നെഹ്‌റുട്രോഫി വള്ളംകളി : അമിത് ഷാ മുഖ്യാതിഥിയാകരുത്…

കേന്ദ്ര ആഭ്യന്തരമന്ത്രിയായ ഒരാളെ ഇത്തരത്തില്‍ ക്ഷണിക്കുന്നതില്‍ എന്താണ് അപാകത എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. തീര്‍ച്ചയായും അതില്‍ അപാകതയുണ്ട്. ഈ തീരുമാനം പ്രതിപക്ഷത്തെ പലരും പറയുന്നപോലെ അടുത്ത മാസം സുപ്രിംകോടതിയിലെത്തുന്ന ലാവ് ലിന്‍ കേസോ സ്വര്‍ണ്ണകടത്തുകേസോ സ്വാധീനിക്കാനോ സില്‍വര്‍ ലൈനിനു അനുമതി നേടാനുള്ള സമ്മര്‍ദ്ദത്തിനോ ആകാം, ആകാതിരിക്കാം. അതല്ല ഇവിടെ പ്രധാന പ്രശ്‌നം. അമിത് ഷാ ഇത്തരമൊരു പദവിക്ക് അര്‍ഹനല്ല എന്നു പറയാന്‍ നിരവധി കാരണങ്ങളുണ്ട്.

സെപ്തംബര്‍ നാലിന് പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദമാകുന്നത് സ്വാഭാവികം മാത്രമാണ്. ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒരു തരത്തിലും ന്യായീകരിക്കാവുന്ന തീരുമാനമല്ല ഇത്. മുഖ്യാതിഥിയായി പുതിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അതിനു പകരമാണിപ്പോള്‍ അമിത് ഷായെ ക്ഷണിച്ചിരിക്കുന്നത്. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിന് ഈ സമയത്ത് അമിത് ഷാ കേരളത്തിലെത്തുന്നുണ്ടെന്നും അതിനാലാണ് മുഖ്യാതിഥിയായി ക്ഷണിച്ചതെന്നുമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ന്യായീകരണം. അതേസമയം രണ്ടാഴ്ച മുമ്പ് ചേര്‍ന്ന നിര്‍വാഹകസമിതി യോഗം മുഖ്യമന്ത്രിയെ തന്നെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചതെന്നാണ് നെഹ്‌റുട്രോഫി നിര്‍വാഹക സമിതി അംഗം എ എ ഷുക്കൂര്‍ പറയുന്നത്.

കേന്ദ്ര ആഭ്യന്തരമന്ത്രിയായ ഒരാളെ ഇത്തരത്തില്‍ ക്ഷണിക്കുന്നതില്‍ എന്താണ് അപാകത എന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. തീര്‍ച്ചയായും അതില്‍ അപാകതയുണ്ട്. ഈ തീരുമാനം പ്രതിപക്ഷത്തെ പലരും പറയുന്നപോലെ അടുത്ത മാസം സുപ്രിംകോടതിയിലെത്തുന്ന ലാവ് ലിന്‍ കേസോ സ്വര്‍ണ്ണകടത്തുകേസോ സ്വാധീനിക്കാനോ സില്‍വര്‍ ലൈനിനു അനുമതി നേടാനുള്ള സമ്മര്‍ദ്ദത്തിനോ ആകാം, ആകാതിരിക്കാം. അതല്ല ഇവിടെ പ്രധാന പ്രശ്‌നം. അമിത് ഷാ ഇത്തരമൊരു പദവിക്ക് അര്‍ഹനല്ല എന്നു പറയാന്‍ നിരവധി കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം ഇത് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള ആഘോഷമാണ് എന്നതാണ്. 1952ല്‍ നെഹ്റുവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ പ്രത്യേകമൊരുക്കിയ ചുണ്ടന്‍ വള്ളംകളി മത്സരത്തോടെയാണ് നെഹ്റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. പുന്നമടക്കായലില്‍ ചുണ്ടന്‍വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്റു മത്സരാന്ത്യത്തില്‍ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റില്‍പ്പറത്തി വള്ളംകളിയില്‍ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികള്‍ അദ്ദേഹത്തെ ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചി വരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയില്‍ നെഹ്റുവിനൊപ്പം ഉണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നെഹ്റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികള്‍ക്കു നല്‍കൂന്ന നെഹ്റൂ ട്രോഫി. തുടക്കത്തില്‍ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂണ്‍ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര് നെഹ്റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റുകയായിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തിനീ ചരിത്രം വിശദീകരിക്കുന്നു എന്ന ചോദ്യം സ്വാഭാവികം. അതിനു പ്രസക്തിയുണ്ട് എന്നതുതന്നെ ഉത്തരം. ഇന്ന് സംഘപരിവാര്‍ ഏറ്റവും ഭയപ്പെടുന്ന പേരാണ് നെഹ്‌റു. ഒരുപക്ഷെ ഗാന്ധിയേക്കാള്‍, അംബേദ്കറേക്കാള്‍. നെഹ്‌റുവിന്റെ ആധുനിക മതേതര സങ്കല്‍പ്പമാണ് അതിനു പ്രധാന കാരണം. അക്രമാസക്തമായ ഹിന്ദുത്വരാഷ്ട്രീയം ഏറ്റവും ഭയപ്പെടുന്ന ഒന്നാണല്ലോ അത്. അതിനാലാണ് നെഹ്‌റുവിനെ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് പരമാവധി നിഷ്‌കാസിതനാക്കാനുള്ള ശ്രമം അടത്ത കാലത്ത് സംഘപരിവാര്‍ ശക്തമാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പല പരിപാടികളിലും നെഹ്‌റുവിന്റെ പേര്‍ അവഗണിച്ചതായി വാര്‍ത്തയുണ്ടായിരുന്നല്ലോ. പകരം ബോധപൂര്‍വ്വം ഉയര്‍ത്തികൊണ്ടുവരുന്നതോ സവര്‍ക്കറുടെ പേരും. ഇതിന്റെയെല്ലാം പിന്നിലെ ബുദ്ധിസ്രോതസ്സ് അമിത് ഷായാണെന്നത് പരസ്യമായ രഹസ്യമാണല്ലോ. ഒരുപക്ഷെ ഈ വള്ളം കളിയുടെ പേര്‍ പോലും സവര്‍ക്കര്‍ ട്രോഫി എന്നാക്കിമാറ്റാനുള്ള നീക്കം നടന്നേക്കാം. കഴിഞ്ഞില്ല, നെഹ്‌റു കുടുംബത്തെ തന്നെ കള്ളക്കേസില്‍ കുടുക്കി തകര്‍ക്കാനുള്ള നീക്കവും ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ ഊര്‍ജ്ജിതമാക്കിയിരിക്കുകയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തെ നെഹ്‌റു ട്രോഫി് വള്ളംകളിയുടെ മുഖ്യാതിഥിയാക്കുന്നതില്‍ എന്തു സാംഗത്യമാണുള്ളത്?

എന്തുകൊണ്ട് അമിത് ഷാ വേണ്ട എന്നതിന്, ഒരുപക്ഷെ ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാരണം കൂടി സൂചിപ്പിക്കാനുണ്ട്. മാനുഷരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന കാലം എന്നു വിശ്വസിക്കപ്പെടുന്ന മാവേലിയുടെ ഭരണകാലം എന്ന മനോഹര സങ്കല്‍പ്പത്തിനു പുറകില്‍ വളരെ പ്രകടമായ രാഷ്ട്രീയമുണ്ട്. വാമനന്‍ മാവേലിയെ ചവിട്ടിതാഴ്ത്തി എന്ന സങ്കല്‍പ്പത്തിനു പുറകിലും അങ്ങനെതന്നെ. മാവേലി നാടുവാണീടും കാലം എന്നു തുടങ്ങുന്ന പ്രശസ്തമായ ഗാനത്തിനു അനുബന്ധമായി സഹോദരന്‍ അയ്യപ്പന്‍ രചിച്ച ഈ വരികളില്‍ ആ രാഷ്ട്രീയം വ്യക്തമാണ്.

ബ്രാഹ്മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി, ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശലമാര്‍ന്നൊരു വാമനനെ, വിട്ടു ചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ, ശീര്‍ഷം ചവിട്ടിയാ യാചകനും
അന്നുതൊട്ടിന്ത്യയധ:പതിച്ചു, മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.

അന്ന് തൊട്ട് ഇന്ത്യ അധപതിച്ചെന്നും മന്നിലധര്‍മ്മം സ്ഥലം പിടിച്ചു എന്നുമാണ് കവി പറയുന്നത്. മാവേലി യാഥാര്‍ത്ഥ്യമായിരുന്നിരിക്കാം, മിത്തായിരുന്നിരിക്കാം. മിത്തുകളും താനെ ഉണ്ടാകുകയില്ലല്ലോ. അക്കാലം മുന്നോട്ടുവെച്ച മനോഹരമായ സമത്വസങ്കല്‍പ്പമാണ് വാമനന്റെ വരവോടെ തകര്‍ന്നടിഞ്ഞത് എന്നര്‍ത്ഥം. ജാതി മതഭേദമന്യെ മനുഷ്യര്‍ ഒരു പോലെ ജീവിക്കുന്നത് അംഗീകരിക്കാനാവാത്തവരായിരിക്കുമല്ലോ മാവേലിയെ ചവിട്ടിതാഴ്ത്താന്‍ വാമനനെ അയച്ചത്. ആ വാമനനെയാണ് അമിത് ഷാ ഉയര്‍ത്തിപിടിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. ഏതാനും വര്‍ഷം മുമ്പ് ഓണസമയത്ത് കേരളീയര്‍ക്ക് വാമനദിനാശംസകള്‍ നേരാന്‍ പോലും അദ്ദേഹം തയ്യാറായി. മാവേലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തിനൊപ്പം സമസ്ത ദേശവാസികള്‍ക്കും വാമനജയന്തി ആശംസകളെന്നാണ് അമിത് ഷാ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇപ്പോഴും സജീവമാണ്. ഓണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ മുഖപത്രമായ കേസരി നേരത്തെ വാമനന്റെ ചിത്രം പ്രസിദ്ധീകരിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിരുന്നു. ഇത്തരത്തില്‍ ഓണത്തെ വാമനജയന്തിയായി കാണുന്ന ഒരാളെ, മാവേലിയെ സ്മരിച്ചുള്ള നമ്മുടെ ഓണാഘോഷങ്ങളില്‍ മുഖ്യ അതിഥിയായി ക്ഷണിക്കുന്നതിനെ രാഷ്ട്രീയമായോ സാംസ്‌കാരികമായോ എങ്ങനെ ന്യായീകരിക്കാനാവും?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അല്ലെങ്കില്‍ തന്നെ ഓണത്തെ സവര്‍ണ്ണവല്‍ക്കരിക്കാനും ഹൈജാക് ചെയ്യാനുമുഴള്ള നീക്കങ്ങള്‍ ശക്തമാണ്. ഓണം മലയാളികളുടെ മൊത്തം ആഘോഷമായിരുന്നു എന്നതില്‍ സംശയമില്ല. പക്ഷെ വിവിധ സമൂഹങ്ങളിലെ ആഘോഷരീതികളില്‍ വലിയ അന്തരങ്ങള്‍ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിലെ ഓണാഘോഷങ്ങളിലെ പ്രകടമായ അവര്‍ണ്ണ ആധിപത്യം ഇതേ കുറിച്ചു പഠിച്ചവര്‍ ചൂണ്ടികാട്ടുന്നുണ്ട്. പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. എന്നാല്‍ ഏറെകാലമായി അതെല്ലാം മാറിയിരിക്കുന്നു. ഐക്യകേരളപ്രസ്ഥനത്തോടെ ഓണം ദേശീയ ഉത്സവമായി മാറി. സവര്‍ണ്ണശക്തികള്‍ ദേശീയതയെന്നാല്‍ കാളനും കൈകൊട്ടിക്കളിയും സെറ്റുസാരിയുമാണെന്ന സങ്കല്‍പ്പവും കൂട്ടിചേര്‍ത്തു. അങ്ങനെ മാവേലിയുടെ രൂപം മാറി. കസവുസാരിയും പുതപ്പും ഓലക്കുടയും കുംഭവയറുമെല്ലാം പ്രത്യക്ഷപ്പെട്ടു. ദൃശ്യമാധ്യമങ്ങളും മിമിക്രിപരിപാടികളും ആ രൂപം വ്യാപകമാക്കി. സവര്‍ണ്ണവല്‍ക്കരണത്തോടൊപ്പം കച്ചവടവല്‍ക്കരണവും ആയപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഇപ്പോഴിതാ മാവേലിയെ തന്നെ അപ്രസക്തനാക്കി വാമനനെ കേന്ദ്രസ്ഥാനത്തേക്കുയര്‍ത്താന്‍ നീക്കം നടക്കുന്നു. എന്നിട്ടും അമിത്ഷായെ ഓണക്കാലത്തെ മുഖ്യ അതിഥിയായി ക്ഷണിക്കുന്നതില്‍ അപാകത കാണാത്തവരെ സംശയത്തോടേയേ നോക്കാനാവൂ. കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യമില്ലാതെ തന്നെയാണല്ലോ മിക്കവാറും കൊല്ലങ്ങളില്‍ ഈ ആഘോഷം നടക്കാറുള്ളത്.

ഓണമാഘോഷിക്കുന്ന ചിങ്ങമാസത്തെ കുറിച്ചും ചിലത് പറയാനുണ്ട്. കേരളത്തെ സംബന്ധിച്ച് ചിങ്ങമെന്നത് മാവേലിയുടെ വരവിന്റെ മാത്രമല്ല, നമ്മുടെ നവോത്ഥാനമാസം കൂടിയാണ്. നാരായണഗുരു, അയ്യങ്കാളി, ബ്രഹ്മാനന്ദശിവയോഗി, സഹോദരന്‍ അയ്യപ്പന്‍, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ നവോത്ഥാന നായകര്‍ ജനിച്ചത് ഈ മാസമാണ്. ഇവരെല്ലാം മാവേലിയുടെ പിന്തുടര്‍ച്ചക്കാര്‍ തന്നെ. അവരുടയെല്ലാം പോരാട്ടങ്ങള്‍ ആധുനികകേരളത്തെ രചിച്ചതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ടല്ലോ. അവയെല്ലാം ഹിന്ദുത്വത്തിനും സവര്‍ണ്ണസംസ്‌കാരത്തിനും മനുസ്മൃതിമൂല്യങ്ങള്‍ക്കുമെതിരായിരുന്നു. അതൊരിക്കലും സംഘപരിവാര്‍ ലക്ഷ്യങ്ങളുമായോ രാഷ്ട്രീയവുമായോ ഒത്തുപോകുന്നതല്ല എന്നതു കൂടി ഈ വിവാദസമയത്ത് പ്രസക്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply