആക്രോശങ്ങളുമാണ് മുഴങ്ങിക്കേള്‍ക്കുന്നത്.

1348-ല്‍ ഇറ്റലിയുടെ തെക്കുഭാഗത്ത് സിസിലിയില്‍ യൂറോപ്പിനെയാകെ ബാധിച്ച ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. കാട്ടുതീപോലെ യൂറോപ്പിലാകെ പടര്‍ന്നുകയറി, മരണവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച പ്ലേഗ് രോഗമായിരുന്നു ആ വിപത്ത്. പ്ലേഗ് ബാധിതരുടെ ശരീരം കറുപ്പ് നിറമായതിനാല്‍ ‘ബ്ലാക്ക് ഡെത്ത്’ എന്നാണ് അത് അറിയപ്പെട്ടത്. യൂറോപ്പിനെ ആസകലം ഗ്രസിച്ച ഈ രോഗം അവിടത്തെ ജനസംഖ്യയുടെ അറുപത് ശതമാനംവരെ കവര്‍ന്നെടുത്തതായി ചരിത്രം പറയുന്നു. ഈ പ്ലേഗ് ബാധയുടെ ഉറവിടം ജൂതന്മാരില്‍ നിന്നാണെന്നാണ് യൂറോപ്പില്‍ പ്രചരിക്കപ്പെട്ടത്. ജൂതന്മാര്‍ യൂറോപ്പിലെ കിണറുകളില്‍ വിഷം കലര്‍ത്തുകയും ശേഷം ഇത്തരം പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു എന്ന കിംവദന്തി വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. വംശീയ വിദേഷത്തില്‍ ഊട്ടപ്പെട്ട ഈ കള്ളക്കഥ പ്ലേഗ് ബാധയോടൊപ്പം യൂറോപ്പിലാകെ പടര്‍ന്നു. തല്‍ഫലമായി ജൂതസമൂഹം വ്യാപകമായ ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും വിധേയമായി. 1894-ലാണ് ‘ബൂബോണിക് പ്ലേഗ്’എന്ന ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായത്. എലികളുടെ രോമത്തിനിടയില്‍ കഴിഞ്ഞുകൂടുന്ന ഒരുതരം ചെള്ളുമുഖേനയാണ് രോഗം പരക്കുന്നതെന്നായിരുന്നു കണ്ടുപിടിത്തം.
ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ വംശീയമായ വിദ്വേഷപ്രചാരണങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ഏറെയൊന്നും മുമ്പല്ലാത്ത ചരിത്രസാക്ഷ്യമാണിത്. ഈ സംഭവമാണ് ചരിത്രത്തില്‍ ‘ആന്റിസെമിറ്റിസം’ എന്ന പേരിലറിയപ്പെടുന്നത്. യൂറോപ്പ് പിന്നീട് ഇതൊരു മഹാ അബദ്ധമായിരുന്നുവെന്ന് തിരിച്ചറിയുകയും ആന്റിസെമിറ്റിസത്തെ കുറ്റകൃത്യമായി പ്രഖ്യാപിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുകയും ചെയ്തു. ഇന്ന് യൂറോപ്പില്‍ ആന്റിസെമിറ്റിസം ഒരു ക്രിമിനല്‍ കുറ്റമാണ്. ചരിത്രം മധ്യകാല യുഗത്തില്‍നിന്നും പുതിയ കാലത്തെത്തി നില്‍ക്കുമ്പോള്‍ ഇതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. നിപ്പ, പ്രളയം, കൊറോണ തുടങ്ങി സമീപകാലത്ത് അഭിമുഖീകരിച്ച ദുരന്തങ്ങളിലെല്ലാം ഒരു പ്രത്യേക സമുദായത്തെ മുന്‍നിര്‍ത്തിയുള്ള വംശീയ പ്രചാരണങ്ങള്‍ കൊഴുത്തു കൊണ്ടിരിക്കുകയാണ്. കഥയും തിരക്കഥയുമെല്ലാം പഴയതുതന്നെ. പേരും കഥാപാത്രങ്ങളും മാത്രം മാറിയിരിക്കുന്നു. ആന്റിസെമിറ്റിസത്തിനു പകരം ഇസ്ലാമോഫോബിയ, ജൂതര്‍ക്ക് പകരം മുസ്ലിംകള്‍.

നിസാമുദ്ദീനില്‍ സംഘടിപ്പിക്കപ്പെട്ട തബ് ലീഗ് ജമാഅത്തിന്റെ സമ്മേളനാനന്തരം കൊറോണയെക്കുറിച്ച നിറംപിടിപ്പിച്ച കഥകളാണ് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. റോമിയോ ജിഹാദ്, ലൗ ജിഹാദ് മുതലായ പദാവലികള്‍ക്ക് ശേഷം ഇപ്പോള്‍ കൊറോണ ജിഹാദ് എന്നൊരു ഭീതിപരത്തുന്ന ആശയത്തെക്കൂടി ജനമനസ്സുകളിലേക്ക് അടച്ചിറക്കാനുള്ള ഗൂഢശ്രമം നടന്നുകൊണ്ടിരിക്കുന്നു. തബ് ലീഗ് പ്രവര്‍ത്തകര്‍ കൊറോണ പരത്തുന്നതിന് വേണ്ടി തങ്ങളുടെ മൂത്രം കുപ്പിയിലാക്കി പൊതുവഴികളിലുപേക്ഷിക്കുന്നു എന്ന വാര്‍ത്ത കൊടുത്തത് എന്‍.ഡി.ടി.വിയാണ്. വംശീയ മുന്‍വിധികളോടുകൂടിയ ഈ പ്രചാരണങ്ങളുടെ വിളവെടുപ്പുകാരായി ഹിന്ദുത്വ ഭീകരര്‍ അരങ്ങുവാണു കൊണ്ടിരിക്കുന്നു. കോവിഡ് ബാധിതനല്ല എന്ന് തിരിച്ചറിഞ്ഞ് വിട്ടയക്കപ്പെട്ട തബ് ലീഗ് പ്രവര്‍ത്തകനെ രോഗാണു പരത്തുന്നു എന്നാരോപിച്ച് ഡല്‍ഹിയില്‍ തല്ലിച്ചതച്ച് ജീവച്ഛവമാക്കിയ വാര്‍ത്തയുടെ അന്തരീക്ഷത്തിലാണ് ഇപ്പോള്‍ ഇന്ത്യ. പ്ലേഗ് ബാധയുടെ പ്രഭവകേന്ദ്രം ജൂതരുടെ മണ്ടയില്‍ കെട്ടിവെച്ച കെട്ട കാലത്തില്‍ നിന്ന് ഒട്ടും ദൂരമില്ല ആധുനിക ജനാധിപത്യ ഇന്ത്യയിലേക്ക്.

2020 മാര്‍ച്ച് 26ന് ‘ദി ഹിന്ദു’ ദിനപത്രം എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണില്‍ കൊറോണ വൈറസിനെ വരച്ചെടുത്തിരിക്കുന്നത് പത്താനി സ്യൂട്ട് ഉടുപ്പിച്ചുകൊണ്ടാണ്. കാര്‍ട്ടൂണില്‍ തെളിഞ്ഞ മുസ്ലിംവിരുദ്ധത എടുത്തുകാട്ടി വായനക്കാരുടെ വിമര്‍ശനം ഉയര്‍ന്നു വന്നപ്പോള്‍ പത്താനി സ്യൂട്ടിന് പകരം സ്റ്റിക് നല്‍കി ഓണ്‍ലൈനില്‍ പത്രം തിരുത്ത് കൊടുത്തു. ഭീകരതക്ക് വസ്ത്രമുണ്ടെങ്കില്‍ അത് മുസ്ലിം വസ്ത്രധാരിയാകാമെന്നും അല്ലെങ്കില്‍ അത് അരൂപിയായിരിക്കുമെന്നുമാണ് തിരുത്തിലൂടെയും തെളിയിക്കപ്പെട്ടത്.

2018ല്‍ നിപ്പ വൈറസിനെക്കുറിച്ച ഭീതികള്‍ കേരളത്തിന്റെ ജനമനസ്സുകളില്‍ നീറിപിടിച്ച വേളയിലാണ് അതില്‍ വംശീയ കനലിട്ട് ഊതിപ്പഴുപ്പിക്കാനുള്ള ഗൂഢശ്രമം ആരംഭിച്ചത്. നിപ്പ വൈറസിന് പിന്നില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെയ്‌സ്ബുക്ക് പ്രചാരണത്തിന് തുടക്കമിട്ടത് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടായ കുമ്മനം രാജശേഖരന്റെ മാധ്യമ സെക്രട്ടറിയും ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവിയുമായ ആര്‍.സന്ദീപായിരുന്നു. തുടര്‍ന്ന് ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ജീവിത സംസ്‌കാരം, ഭക്ഷണരീതി, ആഗോള ബന്ധങ്ങള്‍ മുതലായവ ചേര്‍ത്തുവെച്ചുള്ള വംശീയ വിചാരണകള്‍ തകൃതിയായി നടന്നു. നിപ്പ വൈറസ് പ്രമേയമായി ആഷിക് അബു സംവിധാനം ചെയ്ത സിനിമ ഒരേസമയം കേരളീയ പൊതുമണ്ഡലത്തില്‍ വേരോട്ടം കിട്ടിക്കൊണ്ടിരിക്കുന്ന ഈ വംശീയ വൈറസിനെകൂടി പ്രശ്‌നവല്‍ക്കരിക്കുന്നതായിരുന്നു.

നിപ്പയില്‍ നിന്ന് കൊറോണയിലെത്തി നില്‍ക്കുന്ന പുതിയ കേരളീയ സന്ദര്‍ഭത്തിലും ഈ സ്ഥിതിക്ക് മാറ്റമൊന്നുമില്ല. സോഷ്യല്‍ മീഡിയയിലും പുരോഗമന കേരളത്തിന്റെ അകത്തളങ്ങളിലും പുരോഗമിക്കുന്ന കൊറോണ സംവാദങ്ങളില്‍ പുളച്ചുമറിയുന്നത് വംശവെറിയുടെ വിഷ ബീജങ്ങളാണ്. കൊറോണ കേരളത്തില്‍ കൂടുതലായി വ്യാപിപ്പിച്ച സമുദായമേത് എന്ന കണക്കെടുപ്പ് നടത്തി, അതവര്‍ ഇറക്കുമതി ചെയ്യുന്നത് ഗള്‍ഫ് നാട്ടില്‍ നിന്നാണെന്ന് ചേര്‍ത്തുകെട്ടി, അത് കേരളത്തിന്റെ സാംസ്‌കാരിക തനിമക്കുണ്ടാക്കുന്ന പുഴുക്കുത്തുകളാണെന്ന് വരുത്തിത്തീര്‍ക്കാനും അതുവഴി ഒരു സമുദായത്തെ ഒറ്റ തിരിച്ച് അക്രമിക്കാനും രാജ്യഭ്രഷ്ട് കല്‍പിക്കാനുമുള്ള ആക്രോശങ്ങളുമാണ് മുഴങ്ങിക്കേള്‍ക്കുന്നത്.

സംഘ്പരിവാറും അവരുടെ ഓണ്‍ലൈന്‍ മാധ്യമങ്ങളും പടച്ചെടുക്കുന്ന ഈ അപസര്‍പ്പക കഥകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്ന വിധത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ബ്യൂറോക്രസിയുടെയുമെല്ലാം ഇടപെടലുകളുണ്ടാകുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ സ്ഥിരീകരിച്ച കാസര്‍ക്കോഡ് ജില്ലയിലെ രോഗബാധിതരുടെ പേരും മേല്‍വിലാസവുമടക്കമുള്ള പട്ടിക പുറത്തുവരികയും സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്നു. ജില്ല മെഡിക്കല്‍ ഓഫീസര്‍ പോലീസിന് കൈമാറിയ റിപ്പോര്‍ട്ട് എങ്ങനെ വംശീയ പ്രചാരണങ്ങള്‍ക്ക് കരുത്തേകുന്ന വിധത്തില്‍ പുറത്തുവന്നു എന്നതിന് മാത്രം ഉത്തരമില്ല. കേരളത്തില്‍ ഇന്നോളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളില്‍ നിന്ന് വ്യത്യസ്തമായി ഇടുക്കിക്കാരനായ കോണ്‍ഗ്രസ് നേതാവിന്റേയും കാസര്‍ക്കോട്ടെ മുസ്ലിം ലീഗുകാരന്റേയും പേര്, മതം, തൊഴില്‍ എന്നിവയെല്ലാം ചര്‍ച്ചയാക്കിയതിലും നിഗൂഢവല്‍കരിച്ചതിലും ഭരണകൂടത്തിനും ഉദ്യോഗസ്ഥ പ്രഭൃതിമാര്‍ക്കുവരെ അറിഞ്ഞും അറിയാതെയുമുള്ള പങ്കുണ്ട്. കാസര്‍ക്കോട്ടെ വ്യക്തിക്ക് നേരെ ഇരമ്പിവന്ന വിമര്‍ശനങ്ങളെല്ലാം കാസര്‍ക്കോട്ടുകാരെക്കുറിച്ച് നേരത്തെ നാം കേട്ടു പരിചയിച്ച പ്രാദേശികവും വംശീയവുമായ വാമൊഴികളും മുറുമുറുപ്പുകളുമായിരുന്നു. കള്ളക്കടത്തുകാരന്‍, ഒന്നിലധികം പാസ്‌പോര്‍ട്ടുള്ളവന്‍, അക്ഷരാഭ്യാസമില്ലാത്തവന്‍ തുടങ്ങി ജനപ്രിയ സിനിമയിലും സാഹിത്യങ്ങളിലും അടയാളപ്പെടുത്തപ്പെട്ട കാസര്‍ക്കോട്ടെ മുസ്ലിം പ്രതിബിംബത്തിന് കൊറോണ ബാധിതന്റെ രൂപത്തില്‍ ജീവന്‍ വെക്കുകയായിരുന്നു. കാസര്‍ക്കോടിനെക്കുറിച്ച ഈ പൊതുബോധ നിര്‍മിതിയെ ശരിവെക്കുന്ന വിധത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കുന്നതിന് മുമ്പെ 1500 പോലീസ് സേനയെ വിന്യസിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ കൊറോണ ബാധിത പ്രദേശമെന്ന് കാസര്‍ക്കോടിനെ മുദ്രകുത്തി വംശീയമായി പരിഹസിച്ചും തേജോവധം ചെയ്തും ആത്മരതിയടഞ്ഞവര്‍ മൗലിക യാഥാര്‍ഥ്യം മൂടിവെക്കുകയായിരുന്നു. കേരളത്തിന്റെ മൊത്തം വികസന ഭൂപടത്തില്‍ മലബാര്‍ വേറിട്ടു നില്‍ക്കുന്നുവെന്നും, മലബാര്‍ വിവേചനത്തിന്റെ കണക്കു പുസ്തകത്തിലാകട്ടെ കാസര്‍ക്കോട് മുന്നിട്ടു നില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം തൊണ്ട പൊട്ടുമാറുച്ചത്തില്‍ ആളുകള്‍ വിളിച്ചു പറയാന്‍ തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു. മാറിമാറി വന്ന ഭരണകൂടങ്ങള്‍ മലബാറിന്റേയും കാസര്‍ക്കോടിന്റേയും ന്യായമായ ആവശ്യങ്ങള്‍ക്ക് കാത് കൊടുക്കാതിരിക്കുകയും അതിന്റെ ഭവിഷ്യത്ത് മഹാമാരിയുടെ രൂപത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ പിന്നെയും കുറ്റം ആ സമൂഹത്തിന്റേയും പ്രദേശത്തിന്റേയും പിരടിയില്‍ കെട്ടിവെക്കുകയുമാണ്.

കോവിഡ് 19 കാലത്തെ വംശീയ വേട്ടയുടെ മറ്റൊരു ഇര ഗള്‍ഫുകാരായ പ്രവാസികളാണ്. ഇറ്റലിയില്‍ നിന്നും ചൈനയില്‍ നിന്നും കടന്നുവന്ന രോഗബാധിതര്‍ നമ്മുടെ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വം മാറ്റി നിര്‍ത്തപ്പെടുകയും ഗള്‍ഫുകാരന്‍ കൂടുതല്‍ വടിവൊത്ത രൂപത്തില്‍ രംഗം കയ്യടക്കുകയും ചെയ്തു. കേരളത്തിന്റെ വികസന പാച്ചിലിന് വിസില്‍ മുഴക്കുന്നത് ഗള്‍ഫുകാരനാണെങ്കിലും നമ്മുടെ വികസന ചര്‍ച്ചകളില്‍ പലപ്പോഴും ശത്രുസ്ഥാനത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാണ് ഗള്‍ഫ് മുസ്ലിം. പരിസ്ഥിതിയെ ചൊല്ലി മധ്യവര്‍ഗ സവര്‍ണ സമൂഹങ്ങള്‍ ചിട്ടപ്പെടുത്തിയ ഗള്‍ഫ് മുസ്ലിമിനെക്കുറിച്ച ഈ അപരബോധം കേരളം അഭിമുഖീകരിച്ച രണ്ട് പ്രളയത്തോടൊപ്പവും വംശീയമായി ഒഴുകി പരക്കുകയുണ്ടായി.
1970കള്‍ക്ക് ശേഷമുണ്ടായ ഗള്‍ഫ് കുടിയേറ്റവും അതിന്റെ ഭാഗമായി കേരളത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങളും ഗള്‍ഫ് മുസ്ലിമിനെക്കുറിച്ച പൊതുബോധത്തെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസത്തിലൂടെ രൂപപ്പെട്ട കേരളത്തിലെ ഗുണപരമായ മാറ്റങ്ങള്‍ വെട്ടിമാറ്റപ്പെടുകയും പകരം പ്രകൃതിയെക്കുറിച്ചും ഭൂതകാല സംസ്‌കൃതിയെക്കുറിച്ചുമുള്ള നഷ്ടസ്മൃതികള്‍ മാത്രം ഇടം പിടിക്കുകയും ചെയ്തു. ഗള്‍ഫ് പണത്തിന്റെ തിണ്ണ ബലത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ പാടശേഖരങ്ങളും തണ്ണീര്‍തടങ്ങളും മണ്ണിട്ടു മൂടി ഷോപ്പിംഗ് മാളുകള്‍ തീര്‍ക്കുന്നുവെന്നും കുന്നുകളും മലകളും അവര്‍ ഇടിച്ചു നിരത്തുന്നുവെന്നുമുള്ള ആക്രോശങ്ങളും മുറവിളികളും ഒരുപോലെ ഉയരുന്നുണ്ട്. മലയാളത്തിലെ പ്രമുഖ ചിന്തകനും നിരീക്ഷകനുമായ സി.ആര്‍. പരമേശ്വരന്‍ ഈയടുത്ത് ഭാഷാപോഷിണി മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ഉപര്യൂക്ത ആശയമാണ് മുന്നോട്ടുവെക്കുന്നത്. 1970 കളിലാണ് കെ.വേണു സായുധവിപ്ലവമാണ് കേരളത്തിന്റെ വിമോചന സാധ്യതയെന്ന സന്ദേശം ഉയര്‍ത്തുന്നത്. അതേ കാലയളവിലാണ് എം.എ. യൂസുഫലി ഗള്‍ഫിലേക്ക് കടല്‍ കടക്കുന്നതും. കേരളം പക്ഷേ സഞ്ചരിച്ചത് വേണുവിന്റെ പിറകെയല്ല, യൂസുഫലിയുടെ കൂടെയായിരുന്നു എന്ന പരമേശ്വരന്റെ നിരീക്ഷണത്തില്‍ ഈ പരിഹാസം ഉള്ളടങ്ങിയിട്ടുണ്ട്. ഇതേ പരമേശ്വരന്‍ തന്നെയാണ് ഇതേ ഭാഷാപോഷിണിയില്‍ മുമ്പ് കോഴിക്കോട്ടെ കോയമാര്‍ ഒരുനേരം കഴിക്കുന്ന ബിരിയാണി കൊണ്ട് കേരളത്തിലെ മൊത്തം ദലിതുകള്‍ക്കും ആദിവാസികള്‍ക്കും ഒരു മാസം കഴിയാമെന്നും എന്നാല്‍ ഇവ മൂന്നിനേയും കൂട്ടിയിണക്കി കൊണ്ടുള്ള ഇരവാദമാണ് കേരളത്തില്‍ മുഴങ്ങികേള്‍ക്കുന്നതെന്നും അതിന്റെ കാരണം ‘ഗള്‍ഫ് പത്തിരി’ കണ്ട് മോഹിച്ച ചില സാംസ്‌കാരിക പ്രവര്‍ത്തകരാണെന്നും എഴുതിവെച്ചത്.

ജാതിശ്രേണിയെ നിലനിര്‍ത്തിക്കൊണ്ടും സവര്‍ണ സംസ്‌കാരത്തെ ഒളിച്ചുകടത്തിക്കൊണ്ടുമുള്ള ജനപ്രിയ സിനിമകളില്‍ കേരളത്തിന്റെ സാംസ്‌കാരിക തനിമക്ക് കളങ്കമേല്‍പ്പിക്കുന്ന ഘടകങ്ങള്‍ ഗള്‍ഫ് പണവും ഗള്‍ഫ് മുസ്ലിമുമാണ്. ‘എടോ, മംഗലശ്ശേരി മുറ്റത്ത് കയറിവന്ന് വസ്തു വില്‍ക്കുന്നുണ്ടോ എന്ന് ചോദിക്കാനുള്ള ധൈര്യായോ നിനക്ക്. നിന്റെ വാപ്പ അന്ത്രുമാപ്പിള ഈ പടിപ്പുരക്കിപ്പുറം കാലുകുത്തിയിട്ടില്ല. പുഴക്കരപ്പറമ്പീന്ന് അയാള്‍ തേങ്ങ മോഷ്ടിച്ചപ്പോള്‍ ദേ ഈ കാണുന്ന പുളിയന്‍ മാവിന്റെ മേലാ ഇവിടത്തെ പണിക്കാര്‍ പിടിച്ചുകെട്ടി തല്ലിയത്. നിനക്കോര്‍മയില്ലെങ്കില്‍ പോയി ചോദിക്ക്. ജീവനോടെ ഉണ്ടല്ലോ ഇപ്പോഴും. ഏതോ നാട്ടില്‍ പോയി നാല് പുത്തനുണ്ടാക്കിയതിന്റെ നിഗളിപ്പ് മംഗലശ്ശേരി നീലകണ്ഠനോട് കാണിക്കാ. ഇറങ്ങിപ്പോടാ’ എന്ന ദേവാസുരം സിനിമയിലെ നായകന്റെ ആക്രോശത്തില്‍ ഗള്‍ഫ് പണത്തോടും ഗള്‍ഫ് മുസ്ലിമിനോടുമുള്ള വെറുപ്പ് നുരഞ്ഞുപൊന്തുന്നുണ്ട്.

തൊണ്ണൂറുകള്‍ക്ക് ശേഷം കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തില്‍ രൂപപ്പെട്ട മാറ്റങ്ങള്‍ പോലും ഗള്‍ഫുകാരനിലും മൊത്തം മുസ്ലിം സംസ്‌കാരത്തിലും കണ്ടെത്താനാണ് പലരും ശ്രമിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യ സംസ്‌കരണത്തിന്റേയും ആവശ്യകതകള്‍ പറയുന്നിടത്ത് അറിയാതെയെങ്കിലും മുസ്ലിംവിരുദ്ധ വികാരം പ്രവര്‍ത്തിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ നദികള്‍ മലിനമാകുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുക പലപ്പോഴും അറവുശാലകളിലെ മാലിന്യമായിരിക്കും. അറവുശാലകള്‍ നടത്തുന്നത് ഏതു മതക്കാരാണെന്ന് മനസ്സിലാകുമ്പോള്‍ ഈ വിലയിരുത്തലിലെ ഫാഷിസ്റ്റ് അപകടം തിരിച്ചറിയാനാകും. നദികളെ വിഷലിപ്തമാക്കുന്ന വന്‍ വ്യവസായ മാലിന്യങ്ങളെ ബോധപൂര്‍വം തമസ്‌കരിച്ചുകൊണ്ടായിരിക്കും ഇത്തരം വിശകലനങ്ങള്‍ നടക്കുക. മാംസഭക്ഷണ രീതി കേരളത്തിന്റെ മാലിന്യപ്പെരുപ്പത്തിനും മഹാമാരികള്‍ക്കും തുറവിയൊരുക്കുന്നുവെന്നും അതിന്റെ കാരണക്കാര്‍ മുസ്ലിംകളാണെന്നുമുള്ള ഇത്തരം ബോധത്തെ ശരിവെക്കും വിധമുള്ള മുസ്ലിം വാര്‍പ്പുമാതൃകകളാണ് ജനപ്രിയസിനിമകളിലെല്ലാം ഒരുകാലത്ത് ദൃശ്യപ്പെട്ടത്. ബഹുഭാര്യത്വം, അമിത ഭോഗാസക്തി, ഭക്ഷണ ആര്‍ത്തി ഇതെല്ലാം മുസ്ലിമിന്റെ സഹജഭാവവും ദൗര്‍ബല്യവുമായാണ് ഈ സിനിമകളിലെല്ലാം ചിത്രപ്പെടുത്തിയത്.

‘ബിരിയാണിക്ക് ഇച്ചിരി എരിവ് കൂടീന്ന് പറഞ്ഞ് മൈമൂനാനെ മൊഴിചൊല്ലാന്‍ നിങ്ങളോട് ആരെങ്കിലും പറഞ്ഞോ? ബിരിയാണിയാണോ ബീവിയാണോ മന്‍സന്‍മാര്‍ക്ക് വലുത് ന്ന് ചോദിക്ക് നായരേ’

”അനക്ക്വ്‌ടെ എന്തിന്റെയാ കൊറവ്? അരിയില്ലേ, തുണിയില്ലേ, പയ്യിന്റെ നെയ്യില്ലേ, തോന്നുമ്പോ തോന്നുമ്പോ ബിരിയാണിയോ നെയ്‌ച്ചോറോ എന്താ വേണ്ടത് ന്ന്ച്ചാല്‍ ഉണ്ടാക്കി കഴിക്കാലോ’

‘നേര്‍ച്ചക്കോഴീനെത്തിന്ന് തിന്ന് വയറുവീര്‍ത്തു ചത്ത അബ്ദുറഹ്മാന്റെ മോന്‍ ഖാലിദ് മൂക്കറ്റം കടത്തിലായിരുന്നു’

‘ഓസിനു കിട്ടുന്ന ചോറും ഇറച്ചിയും വാരിവിഴുങ്ങിയിട്ട് സമുദായപ്രമാണി ചമയരുത്. അടിവെച്ചു തരും ഞാന്‍’ മുതലായ സംഭാഷണങ്ങള്‍ മുസ്ലിം സംസ്‌കാരത്തെക്കുറിച്ച് സെല്ലുലോയ്ഡില്‍ പതിഞ്ഞ മാറ്റമില്ലാത്ത കാരിക്കേച്ചറുകളായിരുന്നു.

ഗള്‍ഫുകാരനും പണക്കാരനുമായ മുസ്ലിമിനു നേരെ രൂപപ്പെട്ടു വരുന്ന ഈ വംശീയ ആക്രമണങ്ങള്‍ ഒരുകാലത്ത് യൂറോപ്പില്‍ രൂപപ്പെട്ട ഇക്കോ ഫാഷിസത്തെയും അത് പടര്‍ത്തിവിട്ട ആന്റി സെമിറ്റിസത്തെയുമാണ് ഓര്‍മപ്പെടുത്തുന്നത്. ജര്‍മനിയിലെ അക്രമണോത്സുകരായ നാസിക്കൂട്ടങ്ങളെ ഇളക്കിവിടാന്‍ ഹിറ്റ്ലര്‍ കണ്ടെത്തിയ മാര്‍ഗങ്ങളിലൊന്നായിരുന്നു പരിസ്ഥിതി സ്നേഹവും മാംസ വിരുദ്ധതയും. തന്റെ സസ്യഭക്ഷണശീലവും മൃഗസ്നേഹവുമെല്ലാം ഡോക്യുമെന്ററികള്‍, മാധ്യമങ്ങള്‍ വഴി സമൂഹമധ്യത്തിലെത്തിക്കാന്‍ ഹിറ്റ്ലര്‍ വലിയ തോതില്‍ പണം ചെലവഴിച്ചിരുന്നു. സ്വന്തമായ പ്രകൃതിപാഠങ്ങളെ ആത്മകഥയിലൂടെ പ്രചരിപ്പിച്ച് ആര്യന്‍ വംശശുദ്ധിയും ജൂതവിരുദ്ധതയും ഒരുപോലെ ഹിറ്റ്ലര്‍ ഉല്‍പാദിപ്പിച്ചു. യൂറോപ്പില്‍ ശക്തിപ്പെട്ടിരുന്ന ഇക്കോളജിക്കല്‍ ചിന്തകളെയും മൂവ്മെന്റുകളെയും ഹിറ്റ്ലര്‍ വിലക്കെടുക്കുകയും നിയന്ത്രിക്കുകയും ചെയ്തു. ജര്‍മന്‍ മണ്ണിന്റെ ശുദ്ധിയും ജര്‍മന്‍ രക്തത്തിന്റെ ശുദ്ധിയും വേര്‍പിരിയാനാകാത്ത വിധം ഹിറ്റ്ലര്‍ സംയോജിപ്പിച്ചു. ആധുനികവിരുദ്ധത, ജര്‍മന്‍ മണ്ണിന്റെയും പ്രകൃതിയുടെയും ശുദ്ധിവാദം, ജര്‍മന്‍ ദേശീയത എന്നിവയെല്ലാം ആവശ്യാനുസരണം കൂട്ടിയിണക്കി ജൂതവിരുദ്ധതക്കാവശ്യമായ വളക്കൂറുള്ള മണ്ണൊരുക്കി.

‘ശീതകാലത്ത് നമ്മുടെ അടുപ്പുകളിലെ ചൂടു നിലനിര്‍ത്താന്‍ മാത്രമല്ല, ജര്‍മന്‍ ജനതയുടെ ആഹ്ലാദകരമായ നാഡിമിടിപ്പുകളുടെ ചൂടു നിലനിര്‍ത്താനും വേണ്ടിയാണ് നാം വനങ്ങള്‍ സംരക്ഷിക്കേണ്ടത് ‘എന്ന മുദ്രാവാക്യം ജര്‍മനിയിലെങ്ങും അലയടിച്ചു. കാലാകാലങ്ങളായി കര്‍ഷകരുടെയും മധ്യവര്‍ഗ സമൂഹങ്ങളുടെയും നോട്ടപ്പുള്ളികളായിരുന്ന ജൂതസമൂഹത്തെ വ്യാവസായികതയുടെയും പരിസ്ഥിതിത്തകര്‍ച്ചയുടെയും മാരകരോഗങ്ങളുടെയും കാരണക്കാരാക്കി ചിത്രീകരിക്കുന്ന പ്രവണത ശക്തിപ്പെട്ടു. മണ്ണിന്റെ ശുദ്ധിയും വംശീയ ശുദ്ധിയും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് നാസികള്‍ സിദ്ധാന്തിച്ചത്. അതുകൊണ്ട് ജര്‍മന്‍ രക്തത്തിന്റെയും ജര്‍മന്‍ മണ്ണിന്റെയും ഐക്യം വീണ്ടെടുക്കാന്‍ അതിനെ മലിനപ്പെടുത്തുന്ന ജര്‍മന്‍ മണ്ണിലെ കളകളാകുന്ന ജൂതന്മാരെ പിഴുതെറിയണം. അവര്‍ മരുഭൂമിയുടെ സന്തതികളും ദേശാടനക്കാരായ വിദേശികളുമാണ്. ഇതൊക്കെയായിരുന്നു ഇക്കോ ഫാഷിസ്റ്റുകള്‍ കൂടിയായ നാസികളുടെ വാദങ്ങള്‍. (കടപ്പാട്: ജി. മധുസൂദന്‍ ) ജര്‍മനിയില്‍ ശക്തിയാര്‍ജിച്ച ഈ ജൂതവിരുദ്ധ പരിസ്ഥിതി വാദത്തിന്റെ തുടര്‍ച്ചകള്‍ ഇന്ത്യയിലും ഇന്ന് പ്രബലമായി വരുന്നുണ്ട്. ജര്‍മനിയില്‍ അത് ആന്റി സെമിറ്റിസത്തിന്റെ രൂപത്തിലായിരുന്നെങ്കില്‍ ഇന്ത്യയിലത് ഇസ്ലാമോഫോബിയയുടെ വേഷം എടുത്തണിഞ്ഞിരിക്കുന്നുവെന്നു മാത്രം. കേരളത്തിന്റെ ഭൂപ്രകൃതിയെയും ആവാസ വ്യവസ്ഥയെയും ആരോഗ്യാവസ്ഥകളെയുമെല്ലാം നശിപ്പിക്കുന്ന അണുബാധയായി മുസ്ലിമിന്‍െ മൂലധനവും ജനസംഖ്യയും മാംസാഹാര രീതികളും മാറുന്നത് ഇക്കോ ഫാഷിസത്തിന്റെ വംശശുദ്ധിവാദങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത കൊണ്ടു കൂടിയാണ്.

(പ്രബോധനം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply