കിറ്റല്ല, പണമാണ് നല്‍കേണ്ടത് ഐസക് സര്‍

കൊവിഡിന്റെ ആദ്യസമയത്ത്, പ്രത്യേകിച്ച് ലോക്ഡൗണും മറ്റും നിലനില്‍ക്കുകയും ജനങ്ങള്‍ പരമാവധി വീടുകളിലിരിക്കുകയും ചെയ്തിരുന്ന കാലത്ത് കിറ്റ് വിതരണം പ്രസക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം മാറി. ഇനിയുമാവശ്യം കിറ്റ് വിതരണമാണോ എന്നു പുനപരിശോധിക്കേണ്ടതുണ്ട്. കിറ്റുകള്‍ക്കുപകരം പണം അക്കൗണ്ടിലെത്തിക്കുകയല്ലേ ആധുനികകാലത്ത് ഒരു ജനാധിപത്യസര്‍ക്കാരിനു ഭൂഷണം? കോണ്‍ഗ്രസ്സും സിപിഎമ്മുമൊക്കെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത് അതായിരുന്നല്ലോ. നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും അന്തസ്സിന്റേയും ഒരു വിഷയം കൂടി ഇതിനകത്തുണ്ട്. അടുക്കളയലാണെങ്കിലും ഓരോരുത്തരുടേയും ആവശ്യങ്ങളും മുന്‍ഗണനകളും വ്യത്യസ്ഥമാണ്. അതംഗീകരിക്കപ്പെടണം. നിശ്ചിതതുകയുടെ കൂപ്പണ്‍ നല്‍കി, സിവില്‍ സപ്ലൈസ് വില്‍പ്പനശാലകളില്‍ നിന്ന് അവശ്യവസ്തുക്കള്‍ വാങ്ങാനവസരം നല്‍കിയാല്‍ മതി എന്ന നിര്‍ദ്ദേശവും പരിഗണിക്കാവുന്നതാണ്. എന്നാല്‍ എത്ര കുറഞ്ഞ തുകയുടേതാണെങ്കിലും എല്ലാവര്‍ക്കും (ആവശ്യക്കാരല്ലാത്തവര്‍ക്കുപോലും) കിറ്റ് നല്‍കുന്നു എന്നത് ഉണ്ടാക്കുന്ന രാഷ്ട്രീയനേട്ടമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തം.

കൊവിഡ് കാലത്ത് ആരംഭിച്ച കിറ്റ് വിതരണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്നത്തെ സാഹചര്യത്തല്‍ നിയമസഭാ തെരഞ്ഞെടുപ്പുവരെ അതു നീട്ടുമെന്നുറപ്പ്. പ്രത്യേകിച്ച് രാഷ്ട്രീയവിഷയങ്ങളേക്കാള്‍, പ്രാദേശിക വികസന വിഷയങ്ങളേക്കാള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഒരു പ്രധാന ഘടകം കിറ്റ് വിതരണവും ലൈഫ് പദ്ധതിയും സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ചതുമൊക്കെയാണെന്ന വിലയിരുത്തല്‍ വ്യാപകമായി നിലനില്‍ക്കുമ്പോള്‍. ജനാധിപത്യസംവിധാനത്തില്‍ ഇതൊരു ഗുണകരമായ പ്രവണതയാണോ എന്ന ചോദ്യം പ്രസക്തമാണ്. ഭക്ഷണവും പാര്‍പ്പിടവും സാമൂഹ്യക്ഷേമനടപടികളുമൊക്കെ സര്‍ക്കാരുകളുടെ പ്രാഥമിക കടമ മാത്രം. അതിനേക്കാള്‍ പ്രധാനം രാഷ്ട്രീയം തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസന വിഷയങ്ങളും. എന്നാല്‍ നമ്മുടെ രാഷ്ട്രീയ പ്വര്‍ത്തനം തന്നെ ഏറെക്കുറെ സന്നദ്ധ പ്രവര്‍ത്തനമായി മാറിയ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വലിയ പോരാട്ടങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള യുവജനസംഘടനകള്‍ പോലും ഇപ്പോള്‍ പ്രധാനമായുിം ചെയ്യുന്നത് സന്നദ്ധ പ്രവര്‍ത്തനമാണ്. അതേസമയം ഇതിന്റെ ഉയര്‍ന്നരൂപമായ ട്വന്റി – 20യെ അരാഷ്ട്രീയമാണെന്നു വിശേഷിപ്പിക്കാനും നമുക്ക് മടിയില്ല.

പറഞ്ഞുവരുന്നത് കിറ്റിനെ കുറിച്ചാണ്. കൊവിഡിന്റെ ആദ്യസമയത്ത്, പ്രത്യേകിച്ച് ലോക്ഡൗണും മറ്റും നിലനില്‍ക്കുകയും ജനങ്ങള്‍ പരമാവധി വീടുകളിലിരിക്കുകയും ചെയ്തിരുന്ന കാലത്ത് കിറ്റ് വിതരണം പ്രസക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം മാറി. ഇനിയുമാവശ്യം കിറ്റ് വിതരണമാണോ എന്നു പുനപരിശോധിക്കേണ്ടതുണ്ട്. കിറ്റുകള്‍ക്കുപകരം പണം അക്കൗണ്ടിലെത്തിക്കുകയല്ലേ ആധുനികകാലത്ത് ഒരു ജനാധിപത്യസര്‍ക്കാരിനു ഭൂഷണം എന്നു പരിശോധിക്കണം. കോണ്‍ഗ്രസ്സും സിപിഎമ്മുമൊക്കെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത് അതായിരുന്നല്ലോ. നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും അന്തസ്സിന്റേയും ഒരു വിഷയം കൂടി ഇതിനകത്തുണ്ട്. അടുക്കളയലാണെങ്കിലും ഓരോരുത്തരുടേയും ആവശ്യങ്ങളും മുന്‍ഗണനകളും വ്യത്യസ്ഥമാണ്. അതുപരിശോധിക്കാതെ എല്ലാവര്‍ക്കും ഒരേ സാധനങ്ങള്‍ നല്‍കുന്നതു തന്നെ ശരിയാണോ? പഞ്ചസാരയും ശര്‍ക്കരയും പപ്പടവും ഉഴുന്നുമൊക്കെ ഉപയോഗിക്കാത്ത എത്രയോ പേരെ കാണിച്ചുതരാം. അവര്‍ക്കെല്ലാം അവ തന്നെ വീണ്ടും നല്‍കുന്നത് ശരിയാണോ? അത് മാത്രമല്ല, നല്‍കിയ കിറ്റുകളിലെ പല വിഭവങ്ങളുടേയും ഗുണനിലവാരത്തെ കുറിച്ച് പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതു പറഞ്ഞാല്‍ കിട്ടിയതു വാങ്ങി പോകാന്‍ നോക്ക് എന്നാണ് ഭരണകൂടത്തിനു വേണ്ടി കയ്യടിച്ചു മാത്രം പരിചയമുള്ള പലരും ആക്ഷേപിക്കുന്നത്. ഇതെല്ലാം പൗരന്റെ അവകാശമല്ല, പ്രജയോടുള്ള രാജാവിന്റെ ദയയാണെന്നു കരുതുന്നവരെ അവഗണിക്കാമെന്നു വെക്കാം. എന്നാല്‍ കിറ്റുകളുമായി ബന്ധപ്പെട്ട് പല അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. 50 ഗ്രാം ശര്‍ക്കര കുറവാണെന്നു പറഞ്ഞവരും അധിക്ഷേപിക്കപ്പെട്ടു. ലക്ഷകണക്കിനു കിറ്റില്‍ 50 ഗ്രാം വീതം ശര്‍ക്കര കുറഞ്ഞാല്‍ അത് വന്‍ അഴിമതിയല്ലാതെ മറ്റെന്താണ്? പൗരനെ പ്രജയാക്കുന്ന ഒരു സമീപനം ഇതിലുണ്ടെന്നതില്‍ സംശയമില്ല. ഇതിനെല്ലാം പുറമെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നതിനായി ചിലവഴിക്കുന്ന പതിനായിരകണക്കിനു മനുഷ്യാധ്വാന ദിനങ്ങള്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിലൂടെ വിശദമായ മറുപടി നല്‍കുകയുണ്ടായി. പക്ഷെ ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ക്കായിരുന്നോ അദ്ദേഹത്തിന്റെ മറുപടി എന്നു സംശയമുണ്ട്. ഇത് ഒറ്റപ്പെട്ട അഭിപ്രായമല്ല എന്നു വിമര്‍ശിക്കുന്ന അദ്ദേഹം കാശു കൊടുത്താല്‍ മതി, സേവനങ്ങളോ സാധനങ്ങളോ കൊടുക്കുന്നത് ദുര്‍വ്യയമാണ് എന്നത് ഇന്ന് അന്തര്‍ദേശീയ വികസന ഏജന്‍സികളടക്കം പൊതുവില്‍ അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ചപ്പാടാണെന്നു പറയുന്നു. സര്‍ക്കാരെന്തിന് വിദ്യഭ്യാസവും ആരോഗ്യസേവനവും നല്‍കുന്നു, കാശ് അക്കൌണ്ടിലേയ്ക്ക് കൊടുത്താല്‍ മതിയല്ലോ, ഓരോരുത്തരും അവര്‍ക്ക് ആവശ്യമുള്ളത് വാങ്ങിക്കോളും എന്നതാണിവരുടെ ലളിതയുക്തി എന്നുമദ്ദേഹം ആരോപിക്കുന്നു. തികച്ചും പ്രായോഗികമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി പറഞ്# അഭിപ്രായത്തെയാണ് അദ്ദേഹം ആഗോളതലത്തിലുയരുന്ന ആശയവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ കിറ്റു വിതരണത്തെ ജോലിക്ക് കൂലി ഭക്ഷണമെന്ന ആശയമാണെന്നും ജന്മിത്തത്തിലേക്കുമുള്ള തിരിച്ചുപോക്കാണെന്നും വ്യാഖ്യാനിക്കാമല്ലോ. മാത്രമല്ല, ”കാശു കൊടുത്താല്‍ യഥാര്‍ത്ഥത്തില്‍ മുന്‍ഗണന കൊടുക്കേണ്ട ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസവും ആരോഗ്യം പോലുള്ള മെരിറ്റ് ഗുഡ്‌സ് സര്‍ക്കാര്‍ നേരിട്ട് നല്‍കണമെന്ന് സാമൂഹ്യസിദ്ധാന്തങ്ങള്‍ ആവശ്യപ്പെടുന്നത്. കേരളത്തിന്റെ വികസനചരിത്രം ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലൂടെയാണ് കേരളം രൂപപ്പെട്ടത്. ആ ആവശ്യങ്ങളുടെ നിവൃത്തിയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ പൂര്‍ണമായും ഉപയോഗിച്ചതാണ് കേരളത്തിന്റെ പാരമ്പര്യം. നമ്മുടെ പൊതുവിതരണ സമ്പ്രദായവും ഇങ്ങനെ രൂപം കൊണ്ടതാണ്. എത്ര വലിയ സമരങ്ങള്‍ ഈ ചരിത്രത്തിന്റെ ഭാഗമായി ഉണ്ടെന്ന് അറിയുമോ?” എന്നും അദ്ദേഹം ചോദിക്കുന്നു. വീടുകളില്‍ അടുക്കളയിലേക്കാവശ്യമായ സാധനങ്ങളെ കുറിച്ചു പറയുമ്പോഴാണ് ഈ സാമാന്യവല്‍ക്കരണം. എങ്കില്‍ മന്ത്രിയോട് ചോദിക്കാനുള്ളത് മറ്റൊന്നാണ്. അടുക്കളയിലെ മുന്‍ഗണന തീരുമാനിക്കുന്നത് ആരാണ്? ഭരണകൂടമാണോ? നാമെന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കുന്നത് ഭരണകൂടമല്ല എന്നു നമ്മളൊക്കെ ഒന്നിച്ചു മുദ്രാവാക്യം വിളിച്ചതൊക്കെ അടുത്ത ദിവസങ്ങളിലായിരുന്നില്ലേ? അതെല്ലാം താങ്കള്‍ മറന്നോ?

വളരെ കാര്യക്ഷമമായ ഒരു പൊതുവിതരണ ശൃംഖലയുള്ളതിനാല്‍ കിറ്റ് വിതരണം ഭംഗിയായി ചെയ്യാനാവുമെന്നു ഐസക് പറയുന്നു. അതിനു മറുപടിയായി ഐസക്കിന്റെ പോസ്റ്റിനു താഴെ പലരുമിട്ടിട്ടുള്ള പ്രസക്തമായ കമന്റുകളുണ്ട്. ഓരോ കുടുംബത്തിനും നിശ്ചിത തുകക്കുള്ള കൂപ്പണ്‍ കൊടുക്കുക, സിവില്‍ സപ്ലൈസില്‍ പോയി ഓരോരുത്തരുടേയും മുന്‍ഗണനയനുസരിച്ച് സാധനങ്ങള്‍ വാങ്ങട്ടെ എന്നതാണ് അതില്‍ പ്രധാനം. അതും പരിഗണിക്കാവുന്നതാണ്. ഈ ഉല്‍പ്പന്നങ്ങളെല്ലാം ആയിരക്കണക്കിന് ടണ്‍ ഉല്‍പാദനകേന്ദ്രത്തില്‍ നിന്ന് നേരിട്ടു വാങ്ങുന്നതിന്റെ ഭാഗമായി ഇവയുടെ വിലയും ചെലവും ഗണ്യമായി കുറയുമെന്ന് മന്ത്രി പറയുന്നു. എന്നാല്‍ അതിന്റെ പാക്കിംഗും റേഷന്‍കടകളിലെത്തിക്കലും മറ്റുമാകുമ്പോള്‍ വലിയ വ്യത്യാസമില്ല. പിന്നെ ഇത്തരം കച്ചവടത്തിലാണ് അഴിമതി വ്യാപകമായി നടക്കുക എന്ന് ആര്‍ക്കാണറിയാത്തത്? ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായെന്നു മന്ത്രിപോലും സമ്മതിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മന്ത്രി നേരിട്ടു പറഞ്ഞില്ലെങ്കിലും സൈബര്‍ പോരാളികളുടെ പ്രധാന ആക്ഷേപം പണം നല്‍കിയാല്‍ എല്ലാവരും വെള്ളമടിക്കാന്‍ ചിലവാക്കുമെന്നാണ്. വെള്ളമടിക്കാത്തവരാണ് അങ്ങനെ പറയുന്നതെന്നു വിശ്വസിക്കാം. ”രൂപ കൊടുത്താല്‍ ഭക്ഷണസാധനങ്ങള്‍ വീട്ടിലെത്തണമെന്നില്ല. 500 രൂപ കാശായിട്ട് ഗൃഹനാഥനെ ഏല്‍പ്പിക്കണോ, ഭക്ഷ്യകിറ്റ് വീട്ടിലെത്തിക്കണോ എന്ന് വീട്ടിലെ സ്ത്രീകളോട് ചോദിക്കണം. കൃത്യമായ ഉത്തരം കിട്ടും.” എന്നു മന്ത്രിയും പരോക്ഷമായി ഉദ്ദേശിക്കുന്നത് അതുതന്നെ. ഗൃഹനാഥയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കേണ്ടത് എന്നതവിടെ ഇരിക്കട്ടെ. കൊവിഡ് കാലത്തെ സഹായം പോലും കള്ളുകുടിക്കാനുപയോഗിക്കുന്ന ഒരു സമൂഹത്തെയാണോ നാം സൃഷ്ടിച്ചത്? അതാണോ പ്രബുദ്ധ ഇടതുപക്ഷ കേരളം? എങ്കില്‍ ഒന്നും പറയാനില്ല. ഇനിമുതല്‍ എല്ലാ ശബളവും പെന്‍ഷനും കിറ്റുകളുമായി നല്‍കുന്നതായിരിക്കും നന്നാകുക. ഒരര്‍ത്ഥത്തില്‍ ശരിയാണ്. നമ്മുടെ സര്‍ക്കാര്‍ ജീവനക്കാരെല്ലാം ശബളം കിട്ടിയാല്‍ ആ പണം മുഴുവന്‍ കള്ളുകുടിച്ചുകളയുമെന്നതിനാലാണല്ലോ എല്ലാ മാസവും ഒന്നാം തിയതി മദ്യത്തിന് അവധി നല്‍കിയിരിക്കുന്നത്. എന്തായാലംു മന്ത്രി ഇതു പറഞ്ഞതിനു രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ബാറുകളെല്ലാം തുറന്നു എന്നത് വേറെ കാര്യം.

മറ്റൊരു പ്രധാന വിഷയം കൂടി. മന്ത്രിയുടെ പോസ്റ്റില്‍ കണ്ട നിരവധി കമന്റുകള്‍ ഇങ്ങനെയാണ്. ഒരുപാടുപേര്‍ നേരിട്ടു പറയുന്നതും കേട്ടിട്ടുണ്ട്. അതു മറ്റൊന്നുമല്ല, സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവര്‍ക്ക് കിറ്റു കൊടുക്കേണ്ടതില്ല എന്നും ആവശ്യമുള്ളവര്‍ക്ക് 1000 രൂപയുടെയെങ്കിലും നല്‍കണമെന്നുമാണ്. യുജിസി അധ്യാപകര്‍ക്കുപോലും 500 രൂപയുടെ കിറ്റ് നല്‍കുന്നത് എന്തിനാണ്? വേണ്ടാത്തവര്‍ക്ക് വാങ്ങാതിരിക്കാം എന്നൊക്കെ പറയുമ്പോഴും അത് കൃത്യമായി നടപ്പാക്കുകയോ ആവശ്യമുള്ളവര്‍ക്ക് കൂടുതല്‍ നല്‍കുകയോ ചെയ്യുന്നില്ല. ഇപ്പോള്‍ വാങ്ങാത്തവരുടെ കിറ്റുകള്‍ എന്താണ് ചെയ്യുന്നതെന്നറിയില്ല. അതു നടപ്പാക്കുക എളുപ്പവുമല്ല. മറിച്ച പണമാണ് നല്‍കുന്നതെങ്കില്‍ അതെളുപ്പം നടപ്പാക്കാം. ഗ്യാസ് സബ്‌സിഡി തന്നെ ഉദാഹരണം. എന്നാല്‍ സ്വകാര്യമായി പലരും സമ്മതിക്കുന്ന ഒന്നുണ്ട്. എത്ര കുറഞ്ഞ തുകയുടേതാണെങ്കിലും എല്ലാവര്‍ക്കും കിറ്റ് നല്‍കുന്നു എന്നത് ഉണ്ടാക്കുന്ന രാഷ്ട്രീയനേട്ടം ചില്ലറയല്ല എന്ന്. അത് പണമായി നല്‍കിയാലോ ആവശ്യക്കാര്‍ക്ക് മാത്രം കൊടുത്താലോ ലഭിക്കില്ല. അതാണ് കിറ്റുവിതരണത്തിന്റെ രാഷ്ട്രീയവും മനശാസ്ത്രവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply