ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി യുടേണിന്റെ നാളുകള്‍

കര്‍ണാടക തെരഞ്ഞെടുപ്പു ഫലം, സംസ്ഥാനത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ നിര്‍ണ്ണായക വഴിത്തിരിവാകാന്‍ പോകുന്നു എന്നതില്‍ സംശയമില്ല. ബിജെപിക്ക് ഭരണമുള്ള ഒരേ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം എന്ന അപഖ്യാതിയെ തിരുത്തി കുറിച്ച് കര്‍ണ്ണാടകം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി യു ടേണില്‍ തിരിച്ചുവിടുമെന്നുതന്നെ പ്രതീക്ഷിക്കാം. വരാന്‍ പോകുന്ന മറ്റു നിയമസഭാതെരഞ്ഞെടുപ്പുകളേയും ജനാധിപത്യ ഇന്ത്യയുടെ ഭാവി തന്നെ തീരുമാനിക്കാന്‍ പോകുന്ന അടുത്ത വര്‍ഷത്തെ ലോകസഭാതെരഞ്ഞെടുപ്പിനേയും ഏറെ സ്വാധീനിക്കാന്‍ പോകുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പുഫലം എന്നതില്‍ ഒരു സംശയവും വേണ്ട.

തീര്‍ച്ചയായും കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തിനും നിലനില്‍പ്പിന്റെ പ്രശ്നം തന്നെയായിരുന്നു ഈ തെരഞ്ഞെടുപ്പ്. ജനാധിപത്യ ഇന്ത്യയുടെ ഭാവിയില്‍ ആശങ്കയുള്ള ഏവരും ആശങ്കയോടെ നിരീക്ഷിച്ച ഒന്ന്. ആ വെല്ലുവിളിയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുത്ത കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വവും പ്രവര്‍ത്തകരും നിര്‍വ്വഹിച്ചത് രാജ്യത്തിന്റെ ഭാവിചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല. വര്‍ഗ്ഗീയതയും മുസ്ലിംവിരുദ്ധതയും ഇളക്കിവിട്ടാല്‍ തകരുന്നതേയുള്ളു ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ എന്ന ധാരണയെയാണ് അവര്‍ തകര്‍ത്തിരിക്കുന്നത്. ഹിജാബ് വിവാദം, കന്നുകാലി കശാപ്പ് നിയമം നടപ്പാക്കല്‍, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, മദ്രസകളെ അധിക്ഷേപിക്കല്‍, മുസ്ലിം സംവരണം അവസാനിപ്പിക്കല്‍, ടിപ്പുവിനെതിരായി വ്യാപക പ്രചാരണം, ദി കേരള സ്റ്റോറിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കല്‍, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കല്‍, മതപരിവര്‍ത്തന നിരോധനം എന്നിവയൊക്കെ അത്തരം വിശ്വാസത്തിന്റെ പിന്‍ബലത്തിലായിരുന്നു ബിജെപിയുടെ അജണ്ടയായയത്. എന്നാല്‍ മുസ്ലിം സംവരണം പുനസ്ഥാപിക്കും എന്നതുമുതല്‍ ബജറംഗദളിനെ നിരോധിക്കുമെന്നുവരെ പ്രഖ്യാപിക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ്സ് കാണിച്ചു. ഒപ്പം പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കു ഗുണകരമായ നിരവധി പ്രഖ്യാപനങ്ങളും നടത്തി. അവയെല്ലാം ഫലം കാണുകയും ചെയ്തു. അതെത്തിച്ചത് ഭരണത്തുടര്‍ച്ചയെ തടയുന്നതിലേക്കാണ്.

ഈ തെരഞ്ഞെടുപ്പുഫലം മറ്റൊരു മിത്തിനേയും തകര്‍ത്തു. നരേന്ദ്രമോദിയെന്ന ബിംബത്തെ രംഗത്തിറക്കിയാല്‍ എന്തിനേയും നിഷ്പ്രയാസം അതിജീവിക്കാമെന്ന ധാരണയാണത്. അഭിപ്രായ വോട്ടെടുപ്പുകളില്‍ നേരിയ മുന്‍തൂക്കം കോണ്‍ഗ്രസ്സിനു കല്‍പ്പിച്ചിരുന്നതിനാലാകാം ബിജെപി ജീവന്മരണ പോരാട്ടമായാണ് രംഗത്തിറങ്ങിയത്. സംസ്ഥാനനേതാക്കള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെ മോദി തന്നെ നേരിട്ടാണ് പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. ഒരു തെരഞ്ഞെടുപ്പിലും ഒരു സംസ്ഥാനത്തും മോദി ഇത്രമായ്രം സമയം ചെലവഴിച്ചിരിക്കില്ല. ബാംഗ്ലൂരിലും മാംഗ്ലൂരിലും 25 കിലോമീറ്റര്‍ വീതമാണ് അദ്ദേഹം റോഡ് ഷോ നടത്തിയത്. എന്നിട്ടുമത് ഫലം ചെയ്തില്ല എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിലെ ആധുനിക യുവത്വത്തിന്റെ ഹീറോ മോദിയാണെന്നാണല്ലോ പ്രചരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ വികസന സങ്കല്‍പ്പം അധികം താമസിയാതെ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുമെന്നും. എന്നാല്‍ രാജ്യത്തെ ഏറ്റവും ആധുനിക നഗരമായ, ടെക്കികളായ ലക്ഷകണക്കിനു ചെറുപ്പക്കാര്‍ ജീവിക്കുന്ന ബാംഗ്ലൂരില്‍ പോലും ബിജെപിക്ക് ലഭിച്ചത് വന്‍തിരിച്ചടിയാണ്. മോദിയെന്ന മിത്തിന്റെ തകര്‍ച്ച വരും തെരഞ്ഞെടുപ്പുകളെ കാര്യമായി സ്വാധിനിക്കുമെന്നതില്‍ ഒരു സംശയവുമില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അഴിമതിയില്ലാമുഖം എന്നവകാശവാദം നിലനിര്‍ത്തി അദാനിയടക്കമുള്ളവരുമായി നടത്തുന്ന കോടികളുടെ അഴിമതി കഥകള്‍ മറച്ചുവെക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കര്‍ണ്ണാടകത്തില്‍ അതും തകര്‍ന്നു. അഴിമതിയിലും അധികാര ദുര്‍വിനിയോഗത്തിലും മുങ്ങിയ, 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണിതെന്ന പ്രതിപക്ഷ ആരോപണത്തെ ജനം അംഗീകരിച്ചിരിക്കുന്നു. അഴിമതിക്കെതിരായി നിലപാടെടുക്കാന്‍ ഇന്ത്യന്‍ ജനത ഇപ്പോഴും തയ്യാറാണെന്ന അറിവ് ജനാധിപത്യവാദികള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. രാഷ്ട്രീയപ്രവര്‍ത്തനത്തിന് പുതിയൊരു മുഖം പ്രദാനം ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോയാത്ര യുവജനങ്ങള്‍ ഏറ്റെടുത്തു എന്നതും ഈ തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചു എന്നുറപ്പിച്ചു പറയാം അദ്ദേഹം തന്നെ പറഞ്ഞപോലെ വെറുപ്പിന്റെ ചന്തയില്‍ കര്‍ണ്ണാടകയിലെ ജനങ്ങള്‍ സ്‌നേഹത്തിന്റെ കട തുറന്നിരിക്കുന്നു.  The notion that Narendra Modi can easily survive anything has been shattered in the Karnataka elections. The result of this election was also influenced by the fact that the Bharat Jodo Yatra conducted by Rahul Gandhi, which gave a new face to political activity, was taken up by the youth.

സ്വാഗതാര്‍ഹമായ മറ്റൊന്ന് ജനാധിപത്യവിരുദ്ധനായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ പണവും സ്വാധീനവും ഭീഷണിയുമുപയോഗിച്ച് അട്ടിമറിക്കുന്ന ബിജെപി തന്ത്രം ഇവിടെ നടക്കാനിടയില്ല എന്നതാണ്. കര്‍ണ്ണാടകയില്‍ തന്നെ 2018ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നെങ്കിലും അധികാരത്തിലേത്തിയ കോണ്‍ഗ്രസ്സ് – ജെ ഡി എസ് സഖ്യത്തെ തികച്ചും ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. ഇക്കുറിയും അത്തരത്തിലുള്ള നീക്കങ്ങളൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വലവിജയം അതിനുള്ള എല്ലാ സാധ്യതകളേയും ഇല്ലാതാക്കിയിരിക്കുന്നു. മാത്രമല്ല, ഇ ഡിയടക്കമുള്ള എല്ലാ ഏജന്‍സികളേയുമുപയോഗിച്ച് ഡി കെ ശിവകുമാറെന്ന ശക്തനായ നേതാവിനെ തളക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. ഇനിയും അത്തരം ശ്രമം നടക്കാനിടയുണ്ട്. ശിവകുമാറാകട്ടെ ബിജെപിക്ക് അവരുടെ ആയുധങ്ങലില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു. അങ്ങനെയായിരുന്നു പല ബിജെപി നേതാക്കളേയും ലിംഗായത്തുപോലുള്ള വിഭാഗങ്ങളേയും സ്വന്തം പക്ഷത്താകാന്‍ അദ്ദേഹത്തിനായത്. കിംഗ് മേക്കാറാകാനുള്ള ജെഡിഎസിന്റെ സ്വപ്‌നങ്ങളും തകര്‍ന്നിരിക്കുന്നു. ശിവകുമാറും സിദ്ധരാമയ്യയുമായി അധികാരത്തിനായുള്ള വടംവലി നടക്കില്ല എന്നും നേതൃത്വത്തെ ഭിന്നതകളില്ലാതെ തെരഞ്ഞെടുക്കാനാകുമെന്നു തന്നെ കരുതാം. ന്യായമായും ഇത്തവണയത് ശിവകുമാറിന് അര്‍ഹതപ്പെട്ടതാണ് എന്നു പറയാതെ വയ്യ.

വരാന്‍ പോകുന്ന രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം നടത്തി, ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നേതൃപദവി ഏറ്റെടുക്കാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ്സിനു കര്‍ണ്ണാടകയില്‍ വിജയം അനിവാര്യമായിരുന്നു. അത് നേടുകയും ചെയ്തിരിക്കുന്നു. രാജ്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളി തിരിച്ചറിയാനും യാഥാര്‍ത്ഥ്യബോധത്തോടെ സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും താല്‍പ്പര്യം ഉയര്‍ത്തിപിടിച്ച് ഇടപെടാനും കോണ്‍ഗ്രസ്സും പ്രതിപക്ഷപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും തയ്യാറായാല്‍ 37 ശതമാനം മാത്രം വോട്ടുവിഹിതമുള്ള ബിജെപിയുടെ കാവിരഥത്തെ കെട്ടിയിടാനാകുമെന്നുറപ്പ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയാകട്ടെ കര്‍ണ്ണാടക പിടിച്ചാല്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു.. ലോകസഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്നു കൂടി മത്സരിക്കാന്‍ മോദി തയ്യാറാകുന്നു എന്നും പരിഗണിക്കപ്പെടുന്ന സീറ്റുകളില്‍ ഒന്ന് തിരുവനന്തപുരമാണെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നത് വെറുതെയായിരുന്നില്ല. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ ദക്ഷിമേന്ത്യ ഇന്ത്യയില്‍ നിന്ന് വിഭജിക്കപ്പെടുമെന്ന പ്രചാരണം പോലും നടത്തിയിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ടാര്‍ജറ്റ് 2025 ആണല്ലോ. അതിനാല്‍ തന്നെ 2024ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. രാജ്യമെമ്പാടും പാര്‍ട്ടിയെ സജീവമാക്കിയും മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ ഭീഷണികളും പ്രലോഭനങ്ങളും വഴി ചാക്കിട്ടുപിടിച്ചും അതിനു കഴിയാത്തവരെ കേന്ദ്ര ഏജന്‍സികളുപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും നീതിപീഠത്തെപോലും സ്വാധീനിച്ച് അനുകൂലവിധികള്‍ നേടിയെടുത്തും മാധ്യമങ്ങളെ കൈക്കലാക്കിയും കൃസ്ത്യന്‍ വിഭാഗങ്ങളെ കൂടെനിര്‍ത്തി ന്യൂനപക്ഷ വിരുദ്ധരല്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചുമാണ് ബിജെപി ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നത്. എന്നാല്‍ ആ ലക്ഷ്യത്തിനേറ്റ ചെറുതല്ലാത്ത തിരിച്ചടിയാണ് കര്‍ണ്ണാടകഫലം എന്നതില്‍ സംശയമില്ല. ഇന്ത്യന്‍ രാഷ്ട്രീയം ഇനി യുടേണ്‍ അടിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply