കേരളാ മോഡല്‍: പുതിയ കാലത്തേക്കുള്ള പുനരാലോചനകള്‍ നടന്നോ…?

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഭദ്രത തുടങ്ങിയവയില്‍ ദേശീയ ശരാശരിയെ പിന്നിട്ടു കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ കേരള മോഡല്‍ എന്ന ഒറ്റ പദത്തില്‍ ഭദ്രമാക്കി ഇനിയും മുന്നോട്ടു പോകാനാകില്ലെന്നു സമകാലിക മാറ്റങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പറഞ്ഞ നേട്ടങ്ങളില്‍ മാത്രം അഭിരമിക്കുന്നതിനു പകരം കാലാനുസൃതമായ മാറ്റങ്ങളെ സൂക്ഷ്മതലത്തില്‍ സ്വാംശീകരിച്ച് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഇനി കേരളം മുതിരേണ്ടത്.

ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് സാമൂഹിക വികസന മാനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങളാണ്. മനുഷ്യ വികസന സൂചികയില്‍ (HDI) കേരളം നിലനിര്‍ത്തുന്ന ചെങ്കുത്തായ രേഖ കേരളത്തിലെ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തെയാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ചുരുങ്ങിയ കാലം കൊണ്ട്, ഉയര്‍ന്ന വ്യാവസായിക വളര്‍ച്ചയില്ലാതെ തന്നെ ഇന്ത്യയുടെ ശരാശരി നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കേരളത്തിന്റെ വളര്‍ച്ച. യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ജീവിത ഗുണനിലവാരത്തെ എത്തിപ്പിടിക്കുന്ന വിധത്തില്‍ കേരളം വളര്‍ന്നപ്പോള്‍ അമര്‍ത്യസെന്‍ അടക്കമുള്ള സാമ്പത്തിക വിദഗ്ധര്‍ കേരളത്തെ സവിശേഷമായി പഠിക്കുകയും ‘കേരള മോഡല്‍ വികസനം’ എന്ന പദാവലി തന്നെ ഒരു പഠനശാഖയായി വളരുകയും ചെയ്തു.

ഏറെ പാടിത്തഴമ്പിച്ച കേരള മോഡലിന് ഇന്നും പ്രസക്തിയുണ്ടോ, അതോ പൂര്‍വ്വ പ്രതാപത്തില്‍ അഭിരമിക്കുന്ന വ്യര്‍ത്ഥ സങ്കല്‍പം മാത്രമായി ഈ പ്രയോഗം മാറിയിട്ടുണ്ടോ എന്ന് ആത്മവിമര്‍ശനം നടത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. കാരണം, ആധുനിക സാമൂഹിക സംവിധാനങ്ങളേയും ജനാധിപത്യ ജീവിതരീതിയും പുല്‍കുന്നതില്‍ കേരളം നടന്ന വേഗത ഏതെങ്കിലും സുപ്രഭാതത്തിലുദിച്ച പ്രചോദനത്തില്‍ നിന്നുണ്ടായതായിരുന്നില്ല, പതിറ്റാണ്ടുകളുടെ സാമൂഹിക നവോത്ഥാന പ്രക്രിയകളുടെ ഫലമായി രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ജനത, തങ്ങളുടെ കര്‍ത്തവ്യം തിരിച്ചറിഞ്ഞ് ജനാധിപത്യ ബോധ്യങ്ങളില്‍ നിന്നുകൊണ്ട് പക്വമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു. ആ ജനകീയൗത്സുക്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ അതോ അഭിമാനാതിരേകത്താല്‍ തമസ്‌കരിക്കപ്പെട്ടു പോയോ എന്നു പരിശോധിക്കേണ്ടതുണ്ട്.

സമത്വാധിഷ്ടിത സാമൂഹിക വ്യവസ്ഥിതി ഉള്‍ക്കൊണ്ട് കൊണ്ട് ഒരു ഇടതുപക്ഷ സര്‍ക്കാറിനെ തെരഞ്ഞെടുത്തതു മൂലം സമൂലമല്ലെങ്കിലും, തത്വത്തില്‍, ഭൂപരിഷ്‌കരണ നയം നടപ്പിലാക്കാന്‍ കേരളത്തിന് സാധിച്ചു. സംഘടിത സാമൂഹിക ശ്രമങ്ങള്‍ ജനങ്ങളില്‍ ജനാധിപത്യ ബോധം ഊട്ടിയുറപ്പിക്കുന്നതില്‍ തുണയായിട്ടുണ്ട്. വിദ്യാഭ്യാസ അവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റുന്നതില്‍ ജനങ്ങളുടെ കണിശത പ്രാഥമിക വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളെ ജാഗ്രത്തായും ഫലപ്രദമായും പ്രവര്‍ത്തിപ്പിച്ചു. ഇങ്ങനെ പല ഘടകങ്ങളുടെ സഞ്ചയിത ഫലമായിരുന്നു കേരളാ വികസന മാതൃക.

കേരള മോഡല്‍; പ്രഥമഘട്ടം

പൊതുവെ കാര്‍ഷിക മേഖലയില്‍ വ്യാപൃതമായിരുന്ന കേരളം സാമ്പത്തികമായി വന്‍ പുരോഗതി നേടിയിരുന്നില്ല. പൊതുവിതരണം ശാക്തീകരിക്കപ്പെട്ടിരുന്നെങ്കിലും ദാരിദ്ര്യം വിട്ടുമാറിയിരുന്നില്ല. ഒരു നേരത്തെ വക എത്തിക്കാന്‍ ധാരാളം മുസ്ലീം കുടുംബങ്ങള്‍ മലബാറില്‍ നിന്ന് കര്‍ണ്ണാടകയിലെ ചിക്ക്മംഗളൂര്‍, ഷിമോഗ എന്നീ ജില്ലകളിലേക്ക് കുടിയേറിയിരുന്നു. ഇന്നും ഷിമോഗയിലെ ലിങ്കണ്‍മക്കി ഡാം, ഭദ്ര ഡാം എന്നിവയ്ക്കടുത്തായി ധാരാളം മലയാളി മുസ്ലീം കുടുംബങ്ങളേയും തമിഴ് മുസ്ലിംകളേയും കാണാന്‍ കഴിയും. സാങ്കേതിക വിദ്യകള്‍ അത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഡാം നിര്‍മ്മാണ പ്രക്രിയകള്‍ക്ക് ആള്‍ തൊഴില്‍ ധാരാളം ആവശ്യമായിരുന്നു അക്കാലത്ത്.

കേരള മോഡല്‍ വികസനം നിവര്‍ന്നു നില്‍ക്കുന്നത് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതില്‍ കൂടിയാണ്. അത് സാധ്യമായത് എഴുപതുകളിലെ ഗള്‍ഫ് കുടിയേറ്റങ്ങളിലാണെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ഗള്‍ഫ് കുടിയേറ്റം ഇവിടത്തെ അഭ്യസ്തവിദ്യരല്ലാത്ത ദരിദ്ര കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിരായിരുന്നു, വിശേഷിച്ചും മുസ്ലിംകള്‍ക്ക്.

പ്രാഥമിക മേഖലയായ കാര്‍ഷിക രംഗത്ത് മാത്രമൂന്നി മുന്നോട്ട് നീങ്ങിയ കേരളത്തിന്, നവോത്ഥാന സാമൂഹിക പരിസരങ്ങളില്‍ വഴിതെളിച്ച അടിസ്ഥാന വിദ്യാഭ്യാസ അവശ്യങ്ങളെയും ആരോഗ്യ- സാമൂഹികക്ഷേമ രംഗത്തെയും പുത്തനുണര്‍വ്വോടെ മുന്നോട്ട് നയിക്കാനായത് പ്രവാസി സമൂഹം വഴി അഭിവൃദ്ധിപ്പെട്ട പുതിയ സാമ്പത്തിക ഊര്‍ജ്ജത്തിലാണ്. അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കേരളം പുഷ്ടിപ്പെടുകയും സാമ്പത്തികനില പ്രാഥമിക മേഖലയില്‍ നിന്ന് വലത്തോട്ട് തെന്നുകയും ചെയ്തത് അങ്ങനെയാണ്.

അഭ്യസ്തവിദ്യരുടെ വളര്‍ച്ച കേരളത്തില്‍ തൃതീയ രംഗമായ സേവന മേഖലയെ വളര്‍ത്തുകയുണ്ടായി. സാമ്പത്തിക ശാസ്ത്രത്തിലെ ആനുഭാവിക വികസന രീതിയായ കാര്‍ഷിക മേഖലയില്‍ നിന്ന് വ്യാവസായിക രംഗത്തേക്കുള്ള മാറ്റത്തെ കേരളം സ്വാഗതം ചെയ്തില്ല. അടിസ്ഥാനപരമായി ജനങ്ങളിലെ ഇടതാനുകൂല ജനാധിപത്യ ബോധവും സംഘടിത തൊഴിലാളി, ട്രേഡ് യൂണിയന്‍ കെട്ടുപാടുകളും അതോടൊപ്പം വ്യാവസായാനുകൂലമല്ലാത്ത കേരളത്തിലെ ഭൂമിശാസ്ത്ര- പരിസ്ഥിതി ചുറ്റുപാടും അതിനു കാരണമായിട്ടുണ്ട്.

കേരള മോഡല്‍; ഒരു തിരിഞ്ഞുനോട്ടം

വര്‍ഷങ്ങള്‍ കടന്നു പോയി. ആദ്യകാലത്ത് വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പിന്തിരിഞ്ഞ് അതിജീവന ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മുസ്ലിങ്ങളും ക്രമേണ അഭ്യസ്തവിദ്യകളില്‍ പ്രവേശിച്ചു തുടങ്ങി. കേരളത്തിന്റെ വാര്‍ഷിക വരുമാനത്തിലും തുടര്‍ന്ന് അടിസ്ഥാന വികസനങ്ങളിലും പൊതുവായ മുന്നേറ്റം വരുത്തുന്നതില്‍ ഗള്‍ഫ് കുടിയേറ്റം നിമിത്തമായിട്ടുണ്ട്. പക്ഷേ പലരും അഭിപ്രായപ്പെടാറുള്ളതുപോലെ മുസ്ലിങ്ങളെ സവിശേഷമായി സമൂലമായി ഗള്‍ഫ് കുടിയേറ്റം വളര്‍ത്തിയിട്ടില്ലെന്നതാണ് ഇപ്പോഴും മുസ്ലിങ്ങള്‍ക്കിടയില്‍ ദലിതരേക്കാളും അവശത അനുഭവിക്കുന്നവരുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന സി.ഡി.എസിലെ കെ.സി സക്കറിയയുടെ ‘Religious Denomination of Kerala’ എന്ന 2016 ല്‍ പ്രസിദ്ധീകരിച്ച പേപ്പര്‍ വ്യക്തമാക്കുന്നത്.

ഭൂരിഭാഗം വരുന്ന അഭ്യസ്തവിദ്യരല്ലാത്ത ഗള്‍ഫ് ആശ്രിതരുടെ പിന്‍തലമുറയില്‍ വിദ്യാഭ്യാസപരമായി വളര്‍ച്ച നേടാന്‍ ശ്രമിക്കുന്നവര്‍ ധാരാളം വളരുകയുണ്ടായി. ഗള്‍ഫ് സ്വപ്നം മാത്രം മുന്നില്‍ കണ്ട് വളരുന്ന തലമുറയും ഉണ്ട്, പ്രത്യേകിച്ച് മുസ്ലിംകള്‍ക്കിടയില്‍. അവര്‍ കേരളീയ ചുറ്റുപാടില്‍ അടിസ്ഥാന വിദ്യാഭ്യാസം നേടിയ സാക്ഷരര്‍ തന്നെയാണെങ്കിലും, പക്ഷേ അഭ്യസ്തവിദ്യകൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പിക്കാന്‍ കഴിയാത്തവരാണ്. ഇതേ പ്രശ്‌നം സാക്ഷര കേരളത്തില്‍ വളരുന്ന യുവതലമുറ പൊതുവെ അനുഭവിക്കുന്നതായും ഇന്ന് കാണാന്‍ കഴിയും. അവിടെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖല പുതിയ കാലത്ത് ചോദ്യം ചെയ്യപ്പെടുന്നത്. അത് അടിസ്ഥാനപരമായി കേരള മോഡല്‍ എന്ന ആശയത്തെ വിമര്‍ശനാത്മകമായി സമീപിക്കേണ്ട ആവശ്യത്തെ ചൂണ്ടുന്നുണ്ട്.

കേരള മോഡല്‍; പുനരാലോചനകള്‍

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഭദ്രത തുടങ്ങിയവയില്‍ ദേശീയ ശരാശരിയെ പിന്നിട്ടു കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ കേരള മോഡല്‍ എന്ന ഒറ്റ പദത്തില്‍ ഭദ്രമാക്കി ഇനിയും മുന്നോട്ടു പോകാനാകില്ലെന്നു സമകാലിക മാറ്റങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പറഞ്ഞ നേട്ടങ്ങളില്‍ മാത്രം അഭിരമിക്കുന്നതിനു പകരം കാലാനുസൃതമായ മാറ്റങ്ങളെ സൂക്ഷ്മതലത്തില്‍ സ്വാംശീകരിച്ച് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഇനി കേരളം മുതിരേണ്ടത്.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സാക്ഷരതയില്‍ സമ്പൂര്‍ണ്ണത കൈവരിക്കുമ്പോഴും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണ് കേരളത്തില്‍. ആധുനികത പിന്നിട്ട് ലോകം പുതിയ ചുവടുവെപ്പുകള്‍ നടത്തുമ്പോള്‍ ആധുനികതയുടെ പഴയ പ്രവണതകളില്‍ കൈവരിച്ച നേട്ടങ്ങളില്‍ പ്രൗഢി നടിച്ച് മുന്നോട്ടുപോകാനാകില്ല. വികസനത്തിന്റെ പുതിയ മാതൃകയിലേക്കുള്ള പുനരാലോചനകള്‍ അനിവാര്യമാണ്.

ആരോഗ്യരംഗത്തും പുതിയ പ്രവണതകള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വേണം. രോഗങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിലുപരിയായി, രോഗം വരാതെ സൂക്ഷിക്കുന്ന ഒരു ആരോഗ്യ സംസ്‌കാരം വാര്‍ത്തെടുക്കാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ സാമൂഹിക വികസനത്തെ കിടപിടിക്കുന്ന കേരളാ മോഡലിനായിട്ടുണ്ടോ? ശുചിത്വമാണ് അതില്‍ പ്രധാന ചോദ്യഛിന്നം. വ്യക്തിശുചിത്വത്തില്‍ ബോധവന്മാരാണെങ്കിലും പൊതുശുചിത്വ കാര്യത്തില്‍ സാക്ഷര കേരളീയര്‍ അലംഭാവം വെടിഞ്ഞിട്ടില്ല എന്നതാണ് സത്യം. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് വലിച്ചെറിയുന്നതോ പുകവലിക്കുന്നതോ നിയന്ത്രിക്കപ്പെടുന്നുണ്ടോ. നിയമങ്ങളെല്ലാം എഴുതിവെക്കപ്പെട്ടതിലപ്പുറം പ്രാവര്‍ത്തികമാകുന്നുണ്ടോ? സിംഗപ്പൂരിലും അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലുമെല്ലാം പുലര്‍ത്തുന്ന ശുചിത്വത്തിന്റെ സാമൂഹിക കാഴ്ച്ചപ്പാട് കേരളീയ സമൂഹത്തിനില്ല എന്നതാണ് വസ്തുത. സംഘടിത ശക്തിയുള്ളതും രാഷ്ടീയ പ്രബുദ്ധവുമായ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കാര്യക്ഷമമായ മാലിന്യ നിര്‍മ്മാര്‍ജന പ്രക്രിയകള്‍ നടത്താന്‍ സര്‍ക്കാറുകള്‍ മുതിര്‍ന്നിട്ടില്ല. ഒരു പെരുമഴ കഴിഞ്ഞാല്‍ പെരുകുന്ന രോഗാവസ്ഥക്ക് പരിഹാരം പൊതുശുചിത്വ മാതൃകകള്‍ പിന്തുടരുക എന്നതാണ്.

ആരോഗ്യരംഗത്ത് വൈറോളജി ലാബുകളടക്കമുള്ള ഉന്നത ഗവേഷണ സ്ഥാപനങ്ങളുടെ ആവശ്യകത നിപ്പയും കൊറോണയും കേരളത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രഥമവും പ്രധാനവുമായ മൂലധനം നഴ്‌സിംഗ് മേഖലയാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു.

കേരളാ മോഡല്‍ പ്രവാസി മടക്കം നല്‍കുന്ന പാഠങ്ങള്‍

അപ്രതീക്ഷിതമായ രണ്ട് പ്രളയങ്ങളും ദേശീയ സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തോടൊപ്പം പ്രവാസികളുടെ ഗള്‍ഫ് മടക്കവുമായപ്പോള്‍ ഐക്യകേരളം അഭിമുഖീകരിക്കാന്‍ പോകുന്നത് മുമ്പൊന്നുമില്ലാത്ത ഭീതിദമായ സാമ്പത്തിക പ്രതിസന്ധിയാണ്. സി.ഡി.എസ് പ്രസിദ്ധീകരിച്ച 2018-ലെ റിപ്പോര്‍ട്ട് പ്രകാരം 2013 -2018 കാലയളവില്‍ മടങ്ങി വന്ന പ്രവാസികളുടെ എണ്ണം മൂന്ന് ലക്ഷമാണ്. ഇത് 2013-ലെ കണക്ക് പ്രകാരമുള്ള ആകെ പ്രവാസികളുടെ പത്തിലൊന്നു കൂടിയാണ്. കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ 85 ശതമാനവും ഗള്‍ഫ് മേഖലയെ ആശയിച്ചു കഴിയുന്നവരാണ്. തൊട്ടടുത്ത് നില്‍ക്കുന അമേരിക്കയിലാകട്ടെ വെറും 3 ശതമാനവും. സൗദിയുടെ സ്വദേശിവത്ക്കരണവും യുഎഇയുടെ നിര്‍മ്മാണ പ്രവൃത്തി മേഖല പുരോഗമിച്ചതും പ്രവാസി മടക്കത്തിന് വലിയ കാരണമാണ്. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ലേബര്‍ ക്യാമ്പുകള്‍ അടച്ചുപൂട്ടുകയും തദ്വാരാ അവയെ ആശ്രയിച്ച് കഴിയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പൂട്ടിപ്പോവുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

2014-ല്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 36.3 ശതമാനവും (ഏകദേശം 85,000 കോടിക്കടുത്ത്) ഗള്‍ഫില്‍ നിന്നൊഴുകിയ പ്രവാസ സമ്പാദ്യമായിരുന്നു. പ്രവാസി മടക്കം കേരളത്തെ രൂക്ഷമായ പ്രതിസന്ധിയില്‍ അകപ്പെടുത്തുന്നുവെങ്കില്‍ അത് ചൂണ്ടുന്നത് കേരളാ മോഡല്‍ വികസനത്തിന്റെ അകം ശൂന്യതയിലേക്കാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. പബ്ലിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ 2017 – 18 പ്രകാരം നാഗാലാന്‍ഡും ഗോവയും മണിപ്പൂരും കഴിഞ്ഞാല്‍ ഉയര്‍ന്ന തൊഴിലില്ലായ്മ അനുഭവിക്കുന്ന സംസ്ഥാനമാണ് കേരളം.

തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാര്‍ഷിക എംപ്ലോയ്‌മെന്റ് അണ്‍ എംപ്ലോയ്‌മെന്റ് സര്‍വ്വേ പ്രകാരം 12 ശതമാനം തൊഴിലില്ലായ്മ നിരക്കുള്ള കേരളം ഇന്ത്യയുടെ ശരാശരി തൊഴിലില്ലായ്മയേക്കാള്‍ 5 ശതമാനം മുന്നിലാണ്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതില്‍ ശാശ്വതമായ വികസനമാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് കേരളം മുതിര്‍ന്നിരുന്നോ. വ്യാവസായികമായ പുരോഗതിയില്‍ അല്‍പമെങ്കിലും ചുവടു വെക്കാന്‍ ശ്രമിച്ചിട്ടില്ല. തൊഴില്‍ അനുബന്ധമായ കഴിവുകള്‍ വളര്‍ത്തുന്ന രീതിയില്‍ ഉന്നതവിദ്യാഭാസ രംഗത്തെ നവീകരണ ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചില്ലെങ്കില്‍ ആസന്നഭാവിയില്‍ തൊഴിലില്ലായ്മ രൂക്ഷമായി തന്നെ ബാധിക്കും.

‘ന്റുപ്പുപ്പാക്കൊരാനേണ്ടേര്‍ന്ന്’ എന്ന രീതിയില്‍ ‘കേരള മോഡല്‍’ എടുത്തു ഞെളിഞ്ഞു നടക്കുകയാണെങ്കില്‍ നാം ഭാവിയില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. പുറംപൂച്ചുകള്‍ക്ക് നിറമടിച്ച് എത്ര കാലം മുന്നോട്ടു പോകാനാകും. കേരള മോഡല്‍ പഴയ പ്രതാപമാണ്, പുതിയ കാലത്തിനു വേണ്ടി നാം അതിനെ പരിഷ്‌കരിച്ചിട്ടില്ല. കേരള മോഡല്‍ ക്രിയാത്മകമായി എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഇനി നമ്മള്‍ ആലോചിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply