കെ ജി എസ് കവിത കാഴ്ചയെ അപകോളനീകരിക്കുമ്പോള്‍

ലോകാന്തത എന്ന കവിതയില്‍ സ്വത്വത്തിന്റെ ഏകതയെ ശൈഥില്യമാക്കുകയാണ് അധികാരം ചെയ്യുന്നത് എന്ന് കെ.ജി.എസ് കണ്ടെത്തുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വത്വ വൈവിധ്യത്തെ ഉദ്ഗ്രഥനത്തിലൂടെ സങ്കരതയിലൂടെ ഉദ്ഗ്രഥിക്കുകയല്ലേ പുതു കോളനിവത്ക്കരണം ചെയ്യുന്നത്.

യാവനൊരുത്തന്‍ ആകാശത്തെ മേഘങ്ങളെപ്പോലെ കാണുകയും മേഘങ്ങളെ ആകാശത്തെ പോലെ കാണുകയും രൂപമായിരിക്കുന്നതിനെ രൂപമല്ലെന്നും രൂപത്തോടുകൂടാതെയിരിക്കുന്നത് രൂപമുള്ളതെന്നു തോന്നുകയും വെളുത്തതിനെ കറുത്തതെന്നു തോന്നുകയും തേജസ്സുള്ളതിനെ തേജസ്സില്ലെന്നു തോന്നുകയും ഉള്ളതിനെ ഇല്ലെന്നു തോന്നുകയും ഇല്ലാത്തതിനെ ഉണ്ടെന്ന് തോന്നുകയും ചെയ്യുമ്പോള്‍ അവന് മരണമടുത്തിരിക്കുന്നു

യാവനൊരുത്തന്‍ സ്വന്തം പ്രതിച്ഛായ രണ്ടായിട്ട് തോന്നുകയും തന്റെ ശരീരത്തെക്കാള്‍ നിഴല്‍ അധികം ഉണ്ടെന്ന് തോന്നുകയും വ്യക്തമെന്നിയേ തോന്നുകയും തല കൂടാതെ കാണുകയും വളഞ്ഞു കാണ്‍കയും ചെയ്യുമ്പോള്‍ നിശ്ചയം, അവന് മരണമടുത്തിരിക്കുന്നു.

മരണലക്ഷണങ്ങള്‍, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരി പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം

1

ബുദ്ധമതത്തില്‍ നിര്‍വാണവും പ്രബുദ്ധതയും നേടാനുള്ള അഷ്ടാംഗമാര്‍ഗ്ഗങ്ങളിലൊന്ന് സമ്യക് ദൃഷ്ടിയാണ്. ശരിയായ കാഴ്ചാ രീതി. അധികാര വ്യവഹാരങ്ങള്‍ പടച്ചുണ്ടാക്കുന്ന കാഴ്ചാ ശീലങ്ങള്‍ നമ്മുടെ ആത്മ- വിശ്വ-ദര്‍ശനത്തെ എങ്ങിനെ സ്വാധീനിയ്ക്കുന്നു എന്ന് നമുക്ക് വെളിവാകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ സമ്യക് ദൃഷ്ടി ഉദിച്ചു തുടങ്ങുന്നു. സ്വാതന്ത്ര്യത്തിന്റെ ദര്‍ശനമാണ് കെ.ജി.ശങ്കരപ്പിള്ളയുടെ പല പോസിലുള്ള ഫോട്ടോകള്‍, ലോകാന്തത, കാഴ്ചക്കാരന്‍ എന്നീ കവിതകള്‍ പ്രശ്‌നവത്ക്കരിക്കുന്നത്. കാഴ്ചയുടെ പ്രതിസന്ധി കെ.ജി.എസിന്റെ രചനകളിലെ തീവ്രമായ ആധിയാണ്. പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് എന്ത് സംഭവിയ്ക്കും? മോഹനന്റെ ചിത്രങ്ങള്‍, എ.സി.കെ രാജയുടെ കണ്‍വഴികള്‍, പി.എസ് രാജന്റെ ശില്‍പ്പങ്ങള്‍, ഒഴിഞ്ഞ ഇടങ്ങളുടെ കാഴ്ചകള്‍, പൂരം ഗാര്‍ഡന്‍സ് എന്നീ ലേഖനങ്ങളില്‍ ഈ ആധിത്തീയുണ്ട്. വൃക്ഷം, ജന്മ രാത്രി എന്നീ പുറപ്പാടു കാല കവിതകളുടെ പ്രത്യേകത ദൃശ്യപരമായ മൂര്‍ത്തതയാണ്. ‘കാക്ക’ ദൃശ്യ മാന്ത്രിക വിദ്യയാണ്.

‘ബംഗാള്‍’ അധികാരികളുടെ തിമിരവും തിമിര്‍ക്കുന്ന പേടിയും ആണ്.’ചരിത്രം ‘ ചരിത്രത്തിന്റെ മൂന്നാംകണ്ണിലൂടെയുള്ള ആത്മ ദര്‍ശനം ആണ് ‘വരും വരും എന്ന പ്രതീക്ഷ’യില്‍ സമീപക്കാഴ്ചകളും ചരിത്ര ദൂരക്കാഴ്ചകളും ഇടകലരുന്നു. ‘ഗൗളിവാല്‍ ‘ഗൃഹാതുരതയില്ലാതെ റിവേഴ്‌സ് കണ്ണാടിയില്‍ നോക്കുന്നു. ‘കിണര്‍’ രണ്ടു തരം സ്വത്വ- ലോകക്കാഴ്ചകളാണ് കിണര്‍ത്തവളയുടെ ആത്മാനുരാഗക്കാഴ്ചയും കടല്‍ത്തവളയുടെ ലോകാനുരാഗക്കാഴ്ചയും ‘കൊച്ചിയിലെ വൃക്ഷങ്ങള്‍’ കോളനിവത്ക്കരണം പ്രകൃതി സംസ്‌കൃതികളെ മാറ്റുന്നതിന്റെ ചലനാത്മക ദര്‍ശനം ആണ്. ‘മെഴുക്കുപുരണ്ട ചാരുകസേര’യിലെ കാഴ്ചബംഗ്ലാവായ മൃഗശാല ഒരു ദൃശ്യ ബിംബമാണ്. ജീവികളെ കെട്ടുക്കാഴ്ചപ്പണ്ടങ്ങളാക്കുന്ന നഗര മനുഷ്യശാലയുടെ കാഴ്ചയാണ് ഈ കവിത. മൃഗശാലയിലെ പിതൃപ്പേടി രൂപങ്ങളുടെ ഭാഷ നിശ്ശബ്ദമായ കണ്‍ ഭാഷാ മുദ്രകളാണ്. ‘നാം എത്ര ദൂരം പോകും?’ എന്ന കവിതയിലെ ചോദ്യം’ ക്രുദ്ധമാം കുത്തൊഴുക്കില്‍ വിക്ഷുബ്ധം സ്വപ്രതിബിംബദര്‍ശനത്തോളം’ നാം പോകുമോ എന്നാണ്.

2

രാമായണത്തില്‍ ഹനുമാന്‍ സമുദ്ര യാത്രയ്ക്കിടയില്‍ നിഴല്‍ പിടിച്ചു വലിച്ച് ആളെ കൊല്ലുന്ന ഛായാഗ്രഹിണി എന്ന ദുര്‍ദേവതയെ കൊല്ലുന്നുണ്ട്. ബ്രാഹ്മണാധികാര വ്യവസ്ഥയുടെ കാഴ്ചാ രീതി ബ്രഹ്മ ദര്‍ശനമാണ്. ബ്രഹ്മം സത്യവും ലോകത്തെ നിഴലുമായി കാണുന്ന മായക്കാഴ്ചയാണിത്. ഗ്രഹങ്ങളും ദേവതകളും മണ്ണിനങ്ങളും മനുഷ്യരും വൃക്ഷങ്ങളും എല്ലാം സാത്വികരാജസ താമസ ദേദമനുസരിച്ച് മേല്‍ക്കീഴ് നിലയില്‍ കാണപ്പെടുന്നു. കീഴാളരെ നിഴലുകളാക്കി പിടിച്ചു തിന്നുന്ന ദുര്‍ദേവതയാണ് ജാതിവ്യവസ്ഥയുടെ ആഭ്യന്തര കോളനിവത്ക്കരണം.

3

യൂറോപ്യന്‍ ആധുനികത കോളനിവത്ക്കരണമാണ്. കാര്‍ട്ടീഷ്യന്‍ ദൃഷ്ടിയാണ് യൂറോപ്യന്‍ ആധുനികതയുടേത്. വെള്ളക്കാരന്‍ പുരുഷന്‍ വിരാട് പുരുഷനായി മാറി ദൈവസ്ഥാനം കയ്യടക്കിയിട്ടുണ്ട്. ലോകത്തെ പുറം സ്ഥലമായി കാണുന്ന ഈ കാഴ്ചയില്‍ വിഷയിലോകത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന കാര്‍ട്ടീഷ്യന്‍ വിഷയിയാണ്. യൂറോപ്യരല്ലാത്തവരെയും സ്ത്രീകളെയും പ്രാകൃതരും അവികസിതരും അന്ധവിശ്വാസികളും പ്രാകൃതരും ആയി കാണുന്ന ഈ കാഴ്ച കോളനിവത്ക്കരണത്തിന്റെ കാഴ്ചയാണ്. സഹസ്ര നേത്രനും സഹസ്രലിംഗ-യോനികളുള്ളവനും ആയ യൂറോപ്യന്‍ ഇന്ദ്രന്‍ പുതുമാധ്യമങ്ങള്‍ വഴി ലോകത്തെ മേല്‍നോട്ടം നടത്തുന്നു.

മൂലധനത്തിന്റെയും ടെക്‌നോക്രസിയുടെയും സൈനിക ശക്തിയുടെയും വശീകരണ വിദ്യയുടെയും ഹൈബ്രീഡ് വിത്തുകളുടെയും ഹൈബ്രീഡ് സംസ്‌ക്കാരത്തിന്റെയും ശക്തികള്‍ വഴി മൂന്നാം ലോക ശരീരങ്ങളെയും പ്രകൃതിയെയും ബാധിയ്ക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ നമുക്കിന്ന് ഫാസ്റ്റ് പാസഞ്ചര്‍ കാഴ്ചാ രീതി തന്നിട്ടുണ്ട്. കാഴ്ചയുടെ വേഗവും വിജ്രംഭണവും കൂടുംതോറും മറവിയുടെ വേഗം കൂടുന്നു. കാഴ്ചയുടെ രതി മൂര്‍ഛയില്‍ ഓര്‍മ്മകുറയുന്നു. അനുഭവ വൈവിധ്യം കുറയുന്നു. ഭാവി ഭാവന കുറയുന്നു. നമ്മള്‍ സ്ഥലകാലസ്വത്വങ്ങളില്‍ നിന്ന് അന്യവത്ക്കരിക്കപ്പെടുന്നു കണ്ണോടു കാണ്‍മതെല്ലാം കണ്‍കള്‍ക്ക് തെരിയതില്ലെ.

‘കവിതയുടെ പ്രിസം
കടന്നെത്തുമ്പോഴേ
കാന്തതയ്‌ക്കേഴു വര്‍ണ്ണം
ഏതൊരു പ്രിസം കടന്നെത്തിയോ
ഞാനിന്ന് ലോകത്ത് നൂറു നൂറായ്
ചിതറി വീഴുന്നു.’

ലോകാന്തത എന്ന കവിതയില്‍ സ്വത്വത്തിന്റെ ഏകതയെ ശൈഥില്യമാക്കുകയാണ് അധികാരം ചെയ്യുന്നത് എന്ന് കെ.ജി.എസ് കണ്ടെത്തുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വത്വ വൈവിധ്യത്തെ ഉദ്ഗ്രഥനത്തിലൂടെ സങ്കരതയിലൂടെ ഉദ്ഗ്രഥിക്കുകയല്ലേ പുതു കോളനിവത്ക്കരണം ചെയ്യുന്നത്.

പല പോസിലുള്ള ഫോട്ടോകള്‍

‘പല പോസിലുള്ള ഫോട്ടോകള്‍’ എന്ന കവിതയിലും സ്വത്വത്തിന്റെ ശിഥിലീകരണം എന്ന പ്രമേയത്തെയാണ് കൈകാര്യം ചെയ്യുന്നത്. ഫോട്ടോഗ്രാഫിയുടെ വരവോടെ നമ്മുടെ സ്വത്വ പരിചരണ രീതി മാറി. ലോകവുമായുള്ള ഇടപാടുകള്‍ മാറി. സ്വകാര്യ ജീവിത സന്ദര്‍ഭങ്ങളുടെ പൊരുള്‍ മാറി. നാര്‍സിസസ് പണ്ട് തടാകത്തിലേക്കും പിന്നെ ഫോട്ടോ ആല്‍ബത്തിലേക്കും പിന്നെ സെല്‍ഫിയിലേക്കും നോക്കി നോക്കി നോക്കി രതിമൂര്‍ഛയിലാറാടി കണ്ടാലേ വിശ്വസിയ്ക്കൂ എന്ന് സംശയിക്കുന്ന തോമസ് ഇന്ന് തോമസിന് കണ്ടാലും നമ്പാനാവില്ല.

ഒരു ഫോട്ടോഗ്രാഫറുടെ നാടകീയ സ്വഗതോക്തിയാണ് കവിത ഇന്ന് നമ്മുടെ ചേഷ്ടകളെ നാമറിയാതെ ക്യാമറ നിയന്ത്രിക്കുന്നു. മരിക്കാനും ജനിക്കാനും കല്യാണം കഴിക്കാനും ക്യാമറ വേണം.ക്യാമറ കര്‍മ്മസാക്ഷിയും മുഖ്യ കാര്‍മ്മികനും ആയി. രതി അനുഭവത്തെക്കാള്‍ പ്രധാനം പോണ്‍ കാഴ്ചകളാവുന്നു. ഫോട്ടോ ഗ്രാഫിക് ഇമേജ് മൂല്യസൂചികയായി. ക്യാമറ നിങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടമായി, ചാരക്കണ്ണായി ചിലപ്പോള്‍ അധികാര രഹസ്യങ്ങളിലേക്ക് തെഹല്‍ക്ക ക്കണ്ണായി കടന്നു വരുന്നു.

നാം ഋതുക്കളിലൂടെ എന്താടുന്നു പാടുന്നുവെന്ന് അവതാരങ്ങളിലൂടെ നാമെന്തു സൃഷ്ടിക്കുന്നു സംഹരിക്കുന്നുവെന്ന് പരിശോധിക്കുകയാണ് കവി. വസ്തുക്കളെക്കാള്‍ ഇമേജും കര്‍മ്മങ്ങളെക്കാള്‍ പോസുകളും ഒറിജിനലിനെക്കാള്‍ കോപ്പിയും പ്രധാനമായി തീര്‍ന്നിരിക്കുന്നു. ദൃശ്യത ഇന്ന് മൂലധനവും സാംസ്‌ക്കാരിക മൂലധനവും സാമൂഹ്യ മൂലധനവും ആയി മാറി. അദ്ദശ്യത ഇന്ന് ജനങ്ങളുടെ അധികാരമില്ലായ്മയുടെയും സ്വയം പ്രതിനിധാനശേഷിയില്ലായ്മയുടെയും സൂചികയായി. നമ്മെ കാഴ്ചപ്പണ്ടമാക്കുന്നതിനെ വിമര്‍ശനാത്മകമായി നോക്കുമ്പോള്‍ കാണി വസ്തു സ്ഥാനത്തു നിന്ന് കര്‍ത്തൃ സ്ഥാനത്തേക്ക് ഉദിച്ചുയരുന്നു. ക്യാമറയിലെ ലോക ദ്രോഹവിചാരകയെ കവി വിചാരണ ചെയ്യുന്നു.

‘ഒന്നിനെ തന്നെ നോക്കിയിരിക്കുമ്പോള്‍
ഞാന്‍ അനേകരായ് പൊട്ടിപ്പിരിയുന്നു.
പുഴയുടെ ഒരുമ വേണ്ടപ്പോള്‍ ഞാന്‍
മഴയുടെ ചിതറലാകുന്നു.’

പുറമേക്ക് ലെനിനായി പൂജാമുറിയില്‍ പൂന്താനമായി നാം ചിതറുന്നു.

പഴങ്കഥയിലെ കുരുടന്മാര്‍ ആനയെ കണ്ടതുപോലെ തര്‍ക്കാന്ധതയില്‍ ലോകത്തെ തളച്ചിടാന്‍ ശ്രമിക്കുന്നു സ്വത്വത്തിനും കാഴ്ചയ്ക്കും എന്നാണ് ഏകതയും സമഗ്രതയും ഉണ്ടായിരുന്നത്?

4

‘കാഴ്ചക്കാരന്‍’ എന്ന കവിത കാഴ്ചയെക്കുറിച്ചുള്ള സംവാദം ആണ്. താരാ ശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം എന്ന നോവലില്‍ ജീവന്‍ മശായ് രോഗിയുടെ നാഡിപിടിച്ചു നോക്കി മരണലക്ഷണം പറയും. ഈ കവിത കാഴ്ചയിലെ മരണലക്ഷണങ്ങള്‍ പറയുന്നു.

‘മിന്നല്‍ പോല്‍ ഞെട്ടല്‍ പോല്‍ ഹ്രസ്വ മെന്‍ കാഴ്ച.തെരുവിലെ തീവ്ര വിസ്‌ഫോടനം പോല്‍ ശിഥിലമെന്‍ കാഴ്ച.ലോകമെന്‍ മൂക്കത്ത്, പട്ടണ കണ്‍കെട്ട്, ഞാന്‍ കാണുന്നതിന്‍ മുമ്പ് മാറുന്നു കാഴ്ച.’

അടുത്തതകന്നതായ്
അകന്നത് മാഞ്ഞതായ്
ചെറുത് വലുതായി
വലുത് ഭയമായി
പഴയത് പുതുതായി
പുതുത് പുഴുത്തതായി
പൊരുള് പൊയ്യായി
പൊയ്യ് പൊരുളായി
കണ്ടു കണ്ടൊന്നുമേ
കാണാതെയാവുന്നു.
ശൂന്യമൊരു കണ്‍കൂട്ടമായ്
ഞാനെന്ന കാഴ്ച ചിതറുന്നു.

കാഴ്ച അധികാരാഭിചാരത്തിന്റെ സ്തംഭനവും വശ്യവും മാരണവും ദണ്ഡനവും ഉള്ളടങ്ങിയ കണ്‍കെട്ട് ആയി മാറുന്നു.

‘കാണുന്നുവെന്നറിയാത്തതോ
കണ്ടതോര്‍ക്കാത്തതോ
കാണേണ്ടതെന്തെന്നുമറിയാത്തതോ
കാണേണമെന്നുമില്ലാത്തതോ
എന്തെന്റെ കാഴ്ചയില്ലായ്മ ?

ഫെഡറല്‍ ആഖ്യാന വിദ്യ

നളന്‍ സ്വദേശത്തേക്കുള്ള യാത്രയില്‍ കലിയെ പുറത്തുചാടിക്കുന്നത് അക്ഷ ഹൃദയ വിദ്യയിലൂടെയാണ്. അതിവേഗ വാഹനത്തിലിരുന്ന് പെട്ടെന്ന് മരത്തിലെ ഇലകളുടെ എണ്ണം തിട്ടപ്പെടുത്തുന്ന അക്ഷ ഹൃദയ വിദ്യ കവിതയില്‍ ഈ അക്ഷ ഹൃദയ വിദ്യ പ്രവര്‍ത്തിക്കുന്നത് ഫെഡറല്‍ ആഖ്യാന വിദ്യയിലൂടെയാണ്. ഒന്ന് മറ്റൊന്നുമായി പകരുന്ന വാസ്ത വോക്തി, ശ്ലേഷോക്തി ,അതിശയോക്തി എന്നിവയല്ല കവി പിന്തുടരുന്നത്. അനേകം അനേകങ്ങളുമായി സംക്രമിക്കുന്ന ബിംബക്കെട്ടുമുറയാണ് ഇതിലെ ഫെഡറല്‍ ആഖ്യാന വിദ്യ

മരങ്ങളും മഹാ ജന്മങ്ങളും സഹസ്ര ശീര്‍ഷം കൊണ്ട് കാണിക്കുന്ന കൊടുങ്കാറ്റിനെ ഒറ്റവരിയുടല്‍ കൊണ്ട് കാണിച്ചിരുന്ന എന്റെ മന്ത്ര സിദ്ധി (അസുന്ദരം) കേന്ദ്രവും ക്രമവും തകര്‍ക്കുന്നതാണ് ഈ ബഹു ശിലാത്മക ബിംബക്കെട്ടുമുറ സത്യം പലത് എന്ന് ബഹുസ്വരതയുടെ മേളകലയായി കവിത മാറുന്നു. അതു കൊണ്ട് ഈ കവിതകള്‍ കാഴ്ചയുടെ അപ കോളനീകരണത്തെ പ്രശ്‌നവത്ക്കരിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply