സി.എ.എക്കും യു.എ.പി.എ.യ്ക്കും എന്‍.ഐ.എ.യ്ക്കുമെതിരെയാകണം കേരളത്തിന്റെ സ്വാതന്ത്ര്യ സമരം.

വിദ്യാര്‍ഥികളും അമ്മമാരും വനിതകളും കുട്ടികളും ആണ് പൗരത്വ പ്രക്ഷോഭണത്തില്‍ ഉത്തരേന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെങ്കില്‍ രാഷ്ട്രീയകക്ഷികളും ന്യൂനപക്ഷ മത സംഘടനകളുമാണ് കേരളത്തില്‍ സമരത്തിന്റെ മുന്‍പന്തിയില്‍. സര്‍ക്കാര്‍ ചിലവില്‍ അല്ലെങ്കില്‍ പ്രബല ശക്തികളുടെ തണലില്‍ ആണ് ഇവിടെ മുഖ്യമായും സമരം നടക്കുന്നത് എന്നര്‍ഥം. കേരളത്തിലെ പ്രക്ഷോഭണങ്ങള്‍ രാഷ്ട്രീയകക്ഷികളുടെ മത കേന്ദ്രങ്ങളുടെയും മദ്ധ്യസ്ഥതയിലൂടെയാണ് കടന്നു പോകുന്നത് എന്നതത്രേ സത്യം. കേരളത്തിലെ സി.എ.എ.വിരുദ്ധ പ്രക്ഷോഭങ്ങളെ പ്രക്ഷീണവും വിഭാഗീയവും ആക്കുന്നത്, നവസ്വാതന്ത്ര്യസമരമായി വളരുന്നതില്‍ നിന്നും തടയുന്നത് , ഈ മദ്ധ്യസ്ഥങ്ങളത്രെ. സര്‍വ്വമദ്ധ്യസ്ഥതകളെയും നിരാകരിച്ച് കൊണ്ട് കേന്ദ്ര-സംസ്ഥാന- ഭരണകൂടങ്ങളുടെ ഹിംസാത്മകതയെ, ജനാധിപത്യ പൗരത്വ-അവകാശ ലംഘനങ്ങളെ, ചെറുക്കുന്ന സ്വഛന്ദവും സ്വയം നിര്‍ണ്ണീതവുമായ സമരങ്ങളെയാണ് കേരളത്തിന്റെ സ്വാതന്ത്ര്യ സമരം ഇന്ന് ആവശ്യപ്പെടുന്നത്.

സി.എ.എ. വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇന്ത്യയിലെങ്ങും ഒരു പുത്തന്‍ സ്വാതന്ത്ര്യ സമരമായി വളര്‍ന്ന് പെരുകുമ്പോള്‍, ഇന്ത്യയുടെ ഹൃദയമേഖലകളില്‍ യുഗമാറ്റത്തിന്റെ ഭേരീനാദങ്ങള്‍ ഉയരുമ്പോള്‍, കേരളത്തില്‍ നിന്നു വരുന്ന സന്ദേശങ്ങളെന്താണ്?

ലക്ഷക്കണക്കിനാള്‍ക്കാര്‍ പങ്കെടുക്കുന്ന മഹാപ്രകടനങ്ങള്‍ കേരളത്തിലും ഉണ്ടായി. പൗരത്വനിയമഭേദഗതിയ്‌ക്കെതിരേ കേരളനിയമസഭ ഒന്നിച്ച് പ്രമേയം പാസ്സാക്കി ഇന്ത്യയ്ക്ക് മാതൃക കാട്ടി. സി.എ.എ.യ്‌ക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കി ഭരണ പക്ഷവും പ്രതി പക്ഷവും. ഇടതും വലതുമായ രാഷ്ട്രീയകക്ഷികളും, മത സംഘടനകളും സാംസ്‌ക്കാരികപ്രവര്‍ത്തകരും യുവജനങ്ങളും കേരളത്തില്‍ മഹാറാലികള്‍ നടത്തി. ഒറ്റ സ്ത്രീ പോലുമില്ലാതെ, പുരുഷന്മാര്‍ മാത്രമടങ്ങുന്ന വന്‍ജാഥകള്‍ നടത്തി ചില മതന്യൂനപക്ഷ സംഘടനകള്‍. സ്ത്രീകളും പുരുഷന്മാരും യുവാക്കളും കുട്ടികളും സര്‍വ്വവിഭാഗങ്ങളുമുള്‍പ്പെട്ട ജനകീയ റാലികള്‍ കൊച്ചിയിലും കോഴിക്കോടും തൃശ്ശൂരും ഒക്കെ അരങ്ങേറി. ഇടതുപക്ഷസര്‍ക്കാര്‍ സംഘടിപ്പിച്ച മഹാമനുഷ്യ ശ്രുംഖലയില്‍ കണ്ണിചേര്‍ന്നു, കൃതാര്‍ഥരായി സ്വതന്ത്ര മതികളായ ബുദ്ധിജീവികളും കലാകാരന്മാരും എഴുത്തുകാരും. കേരളത്തിലെങ്ങും പ്രതിഷേധറാലികളും മനുഷ്യഭൂപടങ്ങളും നിര്‍മ്മിച്ചുകൊണ്ട് കോണ്‍ഗ്രസ്സുകാരും രംഗത്തിറങ്ങി.

കേരളത്തില്‍ നടന്ന മഹാപ്രകടനങ്ങള്‍, പ്രക്ഷോഭങ്ങളെല്ലാം തന്നെ മോഡിയുടെ ഫാസിസ്റ്റു നയങ്ങള്‍ക്കെതിരേയായിരുന്നു. ഉത്തരേന്ത്യയിലും മറ്റുഭാഗങ്ങളിലും പടര്‍ന്നു പൊന്തുന്ന മഹാജനകീയപ്രക്ഷോഭങ്ങളുടെ അനുരണനങ്ങളായിരുന്നു അവ. തീര്‍ച്ചയായും അത്തരമൊരു പ്രക്ഷോഭത്തിനായി കാത്തു നില്‍ക്കുകയായിരുന്നു കേരളജനത. നിഷ്പക്ഷമതികളായ നിരവധി പേര്‍ ഇടതും വലതും നോക്കാതെ ഈ മഹാറാലികളില്‍ മഹാശ്രുംഖലയില്‍, മനുഷ്യ ഭൂപടങ്ങളില്‍ അണിനിരന്നത് ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ്.

എന്നാല്‍ ഇതേ സന്ദര്‍ഭത്തില്‍ തന്നെ വളരെ ചുരുക്കം പേര്‍ മാത്രം പങ്കെടുത്ത ചെറു സമരങ്ങളും ജാഥകളും കോഴിക്കോടും തൃശ്ശൂരും എറണാകുളത്തും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്നു. കേരള സര്‍ക്കാര്‍ യു.എ.പി.എ. ചുമത്തി അറസ്റ്റു ചെയ്യുകയും പിന്നീട് എന്‍. ഐ.യെയ്ക്ക് കൈമാറുകയും ചെയ്ത അലന്‍, താഹ, എന്നീ വിദ്യാര്‍ഥികള്‍ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ സമരങ്ങള്‍. 2020 ജനുവരി മൂന്നിന് കോഴിക്കോട് അമ്മമാരുടെ ഉപവാസസമരവും നടന്നു. രാഷ്ട്രീയ കക്ഷികളോ, അച്ചടി മാധ്യമങ്ങളോ അവയ്ക്ക് പ്രാധാന്യം നല്‍കിയില്ല. സി.എ.എ.യ്‌ക്കെതിരെ ലക്ഷക്കണക്കിനാളുകളെ അണിനിരത്തിയ ന്യൂനപക്ഷമതവിഭാഗങ്ങളോ, ഇടതു പക്ഷക്കാരോ, ഡി.വൈ.എഫ്.ഐക്കാരോ, സി.പി.എം.കാരോ, മുസ്ലീം ലീഗുകാരോ ഡിവൈ.എഫ്.ഐക്കാരായ ഈ രണ്ടുവിദ്യാര്‍ഥികള്‍ക്കായി ചെറുവിരലനക്കിയില്ല. എന്ത് കൊണ്ട്?

കേരള സമൂഹത്തിന്റെ കാപട്യം, ആത്മവഞ്ചന, കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭണങ്ങളുടെ ഭാഗികത, പ്രഹസനപരത ഇവിടെയാണ് വെളിപ്പെടുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഇരട്ടമുഖങ്ങളാണിവിടെ മറനീക്കപ്പെടുന്നത്. പൗരത്വഭേദഗതി നിയമം വരുന്നതിനു മുമ്പേ പ്രയോഗിക്കപ്പെട്ട പൗരത്വ നിഷേധ നീക്കത്തിന്റെ ഇരകളായിരുന്നു അലനും താഹയും. അര്‍ബന്‍ മാവോയിസ്റ്റുകളെന്ന് പാര്‍ട്ടിക്കാരായ ചിലരും പോലീസ്സും നടത്തുന്ന കുറ്റാരോപണങ്ങളല്ലാതെ വ്യക്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടുവാന്‍ പോലീസ്സുകാര്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ ഇതേവരെ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഈ ആരോപണങ്ങളെ നിഷേധിച്ചു. പാര്‍ട്ടി സെക്രട്ടറി മോഹനന്‍ ആരോപണത്തെ ഇടയ്ക്കിടെ തള്ളുകയും കൊള്ളുകയും ചെയ്തു പോന്നു. വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനുള്ള സര്‍വ്വ ശ്രമങ്ങളെയും പിന്നോട്ടടിച്ചത് മുഖ്യമന്ത്രിയുടെ നിഷേധാത്മകമായ നിലപാടുകളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനുവേണ്ടി പ്രചരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഈ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്നുള്ള പോലീസ്സിന്റെ ആരോപണത്തെ ശരിവച്ചു കേരളത്തിന്റെ മുഖ്യമന്ത്രി. ഈ കുട്ടികള്‍ ശുദ്ധന്മാരല്ലെന്നും വെറുതെ ചായകുടിച്ചുകൊണ്ടിരുന്നവരല്ലെന്നും കുറ്റവാളികളാണെന്നും അവര്‍ സഹതാപം അര്‍ഹിക്കുന്നില്ലെന്നും അസന്ദിഗ്ധം പ്രഖ്യാപിച്ചു അദ്ദേഹം. എന്നാല്‍ അവര്‍ ചെയ്തകുറ്റമെന്തെന്ന് വിശദീകരിക്കുവാന്‍ മുഖ്യമന്ത്രിയും പോലീസ്സും ഇതേവരെ തയാറായിട്ടുമില്ല. സി.പിഎം.സര്‍ക്കാരിന്റെ, മുഖ്യമന്ത്രിയുടെ, ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നു ഈ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍.

 

 

 

 

 

 

 

 

യു.എ.പി.എ.യെ. കേന്ദ്രതലത്തില്‍ രൂക്ഷമായെതിര്‍ക്കുന്ന സി.പി.എം. സര്‍ക്കാര്‍, ഇവിടെ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ക്കു നേരെ യു.എ.പി.യെ. ചുമത്തി അറസ്റ്റു ചെയ്യുന്നതും അവരെ എന്‍-ഐ.യെ.യ്ക്ക് വിട്ടുകൊടുക്കുന്നതും സംശയമുണര്‍ത്തുന്നു. പിണറായി ഗവണ്മെന്റിന്റെ രാഷ്ട്രീയവും നൈതികവുമായ സത്യസന്ധതയെ ചോദ്യം ചെയ്യുന്നു ഈ പോലീസ്സ് നടപടികള്‍. പാര്‍ട്ടിയില്‍ നിന്നും, കേന്ദ്രനേതാക്കളില്‍ നിന്നും ജനങ്ങളില്‍ നിന്നും കഠിന സമ്മര്‍ദ്ദങ്ങളുയര്‍ന്നു വന്നിട്ടും തന്റെ നിലപാടുകളില്‍ അണുവിടപോലും അയവു വരുത്തുവാന്‍ പിണറായി വിജയന്‍ തയാറാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഈ യുവാക്കളുടെ മോചനത്തിന് ഇന്ന് ഏറ്റവും വലിയ പ്രതിബന്ധം മുഖ്യ മന്ത്രിയുടെ കടും പിടുത്തമാണെന്ന് വ്യക്തമാക്കപ്പെട്ട് കഴിഞ്ഞു. സി.എ.എ യെ.എതിര്‍ക്കുമ്പോഴും യു.എ.പി.എ.യെയും എന്‍.ഐ. എ.യെയും പിണറായി വിജയന്‍ അംഗീകരിക്കുന്നുവെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അതായത് കേന്ദ്രത്തിന്റെ പോലീസ്സ് നയത്തെ അത് നടത്തുന്ന നിഷ്ഠുരമായ പൗരത്വ നിഷേധത്തെ, പിണറായി സര്‍ക്കാരും ശരിവയ്ക്കുന്നു എന്നര്‍ഥം. സി.പി.എമ്മിന്റെ ഈ ഇരട്ടമുഖം കേരള രാഷ്ട്രീയത്തെ സങ്കീര്‍ണ്ണവും കുടിലവുമാക്കുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ അന്തര്‍ വൈരുദ്ധ്യം ഈ സന്ദിഗ്ധത, ഫാസിസ്റ്റ് രാഷ്ട്രീയവുമായുള്ള അനുരഞ്ജനത്തിന്റെ ഗൂഢമായ ”അന്തര്‍ദ്ധാര”: ഇതാണ് കേരളത്തിലെ പൗരത്വപ്രക്ഷോഭണത്തെ ഒരു മഹാസ്വാതന്ത്ര്യപ്രക്ഷോഭണമായി വളരുന്നതില്‍ നിന്നും തടയുന്ന പ്രധാനകാരണങ്ങളിലൊന്ന്. ജാമിയയിലെ ഇതിഹാസനായികകളായ വിദ്യാര്‍ഥിനീ നേതാക്കളെ മഞ്ചേരിയില്‍ സി.പി.എം.അനുഭാവികള്‍ തടയുകയും അവഹേളിക്കുകയും ചെയ്ത സംഭവങ്ങള്‍ ഇതിനോട് ചേര്‍ത്തു വായിക്കുക. കാന്തപുരം മുസ്ലീം സ്ത്രീകള്‍ക്ക് പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്നതും ഇതിന്റെ മറുപുറമത്രെ. മുസ്ലീസ്വത്വത്തിന്റെ പരസ്യപ്രദര്‍ശനം തിവ്രവാദത്തിലേക്ക് നയിക്കും എന്നു ഭയപ്പെടുന്നവരാണ് കേരളത്തിലെ ഇടതും വലതും. ഉത്തരേന്ത്യയിലെ പ്രക്ഷോഭണത്തില്‍ നിന്ന് കേരളത്തിലെ സമരങ്ങള്‍ വ്യത്യസ്ഥമാവുന്നതിവിടെയാണ്. ‘ലാഇലാഹഇല്ലല്ലാഹ്’ എന്ന മന്ത്രം, ഹിന്ദുമന്ത്രങ്ങള്‍ പോലെ ത്തന്നെ ഉത്തരേന്ത്യന്‍ പ്രക്ഷോഭങ്ങളില്‍ നിരുപാധികം സ്വീകരിക്കപ്പെടുമ്പോള്‍, കേരളത്തില്‍ ഇടതു വലതും അവയ്ക്കു മുന്നില്‍ പരിഭ്രാന്തരാവുന്നു. ഇസ്ലാമിന് ഇസ്ലാമായിത്തന്നെ പ്രത്യക്ഷപ്പെടുവാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീകള്‍ക്ക് സ്ത്രീകളായിത്തന്നെ പങ്കെടുക്കുവാനുള്ള സ്വാതന്ത്ര്യവും ഇവിടെ കേരളത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു എന്നര്‍ഥം. സി.എ.എ.വിരുദ്ധ സമരം ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ ഒരു സ്വാതന്ത്ര്യ സമരമായി, ഒരു വിപ്ലവമുന്നേറ്റമായി ഒരു യുഗസംഭവമായി, കേരളത്തില്‍ ഇനിയും വളര്‍ന്നിട്ടില്ല എന്നു തന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

 

 

 

 

 

വിദ്യാര്‍ഥികളും അമ്മമാരും വനിതകളും കുട്ടികളും ആണ് പൗരത്വ പ്രക്ഷോഭണത്തില്‍ ഉത്തരേന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതെങ്കില്‍ രാഷ്ട്രീയകക്ഷികളും ന്യൂനപക്ഷ മത സംഘടനകളുമാണ് കേരളത്തില്‍ സമരത്തിന്റെ മുന്‍പന്തിയില്‍. സര്‍ക്കാര്‍ ചിലവില്‍ അല്ലെങ്കില്‍ പ്രബല ശക്തികളുടെ തണലില്‍ ആണ് ഇവിടെ മുഖ്യമായും സമരം നടക്കുന്നത് എന്നര്‍ഥം. കേരളത്തിലെ പ്രക്ഷോഭണങ്ങള്‍ രാഷ്ട്രീയകക്ഷികളുടെ മത കേന്ദ്രങ്ങളുടെയും മദ്ധ്യസ്ഥതയിലൂടെയാണ് കടന്നു പോകുന്നത് എന്നതത്രേ സത്യം. കേരളത്തിലെ സി.എ.എ.വിരുദ്ധ പ്രക്ഷോഭങ്ങളെ പ്രക്ഷീണവും വിഭാഗീയവും ആക്കുന്നത്, നവസ്വാതന്ത്ര്യസമരമായി വളരുന്നതില്‍ നിന്നും തടയുന്നത് , ഈ മദ്ധ്യസ്ഥങ്ങളത്രെ. സര്‍വ്വമദ്ധ്യസ്ഥതകളെയും നിരാകരിച്ച് കൊണ്ട് കേന്ദ്ര-സംസ്ഥാന- ഭരണകൂടങ്ങളുടെ ഹിംസാത്മകതയെ, ജനാധിപത്യ പൗരത്വ-അവകാശ ലംഘനങ്ങളെ, ചെറുക്കുന്ന സ്വഛന്ദവും സ്വയം നിര്‍ണ്ണീതവുമായ സമരങ്ങളെയാണ് കേരളത്തിന്റെ സ്വാതന്ത്ര്യ സമരം ഇന്ന് ആവശ്യപ്പെടുന്നത്.

രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോഴും കേരളത്തിലെ വിദ്യാര്‍ഥി വര്‍ഗ്ഗം (എസ്.എഫ്.ഐ.യും. കെ.എസ്.യു.വുമൊക്കെ) മൗനം ഭജിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വിദ്യാര്‍ഥികളുടെ പേരു വെട്ടിക്കളഞ്ഞിട്ടും വിദ്യാര്‍ഥികള്‍ മൗനത്തിലാണ്. ഇതേ നിയമം തങ്ങള്‍ക്കു നേരെയും സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളായ ആര്‍ക്കുനേരെയും നാളെ തിരിയാം എന്ന് കേരളത്തിലെ വിദ്യാര്‍ഥി യുവജന തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കക്ഷിരാഷ്ട്രീയ പരമായ ചരടുകളില്‍ നിന്ന് വിടുതല്‍ നേടാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. നവ സ്വാതന്ത്ര്യ സമരത്തിന്റെ സ്പന്ദനങ്ങളേറ്റുവാങ്ങുവാനോ യുഗമാറ്റത്തിന്റെ സ്രഷ്ടാക്കളാകുവാനോ ഇവിടെ വിദ്യാര്‍ഥികള്‍ യുവജനങ്ങള്‍, സ്ത്രീകള്‍, ദളിതര്‍, സര്‍ഗ്ഗാത്മകര്‍, അശക്തരാകുന്നതെന്തുകൊണ്ട്?

ഏതോ അദൃശ്യചങ്ങലകള്‍ മലയാളി സമൂഹത്തെ പിന്നോട്ട് വലിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ, മതപരവും മതേതരവുമായ അധികാരബന്ധങ്ങളുടെ ചങ്ങലകള്‍, അധിനിവേശാധുനികതയുടെ മന:ശാസ്ത്ര നിരോധനാജ്ഞകള്‍. സി.എ.എയ്‌ക്കെതിരേ ഇടതുപക്ഷം ഒരുക്കിയ മഹാശൃംഖല മറ്റൊരു മഹാശൃംഖലയില്‍ ബന്ധിതമാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കപ്പെട്ടു. മോദി ഭരണകൂടത്തിന്റെ അധികാര ശൃംഖലയുമായി, യു.എ.പി.എ, എന്‍.ഐ.എ., എന്നീ ചങ്ങലകളുമായി, കക്ഷിരാഷ്ട്രീയത്തിന്റെയും പുരുഷമേല്‍ക്കോയ്മയുടെയും ചങ്ങലകളുമായി, കേന്ദ്രവുമായുള്ള രഹസ്യ വേഴ്ചകളുടെ അനുരഞ്ജനങ്ങളുടെ ചങ്ങലകളുമായി, മുഖ്യമന്ത്രി നേതൃത്വം കൊടുത്ത മഹാമനുഷ്യശൃംഖല ഗൂഢമായി കണ്ണിചേര്‍ക്കപ്പെട്ടിരുന്നു എന്ന സത്യം കേരളത്തിലെ ഇടതു ബുദ്ധിജീവികള്‍, നിഷ്പക്ഷമതികള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ഈ വിസ്മൃതിയ്ക്ക് കേരളം കൊടുക്കേണ്ടി വരുന്ന വിലയെന്തെന്ന് ഇനിയുള്ള നാളുകള്‍ വ്യക്തമാക്കും.

യു.എ.പി.എ. നിയമത്തെ താത്വികമായും രാഷ്ട്രീയമായും എതിര്‍ക്കുന്ന സി.പി.എം.സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരായ രണ്ടു യുവാക്കളെ യു.എ.പി.എ.യില്‍ കുടുക്കുകയും എന്‍.ഐ.എ.യ്ക്ക് വിട്ട് കൊടുക്കുകയും ചെയ്ത ഈ സംഭവം നിര്‍ദ്ദോഷകരമെന്ന് തള്ളാനാവില്ല. കേരള സര്‍ക്കാരിന്റെയും ഫാസിസ്റ്റെന്ന് അത് മുദ്ര കുത്തുന്ന മോഡി സര്‍ക്കാരിന്റെയും പോലീസ്സ് നയം ഏതാണ്ട് ഒന്നു തന്നെയാണെന്ന ഞെട്ടിക്കുന്ന സത്യത്തിലേക്കല്ലേ ഇത് വിരല്‍ ചൂണ്ടുന്നത്? സി.എ.എ.യ്‌ക്കെതിരേ കേരളീയര്‍ ഒന്നടങ്കം മുന്നോട്ടുവന്നെങ്കിലും യു.എ.പി.എ. എന്ന അടിയന്തിരഭീഷണിക്കെതിരെ അവര്‍ മൗനം അവലംബിക്കുന്നത് ഭീതിമൂലമല്ലേ? മോദി സര്‍ക്കാര്‍ നടത്തുന്ന പൗരത്വ നിഷേധത്തിന്റെ, പൗരത്വഹനനത്തിന്റെ, ഏറ്റവും നിഷ്ഠുരവും ഹിംസാത്മകവുമായ രൂപമായ യു.എ.പി.എ. പിണറായി വിജയന്റെ പോലീസ്സിലൂടെ കേരളത്തില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരന്തം.

എന്‍.ഐ.എ.യുടെ ഭീകരവക്ത്രത്തില്‍, തമോഗര്‍ത്തത്തില്‍, അകപ്പെട്ടിരിയ്ക്കുന്ന ഈ രണ്ടു യുവാക്കള്‍ക്കെന്തു സംഭവിക്കും എന്ന ആശങ്കയില്‍ എരിഞ്ഞുകഴിയുകയാണ് അവരുടെ അമ്മമാരും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം കേരളത്തിലെ ബഹുജനങ്ങളും. ഷഹീനാബാഗിലെ അമ്മമാര്‍ സി.എ.എ.യ്‌ക്കെതിരെയുള്ള സമരത്തില്‍ ഐതിഹാസിക നായികമാരാവുന്നത് ആവേശപൂര്‍വ്വം കൊണ്ടാടുന്ന നാം കേരളത്തില്‍ നീതിയ്ക്കായി കേണ് വാടിത്തളരുന്ന ഈ അമ്മമാരുടെ സഹനസമരത്തിനു നേരെ, ഉദാസീനരാവുന്നു. ഈ രണ്ട് വിദ്യാര്‍ഥികളെ മോചിപ്പിക്കുവാനുള്ള സമരത്തിലൂടെ മാത്രമേ കേരളത്തിലെ നവസ്വാതന്ത്ര്യസമരം ആരംഭിക്കുന്നുള്ളു.. സി.പി.എമ്മിനോ, ഇടതുപക്ഷത്തിനോ എതിരായുള്ള സമരമല്ല. യു.പി.യെ.യെ. എന്‍.ഐ.യെ.യെ ന്യായീകരിക്കുന്ന, ജനാധിപത്യ വിരുദ്ധമായ നയങ്ങള്‍ കൈക്കൊള്ളുന്ന മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പോലീസ്സ് നയത്തിനും എതിരായ സമരം. സി.എ.എ.യ്‌ക്കെതിരേ കേരളത്തില്‍ നടക്കുന്ന സമരങ്ങളും റാലികളും സത്യസന്ധമാണെന്ന് തെളിയിക്കപ്പെടണമെങ്കില്‍ ഈ അമ്മമാര്‍ നടത്തുന്ന സ്വാതന്ത്ര്യസമരത്തില്‍ അവ കണ്ണി ചേര്‍ക്കപ്പെടേണ്ടിയിരിക്കുന്നു.
മനുഷ്യ മഹാശൃംഖലയില്‍ താഹയുടെ അമ്മയും ബന്ധുക്കളും പങ്കെടുക്കുന്ന ദൃശ്യം ചാനലുകളില്‍ നാം കണ്ടു. ആ അമ്മയുടെ അടക്കിയ കരച്ചില്‍, വരണ്ട കണ്ണീര്‍, മൗനസഹനം, എന്താണ് നമ്മോട് പറയുന്നത്? മനുഷ്യ മഹാശൃംഖലയുടെ, അന്തര്‍വൈരുദ്ധ്യത്തെ , കാപട്യത്തെ, പ്രഹസനപരതയെ ചോദ്യം ചെയ്യുകയല്ലേ ഇരയാക്കപ്പെട്ടവരുടെ ഈ മൂകസാന്നിദ്ധ്യം? യു.എ.പി.എ, യില്‍ എന്‍.ഐ.ഏയില്‍ കുരുങ്ങിക്കിടക്കുന്ന ഒരു പോലീസ് നയത്തെ മുറുകെപ്പിടിക്കുന്ന കേരള മുഖ്യമന്ത്രിയുടെ ഇരട്ടമുഖത്തെയല്ലേ ഈ ദൃശ്യം അനാവരണം ചെയ്യുന്നത്? യു.എ..പി.എ.യെ ചോദ്യം ചെയ്യുവാന്‍, എന്‍. ഐ.എ.യെ ചോദ്യം ചെയ്യാന്‍, ത്രാണിയില്ലാത്ത ഒരു മുഖ്യമന്ത്രി മോദിവിരുദ്ധ സമരത്തില്‍ എത്രകണ്ട് ഉറച്ചുനില്‍ക്കും എന്ന നിര്‍ണ്ണായകമായ ചോദ്യമാണ് താഹയുടെ അമ്മയും ബന്ധുക്കളും തങ്ങളുടെ പങ്കാളിത്തം വഴി കേരളജനതയ്ക്ക് മുന്നില്‍ ഉന്നയിക്കുന്നത്.

യു.എ..പി.എ. കേസ്സുകള്‍, പിന്‍വലിക്കുക. എന്‍.ഐയെയുടെ പിടിയില്‍നിന്ന് അലനെയും താഹയെയും മോചിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളുമായി കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പോലീസ്സ് നയത്തെ ചോദ്യംചെയ്യുന്ന ധീരസമരങ്ങളാണ് ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും ഉയര്‍ന്നുവരുന്നത്. അലനും താഹയ്ക്കും നീതി ലഭിക്കുവാനുള്ള സമരങ്ങളിലൂടെ, യു.എ.പി.എ യ്‌ക്കെതിരേയുള്ള സമരങ്ങളിലൂടെയാവും, കേരളത്തിലെ ജനങ്ങള്‍ ഫാസിസത്തിനെതിരെയുള്ള മഹാപ്രക്ഷോഭത്തിന്റെ ഭാഗമാകുന്നത്. അനന്യവും സ്വതസ്സിദ്ധവും തീക്ഷ്ണവുമായ മാനങ്ങളിലേക്ക് കേരളത്തിലെ സ്വാതന്ത്ര്യ സമരം വളരുന്നത് അപ്പോള്‍ മാത്രമാവും. യുഗമാറ്റത്തിന്റെ ‘സംഭവകാലത്തിലേക്ക്’ മലയാളി സമൂഹം എത്തിച്ചേരുന്നത് അമ്മമാരുടെയും യുവാക്കളുടെയും ഈ നൈതികസമരങ്ങളിലൂടെയാവും. അതുവരെ ഷഹീനബാഗുകളെയും ജാമിയാസമരങ്ങളെയും പറ്റി ആവേശംകൊണ്ട്, സ്വന്തം നാട്ടിലെ സ്വാതന്ത്ര്യപ്രശ്‌നങ്ങളെ അവഗണിച്ച് കൊണ്ട്, പ്രതീകാത്മകവും പ്രഹസനപരവുമായ സമരങ്ങളിലൊതുങ്ങിക്കൊണ്ട്, സ്വാതന്ത്ര്യത്തിന്റെ മഹാപ്രക്ഷോഭങ്ങളില്‍ നിന്ന് സൗകര്യപൂര്‍വ്വം മാറിനില്‍ക്കുന്ന ഒരു കപടസമൂഹമായി മലയാളികള്‍ വിലയിരുത്തപ്പെടും.

സി.എ.എയ്‌ക്കെതിരെയുള്ള സമരത്തെ, യു.എ.പി.എ.യ്ക്കും എന്‍.ഐ.എ.യ്ക്കുമെതിരെയുള്ള അമ്മമാരുടെ സമരവുമായി ഏകോപിപ്പിക്കലാണ് ഇന്ന് കേരളത്തിന്റെ സ്വാതന്ത്ര്യ സമരം. ഇടതു സര്‍ക്കാരിന്റെ പോലീസ്സ് നയം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. മോദിയ്‌ക്കെതിരെ, അമിതഷായ്‌ക്കെതിരെയുള്ള സമരത്തെ, പിണറായി സര്‍ക്കാരിന്റെ പോലീസ് നയത്തിനെതിരെയുള്ള സമരവുമായി ഏകോപിപ്പിക്കലാണ് കേരളത്തിന്റെ ഫാസിസ്റ്റു വിരുദ്ധ സമരം.

ഇടതുപക്ഷത്തിന്റെ സന്ദിഗ്ധതകളും കേന്ദ്രവുമായുള്ള അനുരഞ്ജനങ്ങളും ആണ് കേരളത്തിലെ സ്വാതന്ത്ര്യപ്രക്ഷോഭണത്തിന്റെ സ്വാഛന്ദ്യത്തെ തടയുന്നത് എന്ന് വ്യക്തം. അലനും താഹയ്ക്കും നീതി ആവശ്യപ്പെട്ട് കൊണ്ടുള്ള അമ്മമാരുടെ, വിദ്യാര്‍ഥികളുടെ, ന്യൂനപക്ഷീയരുടെ, ദളിതരുടെ എഴുത്തുകാരുടെ, കലാകാരന്മാരുടെ, യുവാക്കളുടെ, സമരവേദികളില്‍ നിന്നാവും കേരളത്തിലെ ഷഹീന്‍ബാഗുകള്‍ ഉയര്‍ന്നു വരിക.. ഹിന്ദുത്വത്തിന്റെയും, അതിനോട് സന്ധിചെയ്യുന്ന പിണറായി സര്‍ക്കാരിന്റെയും യുദ്ധയന്ത്രങ്ങളെ പിടിച്ചുകെട്ടാന്‍ അമ്മമാരുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും ദളിതരുടെയും പെണ്‍കുട്ടികളുടെയും സ്‌നേഹയന്ത്രങ്ങള്‍ക്കു മാത്രമേ കഴിയൂ.

‘കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളൊരുക്കുന്ന മഹാശൃംഖലകളില്‍ കുരുങ്ങിപ്പിടയുന്നതിനു പകരം , ഫാസിസത്തിന്റെ കേന്ദ്ര-സംസ്ഥാന രൂപങ്ങള്‍ക്കെതിരേ, സ്‌നേഹത്തിന്റെ പച്ചത്തുരുത്തുകള്‍, സ്വാതന്ത്ര്യത്തിന്റെ തുറസ്സുകള്‍ നിര്‍മ്മിക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി. സ്ഥാപിതകര്‍ത്തൃത്വത്തില്‍ നിന്ന് സ്ഥാപക കര്‍ത്തൃത്വത്തിലേക്കുള്ള മലയാളികളുടെ രൂപാന്തരീകരണം കൂടിയാണ് ഈ പ്രക്ഷോഭണം. പുതിയ ഇന്ത്യയോടൊപ്പം, പുതിയ കേരളത്തെയും നിര്‍മ്മിക്കുക എന്ന യുഗദൗത്യമാണ് ഈ നവകേരള സ്വാതന്ത്ര്യ സമരം ആവശ്യപ്പെടുന്നത്. യുഗമാറ്റത്തിന്റെ ഈ മഹ സന്ദര്‍ഭം സ്വാതന്ത്ര്യത്തെ ധ്വംസനം ചെയ്യുന്ന, എല്ലാ ചങ്ങലകളെയും പൊട്ടിച്ചെറിയുവാനാണ് ആവശ്യപ്പെടുന്നത്. ഭരണകൂടങ്ങളുടെ സര്‍വ്വ അനീതികള്‍ക്കും കണക്കു പറയേണ്ട ജനാധിപത്യ സന്ദര്‍ഭമാണിത്.

തടവിലാക്കപ്പെട്ട അലനും താഹയും വിരല്‍ ചൂണ്ടുന്നത് കേരളീയ രാഷ്ട്രീയത്തിന്റെ, സമൂഹത്തിന്റെ, തമോഗര്‍ത്തങ്ങളിലേക്കാണ്. സ്വാതന്ത്ര്യത്തിന്റെയും ചിന്തയുടെയും സ്വപ്നത്തിന്റെയും നിരോധിത ഇടങ്ങളിലേക്കാണ്, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സ്വതന്ത്രമതികളായ യുവാക്കളെയും വിദ്യാര്‍ഥികളെയും ചിന്തകരെയും കാത്തിരിക്കുന്ന തടവറകളിലേക്ക്, ചങ്ങലക്കെട്ടുകളിലേക്കാണ്. അലനെയും താഹയെയും മോചിപ്പിക്കുവാനുള്ള സ്‌നേഹസമരമാണ്, മോദിഭരണകൂടത്തിന്റെ ചങ്ങലകളില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുവാനുള്ള പുത്തന്‍ സ്വാതന്ത്ര്യസമരം.. പൗരത്വ സമരത്തിന്റെ ഏറ്റവും തീക്ഷ്ണമായ യുദ്ധമുഖം.

കക്ഷിരാഷ്ട്രീയപരവും, ജാതീയവും മതപരവുമായ അതിരുകളെ കുരുക്കുകളെ ഭേദിച്ചു കൊണ്ട് കേരളത്തിന്റെ സ്‌നേഹയന്ത്രങ്ങള്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങളുടെ യുദ്ധയന്ത്രങ്ങളെ പിടിച്ചു കെട്ടട്ടെ. യുവാക്കളും അമ്മമാരും, വിദ്യാര്‍ഥികളും, ദളിതരും, ആദിവാസികളും, ന്യൂനപക്ഷീയരും, നിന്ദിതരും, വിമതപ്രതിഭകളും സ്‌നേഹയന്ത്രങ്ങളായി, രൂപാന്തരീകരണ യന്ത്രങ്ങളായി അധികാരകേന്ദ്രങ്ങളെ വളയുന്ന സ്വതന്ത്ര നേരങ്ങളെയാണ് നാം കാത്തിരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply