അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണം

ബഹു കേരള മുഖ്യമന്ത്രിക്ക് സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിക്കുന്ന നിവേദനം

കൊറോണ ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഭക്ഷണം കഴിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്ലാതെ മുറികളില്‍ അകപ്പെട്ടുപോയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രസ്തുത തീരുമാനം ഇനിയും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതു കാരണം സംസ്ഥാനത്തുടനീളം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ആവശ്യമായ ഭക്ഷണം ദിവസവും അവിടേക്ക് എത്തിക്കുക എന്നതു മാത്രമാണ് ഇതിന് ഒരു പരിഹാരം. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിനുമുള്ള ചുമതല വാര്‍ഡ് മെമ്പര്‍മാര്‍ക്കും പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ക്കും നല്‍കണം. കുടുംബശ്രീ പ്രവര്‍ത്തകരടേയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ തൊഴിലാളികളുടേയും അതിഥി തൊഴിലാളികളുടെ തന്നെയും സേവനം ഭക്ഷണം തയ്യാറാക്കുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. അതാത്് ജില്ലാ കളക്ടറും ലേബര്‍ ഓഫീസറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടുന്ന ഒരു സമിതി ഇതിന് മേല്‍നോട്ടം വഹിക്കണം. ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ മാത്രമേ ലോക്ക് ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ കഴിയൂ.

തൊഴിലാളികള്‍ക്ക് വീട് വാടകക്ക് നല്‍കിയിരിക്കുന്ന കെട്ടിട ഉടമകള്‍ തൊഴിലാളികള്‍ക്ക് ഭണം നല്‍കണമെന്ന ഉത്തരവ് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ചില സ്ഥലങ്ങളില്‍ കെട്ടിട ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഒരിക്കലും പ്രായോഗികമല്ലെന്ന് മാത്രമല്ല, കെട്ടിട ഉടമകളുടെ ദയാദാക്ഷിണ്യത്തിനായി തൊഴിലാളികളെ വിട്ടുകൊടുക്കുന്നത് നിരര്‍ത്ഥകമാണ്.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളുടെ ശോചനീയാവസ്ഥകള്‍ പരിഹരിക്കുന്നതിനുള്ള നടപടിയും അടിയന്തിരമായി ഉണ്ടാകേണ്ടതുണ്ട്. കാറ്റും വെളിച്ചവും കടക്കാത്ത മുറികളില്‍ തിങ്ങി നിറഞ്ഞാണ് തൊഴിലാളികള്‍ മിക്കവരും താമസിക്കുന്നത്. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണില്‍ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ താമസിക്കേണ്ടി വരുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെയെല്ലാം താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിയും സര്‍ക്കാര്‍ കൈകൊള്ളണം. തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ശുദ്ധജലവിതരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും വേണം. കേരളത്തിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ ഇല്ലെന്നാണ് ഇപ്പോള്‍ അനുഭവത്തില്‍ മനസ്സിലാകുന്നത്. തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുന്നതിനും അവര്‍ക്ക് ശരിയായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കേണ്ടിവരും എന്നതു സംബന്ധിച്ച ഒരു കണക്കെടുപ്പ് എത്രയും വേഗം നടത്തുകയും അത് സുതാര്യമാക്കുകയും വേണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതും മലയാളികളുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതുമായ പലവിധ മേഖലകളില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുന്ന ഈ അതിഥി തൊഴിലാളികളെ സംരക്ഷിക്കേണ്ടത് അടിസ്ഥാന നീതിയുടെ പ്രശ്‌നമായി പരിഗണിച്ച് എത്രയും വേഗത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply