സംയുക്തകിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിക്കയച്ച കത്ത്

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിനുള്ള മറുപടിയായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പരിഭാഷ

ശ്രീ നരേന്ദ്ര മോദി
പ്രധാനമന്ത്രി
ഭാരത സര്‍ക്കാര്‍
നയി ദില്ലി

വിഷയം: രാഷ്ട്രത്തോടുള്ള താങ്കളുടെ സന്ദേശവും താങ്കളുടെ പേരില്‍ കര്‍ഷകരുടെ സന്ദേശവും

പ്രധാനമന്ത്രി ജി,

രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ 2021 നവമ്പര്‍ 19ന് രാവിലെ രാഷ്ട്രത്തിന്റെ പേരില്‍ താങ്കള്‍ നടത്തിയ സന്ദേശം കേട്ടു. 11 തവണ ചര്‍ച്ച നടത്തിയപ്പോഴും രണ്ട് കൂട്ടര്‍ക്കും ഗുണകരമായ തീരുമാനത്തിലെത്തുന്നതിന് പകരം ഏകപക്ഷീയമായ പ്രസ്താവനകളുടെ വഴി താങ്കള്‍ തിരഞ്ഞെടുത്തതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചു.. എങ്കിലും മൂന്ന് കാര്‍ഷിക കരിനിയമങ്ങളും പിന്‍വലിക്കുകയാണെന്നറിഞ്ഞതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്. ഈ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയും ഇവ എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് കരുതുകയും ചെയ്യുന്നു.

പ്രധാനമന്ത്രി ജീ, മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക എന്നത് മാത്രമല്ല ഈ പ്രക്ഷോഭത്തിന്റെ ആവശ്യമെന്ന് താങ്കള്‍ക്ക് നല്ലപോലെ അറിയാം. സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാരുമായുള്ള ചര്‍ച്ചകളുടെ ആരംഭത്തില്‍ തന്നെ മൂന്ന് സുപ്രധാന ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1. കാര്‍ഷിക ചെലവുകളെ അടിസ്ഥാനമാക്കി (c2+50%) എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഉത്പാദനച്ചെലവിന്റെ 50% എംഎസ്പി നല്‍കണമെന്നത് സംബന്ധിച്ച നിയമ നിര്‍മ്മാണം നടത്തണം എന്നതായിരുന്നു ഒന്ന്. അതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസിപി ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ കഴിയും. 2011ല്‍ താങ്കള്‍ കൂടി അംഗമായ കമ്മിറ്റിയാണ് ഇക്കാര്യം സംബന്ധിച്ച ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നും താങ്കളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇക്കാര്യത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ലെന്നും ഓര്‍മ്മിപ്പിക്കട്ടെ)

2. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘വൈദ്യുതി ഭേദഗതി ബില്‍ 2021’ ന്റെ കരട് പിന്‍വലിക്കുക. (ഈ ബില്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന് വിപരീതമായി പാര്‍ലമെന്റിന്റെ കാര്യസൂചിയില്‍ ഈ ബില്‍ കടന്നുകൂടിയിട്ടുണ്ട്)

3. രാജ്യ തലസ്ഥാനത്തിലെ വായുമലിനീകരണം സംബന്ധിച്ച നിയമത്തില്‍ കര്‍ഷകര്‍ക്ക് ശിക്ഷ നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുക. (ഈ വര്‍ഷം ഏതാനും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ എടുത്തുകളഞ്ഞെങ്കിലും സെക്ഷന്‍ 15 വഴി കര്‍ഷകരെ ശിക്ഷിക്കുവാനുള്ള വഴികളിട്ടിരിക്കുന്നതായി അറിയുന്നു)

താങ്കളുടെ പ്രസ്താവനയില്‍ ഈ സുപ്രധാന ആവശ്യങ്ങളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഇല്ല എന്നത് കര്‍ഷകരെ വലിയ നിരാശയിലെത്തിച്ചിരിക്കുകയാണ്. ഈയൊരു വമ്പിച്ച പ്രക്ഷോഭത്തിലൂടെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് മാത്രമല്ല, തങ്ങളുടെ അധ്വാനത്തിന് ആവശ്യമായ പ്രതിഫലം നിയമപരമായി ഉറപ്പാക്കുമെന്ന ആഗ്രഹം കൂടിയുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ജീ, കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന ഐതിഹാസികമായ പ്രക്ഷോഭ ഫലമായി ഏതാനും പ്രശ്നങ്ങള്‍ കൂടി ഉയര്‍ന്നുവന്നിട്ടുണ്ട്. അവയ്ക്ക് കൂടി അടിയന്തിര പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

4. ദില്ലി, ഹരിയാന, ചണ്ഡീഗഢ്, യുപി എന്നിവയെക്കൂടാതെ രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് കര്‍ഷരെ (ജൂണ്‍ 2020 മുതല്‍ നാളിതുവരെ) നൂറുകണക്കിന് കേസുകളില്‍ കുടിക്കിയിരിക്കുകയാണ്. ഈ കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കേണ്ടതുണ്ട്.

5. ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയുടെ സൂത്രധാരനായ അജയ് മിശ്ര ഇന്നും സ്വതന്ത്രനായി വിഹരിക്കുകയും താങ്കളുടെ മന്ത്രിസഭയില്‍ അംഗമായിരിക്കുകയും ചെയ്യുന്നു. അദ്ദേഹം താങ്കളോടൊപ്പവും മറ്റ് മന്ത്രിമാരോടും ഒപ്പം വേദി പങ്കിടുകയും ചെയ്യുന്നു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവെപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക

6. ഈ പ്രക്ഷോഭത്തിനിടയില്‍ ഇതുവരെ ഏകദേശം 700 കര്‍ഷകര്‍ രക്തസാക്ഷികളായിട്ടുണ്ട്. അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുനല്‍കുക. രക്തസാക്ഷികളായ കര്‍ഷകരുടെ സ്മൃതി മന്ദിരം പണിയുന്നതിനായി സിംഘു അതിര്‍ത്തിയില്‍ ഭൂമി അനുവദിക്കുക.

പ്രധാനമന്ത്രി ജീ, താങ്കള്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചത് ഇനി വീട്ടിലേക്ക് മടങ്ങൂ എന്നാണ്. ഞങ്ങള്‍ക്ക് തെരുവുകളില്‍ കിടക്കാനുള്ള ഇഷ്ടംകൊണ്ടല്ല ഇവിടെയിരിക്കുന്നതെന്ന് താങ്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. മറ്റ് വിഷയങ്ങള്‍ കൂടി പരിഹരിച്ച് എത്രയും വേഗം വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മടങ്ങണം എന്നുതന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. താങ്കളും അതുതന്നെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ മുകളില്‍ സൂചിപ്പിച്ച ആറ് വിഷയങ്ങളിലും സംയുക്ത കിസാന്‍ മോര്‍ച്ചയുമായി എത്രയും പെട്ടെന്ന് ചര്‍ച്ചയ്ക്ക് തയ്യാറാകുക. അതുവരെ സംയുക്ത കിസാന്‍ മോര്‍ച്ച തങ്ങളുടെ പ്രഖ്യാപിത പരിപാടിയുമായി പ്രക്ഷോഭം തുടരുക തന്നെ ചെയ്യും

എന്ന്
സംയുക്ത കിസാന്‍ മോര്‍ച്ച

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply