മധ്യപ്രദേശ് : തകരുന്നത് ജനാധിപത്യം തന്നെ

തീര്‍ച്ചയായും കാര്യങ്ങള്‍ ഇത്തരത്തിലെത്തിച്ചതില്‍ നേതൃത്വത്തിന്റെ കഴിവുകേട് വ്യക്തമാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചത് ജ്യോതിരാദിത്യയായിരുന്നു. എന്നാലദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനമോ പി.സി.സി. അധ്യക്ഷപദമോ മനല്‍കാതെ രണ്ടും കമല്‍നാഥിന് നല്‍കുകയാണ് ഉണ്ടായത്. യുവനേതൃത്വത്തിന് പ്രാധാന്യം നല്‍കുമെന്ന്്് രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു അത് സംഭവിച്ചത്.

സാധ്യമായ എല്ലാ മാര്‍ഗ്ഗവുമുപയോഗിച്ച് രാജ്യത്തെ ജനാധിപത്യസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുക തന്നെയാണ് ബിജെപിയും സംഘപരിവാറും കേന്ദ്രസര്‍ക്കാരും. അതിനെ ചെറുക്കുക എന്നതാണ് രാജ്യത്തെ ജനാധിപത്യ – മതേതരസംവിധാനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആരുടേയും ഉത്തരവാദിത്തം. എന്നാല്‍ തികച്ചും നിരാശാജനകമായ രീതിയിലാണ് സംഭവങ്ങള്‍ നീങ്ങുന്നത്. ഭരണകൂടത്തിന്റെ എല്ലാ ഒത്താശയോടേയും തലസ്ഥാനനഗരിയില്‍ നടത്തിയ വംശീയവേട്ടക്കുശേഷം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുത്ത മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ നീക്കം. അതിന്റെ ആദ്യഘട്ടവിജയമാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയും ബിജെപി പ്രവേശനനീക്കവും. പതിവുപോലെ റീസോര്‍ട്ട് രാഷ്ട്രീയവും എംഎല്‍എമാരുടെ വിലപേശലും സജീവമായിരിക്കുകയാണ്.

ഇന്ത്യന്‍ ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്നവര്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച കാണാന്‍ ആഗ്രഹിക്കില്ല. നാട് ഇന്നെത്തി ചേര്‍ന്നിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാന്‍ കോണ്‍ഗ്രസ്സിനാവില്ല എന്നതില്‍ സംശയമില്ല. ഒരു തവണയെങ്കിലും അടിയന്തരാവസ്ഥ പ്രഖ്യപിച്ച് തങ്ങളുടെ ഫാസിസ്റ്റ് മുഖവും അത് പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ അക്കാലമൊക്കെ മാറി. കുടുംബാധിപത്യമടക്കമുള്ള കോണ്‍ഗ്രസ്സിന്റെ ജനാധിവിരുദ്ധ നടപടികളുമായോ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ നോക്കുകുത്തിയായിരുന്ന മൃദുഹിന്ദുത്വ നടടപടികളുമായോ താരതമ്യം ചെയ്യാവുന്ന ഒന്നല്ല സംഘപരിവാറിന്റെ വംശീയഫാസിസം. രാജ്യത്ത് എല്ലായിടത്തും ചെറിയ രീതിയിലെങ്കിലും വേരുകളുള്ള ഏക പ്രതിപക്ഷവും കോണ്‍ഗ്രസ്സാണ്. അതിനാല്‍തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. എന്നാലാ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. അതിലവസാനത്തെയാണ് ഏതാനും മാസം മുമ്പുവരെ രാഹുല്‍ ഗാന്ധിയുടെ വലംകൈയെന്നും ഭാവി കോണ്‍ഗ്രസ്സ് അധ്യക്ഷനെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതും മന്ത്രിമാരടക്കം അദ്ദേഹത്തിന്റെ വിശ്വസ്തരായ 22 നിയമസഭാംഗങ്ങള്‍ രാജിക്കത്ത് നല്‍കിയതും. ബി.ജെ.പിയുടെ ഭാഗമാകുന്ന ജ്യോതിരാദിത്യ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. ഏതു അപ്പക്കഷ്ണം എറിഞ്ഞുകൊടുത്തും ജനാധിപത്യത്തേയും പ്രതിപക്ഷത്തേയും തകര്‍ക്കുന്നത് ശീലമാക്കിയ ബിജെപി അതു ചെയ്തു കൊടുക്കുമെന്നുറപ്പ്.

തീര്‍ച്ചയായും കാര്യങ്ങള്‍ ഇത്തരത്തിലെത്തിച്ചതില്‍ നേതൃത്വത്തിന്റെ കഴിവുകേട് വ്യക്തമാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചതില്‍ മുഖ്യപങ്കു വഹിച്ചത് ജ്യോതിരാദിത്യയായിരുന്നു. എന്നാലദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനമോ പി.സി.സി. അധ്യക്ഷപദമോ മനല്‍കാതെ രണ്ടും കമല്‍നാഥിന് നല്‍കുകയാണ് ഉണ്ടായത്. യുവനേതൃത്വത്തിന് പ്രാധാന്യം നല്‍കുമെന്ന്്് രാഹുല്‍ ഗാന്ധി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു അത് സംഭവിച്ചത്. അന്നാരംഭിച്ച് പ്രശ്‌നങ്ങളാണ് ഇന്ന് ഇവിടെയെത്തിയത്. ഇത്രയും കാലം അതു പരിഹരിക്കാനുള്ള ഒരു ശ്രമവുമുണ്ടായില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷപദം വിട്ടതിനുശേഷം തിരിച്ചുവന്ന സോണിയാഗാന്ധിക്ക് യുവത്വത്തെ നേതൃത്വത്തില്‍ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം ഇപ്പോഴും ബോധ്യമായിട്ടില്ല എന്നുതന്നെവേണം കരുതാന്‍. അവസാനം പ്രശ്‌നപരിഹാരത്തിന് ഏല്‍പ്പിച്ച് ദിഗ് വിജയ് സിംഗ് എന്തോ കളി കളിച്ചതായാണ് സംശയിക്കുന്നത്.

’18 വര്‍ഷമായി കോണ്‍ഗ്രസ് അംഗമായിരുന്നു. മുന്നോട്ടുപോകാന്‍ സമയമായി. ഒരു വര്‍ഷത്തോളമായി അതിന് അരങ്ങൊരുങ്ങുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഇനി ജനസേവനം സാധ്യമല്ല. പ്രാഥമികാംഗത്വം രാജിവയ്ക്കുന്നു. ഇനി പുതിയൊരു തുടക്കത്തിലേക്ക്…’- ഇങ്ങനെയാണ് സിന്ധ്യയുടെ രാജിക്കത്ത്. തീര്‍ച്ചയായും തനിക്ക് അധികാരമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോഴത്തെ ജനാധിപത്യസംവിധാനത്തില്‍ അത് സ്വാഭാവികമായതിനാല്‍ നീതിപൂര്‍വ്വമായ നടപടി നേതൃത്വം സ്വീകരിക്കണമായിരുന്നു. പ്രതേകിച്ച് ജനാധിപത്യം തന്നെ ഭീഷണി നേരിടുമ്പോള്‍. എന്നാലതുണ്ടായില്ല. സോണിയയും ആന്റണിയും ഗുലാംനബി ആസാദും പോലിള്ള വൃദ്ധ നേതൃത്വങ്ങള്‍ക്കുപകരം രാഹുലും സിന്ധ്യയും സച്ചിന്‍ പൈലറ്റുമൊക്കെയാണ് കോണ്‍ഗ്രസ്സിനെ നയിക്കേണ്ടത്. എന്നാലതുണ്ടായില്ല. രാഹുലാകട്ടെ തന്നില്‍ പ്രതീക്ഷയര്‍പ്പിച്ചവരെയെല്ലാം കൈവിട്ട് ഒളിച്ചോടുകയും ചെയ്തു. അതിന്റെയെല്ലാം തിക്തഫലമാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്നത്. രാഹുലിന്റെ യൂത്ത് ബ്രിഗേഡിലെ ഏറ്റവും വിശ്വസ്തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ. ഇതുകോണ്‍ഗ്രസ്സിന്റെ കേവലം ആഭ്യന്തരപ്രശ്‌നമാണെങ്കില്‍ അവഗണിക്കാമായിരുന്നു. എന്നാല്‍ ഇന്നത് മുഴുവന്‍ ജനാധിപത്യ – മതേതരവിശ്വാസികളുടേയും പ്രശ്‌നമാണ്.

തീര്‍ച്ചയായും ജനാധിപത്യത്തിന്റേതല്ല, രാജഭരണത്തിന്റെ പാരമ്പര്യമാണ് സിന്ധ്യയുടേത്. ഗ്വാളിയോറിലെ രാജകുടുംബാംഗമായ രാജമാതാ വിജയരാജെ സിന്ധ്യ ഒരു കാലത്ത് മധ്യപ്രദേശ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നല്ലോ. അവര്‍ ബി.ജെ.പിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളുമാണ്. രാജമാതയുടെ മകന്‍ മാധവറാവു സിന്ധ്യയുടെ മകനാണു ജ്യോതിരാദിത്യ സിന്ധ്യ. മറ്റെല്ലാവരും ബിജെപിക്കാരായിരുന്നപ്പോള്‍ സിന്ധ്യമാത്രമായിരുന്നു വ്യത്യസ്ഥനായിരുന്നത്. അതെങ്കിലും കോണ്‍ഗ്രസ്സ് പരിഗണിക്കേണ്ടതായിരുന്നു. ഇപ്പോഴിതാ എത്തേണ്ടത് എത്തേണ്ടിടത്തെത്തി എന്നു പറയാം. മറുവശത്ത് വന്‍സമ്പന്നമാണ് ഈ കുടുംബം. ഗ്വാളിയറില്‍ മാത്രം ഇവരുടെ കുടുംബത്തിന്റെ ആസ്തി 10,000 കോടി രൂപയിലേറെ വരും. ഡല്‍ഹിയിലെ ഗ്വാളിയര്‍ ഹൗസിന് 7,000 കോടി രൂപയാണു മൂല്യം. മുംബൈയിലെ വസുന്ധരാ ബില്‍ഡിങ്ങിന് 1,200 കോടി രൂപയും.

ബിജെപിയുടെ നീക്കങ്ങള്‍ മധ്യപ്രദേശ് പിടിച്ചെടുത്താല്‍ കൂടുതല്‍ ശക്തമാകാാണ് സാധ്യത. അവരുടെ അടുത്തലക്ഷ്യം സച്ചിന്‍ പൈലറ്റാകാകും. സിന്ധ്യയോളമില്ലെങ്കിലും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ പൈലറ്റും അസന്തുഷ്ടനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കളി തന്നെ രാജസ്ഥാനില്‍ കളിക്കാന്‍ ജനാധിപത്യത്തിന് ഒരുവിലയും കല്‍പ്പിക്കാത്ത ബിജെപിക്ക് ഒരു മടിയുമുണ്ടാകില്ല. ഇടക്കാലത്ത് തങ്ങള്‍ക്കുണ്ടായ തിരിച്ചടികളെ എങ്ങനേയും മറികടക്കാനാണ് അവരുടെ ശ്രമം. ഇതു തിരിച്ചറിയാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനുണ്ട്. കാരണം ആരംഭത്തില്‍ പറഞ്ഞപോലെ ഇതവരുടെ മാത്രം പ്രശ്‌നമല്ല. മുഴുവന്‍ രാജ്യത്തിന്റേയും പ്രശ്‌നമാണ്. സ്വയം കരുത്തരായി, രാജ്യത്തെ പ്രാദേശിക പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ച് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ രാസത്വരകമാകേണ്ടത് കോണ്‍ഗ്രസ്സാണ്. അതിനവര്‍ക്ക് കഴിയുമോ എന്നതിന്റെ ഉത്തരത്തിലായിരിക്കും ഈ രാഷ്ട്രത്തിന്റെ ഭാവി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply