ഇസ്ലാമോഫോബിയ കേരളപ്പിറവിദിനത്തില്‍ തന്നെ ചര്‍ച്ച ചെയ്യേണ്ടത്.

കഴിഞ്ഞ ദിവസം കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന്റേയും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടേയും പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ആ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കല്ല പോകുന്നത്. അതിനോടുള്ള പ്രതികരണങ്ങളിലേക്കാണ്.

ഒരു കേരളപിറവി കൂടി പദം പദം ഉറച്ചു പാരില്‍ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരെ ഒരിക്കല്‍ കൂടി നാം സ്മരിക്കുകയാണ്. സമൂഹത്തില്‍ ജാതിപരമായും ലിംഗപരമായും മതപരമായും വര്‍ഗ്ഗപരമായും മറ്റും ഒരുപാട് വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും മലയാളി എന്ന നിലയില്‍ ഐക്യപ്പെടുക, ആ സ്വത്വത്തിനു മുന്നില്‍ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും തുല്ല്യരാകുക എന്ന സ്വപ്‌നമാണല്ലോ കേരളപിറവിയിലേക്കു നയിച്ചത് എന്നാല്‍ ആ സ്വപ്‌നങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന പരിശോധന ഈ സന്ദര്‍ഭത്തില്‍ വളറെ പ്രസക്തമായിരിക്കും.. .
.
തീര്‍ച്ചയായും മലയാളി എന്ന സ്വത്വബോധത്തില്‍ കേരളം എന്നു വിവക്ഷിക്കപ്പെടുന്ന പ്രദേശത്തെ എല്ലാ ജനവിഭാഗങ്ങളും ഉള്‍പ്പെടുമോ എന്ന ചോദ്യം തള്ളിക്കളയാവുന്നതല്ല. കേരളീയത എന്നത് ആത്യന്തികമായി സവര്‍ണ്ണ സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന വിമര്‍ശനം മുമ്പേ നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു പ്രവണതയാകട്ടെ സമീപകാലത്തായി രൂക്ഷമായിരിക്കുകയാണ്. മഹാന്യൂനപക്ഷം വരുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ സംസ്‌കാരവും ജീവിതശൈലിയും വസ്ത്രധാരണവും ഭക്ഷണവുമൊക്കെയാണ് കേരളീയമെന്ന പോരില്‍ കൊട്ടിഘോഷിക്കപ്പെടുന്നത് എന്നതൊരു വസ്തുത തന്നെയാണെന്നു പറയേണ്ടിവരും. മാത്രമല്ല, മലയാള ഭാഷയാണ് കേരളീയ സ്വത്വബോധത്തിന്റെ അടിസ്ഥാനെമങ്കില്‍ മറ്റുഭാഷകള്‍ സംസാരിക്കുന്ന ആദിവാസികളടക്കമുള്ള എത്രയോ ജനവിഭാഗങ്ങള്‍ ഇവിടെയുണ്ട്, അവര്‍ക്കും അവരുടെ ഭാഷകള്‍ക്കും സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇത്തരം പ്രസക്തമായ ചോദ്യങ്ങള്‍ ഉത്തരം കണ്ടെത്തേണ്ടവ തന്നെയാണ്. അത്തരത്തിലുള്ള പ്രധാനപ്പെട്ട ഒരു വിഷയമാണ് ഈ കുറിപ്പില്‍ പ്രധാനമായും ചൂണ്ടാകാട്ടാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിന്റേയും അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടേയും പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ആ സ്‌ഫോടനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കല്ല പോകുന്നത്. അതിനോടുള്ള പ്രതികരണങ്ങളിലേക്കാണ്. ആ സ്‌ഫോടനവാര്‍ത്ത കേട്ടയുടാന്‍ മിക്കവാറും മലയാളികള്‍ ചിന്തിച്ചത് ഏതുവിധേനയായിരിക്കും? പ്രധാനമായും അത് മൂന്നു തരത്തിലായിരിക്കും എന്നു കരുതാം. എല്ലാവരും തന്നെ ആകാംക്ഷയോടെ കാത്തിരുന്നത് പ്രതിയുടെ/പ്രതികളുടെ പേരിനെ കുറിച്ചായിരുന്നല്ലോ. അത് തങ്ങളുടെ മതവിഭാഗത്തില്‍ പെട്ട പേരാവരുതെയെന്ന് ഒരു വിഭാഗം പ്രാര്‍ത്ഥിച്ചിരിക്കണം. മറ്റൊരുവിഭാഗവും അത് ആ മതവിഭാഗത്തിത്തില്‍ പെട്ട പേരാവരുതേ എന്നു പ്രാര്‍ത്ഥിച്ചിരിക്കും. മൂന്നാമത്തെ വിഭാഗമാകട്ടെ ആ പേര്‍ ആ വിഭാഗത്തില്‍ പെട്ടയാളുടെ പേരാകണമെന്നു ആഗ്രഹിച്ചിരുന്നിരിക്കണം. നമ്മുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ കടന്നുപോയാല്‍ മാത്രം മതി, ഈ മൂന്നു വിഭാഗങ്ങളില്‍ പെട്ടവരേയും ധാരാളം കാണാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ കേരളപിറവി ദിനത്തില്‍ നാം പരിശോധിക്കേണ്ട ഏറ്റവും ഗുരുതരമായ വിഷയമാണിത്. മറ്റെല്ലാ വൈജാത്യങ്ങള്‍ക്കും മീതെ മലയാളി എന്ന ബോധം സൃഷ്ടിക്കപ്പെടണമെന്നാഗ്രഹിച്ചവരുടെ സ്വപ്‌നങ്ങള്‍ ഇന്നെവിടെ? ഒരു വിഭാഗത്തെ എപ്പോഴും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണോ കേരളപിറവി ആഘോഷിക്കേണ്ടത്. ഈ മുള്‍മുനയില്‍ നിര്‍ത്തുന്നത് ഒരു ചെറിയ വിഭാഗം വര്‍ഗ്ഗീയവാദികളാണെന്ന ധാരണ തെറ്റാണ്. പരസ്യമായി വര്‍ഗ്ഗീയ വാദികളോ അവര്‍ക്കൊപ്പമോ അല്ല എന്നവകാശപ്പെടുന്നവരില്‍ പോലും വലിയൊരു വിഭാഗം ഇത്തരം ചിന്താഗതി കൊണ്ടു നടക്കുന്നവരാണ് എന്നതാണ് വസ്തുത. അവരില്‍ എല്ലാ ജാതി, മത, വര്‍ഗ്ഗ, ലിംഗ, സാമൂഹ്യ, രാഷ്ട്രീയ വിഭാഗങ്ങളുമുണ്ട്. സംഭവത്തിലെ പ്രതി പെട്ടന്നുതന്നെ കീഴടങ്ങിയില്ലായിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥ? കിട്ടിയ ചെറിയ സമയത്തിനുള്ളില്‍ തന്നെ ഒരു വിഭാഗത്തെ സംസയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ എത്രയോ പേരാണ് ശ്രമിച്ചത്. അവരില്‍ കേന്ദ്രമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവും മുതിര്‍ന്നതും അല്ലാത്തതുമായ ചില മാധ്യമ ജീവനക്കാരും രണ്ടു മതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ട്. കൂടാതെ പതിവുപോലെ സോഷ്യല്‍ മീഡിയക്കാരും. പുരോഗമന, ഇടതു, ലിബറലുകളെന്ന മുഖംമൂടി വെച്ചവര്‍ പോലും സ്വകാര്യമായി വെച്ചുവുലര്‍ത്തുന്ന ബോധം ഇതു തന്നെയാണെന്നു വ്യക്തം.. അത്രമാത്രം ഇസ്ലാമോഫോബിക് ആയി നാം മാറിയിരിക്കുന്നു എന്നതാണ് യാഥാര്ത്ഥ്യം. എന്നിട്ടാണ് പതിവുപോലെ ഐക്യകേരളത്തെ കുറിച്ചുള്ള വാചാടോപങ്ങള്‍ നടത്തുന്നതും സര്‍ക്കാര്‍ തന്നെ കൊട്ടിഘോഷിച്ച് കോടികള്‍ മുടക്കി വലിയ കേരളീയങ്ങള്‍ സംഘടിപ്പിക്കുന്നതും. ആ ആഘോഷങ്ങളാകട്ടെ തുടക്കത്തില്‍ സൂചിപ്പിച്ചപോലെ കേരളീയത എന്നാല്‍ സവര്‍ണ്ണതയെന്ന് ഉദ്‌ഘോഷിക്കുന്നതാണുതാനും.

ലോകമാകെ ഇന്നു നിലനില്‍ക്കുന്ന പ്രതിഭാസം തന്നെയാണ് ഇസ്ലാമോഫോബിയ. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്തെ മുസ്ലിം രാഷ്ട്രങ്ങളേയും മുസ്ലിം ജനവിഭാഗങ്ങളേയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതോടെയാണ് അത് രൂക്ഷമാകുന്നത്. ലോകത്തെവിടെ എന്തു സംഭവിച്ചാലും മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരായി. നമ്മുടെ നാട്ടിന്‍പുറങ്ങളിലെ സാധാരണ മുസ്ലിമുകള്‍്കകുപോലും അതില്‍ നിന്നു മോചനം ലഭിച്ചില്ല. തങ്ങള്‍ ഭീകരരോ കുറ്റവാളികളോ അല്ലെന്ന് നിരന്തരമായി തെളിയിക്കേണ്ട ഉത്തരവാദിത്തം ലോകത്തെ മുഴുവന്‍ മുസ്ലിമുകള്‍ക്കുമായി. സംഘപരിവാര്‍ അനുദിനം ശക്തി്പപെട്ടു കൊണ്ടിരുന്ന ഇന്ത്യയും അതിനകത്തെ പ്രബുദ്ധമെന്നു സ്വയം അഹങ്കരിക്കുന്ന കേരളവുമൊന്നും അതില്‍ നിന്നു വിമുക്തമായില്ല.

സാധാരണനിലയില്‍ സംഘപരിവാരാണ് ഇസ്ലാമോഫോബിയ പരത്തുന്നതില്‍ മുന്നിലെങ്കില്‍ കേരളത്തില്‍ മറ്റു പല വിഭാഗങ്ങളും അവരോട് മത്സരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പോലും തള്ളിക്കളഞ്ഞ ലൗ ജിഹാദിനു പുറമെ നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള പുതിയ പദങ്ങളും അവര്‍ കണ്ടെത്തിയിരുന്നു. ഗാന്ധിവധവും ബാബറി മസ്ജിദ് തകര്‍ക്കലും ഗുജറാത്ത് – മുംബൈ കലാപങ്ങളുമടക്കം ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളിലും വര്‍ഗ്ഗീയകലാപങ്ങൡുമെല്ലാം പ്രതിസ്ഥാനത്ത് മുഖ്യമായും സംഘപരിവാര്‍ ശക്തികളായിട്ടും എപ്പോഴും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ടത് മുസ്ലിമുകളായിരുന്നു. കേരളത്തിലെ അവസ്ഥയും വ്യത്യസ്ഥമായില്ല. വാസ്തവത്തില്‍ ചരിത്രപരമായിതന്നെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കപ്പെട്ട ഒരു പ്രദേശമാണ് കേരളം. ഒരുവശത്ത് ടിപ്പുവിന്റെ പടയോട്ടത്തെയും മറുവശത്ത് അധിനിവേശശക്തികള്‍ക്കെതിരെ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളേയും പോലും അത്തരത്തില്‍ ഉപയോഗിച്ചവര്‍ നിരവധിയാണ്. മലബാര്‍ കലാപത്തെ മാപ്പിളലഹളയായി ചിത്രീകരിച്ചവരാണ് നാം. കേരളപിറവിക്കുശേഷവും ഇതേ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. മുസ്ലിംകള്‍ക്കു ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ രൂപീകരണം തുടര്‍ന്നുള്ള കാലത്തു ഏറെ ശക്തിപ്പെട്ട ഇസ്ലാമോഫോബിയക്ക് ശക്തികൂട്ടി. പേരില്‍ മുസ്ലിം ഉള്ളതിന്റെ പേരില്‍ ജനാധിപത്യപ്രക്രിയയില്‍ ഇരുമുന്നണികളിലും ഭാഗഭാക്കായി പങ്കെടുക്കുന്ന മുസ്ലിംലീഗിനെ പോലും വര്‍ഗ്ഗീയപാര്‍ട്ടിയായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ശൈലി ഇപ്പോഴും തുടരുന്നു. അതിന്റെയെല്ലാം തുടര്‍ച്ചയാണ് ഇപ്പോഴും കാണുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതേ സമയത്തുതന്നെ സാംസ്‌കാരിക മേഖലയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. സാഹിത്യ – സിനിമാ മേഖലകളിലൊക്കെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കാനുള്ള നീക്കം ശക്തമായി. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് കുറച്ചുപണം വാങ്ങി നാട്ടിലെത്തുന്നവര്‍ വില്ലന്മാരും പണിയെടുക്കാതെ തളര്‍ന്നാലും ആഢ്യത്വം കൈവിടാത്ത സവര്‍ണ്ണപ്രമാണിമാര്‍ നായകരുമായി ചിത്രീകരിക്കപ്പെട്ടു. ഭീകരന്മാരെല്ലാം മുസ്ലിമുകളായി. ബോംബ് നിര്‍മ്മാണം കൂടുതല്‍ നടക്കുന്നത് കണ്ണൂരായിട്ടും മലപ്പുറത്തുപോയാല്‍ ബോംബുകിട്ടാന്‍ എളുപ്പമാണെന്ന ഡയലോഗ് ഏറെ കയ്യടി നേടി. മറുവശത്ത് മഹാഭൂരിഭാഗം നക്‌സലൈറ്റുകളും മാവോയിസ്റ്റുകളും ഉണ്ടാകുന്നത് സിപിഎമ്മില്‍ നിന്നാണ് എന്നതു മറച്ചുവെച്ചാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിംതീവ്രവാദികളാണെന്ന് സിപിഎമ്മടക്കമുള്ള പല പ്രസ്ഥാനങ്ങളും ആരോപിക്കുന്നത്. യു എ പി എ അടക്കമുള്ള ഭീകരനിയമങ്ങള്‍ ചാര്‍ത്തി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന നിരവധി ‘തീവ്രവാദികള്‍’ നിരപരാധികളാണെന്നു തെളിഞ്ഞ് പുറത്തുവന്ന പല സംഭവങ്ങള്‍ക്കും നാം സാക്ഷിയാകുകയും ചെയ്തു.

കേരളീയസമൂഹത്തിനുമുന്നില്‍ ഏറ്റവും വലിയ ഭീഷണിയായ ഇസ്ലാമോഫോബിയയെ അഭിമുഖീകരിക്കാതെ നടക്കുന്ന ഏതൊരു അവകാശവാദവും യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല. ഇതിനുള്ള മറുപടിയായി ബിജെപി കേരളത്തില്‍ വിജയിക്കുന്നില്ലല്ലോ എന്ന വാദവും അപകടകരമാണ്. വോട്ടു ലഭിക്കാത്തതിനു പലവിധ കാരണങ്ങളുണ്ട്. എന്നാല്‍ ഇസ്ലാമോഫോബിയ ഏറ്റവും ശക്തമായ സംസ്ഥാനമായി ഇന്നു കേരളം മാറിയിട്ടുണ്ടെ്. അതുമറച്ചുവെച്ചാണ് സര്‍ക്കാര്‍ കേരളീയം പോലുള്ള ആഘോഷങ്ങള്‍ നടക്കുന്നത്. കേരളീയത്തിന്റെ വിഷനായി മുഖ്യമന്ത്രി പറയുന്ന ഈ വാചകങ്ങള്‍ സത്യത്തിനു നിരക്കുന്നതല്ല എന്നു ഖേദപൂര്‍വ്വം ചൂണ്ടികാട്ടി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ – ‘കേരളത്തെ, അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ 2023 നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിപുലമായ പരിപാടിയാണ് കേരളീയം. ഏഴ് പതിറ്റാണ്ടുകൊണ്ട് കേരളം പിന്നിട്ട വികസന നാള്‍വഴികളും നേട്ടങ്ങളും എടുത്തുകാട്ടി ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്കു കൊണ്ടു വരുന്ന വിശാലമായ വേദിയാണ് കേരളീയം.’ കളമശ്ശേരി സംഭവത്തെ തുടര്‍ന്നു ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അംഗീകരിച്ച പ്രമോയത്തിലും ഇസ്ലാമോഫോബിയയെ പേരുപറഞ്ഞ് വിമര്‍ശിക്കാന്‍ തയ്യാറായിട്ടില്ല എന്നതും കൂട്ടിചേര്‍ക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply