മോദിയുടെ കോര്‍പ്പറേറ്റ് സൗഹൃദ ഫാസിസ്റ്റ് വാഴ്ചയും പിണറായിയുടെ കോര്‍പ്പറേറ്റ് സൗഹൃദ-സ്റ്റാലിനിസവും.

രക്തം ചിന്താതെ, സമരം ചെയ്യാതെ, ബാലറ്റിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കുവാന്‍ അവസരം നല്‍കുന്ന വിപ്ലവകരമായ മുഹൂര്‍ത്ഥമായി ഈ തിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കുക എന്നതേ്രത ജനാധിപത്യവാദികള്‍ക്ക് ചെയ്യുവാനുള്ളത്. ഈ അവസരം ദുര്‍വ്വിനിയോഗം ചെയ്താല്‍, പിന്നെയൊരിക്കല്‍ ജനാധിപത്യത്തെ പുനസ്ഥാപിക്കണമെങ്കില്‍ നിരവധി പേരുടെ ജീവനഷ്ടത്തിനിടയാക്കുന്ന, ദുരിതമയങ്ങളായ മഹാപ്രക്ഷോഭങ്ങള്‍ തന്നെ വേണ്ടിവരുമെന്നും നാം മുന്‍കൂട്ടിക്കാണേണ്ടതുണ്ട്.

”ഉറപ്പാണ് എല്‍.ഡി.എഫ്”, എന്ന സൂത്രവാക്യം സൂചിപ്പിക്കുന്നത് ജനങ്ങളില്‍ നിന്ന് എത്രമേല്‍ അന്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു ഇടതു മുന്നണി എന്നതേ്രത. ഭരണകക്ഷി ഇവിടെ ജനങ്ങള്‍ക്ക് നല്‍കുന്ന ഏക ഉറപ്പ്, വാഗ്ദാനം, തുടര്‍ഭരണം മാത്രം. വീണ്ടും ഭരിക്കുക, എന്നെന്നും ഭരിക്കുക, ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്ന ഭരണാധികാരികളുടെ സ്വന്തം അജെന്‍ഡ, സ്വപ്നം, ജനങ്ങളുടെ സ്വപ്നമായി, അജെന്‍ഡയായി ഉയര്‍ത്തിക്കാട്ടുകയാണിവിടെ. സ്വന്തം ഉല്പന്നങ്ങളോട് പ്രിയം സൃഷ്ടിക്കുവാന്‍ വ്യവസായികള്‍ സ്വീകരിക്കുന്ന മാര്‍ക്കറ്റിങ്ങ് തന്ത്രത്തോട് സമം. തങ്ങളുടെ ആവശ്യത്തെ, താല്പര്യത്തെ, ജനങ്ങളുടെ ആവശ്യമായി, താല്പര്യമായിക്കാണിക്കല്‍. ജനങ്ങളുടെ താല്പര്യമാണ് ഞങ്ങളുടെ താല്പര്യം എന്നല്ല, ജനതാല്പര്യം നിശ്ചയിക്കുന്നത് ഞങ്ങളാണെന്നേ്രത ഈ ഭരണ വാക്യത്തിന്റെ അര്‍ത്ഥം. ജനാധിപത്യത്തെ ഈ വാക്യം തലകുത്തി നിര്‍ത്തുന്നു. ജനങ്ങളുടെ ഇംഗിതങ്ങള്‍ക്കല്ല പാര്‍ട്ടിയുടെ, ഭരണാധികാരികളുടെ ഇംഗിതത്തിനാണ് ഈ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രാമുഖ്യം കൊടുക്കുന്നത് എന്നേ്രത വിവക്ഷ. ഭരണകക്ഷി മുന്നോട്ട് വയ്ക്കുന്ന നാര്‍സിസിസ്റ്റ് രാഷ്ട്രീയമാണ് ഈ സൂത്രവാക്യത്തില്‍ ഒളിഞ്ഞ് തെളിയുന്നത്. എന്നാല്‍ തുടര്‍ഭരണം വേണമോ വേണ്ടയോ എന്ന, ഭരണകക്ഷി തന്നെ നിശ്ചയിച്ചുറപ്പിച്ച ചോദ്യമല്ല, ഈ തെരഞ്ഞെടുപ്പില്‍ അന്തര്‍ഭവിക്കുന്ന മുഖ്യരാഷ്ട്രീയ പ്രശ്‌നം. മറിച്ച് ജനാധിപത്യത്തിന്റെ തന്നെ പ്രതിസന്ധിയാണ്, ജനാധിപത്യം വേണമോ വേണ്ടയോ എന്നുള്ള ചോദ്യമാണ് ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന ഏറ്റവും നിര്‍ണ്ണായകമായ പ്രശ്‌നം എന്നത്രെ ഞാന്‍ കരുതുന്നത്- കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും.

കോര്‍പ്പറേറ്റ് -സൗഹൃദ-ഫാസിസ്റ്റ് വാഴ്ച

വര്‍ഗ്ഗിയ കലാപങ്ങള്‍ രാജ്യമെങ്ങും ഉല്പാദിപ്പിച്ച് കൊണ്ട്, 2014 ല്‍ അധികാരത്തില്‍ വന്ന മോഡി ഗവണ്മെന്റിന്റെ ഭരണം നോട്ട് നിരോധനം, പൊതുമുതല്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കല്‍, സാംസ്‌ക്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കല്‍, പത്ര മാധ്യമങ്ങളെ വിലയ്‌ക്കെടുക്കല്‍ അല്ലെങ്കില്‍, അടിച്ചമര്‍ത്തല്‍, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍, പശു സംരക്ഷണത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍, എതിരഭിപ്രായക്കാരെ രാജ്യേ്രദാഹനിയമപ്രകാരം തുറുങ്കിലടയ്ക്കല്‍ എന്നിങ്ങനെയുള്ള ജനാധിപത്യ വിദ്ധ്വംസകമായ നയങ്ങളാല്‍, സംഭവങ്ങളാല്‍, നവീനമായ ഒരു ഫാസിസ്റ്റ് വാഴ്ചയെന്ന് അടയാളപ്പെടുത്തപ്പെട്ടു.

2019ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ രണ്ടാമതും അധികാരത്തില്‍ വന്നതോടെ മോദി ഗവണ്മെന്റിന്റെ ജനവിരുദ്ധത പൈശാചികമായ അനുപാതങ്ങളിലേക്ക് വളര്‍ച്ച പ്രാപിക്കുകയും ഭീതിയുടെ റിപ്പബ്ലിക്കായി ഇന്ത്യ മാറുകയുമാണുണ്ടായത്. കാശ്മീരിന്റെ പ്രത്യേകാവകാശങ്ങളും സംസ്ഥാന പദവിയും എടുത്തുകളഞ്ഞു. പൗരാവകാശങ്ങളെ വിദ്ധ്വംസനം ചെയ്യുന്ന നിയമങ്ങള്‍ പാസ്സാക്കപ്പെട്ടു. ആക്റ്റിവിസ്റ്റുകളെ, മനുഷ്യാവകാശപ്രവര്‍ത്തകരെ, അര്‍ബന്‍ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി വേട്ടയാടി. സി.എ.എ.യ്‌ക്കെതിരായി ജാമിയയിലെ വിദാര്‍ത്ഥികള്‍ ആരംഭിച്ച പ്രതിഷേധ സമരത്തെ ത്തുടര്‍ന്ന്, ഷഹീനാബാഗിലെ അമ്മമാര്‍ നേതൃത്വം നല്‍കിയ മഹാപ്രക്ഷോഭം ഇന്ത്യയിലെങ്ങും കത്തിപ്പടര്‍ന്നെങ്കിലും കൊറോണയുടെ മറവില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനു കഴിഞ്ഞു.

ഭരണഘടനയ്ക്ക് അവധി കൊടുത്ത് ജനാധിപത്യ സംവിധാനങ്ങളെല്ലാം തകര്‍ത്ത് കൊണ്ട് ഒരു അപവാദഭരണകൂടമായി (State of exceptiom) മുമ്പേ തന്നെ മാറിയിരുന്ന മോദിസര്‍ക്കാര്‍ കൊറോണയുടെ വ്യാപനത്തോടെ സര്‍വ്വാധികാരസ്വരൂപിയായ ഒരു അതീത ഭരണകൂടമായി (transcendental State) രൂപാന്തരം പ്രാപിക്കുകയാണ് ചെയ്തത്. ജനാധിപത്യത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കും വിധം, മതത്തിന്റെയും, ജാതിയുടെയും കക്ഷിരാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ ആന്തരികമായി വിഘടിപ്പിച്ച്, ജനവിഭാഗങ്ങള്‍ തമ്മില്‍ കലാപങ്ങളും യുദ്ധങ്ങളും ആവശ്യാനുസാരം ഉല്പാദിപ്പിച്ച്, ശതകോടീശ്വരന്മാരായ അദാനി അമ്പാനി തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് ക്ഷേമവും, ജനങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പാക്കേജായി ‘ജന്തു’ ജീവിതവും ഒറ്റപ്പെട്ടതും കൂട്ടായതുമായ മരണവും, വാഗ്ദാനം ചെയ്യുന്ന ഒരു മഹാവ്യാധീ സമുച്ചയമായി മാറിയിരിക്കുന്നു ബി.ജെ.പി.രാഷ്ട്രീയം. ഈ മഹാവ്യാധിയെ കേരളത്തിലേക്ക് പ്രവേശിക്കാനനുവദിക്കാതിരിക്കുക, അങ്ങനെ മതജാതി വര്‍ഗ്ഗീയ കലാപങ്ങളുടെ യുദ്ധഭൂമിയായി കേരളം മാറുന്നതിനെ തടയുക: ഇതാണ് ഈ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികള്‍ സ്വീകരിക്കേണ്ട ആദ്യ നടപടി എന്ന് ഞാന്‍ കരുതുന്നു.

ഇടതു മുന്നണി

ഹിന്ദുത്വഫാസിസത്തെ പ്രതിരോധിക്കുവാന്‍ തങ്ങളാണ് കെല്പുള്ളവര്‍ എന്ന പ്രഖ്യാപിച്ച് കൊണ്ട് അധികാരത്തില്‍ വന്ന ഇടതു മുന്നണി, കോണ്‍ഗ്രസ്സിനെ തോല്പിക്കുവാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി, ബി.ജെ.പിയ്ക്ക് കേരളത്തില്‍ അനുകൂലസാഹചര്യം ഒരുക്കുകയാണ് ചെയ്തത്. വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുകയും, ബി.ജെ.പിയുമായി രഹസ്യവും പരസ്യവുമായ ബാന്ധവങ്ങളിലേര്‍പ്പെടുകയും ചെയ്ത് കൊണ്ട് ബി.ജെ.പി.യെ മുഖ്യസ്ഥാനങ്ങളിലേക്ക് എഴുന്നള്ളിച്ചു. മാത്രമല്ല, മോദി ഗവണ്മെന്റിന്റെ അതേ തീവ്രതയില്‍ ജനാധിപത്യവിരുദ്ധമായ, സര്‍വ്വാധിപത്യപരമായ ഒരു ഭരണ നയമാണ് കേരളത്തില്‍ എല്‍.ഡി.എഫ്. നടപ്പാക്കിയത്: ഭീതിയുടെ, ഭീകരതയുടെ, യുദ്ധത്തിന്റെ, മരണത്തിന്റെ രാഷ്ട്രീയം. കോവിഡിന്റെ മറവില്‍ സര്‍വ്വാധികാരങ്ങളും സമാഹരിച്ച മോദിസര്‍ക്കാരിനെപ്പോലെത്തന്നെ ഒരു അപവാദഭരണകൂടമായി മാറി പിണറായി ഗവണ്മെന്റും. പ്രതിസന്ധിയെ ലാഭത്തിനുള്ള അവസരമാക്കി മാറ്റുന്ന ദുരന്തമുതലാളിത്തം പോലെ ത്തന്നെ ഒരു ”ദുരന്ത”കമ്യൂണിസത്തിന്റെ പരീക്ഷണങ്ങളിലാണ് തന്റെ ഉപദേശകവൃന്ദങ്ങളുടെ സഹായത്തോടെ പിണറായി ഏര്‍പ്പെട്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൊറോണയുടെ മറവില്‍ കോര്‍പ്പറേറ്റുകളുമായി നടത്തിയ ഡീലുകളുടെ നിരവധി കഥകള്‍ പുറത്തുവന്നു. മലയാളികളുടെ ആരോഗ്യ വിവരങ്ങള്‍ കുത്തകകള്‍ക്ക് വില്‍ക്കുന്ന സ്പ്രിങ്ക്‌ലെര്‍എന്ന വിദേശകമ്പനിയുമായുള്ള കരാര്‍,, പമ്പാ ത്രിവേണിയിലെ മണ്ണുമാറ്റുവാന്‍ കേരളാക്ലേയ്‌സ് ആന്റ് സിറാമിക്‌സ് കമ്പനിയുമായുണ്ടാക്കിയ കരാര്‍, സില്‍വര്‍ലൈന്‍ പദ്ധതിയ്ക്കുള്ള അനുമതി, പരിസ്ഥിതിയ്ക്ക് വിനാശകമാം വിധം ക്വാറികള്‍ക്ക് യഥേഷ്ടം പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സുകള്‍, ലൈഫ് മിഷന്‍ പദ്ധതി, സ്വര്‍ണ്ണക്കള്ളക്കടത്ത്, ആഴക്കടല്‍ മല്‍സ്യബന്ധനം അമേരിക്കന്‍ കമ്പനിയ്ക്ക് വിട്ടു കൊടുക്കുന്ന കരാര്‍, വൈദ്യുതി വാങ്ങി അദാനിയ്ക്ക് ലാഭമുണ്ടാക്കുവാനുള്ള പദ്ധതി, അങ്ങനെ നീളുന്നു കോര്‍പ്പറേറ്റുകളുമായി കൊറോണക്കാലത്തു നടന്ന രഹസ്യ വേഴ്ചകള്‍.

ഉത്തരേന്ത്യയില്‍ മോദിയുടെ, യു.എ.പി.എ., എന്‍.ഐ.എ നയത്തെ അത്യുച്ചത്തില്‍ വിമര്‍ശിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കാരായ അലന്‍, താഹ, എന്നീ രണ്ട് യുവാക്കളെ യു.എ.പി.എ. ചുമത്തി എന്‍.ഐ.എയ്ക്ക് വിട്ടു കൊടുക്കുകയും ആ നടപടിയെ അതി ശക്തമായി ന്യായീകരിക്കുകയും ചെയ്തയാളാണ് ഇടതുനായകനായ പിണറായി വിജയന്‍. സഹ്യപര്‍വതത്തിലെ വരയാടുകള്‍ പോലെ കേരളത്തില്‍ അപൂര്‍വ്വം മാത്രം പ്രത്യക്ഷപ്പെടുന്ന മാവോയിസ്റ്റുകളെ വധിക്കുന്നതിലും ഇടതുപക്ഷഗവണ്മെന്റ് കാട്ടിയ അമിതശൗര്യം അപലപനീയമാണ്. ആസൂത്രണം ചെയ്തു നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടലുകളില്‍ എട്ടോളം പേരാണ് കൊലചെയ്യപ്പെട്ടത്. മാവോവേട്ടയെന്ന പേരില്‍ കോടിക്കണക്കിനു രൂപ കേന്ദ്രഗവണ്മെന്റില്‍ നിന്ന് പറ്റുന്നതിനും ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുമൊക്കെയുള്ള ന്യായീകരണങ്ങളായാണ് ക്രൂരമായ ഈ മനുഷ്യവേട്ടകളില്‍ ഇടതുസര്‍ക്കാര്‍ ഏര്‍പ്പെട്ടതെന്നതോര്‍ക്കുമ്പോള്‍ നാം നടുങ്ങും, ലജ്ജ കൊണ്ട് ചൂളും.

കേരളാമോഡല്‍ സ്റ്റാലിനിസം

പത്രക്കാരോട് ”കടന്നു പോകൂ പുറത്ത്” എന്നാജ്ഞാപിച്ച പിണറായി വിജയന്റെ മുന്നില്‍ ഇന്ന് പാര്‍ട്ടിക്കാര്‍ മാത്രമല്ല പത്രക്കാരും ഉദ്യോഗസ്ഥന്മാരും ഓഛാനിച്ച് നില്‍ക്കുന്നതാണ് നാം കാണുന്നത്. വിയോജിക്കുന്നവരോടും, പത്രപ്രവര്‍ത്തകരോടും ഉള്ള ഈ അക്രമാത്മകമായ സമീപനം, ധാര്‍ഷ്ട്യം മുഖമുദ്രയായുള്ള ഭരണ-രാഷ്ട്രീയ നയം, ഇതെല്ലാം വ്യക്തമാക്കുന്നത് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ജനിതകമായി ആര്‍ജ്ജിച്ചിരുന്ന സ്റ്റാലിനിസ്റ്റ് സ്വഭാവം ഇന്ന് നവീനമായ രൂപത്തില്‍ പിണറായിയുടെ ഏകഛത്രാധിപത്യത്തില്‍ വികാസം പ്രാപിച്ചിരിക്കുന്നു എന്നതാണ്. ലക്ഷക്കണക്കിന് ഇരട്ടവോട്ടുകളും, സൈബര്‍ സഖാക്കളുടെ കൊലവിളികളും, തിരഞ്ഞെടുപ്പ് കാലത്ത് വര്‍ദ്ധമാനമാവുന്ന അക്രമസംഭവങ്ങളും, വിളംബരം ചെയ്യുന്നത് ഈ ജനാധിപത്യ വിരുദ്ധതയെയാണ്. ബി.ജെ.പിയ്ക്ക് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നു എന്നത് മാത്രമല്ല സി.പി.എമ്മിനെ അനഭിമതമാക്കുന്നത്. മോദിഗവണ്മെന്റിന്റെ കോര്‍പ്പറേറ്റ് സൗഹൃദ ഫാസിസ്റ്റ് വാഴ്ച പോലെ തന്നെ ഭീകരമാണ് പിണറായിയുടെ നേതൃത്വത്തില്‍ സി.പി.എം. ഉയര്‍ത്തിക്കൊണ്ട് വരുന്ന കോര്‍പ്പറേറ്റ് സൗഹൃദ-സ്റ്റാലിനിസം. മോദിയുടെ മതവര്‍ഗ്ഗീയതയ്ക്ക് പകരം സി.പി.എമ്മിന്റെ പാര്‍ട്ടി വര്‍ഗ്ഗീയത, മതസ്വഭാവമുള്ള മതേതര വര്‍ഗ്ഗീയത. വിമതകമ്മ്യൂണിസ്റ്റുകാരനായ ചന്ദ്രശേഖരനെപ്പോലുള്ള കുലം കുത്തികളെ അമ്പത്തൊന്ന് വെട്ടുകളാല്‍ കൊലപ്പെടുത്തി രക്താഭിഷേകം ചെയ്ത് വളര്‍ത്തിയെടുത്ത, കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ പരീക്ഷിച്ച് വികസിപ്പിച്ചെടുത്ത, കേരളാ മോഡല്‍ സ്റ്റാലിനിസം. സഖാവ് പിണറായി ക്യാപ്റ്റന്‍ പിണറായി മാറുമ്പോള്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നടങ്കം ഒരൊറ്റസൈന്യമായി, പിണറായിയുടെ ആജ്ഞാനുവര്‍ത്തികളായി മാറുമ്പോള്‍, സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയായുള്ള സി.പി.എമ്മിന്റെ രൂപാന്തരീകരണം പൂര്‍ണ്ണമാവുകയാണ്.

ബി.ജെ.പിയുമായി ഒരു സിംബയോട്ടിക്ക് ബന്ധമാണ് സി.പി.എമ്മിനുള്ളത്. രണ്ടും പരസ്പരാശ്രിതം. രണ്ടിനും മതസ്വഭാവം. രണ്ടിനും കേഡര്‍ സ്വഭാവം. രണ്ടും ഒരേ പോലെ കേന്ദ്രീകൃതം, സൈനികവല്‍ക്കൃതം. രണ്ടും വിദ്വേഷത്തില്‍, ശത്രു നിഗ്രഹത്തില്‍, അധിഷ്ഠിതം. ജനിതകമായും രണ്ടും ജനാധിപത്യവിരുദ്ധം, ഭരണഘടനാവിരുദ്ധം. ബി.ജെ.പിയുടെ അക്രമാത്മകതയും ഭീകരതയുമാണ് സിപിഎമ്മിന്റെ അക്രമാത്മകതയേയും ഭീകരതയേയും സാധൂകരിക്കുന്നത്, എങ്കില്‍, സി.പി.എം. ഭീകരതയാണ് കേരളത്തില്‍ ബി.ജെ.പിയുടെ വളം. ബി.ജെ.പി.യാണ് തങ്ങളുടെ പ്രധാന ശത്രു എന്ന് പ്രഖ്യാപിച്ച് കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി.യ്ക്ക് അമിത പ്രാധാന്യം ചാര്‍ത്തിക്കൊടുക്കുന്നു സി.പി.എം. കേരള സമൂഹത്തെ മതപരമായും രാഷ്ട്രീയമായും ധ്രുവീകരിച്ച് കൊണ്ട് വോട്ട് നേടുക എന്നതാണ് രണ്ടിന്റെയും ലക്ഷ്യം.

ഇടതുവലതു വേര്‍തിരിവുകള്‍ ഈ സന്ദര്‍ഭത്തില്‍ പാടേ അപ്രസക്തമായിരിക്കുന്നു. കോര്‍പ്പറേറ്റുകളുടെ ആജ്ഞാനുവര്‍ത്തികളാണ് രണ്ടും. ഇടതും വലതും തമ്മിലുള്ള ഏറ്റുമുട്ടല്‍ വെറും ടെര്‍മിനോളജിക്കല്‍ യുദ്ധം മാത്രം. രണ്ട് തരം വക്കാബലറികള്‍, രണ്ടു തരം, ജാര്‍ഗനുകള്‍, രണ്ടുതരം ക്ലീഷേകള്‍, തമ്മിലുള്ള നിഴല്‍ യുദ്ധം മാത്രം.

ജനാധിപത്യം, ഫാസിസം, സ്റ്റാലിനിസം

ജനാധിപത്യവും ഫാസിസവും ജനാധിപത്യവും സ്റ്റാലിനിസവും തമ്മിലുള്ള അന്തിമമായ ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പിനെ വിധി നിര്‍ണ്ണായകമാക്കുന്നത്. ജനാധിപത്യവിരുദ്ധമായ, സൈനികവല്‍ക്കൃതമായ, മതസാമുദായിക സ്വഭാവമുള്ള, ഹിംസയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ഈ രണ്ട് കേഡര്‍ പാര്‍ട്ടികളെയും കേരളത്തില്‍ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനില്പിന്ന് ആവശ്യമെന്ന് ഞാന്‍ കരുതുന്നു. കേഡര്‍പാര്‍ട്ടികള്‍ക്ക് സഹജമായുള്ള കേന്ദ്രീകരണ സ്വഭാവം പ്രകടിപ്പിക്കാത്ത, ജനാധിപത്യസ്വഭാവം ജനിതകമായിത്തന്നെ അന്തര്‍ഭവിച്ച, ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കക്ഷി എന്ന നിലയില്‍ ചരിത്രപരമായിത്തന്നെ ജനാധിപത്യമൂല്യങ്ങള്‍ സ്വാംശീകരിച്ചതെന്ന് പറയാവുന്ന, എന്നാല്‍ പില്‍ക്കാലത്ത് ജനാധിപത്യഭ്രംശം സംഭവിച്ച, കോണ്‍ഗ്രസ്സ് മുന്നണിയാണ്– അതിന്റെ സര്‍വ്വ പരാധീനതകളോടെയും– ഈ അന്തിമ സമരത്തില്‍ ജനാധിപത്യവാദികള്‍ക്ക് ആലംബമായുള്ളത്. ഇന്ത്യന്‍ സമൂഹത്തിന്റെ എല്ലാ അപഭ്രംശങ്ങളെയും, നന്മതിന്മകളെയും പ്രതിഫലിപ്പിക്കുന്ന, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കണ്ണാടി. ആശയപരവും മൂല്യപരവുമായ ഉദാസീനതകള്‍ പ്രകടമാണെങ്കില്‍പ്പോലും ഇന്ത്യന്‍ ജനതയുടെ ജനാധിപത്യ കാമനയുടെയും സ്വാതന്ത്ര്യവാഞ്ചയുടെയും ആവിഷ്‌ക്കാര, നിര്‍വ്വഹണരൂപമായി മാറാന്‍ കോണ്‍ഗ്രസ്സിന് ചരിത്രം ഒരവസരം കൂടി നല്‍കുകയാണ്. ഒരു വശത്ത് ഫാസിസത്തിന്റെയും മറുവശത്ത് അതേ പോലെ ആപല്‍ക്കരമായ സ്റ്റാലിനിസത്തിന്റെയും തുടര്‍ ഭരണഭീഷണി മുഴങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യത്തിന്റെ പുനസ്ഥാപനത്തിനായി നമുക്ക് കൂട്ടു പിടിക്കാവുന്നത് യു.ഡി.എഫ്. മാത്രമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദുര്‍ഭരണത്തിലേര്‍പ്പെട്ട ഒരു ഭരണകൂടത്തിന് തുടര്‍ഭരണം നല്‍കുന്നതിന്റെ ആപത്ത് മോദിഗവണ്മെന്റിന്റെ രണ്ടാമൂഴത്തില്‍ നാം കണ്ടതാണ്. എല്‍.ഡി.എഫിന് തുടര്‍ഭരണം നല്‍കിയാല്‍ തങ്ങളുടെ ദുര്‍ഭരണത്തെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിന്റെ ലൈസന്‍സായതെടുത്ത് കൊണ്ട് കൂടുതല്‍ ജനാധിപത്യവിരുദ്ധവും വിദ്ധ്വംസകവുമായ ഭരണരീതിയിലേക്ക് അവര്‍ നീങ്ങും എന്നും കേരളത്തിന് അത് നാശകരമായിത്തീരും എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. മോദിയുടെ കോര്‍പ്പറേറ്റ്-സൗഹൃദ-ഫാസിസത്തെയും, പിണറായിയുടെ സ്റ്റാലിനിസ്റ്റ് മോഡല്‍ ഭരണത്തെയും ഒരേ പോലെ അറബിക്കടലിലെറിഞ്ഞ് കൊണ്ട് ജനാധിപത്യ ശക്തികളെ ഈ ഇലക്ഷനില്‍ വിജയിപ്പിക്കുകയാണ് അഭിലഷണീയം എന്ന് ഞാന്‍ കരുതുന്നു.

തിരഞ്ഞെടുപ്പിന്റെ ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യത്തിന്റെ ഏറ്റവും നിര്‍ണ്ണായകവും സൃഷ്ടാത്മകവുമായ മറ്റൊരാവിഷ്‌ക്കാരം നടക്കുകയാണ്: കര്‍ഷക സമരം എന്ന സംഭവം. ബയോഭീകരതയും ഭരണകൂട ഭീകരതയും ഒന്നു ചേര്‍ന്ന് ഭീകരതയുടെ സമുച്ചയമായി മാറിയ ഒരു അതീത ഭരണകൂടത്തെ മുട്ടുകുത്തിച്ച് കൊണ്ട് , മോദിയുടെ സൈനിക ശക്തിയേയും, കൊറോണാ വ്യാധിയേയും, കൊടും ശൈത്യത്തെയും, കൊടും വേനലിനെയും, അതിവര്‍ത്തിച്ച് കൊണ്ട്, കഴിഞ്ഞ നാലുമാസമായി തലസ്ഥാന നഗരിയെ ഉപരോധിച്ച് കൊണ്ട്, കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സാധ്യതകളും ഊര്‍ജ്ജങ്ങളും തുറന്നു വിട്ട അപൂര്‍വ്വ സംഭവം. ജനാധിപത്യവിപ്ലവത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ച ഈ രാഷ്ട്രീയ സംഭവത്തോട് വിശ്വസ്ഥത പാലിച്ച് കൊണ്ട് കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിനെയും സംസ്ഥാനത്തിലെ സ്റ്റാലിനിസ്റ്റ് ഗവണ്മെന്റിനേയും തിരിച്ചു വിളിക്കുന്ന ഒരു റിഫറന്‍ഡമായി, ജനങ്ങളുടെ പ്ലെബെസൈറ്റ് ആയി വേണം ഈ തിരഞ്ഞെടുപ്പിനെ കാണുവാന്‍. അതേ സമയം കര്‍ഷകസമരം എന്ന രാഷ്ട്രീയ സംഭവത്താല്‍ രൂപാന്തരീകരണം പ്രാപിച്ച, നവീകരിക്കപ്പെട്ട, ഇന്ത്യന്‍ ജനാധിപത്യശക്തികളെ ഭരണസാരഥ്യത്തിലെത്തിക്കുവാനുള്ള നിര്‍ണ്ണായക മുഹൂര്‍ത്ഥവും.

രക്തം ചിന്താതെ, സമരം ചെയ്യാതെ, ബാലറ്റിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കുവാന്‍ അവസരം നല്‍കുന്ന വിപ്ലവകരമായ മുഹൂര്‍ത്ഥമായി ഈ തിരഞ്ഞെടുപ്പിനെ മാറ്റിയെടുക്കുക എന്നതേ്രത ജനാധിപത്യവാദികള്‍ക്ക് ചെയ്യുവാനുള്ളത്. ഈ അവസരം ദുര്‍വ്വിനിയോഗം ചെയ്താല്‍, പിന്നെയൊരിക്കല്‍ ജനാധിപത്യത്തെ പുനസ്ഥാപിക്കണമെങ്കില്‍ നിരവധി പേരുടെ ജീവനഷ്ടത്തിനിടയാക്കുന്ന, ദുരിതമയങ്ങളായ മഹാപ്രക്ഷോഭങ്ങള്‍ തന്നെ വേണ്ടിവരുമെന്നും നാം മുന്‍കൂട്ടിക്കാണേണ്ടതുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply