എല്‍ഡിഎഫിന്റേത് അപകടകരമായ രാഷ്ട്രീയം.

എന്തായാലും ഈ അപകടം യുഡിഎഫും കോണ്‍ഗ്രസ്സും ലീഗും തിരിച്ചറിയുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകളുടെ ഉറവിടം തന്നെ അതാണ്. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാന്‍ മുല്ലപ്പിള്ളിയുടേയും ചെന്നിത്തലയുടേയും നേതൃത്വത്തില്‍ സാധ്യമാകില്ല എന്ന് ഘടകകക്ഷികള്‍ മാത്രമല്ല, ഹൈക്കമാന്റ് മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തിരിച്ചറിയുന്നുണ്ട്. അതിലൂടെ ലീഗും കുഞ്ഞാലികുട്ടിയും നേതൃത്വം ഏറ്റടുക്കുന്നു എന്ന ആരോപണത്തിനു തടയിടാനാവുമെന്നും കൃസ്ത്യന്‍ വിഭാഗങ്ങളെ പിടിച്ചുനിര്‍ത്താനാവുമെന്നുമവര്‍ കരുതുന്നു. കൂടാതെ ഇപ്പോഴും കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാധീനവും ഉപയോഗിക്കാമെന്നും.

കേരളരാഷ്ട്രീയം പുതിയൊരു തലത്തിലേക്ക് മാറുന്നതിന്റെ സൂചനകളാണ് സമീപദിനങ്ങളില്‍ പുറത്തുവരുന്നത്. തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയത്തിലെ അജണ്ട തന്നെ മാറുകയാണ്. രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു സാമുദായികമായി മാറുകയാണ്. കേരളപ്പിറവി മുതല്‍ എല്ലാകാലത്തും സാമുദായിക ശക്തികള്‍ക്ക് തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ വലിയ പങ്കുണ്ടായിരുന്നു എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ എന്നും അതിനൊരു രഹസ്യാത്മകത സൃഷ്ടിക്കാന്‍ പ്രധാനപ്പെട്ട ഇരു മുന്നണികളും ശ്രമിച്ചിരുന്നത്. ആ മറയാണ് ഇപ്പോള്‍ ഇല്ലാതാകുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ഇടതുപക്ഷമാണ്. പ്രത്യേകിച്ച് സിപിഎമ്മാണ്.

തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നിശ്ചയിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഏറെക്കുറെ സാമുദായിക രാഷ്ട്രീയം തന്നെയായിരുന്നു. ലൈഫ് പദ്ധതിയും സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ തുക വര്‍ദ്ധിപ്പിച്ചതും കിറ്റു വിതരണവും വികസന പദ്ധതികളുമൊക്കെയാണ് വിജയത്തിനു കാരണമായി ഇടതുപക്ഷം കൊട്ടിഘോഷിക്കുന്നത്. ഈ മേഖലകളെ കേന്ദ്രീകരിച്ച് തങ്ങള്‍ നടത്തിയ പ്രചാരണങ്ങള്‍ക്കു മുന്നില്‍ പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണങ്ങള്‍ ആവിയായിപോയെന്നും അവര്‍ പറയുന്നു. തീര്‍ച്ചയായും വിജയത്തില്‍ ഒരു പങ്ക് ഈ ഘടകങ്ങള്‍ക്കുമുണ്ടായിരിക്കും. എന്നാല്‍ ഇത്രയേറെ തിളക്കമുള്ളവിജയത്തിനു കാരണം അതാണെന്നു കരുതുന്നതില്‍ വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. മറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് പയറ്റിയ തന്ത്രങ്ങളാണോ ഇന്നു സിപിഎം കേരളത്തില്‍ പയറ്റുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ മുസ്ലിംവിരുദ്ധ പ്രചാരണത്തിലൂടെ ഹൈന്ദവ വോട്ടുകള്‍ സമാഹരിക്കുക. അഖിലേന്ത്യാതലത്തില്‍ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ നേരിടാനായിരുന്നു കേണ്‍ഗ്രസ്സ് മൃദുഹിന്ദുത്വ രാഷ്ട്രീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്ട്രീയം കളിച്ചത്. അതിന്റെ കൂടി അനന്തരഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്. ഇപ്പോഴിതാ ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യമിട്ട് അതേ രാഷ്ട്രീയത്തിനാണ് സിപിഎം കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. അതിന്റെ റിഹേഴ്‌സല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്നു കഴിഞ്ഞു. ്തവര്‍ക്ക് ഗുണം ചെയ്യുകയും ചെയ്തു. അതിനാല്‍ തന്നെ ആ രാഷ്ട്രീയം തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കുമെന്നുറപ്പ്. എ വിജയരാഘവനെ നേതൃത്വത്തില്‍ കൊണ്ടുവന്നതു തന്നെ ആ ലക്ഷ്യത്തോടെയാണ്. ഒരുപക്ഷെ ഈ തന്ത്രം വിജയിക്കുകയും ഭരണത്തുടര്‍ച്ച ലഭിക്കുകയും ചെയ്യും.. പക്ഷെ അഖിലേന്ത്യാതലത്തില്‍ സംഭവിച്ച ഒരവസ്ഥയിലേക്ക് കേരളവും എത്തിച്ചേരാന്‍ അധിക താമസമുണ്ടാകില്ല എന്നുമാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി ബിജെപിയല്ല, സിപിഎമ്മാണെന്ന് ഏവര്‍ക്കുമറിയാം. ഹിന്ദുവോട്ടുകളാണ് സിപിഎമ്മിന്റെ അടിത്തറയെങ്കില്‍ കൃസ്ത്യന്‍ – മുസ്ലിം വോട്ടുകളാണ് കോണ്‍ഗ്രസ്സിന്റേയും ലീഗടങ്ങുന്ന യുഡിഎഫിന്റേയും അടിത്തറ. സീറ്റുകളുടെ കാര്യത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുന്നില്ലെങ്കിലും വോട്ടുകളുടെ എണ്ണത്തില്‍ ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും ബിജെപി വളരുകയാണ്. ആ വോട്ടുകള്‍ ഏറെക്കുറെ ഹിന്ദുവോട്ടുകളാണെന്നതില്‍ ആര്‍ക്കും സംശയം കാണി്ല്ലല്ലോ. ഈ പോക്കുപോയാല്‍ തങ്ങളുടെ നില അപകടകരമാണെന്നു സിപിഎം തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവില്‍ നിന്നാണ് പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചത്. സവര്‍ണ്ണവിഭാഗങ്ങളെ കയ്യിലെടുക്കാനാണ് കേന്ദ്രത്തേക്കാള്‍ ഉദാരതയോടെ മുന്നോക്ക സംവരണം നടപ്പാക്കിയത്. എന്നാലതുകൊണ്ട് ലക്ഷ്യം നേടാനാവില്ല. അവിടെയാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറിയുമടക്കമുള്ള പ്രമുഖ നേതാക്കളുടെ സമീപകാല പ്രസ്താവനകളുടെ രാഷ്ട്രീയം. ലീഗും കുഞ്ഞാലി കുട്ടിയുമാണ്് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്നും അതൊരു മുസ്ലിം മുന്നണിയായി മാറുകയാണെന്നും ആത്യന്തിക അജണ്ട തീരുമാനിക്കുന്നത് ജമായത്താണെന്നുമുള്ള പ്രസ്താവനകള്‍ യാദൃശ്ചികമല്ല. കൃത്യമായ ആലോചനയോടെ തയ്യാറാക്കിയതാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പോലും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ടുവാങ്ങിയവരാണ് ഇത്തരത്തില്‍ തകിടം മറയുന്നത്. തെരഞ്ഞെടുപ്പിനുശേഷം ഈ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ബിജെപിക്കു തുല്ല്യമായി വെല്‍ഫെയറിനെ പ്രതിഷ്ഠിക്കുന്നതും വെറുതെയല്ല. അക്കാര്യത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് ബിജെപിയായിരിക്കും എന്നത് വേറെ കാര്യം.

എത്രതന്നെ പരിശ്രമിച്ചിട്ടും മുസ്ലിം ഭൂരിപക്ഷമേഖലകളില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയില്ലെന്ന് സിപിഎമ്മിനു ബോധ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുകൂടിയാണ് ഇത്തരമൊരു പ്രചാരണത്തിലൂടെ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിടാനുള്ള നീക്കം. അക്കാര്യത്തില്‍ ബിജെപിയോടാണവര്‍ മത്സരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ജനകീയ സമരങ്ങളെയെല്ലാം മുസ്ലിംതീവ്രവാദപ്രവര്‍ത്തനങ്ങളായി ചിത്രീകരിക്കുന്നതില്‍ ഒന്നാമനാണ് വിജയരാഘവന്‍ തന്നെയാണ് ഈ നീക്കത്തിനു നേതൃത്വം നല്‍കാന്‍ ഏറ്റവും ഉചിതന്‍. തന്റെ കേരളപര്യടനത്തില്‍ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫെയറിനെ ക്ഷണിക്കാതെ സാമുദായിക സംഘടനയായ എന്‍എസ്എസിനെ ക്ഷണിച്ച മുഖ്യമന്ത്രിയും തന്റെ നയം വ്യക്തമാക്കുന്നു.

അപകടകരമായ മറ്റൊരു നീക്കവും സജീവമായിട്ടുണ്ട്. ഇതുവരേയും ഇത്തരം വിഷയങ്ങളില്‍ കാര്യമായി ഇടപെടാതിരിക്കാറുള്ള കൃസ്ത്യന്‍ വിഭാഗങ്ങളും സഭാ നേതൃത്വങ്ങളും രംഗത്തിറങ്ങി എന്നതാണത്. എന്‍ഐഎ പോലും അന്വേഷിച്ച് ഇല്ലാത്ത ഒന്ന് എന്ന റിപ്പോര്‍ട്ട് നല്‍കുകയും സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്ത ലൗ ജിഹാദ് വിവാദമാണ് അവര്‍ കുത്തിപൊക്കുന്നത്. ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള ഐക്യത്തിനു പകരം മുസ്ലിംവിഭാഗങ്ങള്‍ക്കെതിരെയാണവര്‍ തിരിഞ്ഞിരിക്കുന്നത്. ലീഗ് യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുന്നു എന്നും അത് അപകടകരമാണെന്നുമുള്ള സിപിഎം ഭാഷ്യം സത്യദീപം ആവര്‍ത്തിക്കുന്നു. ഇത്രയും കാലം കൃസ്ത്യന്‍ സ്വാധീനമേഖലകള്‍ ബലികേറാമലയായിരുന്ന സിപിഎം പ്രതീക്ഷയിലാണ്. ജോസ് കെ മാണിയുടെ വരവോടെ കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്നുള്ള അവരുടെ പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. സത്യത്തില്‍ അവിടേയും നടക്കുന്നത് ബിജെപി – സിപിഎം മത്സരമാണെന്നതാണ് തമാശ. അതിന്റെ ഭാഗംതന്നെയാണ് സഭാതര്‍ക്കം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മത്സരിക്കുന്നത്. കൃസ്ത്യന്‍ വിഭാഗങ്ങളിലെ പ്രമുഖരെ പാട്ടിലാക്കാന്‍ ബിജെപി സജീവമായി രംഗത്തുണ്ട്. ചുരുക്കത്തില്‍ കൃസ്ത്യന്‍വിഭാഗങ്ങളെ കൂടെനിര്‍ത്താനും വലിയ ഹിന്ദുപാര്‍ട്ടിയാകാനുമുള്ള മത്സരമാണ് കേരളത്തില്‍ ബിജെപിയും സിപിഎമ്മും നടത്തുന്നത്. അതായിരുന്നു പണ്ട് അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും നടത്തിയത്. അതിന്റെ ഫലം എന്താണെന്നു കണ്ടു. ഇവിടേയും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നല്ല. ഇത്തരമൊരു രാഷ്ട്രീയം മുന്നോട്ടുപോയാല്‍ ആദ്യം തകരുക യുഡിഎഫായിരിക്കും എന്നുറപ്പ്. എന്നാല്‍ അതേതകര്‍ച്ച എല്‍ഡിഎഫിനേയും ബാധിക്കാന്‍ അധികകാലം വേണ്ടിവരില്ല. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന ഈ രാഷ്ട്രീയത്തിനുനേരെയാണ് ഇടതുപക്ഷം കണ്ണടക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വോട്ടുകളുടെ എണ്ണത്തില്‍ കേരളത്തില്‍ മൂന്നാമത്തെ പാര്‍ട്ടിയായിട്ടും കാര്യമായ സീറ്റുകള്‍ നേടാന്‍ ബിജെപിക്കു കഴിയാത്തത് ഇവിടെ നിലനവില്‍ക്കുന്ന മുന്നണി സംവിധാനത്തിന്റെ പ്രതേകത മൂലമാണല്ലോ. തുടര്‍ച്ചയായി നടക്കുന്ന ഭരണമാറ്റവും ബിജെപിയുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയാണ്. എന്നാല്‍ ഭരണത്തുടര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു. ബിജെപി കുറെ കൂടി വോട്ടുനേടിയാലും തല്‍ക്കാലം അധികാരത്തിലൊന്നും എത്തില്ല എന്നതിനാല്‍ യുഡിഎഫ് ദുര്‍ബലമാകുകയാണ് അതിനാവശ്യം. ആ ദിശയിലൊരു തന്ത്രമാണ് അണിയറയില്‍ രൂപം കൊള്ളുന്നത്. തീര്‍ച്ചയായും എല്‍ഡിഎഫിന് ഇത് താല്‍ക്കാലിക നേട്ടം ഉണ്ടാക്കും. പക്ഷെ അഖിലേന്ത്യാതലത്തില്‍ സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കും. ആദ്യം യുഡിഎഫ് തകരും. പ്രത്യേകിച്ച് ഇനിയുമൊരു അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കാനുള്ള കരുത്ത് കേണ്‍ഗ്രസ്സിനില്ല എന്നത് വ്യക്തമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കണമെന്നു തന്നെയായിരിക്കും ബിജെപിയും ആഗ്രഹിക്കുക. എങ്കില്‍ അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ യുഡിഎഫിനെ മറികടക്കാമെന്നവര്‍ക്കറിയാം. മറിച്ചായാല്‍ അതു സാധ്യമല്ലെന്നും. പക്ഷെ അധികം താമസിയാതെ ബിജെപി കേരളവും പിടിക്കുന്നതായിരിക്കും ഇതിന്റെയെല്ലാം ആത്യന്തികഫലം.

എന്തായാലും ഈ അപകടം യുഡിഎഫും കോണ്‍ഗ്രസ്സും ലീഗും തിരിച്ചറിയുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ചര്‍ച്ചകളുടെ ഉറവിടം തന്നെ അതാണ്. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാന്‍ മുല്ലപ്പിള്ളിയുടേയും ചെന്നിത്തലയുടേയും നേതൃത്വത്തില്‍ സാധ്യമാകില്ല എന്ന് ഘടകകക്ഷികള്‍ മാത്രമല്ല, ഹൈക്കമാന്റ് മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ തിരിച്ചറിയുന്നുണ്ട്. അതിലൂടെ ലീഗും കുഞ്ഞാലികുട്ടിയും നേതൃത്വം ഏറ്റടുക്കുന്നു എന്ന ആരോപണത്തിനു തടയിടാനാവുമെന്നും കൃസ്ത്യന്‍ വിഭാഗങ്ങളെ പിടിച്ചുനിര്‍ത്താനാവുമെന്നുമവര്‍ കരുതുന്നു. കൂടാതെ ഇപ്പോഴും കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കുള്ള സ്വാധീനവും ഉപയോഗിക്കാമെന്നും. എന്തായാലും തുടക്കത്തില്‍ പറഞ്ഞപോലെ കിറ്റും ലൈഫും പെന്‍ഷനുമായിരിക്കില്ല. സാമുദായിക രാഷ്ട്രീയം തന്നെയായിരിക്കും. അടുത്ത നിയമസഭാതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്ന പ്രധാന ഘടകമെന്നുറപ്പ്. എല്‍ഡിഎഫ് തുടക്കമിട്ടിരിക്കുന്നത് അപകടകരമായ രാഷ്ട്രീയത്തിനാണ് എന്നര്‍ത്ഥം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എല്‍ഡിഎഫിന്റേത് അപകടകരമായ രാഷ്ട്രീയം.

  1. most accurate observation

Leave a Reply