ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള നിഴല്‍ മന്ത്രിസഭ

യാതൊരുവിധ ഓഡിറ്റിങ്ങും ഇല്ലാത്ത, ജനപ്രതിനിധികളുടെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ദുര്‍ഭരണം മൂലം പൊറുതി മുട്ടിയ കേരളത്തില്‍, സോഷ്യല്‍ ഓഡിറ്റിങ്ങിനുള്ള കളം ഒരുക്കലാണ്, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ജനങ്ങളെ പഠിപ്പിക്കലാണ് പ്രധാനമായും ഇപ്പോഴത്തെ ആവശ്യം. അതുപോലെ തന്നെ ചിതറികിടക്കുന്ന ദളിത് – ആദിമവാസി – പരിസ്ഥിതി – സ്ത്രീ – ലിംഗ – ലൈംഗീക – ന്യുനപക്ഷ – ഭിന്നശേഷി – പ്രവാസി – വിധവ – ഉപഭോക്തൃ – വിവരാവകാശ – മനുഷ്യാവകാശ സംഘടനകളെയും, അവര്‍ക്കെല്ലാവര്‍ക്കും അംഗീകരിക്കാവുന്ന മുദ്രാവക്യങ്ങളിലൂടെ ഒരുമിപ്പിച്ചു നിറുത്തി ജനങ്ങളുടെ പക്ഷത്തേക്ക് ഭരണത്തെ കൊണ്ട് വരേണ്ടിയതുമുണ്ട്.

 

മനുഷ്യരുടെ സൌകര്യത്തിനായി, ലോകത്ത് ഇന്ന് നിലവില്‍ ഉള്ളതില്‍ വച്ചു, ഏറ്റവും പ്രയോഗികവും, സമഗ്രവും യുക്തിഭദ്രവും പുതുക്കപ്പെടാനുള്ള സാധ്യതകള്‍ നിലനില്ക്കുന്നതുമായ ഭരണരീതിയാണല്ലോ ജനാധിപത്യം. ലോകത്തിന്റെ പല ഭാഗത്തായി, ജനാധിപത്യത്തിന്റെ നവീകരണത്തിനായി, നടക്കുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സംവിധാനമാണ് നിഴല്‍ മന്ത്രിസഭ. ജനാധിപത്യത്തെ ഗൗരവതരമായി കാണുന്ന 23 ഓളം രാജ്യങ്ങളില്‍ പ്രയോഗത്തിലുള്ള നിഴല്‍ മന്ത്രിസഭ എന്ന പരീക്ഷണം, ഇന്ത്യയില്‍ ആദ്യമായി, കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത് അറിഞ്ഞിരിക്കുമല്ലോ.

സത്യപ്രതിജ്ഞ
2018 ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള കേരള നിഴല്‍ മന്ത്രിസഭയില്‍, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായി, 50 % മന്ത്രിമാരും സ്ത്രീകളാണ്. ട്രാന്‍സ്‌ജെണ്ടറും, ഭിന്ന ശേഷിക്കാരും ഈ മന്ത്രിസഭയിലുണ്ട്. ദേശീയശ്രദ്ധ നേടിയ സത്യപ്രതിജ്ഞ ചടങ്ങില്‍ ഇന്ത്യന്‍ ഭരണഘടനാശില്പി, ഭാരതരത്‌ന അംബേദ്കരുടെ പൌത്രന്‍, അഡ്വ. പ്രകാശ് അംബേദ്കര്‍ ആണ് സത്യപ്രതിജ്ഞ ചോല്ലിത്തരാന്‍ എത്തിയത്.

നിഴല്‍ മന്ത്രിസഭാ യോഗങ്ങള്‍ :-
കേരളത്തിന്റെ പല ഭാഗത്തായി നടന്ന മുപ്പതോളം പരിശീലന പരിപാടികളില്‍ നിന്നും പല തലത്തിലുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ, പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യത്തെ നിഴല്‍ മന്ത്രിമാര്‍ കേരളത്തിനു വലിയ പ്രതീക്ഷ ആണ് നല്കിയത്. എല്ലാ രണ്ടാം ശനീയാഴ്ചയും നടക്കുന്ന നിഴല്‍ മന്ത്രിസഭയോഗങ്ങള്‍ അതതു മാസത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ ചര്ച്ച ചെയ്യുകയും, കാര്യങ്ങള്‍ പഠിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. ഓരോ നിഴല്‍ മന്ത്രിസഭാ സമ്മേളനങ്ങള്‍ക്കും ഇടയില്‍ എല്ലാ നിഴല്‍ മന്ത്രിമാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും, തങ്ങളുടെ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു.

ഉത്തരവാദിത്തങ്ങള്‍ :-
ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍, അഹിംസയില്‍ ഊന്നി, സോഷ്യോ-പൊളിറ്റിക്കല്‍ ഓഡിറ്റിങ്ങിലൂടെ ഹരിത സ്വരാജിലേക്കുള്ള ഒരു യാത്ര എന്ന ലക്ഷ്യത്തിലൂടെ, (1) കേരളത്തിലെ മന്ത്രിമാരെ നിഴല് പോലെ പിന്തുടരുന്ന, (2) മന്ത്രിമാരുടെയും വകുപ്പിലെയും തീരുമാനങ്ങള്‍ മനസ്സിലാക്കി, ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്കുന്ന, (3) ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്ന കേരളാ നിഴല്‍ മന്ത്രിസഭക്ക് ഒരു വയസ്സ് തികഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ, ജനങ്ങള്‍ക്ക് മനസ്സിലാക്കാനായി വിശദീകരിക്കാനാണ് ശ്രമിക്കുന്നത്.

വെല്ലുവിളികള്‍ :-
ലോക ജനാധിപത്യ സൂചികയില്‍ 42-)o സ്ഥാനത്തുള്ള ഇന്ത്യയില്‍, ജനാധിപത്യം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ ഇല്ല എന്നാണ്, നിരീക്ഷകര്‍ വിലയിരുത്തുന്നത്. അങ്ങനെ ഉള്ള ഒരു രാജ്യത്ത്, ഒരു വര്‍ഷം തികച്ചു പ്രവര്‍ത്തിച്ച കേരള നിഴല്‍ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയെ നിഴല്‍ മന്ത്രിസഭ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ 24-) മത്തെ രാജ്യമാക്കി മാറ്റിയിരിക്കുന്നു. മുന്‍പ് ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടില്ലാത്ത, ഒരേ ആശയങ്ങള്‍ പിന്തുടരാത്ത, 19 പേര് സ്വാര്‍ത്ഥതയില്ലാതെ, സ്വന്തം ഊര്ജ്ജവും, പണവും, സമയവും വിനിയോഗിച്ചു, ഒരു നവമാതൃക സൃഷ്ടിച്ചിരിക്കുന്നു.

ഉദ്ദേശങ്ങള്‍ :-
യാതൊരുവിധ ഓഡിറ്റിങ്ങും ഇല്ലാത്ത, ജനപ്രതിനിധികളുടെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ദുര്‍ഭരണം മൂലം പൊറുതി മുട്ടിയ കേരളത്തില്‍, സോഷ്യല്‍ ഓഡിറ്റിങ്ങിനുള്ള കളം ഒരുക്കലാണ്, ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ജനങ്ങളെ പഠിപ്പിക്കലാണ് പ്രധാനമായും ഇപ്പോഴത്തെ ആവശ്യം. അതുപോലെ തന്നെ ചിതറികിടക്കുന്ന ദളിത് – ആദിമവാസി – പരിസ്ഥിതി – സ്ത്രീ – ലിംഗ – ലൈംഗീക – ന്യുനപക്ഷ – ഭിന്നശേഷി – പ്രവാസി – വിധവ – ഉപഭോക്തൃ – വിവരാവകാശ – മനുഷ്യാവകാശ സംഘടനകളെയും, അവര്‍ക്കെല്ലാവര്‍ക്കും അംഗീകരിക്കാവുന്ന മുദ്രാവക്യങ്ങളിലൂടെ ഒരുമിപ്പിച്ചു നിറുത്തി ജനങ്ങളുടെ പക്ഷത്തേക്ക് ഭരണത്തെ കൊണ്ട് വരേണ്ടിയതുമുണ്ട്.

പഠനക്യാമ്പുകള്‍ :-
കോട്ടയത്തും, പാലക്കാടും, തൃശ്ശൂരും എറണാകുളത്തും ആലപ്പുഴയിലും നടത്തിയ വിവരാവകാശ പഠനക്യാമ്പുകള്‍ നൂറോളം പേരെ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരാക്കി. കേരളത്തിലെ അറിയപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ നയിച്ച ക്യാമ്പുകള്‍, അംഗങ്ങളെ വിവരാവകാശ ചോദ്യങ്ങള്‍ നന്നായി തയ്യാറാക്കാന്‍ സഹായിച്ചു. അങ്ങനെ ഉണ്ടായി വന്ന ടീമിന്റെ സഹകരണത്തോടെ ആണ് കേരള നിഴല്‍ മന്ത്രിസഭ ആവശ്യമായ വിവരശേഖരണം നടത്തുന്നത്.

ജനാധിപത്യത്തിന്റെ ആഘോഷം :-
കേരളത്തിലെ പ്രധാന ജനാധിപത്യ സംഘടനകളെ, കോഴിക്കോട് ടൌണ്‍ ഹാളില്‍ കേരള നിഴല്‍ മന്ത്രിസഭ, പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ സംവിധാനമൊരുക്കിയത് സദസ്യര്‍ക്കും, മാധ്യമങ്ങള്‍ക്കും, സംഘടനകള്‍ക്കും ഒരു വേറിട്ട അനുഭവമായിരുന്നു. സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതമായി, നിഗൂഡതകളില്ലാത്ത, നിസ്വാര്‍ത്ഥ നേതൃത്വവും, അര്‍പ്പണ ബോധമുള്ള അണികളുമായി, നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന, നമ്മുടെ ഭാവിയുടെ പ്രതീക്ഷകളെ, ജനാധിപത്യത്തിന്റെ ആഘോഷം (Celebration of Democracy) എന്ന പേരിലാണ് അവതരിപ്പിച്ചത്. ഓരോ സംഘടനയും അവര്‍ക്ക് ലഭിച്ച 15 മിനുട്ടില്‍ അവരുടെ പ്രവര്‍ത്തനവും, നയരേഖയും അവതരിപ്പിക്കുകയും, സദസ്യരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയും, അവരുടെ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ജനാധിപത്യത്തെ നവീകരിക്കുന്നവരെ പരിചയപ്പെടുന്ന ഈ പരിപാടി 2 പ്രാവശ്യമായി 25 ഓളം സംഘടനകളെ അവതരിപ്പിച്ചു. ഈ സംഘടനകള്‍ നിഴല്‍ മന്ത്രിസഭക്ക് ആവശ്യമായ പിന്തുണ നല്കുന്നുമുണ്ട്.

കേരളകര്‍ഷകരുടെ ഐക്യം :-
നമ്മുടെ നാടിന്റെ അടിത്തറയും നട്ടെല്ലും മനുഷ്യര്‍ക്ക് ആഹാരത്തിനുള്ള ഭക്ഷണ സാധനങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകരാണ്. എന്നാല്‍, അവരെ ഇപ്പോള്‍ സര്‍ക്കാരുകളും, ഉദ്യോഗസ്ഥരും അവഗണിക്കുകയാണ്. കേരളത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന 32 ഓളം കര്‍ഷക സംഘടനകളെ നിഴല്‍ മന്ത്രിസഭയിലെ കൃഷി മന്ത്രിയുടെ കൂടി നേതൃത്വത്തില്‍, ദേശീയ കര്‍ഷക മഹാസഖ്യവുമായി അഫിലിയെറ്റു ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്.

കേരള സര്‍ക്കാരിന്റെ വിലയിരുത്തല്‍ :-
ഭരണത്തിലെത്തി, രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തിലെ LDF സര്‍ക്കാരിനെ 2018 ജൂലൈ 21 നു വിലയിരുത്തിയപ്പോള്‍, സാക്ഷിയാകാന്‍ എത്തിയത് അഡ്വ. പ്രശാന്ത് ഭുഷന്‍ ആയിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, വസ്തുതകളുടെ വെളിച്ചത്തില്‍, കാര്യകാരണസഹിതം നടത്തിയ വിലയിരുത്തലിനെ സദസ്യരും മാധ്യമലോകവും ബഹുമാനത്തോടെ ആണ് വിലയിരുത്തിയത്.

കേരളത്തിലെ മഹാപ്രളയം :-
കേരളം കണ്ട പ്രളയദുരിതത്തില്‍ നിന്ന് കേരളീയരെ കരകയറ്റാന്‍, കേരള നിഴല്‍ മന്ത്രിസഭ, കയ്യും മെയ്യും മറന്നു രംഗത്തിറങ്ങിയിരുന്നു. നിഴല്‍ മുഖ്യമന്ത്രി തൃശ്ശൂര് സംഘടിപ്പിച്ച ”അന്‍പോട് തൃശ്ശൂര്‍” കൂട്ടായ്മ, കുട്ടനാട്ടില്‍ വീട് വെള്ളത്തിലായിട്ടും, ദുരിതാശ്വാസ ക്യാമ്പുകളുടെ എകൊപനവുമായി ക്യാമ്പുകള്‍ തോറും ഓടി നടന്ന നിഴല്‍ വനം വകുപ്പ് മന്ത്രി, കുട്ടനാട്ടിലും, ഇടുക്കിയിലും, ചെങ്ങന്നൂരും വലിയ തോതില്‍ സഹായം എത്തിച്ച നിഴല്‍ ധനകാര്യമന്ത്രി, തന്റെ നാവികസേന ജീവിതത്തിലെ പരിചയത്തില്‍ നിന്നും, പറവൂര്‍ മേഖലയില്‍, മത്സ്യത്തൊഴിലാളികളെ നയിച്ച നിഴല്‍ വ്യവസായ മന്ത്രി, എന്നിവര്‍ എടുത്തുപറയേണ്ടുന്ന പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്. പ്രളയത്തില്‍ നഷ്ടം വന്നവര്‍ക്കുള്ള ദുരിതാശ്വാസം ആരുടേയും ഔദാര്യമല്ല, അവകാശമാണെന്ന കേരളാ നിഴല്‍ മന്ത്രിസഭയുടെ മുദ്രാവാക്യം ഏറ്റെടുത്തു കുട്ടനാട്ടിലും, വയനാട്ടിലും പറവൂരും പതിനായിരത്തോളം കുടുംബങ്ങള്‍ മുന്നോട്ടു വന്നതിലും കേരള നിഴല്‍ മന്ത്രിസഭക്ക് അഭിമാനിക്കാം.

പ്രളയത്തിനു ശേഷം കേരളത്തില്‍ ആദ്യമായി, ‘പ്രളയം എന്തുകൊണ്ട്, ആരാണ് അതിനു ഉത്തരവാദി’ എന്ന വിഷയത്തില്‍ ഇടപ്പള്ളിയില്‍ നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത ആള്‍ക്കാര്‍ കേരളത്തിലെ മിക്കവാറും എല്ലാ ജില്ലകളില്‍ നിന്നും ഉണ്ടായിരുന്നു. കേരളത്തില്‍ പലയിടത്തായി, പിന്നീട് നടന്ന തുടര്‍പരിപാടികളിലും പ്രധാന പങ്കു വഹിക്കാനും, ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും കേരള പുനര്‍ നിര്‍മ്മാണത്തെക്കുരിച്ചു ധാരണകള്‍ ഉണ്ടാക്കാനും കാര്യമായ ശ്രമം നടത്തി. ഇനിയുണ്ടാക്കുന്ന നവകേരളത്തില്‍ കാര്‍ബണ്‍ നിഷ്പക്ഷമായിരിക്കനമെന്ന അവബോധം കേരളത്തില്‍ ഉയര്‍ന്നു വരാനുള്ള പഠന പരിപാടികള്‍ ആസൂത്രണത്തിലാണ്.

നിയമ നിര്‍മ്മാണ സഭകളിലെ സ്ത്രീകളുടെ പ്രാതിനിത്യം :-
കേരളത്തിലെ ജനസംഖ്യയില്‍ 52 % സ്ത്രീകളായിട്ടും, നിയമ നിര്‍മ്മാണ സഭകളില്‍ അര്‍ഹമായ പ്രാതിനിത്യം അവര്‍ക്കു ലഭിക്കാത്തത് ഭരണഘടന ഉറപ്പുനല്‍കുന്ന രാഷ്ട്രീയ നീതിക്കും, സാമൂഹ്യനീതിക്കും തടസ്സമാണെന്നു മനസ്സിലാക്കി, അതിനു കേരളാ നിഴല്‍ മന്ത്രിസഭയുടെ രൂപീകരണത്തില്‍ തന്നെ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയായി ഒരു വനിത നയിക്കാനും കൂടി ആയപ്പോള്‍, അത് രാഷ്ട്രീയ കേരളത്തിനുള്ള ഒരു മികച്ച സന്ദേശമായി മാറി. ഈ വിഷയം കേരളത്തില്‍ ഒരു ചര്‍ച്ച ആയി ഉയര്‍ത്തി കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതും കേരളാ നിഴല്‍ മന്ത്രിസഭയുടെ ഉള്‍ക്കാഴ്ച വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ച് 8 ലെ വനിതാ ദിനത്തിലും, ലോകസഭ തിരഞ്ഞെടുപ്പിലും, ചിന്തിക്കുന്ന ആള്‍ക്കാര്‍ ഈ വിഷയം ഉറക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. കേരളത്തിനകത്തും പുറത്തും ജനസംഖ്യക്ക് ആനുപാതികമായി സ്ത്രീകള്‍ക്കും, മറ്റു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളിലെ പ്രാതിനിത്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ ഗ്രൂപ്പുകളെയും സഹകരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, കോഴിക്കോട്ടും, പാലക്കാട്ടും, ഏറണാകുളത്തും, കൊല്ലത്തും, തിരുവനന്തപുരത്തും, സംഘാടക സമിതി ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

സഹമന്ത്രിമാര്‍ :-
കേരളത്തിലെ ഓരോ മന്ത്രിമാരും ഒന്നിലേറെ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാമല്ലോ. മുഖ്യമന്ത്രി പോലീസും, വിജിലന്‍സും ഉള്‍പ്പെടെ ഏകദേശം 29 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. ധനകാര്യ വകുപ്പ് മന്ത്രി കയര്‍ ഉള്‍പ്പടെ 13 വകുപ്പുകളും. നൂറു കണക്കിന് ഉദ്യോഗസ്ഥരുടെയും 30 വ്യക്തിഗത സഹായികളുടെയും സഹായത്തോടെ അവര് ചെയ്യുന്ന ജോലി ഒരു നിഴല്‍ മന്ത്രിക്കും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ഓരോ നിഴല്‍ മന്ത്രിക്കും അഞ്ചു മുതല്‍ പത്തു വരെ വ്യക്തികള്‍ അവരുടെ സഹായ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു നിഴല്‍ മന്ത്രി, സ്ഥാനം ഒഴിയുക ആണെങ്കില്‍ പോലും, പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ച ഉണ്ടാകുമല്ലോ.

കൈപ്പുസ്തകം :-
ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്, കേരളാ നിഴല്‍ മന്ത്രിസഭ ഒരു കൈപ്പുസ്തകം തയ്യാറാക്കുന്നുണ്ട്. (1) മൂന്നു വര്‍ഷം തികച്ച കേരളത്തിലെ LDF സര്‍ക്കാരിനെ വിലയിരുത്തുന്ന, (2) സര്‍ക്കാരിലെ വകുപ്പുകളെ പരിചയപ്പെടുത്തുന്ന, (3) കേരളത്തിനു അനുയോജ്യമായ ഒരു ജനകീയ ബജറ്റു ജനങ്ങളുമായി പങ്കുവെക്കുന്ന (4) കേരളത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് ഉപയോഗിക്കാവുന്ന ബദല്‍ നിര്‍ദ്ദേശങ്ങളും ഉള്‍ക്കോള്ളുന്ന ഈ കൈപ്പുസ്തകം ഒന്നാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ജൂണ്‍ 30 നു പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കും.

ഭാവിപരിപാടികള്‍ :-
കേരളാ നിഴല്‍ മന്ത്രിസഭ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു തുടങ്ങിയാല്‍, രണ്ടാം ഘട്ടമായി, കേരളത്തിലെ 140 മണ്ഡലങ്ങളിലും അഞ്ചിനും പത്തിനും ഇടയില്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നിഴല്‍ നിയമസഭ കേരളത്തില്‍ ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍, എല്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോര്‍പ്പറേഷനുകളിലും ഉണ്ടാകുന്ന നിഴല്‍ പഞ്ചായത്തു/ നഗരസഭാ/ കൊര്‍പ്പറെഷനുകളിലൂടെ ഈ പ്രവര്‍ത്തനം സമ്പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Politics | Tags: | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള നിഴല്‍ മന്ത്രിസഭ

  1. I would like to know more about this initiative

Leave a Reply