എല്‍ഡിഫിനെ വിജയിപ്പിച്ചത് കോവിഡ് പ്രതിരോധം, പക്ഷെ തോറ്റതാര് ?

പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിക്കൊണ്ട് കേരളജനതയെഴുതിയ വിധിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. അതെ കുറിച്ചൊരു അഭിപ്രായം പറയാനാണ് ഉദ്ദേശിക്കുന്നത്. കോവിഡ് മഹാമാരി മൂലം ഉളവായ അരക്ഷിതാവസ്ഥയുടെ സന്ദര്‍ഭത്തില്‍ താരതമ്യേന മെച്ചപ്പെട്ട വിധം അതിനെ നേരിടാന്‍ സാധിച്ചെന്ന പ്രതീതി സൃഷ്ടിച്ചതും സൗജന്യ ഭക്ഷണവും കിറ്റും എല്ലാം ഭരണാധികാരികളെ രക്ഷകരായി കാണുന്ന മനോഭാവം ജനങ്ങളില്‍ ഉളവാക്കും. ഈ മനോഭാവത്തെ വളരെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തും വിധം തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതിലൂടെ, സാധാരണ ഉയര്‍ന്നുവരാറുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ കഴിഞ്ഞതുകൊണ്ടു കൂടിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം സാധ്യമായത്.

UDF ല്‍ നിന്നും പുറത്തുവന്ന പാര്‍ട്ടികളെ, രാഷ്ട്രീയ ധാര്‍മ്മികതകളൊന്നും പരിഗണിക്കാതെ തങ്ങളുടെ ഘടകകക്ഷികളാക്കിയതും അവര്‍ക്കു തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ വരെ നല്‍കി കൂടെ നിര്‍ത്തിയതും ഈ വിജയത്തിനു സഹായകമായിട്ടുണ്ട്. 99 സീറ്റുകള്‍ നേടി വന്‍വിജയം കരസ്ഥമാക്കിയെങ്കിലും 2016 ലഭിച്ചതിനേക്കാള്‍ 1.9.5 ശതമാനം വോട്ടു വര്‍ദ്ധനയോടെ 45.43 ശതമാനം വോട്ടാണ് LDF ന് കിട്ടിയത്. ജോസ് കെ. മാണിയുടെ കേരളാകോണ്‍ഗ്രസും വീരേന്ദ്രകുമാറിന്റെ ജനതാദളും LDF ലേക്ക് ചേക്കേറിയത്തിന്റെ പ്രതിഫലനം കൂടിയാണീ വര്‍ധന. അതേസമയം രണ്ടുപാര്‍ട്ടികള്‍ മുന്നണി വിട്ടുപോയിട്ടും UDF നും അരശതമാനത്തിലധികം വോട്ടു വര്‍ധിച്ചിട്ടുണ്ട്. ബിജെപി മുന്നണിക്കാവട്ടെ രണ്ടര ശതമാനത്തോളം വോട്ടുകുറഞ്ഞു. ബിജെപിയുടെ സിറ്റിംഗ് സീറ്റു നഷ്ടമായതും അവരുടെ വോട്ടുവിഹിതം കുറഞ്ഞതും തങ്ങള്‍ മൂലമാണെന്ന് അവകാശപ്പെടുന്ന ഇരുമുന്നണികളും ബിജെപിയുടെ വോട്ടുകള്‍ എതിര്‍ മുന്നണിക്കായി മറിച്ചെന്നു പരസ്പരം ആരോപിക്കുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ബിജെപിക്കു ശക്തിക്ഷയം സംഭവിച്ചിട്ടുണ്ടോ. സീറ്റൊന്നും കിട്ടിയില്ലെങ്കിലും ബിജെപി ഒന്‍പതു മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. (കഴിഞ്ഞതവണ ഒരു വിജയവും ഏഴ് രണ്ടാം സ്ഥാനവുമാണ് അവര്‍ക്കുണ്ടായിരുന്നത്). അവരുടെ പ്രധാന സഖ്യകക്ഷിയായിരുന്ന BDJS ന്റെ സാന്നിധ്യം ഇത്തവണ കാര്യമായി ഉണ്ടായിരുന്നില്ല എന്നതുകൂടി പരിഗണിക്കുമ്പോള്‍ ബിജെപിക്കു കാര്യമായ ശക്തിക്ഷയം സംഭവിച്ചു എന്ന് വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. മാത്രമല്ല, ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളെ താലോലിക്കും വിധമുള്ള സമീപനങ്ങള്‍ LDF ഉം UDF ഉം സ്വീകരിക്കുകയും ചെയ്തിരുന്നു. ബഹുഭൂരിപക്ഷം തസ്തികകളും സവര്‍ണര്‍ കൈവശപ്പെടുത്തിയിട്ടുള്ള ദേവസ്വം ബോര്‍ഡില്‍ സവര്‍ണ സാമ്പത്തിക സംവരണം നടപ്പാക്കിയതും , കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സവര്‍ണ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശുഷ്‌കാന്തി കാണിച്ചതും, (സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട് സാമ്പത്തിക സവരണമാണെങ്കിലും, സവര്‍ണര്‍ക്കു മാത്രമായി നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സവര്‍ണ സംവരണം സാമ്പത്തിക സംവരമാണെന്നാണവര്‍ ധരിച്ചുവച്ചിരിക്കുന്നത്)

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ശബരിമല സ്ത്രീപ്രവേശനത്തില്‍ സ്വീകരിച്ചിരുന്ന നിലപാടുകള്‍ മയപ്പെടുത്തി വിശ്വാസികളുടെ വികാരത്തെ മാനിക്കുമെന്നു പറഞ്ഞതുമെല്ലാം ബിജെപിക്കു ലഭിച്ചിരുന്ന കുറെ വോട്ടുകള്‍ LDF നു കിട്ടാന്‍ സഹായകമായിട്ടുണ്ടാകാം. അതേസമയം ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചത്, കുറെ ബിജെപി അനുകൂല വോട്ടുകള്‍ UDF ലേക്ക് പോകാനും ഇടയാക്കിയിട്ടുണ്ട്. ഇങ്ങനെ UDF ഉം LDF ഉം ബിജെപിയുടെ രാഷ്ട്രീയ അജണ്ടകളുടെ വാഹകരായി മാറിയതിന്റെ പ്രതിഫലനം കൊണ്ടുകൂടിയാവാം ബിജെപിയുടെ വോട്ടുവിഹിതം കുറഞ്ഞത്. അതോടൊപ്പം ബിജെപിയിലെ ചേരിപ്പോരുകളും കാരണമായിട്ടുണ്ടാകാം. (കേന്ദ്രഭരണം ഉപയോഗിച്ചു ബിജെപി സ്വരുക്കൂട്ടിയ ഭീമമായ പണത്തില്‍ ഒരു വിഹിതം ഡിജിറ്റലായോ കുഴല്‍പ്പണമായോ അപഹരിച്ചെടുക്കുന്നതിലാണല്ലോ അവരുടെ ശ്രദ്ധ). ബിജെപിക്കു സീറ്റു കിട്ടാത്തതോ വോട്ടുകുറഞ്ഞതോ വലിയ നേട്ടമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. ബിജെപി അജണ്ടകളെ പരിപോഷിപ്പിക്കുന്ന ഇടതു-വലതു മുന്നണികളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ താല്‍കാലിക വിജയങ്ങള്‍ സമ്മാനിക്കുമെങ്കിലും, കേരളത്തെ ബിജെപിക്കു വളക്കൂറുള്ള മണ്ണാക്കി മാറ്റാനാണതുപകരിക്കുക.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകണമെന്ന കേരളീയരുടെ ആഗ്രഹവും മൂലം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ UDF നുണ്ടായ വിജയം, ശബരിമല സ്ത്രീപ്രവേശനത്തോടുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമാണെന്നു തെറ്റായി വിലയിരുത്തിയ UDF നേതൃത്വം ശബരിമലയിലെ ആചാരസംരക്ഷണത്തിനു നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന വാഗ്ദാനം നല്‍കിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വളരെ യാഥാസ്ഥിതികമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ബില്ലു പോലും അവര്‍ നിര്‍ദേശമായി മുന്നോട്ട് വച്ചിരുന്നു. ചില മണ്ഡലങ്ങളിലെ UDF സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് അതുപകരിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ പ്രതിച്ഛായക്ക് അതേല്‍പ്പിച്ച ആഘാതം ചെറുതല്ല. (ശബരിമല സ്ത്രീപ്രവേശന വിധിയെ അനുകൂലിച്ച, സവര്‍ണ സാമ്പത്തിക സംവരണത്തെ എതിര്‍ത്ത കോണ്‍ഗ്രസിലെ വി.ടി. ബലറാമിനെ തോല്പിക്കാനായി നവോത്ഥാന മതിലു പണിത ഇടതുപക്ഷ സാംസ്‌കാരിക നായകന്മാര്‍ ഒത്തുചേരുന്നതും നമുക്കു കാണാനായി).

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രി മോഹവുമായി പാര്‍ലമെന്റിലേക്കു പോയ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവും UDF നു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയത്. UDF ന്റെ നിയന്ത്രണം മുസ്ലിം ലീഗിന്റെ കൈകളിലാകുമെന്ന പ്രചാരണം ഹിന്ദു -ക്രിസ്ത്യന്‍ വോട്ടര്‍മാരില്‍ LDF ന് അനുകൂലമായി ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ടാകാം. UDF ന്റെയും അതിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിന്റെയും നിലപാടുകള്‍ സാമ്പത്തിക സംവരണത്തിന് അനുകൂലമാണെന്നിരിക്കെ, സാമ്പത്തിക സംവരണത്തിനെതിരെ സംവരണിയ വിഭാഗങ്ങളെ ഒന്നിപ്പിക്കാനായി മുസ്ലിം ലീഗ് നടത്തിയ എടുത്തുചാട്ടവും യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളായ നസ്രാണി-നായര്‍ വിഭാഗങ്ങളെ അലോസരപ്പെടുത്തിയിട്ടുണ്ടാവാം. ജോസ് കെ. മാണിയുമായുള്ള സഖ്യത്തിലൂടെ മധ്യകേരളത്തില്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ട സിപിഎം ഇതിനെയെല്ലാം സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. താഴിലാളിവര്‍ഗ പാര്‍ട്ടി എന്നതില്‍ നിന്നും മധ്യവര്‍ഗ പാര്‍ട്ടിയായി പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം, യുഡിഎഫിന്റെ വോട്ടര്‍മാരെ
സ്വാധിനീക്കാനായി പ്രയോഗിച്ച രാഷ്ട്രീയതന്ത്രങ്ങളെ, സമുദായ നേതൃത്വങ്ങളെ കൂടുതലായി ആശ്രയിച്ചുകൊണ്ടു മറികടക്കാനാണ് UDF നേതൃത്വം ശ്രമിച്ചത്. സമുദായ നേതൃത്വങ്ങള്‍ക്ക് അപ്രീതിയുള്ളവര്‍ സ്ഥാനാര്‍ത്ഥികളാവാതിരിക്കാനുള്ള ജാഗ്രതയും അവര്‍ കാണിച്ചിരുന്നു. (ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചതുകൊണ്ടാണല്ലൊ ലതിക സുഭാഷിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടത് . അവരുടെ തലമുണ്ഡനം യുഡിഫിനുണ്ടാക്കിയ മാനക്കേട് ചെറുതൊന്നുമല്ലല്ലോ). സമുദായ നേതാക്കളെ പാട്ടിലാക്കി വോട്ടര്‍മാരെ സ്വാധീനിക്കാവുന്ന കാലം കഴിഞ്ഞെന്ന തിരിച്ചറിവ് UDF നേതൃത്വത്തിന് എന്നാണുണ്ടാവുക.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷത്തിരുന്ന യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ അത്ര മികച്ചതായിരുന്നില്ലെങ്കിലും അവസാന നാളുകളില്‍ പ്രതിപക്ഷനേതാവ് ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളെല്ലാം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നവയായിരുന്നു. പക്ഷേ, അവയൊക്കെ രാഷ്ട്രീയ ആയുധങ്ങളായി വിനിയോഗിച്ചു തെരഞ്ഞെടുപ്പുവിജയമാക്കി മാറ്റാനുള്ള സംഘടന ശേഷിയോ നേതൃപാടവമോ യുഡിഎഫിനും കോണ്‍ഗ്രസ്സിനും ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തിന്റെ ഈ ദൗര്‍ബല്യവും പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്താന്‍ സഹായകമായി. മോദിയെ ബിജെപി ബ്രാന്‍ഡ് ചെയ്തതുപോലെ, പിണറായിയെ ബ്രാന്‍ഡ് ചെയ്തതാണ് LDF തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്യാപ്റ്റനായി പിണറായി LDF ന്റെ തേര് തെളിച്ചപ്പോള്‍ പടനായകന്‍ ആരെന്നു നിശ്ചയമില്ലാത്ത അവസ്ഥയിലായിരുന്നു UDF. സിപിഎമ്മിനെ പോലെ ഏകശിലാ സ്വഭാവമുള്ള കേഡര്‍ പാര്‍ട്ടിക്ക് എല്ലാം ഒരു നേതാവിന്റെ നിയന്ത്രണത്തിലാക്കാന്‍ നിഷ്പ്രയാസം സാധിക്കും. എന്നാല്‍ പ്രബലമായ ഗ്രുപ്പുകള്‍ നിലനില്‍ക്കുന്ന കോണ്‍ഗ്രസിനെ പോലുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ അതത്ര എളുപ്പമല്ല. കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും ഗ്രുപ്പുകളാണ്. സിപിഎമ്മിനെപോലെ മുഴുസമയ പ്രവര്‍ത്തകരുള്ള കേഡര്‍ പാര്‍ട്ടിയായി മാറാന്‍ കോണ്‍ഗ്രസിനു ഒരിക്കലും സാധിക്കില്ല. വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗ്രുപ്പുകളും അവയുടെ മത്സരബുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസിനെ ജീവത്തായി നിലനിര്‍ത്തിയിരുന്നത്. ഇപ്പോഴാകട്ടെ ഈ ഗ്രുപ്പുകളെല്ലാം നേതാക്കളെ പരിപോഷിപ്പാക്കാന്‍ മാത്രമുള്ളതായി. ഇങ്ങനെ നേതാക്കളുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യമായതോടെ, സമൂഹത്തിലുണ്ടാവുന്ന രാഷ്ട്രീയമാറ്റങ്ങളെ തിരിച്ചറിയാനാവാത്ത അവസ്ഥ സംജാതമാവുന്നു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇരുപതു ശതമാനമോ, അതിലധികമോ വോട്ടുകളാണ് ബിജെപി കരസ്ഥമാക്കിയത്. കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും അണികളാണിങ്ങനെ ബിജെപിയിലേക്കു പോകുന്നത്. ഈ വോട്ടുചോര്‍ച്ച ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളോടൊപ്പം അണിനിരത്താനുള്ള രാഷ്ട്രീയ ഉപായങ്ങളിലൂടെ സിപിഎം മറികടക്കുമ്പോള്‍, തങ്ങളുടെ വോട്ടുബാങ്കുകളിലെ ചോര്‍ച്ച തടയാനാവാതെ കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്യുന്നു. ഈ നാലു ജില്ലകളിലുമായി കോണ്‍ഗ്രസിനു വിജയിക്കാനായത് രണ്ടു സീറ്റിലാണ്. കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ തകര്‍ച്ച എത്ര രൂക്ഷമാണെന്നാണിത് വ്യക്തമാക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമില്ലാത്ത അവസ്ഥയില്‍ ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി. കേവലമായ നേതൃത്വ മാറ്റത്തിലൂടെയോ, യുവ നേതൃത്വങ്ങളെ അവരോധിക്കുന്നതിലൂടെയോ പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. നായര്‍ – നസ്രാണി- മുസ്ലിം സമുദായങ്ങളുടെ പിന്തുണയില്‍ മാത്രമായി കേന്ദ്രികരിക്കാതെ പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ വിശ്വാസവും പിന്തുണയും ആര്‍ജിക്കാനുള്ള രാഷ്ട്രീയ പദ്ധതികളാണുണ്ടാവേണ്ടത്. (കേരളത്തില്‍ ആര്‍. ശങ്കറെ തങ്ങളുടെ ആദ്യ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസിനു പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനമില്ലാത്ത അവസ്ഥ സംജാതമായത് എങ്ങനെയെന്ന് അവര്‍ ആല്‍മപരിശോധന നടത്തട്ടെ). അതിനു കോണ്‍ഗ്രസ് സന്നദ്ധമായില്ലെങ്കില്‍, എല്‍ഡിഎഫിനു തുടര്‍ഭരണം നല്‍കി, കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി, കേരളത്തില്‍ രാഷ്ട്രീയ നേട്ടം കൈവരിക്കാമെന്ന ബിജെപിയുടെ പദ്ധതികളായിരിക്കും വിജയിക്കുക. സിപിഎം തുടര്‍ഭരണം, ബംഗാളില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും അപ്രസക്തരാക്കിയതു പോലെ കേരളത്തിലും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിജെപിയുടെ വോട്ടുവിഹിതം കുറഞ്ഞതിലും അവര്‍ക്ക് MLA മാര്‍ ഉണ്ടാകാത്തതിലും ഹ്‌ളാദിക്കുന്നവര്‍ ഇതൊക്കെ മനസിലാക്കിയാല്‍ അവര്‍ക്കും കേരളത്തിനും നല്ലത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply