മുത്തങ്ങയിലെ ഭരണകൂട – വംശീയഭീകരതയുടെ 20 വര്‍ഷം

ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള മുന്നേറ്റത്തില്‍ കേരളത്തിലെ ചെറുന്യൂനപക്ഷമായ ആദിവാസികള്‍ മുത്തങ്ങയില്‍ നടന്ന ഭരണകൂട – വംശീയഭീകരതയെ അതിജീവിച്ചിട്ട് 2023 ഫെബ്രുവരി 19ന് 20 വര്‍ഷം തികയുകയാണ്.

ജനിച്ച മണ്ണില്‍ നിന്നും വനഭൂമിയില്‍ നിന്നും വൈദേശികശക്തികളും, വനംവകുപ്പും, ഭൂവുടമകളും ആട്ടിയോടിച്ച പണിയര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, വേട്ടക്കുറമര്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരെ സംരക്ഷിക്കാന്‍ ഭരണഘടനാവകുപ്പുകളുണ്ടായിട്ടും സ്വാതന്ത്ര്യാനന്തരകേരളം അതെല്ലാം കണ്ടില്ലെന്ന് നടിച്ചു. തദ്ദേശീയ ജനതകളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സാമൂഹിക വിപ്ലവത്തിന്റെ കാഹളമുയര്‍ത്തിയ മഹാത്മാ അയ്യങ്കാളിയുടെയും, ഡോ. ബി.ആര്‍. അംബേദ്കറുടെയും, ബിര്‍സ മുണ്ടയുടെയും, തലക്കല്‍ ചന്തുവിന്റെയും സാമൂഹിക ദൗത്യത്തെ അദൃശ്യമാക്കിയ സവര്‍ണ്ണ – ശൂദ്രമേധാവിത്തം ഭൂപരിഷ്‌കരണത്തിലൂടെ ദലിതരെയും ആദിവാസികളെയും കോളനികളിലേക്ക് ആട്ടിത്തെളിച്ചു. വിദേശതോട്ടങ്ങളെ വ്യാജരേഖകളിലൂടെ കുത്തകളുടെ കൈയില്‍ സംരക്ഷിച്ചുനിര്‍ത്താനും ഇടത് – വലത് രാഷ്ട്രീയ നേതൃത്വത്തില്‍ ഭൂപരിഷ്‌കരണ കാലഘട്ടത്തെ ഉപയോഗിച്ചു. ആദിവാസികളുടെ അവശേഷിക്കുന്ന ഭൂമിയിലുള്ള കയ്യേറ്റക്കാരെ സംരക്ഷിക്കുകയും ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള നിയമം (1975) അട്ടിമറിക്കുകയും ചെയ്തു. പട്ടിണിമരണങ്ങളിലൂടെ ആദിവാസികളെ വംശഹത്യയുടെ മുനമ്പിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് കോളനികളിലേക്ക് ചിതറിപ്പോയ ആദിവാസികള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഭൂസമരരംഗത്തിറങ്ങുന്നത്.

സി.കെ. ജാനുവിന്റെ നേതൃത്വത്തില്‍ അമ്പുകുത്തി, കോളിക്കംപാളി, പനവല്ലി തുടങ്ങിയ മേഖലകളില്‍ ആരംഭിച്ച ഭൂസമരം ചിങ്ങേരിപദ്ധതി ഭൂമി പതിച്ചുകിട്ടാനും 1975 ലെ ആദിവാസി ഭൂനിയമം നടപ്പാക്കികിട്ടാനുമുള്ള പ്രക്ഷോഭമായി കേരളത്തില്‍ വളര്‍ന്നു. 90 കളുടെ അന്ത്യത്തില്‍ നടന്ന തിരുവോണപ്പുറം, തൂവൈപ്പതി, കുണ്ടള തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന ഭൂസമരങ്ങളിലൂടെ ആദിവാസികളുടെയും ദലിതരുടെയും ശക്തമായ ഐക്യം രൂപപ്പെട്ടു. കുറിച്ചിയിലെ ദലിത് ആത്മാഭിമാന പ്രക്ഷോഭത്തിന് ശേഷം ആദിവാസികളുടെ വംശഹത്യക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ നടന്ന കുടില്‍കെട്ടല്‍ സമരം (2001) കേരളത്തിലെ ഗോത്രജനവിഭാഗങ്ങളുടെ സാമൂഹിക ഐക്യത്തിലെ സുപ്രധാനമായ ഒരേടായിമാറി. വയനാട്ടിലെ അതിപിന്നോക്കം നില്‍ക്കുന്ന ഗോത്രവിഭാഗങ്ങളോടൊപ്പം കേരളത്തിലെമ്പാടുമുള്ള ആദിവാസികളും ദലിത് ജനവിഭാഗങ്ങളും ജനാധിപത്യവിശ്വാസികളും ഐക്യപ്പെടുകയും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അംഗീകരിക്കുമെന്ന ഉറപ്പ് ഭരണാധികാരികളില്‍ നിന്നും നേടിയെടുക്കുകയും ചെയ്തു.

ആദിവാസി പുനരധിവാസപദ്ധതി, സ്വയംഭരണം (പെസനിയമം), ഊര് കൂട്ടങ്ങള്‍ക്കുള്ള അംഗീകാരം, നിക്ഷിപ്തവനഭൂമിയിലുള്ള അവകാശം തുടങ്ങിയവ നടപ്പാക്കിതുടങ്ങിയതോടെ ആദിവാസി – ദലിത് വിഭാഗങ്ങളുടെ സാമുദായിക-രാഷ്ട്രീയവളര്‍ച്ചയെ തകര്‍ക്കാന്‍ കേരളത്തിലെ ഇടത് – വലത് മുന്നണികള്‍ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടു. 2003 ഫെബ്രുവരി 19 ന് മുത്തങ്ങയില്‍ അരങ്ങേറിയ ഭരണകൂട ഭീകരത അതിന്റെ ഫലമാണ്. എങ്കിലും ആദിവാസി ദലിത് വിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ എന്നെന്നേക്കുമായി അവസാനിപ്പിക്കാം എന്ന വ്യാമോഹം നടന്നില്ല. ആദിവാസി പുരനധിവാസപദ്ധതി മുന്നോട്ടുപോയി. മുത്തങ്ങാ പ്രക്ഷോഭം ദേശീയ തലത്തില്‍ സ്വാധീനം ചെലുത്തി. 2006 ല്‍ വനാവകാശം നിയമം നിലവില്‍ വരുന്നതിനു മുന്‍പുള്ള ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറി. ചെങ്ങറയിലും അരിപ്പയിലും ഭൂസമരം വ്യാപിച്ചു. ഭൂമിയുടെ രാഷ്ട്രീയം കേരളത്തില്‍ അംഗീകരിക്കപ്പെട്ടു. ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് നിലവില്‍ വന്നതോടെ കേരളത്തിലെ ദലിത് – ആദിവാസി – ഭൂരഹിതര്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കാന്‍ പര്യാപ്തമായ ഭൂമി (5 ലക്ഷം ഏക്കര്‍) വ്യാജമുതലാളിമാര്‍ കൈവശം വെക്കുന്നതായും വെളിപ്പെട്ടു. 2015 ലെ നില്‍പ്പ് സമരത്തിനുശേഷം 2006 ലെ വനാവകാശം നടപ്പാക്കുന്നതോടൊപ്പം ആദിവാസി സ്വയംഭരണ നിയമം നടപ്പാക്കാനുള്ള നടപടിക്കും തുടക്കം കുറിക്കപ്പെട്ടു. എന്നാല്‍ ഭൂപ്രശ്‌നം കൈകാര്യം ചെയ്യുന്നതിന് പകരം മുതലാളിത്തത്തെ ശക്തിപ്പെടുത്തി സവര്‍ണ്ണ ശാക്തീകരണവുമായാണ് ഭരണാധികാരികള്‍ മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് ഭൂമിയാണ് അധികാരം, സ്വയംഭരണമാണ് സ്വാതന്ത്ര്യം, വിദ്യാഭ്യാസം ജന്മാവകാശം തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി പുതിയ ഒരു രാഷ്ട്രീയ ക്യാമ്പയിന് 20-ാം വാര്‍ഷികദിനത്തില്‍ തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 18, 19 ന് മുത്തങ്ങയിലും സുല്‍ത്താന്‍ബത്തേരിയിലുമാണ് അനുസ്മരണ പരിപാടി നടക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

19ന് കാലത്ത് 9 മണിക്ക് തകരപ്പാടിയില്‍ മുത്തങ്ങ പ്രക്ഷോഭത്തിന്റെ ഭാഗമായ അനുസ്മരണ പരിപാടിക്ക് തുടക്കം കുറിക്കും. ഗോത്രപൂജ, ഗദ്ദിക തുടങ്ങിയ ചടങ്ങുകള്‍ക്ക്ശേഷം സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജോഗി അനുസ്മരണ സന്ദേശയാത്രയും, അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനം സുല്‍ത്താന്‍ ബത്തേരി ടൗണിലുള്ള ടിപ്പു സുല്‍ത്താന്‍ പ്ലെയ്സ് (ലീഗ് ഹൗസ്)ലാണ് നടക്കുക. അനുസ്മരണ സമ്മേളനത്തിന്റെ വേദിയില്‍ മുത്തങ്ങ സമര ചരിത്രം പ്രസിദ്ധീകരിക്കാനുള്ള ബൃഹത് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കും. മുത്തങ്ങ സമരത്തിന്റെ സാമൂഹിക രാഷ്ട്രീയ കാരണങ്ങള്‍, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരുടെയും പത്രപ്രവര്‍ത്തകരുടെയും സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും സമരാനുഭവങ്ങള്‍, മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗികവും അനൗദ്യോഗികമായ രേഖകളും ഉള്‍പ്പെടുത്തി സമഗ്രമായ ഒരു രേഖപ്പെടുത്തല്‍ മൂ്ന്ന് വോള്യങ്ങളിലായി ചെയ്യുതിനുള്ള പരിപാടിയാണ് വിഭാവനം ചെയ്യുന്നത്. സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും ജേണലിസ്റ്റുകളുടെയും ചരിത്രപഠിതാക്കളുടെയും പിന്തുണയോടെയാണ് പ്രസിദ്ധീകരണം തയ്യാറാക്കുക. ഇതിനായുള്ള ഡോക്യുമെന്റേഷനും മുത്തങ്ങ കേസുകള്‍ കൈകാര്യം ചെയ്യുതിനുമുള്ള ഫണ്ട് ശേഖരണ പദ്ധതിയും സമ്മേളനത്തില്‍ ആവിഷ്‌കരിക്കും.

ആദിവാസി-ദലിത്-പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ രാഷ്ട്രീയ മഹാസഭ എന്ന പേരില്‍ ഒരു സാമൂഹിക- രാഷ്ട്രീയ വേദിക്കുള്ള നയപ്രഖ്യാപനം അനുസ്മരണ സമ്മേളനത്തില്‍ നടത്തും. 2004ല്‍ രൂപീകരിച്ചിരുന്ന രാഷ്ട്രീയ മഹാസഭയുടെ പ്രവര്‍ത്തനം മരവിപ്പിച്ചിരുന്നു. ഇത് പുനരുജ്ജീവിപ്പിക്കുതിനുള്ള പുതിയ പ്രമേയമാണ് സമ്മേളനം അംഗീകരിക്കുക.

വനാവകാശനിയമം-പെസ നിയമം ഇവ നടപ്പാക്കുക, ബഫര്‍ സോണ്‍ റദ്ദാക്കുക, വയനാട് വന്യജീവി സങ്കേതവിജ്ഞാപനം പുനഃപരിശോധിക്കുക, ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേ നിയോജകമണ്ഡലം ഏര്‍പ്പെടുത്തുക, തണ്ണീര്‍ത ആശ്രിത സമൂഹങ്ങള്‍ക്ക് വനാവകാശം പോലുള്ള നിയമം നടപ്പാക്കുക, തീരദേശമത്സ്യതൊഴിലാളി സമൂഹങ്ങള്‍ക്ക് കടലവകാശനിയമം കൊണ്ടുവരിക, ആദിവാസി പുനരധിവാസ പാക്കേജ് സമ്പൂര്‍ണ്ണമായി നടപ്പാക്കുക, ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം ഭൂമി പതിച്ചുനല്‍കുക, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഇതര ന്യൂനപക്ഷ മതത്തില്‍പെട്ട ദലിതര്‍ക്കും പട്ടികജാതി പദവി നല്‍കുക, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പഞ്ചായത്ത്രാജില്‍ സംവരണം നടപ്പാക്കുക, ത്രിതല പഞ്ചായത്ത്രാജിലെ SC/സ് ഫണ്ട് വിനിയോഗത്തിന് പുതിയ നയമുണ്ടാക്കുക, ഫണ്ട് വിനിയോഗം ഫലപ്രദമാക്കുക, EWS റിസര്‍വേഷന്‍ പിന്‍വലിക്കുക, SC/ST വിഭാഗത്തിലെ അതി പിന്നോ ക്കം നില്‍ക്കുവര്‍ക്ക് പ്രത്യേക വികസന പാക്കേജും റിക്രൂട്ട്‌മെന്റും നടപ്പാക്കുക, എയ്ഡഡ് മേഖല നിയമനം PSC ക്ക് വിടുക, SC/ST വകുപ്പിലെ നിയമനത്തില്‍ 50% SC/ST വിഭാഗങ്ങള്‍ക്ക് നല്‍കുക, PSC റോസ്റ്റര്‍ സംവിധാനം ശാസ്ത്രീയമായ പരിഷ്‌കരിക്കുക, തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക എല്ലാ രാഷ്ട്രീയ നിയോജകമണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുക ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹങ്ങള്‍ക്ക് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് രാഷ്ട്രീയ മഹാസഭയുടെ നയപ്രഖ്യാപനത്തിലുണ്ടാകുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2004ല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് മുന്‍തൂക്കം നല്‍കിയാണ് രാഷ്ട്രീയ മഹാസഭ പ്രവര്‍ത്തിച്ചിരുത്. എന്നാല്‍ ആദിവാസി-ദലിത് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഒരു വോട്ട് ബാങ്ക് ആക്കുക എന്ന ലക്ഷ്യമുണ്ടെങ്കിലും സാമൂഹികമായ ഒഴിവാക്കലുകള്‍ക്കെതിരെ (social exclusion) ശക്തമായ സമരം നടത്താനുള്ള കൂട്ടായ വേദി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിനാണ് ഇന്നത്തെ സാഹചര്യത്തില്‍ ഊന്നല്‍ നല്‍കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply