മീഡിയാവണ്‍ വിലക്ക് – പ്രശ്‌നം മാധ്യമസ്വാതന്ത്ര്യം മാത്രമല്ല

ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ഈ വളര്‍ച്ചയില്‍ ശ്രദ്ധേയമായ ഒന്ന് അവര്‍ അധികാരത്തിലെത്തിയത് ജനാധിപത്യത്തിന്റെ അഭിമാനമായ തെരഞ്ഞെടുപ്പിലൂടെയാണ്, തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചല്ല എന്നതാണ്. ജനം വോട്ടുചെയ്ത് തന്നെയാണവര്‍ വിജയിച്ചത്. ജനാധിപത്യമൂല്യങ്ങളെ മറികടക്കുന്ന രീതിയില്‍ രാജ്യത്തെ സാധാരണക്കാരില്‍ വര്‍ഗ്ഗീയവിഷം കുത്തിവെക്കാനായി എന്നതുതന്നെയാണ് അതിനു കാരണം. അതിനു ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് മുസ്ലിം വിരുദ്ധതയാണ്. ഗുജറാത്തിലും മറ്റും രക്തരൂക്ഷിതമായാണ് അത് ചെയ്തത്. പലപ്പോഴും രക്തമൊഴുക്കാതേയും അതവര്‍ ചെയ്യുന്നു. അതിന്റെ ഭാഗമാണ് മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെതിരായ നീക്കം. അതിനാലാണ് ഇത് കേവലം മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാത്രം വിഷയമല്ലാതാകുന്നതും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഭരണഘടനയുടേയും നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാകുന്നതും

വ്യക്തമായ ഒരു കാരണവും വ്യക്തമാക്കാതെ മീഡിയാ വണ്‍ ചാനലിനു നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രനടപടി വരാന്‍ പോകുന്ന സമഗ്രാധിപത്യനാളുകളുടേയും ജനാധിപത്യവും മതേതരത്വവും മാധ്യമസ്വാതന്ത്ര്യവുമെല്ലാം നേരിടാന്‍ പോകുന്ന വെല്ലുവിളികളുടേയും വ്യക്തമായ സൂചനയാണ്. എന്നും ജനകീയ പ്രതിപക്ഷത്തായിരിക്കുകയും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുകയും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയും ചെയ്യാന്‍ ശ്രമിക്കുക എന്ന മാധ്യമധര്‍മ്മം നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്ന ഒരു സ്ഥാപനം എന്നതു മാത്രമല്ല ഈ ഫാസിസ്റ്റ് നടപടിക്കു കാരണമെന്നത് വ്യക്തം. സംഘപരിവാര്‍ ശക്തികള്‍ തങ്ങളുടെ ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ശത്രുവായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലിം വിഭാഗങ്ങളുടെ ഉമസ്ഥതയിലുള്ള രാജ്യത്തെ തന്നെ പ്രധാന മാധ്യമസ്ഥാപനം എന്നതും ഈ നടപടിക്കു കാരണമാണ്. അതുപറയാതെ മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം മാത്രമായി ഈ നടപടിയെ ചുരുക്കികാണുന്നത് വിഷയത്തെ സമഗ്രതയില്‍ കാണാതിരിക്കുന്ന സമീപനമായിരിക്കും.

ഭരണകൂടത്തില്‍ നിന്നു മാത്രമല്ല, ജനങ്ങളില്‍ നിന്നും വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുന്ന വിഭാഗമാണ് ഇന്നു മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. പലപ്പോഴും അതിനു കാരണം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വന്നിരിക്കുന്ന മാറ്റം തന്നെയാണ്. ഔദ്യോഗികപദവിയൊന്നുമില്ലെങ്കിലും ജനാധിപത്യത്തിന്റെ നാലാംതൂണായാണല്ലോ പൊതുവില്‍് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. മറ്റു തൂണുകളെല്ലാം ജീര്‍ണ്ണിച്ചാലും ജനകീയപക്ഷത്തുനിന്ന് അവയെ വിമര്‍ശിക്കുക എന്ന ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്കുള്ളത് എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ ഉടലെടുത്തത്. മാധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടവിമര്‍ശനമാണ്. മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണ്. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാനാണ് ഭരണകൂടം ഉടലെടുത്തത്. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യമാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തു നില്‍ക്കേണ്ടവരാണ് മാധ്യമങ്ങള്‍. ഭരണകൂടത്തെ തികഞ്ഞ ജാഗ്രതയോടെ വീക്ഷിക്കുകയും നിരന്തരം വിമര്‍ശിക്കുകയും വേണം. അതായത് അവയെന്നും പ്രതിപക്ഷത്താവണം. കക്ഷിരാഷ്ട്രീയപ്രതിപക്ഷമല്ല, വൈലോപ്പിള്ളി പറഞ്ഞപോലെ സൗവര്‍ണ്ണ പ്രതിപക്ഷം.

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കൊള്ളാം. ആ നിലയിലുള്ള മാധ്യമങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. ഇന്നു മാധ്യമങ്ങള്‍ കൃത്യമായും സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളാണ്. അതും മിക്കവയും വന്‍കിടക്കാരുടെ നിയന്ത്രണത്തില്‍. അവരുടെ ഉല്‍പ്പന്നമാണ് വാര്‍ത്തകള്‍. കോര്‍പ്പറേറ്റുകള്‍ക്ക് അവയുടെ നിലനില്‍പ്പിന് മാധ്യമങ്ങളും അനിവാര്യമായ കാലമാണിത്. അതിനാല്‍ തന്നെ തൊലിപ്പുറത്തിനപ്പുറം ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്ന മാധ്യമങ്ങള്‍ ഇന്നു വിരലിലെണ്ണാവുന്നവ മാത്രം. മീഡിയാവണിനെതിരായ നടപടി കണ്ടില്ലെന്നു പല മാധ്യമങ്ങളും നടിക്കുന്നതിനു കാരണം തേടി എങ്ങോട്ടും പോകേണ്ടതില്ല. അസേമയം അതിശക്തമായ മത്സരം നടക്കുന്നതിനാല്‍ വാര്‍ത്തകള്‍ പൂര്‍ണ്ണമായും മുക്കാനൊന്നും മാധ്യമങ്ങള്‍ക്കാവില്ല എങ്കിലും ഭരണകൂടത്തിനും ആധിപത്യശക്തികള്‍ക്കും അനുകൂലമായ രീതിയിലുള്ള പൊതുജനാഭിപ്രായം സൃഷ്ടിക്കാന്‍ അവയില്‍ ഭൂരിഭാഗവും ജാഗരൂകരാണ്. പൂര്‍ണ്ണമായും അതിലവര്‍ വിജയിക്കുന്നു എന്നു പറയാനാകില്ലെങ്കിലും. ഇപ്പോഴാകട്ടെ സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് പരമ്പരാഗത മാധ്യമങ്ങളുടെ പ്രതാപത്തിനു തിരിച്ചടി ഏറ്റിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. അതിനാലാണ് സാമൂഹ്യമാധ്യമങ്ങളേയും തകര്‍ക്കാനുള്ള നീക്കങ്ങളും ശക്തമായിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരം സാഹചര്യത്തിലാണ് മാധ്യമധര്‍മ്മം കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ്വം മാധ്യമങ്ങളെ തകര്‍ക്കാനുള്ള നീക്കം രാജ്യത്ത് ശക്തമായിരിക്കുന്നത്. ഭരണകൂടത്തിനെതിരെ വിരല്‍ ചൂണ്ടാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമൊക്കെ എന്നും ഫാസിസ്റ്റുകളുടെ ശത്രുക്കളാണ്. അവരുടെ വായ അടപ്പിക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റുകള്‍ ആദ്യം നടത്തുക വളരെ കുറച്ചു കാലമേ നിലനിന്നുള്ളു എങ്കിലും അടിയന്തരാവസ്ഥകാലത്ത് നാമത് കണ്ടതാണ്. വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് അന്ന് ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചത്. ഭൂരിഭാഗവും കുനിഞ്ഞുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിലിഴയുകയായിരുന്നു. മത – കമ്യൂണിസ്റ്റ് സമഗ്രാധിപത്യ രാഷ്ട്രങ്ങളിലെല്ലാം ഏറെക്കുറെ ഇതേ അവസ്ഥയാണ്. ഇന്നാകട്ടെ ആ അവസ്ഥ കൂടുതല്‍ രൂക്ഷമായിരിക്കുന്നു. കോര്‍പ്പറേറ്റുകളാലും സവര്‍ണ്ണശക്തികളാലും നയിക്കപ്പെടുന്ന ഭൂരിഭാഗം മാധ്യമങ്ങളേയും കൈപ്പിടിയിലൊതുക്കാന്‍ ഭരണകൂടത്തിനായിരിക്കുന്നു. നാലാം തൂണ് എന്ന പ്രയോഗം പോലും അര്‍ത്ഥരഹിതമായിരിക്കുന്നു. ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നവരെ കൊന്നുകളഞ്ഞ സമീപകാല ഉദാഹരണങ്ങള്‍ പോലും നിരവധിയാണല്ലോ.

2025ഓടെ തങ്ങളുടെ ഭാവനയിലുള്ള മതരാഷ്ട്രം സ്ഥാപിക്കുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ള സംഘപരിവാര്‍ ശക്തികള്‍ കണ്ണിലെ കരടായ അപൂര്‍വ്വം പ്രതിരോധങ്ങളെ പോലും തുടച്ചുമാറ്റാനുള്ള അവസാന ശ്രമത്തിലാണ്. പൗരത്വനിയമഭേദഗതിയും കര്‍ഷകസമരവുമൊക്കെയായി ബന്ധപ്പെട്ട് ജനങ്ങളുടെ പക്ഷത്തുനിന്ന ശക്തികളെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന നയങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമായിതന്നെ വേണം മീഡിയാ വണിനെതിരായ നീക്കത്തേയും നോക്കികാണാന്‍. അതിനാല്‍ തന്നെ ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമല്ല, ജനാധിപ്യത്തിന്റെ കൂടി നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത സമൂഹം ഒരിക്കലും ജനാധിപത്യസമൂഹമായിരിക്കുകയില്ലല്ലോ. അതേസമയം അതിനേക്കാള്‍ പ്രധാനമാണ് തുടക്കത്തില്‍ പറഞ്ഞപോലെ മീഡിയാ വണ്‍ എന്ന ചാനല്‍ ആരുടെ ഉടമസ്ഥതയിലാണ് എന്ന പ്രശ്‌നവും.

ഇന്ത്യന്‍ ഫാസിസത്തിന്റെ സമകാലിക വളര്‍ച്ചയുടെ ചരിത്രം പരിശോധിക്കുന്നതും ഈയവസരത്തില്‍ ഗുണകരമായിരിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പെ ജനാധിപത്യത്തെ അട്ടിമറിക്കാനും സവര്‍ണ്ണ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നല്ലോ. കോണ്‍ഗ്രസ്സിനെ തന്നെ ആ രീതിയില്‍ മാറ്റിതീര്‍ക്കാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഗാന്ധിയും നെഹ്രുവും അംബേദ്കറുമൊക്കെ ഉണ്ടായിരുന്നതിനാല്‍ അതു നടന്നില്ല. തുടര്‍ന്നാണ് പ്രസ്തുതലക്ഷ്യത്തോടെ ആര്‍ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടന രൂപം കൊണ്ടത്. സ്വാതന്ത്ര്യം ലഭിച്ചധികം കഴിയുന്നതിനുമുമ്പെനടന്ന ഗാന്ധിവധം സംഘപരിവാറിന്റെ ലക്ഷ്യപ്രഖ്യാപനം തന്നെയായിരുന്നു. ആരംഭത്തിലത് തിരിച്ചടിയായെങ്കിലും പടിപടിയായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ മുന്നോട്ടുപോയികൊണഅടിരുന്നു. അടിയന്തരാവസ്ഥാകാലത്തു ലഭിച്ച മികച്ച അവസരത്തെ അവരുപയോഗപ്പെടുത്തി. രാജ്യത്തു പല ഭാഗത്തും സൃഷ്ടിച്ച വര്‍ഗ്ഗീയകലാപങ്ങളും ബാബറി മസ്ജിദ് തകര്‍ക്കലുമൊക്കെയായി സൃഷ്ടിച്ച അന്തരിക്ഷത്തിലൂടെ അവര്‍ അധികാരത്തിലെത്തുകയും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ഈ വളര്‍ച്ചയില്‍ ശ്രദ്ധേയമായ ഒന്ന് അവര്‍ അധികാരത്തിലെത്തിയത് ജനാധിപത്യത്തിന്റെ അഭിമാനമായ തെരഞ്ഞെടുപ്പിലൂടെയാണ്, തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചല്ല എന്നതാണ്. ജനം വോട്ടുചെയ്ത് തന്നെയാണവര്‍ വിജയിച്ചത്. ജനാധിപത്യമൂല്യങ്ങളെ മറികടക്കുന്ന രീതിയില്‍ രാജ്യത്തെ സാധാരണക്കാരില്‍ വര്‍ഗ്ഗീയവിഷം കുത്തിവെക്കാനായി എന്നതുതന്നെയാണ് അതിനു കാരണം. അതിനു ഏറ്റവും ഫലപ്രദമായി ഉപോഗിച്ചത് മുസ്ലിം വിരുദ്ധതയാണ്. ബീഫും കാശ്മീരും പൗരത്വവുമൊക്കെ അതിനായി ഉപയോഗിക്കാനവര്‍ക്കായി. ഇപ്പോഴും തുടരുന്നത് അതേനയമാണ്. ഫാസിസത്തിന്റെ വളര്‍ച്ചക്ക് ചൂണ്ടികാട്ടാനായി ഒരു ശത്രു അനിവാര്യമാണല്ലോ. ഇന്ത്യന്‍ ഫ്‌സിസ്റ്റുകള്‍ക്ക് അതു മുസ്ലിമാണ്. അതിനാല്‍ തന്നെ മുസ്ലിം വിഭാഗങ്ങളെ തകര്‍ക്കല്‍ അവരുടെ മാര്‍ഗ്ഗമാണ്. ഗുജറാത്തിലും മറ്റും രക്തരൂക്ഷിതമായാണ് അത് ചെയ്തത്. പലപ്പോഴും രക്തമൊഴുക്കാതേയും അതവര്‍ ചെയ്യുന്നു. അതിന്റെ ഭാഗമാണ് മുസ്ലിം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കെതിരായ നീക്കം. അതിനാലാണ് ഇത് കേവലം മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാത്രം വിഷയമല്ലാതാകുന്നതും ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഭരണഘടനയുടേയും നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാകുന്നതും. അതിനാല്‍ തന്നെ അതു കൂടി ഉന്നയിക്കാത്തിടത്തോളം കാലം ഇതിനെതിരായ പ്രതിഷേധങ്ങള്‍ ലക്ഷ്യം കാണില്ല എന്നുറപ്പ്. ഇപ്പോള്‍ മീഡിയാ വണിമൊപ്പം നില്‍ക്കുക എന്നത് ഫാസിസത്തിനെതിരെ നില്‍ക്കുക എന്നതു തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply