ചെല്ലാനത്ത് കേരളത്തിന്റെ സ്വന്തം സൈന്യം പോരാട്ടം തുടരുന്നു

കേരളം നേരിടുന്ന, ഇനി അതിരൂക്ഷമാകാന്‍ പോകുന്ന ഒരു വിഷയത്തിലേക്കാണ് ചെല്ലാനം നിവാസികള്‍ ഈ സമരത്തിലൂടെ വിരല്‍ ചൂണ്ടുന്നത്. ആഗോളതാപനമടക്കമുള്ള മനുഷ്യനിര്‍മ്മിത പ്രതിഭാസങ്ങളും തീരദേശത്തുടനീളമുള്ള അനിയന്ത്രിതവും അനധികൃതവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം കേരളത്തിലെ തീരദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്നോളം കാണാത്ത രീതിയിലാണ് തങ്ങളുടെ എല്ലാമായ കടലമ്മ തങ്ങളെ ആക്രമിക്കുന്നതെന്ന് കടലിന്റെ മക്കള്‍ പറയുന്നു. കടലാക്രമണം തടയാനുള്ള ഹ്രസ്വകാല – ദീര്‍ഘകാല പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും നിരന്തരമായ വാഗ്ദാനലംഘനങ്ങളാണ് മാറി മാറിവരുന്ന സര്‍ക്കാരുകള്‍ നടത്തുന്നതെന്നും അവര്‍ ചൂണ്ടികാട്ടുന്നു.

കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അനിശ്ചിതകാലറിലേ നിരാഹാര സമരത്തിന്റെ നൂറാം ദിവസം പിന്നിട്ടിരിക്കുകയാണ്. പലപ്പോഴും സമരം ചെയ്യുകയും സര്‍ക്കാരില്‍ നിന്നു വാഗ്ദാനങ്ങള്‍ ലഭിക്കുകയും എന്നാലവ ലംഘിക്കപ്പെടുകയും ചെയ്യുന്നത് നിരന്തരമായി ആവര്‍ത്തിക്കപ്പെട്ട സാഹചര്യത്തിലാണ് ജനകീയ വേദി അനശ്ചിതകാല സമരം ആരംഭിച്ചത്. സമരത്തെ പിന്തുണച്ച് നൂറാം ദിവസം ഹൈക്കോടതിക്കു സമീപം കൂട്ട നിരാഹാര സമരവും നടന്നു. കടലും കടല്‍ത്തീരവും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള സര്‍ക്കാര്‍ താല്‍പര്യമാണ് കടല്‍കയറ്റ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ തടസമെന്ന് സമരം ഉദ്ഘാടനം ചെയ്ത് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്. തുച്ഛമായ തുക നല്‍കി ജനങ്ങലെ കുടിയൊഴിപ്പിച്ച് റിസോര്‍ട്ട് മാഫിയകള്‍ ഉള്‍പ്പെടെയുള്ള മൂലധനശക്തികള്‍ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. ആഗോള താപനം ഗുരുതരമായ പ്രശ്‌നം തന്നെയെങ്കിലും ചെല്ലാനം പോലുള്ള കേരള തീരപ്രദേശങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാകാന്‍ കാരണം തികച്ചും അശാസ്ത്രീയമായ ഇടപെടലുകളാണെന്നും പീറ്റര്‍ ചൂണ്ടിക്കാട്ടി.
കേരളം നേരിടുന്ന, ഇനി അതിരൂക്ഷമാകാന്‍ പോകുന്ന ഒരു വിഷയത്തിലേക്കാണ് ചെല്ലാനം നിവാസികള്‍ ഈ സമരത്തിലൂടെ വിരല്‍ ചൂണ്ടുന്നത്. ആഗോളതാപനമടക്കമുള്ള മനുഷ്യനിര്‍മ്മിത പ്രതിഭാസങ്ങളും തീരദേശത്തുടനീളമുള്ള അനിയന്ത്രിതവും അനധികൃതവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം കേരളത്തിലെ തീരദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഇന്നോളം കാണാത്ത രീതിയിലാണ് തങ്ങളുടെ എല്ലാമായ കടലമ്മ തങ്ങളെ ആക്രമിക്കുന്നതെന്ന് കടലിന്റെ മക്കള്‍ പറയുന്നു. കടലാക്രമണം തടയാനുള്ള ഹ്രസ്വകാല – ദീര്‍ഘകാല പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും നിരന്തരമായ വാഗ്ദാനലംഘനങ്ങളാണ് മാറി മാറിവരുന്ന സര്‍ക്കാരുകള്‍ നടത്തുന്നതെന്നും അവര്‍ ചൂണ്ടികാട്ടുന്നു. സംസ്ഥാനത്തുടനീളം ഈ വിഷയം രൂക്ഷമാണെങ്കിലും എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ വലിയ തുറയിലും മറ്റുമാണ്് ജനജീവിതം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഗതികേട്ട ജനങ്ങള്‍ പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അന്തിമപോരാട്ടത്തിലാണ്.
കടല്‍ക്ഷോഭത്തിന്റെ ഭീതി അകലാതെയാണ് ചെല്ലാനം നിവാസികളുടെ ഓരോ ദിവസവും കടന്ന് പോകുന്നത്. തീരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജിയോ ബാഗുകളുടെ നിര്‍മാണമടക്കം ഇഴഞ്ഞ് നീങ്ങുകയാ ണെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശവാസികളുടെ പ്രതിഷേധത്തി നൊടുവില്‍ ജിയോ ബാഗ് നിറച്ച് തീരം സംരക്ഷിക്കാനുള്ള ശ്രമം ആരം ഭിച്ചുവെങ്കിലും അത് പാതിവഴിയിലാണ്. വേലിയേറ്റ സമയത്ത് കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ച് കയറും. വെള്ളം തിരിച്ചുപോകുന്നത് ഇവരുടെ ജീവിതവും സ്വപ്‌നങ്ങളുമടക്കമാണ്. ഈ വര്‍ഷവും ഇതിനകം ഒരുപാട് പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. കമ്പനിപ്പടി മുതല്‍ കിഴക്കേ ചെല്ലാനം വരെയുള്ള പ്രദേശത്താണ് കടല്‍ക്ഷോഭം ഏറ്റവും രൂക്ഷം. സെന്റ് മേരീസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നുവെങ്കിലും ഇനിയും ക്യാമ്പുകളില്‍ തങ്ങാന്‍ നാട്ടുകാര്‍ വിസമ്മതിക്കുകയാണ്. അതല്ല, തങ്ങള്‍ക്കാവശ്യം ശാശ്വതമായ പരിഹാരമാണെന്നാണ് അവരുടെ നിലപാട്.
കടല്‍ഭിത്തിയും മറ്റു സുരക്ഷാമാര്‍ഗ്ഗങ്ങളും നടപ്പാക്കണമെന്ന പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ ആവശ്യം ഇനിയും ഇവിടെ നടപ്പായിട്ടില്ല. നേരത്തെ നിര്‍മ്മിച്ചിരുന്ന കടല്‍ഭിത്തിയാകട്ടെ പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇന്ത്യന്‍ നേവിയുടെ ദ്രോണാചാര്യ മോഡലില്‍ 17 കിലോമീറ്റര്‍ കടല്‍ ഭിത്തി 60 പുലിമുട്ടോടുകൂടി പണിയുകയാണു വേണ്ടത്. 2014-ല്‍ ഈ പണിക്കുവേണ്ടി 110 കോടി രൂപയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു. 2011-2016 ല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനു അനുമതി നല്‍കുകയും ആവശ്യമായ ഫണ്ട് വകകൊള്ളിക്കുകയും ചെയ്തിരുന്നു. 3 പ്രാവശ്യം ടെണ്ടര്‍ വിളിച്ചിട്ടും ആരും പണി എടുക്കുവാന്‍ മുമ്പോട്ടു വന്നിരുന്നില്ല.
പലവട്ടം ജനങ്ങള്‍ സമരരംഗത്തിറങ്ങി. എന്നാല്‍ ദുരിതങ്ങളെപോലെ വാഗ്ദാനലംഘനങ്ങളും ആവര്‍ത്തിക്കുന്നു. ഒാഖി ആഞ്ഞടിച്ചപ്പോള്‍ ദുരന്തങ്ങള്‍ ഏറെ രൂക്ഷമായതിനെ തുടര്‍ന്ന് സമരവും രൂക്ഷമായി. പ്രദേശത്തെ 10 വീടുകള്‍ പൂര്‍ണ്ണമായും തകരുകയും 160-ഓളം വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ചെയ്തു. ഈ കുടുംബങ്ങളിലെ 500-ഓളം ആളുകള്‍ ചെല്ലാനം സ്‌കൂളിലെ സര്‍ക്കാര്‍ ക്യാമ്പിലെത്തി. കക്കൂസുകള്‍ മിക്കതും മണല്‍ കയറി ഉപയോഗശൂന്യമായി. 2018 ഏപ്രില്‍ 30നു മുമ്പ് ജിയോ ട്യൂബുകൊണ്ടുള്ള ഭിത്തിയും പുലിമൂട്ടും നിര്‍മ്മിക്കുമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍ പതിവുള്ളതുതന്നെ ആവര്‍ത്തിച്ചു. സഹികെട്ട ജനങ്ങള്‍ വീണ്ടും സമരം ശക്തമാക്കി. ഏപ്രില്‍ 30 വഞ്ചനാദിനമായി ആചരിച്ചു. തുടര്‍ന്ന് താലൂക്ക് ഓഫീസ് ഉപരോധവും റോഡ് ഉപരോധവും നടന്നു. മെയ് 29ന് പശ്ചിമകൊച്ചിയില്‍ നടന്ന ഹര്‍ത്താല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭമായി. ആയിരത്തിലധികം പേര്‍ നടുറോഡില്‍ പന്തല്‍ കെട്ടി പ്രതിഷേധിച്ചു. തീരദേശപാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ബലപ്രയോഗം നടത്തി. അതോടെ അന്തരീക്ഷം പ്രക്ഷുബ്ധമായി. ജനങ്ങള്‍ ഒന്നടക്കം എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി ഉടനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമെന്നുറപ്പു നല്‍കി. അതും നടന്നില്ല. 2019ലും അതേ ചരിത്രം ആവര്‍ത്തിച്ചു. അതിനാല്‍ തന്നെ ഭരണാധികാരികളെ വിശ്വാസമില്ലാത്ത ജനങ്ങള്‍ ചര്‍ച്ചക്കുവന്ന കളക്ടറെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്തും റോഡും ഉപരോധിക്കലടക്കമുള്ള സമരങ്ങളിലേക്കാണ് അവര്‍ നീങ്ങിയത്.
ജലസേചന വകുപ്പിന് കീഴില്‍ ചെല്ലാനം പഞ്ചായത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകണമെന്നും നിലവില്‍ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ കടല്‍ഭിത്തി ദുര്‍ബലമായ ഭാഗങ്ങളില്‍ കടല്‍ഭിത്തിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ബലപ്പെടുത്തുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ട സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെല്ലാനം ജനകീയ വേദി 2019 ഡിസംബറില്‍ സമരം ശക്തമാക്കിയത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വേദി പ്രതിനിധികള്‍ ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിച്ചു. കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രി വിശഷിപ്പിച്ച മത്സ്യത്തൊഴിലാളികളാണ് ദുരന്തബാധിതരില്‍ മഹാഭൂരിഭാഗവും. മത്സ്യതൊഴിലാളികളുടെയും സാധാരണക്കാരായ തീരദേശവാസികളുടേയും 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്കു തീരദേശ നിയന്ത്രണ വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കണം എന്ന ആവശ്യവും അവരുന്നയിക്കുന്നു. വന്‍കിട ഫ്‌ളാറ്റുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിയമവിരുദ്ധമായി ഇളവു നല്‍കുമ്പോള്‍ തങ്ങള്‍ക്കുനേരെ കര്‍ക്കശനിയമങ്ങളാണ് ഉപയോഗിക്കുന്നതെന്നവര്‍ ചൂണ്ടികാട്ടുന്നു. വൈകാരികമാണ് ഈ ആവശ്യമെന്നു പറയാമെങ്കിലും അവരുടെതല്ലാത്ത കുറ്റങ്ങള്‍ക്കാണ് തീരദേശവാസികള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് നിഷേധിക്കാനാവില്ല. അതിനാല്‍തന്നെ എത്രയും വേഗം ഈ വിഷയിത്തിലിടപെട്ട് ശാശ്വതപരിഹാരം കാണാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply