കാശ്മീരും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളും – ഭാഗം രണ്ട്

സംസ്ഥാനത്തിന്റെ മുസ്ലിം ഭൂരിപക്ഷ സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ് നിലവിലെ നിയമ ഭേദഗതികളുടെ ലക്ഷ്യം.

എന്തുകൊണ്ട് ജമ്മു -കാശ്മീര്‍?

ജമ്മു-കാശ്മീരിനെ സംബന്ധിച്ചു അടുത്തിടെ പാര്‌ലമെന്റ് പാസ്സാക്കിയ നിയമങ്ങളുടെ മൂന്ന് പ്രധാനപ്പെട്ട വശങ്ങള്‍ ഇവയാണ്. ഒന്ന്, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ജമ്മു-കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കം ചെയ്തു. രണ്ട്, ജമ്മു-കാശ്മീരിനെ ജമ്മു-കാശ്മീരെന്നും ലഡാക്കെന്നും രണ്ടായി വിഭജിച്ചു. മൂന്ന്, സംസ്ഥാനപദവിയില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളായി തരംതാഴ്ത്തി. ഇവ മൂന്നും ജമ്മു-കാശ്മീരിനെ സംബന്ധിച്ച് ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കാന്‍ പോന്നവയാണെന്ന് മാത്രമല്ല പരസ്പര ബന്ധിതങ്ങളുമാണ്. ഇവ മൂന്നിനേയും ബന്ധിപ്പിച്ചുനിര്‍ത്തുന്ന പൊതുവായ ഘടകം ജമ്മു-കാശ്മീര്‍ എന്നത് ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ് എന്നുള്ളത് തന്നെയാണ്. ആയതിനാല്‍ സംസ്ഥാനത്തിന്റെ മുസ്ലിം ഭൂരിപക്ഷ സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ് നിലവിലെ നിയമ ഭേദഗതികളുടെ ലക്ഷ്യം.
ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്റെ മൂന്ന് പ്രധാന മേഖലകളാണ് കാശ്മീരും, ജമ്മുവും, ലഡാക്കും. ഇവയില്‍ ജനസംഖ്യ അനുപാതം നോക്കിയാല്‍ കാശ്മീരില്‍ 96.4% മുസ്ലിംകളാണ്. ഹിന്ദുക്കളും സിഖുകാരുമടങ്ങുന്ന വളരെച്ചെറിയൊരു ന്യൂനപക്ഷം മാത്രമേ കാശ്മീര്‍ താഴ്വരയിലുള്ളൂ. അതേസമയം ജമ്മുവില്‍ ഹിന്ദുക്കള്‍ 62.5% വും, സിഖ് മതക്കാര്‍ 3.3 ശതമാനവുമാണെങ്കില്‍, മുസ്ലിങ്ങള്‍ 33.5 ശതമാനമാണ്. നേരെമറിച്ച് ലഡാക്കില്‍ ജനസംഖ്യയില്‍ കൂടുതല്‍ മുസ്ലിംങ്ങളാണെങ്കിലും വ്യക്തമായ ഭൂരിപക്ഷം അവര്‍ക്കില്ല. ലഡാക്കിലെ മുസ്ലിം, ബുദ്ധ, ഹിന്ദു മതക്കാര്‍ യഥാക്രമം 46.6-ഉം, 39.7-ഉം, 12.1- ഉം ആണ്. എന്നിരുന്നാല്‍ തന്നെയും സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 68.31% മുസ്ലിംകളാണ്. അതേസമയം ഹിന്ദു മതക്കാര്‍ 28.43 ശതമാനമാണെങ്കില്‍ സിഖ് മതക്കാര്‍ 1.87- ഉം, ബുദ്ധമതക്കാര്‍ 0.89- ഉം ശതമാനം മാത്രമാണ്.
യഥാര്‍ത്ഥത്തില്‍ കശ്മീരിന്റെ ഈ മുസ്ലിം ഭൂരിപക്ഷ സ്വഭാവമാണ് ജമ്മു- കശ്മീരിന്റെ ഇന്ത്യാലയനംമുതല്‍ സംഘപരിവാര്‍ ശക്തികളെ അസ്വസ്ഥപ്പെടുത്തികൊണ്ടിരുന്നത്. സവര്‍ക്കറുടെ ആശയാടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന ബി.ജെ.പി.യെസംബന്ധിച്ചു ഒരിക്കലും
ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒന്നല്ല മുസ്ലിം ഭൂരിപക്ഷത്തിന് കീഴിലുള്ള ഹിന്ദുക്കളുടെ ജീവിതം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍ ജമ്മു-കാശ്മീരെന്ന ഇന്ത്യന്‍ സംസ്ഥാനം അതിന്റെ മുസ്ലിം ഭൂരിപക്ഷ സ്വഭാവം കൊണ്ടുതന്നെ ഇന്ത്യയ്ക്കൊരു തലവേദനയാണ് എന്നാണ് ആര്‍.എസ്സ്. എസ്സ് . അതിന്റെ ലക്ഷ്യ പ്രഖ്യാപനത്തില്‍ പറയുന്നത് 11 . സംഘപരിവാറിന്റെ ഈ തലവേദനയാണ് പ്രത്യേക പദവിയുണ്ടായിരുന്ന ഒരു സംസ്ഥാനം എന്നതില്‍നിന്നും ജമ്മു-കാശ്മീരിനെ കേന്ദ്രഗവണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ഭൂപ്രദേശമാക്കി’ മാറ്റുക വഴി അവസാനിപ്പിച്ചിരിക്കുന്നത്. ഇത് പക്ഷേ ജമ്മു-കശ്മീരിന്റെ മാത്രം വിഷയമല്ല. ഇന്ത്യയിലെ ഒരു പ്രദേശത്തും മുസ്ലിം ഭൂരിപക്ഷത്തിന് കീഴില്‍ താമസിക്കാന്‍ ജാതി ഹിന്ദുക്കള്‍ താല്പര്യപ്പെടുന്നില്ല എന്നതിനുള്ള ഉദാഹരണങ്ങള്‍ ധാരാളമായി സ്വാതന്ത്ര്യത്തിന് മുന്‍പും ശേഷവും നമുക്ക് കാണുവാന്‍ സാധിക്കും. കേരളത്തില്‍ മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള സംഘപരിവാര്‍ നിലപാടുകള്‍ ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്. വരുംകാലങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശലംഘനങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക മാത്രമാണ് കാശ്മീര്‍.

ഭേദഗതിയും പ്രത്യാഘാതങ്ങളും:

2019 ആഗസ്റ്റ് മാസം അഞ്ചാം തീയതിയാണ് ജമ്മു-കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ബില്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിന്റെ രാജ്യ സഭയില്‍ അവതരിപ്പിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ കശ്മീരിലെ വിഘടനവാദികളെ മാത്രമല്ല ജന പ്രതിനിധികളെയും രാഷ്ട്രീയ നേതൃത്വത്തെയും വീട്ട്തടങ്കലിലാക്കിക്കൊണ്ടും, വ്യാപകമായി വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിഛേദിച്ചുകൊണ്ടും, നിരോധനാജ്ഞ സംസ്ഥാന വ്യാപകമായി നടപ്പാക്കിക്കൊണ്ടുമാണ് ബി.ജെ.പി. ജമ്മു-കാശ്മീര്‍ ബില്‍ പാര്‍ലമെന്റ്റില്‍ പാസ്സാക്കിയെടുത്തത്. കേന്ദ്രഗവണ്മെന്റിന്റെ ഈ നടപടികള്‍ക്കെതിരെ രജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശമായ വിമര്‍ശനങ്ങള്‍ പലകോണുകളില്‍ നിന്നും ഉണ്ടായെങ്കിലും അവയെ
മുഖവിലക്കെടുക്കാതെ മുന്നോട്ട് പോകുകയാണ് ബി.ജെ.പി. സര്‍ക്കാര്‍ ചെയ്യുന്നത്. മാത്രമല്ല കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ എല്ലാവിധത്തിലും ന്യായീകരിക്കുവാനുള്ള ശ്രമങ്ങളാണ് ഗവണ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിന്‍വലിച്ചത് കാശ്മീരിന്റെ നാനാവിധത്തിലുള്ള വികസനത്തിന് വഴിതുറക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. ദാരിദ്ര്യവും, പട്ടിണിയും, അഴിമതിയും, സ്വജനപക്ഷപാതവും, തൊഴിലില്ലായ്മയും, ഭീകരവാദവും കാശ്മീരില്‍ അവസാനിക്കുമെന്നും മറുവശത്ത് സമാധാനവും സ്ഥിരതയും കൈവരുന്നതോടൊപ്പം വിദ്യാഭ്യാസ- തൊഴില്‍ മേഖലകളിലും, വ്യവസായത്തിലും, വിനോദസഞ്ചാരമേഖലയിലും വന്‍ ഉണര്‍വ്വ് വരുംനാളുകളില്‍ കശ്മീര്‍ കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ആയതിനാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുന്നവരും, സ്ഥാപിത താല്പര്യക്കാരും, ഭീകരവാദത്തെ അനുകൂലിക്കുന്നവരുമാണ് സംസ്ഥാനത്തിന്റെ പ്രത്യേകപദവി പിന്‍വലിച്ചതിനെ എതിര്‍ക്കുന്നതെന്നാണ് മോദിയുടെ പരിതപം 12 .
പക്ഷേ വാസ്തവം എന്താണ്? മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു- കശ്മീരിന്റെ നാനാവിധത്തിലുള്ള വികസനം മുന്‍നിര്‍ത്തിയാണോ ഗവണ്മെന്റിനെതിരെ ഉയരുന്ന എല്ലാത്തരം പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ട് നിയമ ഭേദഗതികളുമായി മുന്നോട്ടുപോകാന്‍ ബി.ജെ.പി. സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്? നൂറ് ശതമാനം അല്ല എന്നതാണ് ഉത്തരം; എന്നുമാത്രമല്ല ലക്ഷ്യം മറിച്ചാണ്താനും. ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള സ്ഥിതിവിവരകണക്കുകളും വികസന സൂചികയും അടിസ്ഥാനമാക്കുകയാണെങ്കില്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ജമ്മു-കശ്മീരിന്റെ വികസന സൂചിക വളരെ ഉയര്‍ന്നതാണ്. മാത്രമല്ല, വിദ്യാഭ്യാസ, ആരോഗ്യ-തൊഴില്‍ മേഖലകളില്‍ മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തിനേക്കാള്‍ മുന്നിലാണ് ജമ്മു- കാശ്മീരെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധനായ ജീന്‍ ഡ്രീസ് അടുത്തിടെ
അഭിപ്രായപ്പെടുകയുണ്ടായി 13 . ജമ്മു-കശ്മീരിന്റെ പ്രത്യേകപദവിയും 1950 -കള്‍ മുതല്‍ക്കുള്ള ജമ്മു-കശ്മീരിലെ ഭൂപരിഷ്‌കരണ നയങ്ങളും ആ സംസ്ഥാനത്തെ ജനങ്ങളുടെ ദാരിദ്യം കുറക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കാരണമായതായി ഡ്രീസ്
അഭിപ്രായപ്പെടുകയുണ്ടായി. യാഥാര്‍ഥ്യം ഇതായിരിക്കെ സംസ്ഥാനത്തിന്റെ വികസന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത് എന്നതിനെ, ഇന്ത്യയില്‍ നോട്ടുനോരോധനം നടപ്പാക്കിയത് കള്ളപ്പണം ഇല്ലാതാക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞത്‌പോലുള്ള, മോദിയുടെ ഗീര്‍വാണം മാത്രമായി കണക്കാക്കുകയേ നിവൃത്തിയുള്ളൂ.
അതേസമയം ഇത്തരം വാദഗതികളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ നാം
കാണാതെപോകയുമരുത്. വരും നാളുകളില്‍ സംഘപരിവാര്‍ ജമ്മു-കാശ്മീരില്‍ നടപ്പില്‍ വരുത്താന്‍പോകുന്ന നയപരിപാടികള്‍ എന്തൊക്കെയാണ് എന്നതിന്റെ വ്യക്തമായ സൂചനകള്‍ ബിജെപി ഗവണ്മെന്റ് ഇപ്പോള്‍ നടപ്പില്‍ വരുത്തിയ നിയമഭേദഗതികളില്‍ ഉണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്കയിലും പശ്ചിമേഷ്യന്‍ രാജ്യമായ പലസ്തീനിലും സിംഹള- സയണിസ്‌റ് ശക്തികള്‍ ഭരണകൂട പിന്തുണയോടെ നടപ്പില്‍വരുത്തിയ വംശീയ കോളനിവല്‍ക്കരണമാണ് ജമ്മു-കാശ്മീരിനെ കാത്തിരിക്കുന്നത്.

കശ്മീരിന്റെ വംശീയ കോളനിവല്‍ക്കരണം:

ഒരു പ്രത്യേക പ്രദേശത്ത്, ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ജനസംഖ്യാ അനുപാതത്തില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ഭരണകൂടം മറ്റ് വംശജരെ ആ പ്രദേശത്തേക്ക് മാറ്റിപ്പാര്‍ക്കുന്നതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നതിനെയാണ് സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് കോളനിവാഴ്ച എന്നതുകൊണ്ടുദ്ദേശിക്കുന്നത്. 14 തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ അവരുടെ രാഷ്ട്രീയ-ജനസംഖ്യാ മേധാവിത്വം ഇല്ലായ്മചെയ്യാന്‍വേണ്ടി സ്വാതന്ത്ര്യാനന്തര ശ്രീലങ്കയില്‍ 1952 മുതല്‍തന്നെ വളരെ വിജയകരമായ രീതിയില്‍ നടപ്പില്‍ വരുത്തിയൊരു പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി, ശ്രീലങ്കയുടെ തെക്കും, മധ്യപടിഞ്ഞാറും മേഖലകളില്‍ നിന്നും സിംഹള വംശജരെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളായിട്ടുള്ള വടക്കും, വടക്കു-കിഴക്കും മേഖലകളിലേക്ക് കുടിയേറി സ്ഥിര താമസമാക്കാന്‍വേണ്ട എല്ലാസഹായങ്ങളും ശ്രീലങ്കന്‍ ഗവണ്മെന്റ് ചെയ്തുകൊടുക്കുകയുണ്ടായി. കൃഷിക്കും, വ്യവസായത്തിനും മറ്റുമായി തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ സിംഹളര്‍ക്ക് ഭൂമി പതിച്ച് നല്‍കുക എന്നത് ഇതിന്റെ പ്രാരംഭ നടപടികളില്‍ ഒന്നായിരുന്നു. വടക്ക്-കിഴക്കന്‍ പ്രദേശത്തെ ബട്ടിക്കലോവ ജില്ലയില്‍ 1952 -ല്‍ ആരംഭിച്ച ഈ പദ്ധതി പിന്നീട് തമിഴ് പ്രദേശങ്ങളായ ട്രിങ്കോമാലിയിലേക്കും, അനുരാധപുരത്തേയ്ക്കും, എണ്‍പതുകളില്‍ മുല്ലൈത്തീവിലേക്കും മറ്റും വ്യാപിപ്പിക്കുകയുണ്ടായി.
1956 -മുതല്‍ക്ക് ശ്രീലങ്കയിലെ സിംഹള-തമിഴ് വംശീയ സംഘര്‍ഷങ്ങളുടെ ഒരു പ്രധാന കാരണം ഭരണകൂട നേതൃത്വത്തില്‍ നടന്ന തമിഴ് ഭൂരിപക്ഷ മേഖലയുടെ കോളനിവല്‍ക്കരണമായിരുന്നു. 15 സിംഹള കോളനിവല്‍ക്കരണത്തിനെതിരെ ശക്തമായ എതിര്‍പ്പ് തദ്ദേശീയരായ തമിഴരുടെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ക്കൂടി ഈ പ്രദേശങ്ങളുടെ ജനസംഖ്യ അനുപാതത്തില്‍ കാര്യാമായ മാറ്റങ്ങളുണ്ടാക്കുവാനും അതുവഴി ഭരണകൂട അനുകൂല സാഹചര്യം വടക്ക്-കിഴക്കന്‍ മേഖലകളില്‍ സൃഷ്ടിക്കുവാനും സിംഹള ഗവണ്മെന്റുകള്‍ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയോട് കൂടി തമിഴ് ദേശീയതാ പ്രശ്‌നം സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ 1952-മുതല്‍ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത കോളനിവാഴ്ചയ്ക് വ്യക്തമായ പങ്കുണ്ട്.
സമാനമായ രീതിയിലാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ജൂതന്മാരെ സയണിസ്റ്റ് ഭരണകൂടം ഇസ്രായേലിലേക്ക് ആകര്‍ഷിച്ച് വിവിധ മുസ്ലിം പ്രദേശങ്ങളില്‍ കുടിയിരുത്തിയത്. പലസ്തീനുമായി ഇസ്രായേല്‍ നടത്തിയ ഓരോ യുദ്ധവും പുതിയൊരു പ്രദേശത്തെ കോളനിവാഴ്ചയുടെ തുടക്കമായിരുന്നു. കാശ്മീരില്‍നിന്നും ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുകള്‍ക്കും ബുദ്ധിസ്റ്റുകള്‍ക്കും കാശ്മീരിലേക്ക് തിരികെപ്പോകുന്നതിനുള്ള സാഹചര്യം ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുന്നതിലൂടെ ലഭിക്കുമെന്ന് സംഘപരിവാര്‍ ശക്തികള്‍ ആണയിടുമ്പോള്‍, വാഗ്ദത്തഭൂമിയായ ജറുസലേമിലേക്ക് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ജൂതന്മാരെ  സിയണിസ്‌ററ് ഭരണകൂടം ആട്ടിത്തെളിച്ചതാണോര്‍മ്മ വരുന്നത്. കാശ്മീരില്‍ വരാന്‍പോകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭൂമി പതിച്ചുനല്‍കലുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കാന്‍പോകുന്ന ചേതോവികാരവും മറിച്ചാവില്ല.
മറ്റ് പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് സ്വാഭാവികമായും ജമ്മു-കാശ്മീരിലേക്ക് കുടിയേറാനുള്ള സാഹചര്യം പുതിയ നിയമംമൂലം സാധിക്കും. അത് പക്ഷേ കാശ്മീരികളുടെ വികസനം ലക്ഷ്യമാക്കിയായിരിക്കില്ല എന്നുമാത്രം. കാരണം 2018- ജനുവരിയില്‍, ജമ്മു-കശ്മീരില്‍ ബക്കര്‍വാല വിഭാഗത്തില്‍പ്പെട്ട ഒരു പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച മനോഭാവം മുസ്ലിംങ്ങള്‍ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവില്‍ സ്ഥിരതാമസമാക്കുന്നു എന്നുള്ളതായിരുന്നു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി വിന്‍വലിക്കാന്‍ മുറവിളികൂട്ടുന്ന അതേ സംഘപരിവാര്‍- ബി.ജെ.പി. ശക്തികള്‍ തന്നെയാണ് കത്വ ബലാത്സംഗക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ തെരുവിലിറങ്ങി സമരം നയിച്ചത്. ചുരുക്കത്തില്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കാനുള്ള നീക്കത്തിന് പിന്നിലെ ചേതോവികാരം ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തിനെ അങ്ങനെയല്ലാതാക്കി മാറ്റുകയും, ഇന്ത്യയില്‍ ഇതര സംസ്ഥാനങ്ങളിലെ മുസ്ലിങ്ങളെപ്പോലെ രണ്ടാംകിട പൗരന്മാരാക്കി തരംതാഴ്ത്തുകയും ചെയ്യുകയെന്നുള്ളതാണ്. ഇതുതന്നെയാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇന്ത്യയില്‍ സവര്‍ക്കര്‍ വിഭാവനംചെയ്ത ഹിന്ദുത്വ. നാല് വര്‍ഷങ്ങള്‍ക്കുശേഷം സവര്‍ക്കറുടെ ഹിന്ദുത്വയുടെ നൂറാം വാര്‍ഷികാഘോഷവേളയില്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുവാനുള്ള സംഘപരിവാറിന്റെ നീക്കങ്ങള്‍ക്ക് കാശ്മീരിനോടുള്ള തങ്ങളുടെ ഇപ്പോഴത്തെ സമീപനം സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

11 Rashtreeya Swayamsevak Sangh, http://rss.org//Encyc/2012/10/22/rss-vision-and-mission.html
12 Mathrubhumi Daily, August, 15. p.g.10.
13 https://www.nationalheraldindia.com/india/economist-jean-dreze-jandk-more-developed-than-gujarat-special-
status-helped-reducing-povetry
14 http://www.ptsrilanka.org/wp-content/uploads/2017/04/state_aided_sinhala_colonisation_en.pdf
15 https://sangam.org/systematic-colonization-northern-eastern-provinces/

(ലേഖകന്‍ നെടുമങ്ങാട് ഗവണ്മെന്റ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്)

ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം

കാശ്മീരും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളും – ഭാഗം ഒന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply