വേണം ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയ മന്ത്രി

സത്യത്തില്‍ ആര്‍ എസ് എസിനു വലിയ അടിത്തറ കേരളത്തിലുണ്ട്. സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്താന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇസ്ലാമോഫോബിയയുടെ കാര്യത്തിലും കേരളം പുറകിലല്ല. അപ്പോഴും ഇവിടത്തെ ഇടതുപക്ഷ സ്വാധീനവും ഏറെ തളരാതെ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സും ഇരുമുന്നണി സംവിധാനവും ന്യൂനപക്ഷമാണെന്നു പറയാമെങ്കിലും ജനസംഖ്യാപരമായും അധികാരത്തിലെ പങ്കാളിത്തത്താലും ശക്തരായ കൃസ്ത്യന്‍ – മുുസ്ലിം സ്വാധീനവും സജീവമായ മാധ്യമങ്ങളുമെല്ലാം ഒരുക്കുന്ന പ്രതിരോധത്താലാണ് വന്‍കൂട്ടക്കൊലകളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും നടക്കാത്തത്. പക്ഷെ അതിനെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങളാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്.

കക്ഷിരാഷ്ട്രീയകൊലപാതകങ്ങളില്‍ രാജ്യത്തുതന്നെ ഒന്നാം സ്ഥാനത്താണ് കേരളം. മിക്ക പാര്‍ട്ടികളും അതില്‍ അതില്‍ പങ്കാളികളായിരുന്നു എങ്കിലും കൂടുതലും നടന്നത് ബിജെപി – സിപിഎം സംഘട്ടനങ്ങളായിരുന്നു. സമീപകാലത്ത് അക്കാര്യത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിരിക്കുന്നു. കക്ഷിരാഷ്ട്രീയകൊലകളുടെ സ്ഥാനം മതരാഷ്ട്രീയ കൊലകള്‍ ഏറ്റെടുത്തിരിക്കുന്നു. അവയാകട്ടെ പ്രധാനമായും ബിജെപി – എസ് ഡി പി ഐ പ്രസ്ഥാനങ്ങള്‍ തമ്മിലാണ്. ഏതു കൊലപാതകവും ഭീകരമാണെങ്കിലും അവ മതത്തിന്റെ പേരിലാകുമ്പോള്‍ കൂടുതല്‍ അപകടകരമാകുമെന്നതാണ് യാഥാര്‍ത്ഥ്യം. അത്തരമൊരു അവസ്ഥയിലേക്കാണ് ഇന്നു കേരളം നീങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നു പറയാതിരിക്കാനാവില്ല. മുഖ്യമന്ത്രിപദത്തിനു പുറമെ ഇരുപതില്‍പരം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അക്കാര്യത്തില്‍ എത്ര സമയം ലഭിക്കുമെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ആഭ്യന്തരവകുപ്പിനു പ്രത്യേക മന്ത്രി വേണമെന്ന ആവശ്യം ആറു വര്‍ഷമായി കേരളത്തില്‍ ഉയരുന്നതാണ്. എന്നാലത് പരിഗണിക്കാന്‍ ഇപ്പോഴും മുഖ്യമന്ത്രി തയ്യാറാകുന്നില്ല.

ഒരു കൊല നടന്നാല്‍ മണിക്കൂറുകള്‍ക്കകം അതിനു പകരം വീട്ടാന്‍ കഴിയണമെങ്കില്‍ വളരെ പരിശീലനം ലഭിച്ച സംഘങ്ങള്‍ തന്നെ നിലവിലുണ്ടാകണം. മുമ്പ് കണ്ണൂരില്‍ മാത്രമാണ് ഇത്തരം സംഘങ്ങളുള്ളതെന്നായിരുന്നു പൊതുവിലുള്ള ധാരണ. എന്തിനും എപ്പോഴും തയ്യാറായ ഈ സംഘാംഗങ്ങള്‍ക്ക് എന്തുസംഭവിച്ചാലും അവരുടെ കുടുംബങ്ങളെ പ്രസ്ഥാനങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ്. പലപ്പോഴും കൊല ചെയ്യുന്നവരല്ല, പാര്‍ട്ടികള്‍ കൊടുക്കുന്നവരെയാണ് പോലീസ് പ്രതികളാക്കാറുള്ളത്. ഇപ്പോഴിതാ അത്തരം സംഘങ്ങള്‍ സംസ്ഥാനമാകെ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു എന്നു സാരം. സ്വന്തം പ്രസ്ഥാനത്തിനു വേണ്ടി എന്തു ചെയ്യാനും തയ്യാറുള്ളവരാണ് ഈ സംഘങ്ങള്‍. പണത്തിനു വേണ്ടി കൊലകള്‍ നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങളേക്കാള്‍ എത്രയോ അപകടകാരികളാണിവര്‍. പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷികളാകുന്നവരെ പൂവിട്ടുപൂജിക്കുന്നതൊക്കെ നമ്മള്‍ പണ്ടേ കാണാറുണ്ട്. ഇപ്പോള്‍ ആ തലവും വിട്ട് മതത്തിനു വേണ്ടി മരിക്കുന്നതും കൊല്ലുന്നതും ഏറ്റവും വലിയ പുണ്യകര്‍മ്മമായി കാണുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറിയിരിക്കുന്നു. രക്തസാക്ഷികളെ കൂടാതെ ബലിദാനി, ഷഹീദ് തുടങ്ങിയ പദങ്ങളും വ്യാപകമായിരിക്കുന്നു. പ്രസ്ഥാനത്തിനോ മതത്തിനോ വേണ്ടി കൊല്ലുന്നതും ചാകുന്നതും മഹത്തായ ഒന്നാണെന്നു കരുതുന്ന പ്രാകൃതാവസ്ഥയിലേക്ക് രാഷ്ട്രീയ പ്രബുദ്ധമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കേരളം മാറിയിരിക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന കൊലകളുമായി ബന്ധപ്പെട്ട് മറ്റൊരു വ്യാഖ്യാനം കൂടി കേള്‍ക്കാനിടയായി. രാജ്യത്തിനു വേണ്ടിയാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ മരിക്കാന്‍ തയ്യാരാകുന്നത് എന്നതാണത്. ഏതു രാജ്യമാണാവോ ഇവരോട് മരിക്കാന്‍ ആവശ്യപ്പെടുന്നത്….!!

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യത്തിന്റെ പല ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വര്‍ഗ്ഗീയകലാപങ്ങള്‍ വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. (അത്രപോലുമില്ലാത്ത തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങളുമുണ്ട്.) രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ നടക്കുന്നതെന്താണെന്നതിന്റെ വാര്‍ത്തകള്‍ നമ്മള്‍ നിരന്തരമായി കാണുന്നുണ്ട്. രാമനവമി പ്രമാണിച്ച് എട്ടു സംസ്ഥാനങ്ങളിലാണ് മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ നടന്നത്. ശ്രീറാം വിളിയുടേയും ബീഫിന്റേയും മറ്റും പേരില്‍ പല സംസ്ഥാനങ്ങളിലും കൂട്ടക്കൊലകള്‍ നടന്നതും സമീപകാലത്താണ്. അതിനും മുമ്പ് അതിഭീകരമായ വംശീയകൂട്ടകൊലകളും പള്ളി തകര്‍ക്കലുമൊക്കെ പലയിടത്തും നടന്നിരുന്നല്ലോ. അതിന്റെയെല്ലാം ഫലമായിരുന്നു കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഹിന്ദുത്വശക്തികള്‍ അധികാരത്തിലെത്തിയത്. ഇപ്പോഴാകട്ടെ 2025ഓടെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സംഘപരിവാര്‍ ശക്തികള്‍. അതിനുമുന്നെ നടക്കാന്‍പോകുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ വന്‍വിജയം അവര്‍ക്കാവശ്യമാണ്. അതിനായുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. രാമനവമി സംഭവങ്ങളും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കവുമൊക്കെ അതിന്റെ ഭാഗമാണ്.

കേരളത്തില്‍ ഇത്രയും ഭയാനകമായ ഒരവസ്ഥ സംജാതമായിട്ടില്ല എന്നതു ശരിയാണ്. സത്യത്തില്‍ ആര്‍ എസ് എസിനു വലിയ അടിത്തറ കേരളത്തിലുണ്ട്. സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്താന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഇസ്ലാമോഫോബിയയുടെ കാര്യത്തിലും കേരളം പുറകിലല്ല. അപ്പോഴും ഇവിടത്തെ ഇടതുപക്ഷ സ്വാധീനവും ഏറെ തളരാതെ നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സും ഇരുമുന്നമി സംവിധാനവും ന്യൂനപക്ഷമാണെന്നു പറയാമെങ്കിലും ജനസംഖ്യാപരമായും അധികാരത്തിലെ പങ്കാളിത്തത്താലും ശക്തരായ കൃസ്ത്യന്‍ – മുുസ്ലിം സ്വാധീനവും സജീവമായ മാധ്യമങ്ങളുമെല്ലാം ഒരുക്കുന്ന പ്രതിരോധത്താലാണ് വന്‍കൂട്ടക്കൊലകളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും ഇവിടെ നടക്കാത്തത്. പക്ഷെ അതിനെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങളാണ് അവര്‍ ആസൂത്രണം ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പുതിയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ഇവിടെ നേരത്തെ തന്നെ നിലവിലുള്ള കക്ഷിരാഷ്ട്രീയ കൊലകളുടെ ശൈലിയില്‍ എസ് ഡി പി ഐ തിരിച്ചടി ആരംഭിച്ചതോടെ അവരുടെ തന്ത്രം ഫലിക്കുകയാണെന്നു പറയാം. ഈ കൊലകള്‍ ചൂണ്ടികാട്ടി കേരളത്തില്‍ ഹൈന്ദവരുടെ അവസ്ഥ ദയനീയമാണെന്നും രാജ്യത്തിനു വേണ്ടിയാണെന്ന് തങ്ങള്‍ മരിക്കാന്‍ തയ്യാറാകുന്നതെന്നും പ്രചരിപ്പിക്കുകയാണ് സംഘപരിവാറുകാര്‍ ചെയ്യുന്നത്. അതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഇടപെടലിനായും അവര്‍ ശ്രമിക്കുന്നു. അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും ആരെയും കൊലചെയ്യാന്‍ കഴിയുന്ന അവസ്ഥയിലേക്ക് ഇരുകൂട്ടരുമായി ബന്ധപ്പെട്ട സംഘങ്ങള്‍ മാറിയിരിക്കുന്നു. തങ്ങള്‍ ചെയ്യുന്നത് സ്വന്തം മതത്തിനും നാടിനും വേണ്ടിയാണെന്ന തെറ്റായ ധാരണയാണ് അവരെ കൊണ്ടത് ചെയ്യിക്കുന്നത് എന്നതാണ് ഏറെ ഖേദകരം. അത്തരത്തിലുള്ള രാഷ്ട്രീയ – വര്‍ഗ്ഗീയ വിദ്യാഭ്യാസമാണ് അവര്‍ക്ക് കൊടുക്കുന്നത്. മരിക്കാന്‍ സ്വയം തയ്യാറായ ആരേയും തടുക്കുക എളുപ്പമല്ല. മറുവശത്ത് പ്രണയവിവാഹങ്ങളെപോലും ലൗ ജിഹാദായി വ്യാഖ്യാനിച്ച് ന്യൂനപക്ഷങ്ങളെ പരസ്പരം ശത്രുക്കളാക്കി മാറ്റാനുള്ള ആസൂത്രിതനീക്കവും സജീവമായിരിക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരമൊരു ഭീദിതമായ അവസ്ഥയിലാണ് ആഭ്യന്തരവകുപ്പിന്റെ പരാജയത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഏറ്റവും വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ളത് ആഭ്യന്തരവകുപ്പാണ്. സിപിഎം സമ്മേളനവേദികളില്‍ പോലും അതിന്റെ അലയൊലികള്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പോലും അതെകുറിച്ച് പരാമര്‍ശിച്ചല്ലോ. സിപിഐ ആകട്ടെ ഈ വിഷയം എത്രയോ കാലമായി ഉന്നയിക്കുന്നു. പോലീസിലെ സംഘപരിവാര്‍ സ്വാധീനത്തെ കുറിച്ച് പറഞ്ഞത് ആനിരാജയായിരുന്നു പല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും റിട്ടയര്‍ ചെയ്തശേഷം എത്തിയതും അവിടേക്കായിരുന്നല്ലോ. മനുഷ്യാവകാശ കമ്മീഷനും പലവട്ടം പോലീസിന്റെ വീഴ്ചകള്‍ ചൂണ്ടികാട്ടി. ലോക്കപ്പ് മര്‍ദ്ദനങ്ങളും ലോക്കപ്പ് കൊലകളും മാത്രമല്ല, അരനൂറ്റാണ്ടിനുള്ളില്‍ നമുക്ക് അപരിചിതമായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളും കേരളത്തില്‍ അരങ്ങേറി. കൊവിഡ് കാലത്തുപോലും പോലീസിനെതിരെയാണ് വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നത്. അപ്പോഴെല്ലാം പോലീസിന്റെ ആത്മവീര്യത്തെ തകര്‍ക്കരുതെന്നു പറഞ്ഞാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രക്ഷാകവചമൊരുക്കിയത്. ആലപ്പുഴയില്‍ നടന്നതിന്റെ തനിയാവര്‍ത്തനം പാലക്കാടും സംഭവിക്കുമെന്നു ഉറപ്പായിട്ടും തടയാനാകാതിരുന്നത് പോലീസിന്റെ വീഴ്ചയല്ലാതെ മറ്റെന്താണ്?

ഇത്തരമൊരു സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിനു പ്രത്യേക മന്ത്രി എന്ന ആവശ്യം കൂടുതല്‍ പ്രസക്തമാകുന്നത്. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോടിയേരിയും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ചെ്ന്നിത്തലയുമായിരുന്നല്ലോ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ വകുപ്പിനെ രണ്ടാക്കി വിഭജിച്ചതും നാം കണ്ടതാണ്. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തരത്തിനു ഒരു മന്ത്രിയില്ല എന്നത് അംഗീകരിക്കാവുന്നതല്ല. എന്തുകൊണ്ടാണിത് സംഭവിക്കുന്നത് എന്നതിന്റെ മറുപടി സാമാന്യമായി രാഷ്ട്രീയം അറിയുന്ന ആര്‍ക്കുമറിയാം. സര്‍ക്കാരിലോ പാര്‍ട്ടിയിലോ തനിക്കൊപ്പമോ അല്ലെങ്കില്‍ തൊട്ടുതാഴേയോ ഒരാളും വേണ്ട എന്ന പിണറായി വിജയന്റെ നിലപാടു തന്നെയാണ് അതിനുള്ള കാരണം. എല്ലാ അധികാരവും ഒരു വ്യക്തിയിലേക്കു കേന്ദ്രീകരിക്കുക എന്നത് ലോകമെങ്ങുമുണ്ടായിട്ടുള്ള എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അവരുടെ സര്‍ക്കാരുകളിലും കണ്ടിട്ടുള്ളതാണ്. ്ഇവിടേയും ആ പ്രവണതയൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ കേരളം ഒരു സ്വതന്ത്ര രാഷ്ട്രമല്ലാത്തതും ഇവിടെ നിലനില്‍ക്കുന്നത് ജനാധിപത്യമായതിനാലും അതിന്റെ അലയൊലികള്‍ പാര്‍ട്ടിയിലും ഉണ്ടായിരുന്നു. അങ്ങനെയാണല്ലോ അതിശക്തമായ രീതിയില്‍ ഗ്രൂപ്പിസം സജീവമായത്. എന്നാലിപ്പോഴത്തെ അവസ്ഥ അതല്ല. ഗ്രൂപ്പിസമൊക്കെ അവസാനിക്കുകകയും പിണറായി സര്‍വ്വശക്തമാകുകയും മറ്റെല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി വട്ടപൂജ്യമാകുകയും ചെയ്തു. സ്വാഭാവികമായും കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് സഹജമായ അമിതാധികാര പ്രവണതയിലാണ് പിണറായിയും. എന്നാല്‍ കേരളം നേരിടുന്നത് ഇന്നോളം കാണാത്ത രീതിയിലുള്ള പ്രതിസന്ധിയാണെന്നു തിരിച്ചറിയാനും അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനുമാണ് അദ്ദേഹമിപ്പോള്‍ തയ്യാറാകേണ്ടത്. അതിന്റെ ആദ്യപടിയാണ് ആഭ്യന്തരവകുപ്പിനു മുഴുവന്‍ സമയ മന്ത്രിയെ നിയമിക്കുക എന്നത്. ഈ വിഷയത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ട് അതിനദ്ദേഹം തയ്യാറാകുമെന്നുതന്നെ പ്രതീക്ഷിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply