മുല്ലപ്പെരിയാറില്‍ മറച്ചുവെക്കുന്ന സത്യങ്ങള്‍

വാസ്തവത്തില്‍ മുല്ലപ്പെരിയാറിലേതു ഒരു ജലം നല്‍കല്‍ കരാറല്ല, മറിച്ചു വെറുമൊരു ഭൂമിയുടെ പാട്ടക്കരാര്‍ ആണ്. 900 ഏക്കര്‍ കേരളത്തിന്റെ ഭൂമി അവര്‍ ( അന്ന് മദ്രാസ് സംസ്ഥാനം) പാട്ടത്തിനെടുത്ത് അവിടെ അണക്കെട്ടു നിര്‍മ്മിച്ച് അവിടെ വീഴുന്ന ജലം എടുക്കാനുള്ള അവകാശം മാത്രം. ഒരു വര്‍ഷം അവിടെ ഒരു തുള്ളി പോലും മഴ പെയ്തില്ല എങ്കില്‍ അവര്‍ക്കു വെള്ളം കിട്ടുകയേയില്ല. വെള്ളം നല്‍കാന്‍ കേരളത്തിന് ഒരു ബാധ്യതയും ഇല്ല. കാവേരി നദീജലക്കരാര്‍ പോലെ ഒന്നല്ല ഇത്. അതുകൊണ്ട് തന്നെ അന്തര്‍സംസ്ഥാന നദീ ജലക്കരാറും അല്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 125 വയസ്സ് തികയുന്നതുമായി ബന്ധപ്പെട്ടു പൊതു സാമൂഹ്യ മാധ്യമങ്ങളിലെ ആഘോഷം കണ്ടപ്പോള്‍ മുമ്പ് പറഞ്ഞ ചില കാര്യങ്ങള്‍ ഓര്‍ത്തു പോകുന്നു. 2005 ലാണ് മുല്ലപ്പെരിയാറിനു കീഴിലെ ജനങ്ങള്‍ ഭീതിയോടെ സമരത്തിനിറങ്ങുന്നത്. ആ സമരം ഉദ്ഘാടനം ചെയ്യാന്‍ അവസരമുണ്ടായ വ്യക്തിയാണ് ഈയുള്ളവന്‍. കുറച്ചു നാട്ടുകാരും ചില പുരോഹിതരും മാത്രം ക്രിസ്തുമസ് ദിനത്തില്‍ തുടങ്ങിയ ആ സമരത്തില്‍ പങ്കെടുക്കാന്‍ പ്രമുഖ രാഷ്ട്രീയകക്ഷികളുടെ ഒരു നേതാവും വന്നില്ല. അന്ന് തന്നെ ആ സമരത്തില്‍ ഉന്നയിച്ച ‘പുതിയ ഡാം പുതിയ കരാര്‍ എന്ന മുദ്രാവാക്യത്തോട് വിയോജിച്ചു കൊണ്ടാണ് ഞാന്‍ ഉദ്ഘാടനം നടത്തിയത്. അതിനുള്ള കാരണങ്ങള്‍ അന്നും ഇന്നും എനിക്ക് വ്യക്തവുമാണ്. പുതിയ ഡാം അല്ല പരിഹാരം എങ്കിലും ജനങ്ങള്‍ ഉന്നയിക്കുന്നത് യാഥാര്‍ത്ഥമാണ്. അന്ന് തന്നെ 110 വര്‍ഷം പഴക്കമുള്ള പഴയ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട് 999 വര്‍ഷം കേടുകൂടാതെ നിലനില്‍ക്കും എന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അതിനു താഴയുള്ള ജനങ്ങള്‍ ഭീതിയിലാണ്. അതിനു തകരാറു സംഭവിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് ഇടുക്കി അണക്കെട്ടു വരെയുള്ള പ്രദേശത്തു വലിയ തോതിലുള്ള പ്രളയം ഉണ്ടാകാം. നാല് പഞ്ചായത്തുകളാണ് അവിടെയുള്ളത്. അതുകൊണ്ട് തന്നെ അവരുടെ സമരം ന്യായമാണ്. പക്ഷെ അവര്‍ മുന്നോട്ടു വച്ചിരിക്കുന്ന പരിഹാരം അസാധ്യവുമാണ്. ഇതാണ് പ്രതിസന്ധി.

അതങ്ങനെ കനലുപോലെ കിടന്നു. പിന്നീടത് ആളി കത്താന്‍ തുടങ്ങിയത് 2011 നവംബറില്‍ അന്നത്തെ ജലസേചനമന്ത്രി ആയിരുന്ന പിജെ ജോസഫിന് പെട്ടന്നൊരു വെളിപാടുണ്ടായത് മൂലമാണ്. അദ്ദേഹം വിറച്ചുകൊണ്ട് പറഞ്ഞു തനിക്കു ഉറങ്ങാന്‍ കഴിയുന്നില്ല, നാല്പതു ലക്ഷം കേരളീയരുടെ ജീവന്‍ അപകടത്തിലാണ്, മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും. പെട്ടന്ന് സമരം പടര്‍ന്നു. കേരളത്തിലെ എല്ലാ കക്ഷികളുടെയും നേതാക്കള്‍ ആ പന്തലില്‍ എത്താന്‍ മത്സരിച്ചു. വന്നവരെല്ലാം ആവേശത്തോടെ പുതിയ ഡാം എന്ന ആവശ്യം ആവര്‍ത്തിച്ചു. ഒന്നുകില്‍ അവര്‍ അജ്ഞരായിരുന്നു അല്ലെങ്കില്‍ അവര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. രണ്ടാമത്തേതിനാണ് സാധ്യത. ചിലരെങ്കിലും കഥയറിയാതെ ആട്ടം കാണുകയായിരുന്നു. ആ പന്തലില്‍ ആളുകള്‍ക്കിരിക്കാന്‍ ഇടമില്ലാതായി. പക്ഷെ പെട്ടെന്ന് എല്ലാം അവസാനിച്ചു. ആ സമരപ്പന്തല്‍ ശൂന്യമായി. ആര്‍ക്കും താല്പര്യമില്ലാതായി ഇത് കണ്ടാല്‍ തോന്നുക ആ സമരം കൊണ്ട് മുല്ലപെരിയാര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്നാണ്. അതാണോ അവസ്ഥ?

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാമ്പത്തിക രാഷ്ട്രീയ സാംസ്‌കാരിക പരിപ്രേക്ഷ്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. കേവല പ്രാദേശികവാദങ്ങള്‍ ഉയര്‍ത്തുക വഴി നഷ്ടം ഉണ്ടാകുക കേരളത്തിനാണ്. അതിനു പല കാരണങ്ങളും ഉണ്ട്. വെള്ളത്തിന്റെ രാഷ്ട്രീയം ഏറെ കാലമായി കൈകാര്യം ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. കാവേരി ജലത്തര്‍ക്കവും അതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളും മറക്കാന്‍ കഴിയുമോ? അതിനുള്ള കാരണം വ്യക്തം. മണ്ണിനെയും കൃഷിയെയും ആശ്രയിച്ചുള്ള ഒരു സാമൂഹ്യ സാമ്പത്തിക ജീവിതമാണ് അവരുടേത്. സര്‍വ്വസാക്ഷരര്‍ എന്നഭിമാനിക്കുന്ന മലയാളിക്ക് ജലം എന്നാല്‍ പൈപ്പിലും കുപ്പിയിലുമൊക്കെ കിട്ടുന്ന ഒന്നാണ്. ഒറ്റ മഴയ്ക്ക് പ്രളയവും അത് നിന്നാല്‍ വരള്‍ച്ചയും സ്ഥിരമായി വന്നു കൊണ്ടിരുന്നിട്ടും ഒരു കക്ഷിയും മുന്നണിയും അത് കാര്യമായ വിഷയമാക്കാത്തതു ജനങ്ങള്‍ അത് ഗൗരവമായി എടുത്തിട്ടില്ല എന്നതിനാല്‍ മാത്രമാണ്. ഇവിട ജലപ്രശ്‌നത്തിനു പരിഹാരം കൂടുതല്‍ ടാങ്കുകളും പൈപ്പുകളുമാണ്. പാലക്കാട് ജില്ലയുടെ കിഴക്കന്‍ പ്രദേശത്തുള്ള കര്‍ഷകര്‍ മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമായിട്ടുമുള്ളത്.

പ്രാദേശികവികാരം ഉയര്‍ത്തിവിടാനും നമ്മെക്കാള്‍ അനേക മടങ്ങു ശേഷി നാം വിവരമില്ലാത്ത പാണ്ടികള്‍ എന്നാക്ഷേപിക്കുന്ന തമിഴര്‍ക്കുണ്ട്. പുതിയ ഡാം പുതിയ കരാര്‍ എന്ന മുദ്രാവാക്യം തമിഴ്നാട് ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല, കാരണം അവര്‍ക്കതിന്റെ ആവശ്യമില്ല. ഒന്നാമതായി എന്തിനാണ് കേരളം പുതിയ ഡാം ആവശ്യപ്പെടുന്നത്? പഴയതു തകര്‍ന്നാല്‍ കേരളത്തിന് ഒരു പ്രാവശ്യത്തെ നാശമേ ഉണ്ടാകു. അതും ഇടുക്കി അണക്കെട്ടിന്റെയും മുല്ലപ്പെരിയാറിന്റെയും ആ സമയത്തെ ജലനിരപ്പ് അനുസരിച്ചു മാത്രം നിര്ണയിക്കാവുന്ന ഒന്ന്. പക്ഷെ ആ സംഭവം ഉണ്ടായാല്‍ പിന്നെ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളുടെ സ്ഥിതി എന്താകും? ആ നിലക്ക് പുതിയ ഡാം എന്നത് അവരുടെ ആവശ്യമല്ലേ? എന്തുകൊണ്ട് ഇത്ര ജലസാക്ഷരരായ അവര്‍ അതുന്നയിക്കുന്നില്ല, പകരം നമ്മള്‍ അതു പറയുകയും ചെയ്യുന്നു. ഇവിടെ വളരെ കൃത്യമായ ഒരു വൈരുദ്ധ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളം ആവശ്യപ്പെടേണ്ടത് ഈ പഴയ ഡാം ഡീക്കമ്മീഷന്‍ ചെയ്യണം എന്നാണ്. ലോകത്തൊരിടത്തും ഇത്ര പഴയ ഒരു വന്‍കിട അണക്കെട്ടിലെ ( 15 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ളവയെല്ലാം വന്‍കിട ആണ്. ഇവിടെ അമ്പത് മീറ്ററില്‍ അധികം ഉണ്ട്. ) പക്ഷെ കേരളം ഈ ആവശ്യം ഉന്നയിക്കുന്നതേയില്ല. അതും വൈരുധ്യമല്ലേ? ഈ അണക്കെട്ടു വലിയ ഭീഷണിയില്‍ ആണെങ്കില്‍ അതിലെ ജലനിരപ്പ് കഴിയുന്നത്ര താഴ്ത്താനും അധികജലം അവര്‍ താഴെ കൊണ്ട് പോയി ശേഖരിക്കാനുമല്ലേ കേരളം ആവശ്യപ്പെടേണ്ടത്? പക്ഷെ നമ്മുടെ ആവശ്യം ജലനിരപ്പ് 136 അടിയില്‍ കൂട്ടരുത് എന്നാണ്. അതായത് അത്രത്തോളം ഉയരം അണക്കെട്ടു സുരക്ഷിതമാണെന്ന് നമ്മള്‍ തന്നെ സമ്മതിക്കുന്നു. അതും ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്നാട് നല്‍കിയ കേസില്‍. കേരളം ഒരു കേസിനും പോയിട്ടില്ല. അവരുടെ കേസില്‍ 142 അടിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി വിധിച്ചപ്പോഴാണ് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കു ഹാലിളകിയത്. അതുവരെ അവര്‍ ഉറങ്ങുകയായിരുന്നവോ? കോടതിയുടെ മുന്നില്‍ വന്ന വിഷയം 136 അടിയില്‍ നിന്നും ജലനിരപ്പ് 142 ആയി ഉയര്‍ത്താന്‍ വേണ്ട ശേഷി അണക്കെട്ടിനുണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമായിരുന്നു. 110 വര്‍ഷത്തെ പഴക്കമുള്ള അണക്കെട്ടില്‍ 136 വരെ നിരപ്പുയരാമെന്നു കേരളം തന്നെ സമ്മതിച്ചല്ലോ. അങ്ങനെയാണ് നമ്മുടെ വാദങ്ങള്‍ തള്ളിപ്പോയത്.

എന്തുകൊണ്ട് പുതിയ ഡാം സാധ്യമാകില്ല എന്ന ചോദ്യത്തിന് വിശദമായ മറുപടി ഉണ്ട്. കേവലം സാമാന്യബോധത്തിന്റെ യുക്തിയില്‍ നിന്നും കാണേണ്ട ഒന്നല്ല ഇത്. ഒരു വീട് തകരാറായാല്‍ തൊട്ടടുത്തു മറ്റൊന്ന് നിര്‍മ്മിക്കുന്നത് പോലെ അല്ല ഒരു അണക്കെട്ടിന് പുറത്തു മറ്റൊന്ന് നിര്‍മ്മിക്കുക എന്നത്. ഇന്നുള്ള അണക്കെട്ടിനെക്കാള്‍ വളരെ കൂടുതല്‍ വലുപ്പം ഇതിനുണ്ടാകണം. ഇപ്പോഴത്തെ അണക്കെട്ടിന് താഴെ കേരളത്തിന്റെ വനത്തിലാകും അത് നിര്‍മ്മിക്കുക. ഇങ്ങനെ ഒന്ന് നിര്‍മ്മിക്കാന്‍ എത്ര കാലം എടുക്കുമെന്ന് പറയാന്‍ കഴിയില്ല. പെരിയാര്‍ കടുവ സങ്കേതത്തിനകത്താണ് അണക്കെട്ടു എന്നതിനാല്‍ പാരിസ്ഥിതികമായ അനുമതി അത്ര എളുപ്പമാകില്ല. പുതിയ അണക്കെട്ടു എത്ര വര്‍ഷം നില്‍നില്‍ക്കും എന്ന ചോദ്യമുണ്ട്. ഇപ്പോഴത്തെ കരാര്‍ 999 വര്‍ഷമാണ് അനിതയും 870 വര്‍ഷം നിലനില്‍ക്കുന്ന ഒന്നാകുമോ ഈ അണക്കെട്ട്? അല്ലായെങ്കില്‍ അതിനു താഴെ ഇനിയും നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിക്കേണ്ടി വരും. ചുരുക്കത്തില്‍ സാങ്കേതികമായി പുതിയ അണക്കെട്ട് എന്നത് ഒരു പരിഹാരമല്ല, ഇന്നുള്ള കരാര്‍ വച്ച് കൊണ്ട്. അല്ലെങ്കില്‍ കാലാവധി കുറക്കാന്‍ തമിഴ്നാട് സമ്മതിക്കേണ്ടിവരും. അത് നടന്നത് തന്നെ.

ഈ വിഷയത്തില്‍ സമരങ്ങളും കേരള തമിഴ്നാട് സംഘര്‍ഷങ്ങളും മൂര്‍ച്ഛിച്ചു നിന്ന 2011 -12 കാലത്തു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വളരെ പെട്ടന്ന് ആരുടെയും സാമാന്യബുദ്ധിക്ക് സ്വീകാര്യമാകുന്ന ഒരു സമീപനം പറഞ്ഞു. തമിഴ്‌നാടിനു എത്ര വെള്ളവും വേണമെങ്കിലും തരാം, കേരളത്തിന് സുരക്ഷയാണ് വേണ്ടത്. പക്ഷെ തമിഴ്നാട് ഇത് തള്ളിക്കളഞ്ഞു. ഇതിലെന്താണ് പ്രശ്‌നം എന്ന് നമുക്ക് തോന്നാം. ഈ കരാറിന്റെ നിയമവശം അറിയാത്തതിന്റെ പ്രശ്‌നമാണത്. മുല്ലപ്പെരിയാറിലേതു ഒരു ജലം നല്‍കല്‍ കരാറല്ല, മറിച്ചു വെറുമൊരു ഭൂമിയുടെ പാട്ടക്കരാര്‍ ആണ്. 900ഏക്കര്‍ കേരളത്തിന്റെ ഭൂമി അവര്‍ ( അന്ന് മദ്രാസ് സംസ്ഥാനം) പാട്ടത്തിനെടുത്ത് അവിടെ അണക്കെട്ടു നിര്‍മ്മിച്ച് അവിടെ വീഴുന്ന ജലം എടുക്കാനുള്ള അവകാശം മാത്രം. ഒരു വര്‍ഷം അവിടെ ഒരു തുള്ളി പോലും മഴ പെയ്തില്ല എങ്കില്‍ അവര്‍ക്കു വെള്ളം കിട്ടുകയേയില്ല. വെള്ളം നല്‍കാന്‍ കേരളത്തിന് ഒരു ബാധ്യതയും ഇല്ല. കാവേരി നദീജലക്കരാര്‍ പോലെ ഒന്നല്ല ഇത്. അതുകൊണ്ട് തന്നെ അന്തര്‍സംസ്ഥാന നദീ ജലക്കരാറും അല്ല. അവിടെ വീഴുന്ന വെള്ളം അവര്‍ എടുക്കുകയാണ്. അവര്‍ എടുക്കുന്ന വെള്ളം നാളെ മുതല്‍ നമ്മള്‍ കൊടുക്കാം എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ( അതിലെ ചതിക്കുഴികള്‍ ) നന്നായി മനസ്സിലാക്കാന്‍ അവര്‍ക്കു കഴിവുണ്ട്. അതുകൊണ്ട് അന്ന് തന്നെ എന്നെപ്പോലുള്ളവര്‍ പറഞ്ഞു, തമിഴ്നാട് ഇത് അംഗീകരിക്കില്ല എന്ന്. കേരളം പുതിയ അണക്കെട്ടു നിര്‍മ്മിക്കുന്നത് ഇപ്പോഴത്തെ പാട്ടക്കരാറിലെ ഭൂമിക്കു പുറത്താണ്. അതുകൊണ്ട് താത്വികമായോ നിയമപരമായോ തമിഴ്നാടിന്റെ അനുമതി വേണ്ട. പക്ഷെ അവിടെയാണ് കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങള്‍ എത്രമാത്രം വഞ്ചനകളാണ് നടത്തുന്നത് എന്ന് ബോധ്യമാകുക.

പരിസ്ഥിതി നിയമം വച്ചുകൊണ്ട് അസാധ്യമായ ഒന്ന് നാല്പതുലക്ഷം ജനങ്ങളുടെ ജീവന്‍ എന്ന വൈകാരിക മുദ്രാവാക്യം ഉയര്‍ത്തി നേടാനാണ് ഇവര്‍ ശ്രമിക്കുന്നത്. സാങ്കേതികമായ ഒരു പ്രതിസന്ധിയും ഇതിലൂടെ മറച്ചു പിടിക്കുന്നു. അണക്കെട്ടു വലുതാകുമ്പോള്‍ തമിഴ്‌നാടിനു വളരെ കൂടുതല്‍ ജലം നല്‍കേണ്ടി വരും. ( അണക്കെട്ടിലെ മുഴുവന്‍ ജലവും) അതിനായി കേരളത്തിന്റെ വനം നശിക്കും. പെരിയാറിലെ നീരൊഴുക്ക് കാര്യമായി കുറയും. തമിഴ്‌നാടുമായി നിയമ രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തിയാല്‍ നമുക്ക് ജയിക്കാന്‍ കഴിയില്ല. ( 136 അടിയില്‍ കൂട്ടരുതെന്ന നമ്മുടെ വാദം തന്നെ പരിമിതി.) ഈ പ്രതിസന്ധികളെല്ലാം മറികടന്നതു് ഇരുപതോ അതിലേറെയോ വര്ഷം കഴിഞ്ഞ ഒരു അണക്കെട്ടിന് അനുമതി കിട്ടി എന്ന് തന്നെ വക്കുക. അതിന്റെ നിര്‍മാണം തുടങ്ങുന്നതിനു മുമ്പോ നിര്മാണകാലത്തോ ഇപ്പോഴത്തെ അണക്കെട്ടു തകര്‍ന്നാലോ? പിന്നെ പുതിയതൊന്ന് സാധ്യമാകില്ല എന്ന് മാത്രവുമല്ല, അത്രയും കാലം ഇത് നിലനില്‍ക്കുമെന്ന് നമ്മള്‍ സമ്മതിക്കുകയുമാണ്. എങ്കില്‍ അണക്കെട്ടു ഇപ്പോള്‍ പൊട്ടുമെന്ന രീതിയില്‍ പ്രചാരണം നടത്തി മൂന്നു നാല് ജില്ലകളിലെ കുട്ടികളടക്കമുള്ള ജനങ്ങളില്‍ ഭീതി പടര്‍ത്തിയതെന്തിന്? മുല്ലപ്പെരിയാര്‍ അടിയന്തര പ്രശനമെങ്കില്‍ കേരളം നേരത്തെ കോടതിയില്‍ പോയി അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ ആവശ്യപ്പെടണമായിരുന്നു.

ഇവിടെയാണ് അടുത്ത ചതി കിടക്കുന്നത്. എന്തുകൊണ്ടാണ് 136 അടി എന്ന നിലയില്‍ വെള്ളം വരുന്നതിനെ കേരളം അനുകൂലിക്കുന്നു? എന്തിനാണ് അതിലേറെ വരുന്നതിനെ എതിര്‍ക്കുന്നത്? ഇത് അണക്കെട്ടു പൊട്ടുന്നതുമായി ബന്ധപ്പെട്ട ഒരു വിഷയമല്ല. പക്ഷെ അങ്ങനെ പ്രചരിപ്പിച്ചു കൊണ്ട് ഗൂഢ ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയാണിവര്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് കുമിളിയിലെ ( തേക്കടി) കായല്‍ ടൂറിസം. ജലനിരപ്പ് കുറഞ്ഞാല്‍ (അണക്കെട്ടില്‍ നിന്നും തമിഴ്നാട്ടിലേക്ക് ടണല്‍ തുടങ്ങിയ പരിഹാരങ്ങള്‍ തെറ്റിയാല്‍) ടൂറിസം അസാധ്യമാകും. അതൊരു ശക്തമായ ലോബിയാണ്. ഇനി ജലനിരപ്പ് കൂടിയാലോ? 1970 കള്‍ വരെ അണക്കെട്ടില്‍ 142 അടി ജലം വന്നിരുന്നു. കേന്ദ്ര ജലക്കമ്മീഷന്‍ ആണ് അത് ആറടി കുറച്ചതു. അണക്കെട്ടിന്റെ എല്ലാ ഭാഗത്തും ഇത്രയും ജലനിരപ്പ് കുറഞ്ഞപ്പോള്‍ ആ സ്ഥലങ്ങളെല്ലാം ചിലര്‍ കയ്യേറി റിസോര്‍ട്ടും മറ്റും നിര്‍മ്മിച്ച്. 142 അടിയാക്കിയാല്‍ അതൊക്കെ മുങ്ങിപ്പോകും. തമിഴ്നാട് ഇപ്പോള്‍ ശ്രമിക്കുന്നത് 152 അടി എന്ന ആദ്യകാലത്തെ നിരപ്പിലേക്കു ഉയര്‍ത്താനാണ്. അത് നടന്നാല്‍ കുമിളി പട്ടണം ഏതാണ്ട് ഇല്ലാതാകും. ഈ സത്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയുക. കേവല വൈകാരികതക്കപ്പുറം ഇതിനെ നിയമവും സാങ്കേതികവിദ്യയും മറ്റും വച്ച് പരിഹരിക്കാനാണ് കേരളം ശ്രമിക്കേണ്ടത്. കേവലം തമിഴ്നാട് കേരളം സംഘര്‍ഷമാക്കിയാല്‍ നഷ്ടം കേരളീയര്‍ക്കായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply