അല്ല, കേരളം ട്രാന്‍സ് സൗഹൃദ സംസ്ഥാനമല്ല

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രവീണിന്റെ വിവാഹം. കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ജീവിത പങ്കാളിയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് വാര്‍ത്തയ്ക്ക് കാരണമായത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിനെ ആഘോഷമാക്കുകയും അതിനുതാഴെ നിരവധി പേര്‍ പ്രവീണിനേയും ട്രാന്‍സ് സമൂഹത്തേയും അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റുകളിടുകയും ചെയ്തിരുന്നു.

ആദ്യമായി ട്രാന്‍സ് ജെന്റര്‍ പോളിസി പ്രഖ്യാപിച്ചതിന്റെ പേരില്‍ കേരളം ട്രാന്‍സ് സൗഹൃദസംസ്ഥാനമാണെന്ന അവകാശവാദം നിരന്തരമായി കേള്‍ക്കുന്നതാണ്. എന്നാല്‍ ഔപചാരികമായി എന്തു പ്രഖ്യാപിച്ചാലും അതിന്റെ അന്തസത്ത അധികാരികളും ജനങ്ങളും ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഒരു പ്രയോജനവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും ഈ വിഷയത്തില്‍ മിക്കവാറും സംസ്ഥാനങ്ങളേക്കാള്‍ എത്രയോ പുറകിലാണ് കേരളം. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ട്രാന്‍സ് മാന്‍ പ്രവീണ്‍ നാഥിന്റെ ആത്മഹത്യ. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബര്‍ ആക്രമണവും വാര്‍ത്തകളുമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. Praveen Nath’s suicide proves that the claim that Kerala is a trans-friendly state is wrong because it announced the transgender policy for the first time.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പ്രവീണിന്റെ വിവാഹം. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ജീവിത പങ്കാളിയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റാണ് വാര്‍ത്തയ്ക്ക് കാരണമായത്. എന്നാല്‍, മാനസികമായി തകര്‍ന്നപ്പോള്‍ ഇട്ട ഒരൃ പോസ്റ്റ് ആയിരുന്നു അതെന്നും പെട്ടെന്നു തന്നെ പിന്‍വലിച്ചെന്നും പ്രവീണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിനെ ആഘോഷമാക്കുകയും അതിനുതാഴെ നിരവധി പേര്‍ പ്രവീണിനേയും ട്രാന്‍സ് സമൂഹത്തേയും അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റുകളിടുകയും ചെയ്തിരുന്നു. ഇതാണ് ആത്മഹത്യക്കുള്ള പെട്ടന്നുള്ള പ്രചോദനം എന്നു കരുതപ്പെടുന്നു. എന്നാല്‍ അടിസ്ഥാനകാരണം ഭിന്നലൈംഗിക വിഭാഗങ്ങളോട് കേരളീയ സമൂഹം പുലര്‍ത്തുന്ന അസഹിഷ്ണുത തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ പേര്‍ ജീവനൊടുക്കിയിരിക്കുന്നു, എത്രയോ പേര്‍ കൊല ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെയെല്ലാം തുടര്‍ച്ച തന്നെ ഈ സംഭവവും.

പ്രവീണിന്റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. തീര്‍ച്ചയായുമത് സ്വാഗതാര്‍ഹമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ‘മിസ്റ്റര്‍ കേരള’ പട്ടം ചൂടിയിട്ടുള്ള പ്രവീണ്‍നാഥ്, ട്രാന്‍സ് സമൂഹത്തിനാകെ ആത്മബലം നല്‍കിക്കൊണ്ടാണ് താന്‍ തിരഞ്ഞെടുത്ത കായിക മേഖലയില്‍ പ്രവര്‍ത്തിച്ചു പോന്നത്. സങ്കീര്‍ണ്ണമായ ജീവിതപ്രയാസങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്ന ട്രാന്‍സ് സമൂഹത്തില്‍ നിന്നൊരാള്‍ ഇവ്വിധം ജീവനവസാനിപ്പിച്ചതിന്റെ വേദന പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള അതിയായ ആഗ്രഹവും അതിനുള്ള നിരവധി തടസ്സങ്ങളും പ്രവീണ്‍ നേരിട്ട് പറഞ്ഞിരുന്നു. പ്രത്യേക ഉത്തരവു വഴി അതിനുള്ള സാമ്പത്തിക സഹായത്തിന് വഴിയൊരുക്കി പ്രവീണ്‍നാഥിന്റെ ആഗ്രഹം സാക്ഷാല്ക്കരിക്കാന്‍ കൂടെ നില്‍ക്കാന്‍ കഴിഞ്ഞത് ഇന്നുമോര്‍ക്കുന്നു എന്നിങ്ങനെ പോകുന്നു മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഇനിയും ഈ വിഭാഗങ്ങളെ മനുഷ്യരായി അംഗീകരിക്കാന്‍ തയ്യാറാകാത്ത കേരളീയ സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാടിനെ പരാമര്‍ശിക്കാന്‍ മന്ത്രി തയ്യാറാകുന്നില്ല എന്നത് വിമര്‍ശിക്കപ്പെടേണ്ടതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭൂരിപക്ഷത്തിനും ശക്തരായവര്‍ക്കുമുള്ളതാണ് ജീവിതം, ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബ്ബലര്‍ക്കുമുള്ളതല്ല എന്ന പൊതുബോധം തന്നെയാണ് പ്രധാന പ്രശ്‌നം. കഴിവുള്ളവര്‍ അതിജീവിക്കുമെന്ന തിയറിയൊന്നും സാമൂഹ്യജീവിതത്തിനു ബാധകമല്ല. ന്യൂനപക്ഷങ്ങളും ദുര്‍ബ്ബലരുമൊക്കെ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ഒരു നാടിന്റെ പുരോഗതി മനസ്സിലാക്കാനാകുക. സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അഡ്മിഷനൊരുക്കിയപ്പോള്‍ മഹാരാജാസില്‍ പ്രവേശനം നേടിയവരില്‍ ഒരാള്‍, കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബോഡി ബില്‍ഡര്‍ ആയി കഠിനാദ്ധ്വാനത്തിലൂടെ മിസ്റ്റര്‍ തൃശൂരും മിസ്റ്റര്‍ കേരള പട്ടവും നേടിയ ഒരാള്‍, ഇന്റര്‍നാഷണല്‍ ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഒരാള്‍, ആക്ടിവിസ്റ്റായ ഒരാള്‍, ഒരുപാട് സുഹൃത്ത് വലയം.. ഇതെല്ലാമായിരുന്നു പ്രവീണ്‍. എന്നിട്ടും അതിജീവിക്കാനായില്ലെങ്കില്‍ ഈ വിഷയം എത്രമാത്രം രൂക്ഷമാണെന്നു വ്യക്തമാണ്. അധിക്ഷേപങ്ങളും പരിഹാസങ്ങളും പലവിധം സഹിച്ചാണ് താന്‍ ജീവിക്കുന്നതെന്ന് പലവട്ടം പ്രവീണ്‍ പറഞ്ഞിട്ടുണ്ട്. ‘തോറ്റു കൊടുക്കാന്‍ മനസില്ല എന്ന ആത്മവിശ്വാസത്തോടെ തന്നെ മുന്നോട്ട് പോകുന്നു . ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ ഇതൊരു തുടക്കം മാത്രം ആണ്.. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഉണ്ട്… ‘ എന്നൊരിക്കല്‍ സമൂഹത്തോട് വിളിച്ചു പറഞ്ഞ വ്യക്തിയാണ് തളര്‍ന്നു പോയത് എന്നത് ചെറിയ വിഷയമല്ല.

ഏറെകോളിളക്കമുണ്ടാക്കിയ അനന്യയുടെ ആത്മഹത്യക്ക് ശേഷം Gender Affirmation surgery സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ ദിശ എന്ന സംഘടന കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ആദ്യത്തെ പരാതി കക്ഷി പ്രവീണാണെന്നു ദിശക്കു നേതൃത്വം നല്‍കുന്ന ദിനു വെയില്‍ പറയുന്നു. സമൂഹത്തിലെ മനുഷ്യത്വ വിരുദ്ധമായ Queer വിരുദ്ധത തന്നെയാണ് തങ്ങളില്‍പെട്ട മനുഷ്യരെ കൊന്നൊടുക്കുന്നതെന്നും ദിനു കൂട്ടിചേര്‍ക്കുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം ദിശ പരാതി നല്‍കിയിട്ടുണ്ട്.

കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഏറെ കാലം അദൃശ്യരായിരുന്നു. പലരും രാജ്യത്തെ വന്‍നഗരങ്ങളിലായിരുന്നു. പലരും തങ്ങളുടെ അസ്തിത്വം മറച്ചുവെച്ചായിരുന്നു ഇവിടെ ജീവിച്ചത്. എന്നാലിന്നവരില്‍ വലിയൊരു വിഭാഗം പിറന്ന മണ്ണില്‍ മറ്റുള്ളവരെപോലെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടത്തിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിമത ലൈംഗിക പ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ടായത്. അതിന്റെ ഫലമായി പല കൂട്ടായ്മകളും കേരളത്തില്‍ ഉടലെടുത്തു. ഇവരോടൊപ്പം ഒരു കൂട്ടം സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരുമാണ് കേരളത്തിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യധാരയിലേക്കെത്തിക്കുന്നത്. വസ്തുതാന്വേഷണപഠനങ്ങള്‍, ലിംഗനീതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, ചലച്ചിത്രമേളകള്‍, സമുദായാംഗങ്ങളുമായുള്ള കൂടിക്കാഴ്ച്ചകളും പങ്കുവെക്കലുകളും, പ്രൈഡ്, റാലികള്‍, പ്രതിഷേധപ്രകടനങ്ങള്‍ തുടങ്ങി നൂറുകണക്കിനു പരിപാടികള്‍ അതിനായി സംഘടിപ്പിച്ചു. ഇപ്പോഴുമവ തുടരുന്നുണ്ട്. പക്ഷെ പ്രതീക്ഷിച്ച ഫലം ഉണ്ടാകുന്നില്ല. മറുവശത്താകട്ടെ ക്യൂര്‍ സമൂഹത്തെ നേരിടാനായി ഒരു സംഘടന പോലും രൂപം കൊണ്ടിരിക്കുന്നു. പല രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പോലും രംഗത്തുവന്നിരിക്കുന്നു. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മന്ത്രി മനസ്സിലാക്കുന്നത് നന്ന്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിട ങ്ങളിലുമെല്ലാം നിലനില്‍ക്കുന്ന സാമൂഹ്യചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തില്‍ പൊതുവെ നില നില്‍ക്കുന്ന സ്ത്രീവിരുദ്ധവും ആണ്‍കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകള്‍, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇവയൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലവും അല്ലാതേയും പലപ്പോഴും നിയമപാലകരുടെ വരെ സദാചാരപോലീസിങ്ങിന് ഇവര്‍ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്റര്‍നയം പ്രഖ്യാപിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശവും അതിനു കാരണമായി. വളരെയേറെ പുരോഗമനഘടകങ്ങള്‍ ഉണ്ടെങ്കിലും പല കാര്യങ്ങളിലും അപൂര്‍ണ്ണമാണ് ഈ നയം. ഇടതുപക്ഷ സര്‍ക്കാരും ഈ വിഷയവുമായി പല പ്രഖ്യാപനങ്ങളും നടത്തുകയും പല നടപടികളും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാലിപ്പോഴും ലക്ഷ്യത്തില്‍ നിന്നു എത്രയോ അകലെയാണ് നമ്മള്‍. സുപ്രിംകോടതിയിലടക്കും നീതിക്കായുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. ലക്ഷ്യം നേടാന്‍ ഇനിയും എത്ര കുരുതികള്‍ വേണ്ടിവരുമോ ആവോ…

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply