നവ നാസ്തികര്‍ സംഘപരിവാറുമായി കൈകോര്‍ക്കുമ്പോള്‍

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തിരുവനന്തപുരത്തും കൊല്ലത്തും രണ്ടു മഹാസമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. പ്രത്യക്ഷത്തില്‍ തികച്ചും വിരുദ്ധമായ രണ്ട് ആശയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു ഈ സമ്മേളനങ്ങള്‍. എന്നാല്‍ സൂക്ഷ്മപരിശോധനയില്‍ സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ അവ രണ്ടും തമ്മില്‍ ഒരു അന്തര്‍ധാര കാണാനാകും.

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോങ്ങളുമായി ബന്ധപ്പെട്ട സമ്മേളനമായിരുന്നു കൊല്ലത്ത് നടന്നത്. തിരുവനന്തപുരത്ത് നവനാസ്തികര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതിയ കാലത്തെ യുക്തിവാദികളുടെ സമ്മേളനവും. ഒന്ന് ആത്മീയതയില്‍ അധിഷ്ഠിതമാണെങ്കില്‍ രണ്ടാമത്തേത് ഭൗതികതയില്‍ അധിഷ്ഠിതമാണ്. ഒന്നില്‍ ദൈവമല്ല, ആള്‍ദൈവം തന്നെയാണ് പ്രത്യക്ഷപ്പെട്ടതെങ്കില്‍ രണ്ടാമത്തെത് നല്‍കുന്ന സന്ദേശം ദൈവമോ ആത്മീയതയോ മതമോ ഇല്ല എന്നാണ്. അതേസമയം സി രവിചന്ദ്രന്‍ എന്ന അവരുടെ നേതാവ് യുക്തിവാദികളുടെ ആള്‍ദൈവമായി മാറിയിരിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാണ്.

അമൃതാനന്ദമയിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായതിനാല്‍ ഈ കുറിപ്പില്‍ അതിലേക്ക് കാര്യമായി കടക്കാനുദ്ദേശിക്കുന്നില്ല. അതേസമയം അന്തര്‍ധാര എങ്ങനെയാണ് സജീവമാകുന്നത് എന്നു വിശദീകരിക്കാനാണ് ശ്രമിക്കുന്നത്. മുമ്പൊക്കെ യുക്തിവാദികള്‍ എന്നു വിശേഷിക്കപ്പെട്ടവരുടെ പിന്‍ഗാമികളാണ് നവനാസ്തികര്‍ എന്നാണല്ലോ പൊതു ധാരണ. എന്നാല്‍ അങ്ങനെ പറയുന്നതില്‍ വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ദൈവമുണ്ടോ മതമുണ്ടോ എന്ന വിഷയമായിരുന്നു അവരുടെയും പ്രധാന അജണ്ട എങ്കിലും അതിലൊതുങ്ങുന്നതായിരുന്നില്ല അവരുടെ സാമൂഹ്യജീവിതം. കുറ്റിപ്പുഴയും ഇടമറുകും പവനനും എ വി ജോസുമൊക്കെ ദൈവമില്ലെന്നു സമര്‍ത്ഥിക്കാനും അനാവശ്യമായി കമ്യൂണിസവും യുക്തിവാദവുമായുള്ള ബന്ധങ്ങള്‍ വിശദീകരിക്കാനും കുറെയേറെ സമയം ചിലവഴിച്ചിരുന്നതെങ്കിലും മറ്റു സാമൂഹ്യപ്രശ്നങ്ങളോട് പൂര്‍ണ്ണമായും മുഖം തിരിച്ചിരുന്നവരായിരുന്നില്ല. അവരുടെ പിന്‍ഗാമികളായ കലാനാഥനും വാകത്താനവും മറ്റും അങ്ങനെതന്നെ. എന്നാല്‍ രവിചന്ദ്രന്‍ പ്രതിനിധാനം ചെയ്യുന്ന ഇവരിലെ പുതിയ മുഖം സുന്ദരമല്ല, വികൃതമാണെന്നു തന്നെ പറയേണ്ടിവരും.. ശാസ്ത്ര – യുക്തിവാദ മൗലിക വാദത്തിലൂടെ ഏതൊരു വിഷയത്തേയും യാന്ത്രികമായി വിശകലനം ചെയ്യുന്ന അവര്‍ അവസാനമെത്തുന്ന പാളയം രാജ്യത്തിന് ഇന്നു ഏറ്റവും വലിയ ഭീഷണിയായ ഹിന്ദുത്വത്തിലാണെന്നതാണ് കൗതുകകരം. അമൃതാനന്ദമയിയും ്അങ്ങനെതന്നെയാണല്ലോ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഓണ്‍ലൈനില്‍ അവരുടെ സമ്മേളനത്തില്‍ സംസാരിച്ചല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മനുഷ്യന്‍ കേവലം ഭൗതികജീവിയാണെന്ന നിലപാടില്‍ നിന്നുതന്നെയാണ് നവനാസ്തികരുടെ തെറ്റുകളുടെ തുടക്കം. ആത്മീയജീവി മാത്രമാണെന്നു പറയുന്നതിന്റെ മറുവശം തന്നെയാണത്. ലാബില്‍ തെളിയിക്കപ്പെടാത്ത ഒന്നും നവനാസ്തികര്‍ക്ക് സത്യമല്ല. ബഹുസ്വരതയോ വൈവിധ്യങ്ങളോ ഇല്ലെന്നും മനുഷ്യരെല്ലാം ഒരുപോലെയാണെന്നുമാണ് ആത്യന്തികമായി ഇവര്‍ പറയുന്നത്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് തുല്ല്യതയില്ലാത്ത ഒരു സമൂഹത്തില്‍ സാമൂഹ്യനീതിക്കായി ഭരണഘടനാശില്‍പ്പികള്‍ ആവി്ഷ്‌കരിച്ച സംവരണത്തെ ഇവരെതിര്‍ക്കുന്നത്. ജാതി എന്ന ജനാധിപത്യ വിരുദ്ധ പ്രതിഭാസത്തെ കുറിച്ച് സവര്‍ണ്ണജാതി വിഭാഗങ്ങളാല്‍ നയിക്കപ്പെടുന്ന ഇവര്‍ക്ക് മനസിലാകുന്നില്ല. സംവരണം ഇന്ത്യന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നു അതിന്റെ ഐക്യത്തെ ,കെട്ടുറപ്പിനെ ,അഖണ്ഡതയെ ഇല്ലാതാക്കുന്നു അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുന്നു എന്നാണ് രവിചന്ദ്രന്റെ പക്ഷം. ഇന്ത്യന്‍ സമൂഹം ജാതിയില്‍ വിഭജിക്കപ്പെട്ട ഒന്നാണെന്നും അതില്ലാതാക്കാനാണ് പോരാടേണ്ടതെന്നും അദ്ദേഹം മനസ്സിലാക്കുന്നില്ല. ജാതീയമായ അപകര്‍ഷത എന്നത് സാമൂഹ്യമായതോ സാമ്പത്തികമായതോ അല്ലെങ്കില്‍ രാഷ്ട്രീയമായതോ ആയ വര്‍ത്തമാനകാല അവസ്ഥകളില്‍ നിന്നും ഉരുത്തിരിയുന്ന ഒന്നല്ലെന്നും അത് കേവലം ദലിത് ജനതകളുടെ ഒരു മാനസീകമായ വൈകല്യം മാത്രമാണെന്നും അദ്ദേഹം പറയുന്നു. ആര്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ ”ജാതിയും അയിത്തവും ഉള്ളത് നിന്റെ മനസിലാണ്.നീയാണ് തേച്ചു കുളിക്കേണ്ടത് അല്ലാതെ നമ്പൂതിരിയായ ഞാനല്ല ‘ എന്ന് തന്നെ.

ജാതിയുടെ പേരില്‍ സവര്‍ണ്ണര്‍ ഇപ്പോഴും കൈവശം വെച്ചനുഭവിക്കുന്ന അധികാരവും സമ്പത്തും അതേപടി തുടരണമെന്നും ദളിതര്‍ ജാതി പറഞ്ഞ് ്തില്ലാതാക്കരുതെന്നുമാണ് ഇവര്‍ ഫലത്തില്‍ പറയുന്നത്. അതായത് മനുസ്മൃതിമൂല്യങ്ങള്‍ തന്നെയാണ് ശരിയെന്ന് അവര്‍ വിശ്വസിക്കുന്നു. മുജ്ജന്മപാപം കൊണ്ടാണ് ഹീനജാതിയില്‍ പിറക്കുുന്നതെന്ന വാദവുമായി ഇതിനു വലിയ വ്യത്യാസമൊന്നുമില്ല. ഫലത്തില്‍ സംഘപരിവാര്‍ ശക്തികള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന സവര്‍ണ മൂല്യങ്ങളും ഭരണഘടനക്കു പകരം മനുസ്മൃതിയും തന്നെയാണ് നവനാസ്തികരും മുന്നോട്ടുവെക്കുന്നത്. ഒരു കൂട്ടര്‍ നേരിട്ട് മനുസ്മൃതിയെയാണ് തങ്ങളുടെ നിലപാടുകളുടെ നാഴികകല്ലാക്കുന്നതെങ്കില്‍ ഇക്കൂട്ടര്‍ ശാസ്ത്രവും ലാബറട്ടറിയുമൊക്കെയാണ് എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരം വിഷയങ്ങളെ വിശകലനം ചെയ്യേണ്ടത് സാമൂഹ്യശാസ്ത്രത്തിലൂടെയാണെന്നും ആധുനിക ജനാധിപത്യ മൂല്യങ്ങളാണ് അതിന്റെ ഉരക്കല്ലാകേണ്ടതുമെന്നും ഇവര്‍ക്കറിയില്ല. ഇവരുടെ ശാസ്ത്രം എന്ന അജണ്ടയില്‍ സാമൂഹ്യശാസ്ത്രമില്ല. അതിനാലാണ് ഈ നിലപാടുകള്‍ അവസാനം സംഘപരിവാര്‍ നിലപാടുകളുമായി താദാത്മ്യം പ്രാപിക്കുന്നത്.

മതത്തിന്റെ കാര്യവും അങ്ങനെ തന്നെ. ഇന്ത്യ ഒരു മതരാഷ്ട്രമല്ലാത്തപോലെ തന്നെ മതവിരുദ്ധ രാഷ്ട്രവുമല്ല എന്നവര്‍ മനസ്സിലാക്കുന്നില്ല. മതേതരരാജ്യമെന്ന നിലയില്‍ എല്ലാ മതങ്ങളില്‍ പെട്ടവര്‍ക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച്, ജീവിക്കാനുള്ള അവകാശത്തെ അവരംഗീകരിക്കുന്നില്ല. ബാബറി മസ്ജിദ് വെറും കെട്ടിടമാകുന്നതും തട്ടം പ്രാകൃതമാകുന്നതും ഏകസിവില്‍കോഡ് നടപ്പാക്കണമെന്നും കാശ്മീരിനു പ്രത്യേക പദവി പാടില്ലെന്നും വാദിക്കുന്നതെല്ലാം അങ്ങനെയാണ്. ഇസ്ലാമോഫോബിയയുടെ കാര്യത്തില്‍ സംഘപരിവാറിനു മുന്നിലാണ് നവനാസ്തികര്‍. നൂറ്റാണ്ടുകളായി കേരളത്തിന്റെയും ഇന്ത്യയുടേയും ബഹുസ്വരതയോട് ചേര്‍ന്ന് ജീവിക്കുന്ന മുസ്ലിം സമൂഹത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും റദ്ദ് ചെയ്ത് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രചാരണം ജൂതന്മാരെ ചൂണ്ടിക്കാട്ടി ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടത്തിയ പ്രചാരണങ്ങള്‍ക്ക് സമാനമാണ്. അഥവാ സംഘപരിവാര്‍ ഇന്ത്യയില്‍ നടത്തുന്ന പ്രചാരണത്തിനും. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ നടക്കുന്ന അനീതികളെ ചൂണ്ടിക്കാട്ടി അതാണ് ഇസ്ലാം എന്ന സിദ്ധാന്തം മുന്നോട്ട് വെക്കുകയും അതിന് ഇവിടത്തെ മുസ്ലിംകള്‍ മറുപടി പറയണമെന്ന യുക്തിയാണ് ഇവര്‍ മുന്നോട്ടു വെക്കുന്നത്. ഒപ്പം മുസ്ലിം മതവിശ്വാസങ്ങളേയും ആചാരങ്ങളേയും ഏകപക്ഷീയമായി അക്രമിക്കുന്നു. അവിടേയും സംഘപരിവാറിനോടു തന്നെയാണ് ഇവര്‍ മത്സരിക്കുന്നത്. ആഗോളതലത്തിലാകട്ടെ ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശത്തേയും അമേരിക്കയുടെ ഇറാഖ് അധിനിവേശത്തേയുമൊക്കെ ഇക്കൂട്ടര്‍ പിന്തുണച്ചിരുന്നു. ആഗോളതലത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇസ്ലാമോഫോബിയയുടെ ചരിത്രവും രാഷ്ട്രീയവുമെല്ലാം മറച്ചുവെക്കുകയും ചെയ്യുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ സമ്മേളനത്തില്‍ വന്‍ജനക്കൂട്ടം ഉണ്ടായിരുന്നു എന്നത് ശരിതന്നെ. കൊല്ലത്തും അങ്ങനെതന്നെ. തുടക്കത്തില്‍ പറഞ്ഞപോലെ ഇരുകൂട്ടരും പറയുന്നത് തികച്ചും വിപരീതമായ കാര്യങ്ങളാണെന്നു തോന്നാമെങ്കിലും സൂക്ഷ്മമായ വിശകലനത്തില്‍ രണ്ടും പരസ്പരപൂരിതമല്ലാതെ മറ്റെന്താണ്? ഇരുകൂട്ടരും ആധുനിക ജനാധിപത്യ, മതേതരസങ്കല്‍പ്പത്തില്‍ നിന്നു പുറകോട്ടുള്ള യാത്രയിലാണ്. സമകാലിക അവസ്ഥയില്‍ അത് സംഘപരിവാര്‍ നിലപാടുകളുമായി കൈകോര്‍ക്കുന്നതുമാണ്.

തിരുവനന്തപുരം സമ്മേളനത്തിലുണ്ടായ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയത്തേയും പരാമര്‍ശിക്കാതെ വയ്യ. സിപിഎം നേതാവ് അനില്‍ കുമാറിന്റെ വാക്കുകളാണത്. യുക്തിവാദികളായ ജനക്കൂട്ടത്തെ കണ്ട ആവേശത്തിലായിരിക്കാം അവര്‍ മുന്നോട്ടുവെക്കുന്ന മതേതരവിരുദ്ധവും ജനാധിപത്യവിരുദ്ധവും ഇസ്ലാമോഫോബിക് ആയതുമായ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചത്. ഒന്നാമതായി തട്ടം എന്നത് പ്രാകൃതാവസ്ഥയുടെ പ്രതീകമല്ല. തട്ടമിടാനും ഇടാതിരിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്തു ധരിക്കണം, ഭക്ഷിക്കണമെന്നാലും തങ്ങള്‍ തീരുമാനിക്കുമെന്നു സംഘപരിവാര്‍ പ്രഖ്യാപിക്കുന്ന കാലത്തുതന്നെയാണ് അനില്‍ കുമാറിന്റേയും പ്രസംഗം വരുന്നത്. കേരളത്തിലുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം തങ്ങളുടെ സംഭാവനയാണെന്നു കമ്യൂണിസ്റ്റുകാര്‍ നിരന്തരം പറയാറുണ്ട്. അവയില്‍ മിക്കവയും നടന്നത് പാര്‍ട്ടി രൂപീകരിക്കപ്പെടുന്നതിനു മുന്നായിരുന്നു എന്നതുപോലും അവരോര്‍ക്കാറില്ല. അതിന്റെ തുടര്‍ച്ചയായാണ് പെണ്‍കുട്ടികള്‍ തട്ടമിടാന്‍ തയ്യാറാകാത്തത് തങ്ങളുടെ പ്രവര്‍ത്തനം മൂലമാണെന്ന അനില്‍ കുമാര്‍ പറയുന്നത്. എന്നാല്‍ അയിത്തം പോലെ ഒന്നാണോ തട്ടം? അതു ധരിക്കാതിരിക്കുന്നത് എങ്ങനെയാണ് നവോത്ഥാനമാകുന്നത്? മതചിഹ്നമായതിനാലാണ് എതിര്‍ക്കുന്നതെങ്കില്‍ പേരിനു പുറകില്‍ നമ്പൂതിരിപ്പാട് എന്ന വാലുവെച്ച ഇഎംഎസിന്റെയും മരണം വരെ സിക്കുകാരനായി ജീവിച്ച ഹര്‍കിഷന്‍സിങ്ങിന്റേയും പ്രവര്‍ത്തികളേയും ഇന്നും ജാതിവാലുമായി ജീവിക്കുന്ന നേതാക്കളേയും പൊട്ടും സിന്ദൂരവുമൊക്കെ തൊടുന്ന ഹിന്ദുസ്ത്രീകളേയും വിമര്‍ശിക്കാന്‍ അനില്‍ കുമാര്‍ തയ്യാറാകുമോ? സംഘപരിവാര്‍ പറയുന്നപോലെ ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് നീക്കം ചെയ്യാനാവശ്യപ്പെടുമോ? 2011 ല്‍ സമാധാന നോബല്‍ സമ്മാനം നേടിയത് തട്ടമിട്ട വനിതയായ തവക്കുല്‍ കര്‍മാനായിരുന്നു എന്ന് തട്ടത്തെ പ്രാകൃതമായി കാണുന്ന ഇവര്‍ക്കറിയുമോ? തട്ടത്തിനെതിരെ സംസാരിച്ച അനില്‍കുമാറും അതുകേട്ടു കയ്യടിച്ച യുക്തിവാദികളും തള്ളിക്കളയുന്നത് ഇന്ത്യയുടെ മതേതരസങ്കല്‍പ്പത്തെയാണ്. സംഘപരിവാറിനെപോലെ തന്നെ. ഇങ്ങനെയാണ് തികച്ചും വ്യത്യസ്ഥമെന്നു തോന്നുന്ന നിലപാടുകളും പ്രസ്ഥാനങ്ങളും ആത്യന്തികമായി ഒരേ വീക്ഷണത്തിന്റെ വക്താക്കളാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply