മനുഷ്യന്‍ മരിക്കുന്നതല്ല, വിപണിയാണ് പ്രശ്നം – അമേരിക്കയായാലും ചൈനയായാലും.

അമേരിക്കന്‍ കുത്തകമൂലധനത്തിന്റെയും ചൈനീസ് സോഷ്യലിസ്റ്റ് മൂലധനത്തിന്റെയും പൊതുവായ അങ്കത്തട്ട് വിപണിയും ലാഭവും മാത്രമായിരുന്നു. ആഗോളസാമ്പത്തികരംഗം നിരീക്ഷിക്കുന്നവര്‍ക്കറിയാം, ഏത്രയോ കാലമായി പ്രത്യയശാസ്ത്രങ്ങള്‍ ബുദ്ധിജീവികളുടെ മാത്രം ബാധ്യതയായി മാറിയിരുന്നൂവെന്നും ലോകത്തിന്റെ ശാസ്ത്രം തന്നെ വിപണിയും ലാഭവും മാത്രമായി മാറിയിരുന്നു എന്നും. വടംവലി നടത്തിക്കൊണ്ടിരുന്ന ചൈനയും അമേരിക്കയും വിപണിക്കായി മാത്രം അനുനയത്തിലെത്തുന്നതും നാം കണ്ടു. വ്യാപാരകരാറിന്റെ ആദ്യഘട്ടം ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കോറോണഔട്ട് ബ്രേക്ക് ഉണ്ടാവുന്നത് – കൊറോണ കാലത്ത് ചൈനയുടേയും അമേരിക്കയുടേയും പേരില്‍ നടക്കുന്ന കപട പ്രത്യയശാസ്ത്ര ചര്‍ച്ചകളെ കുറിച്ച് കഥാകൃത്തും മാധ്യമപ്രവത്തകനുമായ ടി. അരുണ്‍ കുമാര്‍ എഴുതുന്നു.

കാലസന്ദര്‍ഭങ്ങളാണ് പ്രത്യയശാസ്ത്രങ്ങളുടെ ഉരകല്ലായിത്തീരുന്നത് . ചരിത്രത്തില്‍ അത് തെളിയിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. സവിശേഷമായ ഒരു കാലസന്ദര്‍ഭത്തില്‍ നിങ്ങളുടെ രാഷ്ട്രീയം കെട്ടിപ്പൂട്ടി തട്ടിന്‍പുറത്ത് വയ്ക്കുക എന്നത് ‘രാഷ്ട്രീയപ്രബുദ്ധമെന്നെ് ‘ അഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍പ്പോലും മുഴങ്ങുന്ന മുദ്രാവാക്യങ്ങളിലൊന്നാണ്. പ്രളയം വന്നപ്പോള്‍ നമ്മളത് കേട്ടു. ഇപ്പോള്‍ കോറോണക്കാലത്തും നാമത് കേള്‍ക്കുന്നു. അതിന്റെ മറ്റ് വിവക്ഷകള്‍ എന്ത് തന്നെയായും തൊലിപ്പുറമേ മാത്രം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഏറ്റവും ജനപ്രിയമായിത്തീരാനിടയുള്ള വാചകമാണ് എന്നറിഞ്ഞുതന്നെയാവണം അത് ഉദ്ധരിക്കപ്പെടുന്നതും.

സഖ്യങ്ങളും സത്യങ്ങളും

സത്യത്തില്‍ സവിശേഷമായൊരു കാലസന്ദര്‍ഭത്തോട് നാമെങ്ങനെ പ്രതികരിക്കുന്നു എന്നതാണ് മനുഷ്യന്റെ ഭാവിയും മനുഷ്യനുമായി ബന്ധപ്പെട്ട മറ്റെന്തിന്റെയും ഭാവിയും തീരുമാനിക്കുന്നത്. രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളും അതിന് അപവാദമല്ല. കുത്തിയൊലിച്ചു വന്ന നാസിഫാസിസത്തെ തടയുവാന്‍ അമേരിക്കന്‍ മുതലാളിത്തവും ബ്രീട്ടീഷ് സാമ്രാജത്വവും സോവിയറ്റ് കമ്മ്യൂണിസവും ഒരുമിച്ച കഥ ലോകത്തിനറിയാം. മനുഷ്യന്‍ ചരിത്രപരമായും പരിണാമപരമായും കാലസന്ദര്‍ഭങ്ങളോട് പലരീതിയില്‍ പലവട്ടം യുദ്ധം ജയിച്ചതിന്റെ അനന്തരഫലം കൂടിയാണ് ആധുനികസമൂഹവും അതിന്റെ ധിഷണയും അതിന്റെ ഉപോത്പന്നങ്ങളായ പ്രത്യയശാസ്ത്രങ്ങളും. ചുരുക്കത്തില്‍ മുന്‍മാതൃകകളില്ലാത്ത ചില ഇടപെടലുകളില്‍ കൂടിയായിരിക്കാം മനുഷ്യന്‍ ഒരു സവിശേഷ കാലസന്ദര്‍ഭത്തെ അതിജീവിക്കുക. അത് പിന്നീട് മനുഷ്യചരിത്രത്തിന്റെയും ജ്ഞാനസമ്പത്തിന്റെയും ഭാഗമാവുകയും ചെയ്യും.

അപ്പോള്‍ അതിജീവിക്കുക, മുന്നോട്ട് പോവുക എന്ന പരിണാമത്തിന്റെ അനിവാര്യതയാണ് ഏറ്റവും മുന്നില്‍. അല്ലെങ്കില്‍ ആ പരിണാമത്തിന്റെ അനുസ്യൂതമായ ഒഴുക്കാണ് സത്യം. ആ കാലസന്ദര്‍ഭത്തെ ഭാവനാത്മകമായി, യുക്തിപരമായി അതിജീവിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ പ്രത്യയശാസ്ത്രങ്ങള്‍ അടക്കം സകലതും അതോടുകൂടി മണ്ണടിഞ്ഞുപോവുന്നു. ചുരുക്കത്തില്‍ അപായകരമായ ഏത് കാലസന്ദര്‍ഭത്തെയും അതിജീവിക്കാന്‍ മനുഷ്യനുള്ള വിജയകരമായ ആയുധം മാനവികതയാണ്, മനുഷ്യസ്‌നേഹമാണ്. നേരത്തേ പറഞ്ഞതുപോലെ ആപത്ഘട്ടത്തില്‍ ഒരുമിക്കാന്‍ ഒരു പ്രത്യയശാസ്ത്രവും തടസ്സമല്ലെന്ന് സഖ്യശക്തികള്‍ ചരിത്രത്തില്‍ എഴുതി വച്ചിട്ടുളളതുമാണ്. ഈ കോറോണക്കാലം അത്തരമൊരു കാലസന്ദര്‍ഭത്തെയാണ് നമുക്ക് മുന്നില്‍ അടയാളപ്പെടുത്തി വച്ചിരിക്കുന്നത്.

രോഗക്കിടക്കയിലെ ബലാബലം

എന്നാല്‍ പ്രത്യയശാസത്രങ്ങളുടെ ലിറ്റ്മസ് ടെസ്റ്റായിക്കൂടി ഈ കാലം മാറുന്നുണ്ടെന്ന് പലരും കരുതുന്നു. മുതലാളിത്ത സാമൂഹികമാതൃകയെ കോറോണ തട്ടിത്താഴെയിടുമെന്നും കമ്മ്യൂണിസ്റ്റ് സാമൂഹികമാതൃക അതിന്റെ മൂല്യം തെളയിക്കുമെന്നൊക്കെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കുറച്ചുകൂടി ലളിതവല്‍ക്കരിച്ചാല്‍ ചൈനീസ്പക്ഷവും അമേരിക്കന്‍ പക്ഷവും തമ്മിലുള്ള രോഗകാലബലാബലം.

ശരിക്കും അത്തരമൊരു വടംവലി കോറോണപൂര്‍വ്വലോകത്ത് നിലനിന്നിരുന്നോ എന്ന് നമ്മള്‍ പരിശോധിച്ചാല്‍ അതൊരു രാഷ്ട്രീയചര്‍ച്ചയുടെ പ്രശ്‌നപരിസരത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഒന്നാണെന്ന് കാണാന്‍ കഴിയും. കാരണം കോറോണയ്ക്ക് മുമ്പുള്ള ലോകത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്ന ഒരേയൊരു പ്രശ്‌നം വ്യാപാരം മാത്രമായിരുന്നു. മനുഷ്യന്റെ വേദനകള്‍ അമേരിക്കയെയോ മനുഷ്യന്റെ സ്വാതന്ത്യം ചൈനയേയോ ഒന്നും അക്കാലത്ത് അലോസരപ്പെടുത്തിയിട്ടേ ഉണ്ടായിരുന്നില്ല. സത്യത്തില്‍ അവര്‍ ഒരു യുദ്ധത്തില്‍ കൂടിയായിരുന്നല്ലോ- വ്യാപാരയുദ്ധം എന്നാണ് ലോകം അതിനെ വിളിച്ചത്.

മൂലധനം ഒരു കച്ചവടത്തിന് തുടക്കമിട്ടു കഴിഞ്ഞാലതിനെ നിലനിര്‍ത്തുന്നത് പ്രാഥമികമായി രണ്ട് കാര്യങ്ങളാണെന്ന് കുട്ടികള്‍ക്ക് പോലും അറിയാം. ഒന്ന് ആവശ്യകത, രണ്ട് ലാഭം. ഇതില്‍ ആവശ്യകത എന്നത് സാമ്പത്തികവളര്‍ച്ച സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് അത്യാവശ്യങ്ങളുടെ മുന്‍ഗണനെയപ്പോലും മാറ്റിമറിക്കും. ഒരു പത്ത് വര്‍ഷം മുമ്പ് പോലും സ്മാര്‍ട്ട്‌ഫോണുകള്‍ ഒരത്യാവശ്യസംഗതി ആയിരുന്നില്ല. തുടര്‍ന്ന് അത് നമ്മുടെ ഉത്പ്പാദനത്തിന്റെ, സമ്പദ് വ്യവസ്ഥയുടെ സ്വഭാവത്തെ ഒക്കെ മാറ്റി മറിച്ചു. മൊബൈല്‍ അധിഷ്ഠിതവ്യവസായങ്ങള്‍ കൂണുപോലെ മുളച്ചു പൊന്തി. കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് വിളിക്കപ്പെടുന്ന ചൈന തന്നെ ഉദാഹരണം. വിവരവിപ്‌ളവത്തെ ഏറ്റവും ലാഭകരമായി കാഷ് ചെയ്ത രാജ്യങ്ങളിലൊന്നാണ് ചൈന. അതായത് കച്ചവടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യങ്ങളുടെ മുന്‍ഗണന നിങ്ങളറിയാതെ മാറ്റിമറിക്കാന്‍ കൂടി കഴിയും. ഇത് ഒരുപാട് ചര്‍ച്ച ചെയ്തിട്ടുള്ള വിഷയം കൂടിയാണ്.

വ്യാപാരയുദ്ധസാഹചര്യത്തിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ മുതലാളിത്ത അമേരിക്ക ഒന്നാമത്തെ സാമ്പത്തികശക്തിയും കമ്മ്യൂണിസ്റ്റ് ചൈന (വടംവലിയുടെ പക്ഷത്ത് നിന്ന് വിശകലനം ചെയ്യുമ്പോള്‍ മാത്രം, ചൈനീസ് സാമൂഹികമാതൃക സോഷ്യലിസത്തെയും ഭരണമാതൃക കമ്മ്യൂണിസ്റ്റ് സങ്കല്‍പ്പങ്ങളെയും പിന്‍പറ്റുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത് ) രണ്ടാമത്തെ സാമ്പത്തികശക്തിയും ആയിരുന്നു. മുതലാളിത്ത അമേരിക്കയ്ക്ക് കമ്മ്യൂണിസ്റ്റ് ചൈനയുള്‍പ്പെടെ അവരുടെ വിപണിയും കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് അത് തിരിച്ചും അങ്ങനെ തന്നെയും ആയിരുന്നു. വിപണിയിലെ രണ്ട് വലിയ ഉത്പ്പാദകരാഷ്ട്രങ്ങള്‍ തമ്മില്‍ വിപണത്തിന്റെയും ലാഭത്തിന്റെയും പ്രശ്‌നങ്ങളില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ലോകം , സംശയലേശ്യമെന്യേ ഒരു സ്വതന്ത്രവിപണി മാത്രമായിരുന്നു. മുതലാളിത്ത അമേരിക്കയ്ക്ക് ലോകത്തെ ഒരു വിപണി മാത്രമായി കാണാന്‍ എല്ലാ അവകാശങ്ങളുമുണ്ട്. എന്നാല്‍ ലോകമെമ്പാടുമുള്ള മനുഷ്യന്റെ വേദനകളോട് ഐക്യപ്പെടാന്‍ പറഞ്ഞ ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് അങ്ങനെ കാണാന്‍ കഴിയുമോ എന്നത് ഒരു ചോദ്യം കൂടിയാണല്ലോ. മനുഷ്യത്വത്തിന്റെ മാനദണ്ഡം കൊണ്ടളന്നാല്‍ എന്താണ് നിങ്ങള്‍ തമ്മിലുള്ള വ്യത്യാസം എന്നതാണ് ലോകത്ത് വര്‍ഗങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഏറ്റവും പ്രസക്തമായ ചോദ്യം എന്ന് കൂടി ഓര്‍ക്കുക.

എന്നാല്‍ സ്വതന്ത്രവിപണിയാല്‍, അതിന്റെ ലാഭതാല്‍പര്യങ്ങളാല്‍ ധ്രുവീകൃതമായിരുന്ന ലോകം ആ ചോദ്യത്തെ കൈയ്യൊഴിഞ്ഞിരുന്നു. അമേരിക്കന്‍ കുത്തകമൂലധനത്തിന്റെയും ചൈനീസ് സോഷ്യലിസ്റ്റ് മൂലധനത്തിന്റെയും പൊതുവായ അങ്കത്തട്ട് വിപണിയും ലാഭവും മാത്രമായിരുന്നു. ആഗോളസാമ്പത്തികരംഗം നിരീക്ഷിക്കുന്നവര്‍ക്കറിയാം, ഏത്രയോ കാലമായി പ്രത്യയശാസ്ത്രങ്ങള്‍ ബുദ്ധിജീവികളുടെ മാത്രം ബാധ്യതയായി മാറിയിരുന്നൂവെന്നും ലോകത്തിന്റെ ശാസ്ത്രം തന്നെ വിപണിയും ലാഭവും മാത്രമായി മാറിയിരുന്നു എന്നും. വടംവലി നടത്തിക്കൊണ്ടിരുന്ന ചൈനയും അമേരിക്കയും വിപണിക്കായി മാത്രം അനുനയത്തിലെത്തുന്നതും നാം കണ്ടു. വ്യാപാരകരാറിന്റെ ആദ്യഘട്ടം ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കോറോണഔട്ട് ബ്രേക്ക് ഉണ്ടാവുന്നത്.

കോറോണ ഔട്ട്‌ബ്രേക്ക് ഉണ്ടായതിന് ശേഷം വടംവലിയുടെ ആക്കം കൂടി. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് എന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് തന്നത് പോലും ഇതൊരു സവിശേഷകാലസന്ദര്‍ഭമാണെന്ന ധാരണ നമ്മില്‍ ഉളവാക്കിയില്ല. യൂറോപ്പിലും അമേരിക്കയിലും മരിച്ചു വീഴുന്ന മനുഷ്യരെ ചൈനയിലും മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലുമായി മരിച്ചു വീഴുന്ന മനുഷ്യരുമായി തുലനം ചെയ്ത് നാം പ്രത്യശശാസ്ത്രകരുത്ത് അളന്നു. ഇടത് മാധ്യമങ്ങളില്‍ ഒരു ദിവസം രണ്ട് പ്രോ-ചൈനീസ് വാര്‍ത്തകളെങ്കിലും കടന്നു വന്നുകൊണ്ടിരുന്നു. ചൈന പത്ത് ദിവസം കൊണ്ട് ആയിരം കിടക്കകള്‍ ഉണ്ടാക്കിയ വാര്‍ത്ത വമ്പന്‍ ഹെഡ്ഡിംഗില്‍ വരുകയും ബ്രിട്ടണ്‍ ഒമ്പത് ദിവസം കൊണ്ട് ആയിരം കിടക്കകള്‍ ഉണ്ടാക്കിയ വാര്‍ത്ത തമസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നു. തമസ്‌ക്കരണവും ഒരു രാഷ്ട്രീയപ്രവര്‍ത്തനമായത് കൊണ്ട് തെറ്റ് പറയാനാവില്ല.

വിവാചെക്കിന്റെ കഥ

എന്നാല്‍ സ്വതന്ത്രചിന്തകര്‍ തമസ്‌ക്കരിച്ചു കൂടാത്ത ഒരു കഥ കോറോണക്കാലത്തുണ്ടായത് പറയാം. ചൈനയിലെ ഹാങ്ങ്ചൗവിലുള്ള വിവാചെക്ക് 15 മിനിറ്റില്‍ കോവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനകിറ്റ് പുറത്തിറക്കുകയുണ്ടായി. സ്വാഭാവികമായും ലോകം മുഴുവന്‍ കിറ്റിന് ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു. കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ സമം കൂടുതല്‍ വ്യക്തത എന്ന തെക്കന്‍ കൊറിയയുടെ മാതൃക ലോകത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞതായിരുന്നു അതിന് കാരണം.എന്നാല്‍ കമ്മ്യൂണിസ്റ്റ് ചൈന, മുതലാളിത്ത അമേരിക്ക എന്നീ ദ്വന്ദങ്ങളില്‍ കുടുങ്ങിക്കിടന്ന് രോഗകാലത്തും വടംവലി നടത്തുന്നവര്‍ക്ക് അറിയാനുള്ള ഒരു വിപണി മാതൃക കൂടി ഈ വാര്‍ത്തയിലുണ്ടായിരുന്നു.

വിവാചെക്ക് കമ്പനി 2013-ല്‍ അമേരിക്കയിലെ വില്‍മിങ്ങ്ടണ്‍ ആസ്ഥാനമാക്കിയാണ് സ്ഥാപിക്കപ്പെട്ടത്. ഈ പരിശോധനാകിറ്റുകള്‍ ഉദ്പ്പാദിപ്പിക്കുന്നത് അവരുടെ ചൈനീസ് സബ്സിഡിയറി ആയ വിവാചെക്ക് ചൈനയും. അതായത്, അമേരിക്കന്‍ മൂലധനവും ചൈനീസ് വ്യാപാരനയവും തമ്മിലുള്ള സാമ്പത്തികബാന്ധവം. ചൈനയിലെ രോഗബാധയുടെയും അതിജീവനത്തിന്റെയും സാഹചര്യങ്ങളെ പഠനവസ്തു ആക്കിക്കൊണ്ട് കൃത്യമായി അവര്‍ മെഡിക്കല്‍ കിറ്റുകള്‍ ലോകമെമ്പാടുമായി പുറത്തിറക്കി. വിവാചെക്കിന്റെ ലാഭം മുതലാളിത്ത അമേരിക്കയും കമ്മ്യൂണിസ്റ്റ് ചൈനയും ഒരുമിച്ച് പങ്കിടുമെന്നതിലും സംശയമുണ്ടാവേണ്ടതില്ല.  ഇതിന്റെ ഇടയില്‍ക്കൂടിയാണ് പ്രോ-ചൈനീസ് വാര്‍ത്തകള്‍ നമ്മളിലേക്കെത്തിക്കൊണ്ടിരുന്നത്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്നതിന്റെ അര്‍ത്ഥം പൂര്‍ണമായും മനസ്സിലാക്കാന്‍ പറ്റുന്ന അപൂര്‍വ്വം ചരിത്രസന്ദര്‍ഭങ്ങളിലൊന്നാണിത്. ക്യൂബന്‍ കഥയില്‍ ഒരിത്തിരി മനുഷ്യപ്പറ്റ് ഉണ്ടെന്നെങ്കിലും പറയാം.

ലോകത്തെ മുഴുവന്‍ തുറന്ന വിപണിയായി മാത്രം കാണുന്ന ചൈനയുടെ സാമൂഹിക- സാമ്പത്തിക മാതൃകയാണ് കേരളത്തിലെ ഇടതിന്റെ മാതൃകാ കമ്യൂണിസമെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. അത് കമ്മ്യൂണിസം മുന്നോട്ട് വച്ച സാഹോദര്യ മാതൃകയെ നിഷേധിക്കുന്നത് കൂടിയാണ്. കാപ്പിറ്റലിസം പ്രകൃതിയെ നശിപ്പിക്കുന്നു എന്ന് മാര്‍ക്‌സ് നിരീക്ഷിച്ചത് ചൈനാക്കാരന്റെ ബില്യണ്‍ ഡോളര്‍ വന്യജീവിക്കച്ചവടത്തിന്റെ കാര്യത്തിലും അച്ചട്ടായെങ്കിലും അത് നാം കണ്ടില്ലെന്ന് നടിച്ചു.ശരാശരി 70 ബില്യണ്‍ ഡോളറിന്റെ വന്യജീവിക്കച്ചവടം കൂടി ചൈനീസ് സമ്പന്നതയുടെ മാറ്റിലേക്ക് വര്‍ഷാവര്‍ഷം ചെന്നുപറ്റിയിരുന്നു എന്നറിയുക. എന്ന് മാത്രമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളോട്, ഒരു ബന്ധുത്വവും പുലര്‍ത്താന്‍ ചൈനക്കാര്‍ക്ക് പണ്ടേ താല്‍പര്യമില്ല താനും. ഇന്ത്യയുടെ മൂന്നാം ലോകദാരിദ്ര്യത്തിന്റെ ഭാഗം മാത്രമാണ് ചൈനക്കാര്‍ക്ക് ഇന്ത്യന്‍ കമ്മൂണിസ്റ്റുകളും. ചൈനീസ് മാധ്യമങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ വീരഗാഥകള്‍ക്ക് എത്ര സ്ഥലം കിട്ടുന്നുണ്ട് എന്നും നമുക്ക് അന്വേഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കൂടി കാത്താല്‍ മോദി സര്‍ക്കാരുമായി ‘തന്ത്രപരമായ വാണിജ്യ കരാറുകള്‍ ‘ഒപ്പിടുന്ന ചൈനയെയും കൊറോണാനന്തര ലോകം നമുക്ക് കാട്ടിത്തന്നേക്കാം. ഇതു പോലെ കൊറോണാനന്തരം അമേരിക്കയുമായി അവശേഷിക്കുന്ന രണ്ടും മൂന്നും ഘട്ട വ്യാപാര കരാറുകള്‍ ചൈന ഒപ്പു വയ്ക്കും എന്നും ലോകം പ്രതീക്ഷിക്കുന്നു. ഇടിഞ്ഞവീണ ആഗോളസമ്പദ്വസ്ഥയെ ഉദ്ദീപിക്കാന്‍, ലോകത്തെ തുറന്ന വിപണിയായി നിലനിര്‍ത്താന്‍ ചൈനയും അമേരിക്കയും കൂടുതല്‍ പരസ്യവേഴ്ചകളില്‍ ഏര്‍പ്പെട്ടുകൂടെന്നുമില്ല. പക്ഷെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളുമായി ചേര്‍ന്ന് അവരൊരു കോറോണാനന്തര’ ഇന്‍ഡോ-ചൈനീസ് മാതൃകാസോഷ്യലിസ്റ്റ് സെമിനാര്‍ ‘ പോലും സംഘടിപ്പിക്കില്ല. എന്നിട്ടും നമ്മള്‍ എഴുതിമറിക്കുന്നതിന്റെ കാരണം ഒന്നേയുള്ളൂ. പെട്ടുകിടക്കുന്ന മിഥ്യാധാരണകള്‍ വര്‍ത്തമാനകാലപ്രസക്തി അവശേഷിപ്പിക്കുന്നൂവെന്ന് സ്വയംവിശ്വസിപ്പിക്കാനുള്ള വിഫലശ്രമം ; അതുമാത്രം.

വിപണിയും രോഗവും

ലോകത്തിന് പാന്‍ഡമിക്കുകളുടെ വലിയ ചരിത്രമുണ്ട്. പക്ഷെ കോറോണവ്യത്യസ്തമാകുന്നത് അത് വിപണിയുടെ കാലത്ത് സംഭവിക്കുന്നതും ആധുനികസാമ്പത്തികമാതൃകയെ അലോസരപ്പെടുത്തുന്നതും ആണെന്നത് കൊണ്ടാണ്. സമ്പദ് വ്യവസ്ഥ തകരാത്തിടത്തോളം ആധുനികലോകത്ത് ഒരു മരണവും ആരെയും അലോസരപ്പെടുത്തുന്നില്ല. വിപണയില്‍ സജീവപങ്കാളിത്തമില്ലാത്ത ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചാവ്യാധികള്‍ മനുഷ്യനെ ജാഗരൂഗകനാക്കിയത് അവ യൂറോപ്പിലും അമേരിക്കയിലും തെക്കുകിഴക്കനേഷ്യയിലുമൊക്കെ എത്തിപ്പെട്ടപ്പോഴാണ്. ചുരുക്കത്തില്‍ മനുഷ്യന്‍ മരിക്കുന്നതല്ല, സാമ്പത്തികത്തകര്‍ച്ച കൂടിയാണ് പരിഭ്രാന്തിയുടെ പ്രധാനവിഷയമെന്ന് നമുക്ക് മനസ്സിലാവും. അതുകൊണ്ടാണ് അമേരിക്ക നൂറ്റാണ്ടിലെ തന്നെ സാമ്പത്തികപാക്കേജ് പ്രഖ്യാപിക്കുന്നതും ചൈന ഫാക്ടറികള്‍ വീണ്ടും തുറക്കുന്നതും ആഗോളവാര്‍ത്തകളായി മാറുന്നത്. എന്തായാലും കോറോണ ലോകമെമ്പാടും പിടിമുറിക്കഴിഞ്ഞപ്പോഴാണ് വടംവലി ശക്തമായത്. ചൈനീസ്-അമേരിക്കന്‍ പക്ഷപാതം രോഗത്തിന്റെ പ്രഭാവകേന്ദ്രത്തെച്ചൊല്ലി മുറുകി. ചൈനീസ് വൈറസാണ് കോറോണയെന്നും വ്യാപരയുദ്ധാനന്തരവിപണിനിയന്ത്രണത്തിനായി അമേരിക്ക സൃഷ്ടിച്ചതാണ് വൈറസ് എന്നും ആരോപണപ്രത്യാരോപണങ്ങളുണ്ടായി. ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാം.

ലോകാരോഗ്യസംഘടനയുമായും മറ്റ് അന്താരാഷ്ട്രതലത്തിലെ വിനിമയങ്ങളുമായി ബന്ധപ്പെട്ടും ഈ വിഷയത്തിലെ ചൈനീസ് സമീപനത്തെ അപഗ്രഥിക്കാന്‍ കഴിയും. ഭരണകൂടത്തിന്റെ പ്രതിച്ഛായാഭയത്താല്‍ മൂടിവയ്ക്കപ്പെട്ടതും, അലസമായി കൈകാര്യം ചെയ്യപ്പെട്ടതുമായ ഒരു പകര്‍ച്ചാവ്യാധിയായിക്കൂടി കോറോണ രേഖപ്പെടുത്തപ്പെടുമെന്ന് കരുതുന്നവര്‍ ഏറെയാണ്. രോഗത്തെ ദീര്‍ഘവീക്ഷണത്തോടും ഭാവനാത്മകമായും കൈകാര്യം ചെയ്യാന്‍ ചൈനയ്ക്കായില്ല എന്നതിന്റെ വിശദമായ വിവരങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നതിനാല്‍ അതിവിടെ എഴുതി ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നില്ല. എന്നാല്‍ പരമ്പരാഗതമായി നിലനിന്നിരുന്ന ചൈനീസ് വന്യജീവിത്തീറ്റയും വിപണനവും കോറോണവ്യാപനശേഷം നിരോധിക്കപ്പെട്ടത് എന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ചൈനീസ് ഇടപെടലുകളെ വിമര്‍ശനാത്മകമായി നമുക്ക് സമീപിക്കാന്‍ കഴിയും. ഇതോടൊപ്പം വിപണിയധിഷ്ഠിത-ലാഭകേന്ദ്രീകൃത സാമ്പത്തികമാതൃക ഒരു പകര്‍ച്ചാവ്യാധിക്ക് തുറന്ന്‌കൊടുക്കുന്ന വലിയ സാധ്യതകളെപ്പറ്റി ചിന്തിക്കാനും ചൈനയ്ക്കായില്ല. ഇത് ചൈനയെപ്പോലെ തന്നെ അമേരിക്കയ്‌ക്കോ യൂറോപ്പിനോ ആയില്ല എന്നതും വസ്തുതയാണ്. തായ്വാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളാണ് ചൈനയ്ക്കടുത്ത് കിടന്നിട്ടും സാര്‍സ്, മെര്‍സ് എന്നീ പാഠങ്ങള്‍ കൊണ്ട് കോറോണയെ ഫലപ്രദമായി തടഞ്ഞത്. അതേസമയം മൂന്ന് ലക്ഷത്തിലധികം പൗരന്‍മാര്‍ രോഗബാധിതരായതോടെ അമേരിക്കന്‍ പ്രതിരോധമാതൃകയുടെ പരാധീനതകള്‍ വെളിവാക്കി, അമേരിക്കന്‍ നിര്‍മ്മിതവൈറസ് എന്ന സിദ്ധാന്തസാധ്യതയെയും കോറോണ രോഗബാധിതമാക്കി.

സാമ്പത്തികവികസനവും വൈറസും

ആധുനികസാമ്പത്തികവികസനമാതൃക ഒരു പകര്‍ച്ചവ്യാധിയോട് എന്ത് ചെയ്യും എന്ന പ്രശ്‌നത്തിലേക്ക് മടങ്ങിവരാം. സത്യത്തില്‍ ഒരു പ്രാദേശികപകര്‍ച്ചാവ്യാധിയെ ആഗോളപകര്‍ച്ചാവ്യാധിയാക്കി മാറ്റുന്നത് ഈ വികസനമാതൃകയുടെ അനുബന്ധഘടകങ്ങളാണ്. ലോകം കൂടുതല്‍ ചെറുതായതും, വായുഗതാഗതം വികസിച്ചതും, രാഷ്ട്രീന്തരീയഅതിര്‍ത്തികളിലൂടെ വിവിധദേശീയതകളിലെ പൗരന്‍മാര്‍ അനസ്യൂതമൊഴുകാന്‍ തുടങ്ങിയതുമൊക്കെ അത് കൊണ്ടാണ്. അതുകൊണ്ടാണ് ഒരമ്പത് വര്‍ഷം മുമ്പ് ഒരു രാജ്യമോ, പ്രവിശ്യയോ ഷട്ട്ഡൗണ്‍ ചെയ്ത് കൊണ്ട് നിയന്ത്രിക്കാവുന്ന രോഗം ലോകം മുഴുവന്‍ ഷട്ട്ഡൗണ്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് വലുതാവുന്നത്. തീര്‍ച്ചയായും ഈ മാതൃക തന്നെയാണ് രോഗത്തെ പ്രതിരോധിക്കുന്നതിലും നമുക്ക് തുണയാവുന്നത്. മിന്നല്‍വേഗതയില്‍ ലോകം മുഴുവനും കൈമാറ്റം ചെയ്യപ്പെടുന്ന വിവരവിപ്‌ളവം കോറോണയ്‌ക്കെതിരെ മനുഷ്യന്‍ കണ്ടെത്തിയ ആദ്യത്തെ വാക്‌സിനാണ്. അതിന്റെ ഫലം നാം അറിയാന്‍ ഇരിക്കുന്നതേ ഉള്ളൂ.

നമുക്ക് കാലസന്ദര്‍ഭത്തിലേക്ക് തിരിച്ചുവരാം. ഒരു സവിശേഷമായ കാലസന്ദര്‍ഭത്തെ ഭാവനാത്മകമായും ദീര്‍ഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയും കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്ന് രണ്ടാംലോകമഹായുദ്ധാനന്തരം തന്നെ ലോകം പഠിച്ചിരുന്നതാണ്. മനുഷ്യന്റെ ജൈവികമായ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങളില്‍ എല്ലാ വിഭജനങ്ങള്‍ക്കുമപ്പുറം മനുഷ്യരാശി ഒരുമിച്ചുള്ള പ്രയത്‌നമാവും ഗുണം ചെയ്യുക എന്ന തിരിച്ചറിവാണ് അത്. പരിണാമത്തിന്റെ വഴിയും അത് തന്നെയാണ്. മനുഷ്യന്‍ നിലനിന്നത് കൊണ്ടാണ് ധിഷണയും രാഷ്ട്രീയബോധ്യവും വികാസം പ്രാപിച്ചതെന്നും മനുഷ്യന്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ് അവയ്ക്കും അര്‍ത്ഥമുണ്ടാകുന്നതെന്നും ഉള്ള തിരിച്ചറിവാണത്. ഇതില്‍ തന്നെ മനുഷ്യന്റെ നിലനില്‍പ് മറ്റൊന്ന് കൊണ്ടും പുന:സ്ഥാപിക്കാന്‍ പറ്റുന്നതല്ല. മനുഷ്യന്‍ നിലനില്‍ക്കുമ്പോഴുള്ള അനുബന്ധസംഗതികളെല്ലാം തന്നെ രൂപഭേദം വരാനോ മാററി പ്രതിഷ്ഠിക്കപ്പെടാനുള്ള ഉള്ള സാധ്യതയുള്ളത് കൂടിയാണ്. ഒരു പ്രത്യയശാസ്ത്രവും ഇതിന് അപവാദവുമല്ല. അത് കൊണ്ടാണ് രണ്ടാംലോകമഹായുദ്ധാനന്തരം ലോകം കുറേക്കൂടി സമാധാനപരമായ ഒരിടമായി നിലകൊണ്ടിരുന്നത്. യുദ്ധങ്ങള്‍ പരമാവധി ഒഴിവാക്കപ്പെടുകയും സമാധാനചര്‍ച്ചകള്‍ ആ സ്ഥാനം കൈയ്യടക്കുകയും ചെയ്തത്. പ്രത്യയശാസ്ത്രത്തിന് വേണ്ടി കൊല്ലുന്നത് വിഡ്ഡിത്തമാണെന്ന് തിരിച്ചറിഞ്ഞ ലോകം ആ സ്ഥാനത്ത് ശീതയുദ്ധത്തെയും വ്യാപാരയുദ്ധത്തെയുമൊക്കെ പ്രതിഷ്ഠിച്ച് ആദിമമായ അക്രമചോദനയെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോവുകയായിരുന്നു. ആകെപ്പാടെ പ്രത്യയശാസ്ത്രത്തിന് വേണ്ടി കൊന്നുകൊണ്ടിരുന്നത് മതതീവ്രവാദികള്‍ മാത്രമായിരുന്നു. യുദ്ധത്തിലും ക്ഷാമത്തിലുമാണ് മുമ്പ് ഏറ്റവുമധികം മനുഷ്യര്‍ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ പുതിയ കാലമത് വാഹനാപകടങ്ങള്‍ക്കും, അമിതാഹാരം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ക്കും, ആത്മഹത്യകള്‍ക്കും വഴിമാറ്റി നല്‍കിയിരുന്നു.

പ്ളേഗ് മുതല്‍ കോവിഡ് വരെ

പക്ഷെ എങ്ങനെയാണ് ലോകം ഈ കാലസന്ദര്‍ഭത്തെ സര്‍ഗാത്മകമായും ഫലപ്രദമായും നേരിടുക ? അതിന് നാം ലോകം കടന്നുപോയ പാന്‍ഡമിക്കുകളുടെ ഒരു ലഘുചരിത്രം അറിയുന്നത് നന്നായിരിക്കും. മനുഷ്യചരിത്രത്തെയും മനുഷ്യരാശി സഞ്ചയിച്ച അറിവിനെയും മുന്നില്‍ നിര്‍ത്തി മാത്രമായിരിക്കും ഈ പോരാട്ടം നമുക്ക് ജയിക്കാന്‍ കഴിയുക.

എ.ഡി 165-ല്‍ ഏഷ്യമൈനര്‍, ഈജിപ്ത്, ഗ്രീസ്, ഇറ്റലി എന്നിവടങ്ങളിലായി അഞ്ച് മില്യണ്‍ മനുഷ്യരെ കൊന്നൊടുക്കിയ അജ്ഞാതമായ മഹാമാരി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ്. ഇത് സ്മാള്‍പോക്സ് ആണെന്നും അല്ല മീസല്‍സ് ആണെന്നും വാദങ്ങളുണ്ട്. എ.ഡി 541-42ല്‍ യൂറോപ്പിന്റെ പകുതിയിലധികം ജനസംഖ്യയെ കൊന്നൊടുക്കിയ പ്ളേഗ് എന്ന കറുത്ത മരണം. വീണ്ടും പ്ളേഗ് മനുഷ്യനെ ആക്രമിക്കുന്നത് 1346-ല്‍. ഇത് ശമിക്കാന്‍ 1353 വരെയുള്ള ഏഴ് വര്‍ഷങ്ങള്‍ എടുത്തു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലായി മരിച്ചത് 200 മില്യണ്‍ ആളുകള്‍.

പിന്നീടാണ് മനുഷ്യന്‍ കോളറയുമായി യുദ്ധം ചെയ്യുന്നത്. 1852-60 കാലഘട്ടങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഈ അസുഖത്തിന് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ട്. ഗംഗാതടങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കോളറ ഏഷ്യയും കടന്ന് യൂറോപ്പിലൂടെ നോര്‍ത്ത് അമേരിക്കയിലെത്തി ആഫ്രിക്കയിലും മരണം വിതച്ചു. ഒരു മില്യണ്‍ അതായത് പത്തുലക്ഷം മനുഷ്യര്‍ ചത്തൊടുങ്ങി. വീണ്ടും 1889 മുതല്‍ അടുത്ത ഒരു വര്‍ഷം. ഇന്‍ഫ്ളുവന്‍സ് ഫ്ളൂ. വീണ്ടും പത്ത് ലക്ഷം മനുഷ്യരെ കൊന്നൊടുക്കി. 1910-11 കാലത്ത് കോളറ തിരിച്ചു വന്നു. വീണ്ടും ഇന്ത്യ തന്നെ പ്രഭവകേന്ദ്രം. മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവടങ്ങളായി 8 ലക്ഷം മനുഷ്യരെ കൊന്നൊടുക്കി. വീണ്ടും 1918-ല്‍ ലോകത്തെ ശവപ്പറമ്പാക്കി ഇന്‍ഫ്ളുവന്‍സഫ്ളൂ തിരിച്ചു വന്നു. ഇക്കുറി മരണം 50 മില്യണ്‍ വരെ. ആദ്യത്തെ 25 ആഴ്ചയില്‍ തന്നെ 25 മില്യണ്‍ മനുഷ്യര്‍ മരിച്ചു വീണു. പിന്നീട് 1956, 1968 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും ഇന്‍ഫ്ളുവന്‍സ വന്നു. മൂന്ന് മില്യണ്‍ മനുഷ്യരോളം ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെട്ടു. ഇനിയാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയുന്നത്. ചികിത്സയില്ലാത്ത ഒരു വൈറസ് രോഗം- എയ്ഡ്സ് അത് ഇപ്പോഴും മനുഷ്യനൊപ്പമുണ്ട്. 2005മുതല്‍ 2012 വരെയുള്ള പീക്ക് ടൈമില്‍ എയ്ഡ്സ് 36 മില്യണ്‍ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്.

ഇതൊരു സ്‌പെസിമെന്‍ മാത്രമാണ്. താരതമ്യേന ആധുനികകാലത്ത് റിപ്പോര്‍ട്ട് ചെയ്ത അസുഖങ്ങളോ പഴയ കാലത്തെ എല്ലാ വ്യാപനങ്ങളെയുമോ പരാമര്‍ശിച്ചിട്ടില്ല. അപ്പോള്‍ മനുഷ്യന്റെ ചരിത്രമെന്നാല്‍ മഹാമാരികള്‍ക്കെതിരായ പോരാട്ടചരിത്രം കൂടിയാണ്. വൈദ്യശാസ്ത്രം ഇന്നുള്ളതിന്റെ ആയിരത്തില്‍ ഒന്ന് അംശം വികസിക്കാത്ത അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട രോഗങ്ങള്‍ക്ക് പോലും മനുഷ്യവംശത്തെ ഒന്ന് ചെറുതായി പേടിപ്പിക്കാനേ കഴിഞ്ഞിട്ടുള്ളു. അവ ആന്ത്യന്തികമായി മനുഷ്യനാല്‍ തോല്‍പ്പിക്കപ്പെട്ടു. കോവിഡിന്റെയും വിധി അതുതന്നെ ആയിരിക്കും. എന്നാല്‍ വൈദ്യശാസ്ത്രവും മനുഷ്യപുരോഗതിയും അതിന്റെ അങ്ങേത്തട്ടിലായിരുന്നപ്പോഴും നാം ഈ രോഗങ്ങളോട് പോരാടി ഇത്രയും വരെ എത്തിയത് എങ്ങനെയാണ് ? ഒരോ പ്രതിസന്ധിയോടും കാലസന്ദര്‍ഭങ്ങളോടും ഭാവനാത്മകമായും ശാസ്ത്രബോധത്തോടും കൂടി നാം ഇടപെട്ടതിന്റെ ഫലമാണ്, അല്ലെങ്കില്‍ ചില മനുഷ്യര്‍ ഇടപെട്ടതിന്റെ ഫലമാണിതെന്ന് നാം സമ്മതിക്കേണ്ടി വരും. വലതുചേരിയും ഇടത്‌ചേരിയും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കിലും ശാസ്ത്രലോകത്തിന് ഫണ്ട് ചെയ്യുന്നതില്‍ മടിച്ചു നിന്നില്ല. എന്നാല്‍ ശാസ്ത്രം പലഘട്ടങ്ങളിലും അധികാരത്തിന് വിധേയപ്പെട്ടെങ്കിലും ആത്യന്തികമായി അത് മനുഷ്യരാശിക്ക് ഗുണം ചെയ്യുന്നതില്‍ വിജയിച്ചിട്ടുണ്ട്. അത് ദേശീയതകളെയും പ്രത്യയശാസ്ത്രങ്ങളെയും മറികടന്ന് മാനവികതാല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. മനുഷ്യാരോഗത്തെ, അവന്റെ ജീവിതദൈര്‍ഘ്യത്തെ പരിഗണിച്ചു. വാക്‌സിനേഷന്റെ ചരിത്രത്തെ ഈ ഘട്ടത്തില്‍ പരിശോധിച്ചു നോക്കുക.

സ്‌മോള്‍പോക്‌സിന് വാക്‌സിന്‍ കണ്ടെത്തിയ എഡ്വേഡ് ജെന്നര്‍ സാമ്രാജത്വബ്രിട്ടന്റെ ഭാഗമായിരുന്നത് കൊണ്ട് ആ നേട്ടം ലോകത്തിന് കിട്ടാതിരുന്നിട്ടില്ല. വെസ്റ്റ്ഇന്‍ഡീസില്‍ റാബീസ് വാക്‌സിന്‍ എടുക്കുന്നവനും വടകരയില്‍ ഉപയോഗിക്കുന്ന റാബീസ് വാക്‌സിനും ഫ്രഞ്ചുകാരനായ ലൂയി പാസ്ച്ചറെ ഓര്‍ത്തേ പറ്റൂ. പോളിയോ വാക്‌സിന്‍ മുതലാളിത്ത അമേരിക്കയുടെ മൂലധനം ഉപയോഗപ്പെടുത്തി ജോണാസ് സാല്‍ക്ക് വികസിപ്പിച്ചെടുത്തതാണ്. ഈ വഴി തന്നെയാണ് കോറോണയ്‌ക്കെതിരെയും ലോകത്തിന് ബാക്കിയുള്ളത്. രോഗത്തിന്റെ ഈ കാലസന്ദര്‍ഭം താല്‍ക്കാലികമായെങ്കിലും ദേശീയതകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അവധി കൊടുത്തിരിക്കുന്നു. അതിനെല്ലാം മുകളില്‍ മനുഷ്യനും അവന്റെ ജൈവസത്തയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.

രക്ഷാകവാടവും കാവല്‍ക്കാരനും

വൈറസ് എന്ന സൂക്ഷ്മമായ ജൈവരൂപം മനുഷ്യന്‍ എന്ന സങ്കീര്‍ണമായ ജൈവരൂപവുമായി നടത്തുന്ന യുദ്ധമാണിത്. അതിന്റെ മുന്‍ഗണന ജൈവികമായ അതിജീവനമാണ്. നിലവില്‍ അമേരിക്ക വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. എല്ലാ മാനദണ്ഡങ്ങളും മാറ്റിവച്ച് നേരിട്ട് മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്. ലോകത്തെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി, അമേരിക്കയില്‍ ജന്നിഫര്‍ ഹാലര്‍ എന്ന വനിത വാക്‌സിന്‍ സിരകളില്‍ ഏറ്റുവാങ്ങി ഫലം കാത്തിരിക്കുന്നു. ചൈനയും വാക്‌സിന്റെ ക്‌ളിനിക്കല്‍ പരീക്ഷണങ്ങളിലാണ്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ലാബ് മനുഷ്യരില്‍ പരീക്ഷണം നടത്തുന്ന ഘട്ടത്തിലാണ്. റഷ്യയും ഇസ്രയേലും എല്ലാം രംഗത്തുണ്ട്. ഇതിനിടയില്‍ കാനഡയുടെ കോവിഡ് പ്രതിരോധമരുന്നിന്റെ രണ്ടാംഘട്ട പരീക്ഷണം വിജയിച്ചതായ വാര്‍ത്തകള്‍ പുറത്തുവരുന്നുമുണ്ട്.

ഒരേ സമയം മനുഷ്യരില്‍ സുരക്ഷിതമായും ഫലപ്രദമായും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വാക്‌സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്താല്‍ മൂന്നിലൊന്ന് ജോലി മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ എന്നാണ് ആഗോള ആരോഗ്യവിദഗ്ധനായ ജൊനാതന്‍ ക്വിക്ക് അഭിപ്രായപ്പെടുന്നത്. ആവശ്യമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്ന കനത്ത വെല്ലുവിളിയാണ് ഉത്പാദകരെയും സര്‍ക്കാരുകളെയും കാത്തിരിക്കുന്നത് എന്ന് ചുരുക്കം. മറ്റൊന്ന് ആവശ്യകത അനുസരിച്ച് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ഒരു രാജ്യത്തിന്റെ സാമ്പത്തികസാഹചര്യമാണ്.

എന്നാല്‍ ലോകാരോഗ്യസംഘടന ഇത് മുന്‍കൂട്ടിക്കാണുന്നുണ്ട്. നിലവില്‍ സര്‍ക്കാരുകള്‍, ചാരിറ്റബിള്‍ ഫൗണ്ടേഷനുകള്‍, വാക്‌സിന്‍ ഉത്പാദകര്‍ എന്നിവരെ ഒരുമിച്ചുകൊണ്ടുവന്ന് ആഗോളവിതരണത്തിന് ഒരു വഴി തുറക്കാന്‍ ശ്രമിക്കുന്നുണ്ട്. ചില ആഗോള സാമൂഹിക സംഘടനകളും നവീനമായ ധനസമാഹരണപദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വാക്‌സിന്‍ എത്തിക്കുക എന്നതാണ് ഇതിന്റെയൊക്കെ പ്രധാന ലക്ഷ്യം. ചുരുക്കത്തില്‍ ലോകം ഒരുമിച്ചാണ്. അത് കരുതലെടുക്കുന്നുമുണ്ട്.

തീര്‍ച്ചയായും ലോകം അതിജീവിക്കും. മനുഷ്യരാശിയുടെ ചരിത്രവും ജ്ഞാനസമ്പത്തും അതിന് അവനെ തുണയ്ക്കും. അത് കഴിയുമ്പോള്‍ തീര്‍ച്ചയായും ഈ കാലസന്ദര്‍ഭം രാഷ്ട്രീയമായി കീറിമുറിക്കപ്പെടുകയും ചെയ്യും. അന്ന് കാലത്തിന്റെ പ്രതിക്കൂട്ടില്‍ രാഷ്ട്രീയഭേദമെന്യേ ഉത്തരവാദികള്‍ കയറി നില്‍ക്കേണ്ടിയും വരും. വിയറ്റ്‌നാം യുദ്ധമായാലും, ടിയാനന്‍മെന്‍ സ്‌ക്വയറായാലും, ചെര്‍ണോബിലായാലും വിചാരണ ചെയ്യപ്പെടാതെ ചരിത്രത്തില്‍ കയറിപ്പറ്റിയിട്ടില്ലല്ലോ. പക്ഷെ അതുവരെ മനുഷ്യന്‍ പ്രാഥമികമായി അവന്റെ ജൈവാസ്ത്വത്തിന്റെ കാവല്‍ക്കാരനായി മാറുമെന്ന് മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply