വര്‍ഷം തോറും ലാപ്‌സാകുന്ന നിര്‍ഭയാ ഫണ്ട്

ആരവങ്ങളും പ്രക്ഷോഭങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നതുതന്നെയാണ് ഇവിടേയും സംഭവിച്ചത്. ഫണ്ടിന്റെ വിഷയത്തില്‍ മാത്രമല്ല, മറ്റു കാര്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. നിര്‍ഭയ സംഭവത്തിനുശേഷം ശിക്ഷാവിധികള്‍ കര്‍ക്കശമാക്കിയിട്ടും പീഡനങ്ങള്‍ക്ക് ഒരു കുറവുമില്ല എന്നു തന്നെയാണല്ലോ കണക്കുകള്‍.

നിര്‍ഭയാ കേസ് പ്രതികളെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ് നാടെങ്ങും. ആധുനിക കാലത്തിനു യോജിച്ച ഒന്നല്ല വധശിക്ഷ എന്നു പറയുന്നവരെ, അവരുന്നയിക്കുന്ന ഒരു വാദത്തിനുപോലും മറുപടി പറയാതെ അപഹസിക്കുന്നു. അതേസമയം നിര്‍ഭയാ സംഭവത്തിനുശേഷം നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് സ്ത്രീസുരക്ഷക്കും ശാക്തീകരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്ത നിര്‍ഭയാ ഫണ്ടിന്റെ ചെറിയൊരു ഭാഗം പോലും ചിലവഴിക്കുന്നില്ല. തുകയുടെ ഭൂരിഭാഗവും വര്‍ഷാവര്‍ഷം ലാപ്‌സാകുന്നു. കേരളത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. എന്നാല്‍ ആ വിഷയമുന്നയിക്കാന്‍ വധശിക്ഷയുടെ ആരാധകരടക്കം കാര്യമായി ആരും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

നിര്‍ഭയ സംഭവത്തെ തുടര്‍ന്ന് യുപിഎ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഏറെ കയ്യടി നേടിയ പ്രഖ്യാപനമായിരുന്നു അത്. സ്ത്രീസുരക്ഷക്കായി 2013 മുതല്‍ അനുവദിച്ച 4000 കോടിയോളം വരുന്ന വന്‍തുകയുടെ പകുതിക്കുതാഴെ മാത്രമേ ചിലവഴിച്ചിട്ടുള്ളൂ. സംഭവം നടന്ന ഡെല്‍ഹിയില്‍ ചിലവഴിച്ചത് അതിനേക്കാള്‍ താഴെയാണ്. നിര്‍ഭയഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്നാരോപിച്ച് ന്യൂഡല്‍ഹി വനിത കമ്മിഷന്‍ തന്നെ രംഗത്തുവന്നിരുന്നു. യുപി, മഹാരാഷ്ട്ര, തെലുങ്കാന, മണിപ്പൂര്‍, മേഘാലയ, സിക്കിം ത്രിപുര പോലുള്ള സംസ്ഥാനങ്ങള്‍ ഫണ്ട് ചിലവഴിക്കുന്നതില്‍ വളരെ പുറകിലാണ്. ഈ സംസ്ഥാനങ്ങളെല്ലാം ചിലവഴിച്ചത് അനുവദിച്ച തുകയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. കേരളമടക്കം മറ്റു പല സംസ്ഥാനങ്ങളുടേയും അവസ്ഥ അല്‍പ്പം ഭേദമാണെങ്കിലും ലക്ഷ്യത്തേക്കാള്‍ എത്രയോ അകലെയാണ്.

നിര്‍ഭയ ഫണ്ടിലേക്കായി വനിതാ, ശിശുകാര്യ മന്ത്രാലയം 2013 -14, 2014-15 ല്‍ നല്‍കിയത് 1,000 കോടി രൂപയാണ്. 2016-17, 2017-18 ല്‍ 550 കോടി, 2018-19, 2019-20 ല്‍ 500 കോടി രൂപയും നല്‍കി. വണ്‍ സ്റ്റോപ്പ് സെന്റര്‍ പദ്ധതിക്കായും വനിതാ ഹെല്‍പ്പ്‌ലൈന്‍ പദ്ധതിയുടെ സാര്‍വത്രികവല്‍ക്കരണത്തിനായും അനുവദിച്ച തുക മിക്ക സംസ്ഥാനങ്ങളിലും പാഴായി. മഹിളാ പൊലീസ് വോളന്റിയേഴ്സ് പദ്ധതിക്കായി നല്‍കിയ തുകയില്‍ നാല് സംസ്ഥാനങ്ങള്‍ മാത്രമാണ് കുറച്ചെങ്കിലും ഉപയോഗിച്ചത്.

ആരവങ്ങളും പ്രക്ഷോഭങ്ങളും പ്രഖ്യാപനങ്ങളുമൊക്കെ കഴിഞ്ഞാല്‍ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നതുതന്നെയാണ് ഇവിടേയും സംഭവിച്ചത്. ഫണ്ടിന്റെ വിഷയത്തില്‍ മാത്രമല്ല, മറ്റു കാര്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. നിര്‍ഭയ സംഭവത്തിനുശേഷം ശിക്ഷാവിധികള്‍ കര്‍ക്കശമാക്കിയിട്ടും പീഡനങ്ങള്‍ക്ക് ഒരു കുറവുമില്ല എന്നു തന്നെയാണല്ലോ കണക്കുകള്‍. കൊലക്കു കൊല എന്ന പ്രാകൃതനീതി നടപ്പാക്കിയതിന്റെ ഈ ആഘോഷം അവസാനിക്കുമ്പോഴും കാര്യങ്ങള്‍ പഴയ പോലെ തന്നെയാകാനാണ് സാധ്യത എന്ന് ഖേദത്തോടെയാണെങ്കിലും പറയേണ്ടിവരുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply