2016 ജനുവരി 17- ”നിഴലുകളില്‍ നിന്നും നക്ഷത്രങ്ങളിലേക്ക്”

ഞാന്‍ ശാസ്ത്രത്തെയും പ്രകൃതിയെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെട്ടു. പ്രകൃതിയില്‍ നിന്ന് അകന്ന ശേഷം മനുഷ്യര്‍ ഏറെ ദൂരം താണ്ടിയെന്നറിയാതെ ജീവിക്കുന്ന മനുഷ്യരെയും ഞാന്‍ സ്നേഹിച്ചു. – 2016 ജനുവരി 17 – രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ്, സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസക്തിയുടെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പ്രസിദ്ധീകരിക്കുന്നു.

ഗുഡ് മോണിങ്

ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. എനിക്കറിയാം നിങ്ങളില്‍ ചിലര്‍ എന്നെ സംരക്ഷിച്ചിട്ടുണ്ട്, ശരിക്കും സ്നേഹിച്ചിട്ടുണ്ട്. എനിക്ക് ആരെക്കുറിച്ചും പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നുന്നു. ഞാന്‍ ഒരു ഭീകരരൂപിയായി മാറിയിരിക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍. എന്നാല്‍ അവസാനം എനിക്കീ ആത്മഹത്യ കുറിപ്പ് മാത്രമേ എഴുതാന്‍ സാധിച്ചുള്ളൂ.

ഞാന്‍ ശാസ്ത്രത്തെയും പ്രകൃതിയെയും നക്ഷത്രങ്ങളെയും ഇഷ്ടപ്പെട്ടു. പ്രകൃതിയില്‍ നിന്ന് അകന്ന ശേഷം മനുഷ്യര്‍ ഏറെ ദൂരം താണ്ടിയെന്നറിയാതെ ജീവിക്കുന്ന മനുഷ്യരെയും ഞാന്‍ സ്നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാം തരമാണ്. ഞങ്ങളുടെ സ്നേഹം നിര്‍മ്മിക്കപ്പെട്ടതാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറം പിടിപ്പിച്ചതാണ്. ഞങ്ങളുടെ മൗലികത കൃത്രിമ കലകളിലൂടെയാണ് സാധുവായിത്തീരുന്നത്. മുറിവേല്‍ക്കാതെ സ്നേഹിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മനുഷ്യന്റെ മൂല്യം അവന്റെ പെട്ടന്നുള്ള ഐഡന്റിയിലേക്കും ഏറ്റവുമടുത്ത സാധ്യതകളിലേക്കുമൊതുക്കി. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക്. എന്നാല്‍ മനുഷ്യനെ മനസെന്ന നിലയില്‍ ഒരിക്കലും പരിചരിക്കുന്നില്ല. മഹത്തായ ഏതൊരു വസ്തുവും നക്ഷത്ര ധൂളിയില്‍ നിന്നാണ് നിര്‍മ്മിക്കപ്പെടുന്നത്; പഠനത്തിലും തെരുവിലും ചേതനവും അചേതനവുമായ എല്ലാ മേഖലയിലും.

ഞാന്‍ ഇത്തരത്തിലൊരു കത്തെഴുതുന്നത് ആദ്യമായാണ്. ഒരു അവസാന കത്തില്‍ എന്റെ ആദ്യ അവസരവും. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

ഒരുപക്ഷേ എനിക്ക് തെറ്റ് പറ്റിയിരിക്കാം, ഈ ലോകത്തെ മനസിലാക്കുന്നതില്‍, സ്നേഹം, വേദന, ജീവിതം, മരണം എന്നിവ മനസിലാക്കുന്നതില്‍ എനിക്ക് തെറ്റിയിരിക്കാം. എനിക്ക് എല്ലായ്പ്പോഴും തിടുക്കമുണ്ടായിരുന്നു. ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അങ്ങേയറ്റം നിരാശ ബാധിച്ചു. ചിലര്‍ക്ക് ജീവിതം തന്നെ ശാപമാണ്. എന്നെ സംബന്ധിച്ച് എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. ബാല്യത്തിലെ ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം ലഭിച്ചിട്ടില്ല.

ഈ നിമിഷത്തില്‍ ഞാന്‍ മുറിവേറ്റവനല്ല, ഞാന്‍ ദുഃഖിതനല്ല, ഞാന്‍ ശൂന്യനല്ല. എനിക്ക് എന്നെക്കുറിച്ച് ആശങ്കയില്ല. അത് പരിതാപകരമാണെന്ന് എനിക്കറിയാം അതുകൊണ്ടു തന്നെയാണ് ഈ തീരുമാനം എടുത്തതും. ഞാന്‍ പോയിക്കഴിഞ്ഞ് എന്നെ ഒരു ഭീരുവായോ സ്വാര്‍ത്ഥനായോ വിഢ്ഢിയായോ ആളുകള്‍ ചിത്രകരിച്ചേക്കാം. എന്നെക്കുറിച്ച് ആളുകള്‍ എന്ത് കരതുന്നുവെന്ന് എനിക്ക് ആശങ്കയില്ല. മരണാനന്തര കഥകളിലോ പ്രേതം, ആത്മാവ് എന്നിവയിലോ എനിക്ക് വിശ്വാസമില്ല. എനിക്ക് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും ഇതര ലോകത്തെക്കുറിച്ച് അറിയാനും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എനിക്ക് ഏഴ് മാസത്തെ ഫെലോഷിപ്പ് ഇനത്തില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ കിട്ടാനുണ്ട്, ഈ കത്ത് വായിക്കുന്നവര്‍ ആരായാലും ആ തുക എന്റെ കുടുംബത്തിന് കിട്ടാന്‍ സഹായിക്കണം. രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം അത് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, ആ തുക തിരികെ നല്‍കുക.

ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ സംസ്‌കാര ചടങ്ങ് നടത്തേണ്ടത്. ഞാന്‍ ഇവിടെ നിന്ന് പോയി, അങ്ങനെ മാത്രമേ പെരുമാറാവൂ. എനിക്ക് വേണ്ടി കണ്ണീരൊഴുക്കരുത്. എനിക്ക് ജീവിച്ചിരിക്കുന്നതിനേക്കാള്‍ സന്തോഷം മരിയ്ക്കാനാണെന്ന് അറിയുക.

‘നിഴലില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’

ഉമ അണ്ണാ, ഇതിന് താങ്കളുടെ മുറി ഉപയോഗിച്ചതില്‍ ക്ഷമിക്കുക.

അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ (എ.എസ്.എ) കുടുംബത്തോട്, നിങ്ങളെ നിരാശരാക്കുന്നതില്‍ ക്ഷമിക്കുക, നിങ്ങള്‍ എന്നെ വളരെയധികം സ്നേഹിച്ചു. നിങ്ങളുടെ ഭാവിക്ക് എല്ലാ നന്മകളും നേരുന്നു.

അവസാനമായി

ജയ് ഭീം

അതിനിടെ ആത്മഹത്യ കുറിപ്പിലെ ഔപചാരികതകള്‍ ഞാന്‍ മറന്നു, എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കാലോ പ്രവര്‍ത്തിയാലോ ആരും എന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ തീരുമാനമാണ്, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും എനിക്ക് മാത്രമാണ്. എന്റെ മരണത്തിന് ശേഷം എന്റെ സുഹൃത്തുക്കളെയോ ശത്രുക്കളെയോ ബുദ്ധിമുട്ടിക്കരുത്

രോഹിത് വെമുല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'