ജയ ജയ ജയ ജയ ഹേ സ്ത്രീപക്ഷ സിനിമ തന്നെ

വളരെ ലളിതമായ കഥയെ വളരെ രസകരമായി ചിത്രീകരിക്കാന്‍ വിപിന്‍ ദാസിനായി എന്നതാണ് ചിത്രത്തിന്റെ വിജയം. അനാവശ്യമായ ബുദ്ധിജീവി ജാഡകളോ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങളോ ചിത്രത്തിലില്ല. അതേസമയം ജയയുടെ വീട്ടുകാര്‍ കോണ്‍ഗ്രസ്സ് അനുഭാവിയാണെന്നും പാരലല്‍ കോളേജില്‍ വലിയ ഫെമിനിസമൊക്കെ പറഞ്ഞ് കടകവിരുദ്ധമായി ജീവിക്കുന്ന അധ്യാപകന്‍ ഇടതുപക്ഷമാണെന്നും ഭര്‍ത്താവ് രാജേഷ് സംഘപരിവാറുകാരനാണുമെന്ന സൂചന ചിത്രത്തിലൂണ്ട്. അതിലൂടെ മലയാളി സമൂഹത്തിന്റെ മൊത്തം കാപട്യമാണ് സംവിധായകന്‍ വരച്ചു കാട്ടുന്നത്. ആ കാപട്യത്തെയാണ് ഇടിയിലൂടേയും തൊഴിയിലൂടേയും ജയ നേരിടുന്നത്. ഈ നേരിടലിനെയാണ് പ്രേംബാബുവിനെ പോലുള്ളവര്‍ ഭയക്കുന്നത്.

ജയ ജയ ജയ ജയ ഹേ എന്ന സിനിമ സ്ത്രീ വിരുദ്ധ കോമാളിച്ചിരിയുടെ കമ്പപ്പുരക്ക് തീ കൊളുത്തുന്നു എന്ന ടൈറ്റിലില്‍ പി എ പ്രേംബാബു എഴുതിയ വിമര്‍ശനം ഏറെ സ്ത്രീവിരുദ്ധമായി എന്നതാണ് വസ്തുത. ക്രിട്ടിക് പോലുള്ള ഒരു പ്രസിദ്ധീകരണത്തില്‍ അതു പ്രസിദ്ധീകരിച്ചു കണ്ടപ്പോള്‍ അത്ഭുതം തോന്നി. ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന പാവപ്പെട്ട കശുവണ്ടി തൊഴിലാളികളുടെ ജീവിതം ചിത്രീകരിക്കാത്തതിനാലാണ് പ്രേംബാബുവിന് ഏറെ വിമര്‍ശനം. അതായിരിക്കും സിനിമയുടെ പ്രമേയം എന്ന് അദ്ദേഹം പ്രതീക്ഷിച്ചതുപോലെ തോന്നി. അതേസമയം സ്വന്തം വീടും ഭര്‍ത്തൃവീടും ഇല്ലാതായ സാഹചര്യത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനായി, കണ്ടുപരിചയമുള്ള ഒരു സംരംഭം – കോഴി ബിസിനസ് – തുടങ്ങുന്ന ജയയുടെ തീരുമാനത്തെ അധോലോക വഴിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. വിലയുടെ വിഷയവുമായി കച്ചവടക്കാര്‍ തമ്മില്‍ പലപ്പോഴുമുണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് അധോലോകവഴിയെന്ന് ആക്ഷേപിക്കുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനായി ഒരു സാധാരണ സ്ത്രീ നടത്തുന്ന ജീവിത പോരാട്ടത്തെ നിമ്ന മധ്യവര്‍ഗ്ഗ നൈതിക പ്രശ്നങ്ങളായും വ്യാഖ്യാനിിക്കുന്നു.

പ്രേംബാബുവിന്റെ പ്രശ്‌നം വ്യക്തമാണ്. അതാകട്ടെ കേരളത്തിലെ വലിയൊരു വിഭാഗത്തിന്റെ പ്രശ്‌നമാണ്. പൊതുവിലവരെ കമ്യൂണിസ്റ്റ് യാഥാസ്ഥിതികരെന്ന് വിളിക്കാം. യാഥാസ്ഥിതികര്‍ക്കെതിരായ പോരാട്ടമാണ് കമ്യൂണിസ്റ്റുകാര്‍ നയിക്കുന്നതെന്നൊക്കെ പറയുമെങ്കിലും ഏറ്റവും വലിയ യാഥാസ്ഥിതികരായി അവരില്‍ വലിയ ഒരു വിഭാഗം മാറിയിട്ടുണ്ടെന്നതാണ് സത്യം. തങ്ങള്‍ പഠിച്ചുവെച്ചിരിക്കുന്ന വര്‍ഗ്ഗ സമര ചട്ടക്കൂടില്‍ നിന്നു വ്യതിചലിക്കുന്ന എന്തിനേയും സംശയദൃഷ്ടിയോടെ ആണിവര്‍ കാണുന്നത്. അവയെയെല്ലാം ബൂര്‍ഷ്വാ, പെറ്റി ബൂര്‍ഷ്വാ, മധ്യവര്‍ഗ്ഗ നിലപാടുകളായാണ് ഇവര്‍ ചിത്രീകരിക്കുക. കേരളത്തില്‍ ഫെമിനിസ്റ്റ് സംഘടനകള്‍ രൂപം കൊള്ളുന്ന സമയത്ത് അവരെ ഏറ്റവുമധികം എതിര്‍ത്തത് ഈ വിഭാഗമായിരുന്നു. ലിംഗനീതിയുടെ രാഷ്ട്രീയം പറയുന്നത് വര്‍ഗ്ഗ സമര രാഷ്ട്രീയത്തെ തകര്‍ക്കുമെന്നായിരുന്നു അവരന്ന് ആക്ഷേപിച്ചത്. വര്‍ഗ്ഗസമരം വിജയിക്കുകയും വിപ്ലവം നടക്കുകയും ചെയ്യുമ്പോള്‍ അവയെല്ലാം പരിഹരിക്കപ്പെടും. ഇപ്പോഴും ആ ആക്ഷേപം ഉന്നിക്കുന്നവരുണ്ടല്ലോ. അവര്‍ക്കൊപ്പം നിന്നാണ് പ്രേംബാബു ഈ സിനിമയെ വിമര്‍ശിക്കുന്നത്. സ്ത്രീപക്ഷ സിനിമ എന്ന പ്രച്ഛന്നത്തില്‍ മധ്യവര്‍ഗത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള മോഹചിന്തകളെ അടയാളപ്പെടുത്തുന്ന ക്ലീഷേ ആര്‍ക്കിടൈപ്പുകളാണ് ഈ സിനിമ തൊടുത്തുവിടുന്നത് എന്ന ആക്ഷേപത്തിന്റെ ഉറവിടം അതാണ്.

ശരാശരി മലയാളി കുടുംബത്തില്‍ എല്ലാ സ്വാതന്ത്ര്യവുമുണ്ടന്നു ധരിക്കുകയും എന്നാലൊന്നും ഇല്ലാതിരിക്കുകയും അതേകുറിച്ച് തിരിച്ചറിയാതിരിക്കുകയും അറിഞ്ഞാല്‍ തന്നെ ഒരു പ്രയോജനവുമില്ലാതിരിക്കുകയും ചെയുന്ന ജീവിതം തന്നെയായിരുന്നു ജയയുടേതും. പഠിച്ച് ജോലി നേടണമെന്ന അവളുടെ ആഗ്രഹത്തിന് അവിടെ ഒരു വിലയുമുണ്ടായിരുന്നില്ല. രാജ് ഭവനെന്ന വീട്ടിലെ രാജേഷ് എന്ന കോഴിക്കച്ചവടക്കാരന് അവളെ വിവാഹം കഴിച്ചു കൊടുക്കുകയാണ് വീട്ടുകാര്‍ ചെയ്തത്. ശരാശരി മലയാളി ചെറുപ്പക്കാരന്‍ തന്നെയാണയാള്‍. ശരാശരി മലയാളിവീടുകളില്‍ സംഭവിക്കുന്നതൊക്കെതന്നെയാണ് അവിടെ സംഭവിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ നിരന്തരമായ മര്‍ദ്ദനത്തെ നേരിടാന്‍ അവള്‍ തീരുമാനിക്കുന്നതോടെ ചിത്രം മാറുന്നു. യു ട്യൂബ് വഴിയും മറ്റും കരാട്ടെ അഭ്യസിക്കുന്ന അവള്‍ കായികമായി തന്നെ ഭര്‍ത്താവിനെ നേരിടുന്നു. ആ രംഗങ്ങളാകട്ടെ വൈറലാകുന്നു. സ്വാഭാവികമായും വിവാഹമോചനം നടക്കുന്നു. കോഴി കച്ചവടത്തില്‍ തന്നെ അവള്‍ സ്വന്തം ജീവിതം കണ്ടെത്തുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വളരെ ലളിതമായ ഈ കഥയെ വളരെ രസകരമായി ചിത്രീകരിക്കാന്‍ വിപിന്‍ ദാസിനായി എന്നതാണ് ചിത്രത്തിന്റെ വിജയം. അനാവശ്യമായ ബുദ്ധിജീവി ജാഡകളോ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങളോ ചിത്രത്തിലില്ല. അതേസമയം ജയയുടെ വീട്ടുകാര്‍ കോണ്‍ഗ്രസ്സ് അനുഭാവിയാണെന്നും പാരലല്‍ കോളേജില്‍ വലിയ ഫെമിനിസമൊക്കെ പറഞ്ഞ് കടകവിരുദ്ധമായി ജീവിക്കുന്ന അധ്യാപകന്‍ ഇടതുപക്ഷമാണെന്നും ഭര്‍ത്താവ് രാജേഷ് സംഘപരിവാറുകാരനാണുമെന്ന സൂചന ചിത്രത്തിലൂണ്ട്. അതിലൂടെ മലയാളി സമൂഹത്തിന്റെ മൊത്തം കാപട്യമാണ് സംവിധായകന്‍ വരച്ചു കാട്ടുന്നത്. ആ കാപട്യത്തെയാണ് ഇടിയിലൂടേയും തൊഴിയിലൂടേയും ജയ നേരിടുന്നത്. ഈ നേരിടലിനെയാണ് പ്രേംബാബുവിനെ പോലുള്ളവര്‍ ഭയക്കുന്നത്. പുത്തന്‍ ധനകാര്യ മുതലാളിത്തത്തിന്റെ കാലത്ത് പാരമ്പര്യമായ സന്മാര്‍ഗ്ഗ ചിന്തകളില്ലാത്ത കരാട്ടെയും അടിയും ഇടിയും മറ്റും പഠിച്ച് വയലന്‍സിലൂടെ സ്ത്രീപുരുഷ ഭേദമെന്യേ ആര്‍ക്കും സാമൂഹ്യ സാമ്പത്തിക അധികാരശ്രേണിയിലേക്ക് വരാന്‍ കഴിയുമെന്ന് ജയഭാരതി എന്ന കഥാപാത്രത്തിലൂടെ സംവിധായകന്‍ പറഞ്ഞുറപ്പിക്കുന്നു എന്ന്, സംവിധായകന്‍ ചിന്തിക്കാത്ത വാചകമൊക്കെ വരുന്നത് അതിനാലാണ്. അക്രമം ബലാത്കാരം തെരുവുതല്ല് എന്നിവയിലൂടെ ശക്തിയുടെ നായകസ്ഥാനത്തേക്ക് വരേണ്ടത് സ്ത്രീ ഉപരോധ മുന്നേറ്റത്തിന് ചരിത്രപരമായ ആവശ്യമാണെന്ന് സിനിമ പറയാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയാനുള്ള കാരണവും അതുതന്നെ. പുത്തന്‍ കമ്പോള ആഭാസങ്ങളെ സ്ത്രീ വിമോചനമെന്ന കപട രാഷ്ട്രീയ പ്രചാരണത്തിലൂടെ ന്യായീകരിക്കുകയും സമൂഹത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നതില്‍ ഈ വാണിജ്യ സിനിമ വിജയിക്കുന്നു എന്ന പ്രേംബാബുവിന്റെ ഭയം തുടക്കത്തില്‍ പറഞ്ഞ കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ഭയമല്ലാതെ മറ്റൊന്നല്ല.

കഴിഞ്ഞില്ല, പ്രേംബാബുവിന്റെ ആധികള്‍ നോക്കൂ. ‘താന്‍ മുന്നില്‍ കാണുന്ന അണ്ടിക്കമ്പനിയിലെ സ്ത്രീ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബോണ്ടഡ് ലേബര്‍ അടിമ ദാരിദ്ര്യ ജീവിതത്തില്‍ നിന്ന് അവരെ വിമോചിപ്പിക്കാനുള്ള രാഷ്ട്രീയമോ, വീക്ഷണമോ ഉത്തരാധുനിക രൂപമായ ജയഭാരതി എന്ന കഥാപാത്രത്തില്‍ നിന്ന് ഉണ്ടാകുന്നില്ല.’ സ്വന്തം ജീവിതാനുഭവത്തില്‍ നിന്നു ഭര്‍ത്താവിന്റെ അടിമയാകാന്‍ തയാറല്ല, സ്വന്തം വീട്ടിലേക്കു മടങ്ങാനും തയ്യാറല്ല എന്നു തീരുമാനിച്ച ഒരു സ്ത്രീക്ക് ഇവര്‍ നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ ആരംഭിച്ച സംരംഭം, പ്രേംബാബുവിന് നീതി നിഷേധിക്കപ്പെടുന്ന സ്ത്രീ അവകാശ സമരങ്ങളില്‍ നിന്ന് പിന്മാറി പണവും, ഗുണ്ടായിസവും നിക്ഷേപമായ കൊച്ചുമുതലാളിത്തത്തിലേക്ക് പോകലാണ്. പെട്ടിക്കടക്കടക്കാരനെപോലും ബൂര്‍ഷ്വാസിയായി കാണുന്ന ശരാശരി ഇടതുപക്ഷ മനസ്സിതന്നെ. കോര്‍പ്പറേറ്റ് മുതലാളിത്തകാലത്ത് ധനകാര്യാധികാര വ്യവസ്ഥിതിയിലേക്കുള്ള പരിണാമത്തിനൊപ്പിച്ച് സ്ത്രീ പുരുഷബന്ധങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് ഈ ചിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നു പറയുന്ന അദ്ദേഹം നിഷേധിക്കുന്നത് ഫലത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ത്രീയുടെ അവകാശത്തെയാണ്.. അവരെന്നും പുരുഷന്റെ ആശ്രിതരായി നില്‍ക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. നമ്മുടെ സമൂഹം കുടുംബ കേന്ദ്രീകൃതമായ നൈതിക ഘടനയാണെന്നതിനാല്‍ സ്റ്റേറ്റിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും, ജനാധിപത്യത്തിന്റെയും സാധ്യതകളെ അട്ടിമറിച്ച് കരാട്ടെയും കളരിപ്പയറ്റും ഗുസ്തിയും പഠിച്ച പെണ്‍കുട്ടികള്‍ സ്ത്രീ രക്ഷകരായിത്തീരും എന്ന കുടുംബത്തിന്റെ അടിപ്പടവുകള്‍ തകര്‍ക്കുന്ന ഇത്തരം വികല ദുര്‍ബോധന സിനിമകള്‍ വലിയ സാമൂഹ്യ ദുരന്തമായി മാറുന്നുണ്ട് എന്നു കൂടി പറയുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. അതേസമയത്ത് ജയയുമായി താദാത്മ്യം പ്രാപിച്ച്, ആ അഭ്യാസങ്ങള്‍ പലര്‍ക്കും നേരെ പ്രയോഗിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും തിയറ്ററുകളില്‍ കയ്യടിച്ച് തകര്‍ക്കുകയാണ് എന്നതാണ് ശ്രദ്ധേയം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നത്തെ കുടുംബം അതുപോലെതന്നെ നില്‍ക്കട്ടെ എന്നു തന്നെയാണ് പ്രേംബാബു പറയുന്നത്. ഭരൃത്തൃവീടുകളിലെ ശാരീരിക പീഡനങ്ങള്‍ നിരന്തര വാര്‍ത്തയാകുന്ന കേരളത്തില്‍ സ്വന്തം രക്ഷക്കായുള്ള തയാറെടുപ്പുകള്‍ അവര്‍ കരസ്ഥമാക്കരുതെന്നും അദ്ദേഹം പറയുന്നു. മുകളില്‍ സൂചിപ്പിച്ചപോലെ വിപ്ലവത്തിനുശേഷം ഈ അവസ്ഥയൊക്കെ മാറ്റാമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. കുടുംബത്തിലെ സ്ത്രീശാക്തീകരണത്തെ പുത്തന്‍ മൂലധനശക്തിയുടെ ഇരയും ദല്ലാളും നടത്തിപ്പുകാരിയുമാക്കി മാറ്റുന്നു എന്നു മാത്രമല്ല, കോഴിക്കച്ചവടം പോലത്തെ മാന്യമായ തൊഴിലിനെ ചാരവൃത്തിക്കും, മനുഷ്യക്കടത്തിനും, മയക്കുമരുന്നുവിതരണത്തിന്നുമൊക്കെ സമീകരിക്കുക കൂടി ചെയ്യുന്നു. ഫലത്തില്‍ അതിവിപ്ലവവും ലോകത്തിന്റെ മുഴുവന്‍ വിമോചനവുമൊക്കെ പറഞ്ഞ്, ലിംഗപരമായ വിവേചനം നിലനിര്‍ത്താനും സ്ത്രീകളുടെ അടിമത്തത്തിന്റെ ഏറ്റവും വലിയ ഇടമായ കുടുംബം ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കാനുമാണ് പ്രേംബാബുവിനെപോലുള്ളവര്‍ ആഗ്രഹിക്കുന്നത് എന്നര്‍ത്ഥം.

പൊതുവില്‍ സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ കോടതികളെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രേംബാബു ഈ സിനിമയിലെ കുടുംബകോടതി ജയക്കനുകൂലമായ നിലപാടെുക്കുന്നതിനെ പരിഹസിക്കുന്നു. കോടതികളടക്കം ജനാധിപത്യത്തിലെ മുഴുവന്‍ സംവിധാനങ്ങളെയും ഫാസിസവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നതില്‍ സംശയമില്ല. അതിനര്‍ത്ഥം ഇരകളായ സ്ത്രീകള്‍ നീതിക്കായി കുടുംബകോടതിയെപോലും സമീപിക്കരുതെന്നോ? കുടുംബകോടതിയിലെ ഏതെങ്കിലും വക്കീലുമായി സംസാരിച്ചാല്‍ ഇന്നു നമ്മുടെ കുടുംബങ്ങളില്‍ നടക്കുന്ന പുരുഷാധിപത്യവും സ്ത്രീപീഡനങ്ങളും വ്യക്തമാകും. ആത്മാഭിമാനമുള്ള സ്ത്രീകള്‍ അതിനു കീഴടങ്ങാന്‍ തയ്യാറാതാകുന്നു എന്നതിനാലാണ് സമീപകാലത്ത് വിവാഹമോചനങ്ങള്‍ വ്യാപകമാകുന്നത്. ഈ സ്ത്രീകള്‍ക്ക് താരതമ്യേന എളുപ്പത്തില്‍ നീതി ലഭിക്കുന്നത് കുടുംബകോടതികളിലൂടെയാണ്. അതിനെപോലും തള്ളിക്കളയുന്ന പ്രേംബാബു കൃത്യമായി തന്റെ പക്ഷമേതെന്ന് പ്രഖ്യാപിക്കുകയാണ്. സാധാരണക്കാരില്‍ നിന്ന് വ്യത്യസ്ഥമായി, അത് വിപ്ലവത്തിന്റെ കുറെ മേമ്പൊടി ചേര്‍ത്ത് പറയുന്നു എന്നു മാത്രം. അതിനാല്‍ പ്രേംബാബുവിനെ പോലുള്ളവര്‍ നീതി, തുല്യത, സ്വാതന്ത്ര്യം എന്ന് ആയിരം വട്ടം പോര, പതിനായിരം വട്ടമെങ്കിലും ഇംപോസിഷന്‍ എഴുതുകയാണ് ചെയ്യേണ്ടേത്.

also read

ജയ ജയ ജയ ജയ ഹേ സ്ത്രീ വിരുദ്ധ സിനിമ

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply