കേരള സമരചരിത്രത്തില്‍ മുത്തങ്ങ

കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ടവരായിരുന്നല്ലോ നമ്മുടെ ദളിതരും ആദിവാസികളും. ഏറെകാലം ആ വഞ്ചന മൂടിവെക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചു. ആദിവാസികള്‍ക്കാകട്ടെ സ്വന്തം ഭൂമിയെന്നു കരുതിയിരുന്ന വനഭൂമിയും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വയനാട്ടിലെ ആദിവാസികള്‍ മുത്തങ്ങയില്‍ അമ്പുകുത്തിയില്‍ ഭൂമി വളച്ചുകെട്ടി കുടില്‍ കെട്ടി സമരമാരംഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം നടന്ന കുടില്‍ കെട്ടി സമരത്തിനൊടുവില്‍ നല്‍കിയ വാഗ്ദാനവും പാലിക്കാതായപ്പോഴാണ് ഈ തീരുമാനത്തിലേക്ക് സമരനേതൃത്വം എത്തിയത്.

കേരളം ദര്‍ശിച്ച ഏറ്റവും ഉജ്ജ്വലമായ ആദിവാസി സമരത്തിന് ഇന്ന് 17 വയസ്സ്. ചരിത്രത്തിലുടനീളം ഭൂമിയില്‍ നിന്നും വിഭവങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവര്‍ ആദ്യമായി തങ്ങളുടെ ന്യായമായ അവകാശം ചോദിച്ചപ്പോള്‍ കേരളമവര്‍ക്ക് തിരിച്ചുനല്‍കിയത് വെടിയുണ്ടയും ലാത്തിയും ഇന്നും തീരാത്ത കേസുകളും.

കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തില്‍ വഞ്ചിക്കപ്പെട്ടവരായിരുന്നല്ലോ നമ്മുടെ ദളിതരും ആദിവാസികളും. ഏറെകാലം ആ വഞ്ചന മൂടിവെക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിച്ചു. ആദിവാസികള്‍ക്കാകട്ടെ സ്വന്തം ഭൂമിയെന്നു കരുതിയിരുന്ന വനഭൂമിയും നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു വയനാട്ടിലെ ആദിവാസികള്‍ മുത്തങ്ങയില്‍ അമ്പുകുത്തിയില്‍ ഭൂമി വളച്ചുകെട്ടി കുടില്‍ കെട്ടി സമരമാരംഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്നില്‍ മാസങ്ങളോളം നടന്ന കുടില്‍ കെട്ടി സമരത്തിനൊടുവില്‍ നല്‍കിയ വാഗ്ദാനവും പാലിക്കാതായപ്പോഴാണ് ഈ തീരുമാനത്തിലേക്ക് സമരനേതൃത്വം എത്തിയത്. 2003 ജനുവരി 5 നായിരുന്നു സമരമാരംഭിച്ചത്. ആദിവാസി ഗോത്രമഹാസഭയുടെ ലേബലില്‍ സി കെ ജാനുവിന്റേയും എം ഗീതാനന്ദന്റേയും നേതൃത്വത്തിലായിരുന്നു സമരം. വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ 1960ലും യൂക്കാലിപ്റ്റസ് പ്ലാന്റേഷന്റെ പേരില്‍ 1980ലും മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കപ്പെട്ടവരായിരുന്നു ഈ ആദിവാസികള്‍. തങ്ങ ളുടെ സാമൂഹികാവസ്ഥയിലുണ്ടായ മാറ്റം കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കുമാണ് അവരെ തള്ളിയിട്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സാധാരണ ഭൂസമരങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി സ്വന്തം ഊര് സ്ഥാപിക്കാനായിരുന്നു ആദിവാസികളുടെ നീക്കം. 28ഓളം ഊരുസഭകളുണ്ടാക്കി. സ്വയംഭരണം എന്ന മുദ്രാവാക്യമായിരുന്നു അവര്‍ മുന്നോട്ടുവെച്ചത്. ആദിവാസികളുടെ സ്വയംഭരണം ഇന്ത്യന്‍ ഭരണഘടന (ആര്‍ട്ടിക്കിള്‍ 244) അനു ശാസിക്കുന്നതാണ്. നിരവധി സംസ്ഥാനങ്ങളില്‍ അംഗീകരിക്കപ്പെട്ടതുമാണ്. മുത്തങ്ങയിലെ ഒരു പ്രധാന ആവശ്യം വയനാടിനെ ഭരണഘടനയുടെ 5 ഷെഡ്യൂള്‍ പ്രകാരം ഷെഡ്യൂള്‍ ഏരിയ ആയി പ്രഖ്യാപിക്കുക എന്നതായി രുന്നു. അതിനനുസൃതമായി സമരഭൂമിയുടെ പ്രവേശന കവാടങ്ങളില്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചു.
പൊതുസമൂഹത്തിന് ഒരു ശല്ല്യവുമില്ലാതെ സ്വന്തമായ നിയമങ്ങളുമായി മുത്തങ്ങയില്‍ ആദിവാസികള്‍ ഊരു സ്ഥാപിച്ച് പുതിയൊരു ജീവിതം പടുത്തുയര്‍ത്തുകയായിരുന്നു. കേരളം സാധാരണ കാണുന്ന പോലെ നിഷേധാത്മകമായ ഒന്നായിരുന്നില്ല ഈ സമരം. മറിച്ച് തികച്ചും ക്രിയാത്മകമായിരുന്നു. 700ഓളം കുടിലുകളാണ് ഗോത്രഭൂമിയില്‍ ഉയര്‍ന്നത്. അവയില്‍ ഏകദേശം 2000ത്തോളം ആദിവാസികളുണ്ടായിരുന്നു. കാടിനെ സംരക്ഷിച്ച് കൃഷി ചെയ്തായിരുന്നു അവരുടെ ജീവിതം. കുട്ടികള്‍ക്കായി പാഠശാലയും സ്ഥാപിച്ചു. എന്നാല്‍ ആദിവാസികള്‍ സ്വന്തം മുന്‍കൈയില്‍ സംഘടിക്കുന്നതോ സമരം ചെയ്യുന്നതോ ഏതെങ്കിലും മുഖ്യധാരാപ്രസ്ഥാനത്തിനു സഹിക്കാനാവുമോ? മാത്രമല്ല, സമരം വിജയിക്കുകയും കേരളത്തിലെ ആദിവാസികള്‍ക്കെല്ലാം ഭൂമി നല്‍കുകയും ചെയ്യേണ്ടിവന്നാല്‍ കുടിയേറ്റക്കാരും കയ്യേറ്റക്കാരും വന്‍കിട ഭൂമാഫിയകളും അതംഗീകരിക്കില്ല എന്നവര്‍ക്കറിയാമായിരുന്നു. അതിനാല്‍ സമരത്തെ രാജ്യദ്രോഹമായും നിയമലംഘനമായും വ്യാഖ്യാനിച്ചുള്ള പ്രചരണം വ്യാപകമായി. എ കെ ആന്റണി മുഖ്യമന്ത്രിയും വി എസ് അച്യുതനന്ദന്‍ പ്രതിപക്ഷനേതാവുമായിരുന്നു. പതിവുപോലെ വി എസിനു മാത്രം വ്യത്യസ്ഥ അഭിപ്രായമുണ്ടായിരുന്നു. മറ്റെല്ലാവരും സമരത്തെ അടിച്ചമര്‍ത്തണമെന്ന അഭിപ്രായക്കാരായിരുന്നു.

ആദിവാസികള്‍ പരിസ്ഥിതി നശിപ്പിക്കുമെന്ന അസാധാരണവാദം മുന്നോട്ടുവെച്ച് ചില കപട പരിസ്ഥിതി വാദികളും രംഗത്തുവന്നു. മുത്തങ്ങയിലെ വന്യജീവി സങ്കേതത്തിന്റെ പേരു പറഞ്ഞായിരുന്നു അവര്‍ സമരത്തെ എതിര്‍ത്തത്. സുഗതകുമാരിയും ആര്‍ വി ജി മേനോനുമൊക്കെ അതിലുള്‍പ്പെടുന്നു. വന വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ ആദിവാസികള്‍ കെട്ടിയ കുടിലിന് തീ വയ്ക്കുകയും ഇണങ്ങിയ ആനകളെ മദ്യം നല്‍കി ഊരുകളിലേക്ക് ഇറക്കി വിടുകയും ചെയ്തു. 2003 ഫെബ്രുവരി 17ന് ആദിവാസി കുട്ടികള്‍ ഉറങ്ങി ക്കിടന്നിരുന്ന കുടിലിന് സമീപം തീപിടിത്തമുണ്ടായി. അതോടെ സഹികെട്ട ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. അതൊരു ഭീകരസംഭവമായി ചിത്രീകരിക്കപ്പെട്ടു. സമരത്തിനെതിരെ രൂപീകരിച്ചിരുന്ന സര്‍വ്വകക്ഷിസംഘം രംഗത്തിറങ്ങി. ആദിവാസികളെ പുറത്താക്കാനാവശ്യപ്പെട്ട് മുത്തങ്ങയില്‍ ഹര്‍ത്താല്‍ നടത്തി. ജില്ലാ കളക്ടര്‍ നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ ബന്ദികളെ മോചിപ്പിച്ചെങ്കിലും സമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും പുറത്താക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 19ന് കല്‍പ്പറ്റ ഡിവൈഎസ്പി ഉണ്ണിയുടെ നേതൃത്വത്തിലുള്ള പോലീസ് കാട് വളഞ്ഞു. തുടര്‍ന്നു നടന്നത് നരനായാട്ടായിരുന്നു. അമ്പും വില്ലുമൊക്കെയായി ചെറുക്കാന്‍ ശ്രമിച്ച ആദിവാസികളെ തോക്കും ലാത്തികളും ഗ്രനേഡുകളുമായി പോലീസ് നേരിട്ട ദൃശ്യങ്ങള്‍ ഏറെ പ്രസിദ്ധമാണല്ലോ. പോലീസ് ആദിവാസികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും മര്‍ദ്ദിക്കുകയും കുടിലുകള്‍ കത്തിക്കുകയും ചെയ്തു. നിരവധി ആദിവാസികള്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വലിഞ്ഞു. പോലീസ് അവിടേയുമെത്തിയപ്പോള്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ വിനോദടക്കം മൂന്നുപേരെ ബന്ദികളാക്കി ആദിവാസികള്‍ പ്രതിരോധം തീര്‍ത്തു. അതേസമയം വിനോദ് ചോരവാര്‍ന്നു കിടക്കുന്നതു കണ്ടപ്പോള്‍ ഡോക്ടറെ എത്തിച്ച് ചികിത്സിക്കാന്‍ ആദിവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു ചെയ്യാതെ പോലീസ് അതൊരവസരമായി ഉപയോഗിക്കുകയായിരുന്നു. സന്ധി സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ പോലീസ് സമരപ്പന്തല്‍ വളയുകയും തീപ്പന്തവുമായി കാവല്‍ നിന്ന ജോഗിയെ വെടിവച്ച് വീഴ്ത്തുകയും ചെയ്തു. വെടിവയ്പ്പ് തുടങ്ങിയതോടെ ആദിവാസികള്‍ ചിതറിയോടി. ഇതിനിടെ രക്തം വാര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് മരിക്കുകയും ചെയ്തു. നൂറുകണക്കിന് ആദിവാസികളെ പോലീസ് പിടികൂടി. തുടര്‍ന്ന് സമീപത്തെ എല്ലാ ആദിവാസി കുടിലുകളും പോലീസ് അരിച്ചു പെറുക്കി. അതിക്രൂരമായ മര്‍ദ്ദനമായിരുന്നു അവര്‍ക്ക് ലഭിച്ചത്. ഫെബ്രുവരി 21ന് സുല്‍ത്താന്‍ബത്തേരിക്കടുത്ത് നമ്പിക്കൊല്ലിയില്‍ ഗീതാനന്ദനും ജാനുവും അറസ്റ്റിലായി. ഇരുവര്‍ക്കും അതിക്രൂരമായ മര്‍ദ്ദനമേറ്റു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു നിമിഷം ഞെട്ടിയെങ്കിലും കേരളം പ്രതിഷേധ പ്രകടനങ്ങളാല്‍ മുഖരിതമായി. കുല്‍ദീപും നയ്യാറും അരുന്ധതി റോയിയും വി എസ് അച്യുതാനന്ദനും മുത്തങ്ങയിലെത്തി. അതുവരേയും സമരത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആയുധമാക്കി വെടിവെപ്പിനെ മാറ്റി. അതേസമയം സംസ്ഥാനത്തെ ജനകീയ പ്രതിരോധ പ്രവര്‍ത്തകര്‍ എല്ലാ ശക്തിയും സംഭരിച്ച് ആദിവാസികള്‍ക്കൊപ്പം നിലനിന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടിയില്‍ സംസ്ഥാനതലത്തില്‍ വന്‍ സമ്മേളനം നടന്നു. എം ടിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഒപ്പം ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ കൈകൊണ്ടപ്പോള്‍ അവര്‍ ശക്തമായി രംഗത്തിറങ്ങി. സംസ്ഥാനവനിതാ കമ്മീഷന്‍ മൗനമായിരുന്നെങ്കിലും ദേശീയ കമ്മീഷന്‍ വയനാട്ടിലെത്തി തെളിവുകളെടുത്തു.

വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മുത്തങ്ങ സമരം എന്തു നേടി എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തിലെ ആദിവാസി – ദളിത് വിഭാഗങ്ങളുടെ ഭൂപ്രശ്‌നം സജീവമാക്കി എന്നതുതന്നെയാണ് അതിനുളള പ്രധാന മറുപടി. അതിനുശേഷം എത്രയോ ഭൂസമരങ്ങള്‍ രൂപം കൊണ്ടു. ഇപ്പോഴും തുടരുന്നു. മുത്തങ്ങമോഡലില്‍ ദളിതര്‍ നടത്തുന്ന ചങ്ങറയും അരിപ്പയും മാതൃകാപരമായ ഉദാഹരണങ്ങള്‍. പല സമരങ്ങളും പരിമിതമായാണെങ്കിലും വിജയകരമായി. മുത്തങ്ങക്കു പിന്നാലെ ആദിവാസി കരാര്‍ നടപ്പിലാക്കിയതിന്റെ ഫലമായി ഏതാണ്ട് 8000 കുടുംബങ്ങള്‍ക്ക് 10,000 ഏക്കര്‍ ഭൂമി കിട്ടി. ആദിവാസികളും ദളിതുകളും സ്വന്തം കാലില്‍ നിന്ന് പോരാടാനുള്ള കരുത്തു നേടിയത് ചെറിയ കാര്യമല്ല. അതുവരേയും രക്ഷകരായി അവതരിച്ചിരുന്നവരെ അവര്‍ തള്ളിപ്പറഞ്ഞു. എന്നാല്‍ ഈ അപകടം തിരിച്ചറിഞ്ഞ് സിപിഎം ഇരുമേഖലകളിലും സ്വന്തം പോഷകസംഘടനയുണ്ടാക്കി എന്നതു വേറെകാര്യം. അതേസമയം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ പല കേസുകളും 17 വര്‍ഷമായിട്ടും തുടരുകയാണ്. കേസുകള്‍ പിന്‍വലിക്കുമെന്ന ഇരുമുന്നണികളും സ്ഥിരമായി പറയുമെങ്കിലും അതു പാലിച്ചിട്ടില്ല. ഇപ്പോഴും കോടതി കയറിയിറങ്ങുന്ന അവരുടെ അവസ്ഥ ദയനീയമാണ്. കേസുകള്‍ അവസാനിപ്പിക്കാനായി ശക്തമായ പോരാട്ടം നടത്തേണ്ട അവസ്ഥയിലാണവര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply