ജോഡോയാത്ര രാഹുലിനെ മാത്രമല്ല  ഏവരെയും പുതുക്കിപ്പണിതു.

ഇന്ത്യാ ചരിത്രത്തില്‍, ഒരു പുതിയ സംഭവത്തിന്റെ, പുതിയ രാഷ്ട്രീയത്തിന്റെ വരവറിയിച്ചു  ശ്രീനഗറില്‍ സമാപിച്ച ഭാരത് ജോഡോ യാത്ര. വെറുപ്പിന്റെയും അധികാരത്തിന്റെയും മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി മറ്റൊരു രാഷ്ട്രീയം, മറ്റൊരിന്ത്യ, സാധ്യമാണെന്ന് ഈ യാത്ര വിളംബരം ചെയ്തു.

ഹിന്ദുത്വ രാഷ്ട്രീയം ഭീതിയുടെ ഒരു ഭൂഖണ്ഡമാക്കി ഇന്ത്യന്‍ ജനതയെ ബന്ധിയാക്കി മാറ്റിയ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് ഈ യാത്രയെന്ന് നാം ഓര്‍ക്കണം. നിരോധിക്കപ്പെട്ട ബി.ബി.സി.ഡോക്യുമെന്ററി നാം സൗകര്യപൂര്‍വ്വം മറക്കാനാഗ്രഹിച്ച ആ പൈശാചികമായ യാഥാര്‍ഥ്യത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മയില്‍ കൊണ്ടു വന്ന് നമ്മെ ഞെട്ടിച്ചു. വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച്, ആള്‍ക്കൂട്ടക്കൊലകള്‍ നടത്തി, വിയോജിക്കുന്നവരെ തുറുങ്കിലാക്കി, ചിന്തിക്കുന്നവരെ, ഉന്മൂലനം ചെയ്ത്, പൗരാവകാശങ്ങള്‍ നിഷേധിച്ച്, രാജ്യത്തെ മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരില്‍ അന്തരാ വിഭജിച്ച്, വിഷം സര്‍ജ്ജിച്ച ഒരു ഫാസിസ്റ്റ് ഭരണകൂടം രണ്ടാമതും മൂന്നാമതും ഭൂരിപക്ഷം നേടി ഭരണത്തിലേറിയപ്പോള്‍ ജനാധിപത്യത്തിന്റെ എല്ലാ വഴികളും അടയുകയായിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തിയും,കേസ്സുകളില്‍ക്കുടുക്കിയും, ജയിലിലടച്ചും ആക്രമിച്ചും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പിന്നീടങ്ങോട്ട് ഹിന്ദുത്വഭരണകൂടം.

വാര്‍ത്താമാദ്ധ്യമങ്ങള്‍ ഭൂരിഭാഗവും ചോരക്കറ മായിച്ച് മോദിഭരണത്തെ മഹത്വപ്പെടുത്തുന്നവരായി മാറി. ജനാധിപത്യസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. ജ്യുഡീഷ്യറിയും ഭരണകൂടത്തിനു വഴങ്ങി. ഫെഡറലിസം നിഹനിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ അപരവല്‍ക്കരിക്കപ്പെട്ടു. കാശ്മീരിന്റെ സംസ്ഥാന പദവിയെടുത്ത് കളഞ്ഞ് പ്രതിപക്ഷ നേതാക്കളെയെല്ലാം വീട്ടു തടങ്കലിലാക്കി. പൗരാവകാശ പ്രക്ഷോഭണങ്ങളെ അടിച്ചൊതുക്കി. ഇന്ത്യ ഒരു തുറന്ന ജയിലായി. പ്രതിരോധം അസാധ്യമായി.

ഇത്തരമൊരവസ്ഥയിലാണ് ജോഡോയാത്ര ആരംഭിക്കുന്നത്. ഇ.ഡിയുടെ ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയെയും, പ്രിയങ്കാഗാന്ധിയേയും സോണിയാഗാന്ധിയേയും നിരവധി തവണ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്ന സന്ദര്‍ഭം. ഭരണകൂടത്തിന്റെ ശിക്ഷായന്ത്രങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞു എന്നും ഏതുനിമിഷവും തങ്ങള്‍ ശിക്ഷിക്കപ്പെടാമെന്നും ഗാന്ധി കുടുംബം മനസ്സിലാക്കിയ സന്ദര്‍ഭം. രാഹുല്‍ ഗാന്ധിക്ക് രണ്ടു മാര്‍ഗ്ഗങ്ങളേ ഉണ്ടായിരുന്നുള്ളു: ഒന്നുകില്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുക, അല്ലെങ്കില്‍ സ്വസ്ഥമായി നിശ്ശബ്ദമായി വഴങ്ങിക്കൊടുക്കുക. എന്നാല്‍ മൂന്നാമത്തെ മാര്‍ഗ്ഗമാണ് രാഹുല്‍ സ്വീകരിച്ചത്. ജനങ്ങളിലേക്കു് ഇറങ്ങിച്ചെല്ലുക. ജനശക്തിയെ ആശ്രയിക്കുക. സുരക്ഷാപോലീസ്സിന്റെ വലയത്തില്‍, നിന്ന് ഭരണകൂടത്തിന്റെ ആസന്നമായ ആക്രമണങ്ങളില്‍ നിന്ന് വിട്ടുമാറി, ജനമദ്ധ്യത്തിലേക്ക് സ്വയം തുറന്നു വിടുക. ജനങ്ങളുടെ സ്‌നേഹവും ശക്തിയുമാണ് ഏറ്റവും വലിയ സുരക്ഷ എന്ന ജനാധിപത്യ സത്യത്തില്‍ വിശ്വാസമര്‍പ്പിക്കുക. ജനങ്ങളെ കേള്‍ക്കുക, തൊടുക, തഴുകുക,പുണരുക.ജനങ്ങളാല്‍ ആശ്ലേഷിക്കപ്പെടുക. ജനങ്ങളുടെ ശക്തിയില്‍ ജനാധിപത്യത്തെ നാട്ടുക. സ്വയം പുറത്തു കടക്കുക മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളേയും പുറത്തേക്ക് കൊണ്ടുവന്നു രാഹുല്‍ ഗാന്ധി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പൊതുഗതിയില്‍ നിന്ന്, അധികാരപഥങ്ങളില്‍ നിന്ന് ഒരു വ്യതിയാനരേഖയായിരുന്നു ജോഡോയാത്ര. ദെല്യൂസ് പറയുന്ന ഒരു പലായന രേഖ (line of flight). നേരിട്ടുള്ള ഏറ്റുമുട്ടലിനു പകരം വശങ്ങളിലൂടെ നേരിടുക. പ്രതിരോധം അസാധ്യമാവുമ്പോള്‍ അസാധ്യത്തിന്റെ വരമ്പിലൂടെ ഇടറാതെ ചരിക്കുക. അസാധ്യത്തിന്റെ സാധ്യതകള്‍ കണ്ടുപിടിക്കുക. അനേകം പലായനരേഖകള്‍ ഈ പ്രതിരോധരഥ്യയില്‍ സന്ധിച്ചു.

ഇരിപ്പിലും കിടപ്പിലും വീഴ്ചയിലും പെട്ടുപോയ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തെ, അതിലെ ദുര്‍മ്മേദസ്സു വന്ന് നേതാക്കളെ, ജോഡോ യാത്ര നടത്തിയ്ക്കുകയും, ഓടിക്കുകയും ചാടിക്കുകയും ചെയ്യുന്ന കാഴ്ചകള്‍ അര്‍ഥനിര്‍ഭരമായിരുന്നു. രാഷ്ട്രീയത്തിന്റെ പൊതു ധാരയില്‍ നിന്നകന്നവര്‍, അകറ്റപ്പെട്ടവര്‍, ഒറ്റപ്പെട്ടവര്‍, സമൂഹത്തിന്റെ വിഭിന്ന മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബഹുവിധ പ്രതിഭകള്‍, കുഞ്ഞുങ്ങള്‍ അമ്മമാര്‍, ബാലന്മാര്‍, യുവാക്കള്‍ യുവതികള്‍, വൃദ്ധന്മാര്‍, വിവിധജാതി മത ദേശസ്ഥര്‍, അനുയാത്രികരായി. മേധാ പഠ്ക്കര്‍, ആനന്ദ് പട്വര്‍ദ്ധന്‍, ഉദയ കുമാര്‍, സ്റ്റാലിന്‍, കമലഹാസന്‍, രഘുറാം രാജന്‍, പ്രകാശ് രാജ്, സ്വരഭാസ്‌ക്കര്‍, യോഗേന്ദ്ര യാദവ്, രോഹിത് വേമുലയുടെ അമ്മ, ഗൗരീ ലങ്കേഷിന്റെയും അമ്മയും സഹോദരിയും, ഇങ്ങനെ പൊതുമണ്ഡലത്തിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ യാത്രയുടെ ഓരോഘട്ടങ്ങളില്‍ പങ്കു ചേര്‍ന്നു. പീഢിക്കപ്പെട്ടവരുടെയും ഇരകളാക്കപ്പെട്ടവരുടെയും വേട്ടയാടപ്പെട്ടവരുടെയും ബന്ധുക്കള്‍ കുടുംബാംഗങ്ങള്‍ അവിടെ ഒത്തു ചേര്‍ന്നു നടന്നു. അമ്മൂമ്മയും അഛനും വധിക്കപ്പെട്ട രണ്ടു സഹോദരങ്ങളുടെ വേദനയും ദുരന്തവും മറ്റു വേദനകളോടും, ദുരന്തങ്ങളോടും സംവദിച്ചു, ജോഡോ യാത്രയോടൊപ്പം നടന്നു നീങ്ങിയത് ഒരു പുതിയ ഇന്ത്യയായിരുന്നു.

കാമനയുടെ/ ഭാവശക്തിയുടെ രാഷ്ട്രീയത്തെയാണ് ഭാരത് ജോഡോ യാത്ര അവതരിപ്പിച്ചത്. ഗ്രനേഡുകളല്ല സ്‌നേഹമാണ് തനിക്ക് കാശ്മീരിലെ ജനങ്ങള്‍ തന്നതെന്ന് നന്ദി കൊള്ളുമ്പോള്‍, വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കുവനാണ് തങ്ങളുടെ ശ്രമം എന്ന് പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കപ്പെടുന്നതതാണ്.സ്‌നേഹത്തിന്റെയും ആനന്ദത്തിന്റെയും സൂക്ഷ്മരാഷ്ട്രീയമാണ് സമകാലീന ഹിംസാധിപത്യ രാഷ്ട്രീയത്തിനെതിരേ ജോഡോ യാത്ര മുന്നോട്ട് വച്ചത്. ഹൃദയങ്ങള്‍ തമ്മില്‍, മനസ്സുകള്‍ തമ്മില്‍, ഭാഷകള്‍ തമ്മില്‍, മതങ്ങള്‍ തമ്മില്‍, പൊട്ടിപ്പിളര്‍ന്നതെല്ലാം തമ്മില്‍, ആശ്ലേഷിക്കുകയും ഇണങ്ങിച്ചേരുകയും ചെയ്യുന്നതിന്റെ ഉദാത്ത രാഷ്ട്രീയം. ഭയം എന്ന നിഷേധാത്മക ഭാവശക്തിയാണ് ഇന്ന് നമ്മെ ഭരിക്കുന്നതെങ്കില്‍ നിര്‍ഭയത്വത്തിന്റെ ഭാവശക്തിയാണ് ഭാരത്‌ജോഡൊ യാത്രികര്‍ പ്രസാരം ചെയ്തത്. പേടിയില്‍ നിന്ന് വിമോചിതമായ പൊതുഇടങ്ങളായി ഈ യാത്രാപഥങ്ങള്‍.

ഫാസിസങ്ങളെ, സര്‍വ്വാധിപത്യങ്ങളെ കടപുഴക്കിയെറിയുവാന്‍ കെല്പുള്ള മഹാശക്തിയാണ് ജനങ്ങളുടെ സ്‌നേഹരാഷ്ട്രീയ ശക്തിയെന്ന് നമ്മെ വിശ്വസിപ്പിക്കുന്നു ഈ ഐക്യയാത്ര. മഞ്ഞു പെയ്യുന്ന ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തപ്പെട്ടു. പ്രതീകാത്മമായ ഒരു വീണ്ടെടുപ്പ്. മെഹബൂബാ മുഫ്തിയേയും ഫറൂഖ് അബ്ദുള്ളയേയും ഒമാര്‍ അബ്ദുല്ലയേയും പോലെ പല കാലങ്ങളില്‍ തുറുങ്കിലടയ്ക്കപ്പെട്ട കാശ്മീര്‍ നേതാക്കള്‍ ”പ്രത്യാശയുടെ ഉദയമെന്ന് ജോഡോയാത്രയെ വിശേഷിപ്പിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ നിന്നൊറ്റപ്പെട്ടു പോയ, സൈന്യത്താല്‍ വളയപ്പെട്ട, സ്വാതന്ത്ര്യം ഹനിക്കപ്പെട്ട ,കാശ്മീരി ജനത നാനാഭാഗത്തു നിന്നെത്തിയ ജനങ്ങളെ ആശ്ലേഷം ചെയ്യുന്ന സന്ദര്‍ഭത്തില്‍, സുരക്ഷാവലയങ്ങളെ ഭേദിച്ചു കൊണ്ട് രണ്ട് യുവ സഹോദരങ്ങള്‍ മഞ്ഞുകട്ടകള്‍കൊണ്ട് പരസ്പരം എറിഞ്ഞു കളിക്കുന്ന രംഗം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ഉദാത്തമായ സന്ദര്‍ഭങ്ങളിലൊന്നായിരിക്കും. പ്രതിരോധത്തിന്റെ രാഷ്ട്രീയം ഒരു കേളീ മണ്ഡലവും ആനന്ദമണ്ഡലവുമാണെന്ന് പ്രസ്താവിക്കുന്നു അത്.

സെപ്റ്റംബര്‍ ഏഴാം തീയതി കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര 4000 കിലോമീറ്റര്‍, സഞ്ചരിച്ച്, 12 സംസ്ഥാനങ്ങള്‍ കടന്ന്, അഞ്ചു മാസത്തിനു ശേഷം ശ്രീനഗറില്‍ സമാപിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ദിശാമാറ്റം സംഭവിച്ചുവെന്ന് നാം അറിയുന്നു. യാത്രയുടെ സംഭവച്ചുഴിയിലൂടെ കടന്നു പോയ യാത്രികര്‍ ഓരോരുത്തരും പുതുക്കപ്പെട്ടു. പഴയ വ്യക്തിത്വം ഉരിഞ്ഞു കളഞ്ഞ് പുതിയ കര്‍തൃത്വത്തിലേക്ക് അവര്‍ രൂപാന്തരണം ചെയ്തു. രാഹുല്‍ ഗാന്ധിയെ മാത്രമല്ല എല്ലാവരെയും യാത്ര പുതുക്കിപ്പണിതു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അധികാരസമവാക്യങ്ങള്‍ തിരുത്തപ്പെട്ടു. പുതിയ ഇന്ത്യ, പുതിയ രാഷ്ട്രീയം, പുതിയ കര്‍തൃത്വം പിറവി കൊണ്ടു. ഭാരത് ജോഡോ യാത്രയെ ഒരു സംഭവമെന്ന് വിശേഷിപ്പിക്കുന്നതതു കൊണ്ടാണ്. ഈ സംഭവം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും, തുടര്‍സംഭവങ്ങളുമായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply