ദേശീയ വിദ്യാഭ്യാസ നയവും ലിംഗനീതിയും – ചില പ്രാഥമിക ചിന്തകള്‍

പുതിയ വിദ്യാഭ്യാസ നയം സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പലയിടത്തും ഊന്നല്‍ നല്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, പെണ്‍കുട്ടികളുടെ സുരക്ഷിതയാത്രക്കായി സൈക്കിളുകളുടെ വിതരണം, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം എന്നിവയൊക്കെ തന്നെ സ്വഗതാര്‍ഹമാണെങ്കിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് കാരണമാകുന്ന അന്തര്‍ലീനമായ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുതിയ വിദ്യാഭ്യാസ നയം എങ്ങനെ ഉത്തരം കണ്ടെത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്തരം പദ്ധതികളുടെ ഫലം നിര്‍ണയിക്കപ്പെടുക.

ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ യുവജനങ്ങള്‍ കൂടുതലാണെന്ന വസ്തുതയോടൊപ്പം ഒരു തലമുറയുടെ തന്നെ ഭാഗധേയം തിരുത്തിക്കുറിക്കാനുള്ള വിദ്യാഭ്യാസത്തിന്റെ പ്രാപ്തിയെയും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് വേണ്ടി രൂപീകൃതമായ പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ച് കാമ്പുള്ള ചര്‍ച്ചകള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണ്. നയം മുന്നോട്ടു വയ്ക്കുന്ന കാലഘട്ടത്തിനനുസൃതമായ മാറ്റത്തിന്റെ രൂപരേഖയില്‍ വിദ്യാഭ്യാസത്തിലെ ലിംഗ അസമത്വത്തെ നേരിടാനായി നിര്‍ദേശിക്കുന്ന മാര്‍ഗങ്ങളെ പരിശോധനക്ക് വിധേയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സ്വാതന്ത്ര്യാനന്തരം പല കര്‍മപദ്ധതികളിലൂടെയും നിരന്തരമായ സര്‍ക്കാര്‍ ഇടപെടലിലൂടെയും പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്ക് ഇനിയും ഫലപ്രദമായി നിയന്ത്രിക്കുവാന്‍ സാധിച്ചിട്ടില്ല. ആര്‍ത്തവാരംഭത്തോട് കൂടി ഗ്രാമീണ മേഖലകളില്‍ നല്ലൊരു ശതമാനം പെണ്‍കുട്ടികളും വിദ്യാഭ്യാസം ഉപേക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന എന്‍. ജി. ഒ ആയ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് യു (CRY) 2019ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ആര്‍ത്തവത്തെ സംബന്ധിച്ച തെറ്റായ സാമൂഹ്യ കാഴ്ചപ്പാടും, സ്‌കൂളൂകളിലെ ശുചിമുറികളുടെ അഭാവവും എല്ലാം എട്ടോ ഒമ്പതോ ക്ലാസുകളില്‍ വച്ച് പഠനം ഉപേക്ഷിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിതരാക്കുന്നു. ഇവരില്‍ ഭൂരിഭാഗവും കൃഷിയിലോ, ഗാര്‍ഹിക ജോലികളിലോ വീട്ടുകാരെ സഹായിക്കുകയും കൗമാരത്തില്‍ തന്നെ വിവാഹിതരാകുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു. നിലവിലെ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനെ നിക്ഷേപവും അനിവാര്യതയുമായി കണക്കാക്കുമ്പോള്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി പിന്തള്ളപ്പെടുകയും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരാകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

പുതിയ വിദ്യാഭ്യാസ നയം സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പലയിടത്തും ഊന്നല്‍ നല്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം, പെണ്‍കുട്ടികളുടെ സുരക്ഷിതയാത്രക്കായി സൈക്കിളുകളുടെ വിതരണം, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം എന്നിവയൊക്കെ തന്നെ സ്വഗതാര്‍ഹമാണെങ്കിലും പെണ്‍കുട്ടികളുടെ കൊഴിഞ്ഞു പോക്കിന് കാരണമാകുന്ന അന്തര്‍ലീനമായ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പുതിയ വിദ്യാഭ്യാസ നയം എങ്ങനെ ഉത്തരം കണ്ടെത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത്തരം പദ്ധതികളുടെ ഫലം നിര്‍ണയിക്കപ്പെടുക.

പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പൂര്‍ത്തീകരണത്തിന് തന്നെ ശക്തമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ ഉന്നതവിദ്യാഭ്യാസം ഒരു ചോദ്യ ചിഹ്നമായി നിലനില്‍ക്കുന്നു. ശാസ്ത്ര സാങ്കേതിക കോഴ്‌സുകളിലേക്കും, ഐ. ഐ. ടി, എന്‍. ഐ. ടി മുതലായ സ്ഥാപനങ്ങളിലേക്കും ഇനിയും മതിയായ സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കാനായിട്ടില്ല. STEM( Science, Technology, Engineering, Mathematics) മേഖലകളില്‍ പെണ്‍കുട്ടികള്‍ക്കായി ഉന്നത വിദ്യാഭ്യാസ സാധ്യതകളും, ഗവേഷണത്തിന് വേണ്ട പ്രോത്സാഹനവും, തൊഴിലവസരങ്ങളും ഇനിയും ഊര്‍ജ്ജിതപ്പെടുത്തേണ്ടതുണ്ട്. ഇത്തരം കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ പരിശീലനത്തിനായി ആണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കോച്ചിംഗ് സെന്ററുകളുടെ സേവനം ലഭ്യമാക്കുമ്പോള്‍ അതേ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് തുല്യ അവസരം ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 2019 ലെ Annual Status of Education Report പ്രകാരം സ്വകാര്യ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ ക്കാള്‍ അധികം ആണ്‍കുട്ടികള്‍ പഠിക്കുന്നു എന്ന വസ്തുത ഇതിനൊപ്പം ചേര്‍ത്തു വായിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഒരേകദേശ ചിത്രം ലഭിക്കും. പുതിയ വിദ്യാഭ്യാസ നയം ഇത്തരം വിഷയങ്ങളില്‍ നിശബ്ദത പുലര്‍ത്തിയിരിക്കുന്നതു കാണാം.

പെണ്‍കുട്ടികളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും വിദ്യാഭ്യാസ പുരോഗതിക്കായി Gender Inclusion Fund നിര്‍മിക്കുമെന്നും അത് കേന്ദ്ര നിര്‍ദേശപ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും നയത്തില്‍ പറയുന്നു. ഈ ഫണ്ട് സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സംസ്ഥാനങ്ങളില്‍ പ്രാദേശിക തലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. ഈ ഫണ്ടിന്റെ വിനിയോഗം എപ്രകാരമായിരിക്കുമെന്ന് കാത്തിരുന്നു കാണണം. സ്ത്രീ സുരക്ഷക്കായി 2013ല്‍ നിലവില്‍ വന്ന നിര്‍ഭയ ഫണ്ടിന്റെ 90 ശതമാനത്തോളം ഇപ്പോഴും ഉപയോഗിച്ചിട്ടില്ല എന്ന വസ്തുതയും ഈയവസരത്തില്‍ ഓര്‍മപ്പെടുത്തുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ പല മാര്‍ഗനിര്‍ദേശങ്ങളും പുതിയ വിദ്യാഭ്യാസ നയം മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് എത്രത്തോളം പ്രാപ്യമാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പരിമിതമായ സൗകര്യങ്ങളുള്ള അടിസ്ഥാന വര്‍ഗ കുടുംബങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതലും കുടുംബത്തിലെ ആണ്‍കുട്ടിക്ക് ലഭിക്കാനാണ് സാധ്യത. ഉത്തര്‍ പ്രദേശിലെയും ഗുജറാത്തിലെയും ചില ഗ്രാമങ്ങളില്‍ ഖാപ് പഞ്ചായത്ത് പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തിന് ഉപരോധം ഏര്‍പ്പെടുത്തിയത് നാം വായിച്ചറിഞ്ഞിട്ട് അധിക നാളായിട്ടില്ല.

കാലങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസത്തിലെ ലിംഗ അസമത്വങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാതെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയില്ല. ലിംഗനീതി വാക്കുകളില്‍ മാത്രം ഒതുക്കാതെ സമൂലമായ സാമൂഹിക മാറ്റത്തിനു കൂടി അടിത്തറ പാകാനുതകുന്ന രീതിയില്‍ വ്യക്തമായ രൂപരേഖ വിദ്യാഭ്യാസ നയം മുന്നോട്ടു വയ്ക്കേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസനയത്തിന്റെ ആമുഖത്തില്‍ പ്രാചീന ഭാരതത്തിലെ പ്രഗത്ഭരുടെ കൂട്ടത്തില്‍ ആര്യഭട്ടനും, ഭാസ്‌കരനും, ചാണക്യനും, ചരകനുമുള്‍പ്പെടെ 16 പുരുഷന്മാരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വെറും രണ്ട് സ്ത്രീകള്‍ ( മൈത്രേയി, ഗാര്‍ഗി ) മാത്രമാണ് പരാമര്‍ശിക്കപ്പെട്ടതു. ഇത് വെറും സ്വാഭാവികത മാത്രമായി തള്ളിക്കളയാനാവില്ല. സ്ത്രീകളെ ഉന്നത സ്ഥാനങ്ങളിലേക്ക് വളരാന്‍ അനുവദിക്കാതിരിക്കുകയും, അവരുടെ നേട്ടങ്ങളെയും കഴിവിനെയും സൗകര്യപൂര്‍വം വിസ്മരിക്കുകയും ചെയ്‌തൊരു കാലത്തിന്റെ തുടര്‍ച്ചയുടെ അടയാളപ്പെടുത്തലാണത്.

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ പി. ജി വിദ്യാര്‍ത്ഥിനിയാണ് ലേഖിക)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “ദേശീയ വിദ്യാഭ്യാസ നയവും ലിംഗനീതിയും – ചില പ്രാഥമിക ചിന്തകള്‍

  1. ഈ ഒരു aspect നെ പറ്റി ചിന്തിച്ചിരുന്നില്ല , നല്ല അവലോകനം

  2. വളരെ നല്ല രീതിയില്‍ ഉള്ള ഒരു പഠനം നടത്തിയിട്ടുണ്ട് എന്ന് മനസില്‍ ആകുന്നു.. സമൂഹിക പ്രസക്തി ഉള്ള ഒരു വിഷയം കാര്യ കാരണ സഹിതം വിലയിരുത്തി.. തുടര്‍ന്നും എഴുതുക.. Best wishes!

Leave a Reply