ശാസ്ത്ര സാഹിത്യ പരിഷത്തിനോട് സ്‌നേഹപൂര്‍വ്വം

‘സ്വകാര്യ ലാഭാധിഷ്ഠിതമായ ഏതു സമൂഹത്തിലും ശാസ്ത്രത്തെ സ്വന്തം ലാഭം പരമാവധി വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുക. അല്ലാതെ സമൂഹനന്മ വര്‍ധിപ്പിക്കാനല്ല.സമൂഹത്തിന്റെ ഹ്രസ്വകാലാവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുമ്പോള്‍ തന്നെ ദീര്‍ഘകാലാവശ്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലേ ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രയോഗിക്കപ്പെടാവൂ എന്ന് ഉറപ്പു വരുത്തേണ്ടത് ജനകീയ പ്രസ്ഥാനങ്ങളുടെ കടമയാണ്. ‘ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മൗലിക കടമയായി പരിഷത്ത് ആരംഭകാലത്തേ വ്യക്തമാക്കിയ ഇക്കാര്യം ബില്‍ ഗേറ്റ്‌സും പൂനാവാലയും കേന്ദ്രസര്‍ക്കാര്‍ തന്നെയും കോവിഡിന്റെ പ്രയോജനമൂല്യം ഉപയോഗപ്പെടുത്തുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്

കേരളീയ സമൂഹത്തില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കേരളത്തിന്റെ പരിസ്ഥിതി – വിദ്യാഭ്യാസ- പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാലു പതിറ്റാണ്ടായി പരിഷത്ത് ചെയ്തു വന്ന പ്രവര്‍ത്തനങ്ങള്‍ സമാനതയില്ലാത്തതുമാണ്. 1977 ല്‍ കൊല്ലം വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട ത്രിപരിസ്ഥിതി സിദ്ധാന്തം മുതല്‍ ഭൂമി ഒരു പൊതു ഇടമാണെന്ന സമീപകാല ആശയ പ്രചാരണം വരെ കേരള സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിനെക്കരുതി ചര്‍ച്ച ചെയ്യേണ്ട നിരവധി ആശയങ്ങള്‍ പരിഷദ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലയില്‍ മോത്തികെമിക്കല്‍സ്, മുളങ്കുന്നത്തുകാവ് ആസ് ബസ്റ്റോസ്, ചാലിയാര്‍, ഭോപ്പാല്‍ തുടങ്ങി നിരവധി മലിനീകരണ വിരുദ്ധ സമരങ്ങളിലും സൈലന്റ് വാലി, ആതിരപ്പള്ളി, ചെമ്പ് – വേമ്പനാട്ട് കായല്‍ സമരം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ജനകീയമാക്കല്‍ തുടങ്ങിയ പ്രധാന സന്ദര്‍ഭങ്ങളിലും പരിഷത്ത് നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

അക്കാദമിക യോഗ്യതയുള്ള മഹാശാസ്ത്രജ്ഞന്മാരേക്കാള്‍ ശാസ്ത്രബോധത്തെയും സാമൂഹ്യബോധത്തെയും ആത്മീകരിച്ച , ഹോമിയോ ഗുളിക തിന്നുകയും രാസ്‌നേ രണ്ഡാദി കഷായം കുടിക്കുകയും ചെയ്തിരുന്ന സാധാരണ മനുഷ്യരായിരുന്നു പരിഷദിന്റെ ശക്തി. ക്യാപ്‌സൂളുകളിലൂടെയായിരുന്നില്ല പതിനായിരക്കണക്കിന് ശാസ്ത്ര ക്ലാസുകളിലൂടെയുള്ള സംവാദത്തിലൂടെയായിരുന്നു ഇവിടെ ജനകീയ ശാസ്ത്രം പച്ച പിടിച്ചത്. എസ്. പ്രഭാകരന്‍ നായര്‍ എന്ന ഒരു മനുഷ്യനെ, ഗ്രാമശാസ്ത്രമെന്ന ഒരു ഗ്രാമപത്രത്തെ ഇന്നത്തെ പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് ഓര്‍മ കാണാനിടയില്ല. ട്രോളുകളിലൂടെ ഇവര്‍ പരിഹസിക്കുന്ന ശാസ്ത്രം പറയുന്ന മലയാളം മാഷുമ്മാരും എല്‍.പി.സ്‌കൂള്‍ മാഷുമ്മാരുമൊക്കെയായിരുന്നു ഏറെക്കാലം ആ പ്രസ്ഥാനത്തെ നയിച്ചത്.

ഏതൊരു പ്രസിദ്ധീകരണത്തിലെയും മുന്‍കൂര്‍ ജാമ്യം പോലെ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളിലും അഭിപ്രായങ്ങള്‍ ലേഖകന്റെത് മാത്രമാണ് എന്ന് ഉള്ളടക്ക പേജില്‍ എഴുതി വെക്കാറുണ്ട്. രണ്ട് പതിറ്റാണ്ടു മുമ്പ് ഹോമിയോപ്പതി അശാസ്ത്രീയമാണ് എന്ന് ആരോപിച്ച ലേഖനം ശാസ്ത്രഗതിയില്‍ വന്നപ്പോള്‍ ലേഖന പേജിലും ഇത് ലേഖകന്റെ മാത്രം അഭിപ്രായമാണെന്ന ഡബിള്‍മാസ്‌ക് സംരക്ഷണത്താല്‍ പത്രാധിപ സമിതി സുരക്ഷിതരായിരുന്നു. ഒരു പാട് എതിര്‍/ അനുകൂല അഭിപ്രായങ്ങള്‍ വായനക്കാരില്‍ നിന്നും കത്തുകളായി പ്രകടിപ്പിക്കപ്പെട്ടു. സ്വന്തം ഉപജീവന ശാസ്ത്രത്തെ സത്യമെന്നു സ്ഥാപിക്കാന്‍ ഹോമിയോ രംഗത്തു നിന്നും അധികമാളുകളൊന്നും എത്തിയില്ല എന്നത് അന്നും ഇന്നും ആ ജ്ഞാന മേഖലയുടെ പരിമിതിയാണ്. ഹോമിയോയുടെ ‘ അശാസ്ത്രീയത ‘ യെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്തു തുടങ്ങിയത് ആ ലേഖനത്തിലൂടെയാകണം. ശാസ്ത്രത്തിന്റെ പരമ്പരാഗത രീതിശാസ്ത്രമനുസരിച്ച് ഹോമിയോ ചികിത്സയെ പരിശോധിച്ച ഡോ.മനോജ് കോമത്ത് (എന്നു തോന്നുന്നു.) ആ ലേഖനത്തിന്റെ ആശയം വ്യക്തിപരമെന്ന മുന്‍ കുറിപ്പില്ലാതെ തന്നെ പരിഷത്തിന്റെ ഔദ്യോഗികാഭിപ്രായമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് പുതിയ സാരഥികളുടെ വിജയം. ഹോമിയോ ഫലപ്രാപ്തിയെക്കുറിച്ച് ഉള്ള അനുഭവജ്ഞാനത്തിനപ്പുറം നാനോ കണിക ശാസ്ത്രം പോലുള്ള പുത്തനറിവുകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങള്‍ ആ മേഖലയില്‍ ഇന്ന് ധാരാളം നടക്കുന്നുണ്ട്. സ്വയം കണ്ണാടി നോക്കാന്‍ ഹോമിയോപ്പതിയെ പ്രേരിപ്പിച്ച ലേഖനം എന്ന നിലയില്‍ ആ ശാസ്ത്രഗതി ലേഖനത്തിന് ചരിത്ര പ്രാധാന്യവുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോറോണ കാലത്തിന് ആയുര്‍വേദത്തിന്റെയും ഹോമിയോയുടെയും വിലപ്പെട്ട സംഭാവന സ്വന്തം ജ്ഞാനശാസ്ത്ര പരികല്പനയില്‍ നിന്ന് കൊണ്ട് തന്നെ രോഗാവസ്ഥയെ വ്യവഛേദിച്ചറിയാനും ഒട്ടുമിക്കവാറും വിജയകരമായി കൈകാര്യം ചെയ്യാനും കഴിഞ്ഞു എന്നതാണ്. ലാക്ഷണിക ചികിത്സയിലൂടെ പ്രതിരോധവും രോഗശമനവും വരുത്തുന്ന അടിസ്ഥാന സിദ്ധാന്തത്തില്‍ നിന്നു കൊണ്ടാണ് ഹോമിയോ കോവിഡിനെ സമീപിച്ചതെങ്കില്‍ തൊണ്ണൂറ്റിയാറ് തത്വങ്ങളിലധിഷ്ഠിതമായി ചിട്ടപ്പെടുത്തിയ ഭാരതീയായുര്‍വേദത്തിന്റെ സമഗ്ര ദര്‍ശനം ആയുര്‍വേദത്തിന് കരുത്തായി. ചാവാന്‍ കിടക്കുന്നവന്റെ മൂക്കില്‍ ഗോമൂത്രം ഉറ്റിക്കുന്ന സംഘി ശാസ്ത്രത്തിന്റെ പശ്ചാത്തല വെളിച്ചത്തില്‍ മാത്രം കാണുന്നതു കൊണ്ടു കൂടിയാണ് ആയുര്‍വേദത്തിന്റെ രീതികളെ അശാസ്ത്രീയമെന്ന് അപ്രമാദിത്വശാസ്ത്ര വാദികള്‍ക്ക് പറയേണ്ടി വരുന്നത്. അപരാജിത ധൂപ ചൂര്‍ണം ഒരു രാംദേവ് പ്രൊഡക്ടല്ല. അഷ്ടാംഗഹൃദയത്തില്‍ ജ്വര ചികിത്സയില്‍ പറയുന്ന അപരാജിത ചൂര്‍ണവും ഭൂതാഷ്ടഗന്ധം പോലുള്ള കേരളിയ ധൂപ ചൂര്‍ണങ്ങളും ശതാബ്ദങ്ങളായി വൈദ്യന്മാരും സാധാരണ ജനങ്ങളും വിഷമ ജ്വര ഹേതുവായി പ്രാചീന വൈദ്യം പറയുന്ന ‘ഭൂതാവേശാദി ആഗന്തുകങ്ങളെ’ (സൂക്ഷ്മജീവികളെ എന്ന് യുക്തിയുള്ള ചികിത്സകന്‍ കാലോചിതമായി മനസിലാക്കും.) അകറ്റാന്‍ പ്രയോഗിക്കുന്നതുമാണ്. ധൂമ വസ്തുവായ ഗുല്‍ഗുലുവിന്റെയും മറ്റും അണു നാശന ഗുണത്തെപ്പറ്റി ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ ഉണ്ട്. അപരാജിത ചൂര്‍ണത്തെപ്പറ്റി കേരളത്തില്‍ തന്നെ നടത്തിയ പരീക്ഷണങ്ങളുടെ ബോധ്യത്താലാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ” സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി ‘ നിര്‍മിച്ച അപരാജിത ചൂര്‍ണ ധൂമ പ്രയോഗം നടത്തിയത് .

പുതിയതായാലും പഴയതായാലും ശാസ്ത്രീയമെന്നതോടൊപ്പം ജനകീയമായതും ജനാധിപത്യപരമായതുമായ ഒരു സമീപനത്തിലൂടെ അറിവിന്റെ മേഖലകളെ സമീപിക്കുകയായിരുന്നു എം.കെ.പി.യുടെയും ഗംഗാധരന്‍ മാഷുടെയും എം.പി.പരമേശ്വരന്റെയും ഒക്കെ കാലത്തെ പരിഷത്ത് ചെയ്തത്. പരപുച്ഛം മാത്രം കൈമുതലാക്കിയ ക്യാപ്‌സ്യൂള്‍ ബുദ്ധികൊണ്ടല്ല , ജൈവികവും മാനുഷികവുമായ ഇടപെടലുകളിലൂടെയാണ് ബീഡിക്കമ്പനിയിലെയും നെയ്ത്ത് ശാലയിലെയും വയല്‍ ചെളിയിലെയും സാധാരണ തൊഴിലാളികളെ ക്കൂടി കേശാസാപ ശാസ്ത്രബോധിയാക്കി മാറ്റിയത്.

1977 മെയ് മാസത്തില്‍ കാലടിയില്‍ നടന്ന പ്രവര്‍ത്തക ക്യാമ്പില്‍ സൈലന്റ് വാലി പദ്ധതി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രൊഫ. എം.കെ. പ്രസാദ് അവതരിപ്പിച്ച പ്രമേയം പാസായില്ല. പിന്നീട് സൈലന്റ് വാലി ക്യാംപയിന്‍ പരിഷത് ഏറ്റെടുക്കുകയും സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചുള്ള അന്താരാഷ്ട്ര അംഗീകാരം തന്നെ പരിഷത്തിനെ തേടിയെത്തുകയും ചെയ്തു – കത്താന്‍ താമസിച്ചാലും ദിവി സൂര്യ സഹസ്രസ്യമാണ് പാരിഷദികജ്ഞാനദീപ്തി. പഠിക്കുകയും പഠിച്ചു മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന ജനകീയാരോഗ്യ പ്രസ്ഥാനം പതുക്കെയെങ്കിലും കാര്യങ്ങള്‍ മുന്‍ വിധിയില്ലാതെ പഠിച്ച് മനസിലാക്കും എന്നു കരുതാം. എന്തുകൊണ്ടാണ് പരിഷത്തിന്റെ ജനകീയാടിത്തറ ഉപ്പുവെച്ച നിലം പോലെയായി മാറിയതെന്ന് സ്വയം പഠിക്കാനും അവര്‍ക്കാവട്ടെ .

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘സ്വകാര്യ ലാഭാധിഷ്ഠിതമായ ഏതു സമൂഹത്തിലും ശാസ്ത്രത്തെ സ്വന്തം ലാഭം പരമാവധി വര്‍ധിപ്പിക്കാനാണ് ഉപയോഗിക്കുക. അല്ലാതെ സമൂഹനന്മ വര്‍ധിപ്പിക്കാനല്ല.സമൂഹത്തിന്റെ ഹ്രസ്വകാലാവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുമ്പോള്‍ തന്നെ ദീര്‍ഘകാലാവശ്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലേ ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രയോഗിക്കപ്പെടാവൂ എന്ന് ഉറപ്പു വരുത്തേണ്ടത് ജനകീയ പ്രസ്ഥാനങ്ങളുടെ കടമയാണ്. ‘ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ മൗലിക കടമയായി പരിഷത്ത് ആരംഭകാലത്തേ വ്യക്തമാക്കിയ ഇക്കാര്യം ബില്‍ ഗേറ്റ്‌സും പൂനാവാലയും കേന്ദ്രസര്‍ക്കാര്‍ തന്നെയും കോവിഡിന്റെ പ്രയോജനമൂല്യം ഉപയോഗപ്പെടുത്തുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ‘എന്തുകൊണ്ട് ?’ എന്ന ആ പഴയ പരിഷദ് പുസ്തകമാണ് ജലദോഷത്തിന് വാക്‌സിന്‍ കണ്ടു പിടിക്കാനാവാത്തത് എന്തുകൊണ്ട് എന്ന് നാല്പതു കൊല്ലം മുമ്പ് ഞങ്ങളെ പഠിപ്പിച്ചത്. അതേ സംശയമാണ് ഇപ്പോഴും . ഉത്തരം നാല്പതു വര്‍ഷം മുമ്പെ പരിഷദ് പറഞ്ഞതു തന്നെ എന്നുമറിയാം. പക്ഷെ അത് പുതിയ പരിഷത്ത് ഉറക്കെ പറയില്ല.

സമ്പൂര്‍ണ നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കിയ സീഷെല്‍സിലെ രോഗാതുരത ഇന്ത്യയേക്കാള്‍ കൂടുന്നത്, തങ്ങളുടെ പരമ്പരാഗത ചികിത്സാമാര്‍ഗങ്ങളെ കൈവിടാതെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് സ്ഥിതി നിയന്ത്രണ വിധേയമാക്കിയ ചൈനയിലെ വുഹാനില്‍ കാര്‍ണിവലുകള്‍ നടക്കുന്നത്, ഇന്ത്യയുടെ സ്വന്തം കോ വാക്‌സിനേക്കാള്‍ ആസ്ട്രാ സെനീക്ക വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് , ഔദ്യോഗിക ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിന്റെ പേറ്റന്റ് പൊതുമേഖലയിലാകാതെ പോകുന്നത്, രണ്ട് തവണത്തെ വാക്‌സിനുമെടുത്തിട്ടും രോഗം വരുന്നത്. ഇങ്ങനെ എന്തുകൊണ്ടെന്തു കൊണ്ടെന്നുള്ള ധാരാളം സംശയങ്ങളുമായി, ചോദ്യങ്ങളുമായി ശാസ്ത്രത്തെ സ്‌നേഹിക്കുന്ന സാധാരണ മനുഷ്യര്‍ നാട്ടിലുണ്ട്. പരിഷത്ത് വീണ്ടും അവരെ അഭിസംബോധന ചെയ്യുക. ‘ മെഡിക്കല്‍ അസോസിയേഷനുകളാല്‍ പ്രായോജനം ചെയ്യപ്പെടാത്ത സത്യസന്ധമായ മറുപടികള്‍ പറയുക..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply