എം മുകുന്ദനും എഴുത്തുകാരുടെ രാഷ്ട്രീയവും

മുകുന്ദനെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ വിമര്‍ശിക്കന്‍ വേണ്ടിയല്ല ഈ കുറിപ്പ്. മറിച്ച് കെ രെയില്‍ സമരകാലത്തും വിഴിഞ്ഞം സമരകാലത്തും അതുപോലെ പലപ്പോഴും സജീവമായ ഒരു വിഷയം നവകേരള സദസുമായി ബന്ധപ്പെട്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ്. ഇതെഴുതുന്നത്. മുകുന്ദന്റെ പ്രസ്താവന ഈ സമയത്തുതന്നെ വന്നത് അതിനൊരു പ്രചോദനമായി എന്നുമാത്രം. വിഷയം മറ്റൊന്നല്ല, എഴുത്തുകാരുടെ രാഷ്ട്രീയം എന്നതുതന്നെ.

കേരളത്തിലെ പ്രമുഖ എഴുത്തുകാരില്‍ ഇടക്കിടെ ശ്രദ്ധേയവും വിവാദപരവുമായ പ്രസ്താവനകളുമായി രംഗത്തുവരുന്ന ഒരാളാണ് എം മുകുന്ദന്‍. അടുത്തയിടെ മാതൃഭൂമി വരാന്തപതിപ്പില്‍ എഴുതികൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ലോകപ്രശസ്ത നോവലിസ്റ്് ജോര്‍ജ്ജ് ഓര്‍വലുമായി നടത്തുന്ന ഒരു സാങ്കല്‍പ്പിക സംഭാഷണം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ….. ജോര്‍ജ് ഓര്‍വെല്‍ മുകുന്ദനോട് പറഞ്ഞു. ”നീ പാരീസില്‍ വന്നിട്ട് എന്നെ മാത്രം കണ്ടില്ല. ആ കിഴവന്‍ വിക്ടര്‍ ഹ്യൂഗോവിനെവരെ പോയിക്കണ്ടു. ഹെമിങ് വേയെയും ജെയിംസ് ജോയ്സിനെയും നീ കണ്ടു. ഞാന്‍ മാത്രം നിനക്കു വേണ്ടാത്തവനായി. നീ എന്നെ ബോധപൂര്‍വ്വം മറന്നതാണ്. നിന്റെ കമ്യൂണിസ്റ്റ് പ്രേമമാണ് അതിനു കാരണം. നീ മഹാനായ എഴുത്തുകാരനാണ്. പക്ഷേ, നിന്റെ അമിതമായ കമ്യൂണിസ്റ്റ് ഭ്രാന്ത് നിന്നെ എന്റെ അനിമല്‍ഫാമിലെ പന്നിയെപ്പോലെ ഒരാളാക്കി മാറ്റും”.

കഴിഞ്ഞില്ല, പിന്നീട് മുകുന്ദന്‍ ജോര്‍ജ് ഓര്‍വെല്‍ ജീവിച്ച സ്ഥലമെല്ലാം പോയി കണ്ടത്രെ. അതിനെ കുറിച്ച് അദ്ദേഹം എഴുതുന്നതിങ്ങനെ. ”ജോര്‍ജ് ഓര്‍വെല്‍, ഞാന്‍ പാരീസില്‍ വന്ന് നിങ്ങള്‍ ജീവിച്ച ഇടങ്ങളെല്ലാം കണ്ടു. നിശ്ശബ്ദം ഞാന്‍ നിങ്ങള്‍ക്ക് ആദരവുകള്‍ അര്‍പ്പിച്ചു. ഇനി നിങ്ങള്‍ക്ക് എന്നെക്കുറിച്ച് ഒരു പരാതിയുമില്ലല്ലോ?” ”ഉണ്ട്. നീ എത്രയും വേഗം പിണറായി വിജയന്റെ സ്വാധീനത്തില്‍നിന്ന് രക്ഷപ്പെടണം” ഓര്‍വെല്‍ പറഞ്ഞു. ഈ കുറിപ്പിന്റെ പുറകെ, ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് മുകുന്ദന്‍ മറ്റൊന്നു കൂടി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും വേര്‍തിരിക്കാനാവുന്നില്ല, രണ്ടും ഫലത്തില്‍ ഒന്നു തന്നെ എന്നായിരുന്നു അത്. ഏതാനും വര്‍ഷം മുമ്പ് ഇതേ മുകുന്ദന്‍ പറഞ്ഞ, സാങ്കല്‍പ്പികമല്ലാത്ത മറ്റൊരു വാചകവുമായി ബന്ധപ്പെട്ടുവേണം ഇതിനെയെല്ലാം വിലയിരുത്താന്‍. അതിങ്ങനെയായിരുന്നു. ‘പിണറായി വിജയനിലാണ് ഇനി കേരളത്തിന്റെ ഏക പ്രതീക്ഷ’. ആ പ്രസ്താവനക്കുശേഷം അധികം വൈകാതെ അദ്ദേഹം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്ാകുന്നത് കേരളം കാണുകയും ചെയ്തു.

മുകുന്ദന്റെ തന്നെ മറ്റൊരു നിരീക്ഷണവും ഓര്‍ക്കുന്നത് നന്നായിരിക്കും. അത് അടിയന്തരാവസ്ഥയേയും തന്റെ പ്രശസ്തനോവല്‍ ഡെല്‍ഹിയേയും കുറിച്ചായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു എങ്കിലും താനതിനെതിരെ പ്രതിഷേധിച്ചില്ല എന്നദ്ദേഹം സമ്മതിക്കുന്നു. എഴുുത്തുകാര്‍ അത്തരത്തില്‍ പ്രതികരിക്കേണ്ടതില്ല എന്നും പ്രതികരിച്ചെങ്കില്‍ ഒരുപക്ഷെ താന്‍ ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. അതിനാലാണ് തനിക്ക് ഡെല്‍ഹി എന്ന അടിയന്തരാവസ്ഥയിലെ ഭീകരതകളെ കുറിച്ചുള്ള നോവല്‍ എഴുതാന്‍ കഴിഞ്ഞതെന്ന് പറഞ്ഞ് അദ്ദേഹം തന്റെ നിസംഗതയെ ന്യായീകരിക്കുന്നു. കഴിഞ്ഞില്ല, എഴുത്തുകാര്‍ പൊതുവെ ദുര്‍ബ്ബലരാണ്. ലോലഹൃദയരായതിനാലാണ് അവര്‍ എഴുത്തുകാരായത. അല്ലെങ്കില്‍ പട്ടാളക്കാരായേനേ എന്നു പറഞ്ഞ അദ്ദേഹം ഇല്ലാത്ത ധൈര്യമുണ്ടെന്നു നടിക്കുന്ന എഴുത്തുകാരുമുണ്ടെന്നും കൂട്ടിചേര്‍്ത്തു. അതാരൊക്കെയാണാവോ?

മുകുന്ദനെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ വിമര്‍ശിക്കന്‍ വേണ്ടിയല്ല ഈ കുറിപ്പ്. മറിച്ച് കെ രെയില്‍ സമരകാലത്തും വിഴിഞ്ഞം സമരകാലത്തും അതുപോലെ പലപ്പോഴും സജീവമായ ഒരു വിഷയം നവകേരള സദസുമായി ബന്ധപ്പെട്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ്. ഇതെഴുതുന്നത്. മുകുന്ദന്റെ പ്രസ്താവന ഈ സമയത്തുതന്നെ വന്നത് അതിനൊരു പ്രചോദനമായി എന്നുമാത്രം. വിഷയം മറ്റൊന്നല്ല, എഴുത്തുകാരുടെ രാഷ്ട്രീയം എന്നതുതന്നെ. തുടക്കത്തില്‍ കേട്ടിരിന്നപോലെ നവകേരള സദസില്‍ മുഖ്യമന്ത്രിയടക്കം ഒരു മന്ത്രിയും ഒരാളേയും നേരിട്ട് കാണുകയുണ്ടായില്ലല്ലോ. കണ്ടത് ക്ഷണിക്കപ്പെട്ടവരെ മാത്രം. ഒരു തരത്തിലുള്ള വിയോജനവും പ്രകടിപ്പിക്കാത്തവരെയാണ് ക്ഷണിക്കുക, ക്ഷണിച്ചത് എന്ന് ആര്‍ക്കാണറിയാത്തത്? അത്തരത്തില്‍ ക്ഷണിക്കപ്പെട്ടവരില്‍ വലിയൊരു ഭാഗം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായിരുന്നു. അവരൊന്നും ഒരു തരത്തിലും സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതായി വാര്‍ത്തയില്ല. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നാണ് മുകുന്ദന്റെ ഈ പ്രസ്താവനകളുടെ വെളിച്ചത്തില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

ഏതാനും വര്‍ഷം മുമ്പ് ഒരു പ്രഭാഷണത്തില്‍ പ്രശസ്തചിന്തകനും എഴുത്തുകാരനുമായ, ഇപ്പോള്‍ ബീമാ കോറഗോവ് വിഷയത്തില്‍ യുഎപിഎ ചാര്‍ത്തപ്പെട്ട് ജയിലില്‍ കഴിയുന്ന, അംബേദ്കറുടെ ബന്ധുകൂടിയായ ആനന്ദ് ടെല്‍തുമ്പ്‌ദെ പറഞ്ഞ ചില വാചകങ്ങള്‍ ഓര്‍മ്മവരുന്നു. ഇങ്ങനെ പറയുകയണ്ടായി. ‘ബുദ്ധിജീവികളും എഴുത്തുകാരും സമൂഹത്തില്‍ സൈദ്ധാന്തിയകമായും പ്രായോഗികമായും ഇടപെടുന്നവരായിരിക്കണം. നയപരമായി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കൂട്ടകുരുതികളെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുന്നവരായിരിക്കണം. തങ്ങളുടെ വൈജ്ഞാനികമായ കഴിവുകള്‍ അധികാരമില്ലാത്ത ജനങ്ങളുടെ ഭാഗത്തു നില്‍ക്കാന്‍ ഉപയോഗിക്കണം. ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും തങ്ങളുടെ ഭൗതിക സാഹചര്യങ്ങളേക്കാള്‍ രാജ്യത്തിന്റെ ബഹുസ്വരതക്ക് വേണ്ടി നിലകൊള്ളുകയും വേണം. അധികാര വ്യവസ്ഥയോടും അതിന്റെ അനൂകൂല്യങ്ങളോടും വിട്ടു നില്‍ക്കണം. അധികാര കേന്ദ്രവുമായി ചേര്‍ന്ന് നില്‍കുന്നവരെ ബുദ്ധിജീവി എന്നു വിളിക്കാനാവില്ല. അവരെന്നും അധികാര ശക്തികളുടെ വിരുദ്ധ ചേരിയിലാകണം’ രാജ്യം ഭരിക്കുന്ന സംഘപരിവാറിന്റെ നയങ്ങളുമായി ബന്ധപ്പെട്ടാണ് ആനന്ദ് ടെല്‍തുമ്പ്‌ദെ മേല്‍പറഞ്ഞ അഭിപ്രായം പറഞ്ഞത്. എന്നാല്‍ എഴുത്തുകാരും ബുദ്ധിജീവികളും ഏതു ഭരണകൂടത്തോടും അകലം പാലിക്കുക തന്നെയാണ് വേണ്ടത്. അതാണ് വൈലോപ്പിള്ളി പറഞ്ഞ സൗവര്‍ണ്ണ പ്രതിപക്ഷം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എഴുത്തുകാര്‍ ഏതു ചേരിയില്‍ എന്ന ചോദ്യം ആഗോളതലത്തിലും കേരളത്തിലും മുമ്പെ ഉയര്‍ന്നിട്ടുണ്ട്. എഴുത്തുകാര്‍ക്ക് സാമൂഹ്യപ്രതിബദ്ധത വേണമെന്ന ആശയത്തിനായിരുന്നു കൂടുതല്‍ പ്രചാരം. പക്ഷെ സാമൂഹ്യപ്രതിബദ്ധത എന്നതുകൊണ്ട് ഇവിടെ വ്യാപകമായി അര്‍ത്ഥമാക്കിയിരുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള പ്രതിബദ്ധത എന്നായിരുന്നു. ഏതു ചേരിയില്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് ചേരിയിലാണോ അല്ലയോ എന്നതായിരുന്നു. സമൂഹത്തോടല്ല, പാര്‍ട്ടിയോട് പ്രതിബദ്ധതയുണ്ടോ എന്നതായിരുന്നു ആത്യന്തികമായി ചര്‍ച്ച. അതു കാണിച്ച മോശം എഴുത്തുകാര്‍ പോലും മികച്ച എഴുത്തുകാരായി വാഴ്ത്തപ്പെട്ടു. അതു പ്രകടിപ്പിക്കാതിരുന്ന മികച്ച എഴുത്തുകാര്‍ മോശക്കാരുമായി. ഒരു വശത്ത് മുദ്രാവാക്യങ്ങള്‍ നന്നായി എഴുതിയവര്‍ മഹാകവികളായി പോലും വാഴ്ത്തപ്പെട്ടപ്പോള്‍ മറുവശത്ത് പലരുടേയും കൃതികള്‍ വായിക്കരുതതെന്ന് അണികള്‍ക്ക് സര്‍ക്കുലറുകള്‍ പോലും പോയിരുന്നു. പിന്നീട് മാര്‍ക്സിസ്റ്റ് ആചാര്യന്‍ ഇ എം എസ് ഒരു പരിധിവരെ തെറ്റു സമ്മതിച്ചെങ്കിലും പ്രായോഗികമായി ഇപ്പോഴും ആ നയം തന്നെയാണ് തുടരുന്നത് എന്നു കാണാം. പാര്‍ട്ടിക്കു വേണ്ടി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ മികച്ച എഴുത്തുകാരും ബുദ്ധിജീവികളുമായി വാഴ്ത്തപ്പെടുന്നു. അവരെത്തേടി പുരസ്‌കാരങ്ങളെത്തുന്നു. സാംസ്‌കാരിക അധികാര സ്ഥാനമാനങ്ങളെത്തുന്നു.. അതിനുള്ള നന്ദി കാണിക്കാന്‍ അവ സ്വീകരിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടല്ലോ. അതാണ് നിരന്തരമായി കേരളത്തില്‍ സംഭവിക്കുന്നത്. വെറുതെയല്ലല്ലോ കേരളത്തിലെ ബുദ്ധിജീവികള്‍ ഏറെക്കുറെ തങ്ങള്‍ക്കൊപ്പമാണെന്നു പി രാജീവ് അവകാശപ്പെട്ടത്. വ്യക്തിപരമായി ആര്‍ക്കും ഏതു പാര്‍ട്ടിക്കാരനുമാകാം. എന്നാല്‍ എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍ എന്നൊക്കെയുള്ള പ്രിവിലേജ് പാര്‍ട്ടി പ്രചാരണത്തിനായി ഉപയോഗിക്കപ്പെടുമ്പോള്‍ വിമര്‍ശനം സ്വാഭാവികം മാത്രം.

ലോകമെമ്പാടുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വ്യത്യസ്ഥ നിലാപടുകള്‍ മുന്നോട്ടുവെച്ച എഴുത്തുകാരോടും സിനിമാപ്രവര്‍ത്തകരോടും ചിന്തകരോടുമൊക്കെ എന്താണ് ചെയ്തതെന്നു ഇവര്‍ക്കൊാന്നും അറിയാതിരിക്കാന്‍ വഴിയില്ലല്ലോ. മനുഷ്യസ്വാതന്ത്ര്യത്തിന് ഇത്രയേറെ വിലക്കുകളുണ്ടായിരുന്ന കാലം ചരിത്രത്തില്‍ കുറവായിരിക്കും. ഒരുപക്ഷെ മധ്യകാലയൂറോപ്പിലെ കത്തോലിക്കാസഭയോ ജര്‍മ്മനിയിലെ നാസിസമോ ആണ് സ്വതന്ത്രചിന്തയെ ഇത്രയേറെ ഭയന്നിട്ടുള്ളത്. സ്വയം തകര്‍ന്നടിയുന്നതുവരെ തോക്കിന്റെയും പട്ടാളത്തിന്റെയും ശക്തികൊണ്ടും, ടാങ്കുറുട്ടിയും, തടവറകള്‍ നിര്‍മ്മിച്ചും കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചും, നുണ പ്രചരിപ്പിച്ചും ഹെററ്റിക്കുകളെ വേട്ടയാടിയുമാണ് എല്ലാ സോഷ്യലിസ്റ്റു സ്റ്റേറ്റുകളും നിലനിന്നിരുന്നത്. അല്ലാതെ എം വി ഗോവിന്ദന്‍ പറയുന്നപോലെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മഹത്വം കൊണ്ടൊന്നുമായിരുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നതിനാലും കേരളം അതിന്റെ ഭാഗമായിരിക്കുന്നതതിനാലും ഇവിടെയത് സാധ്യമല്ലാത്തതിനാല്‍ എഴുത്തുകാരെ പ്രലോഭനങ്ങളില്‍ വീഴ്ത്തി കൂടെ നിര്‍ത്തുന്നു എന്നു മാത്രം അക്കാദമി പ്രസിഡന്റായശേഷം പിന്നീട് ആ പദവി സ്വീകരിച്ചതില്‍ തനിക്ക് ഖേദമുണ്ടെന്നു മുകുന്ദന്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചതും ഓര്‍ക്കാവുന്നതാണ്.

മറ്റൊന്നു കൂടി സൂചിപ്പിക്കട്ടെ. എഴുത്തുകാര്‍, കക്ഷിരാഷ്ട്രീയക്കാരാകണ്ട, പക്ഷെ വിശാല ഇടതുപക്ഷമാകണം എന്ന വാദവും കേള്‍ക്കാറുണ്ട്. ഫലത്തില്‍ അതിന്റെയും ലക്ഷ്യം മറ്റൊന്നല്ല. മുകുന്ദന്‍ പറഞ്ഞപോലെ ഇടതുപക്ഷം, വലതുപക്ഷം എന്ന അന്തരമെല്ലാം ഇല്ലാതായിരിക്കുന്നു. അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്നവരാണ് ഇടതുപക്ഷമെങ്കില്‍ അത്തരത്തിലൊരു വിഭാഗവും ഇപ്പോഴില്ല എന്നു തന്നെ പറയാം. എഴുത്തുകാരുടെ ആത്യന്തിക കടമ ഇടതു വലതുപക്ഷങ്ങളെ തിരയലല്ല. എപ്പോഴും സൗവര്‍ണ്ണ പ്രതിപക്ഷമാകുക എന്നതു തന്നെയാണ്. ജോര്‍ജ്് ഓര്‍വലുമായുള്ള സാങ്കല്‍പ്പിക സംഭാഷണത്തിലൂടെ മുകുന്ദനത് തിരിച്ചറിഞ്ഞെങ്കില്‍ അത്രയും നന്ന്….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply